നെടുംകുന്നം പള്ളി
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
മധ്യതിരുവിതാംകൂറിലെ ഒരു സുറിയാനി കത്തോലിക്കാ ദേവാലങ്ങളിലൊന്നാണ് നെടുംകുന്നം സെൻറ് ജോൺ ബാപ്റ്റിസ്റ്റ്സ് ഫോറോനാപ്പള്ളി. കോട്ടയം ജില്ലയിൽ ചങ്ങനാശേരി മണിമല റോഡിൽ ചങ്ങനാശേരിയിൽനിന്നും പതിനാറു കിലോമീറ്റർ അകലെ കറുകച്ചാലിനും നെടുംകുന്നം കവലക്കും മധ്യേയാണ് പള്ളിയുടെ സ്ഥാനം. ക്രിസ്തുവിന്റെ മുന്നോടിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്നാപകയോഹന്നാന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ എല്ലാ വർഷവും വൃശ്ചികം 13-ന് പ്രധാന തിരുന്നാൾ ആചരിക്കുന്നു. 1803-ലാണ് ഇവിടെ ആദ്യ ദേവലായം നിർമ്മിക്കപ്പെട്ടത്. നെടുംകുന്നം ഇടവകയിൽ ആയിരത്തോളം കുടുംബങ്ങളുണ്ട്. കൂത്രപ്പള്ളി, പനയമ്പാല, ചമ്പക്കര, നെടുമണ്ണി, മുണ്ടത്താനം, പുളിക്കൽകവല, പുളിക്കൽകവല തുടങ്ങിയ ഇടവകകൾ നെടുംകുന്നം ഫൊറോനക്കു കീഴിൽ പ്രവർത്തിക്കുന്നു.
ചരിത്രവും ഐതിഹ്യവും
തിരുത്തുകആദ്യകാലത്ത് വരാപ്പുഴ രൂപതയുടെ കീഴിലുള്ള ചങ്ങനാശേരി ഇടവകയിൽപെട്ടവരായിരുന്നു നെടുംകുന്നത്തെ കത്തോലിക്കർ. ചങ്ങനാശേരിയോ വായ്പൂരോ ആയിരുന്നു ഇവർക്ക് അടുത്തുള്ള പള്ളികൾ. ഈ സാഹചര്യത്തിൽ കൂത്രപ്പള്ളി പാലാക്കുന്നേൽ ഈയ്യോബ് വരാപ്പുഴയിലെത്തി [എന്ന്?] മെത്രാപ്പോലീത്തയെ കണ്ട് നെടുംകുന്നത്ത് ഒരു പള്ളി സ്ഥാപിക്കുന്നതിനും ഞായറാഴ്ച്ച തോറും ആരാധന നടത്തുന്നതിനും അനുവാദം വാങ്ങുകയും രണ്ടു മാസങ്ങൾക്കുശേഷം സ്വന്തം ചെലവിൽ ഒരു പള്ളി നിർമ്മിക്കുകയും ചെയ്തതായി പറയപ്പെടുന്നു[അവലംബം ആവശ്യമാണ്] നെടുംകുന്നത്തെ പേക്കാവു ചേരിക്കൽ ഉൾപ്പെടെ അനേകം ഏക്കർ സ്ഥലത്തിന്റെ ഉടമകളായിരുന്നു പാലാക്കുന്നേൽ കുടുംബക്കാർ.
മാർ യോഹാൻ മാംദാനയുടെ നാമത്തിലുള്ള നെടുംകുന്നം പള്ളി ഒരു നേർച്ചയുടെ ഫലമാണൊണെന്നും ഐതിഹ്യമുണ്ട്. നടുക്കടലിൽ സഞ്ചരിച്ചിരുന്ന ഒരു പോർട്ടുഗീസ് കപ്പൽ കൊടുങ്കാറ്റിൽപെട്ട് മുങ്ങുമെന്നായപ്പോൾ, പള്ളിയില്ലാത്ത കിഴക്കൻപ്രദേശങ്ങളിൽ എവിടെയെങ്കിലും യോഹാൻ മാംദാനയുടെ നാമത്തിൽ ഒരു പള്ളി പണിയിച്ചുകൊള്ളാമെന്ന് നേർച്ച നേർന്നുവെന്നും അങ്ങനെ അവർ അപകടത്തിൽനിന്നുംമുക്തരായെന്നുമാണ് ഐതിഹ്യം.[1] ഇതേത്തുടർന്ന് കപ്പൽകാർ പള്ളിവയ്ക്കുതിനുവേണ്ട പണവും യോഹാൻമാംദാനയുടെ ഒരു രൂപവും പുറക്കാട്ടു പള്ളിക്കാരെ ഏൽപ്പിച്ചു. കാലങ്ങൾ കഴിയവെ അത് ആലപ്പുഴ പള്ളിക്കാർക്കും ചങ്ങനാശേരി പള്ളിക്കാർക്കും കൈമാറി. ഇതിനിടയിൽ പണം നഷ്ടപ്പെട്ടെങ്കിലും രൂപം ചങ്ങനാശേരിയിൽ എത്തിച്ചേർന്നു. ചങ്ങനാശേരി പള്ളിയിലെത്തുന്ന നെടുംകുന്നത്തെ കത്തോലിക്കരുടെ യാത്രാക്ലേശം പരിഗണിച്ച് രൂപം നെടുംകുന്നത്തുകാർക്കു കൈമാറുകയും അത് നെടുംകുത്തുകൊണ്ടുവന്ന് ഒരു വെട്ടിക്കെട്ട്(താൽക്കാലിക ഷെഡ്)ഉണ്ടാക്കി അതിൽ സ്ഥാപിക്കുകയും ചെയ്തതു.
