സീറോ-മലബാർ കത്തോലിക്കാ സഭയിലും സീറോ-മലങ്കര കത്തോലിക്കാ സഭയിലും പെട്ടവരെ പൊതുവായി വിളിയ്ക്കുന്ന പേരു്. പഴയകൂറ്റുകാരെന്നും മലങ്കര കൽദായ സുറിയാനിക്കാരെന്നും പേരുണ്ടായിരുന്ന സീറോ-മലബാർ സഭക്കാരെയാണു ആദ്യകാലത്തു് സുറിയാനി കത്തോലിക്ക‌ർ എന്നു് വിളിച്ചിരുന്നതു്.

1599ലെ ഉദയംപേരൂർ സൂനഹദോസ്, തുടർന്നുണ്ടായ കൂനൻ കുരിശു സത്യം എന്നിവ കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികളെ രണ്ട് വിഭാഗങ്ങൾ ആക്കി മാറ്റി. അതിൽ കത്തോലിക്കരായിത്തുടർന്ന വിഭാഗം പഴയ പൗരസ്ത്യ സുറിയാനി ആരാധനാക്രമവും ഇരുസ്വഭാവവിശ്വാസവും പിന്തുടർന്നതിനാൽ പഴയകൂറ്റുകാരെന്നും മറുവിഭാഗം കത്തോലിക്കാ ബന്ധം അവസാനിപ്പിച്ച് അന്ത്യോഖ്യൻ റീത്തും ഏകസ്വഭാവവിശ്വാസവും സ്വീകരിച്ചതിനാൽ പുത്തങ്കൂറ്റുകാരെന്നും അറിയപ്പെടാൻ തുടങ്ങി. 1663-ൽ പറമ്പിൽ ചാണ്ടി മെത്രാൻ പ്രഥമ തദ്ദേശീയ മെത്രാനായി കത്തോലിക്കാ സഭയിൽ അവരോധിതനായതോടെ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ പഴയകൂറ്റുകാർ അണിനിരന്നു. അവർ സുറിയാനി കത്തോലിക്കർ എന്ന് അറിയപ്പെട്ടു. പിൽക്കാലത്ത് സീറോ-മലബാർ കത്തോലിക്കാ സഭ എന്ന പേര് കൈവന്നു.

മലങ്കര സഭയിലെ ഒരു മെത്രാപ്പോലീത്തയായിരുന്ന ഗീവർഗീസ് മാർ ഇവാനിയോസ് 1930 ൽ കത്തോലിക്കാ സഭയിൽ പുനരൈക്യപ്പെട്ടപ്പോൾ സിറോ മലങ്കര കത്തോലിക്കാ സഭയും രൂപംകൊണ്ടു. എന്നാൽ ഈ സഭാംഗങ്ങൾ പൊതുവെ മലങ്കര കത്തോലിക്കർ എന്നാണ് അറിയപ്പെടുന്നത്.

സുറിയാനി കത്തോലിക്ക‌രെ പൊതുവേ ജാതിപരമായി നസ്രാണികൾ അഥവാ സുറിയാനി ക്രിസ്ത്യാനികളായി പരിഗണിയ്ക്കുന്നു. കേരളത്തിൽ സുറിയാനി കത്തോലിക്ക‌ർ അല്ലാത്ത കത്തോലിക്ക‌ാവിഭാഗം ലത്തീൻ കത്തോലിക്ക‌രാണു്.

"https://ml.wikipedia.org/w/index.php?title=സുറിയാനി_കത്തോലിക്ക‌ർ&oldid=3548066" എന്ന താളിൽനിന്ന് ശേഖരിച്ചത്