രൂപം പ്രതിഷ്ഠിക്കുന്നതിന് പള്ളി ഇല്ലാതിരുന്ന സാഹചര്യത്തിലാണ് വരാപ്പുഴ മെത്രാസനത്തിൽ പോകുന്നതിനും അനുവാദം വാങ്ങുന്നതിനും ദേവാലയനിർമ്മിതിക്കും ഈയ്യോബ് മുൻകൈ എടുത്തതെന്ന് വിശ്വസിക്കപ്പെടുന്നു. ചാത്തനാട്ട് സ്ഥാനികൾ ദാനമായി നൽകിയ സ്ഥലത്താണ് പള്ളി സ്ഥാപിച്ചത്. അങ്ങനെ നെടുംകുന്നത്തുണ്ടായ ആദ്യത്തെ ദേവാലയം ഇപ്പോഴത്തെ വലിയപള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് കാട്ടു തൂണുകളും പനയോലക്കെട്ടുംകൊണ്ട് തീർത്ത ഒരു നെടുംപുരയായിരുന്നു. ഈ ദേവാലയത്തിൽ ദിവ്യബലിയർപ്പിക്കാൻ വൈദികർ ഇല്ലായിരുന്നു എന്ന് പറയപ്പെടുന്നു. സുരക്ഷിതത്വത്തിനുവേണ്ടി രൂപം സൂക്ഷിച്ചിരുന്നത് പള്ളിക്കടുത്തുള്ള പ്രക്കാട്ടുമത്ത് കുടുംബത്തിലെ നിലവറയിലായിരുന്നെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെട്ടുപോരുന്നു. ഞായറാഴ്ച്ച ദിവസങ്ങളിൽ ദിവ്യബലി ഉണ്ടായിരുന്നില്ലെങ്കിലും വിശ്വാസികൾ ഒത്തുചേർന്ന് പ്രസ്തുത വീട്ടിൽനിന്നും രൂപം എടുത്ത് ആഘോഷമായി ദേവാലയത്തിൽ വണക്കത്തിന് വെക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.
നെടുങ്ങോത്തച്ചൻ
തിരുത്തുകരണ്ടു നൂറ്റാണ്ടു മുൻപ് ഒരു ദിവസം പാലാക്കുന്നേൽ ഈയ്യോബും പതാലിൽ ഇട്ടി നൈനാനും ഒന്നിച്ച് പേക്കാവു ചേരിക്കലിൽ വേലക്കാർക്കൊപ്പം വിതച്ചുകിള നടത്തിക്കൊണ്ടിരിക്കുന്ന സമയം. ഏകദേശം പത്തു നാഴിക പകലുള്ളപ്പോൾ ജടാധാരിയും വസ്ത്ര രഹിതനുമായ ഒരാൾ കാട്ടിൽനിന്നും പണിക്കാരുടെ മുന്നിലേക്ക് ഇറങ്ങിച്ചെന്നു. പെണ്ണാളുകളെല്ലാം അലറിക്കൊണ്ടോടി. അക്കാലത്ത് ഹീനപ്പറയർ എന്നു വിളിക്കപ്പെട്ടിരുന്ന ചട്ടമ്പിമാരായ പറയരും പുലയരും താഴ്ന്നജാതിയിലോ സൗകര്യം കിട്ടിയാൽ മേൽജാതികളിലോ പെട്ട സ്ത്രീകളെ തട്ടിക്കൊണ്ടുപോവുക പതിവായിരുന്നു.
ആണുകൾ ഹീനപ്പറയനെ അടിച്ചുവീഴ്ത്താൻ തൂമ്പയുമായി അടുത്തു. ഈയോബും നൈനാനും സന്ദർഭത്തിന്റെ ഗൗരവം മനസ്സിലാക്കി മുന്നോട്ടുവന്നു. ജടാധാരി ഭയന്നില്ല, ഓടിയതുമില്ല. തന്റെ വലതു കൈ ഉയർത്തി കുരിശിന്റെ രൂപത്തിൽ ആശീർവദിക്കാൻ തുടങ്ങി. തങ്ങളുടെ മുന്നിൽ നിൽക്കുന്ന ആൾ ഹീനപ്പറയനല്ല, മറിച്ച് ഒരു ക്രിസ്ത്യാനിയാണെന്ന് സംശയംതോന്നിയ ഈയോബും നൈനാനും ചേർന്ന് രംഗം ശാന്തമാക്കി. അയാളെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ല. ഈയ്യോബ് തന്റെ രണ്ടാംമുണ്ട് അയാൾക്ക് ഉടുക്കുവാൻ കൊടുത്തു. വൈകുന്നേരേം കൂത്രപ്പള്ളിയിൽ പുതുച്ചിറക്കാവിലുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ജടയും താടിയും കളയിച്ചു. കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞപ്പോൾ ആളിന്റെ മട്ടുമാറി. ഒരാഴ്ച്ചക്കുള്ളിൽ സുബോധം തിരിച്ചുകിട്ടിയപ്പോൾ ഇലഞ്ഞി പള്ളി വികാരിയായിരുന്ന ഒരു വൈദികനാണ് താനെന്ന് അദ്ദേഹം വെളിപ്പപ്പെടുത്തി.
തുടർന്ന് പലദിവസങ്ങളിലും ഈയ്യോബിനൊപ്പമോ തനിച്ചോ അദ്ദേഹം ചങ്ങനാശേരി പള്ളിയിലെത്തി ദിവ്യബലിയിൽ സംബന്ധിച്ചിരുന്നു. നെടുംകുന്നം ഇടവക ബുള്ളറ്റിനിൽ രേഖപ്പെടുത്തിയിരിക്കുന്ന പുരാവൃത്തം ഇങ്ങനെയാണ്. ആയിടയ്ക്ക് പ്രാകൃത വേഷനായ ഒരു സന്യാസി ചങ്ങനാശേരി പള്ളി പരിസരത്ത് കാണപ്പെട്ടു. ദിവസവും പള്ളിയിൽ കുർബാന കണ്ടിരുന്ന ഇയാൾ ഒരു ദിവസം കുർബാനയുടെ കാഴ്ച്ചവയ്പ്പ് ഭാഗത്ത് കാർമികനായ വൈദികൻ ഗ്രന്ഥത്തിന്റെ രണ്ടു താളുകൾ ഒന്നിച്ചുമറിച്ച് ചൊല്ലിത്തുടങ്ങി. ഉടനെ സ്യാസി ആ തെറ്റ് ചൂണ്ടിക്കാണിച്ചു തിരുത്തി. സുറിയാനിയിൽ പരിജ്ഞാനമുള്ള അദ്ദേഹം ആരെന്ന് വെളിപ്പെടുത്തുവാൻ സ്ഥലത്തെ വികാരി ദൈവനാമത്തിൽ ആവശ്യപ്പെട്ടു. ദൈവനാമത്തിലുള്ള ചോദ്യത്തിന് മറുപടി പറയാതിരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. താൻ ഇലഞ്ഞിക്കാരൻ കളത്തുകുളങ്ങര അബ്രഹാം കത്തനാരാണെന്നും കുറേക്കാലമായി നാടുവിട്ട് സഞ്ചരിക്കുകയാണെന്നും വ്യക്തമാക്കി.ചങ്ങനാശേരി പള്ളി വികാരി ഈ വിവരങ്ങൾ വരാപ്പുഴ രൂപതയുടെ അന്നത്തെ അപ്പസ്തോലിക്കയായിരുന്ന റെയ്മോണ്ട് മെത്രാനെ (1802-1816)ധരിപ്പിച്ചു.
ഇലഞ്ഞി പള്ളി വികാരിയായിരുന്ന വൈദികനാണ് പ്രസ്തുത സന്യാസിയെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഈയ്യോബും നൈനാനും കൂടി അദ്ദേഹത്തെ കൂട്ടിക്കൊണ്ട് വരാപ്പുഴക്ക് പോയി. രണ്ടു വർഷം മുന്പ് ഇലഞ്ഞിയിൽനിന്നും അപ്രത്യക്ഷനായ വൈദികനെ കണ്ടെത്തിയന്നറിഞ്ഞ മെത്രാപ്പോലീത്ത അത്യധികം സന്തോഷിച്ചു. കുറേ ദിവസങ്ങൾ അരമനയിൽ താമസിപ്പിച്ച് അച്ചനെ നീരീക്ഷിച്ച ശേഷം പ്രശ്നമൊന്നുമില്ലെന്ന് ബോധ്യമായപ്പോൾ ഈയ്യോബ് ആവശ്യപ്പെട്ടതനുസരിച്ച് അന്ന് അനാഥമായി കിടന്നിരുന്ന നെടുംകുന്നം പള്ളിയിലേക്ക് പസ്തേന്തി എഴുതിക്കൊടുക്കുകയുംചെയ്തു. ഇലഞ്ഞി ഇടവകാംമായിരുന്ന കളത്തുകുളങ്ങര ഏബ്രഹാംകത്തനാരെന്ന ഈ വൈദികനാണ് പിന്നീട് നെടുങ്ങോത്തച്ചൻ എന്ന പേരിൽ പ്രസിദ്ധനായത്.
അങ്കമാലി പകലോമറ്റം കുടുംബത്തിൽനിന്നും മുത്തോലപുരത്ത് കട്രേത്തു പുരയിടത്തിൽ താമസമാക്കിയ പൂർവ്വികന്റെ സന്താനങ്ങളുടേതായമ മൂന്നു കുടുംബ ശാഖകളാണ് കട്രേത്ത്, കിഴക്കേൽ, കളത്തൂക്കുളങ്ങര എന്നിവ. കളത്തൂക്കുളങ്ങര മാത്തൻ(ഐപ്പ്)-ത്രേസ്യാമ്മ ദമ്പതികളുടെ ആറു പുത്രൻമാരിൽ ഇളയവനായിരുന്നു അബ്രഹാം. സഹോദരങ്ങൾ : പൈലി തുരുത്തിപ്പള്ളി, വർക്കി നാറാണത്ത്, ഐപ്പ് വട്ടക്കണ്ടം, മാത്തൻ കുളത്തൂർ, ഉലഹാൻ കളത്തുകുളങ്ങര. 1766-ൽ ജനിച്ച അബ്രഹാം വരാപ്പുഴ അപ്പസ്തോലിക്കയായിരുന്ന അലോഷ്യസ് നേരി(1784-1802) എ മെത്രാനിൽനിന്നും 1785-ൽ പൌരോഹിത്യം സ്വീകരിച്ചു. സംസ്കൃതം, തമിഴ്, സുറിയാനി, ലത്തീൻ എന്നീ ഭാഷകളിലും അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു. 1796 മുതൽ 1802 വരെ സ്വന്തം ഇടവകയായ ഇലഞ്ഞി പള്ളിയിൽ വികാരിയായി സേവനമനുഷ്ഠിച്ചു. ഇടവകജനങ്ങൾ ഇദ്ദേഹത്തെ ഏറെ ആദരിച്ചിരുന്നു. പരോപകാരതത്പരനെന്നനിലയിൽ സമീപ പ്രദേശങ്ങളിൽ സർവ്വസമ്മതതനായിരുന്ന ഇദ്ദേഹത്തിന് അത്ഭുത സിദ്ധികൾ ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെട്ടിരുന്നു.
അക്കാലത്ത് കുറവിലങ്ങാട് ഇടവകയിൽപെട്ട കുര്യനാട്ട് ഒരു കുടുംബത്തിലെ സ്ത്രീ പിശാചുബാധയിൽപെട്ട് ക്ലേശിച്ചിരുന്നു. വൈദ്യ ചികിത്സകൾ ഫലിക്കാതെവപ്പോൾ ഇടവക വൈദികരെക്കൊണ്ട് സഭാക്രമമനുസരിച്ചുള്ള വെഞ്ചരിപ്പുകളും വിലക്കുകളും നടത്തിച്ചു. ഇവയൊന്നും ഫലപ്രദമാകാതെവപ്പോൾ അത്ഭുതസിദ്ധികൾക്ക് പേരുകേട്ട അബ്രഹാം കത്തനാരെ സ്ത്രീയുടെ ബന്ധുക്കൾ സമീപിച്ചു. അവരോട് അലിവുതോന്നിയ കത്തനാർ തന്റെ കുടുംബത്തിൽപെട്ട മറ്റൊരു വൈദികനൊപ്പം പ്രസ്തുത സ്ത്രീയുടെ വീട്ടിലേക്ക് പോയി. കത്തനാർ വീട്ടിൽ പ്രവേശിച്ചപ്പോൾ തന്നെ എല്ലാ കാര്യങ്ങളും വിളിച്ചുപറഞ്ഞുകൊണ്ട് പിശാച് അവളെ വിട്ടുപോയത്രെ.
സംഭവിച്ച അത്ഭുതത്തെക്കുറിച്ചുള്ള വാർത്ത നാടാകെ പ്രചരിച്ചു. പിശാചുബാധ ഒഴിപ്പിക്കുന്നതിൽ പരാജിതരായ കുറവിലങ്ങാട്ടെ വൈദികർ ചതിപ്രയോഗത്തിൽ അബ്രഹാം കത്തനാരെയും ബന്ധുവായ വൈദികനെയും സ്നേഹപൂർവ്വം വരുത്തി സൽക്കരിച്ചു. വിഷംചേർത്ത ആഹാരം കഴിച്ചതുകൊണ്ടാണെന്ന് പറയപ്പെടുന്നു, ഇരുവരും സുബോധം നഷ്ടപ്പെട്ട് പ്രാകൃത വേഷത്തിൽ ചുറ്റി സഞ്ചരിച്ചു. അങ്കമാലി, മലയാറ്റൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ വച്ച് അബ്രഹാം കത്തനാരെ ചിലർ കണ്ടതായി പറയപ്പെടുന്നു. ചില ബന്ധുവീടുകളിൽ എത്തിയെങ്കിലും മാനസിക വിഭ്രാന്തി ബാധിച്ച അദ്ദേഹത്തെ സ്വീകരിക്കാൻ അവർ തയ്യാറായില്ലത്രെ. അദ്ദേഹത്തിനൊപ്പം പോയ വൈദികനെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. കായ്കനികൾ മാത്രം ഭക്ഷിച്ച് അലഞ്ഞുതിരിഞ്ഞ കാലഘട്ടത്തിന്റെ അവസാന ഭാഗത്താണ് അദ്ദേഹം നെടുംകുന്നം പേക്കാവുചേരിക്കലിലുള്ള വനത്തിലെ ഗുഹയിൽ താപസിയായി കാണപ്പെട്ടത്.
അരിയാഹാരം ഉപയോഗിക്കാതെ, ഫലമൂലാദികൾ മാത്രം കഴിച്ച് തപശ്ചര്യയിലൂടെ ആത്മീയവരം ആർജ്ജിച്ചിരുന്ന ഒരു യതിവര്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തിൽനിന്നും അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ദൂരദേശങ്ങളിൽ നിന്നുപോലും ഒട്ടേറെയാളുകൾ നെടുംകുന്നത്ത് എത്തിയിരുന്നു. തന്നെ സമീപിക്കുന്ന ഓരോരുത്തർക്കും കത്തനാർ മൂന്നോ നാലോ തേങ്ങാക്കൊത്ത് പ്രസാദമായി കൊടുത്തിരുന്നു. നാളാഗമത്തിൽ പേജ് 252ൽ ഇങ്ങനെ പറയുന്നു. എലഞ്ഞിക്കാരൻ കളത്തുകുളങ്ങര അവറാഹം കത്തനാരു മൂന്നു തേങ്ങാക്കൊത്തു കൊടുക്കും. മൂന്നു ചക്രം നേർച്ചയും വയ്ക്കും. ഇക്കാരണം കൊണ്ടുതന്നെ തേങ്ങാക്കൊത്തച്ചൻ എന്നൊരു പേരും പ്രചാരത്തിലുണ്ടായിരുന്നു.നേർച്ചകാഴ്ച്ചകളായി ലഭിച്ചിരുന്ന പണമത്രയും പള്ളിയുടെ നിർമ്മാണത്തിനും പള്ളിയോടു ബന്ധപ്പെട്ട മറ്റാവശ്യങ്ങൾക്കും വിനിയോഗിച്ചിരുന്നത്രെ.
നെടുങ്ങോത്തച്ചനു മുമ്പ് ഇവിടെ ദിവ്യബലി അർപ്പിക്കാൻ വൈദികർ ഇല്ലായിരുന്നു എന്ന് തീർത്തുപറയാൻ സാധിക്കില്ല. കമ്മാത്തുരുത്തേൽ വലിയ ഗീവർഗീസ് എന്ന ഒരു വൈദികൻ കുറേക്കാലം ഇവിടെ ദിവ്യബലി അർപ്പിച്ചിരുന്നതായും പറയപ്പെടുന്നു.
നെടുങ്ങോത്തച്ചന്റെ സേവനകാലം
തിരുത്തുക1796 മുതൽ 1802 വരെ ഇലഞ്ഞി പള്ളിയൽ സേവനമനുഷ്ഠിച്ചിരുന്ന ഏബ്രഹാം കത്തനാർ നാടുവിട്ട് രണ്ടു വർഷത്തിനുശേഷമാണല്ലോ അദ്ദേഹത്തിന് വീണ്ടും പസ്തേന്തി ലഭിക്കുത്. ഈ പശ്ചാത്തലത്തിൽ അദ്ദേഹം നെടുംകുന്നത്ത് വത് 1804-ലാണെന്ന് ഉറപ്പിക്കാം. വികാരിയായി നെടുംകുന്നത്തെത്തിയ അബ്രഹാം കത്തനാർക്ക് അഭിമുഖീകരിക്കേണ്ടിവന്ന ആദ്യത്തെ പ്രശ്നം അടയറവുള്ള ഒരു ദേവാലയവും താമസിക്കുന്നതിനുള്ള മുറിയും ലഭ്യമാക്കുക എന്നതായിരിക്കണമല്ലോ. 1973-ലെ പാരിഷ് ബുള്ളറ്റിനിൽ രേഖപ്പെടുത്തിയിരിക്കുതനുസരിച്ച് ഇപ്പോഴത്തെ കൊച്ചുപള്ളിയുടെ തൊട്ടു പടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന പുളിമരത്തിനു സമീപം ഒരു ചെറിയപള്ളിയും മുറിയും പണിതീർത്തു. ഇതാണ് ഇവിടുത്തെ രണ്ടാമത്തെ പള്ളി.നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്ന പ്രസ്തുത പുളിമരം വെട്ടിമാറ്റിയപ്പോൾ ആ സ്ഥാനത്തു 1988 ൽ പള്ളി കൈക്കാരനായിരുന്ന പുതിയാപറമ്പിൽ പീടികയിൽ ജോസ് ജോൺ (ജോസ്സുകുട്ടി പീടികയിൽ ) നട്ടുപിടിപ്പിച്ചതാണ് ഇപ്പോഴത്തെ പുളിമരം.[അവലംബം:പുതിയാപറമ്പിൽ കുടുംബചരിത്രം 1999 ൽ പ്രസിദ്ധീകരിച്ചത്-പേജ്109]
മെത്രാസനത്തിൽനിന്നുള്ള അനുമതികൂടാതെ നിർമിച്ച ഈ പള്ളിയും മുറിയും പൊളിച്ചുമാറ്റുവാൻ കൽപനയുണ്ടായി. ഇതേത്തുടർന്ന് അധികാരികളുടെ അനുവാദത്തോടെ മറ്റൊരു പള്ളി നിർമ്മിക്കുകയും സ്ഥിരമായി ഒരു വൈദികനെ ലഭിക്കുകയും ചെയ്ത കാലഘട്ടത്തിൽ നെടുംകുന്നം ഒരു ഇടവകയായി അംഗീകരിക്കപ്പെട്ടു എന്ന് വിശ്വസിക്കാം. അങ്ങനെ 1805-ൽ ഇടവകയായെന്ന് പാരിഷ് ബുള്ളറ്റിനിൽ(1973) പറയുന്നു. നെടുംകുത്തെ മൂന്നാമത്തെ പള്ളിയായിരുന്നു ഇത്. ഈ പള്ളിയുടെ സ്ഥാനത്തെപ്പറ്റി നാളാഗമത്തിൽ വ്യക്തമായ പരാമർശമുണ്ട് (പുറം252) നെടുംകുത്തു പള്ളിയുടെ കുരിശിനു വടക്കുപുറത്തുള്ള ചെറിയ മലയിൽ ഒരു ചെറിയ പള്ളിയും ഒരു മുറിയും പണിയിച്ച് പാർത്തിരുന്നു. ഇനിക്കു പതിനാറു വയസു ശെമ്മാശു പട്ടവും ഉള്ളപ്പോൾ അദ്ദേഹം മരിച്ചു. നെടുംകുന്നത്ത് പള്ളിയിൽ അടക്കി. അദ്ദേഹത്തിന്റെ പള്ളിയും മുറിയും അവിടെയും കിടന്ന് ജീർണം ഭവിച്ചു.
നെടുങ്ങോത്തച്ചന്റെ സംഭവ ബഹുലമായ ജീവിതത്തിന് 1847- മെയ് 31-നാണ് തിരശീല വീണത്. മേച്ചേരിക്കുന്നേൽ മാണിക്കത്തനാർ വികാരിയായിരിക്കെ 1923-ൽ ഈ പള്ളിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യിച്ച സമയത്ത് കളത്തുക്കുന്നേൽ അബ്രഹാം കത്തനാർ എന്ന് എഴുതിയ ശിലാഫലകം കണ്ടുകിട്ടിയതായി അന്ന് നെടുംകുന്നം പള്ളിയുടെ കണക്കനായിരുന്ന കെ.ജെ സ്റ്റീഫൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (കളത്തുകുളങ്ങര അബ്രഹാം കത്തനാർ എതിനു പകരം 'കളത്തുകുന്നേൽ' എന്ന് സൂചിപ്പിച്ചിരിക്കുന്നത് പിശകു പറ്റിയതാവാം.). അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ അവിടെനിന്ന് എടുക്കുകയും അതേ വർഷം കൊച്ചുപള്ളിയുടെ തറ കോൺക്രീറ്റ് ചെയ്തപ്പോൾ അവിടെ അടക്കംചെയ്യുകയുംചെയ്തു.
1973 ഏപ്രിൽ ഓം തീയതി 125-ആം ചരമ വാർഷികാചരണത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ വൈദികരും മറ്റും നെടുംകുന്നത്തേക്ക് ഒര തീർത്ഥയാത്ര നടത്തി. ചങ്ങനാശേരി, പാല രൂപതാദ്ധ്യക്ഷൻമാരുടെ അനുമതിയോടെ അച്ചന്റെ ഭൌതികാവശിഷ്ടങ്ങൾ ഇലഞ്ഞിയിൽ കൊണ്ടുചെന്ന് വിശുദ്ധ പത്രോസ്, പൌലോസ് ശ്ളീഹൻമാരുടെ പള്ളിയിൽ അടക്കം ചെയ്തു. ബഹു. അബ്രാഹം അച്ചന്റെ കബറിടം ശ്രീ. ജോൺ നാറാണത്തിന്റെ ശ്രമഫലമായി വീണ്ടും ഘനനംചെയ്യുകയും അപ്പോൾ കിട്ടിയ ഭൗതിക അവശിഷ്ടങ്ങളുടെ ഒരു ഭാഗം 1975 മെയ് 31-ന് ഇലഞ്ഞിപ്പള്ളിയിൽ കൊണ്ടുവന്ന് സ്മാരകശിലയ്ക്കുള്ളിൽ ആദരപൂർവ്വം നിക്ഷേപിക്കുകയുംചെയ്തു. ഭൗതികാവശിഷ്ടങ്ങളുടെ ഒരു ഭാഗം നെടുംകുന്നം പള്ളിക്കാരുടെ നിർബന്ധപ്രകാരം നെടുംകുന്നം ചെറിയ പള്ളിയുടെ ഭിത്തിക്കുള്ളിൽ സ്ഥാപിക്കുകയും ഒരു സ്മാരശില അവിടെ നിർമ്മിക്കുകയുംചെയ്തിട്ടുണ്ട്(കളത്തുകുളങ്ങര കടുംബം ചരിത്ര സംഗ്രഹം, 1999. പേജ് 11-12).
നാലാമത്തെയും അഞ്ചാമത്തെയും പള്ളികൾ
തിരുത്തുകഅബ്രഹാം കത്തനാരുടെ പള്ളി തകർന്നടിഞ്ഞപ്പോൾ താത്കാലികമായി പണിതീർത്തതാണ് നാലാമത്തെ പള്ളി. (ഇപ്പോൾ കൊച്ചുപള്ളി സ്ഥിതിചെയ്യുതിന്റെ കിഴക്കുഭാഗത്ത്). നാലാമതു നിർമ്മിച്ച പള്ളി താത് കാലികമായിരുതുകൊണ്ടാണ് ഏഴെട്ടു വർഷങ്ങൾക്കുള്ളിൽ അഞ്ചാമ ത്തെ പള്ളിയെന്നു പറയാവുന്ന ഇപ്പോഴ ത്തെ കൊച്ചുപള്ളി നിർമിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ നിർമ്മിച്ച പല ദേവാലയങ്ങളെയുംപോലെ ഇറ്റാലിയൻ ചിത്ര, ശിൽപ്പ ചാരുതയെ അനുസ്മരിപ്പിക്കുവിധത്തിൽ അലംകൃതമായ ത്രോണോസ് കൊച്ചുപള്ളിയുടെ ശ്രദ്ധേയമായ സവിശേഷതയാണ്. നെടുങ്ങോത്തച്ചന്റെ ഭൗതികാവശിഷ്ടങ്ങൾ അടക്കംചെയ്തിട്ടുള്ള ഈ ദേവാലയത്തിൽ പ്രധാന തിരുന്നാൾ ദിവസമായ വൃശ്ചികം 13ന് അദ്ദേഹത്തിന്റെ സ്മരണക്കായി പ്രത്യേക ദിവ്യബലി നടത്തിവരുന്നു. വർഷങ്ങളായി ഓശാന ഞായറാഴ്ച്ചത്തെ തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നതും ഇവിടെയാണ്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ഏറെ പരിമിതികൾക്കിടയിലും കൊച്ചുപള്ളിയിൽ വിശ്വാസികൾക്ക് ഒത്തുചേർന്ന് ബലിയർപ്പിക്കുവാൻ ഇടമുണ്ടായിരുന്നു. അരനൂറ്റാണ്ടു കഴിഞ്ഞപ്പോൾ സ്ഥിതിയാകെ മാറി. കുടുംബങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. കുടിയേറ്റങ്ങൾ തുടുർന്നുകൊണ്ടിരുന്നു. വിശ്വാസികളുടെ കൂട്ടായ്മക്കും പ്രാർത്ഥനയ്ക്കും കൊച്ചുപള്ളി തീർത്തും അപര്യാപ്തമായി. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ വലിയ പള്ളി നിർമ്മിക്കുവാൻ തീരുമാനിച്ചത്.1936-ൽ പുളിക്കപ്പറമ്പിൽ വല്യച്ചന്റെ കാലത്താണ് ഇപ്പോഴത്തെ വലിയ പള്ളിയുടെ നിർമ്മാണം ആരംഭിച്ചത്. 1940-ൽ നിർമ്മാണം പൂർത്തിയാക്കി അതേ വർഷം നവംബർ 28-ന് (വൃശ്ചികം 13) ആർച്ച് ബിഷപ് മാർ ജെയിംസ് കാളാശേരി ആശീർവാദകർമ്മം നിർവ്വഹിച്ചു.
സമീപകാലത്ത് നിർമ്മിച്ചിട്ടുള്ള ദേവലയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ പള്ളിയുടെ വാസ്തുവിദ്യ സവിശേഷമാണ്. നെടുംകുന്നം പള്ളിയുടെ മുന്നിലെ നടകളുടെ ഇരുവശത്തുമായി സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുവിന്റെ പീഡാനുഭവ ശിൽപ്പസമുച്ചയങ്ങൾ ശ്രദ്ധേയമാണ്. ഇടവകാംഗമായ പരേതനായ ഫാ. ജോസഫ് പുതിയാപറമ്പിലാണ് ഇത് നിർമിച്ച് നൽകിയത്.
പതുക്രൈസ്തവരുടെ കപ്പേള
തിരുത്തുകപാലാക്കുന്നേൽ മത്തായി മറിയം കത്തനാർ വികാരിയായിരിക്കെ വരാപ്പുഴ അപ്പസ്തോലിക്കയായിരുന്ന മാർ ബർണർദീനോസ് മെത്രാൻ 1858 കന്നി 11-ന് അദ്ദേഹത്തിനയച്ച കൽപനയുടെ ഒരു പ്രസക്തഭാഗം ഇങ്ങനെയാണ്. നെടുങ്ങോത്തുള്ള പുതു ക്രൈസ്തവരുടെ കപ്പേളയിൽ വയ്പ്പാൻ ഈ ആൾവശം ദൈവമാതാവിന്റെ ഒരു രൂപം നാം കൊടുത്തയക്കുന്നു. ഈ രൂപം ആ കപ്പേളയിൽ വയ്ക്കുതല്ലാതെ പള്ളിയിലും മറ്റാർക്കും കൊടുക്കു കയും വഹിയാ... പുതുക്രൈസ്തവർക്ക് കെട്ടിയിരിക്കുന്ന പന്തലും റോമ്മായിൽ വലിയ പള്ളി എന്ന പോലെ തമ്പുരാന്റെ വീടാകുന്നു. അതിലും തമ്പുരാനെ വണങ്ങുവാനും സ്തുതിപ്പാനും തന്റെ ഇഷ്ടപ്രസാദം ജനങ്ങൾ അപേക്ഷിച്ച് കൈക്കൊൾവാനും ഉള്ള സ്ഥലമാകുന്നു. തമ്മിൽ യാതൊരു വ്യത്യാസവുമില്ലാതെ മറ്റു പള്ളികൾപോലെ അതും തന്പുരാന്റെ വീടാകുന്നു...
അതുകൊുതെ പുതുക്രൈസ്തവരുടെ കപ്പേളയും പള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ നെടുംകുത്ത് നിർമിച്ച പള്ളികളുടെ എണ്ണം ഏഴാണ്.
തിരുനാളും പുഴുക്കുനേർച്ചയും
തിരുത്തുകചരിത്ര പ്രധാനമായ ഏതു സംഭവത്തിന്റെ സ്മരണ നിലനിർത്താനാണ് എല്ലാ വർഷവും വൃശ്ചികം 13-ന് നെടുംകുന്നം ഇടവകയിലെ പ്രധാന തിരുനാൾ ആചരിക്കുന്നത് എന്നതിന് വ്യക്തമായ തെളിവുകൾ ലഭ്യമല്ലെന്ന് പറയപ്പെടുന്നു. മൂന്നോ നാലോ അനുമാനങ്ങൾ പരിഗണനാർഹമാണ്. വിശുദ്ധന്റെ തിരുസ്വരൂപം നെടുംകുത്ത് കൊണ്ടുവന്ന തീയതി, അല്ലെങ്കിൽ ഇവിടെ ദേവാലയം നിർമ്മിക്കുന്നതിന് വരാപ്പുഴ മെത്രാനിൽനിന്നും അനു വാദം ലഭിച്ചതോ പ്രസ്തുത അനുവാദത്തിൻറെ അടിസ്ഥാനത്തിൽ ആദ്യത്തെ ഓലക്കെട്ട് പള്ളിയുടെ നിർമ്മാണം ആരംഭിച്ചതോ ആയ ദിവസം. അതുമല്ലെ ങ്കിൽ ഏബ്രഹാം കത്തനാർ പണികഴിപ്പിച്ച ദേവാലയത്തിന്റെ തറക്കല്ലിട്ടതോ നിർമ്മാണം പൂർത്തിയാക്കി കൂദാശ ചെയ്ത് ആദ്യമായി ദിവ്യബലി അർപ്പിച്ചതോ ആയ ദിവസം.
നെടുങ്ങോത്തച്ചന്റെ നേതൃത്വത്തിൽ വിശ്വാസികൾക്ക് നൽകിയിരുന്ന നേർച്ചപ്പുഴുക്കാണ് പിൽക്കാലത്ത് നെടുംകുന്നം പള്ളിയിലെ പ്രധാന തിരുന്നാൾ ദിവസം നൽകുന്ന പുഴുക്കുനേർച്ചയായി മാറിയത്. ആദ്യവർഷങ്ങളിൽ പുഴുക്കിനൊപ്പം ചോറും നൽകിരുന്നു. വൃശ്ചികം പന്ത്രാണ്ടാം തീയതി ഉച്ചമുതൽ ഇടവകയിലെ എല്ലാ കുടുംബങ്ങളിൽനിന്നും കാർഷികവിഭവങ്ങൾ ദേവാലയത്തിലെത്തിക്കും. അന്നു വൈകുന്നേരേത്തെ തിരുക്കർമ്മങ്ങൾക്കുശേഷം പുഴുക്കുനേർച്ചയ്ക്കുള്ള വിഭവങ്ങൾ ഒരുക്കുന്നതിനായി ഇടവകാംഗങ്ങൾ ഒത്തുചേരും. പുലർച്ചയോടെ എല്ലാ ഭക്തജനങ്ങൾക്കും വേണ്ട പുഴുക്കുനേർച്ച തയ്യാറാകും. റബർ കൃഷി വ്യാപകമായതോടെ കപ്പ, ചേന തുടങ്ങിയ ഭക്ഷ്യ വിഭവങ്ങളുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. നേർച്ചസദ്യയ്ക്കുള്ള ഭക്ഷ്യവിഭവങ്ങൾ വിലയ്ക്കുവാങ്ങേണ്ടിവന്നിരിക്കുന്നു. അതിന് ആവശ്യമായ തുക ഇടവകക്കാർ പള്ളിയിൽ ഏൽപ്പിക്കുകയും എല്ലാവരും ഒത്തു ചേർന്ന് നേർച്ച തയ്യാറാക്കുകയും ചെയ്യുന്നു. കേരളത്തിനകത്തും പുറത്തുനിുമായി പതിനായിരക്കണക്കിനാളുകളാണ് തിരുന്നാൾ കർമങ്ങളിലും പുഴുക്കു നേർച്ചയിലും പങ്കാളികളാകുന്നത്.
അവലംബം
തിരുത്തുക- ↑ 1973 നവംബറിൽ പ്രകാശനംചെയ്ത നെടുംകുന്നം ഇടവക ബുള്ളറ്റിനിൽ എം.ഒ ജോസഫ് നെടുംകുന്നം എഴുതിയ ഒരു ലേഖനത്തിൽ പള്ളിയുടെ ചരിത്രത്തെക്കുറിച്ചുള്ള പരാമർശം
1. നെടുംകുന്നം ഗ്രാമപഞ്ചായത്ത് വികസന രേഖ 1996.
2. പാലാക്കുന്നേൽ വല്യച്ചന്റെ നാളാഗമം1831-19000(1971) -പി.ജെ സെബാസ്റ്റ്യൻ.
3.പാലാക്കുന്നേൽ കുടുംബവും കേരള ക്രൈസ്തവരും(1983) -എൻ. എക്സ് ജോൺ.
4.പരാതികളില്ലാത്ത ജീവിതം(1978) - ഫാ. ജോസഫ് പുതിയാപറമ്പിൽ.
5.നെടുംകുന്നം പാരിഷ് ബുള്ളറ്റിൻ(1973) - എം. ഒ ജോസഫ്.
6. സെൻറ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ച് നെടുംകുന്നം രാണ്ടാം ശതാബ്ദി സ്മരണിക (1993).
7.കളത്തുകുളങ്ങര കുടുംബചരിത്രം(സംക്ഷിപ്തം: 1999)ഡോ. ജോസഫ് നെല്ലിക്കുന്നേൽ.
8.പരാതികളില്ലാത്ത ജീവിതം(1978)ഫാ. ജോസഫ് പുതിയാപറമ്പിൽ.
9. പകലോമറ്റം പതാലിൽ കുടുംബ ചരിത്രം-ജോസഫ് പതാലിൽ(2005).
10.എനിക്കുമുണ്ട് ഒരു കഥപറയാൻ(2000)- ഫാ. ജേക്കബ് കാട്ടൂർ.
11. പുതിയാപറമ്പിൽ കുടുംബചരിത്രം (1999)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- സെൻറ് ജോൺ ബാപ്റ്റിസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ Archived 2007-06-14 at the Wayback Machine.
- സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ്സ് കോളേജ് ഓഫ് എജ്യുക്കേഷൻ
- ജോൺ ഭ ബാപ്റ്റിസ്റ്റ് സി.ബി.എസ്.ഇ സ്കൂൾ Archived 2011-05-19 at the Wayback Machine.
[വർഗ്ഗം:കോട്ടയം ജില്ലയിലെ ക്രിസ്ത്യൻ പള്ളികൾ]]