കേരളത്തിലെ പ്രസിദ്ധനായ ഒരു കഥകളി സംഗീതജ്ഞനായിരുന്നു കലാമണ്ഡലം തിരൂർ നമ്പീശൻ എന്നറിയപ്പെട്ടിരുന്ന പുളിയിൽ നാരായണൻ നമ്പീശൻ (1942-1994). നിരവധി വേദികളിൽ ഇദ്ദേഹം കഥകളിപ്പദങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

തിരൂർ നമ്പീശൻ പാടുന്നു “സുഖമോ ദേവീ,,”


തിരൂർ നമ്പീശൻ

ജീവിതരേഖ തിരുത്തുക

1942 മേയ് 14-ന് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂർ പട്ടണത്തിൽ പുളിയിൽ ദാമോദരൻ നമ്പീശന്റെയും നങ്ങേലി ബ്രാഹ്മണിയമ്മയുടെയും മൂത്ത മകനായാണ് നാരായണൻ നമ്പീശൻ ജനിച്ചത്. ഏഴാം വയസ്സിൽ കർണാടക സംഗീതം അഭ്യസിച്ചുതുടങ്ങി. എൻ.കെ. വാസുദേവ പണിക്കരായിരുന്നു ആദ്യ ഗുരു. 15 വയസ്സ് തികയും മുമ്പ് അദ്ദേഹത്തിന് തന്റെ മാതാപിതാക്കളെയും രണ്ട് അനുജന്മാരെയും നഷ്ടപ്പെട്ടിരുന്നു. അപ്പോഴേയ്ക്കും പണിക്കർ ശിഷ്യന്റെ കഴിവിന്റെ ആഴം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞതനുസരിച്ച് സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ച് 1957-ൽ നമ്പീശൻ കേരളകലാമണ്ഡലത്തിൽ കഥകളി ഗായകനാവാനുള്ള പരിശീലനം ആരംഭിച്ചു..

കലാമണ്ഡലത്തിൽ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, കലാമണ്ഡലം ഹൈദരലി എന്നിവർ നമ്പീശന്റെ സതീർത്ഥ്യരായിരുന്നു. കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, ശിവരാമൻ നായർ, കാവുങ്ങൽ മാധവ പണിക്കർ തുടങ്ങിയ മഹാരഥന്മാരായിരുന്നു ഗുരുക്കന്മാർ. മൂന്ന് വർഷത്തെ പഠനത്തിനുശേഷം 1960-ൽ മാടമ്പിയോടൊപ്പം നമ്പീശൻ അരങ്ങേറ്റം കുറിച്ചു.

അരങ്ങേറ്റത്തിനുശേഷം സംഗീതവുമായി ഉപജീവനം തുടങ്ങിയ നമ്പീശൻ ആതവനാട് കറുത്തേടത്ത് സൗദാമിനി ബ്രാഹ്മണിയമ്മയെ വിവാഹം കഴിച്ചു. വിവാഹത്തിനുശേഷം ഭാര്യയുടെ ജന്മനാട്ടിലും പിന്നീട് ചെറുതുരുത്തി, മുതുതല, മംഗലാംകുന്ന് തുടങ്ങി പല സ്ഥലങ്ങളിലും ഇടക്കാലങ്ങളിൽ താമസിച്ചശേഷം ഒടുവിൽ ശ്രീകൃഷ്ണപുരത്ത് സ്ഥിരതാമസമാക്കി. തിരൂർ നമ്പീശൻ-സൗദാമിനി ബ്രാഹ്മണിയമ്മ ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്. ഇവരിലെ മൂത്ത മകനായ മോഹനൻ അച്ഛന്റെ പാത പിന്തുടർന്നുവരുന്നു.

കഥകളി രംഗത്ത് തിരുത്തുക

മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന കലാസപര്യയിൽ ആയിരക്കണക്കിന് വേദികളിൽ നമ്പീശൻ ഗായകനായിട്ടുണ്ട്. ഗുരുനാഥൻ കലാമണ്ഡലം നീലകണ്ഠൻ നമ്പീശനോടൊപ്പവും സുഹൃത്ത് കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പിനൊപ്പവും അദ്ദേഹം അവതരിപ്പിച്ച വേദികൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനിടയിൽ വിവിധ സ്ഥലങ്ങളിൽ സംഗീതാദ്ധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ കലാലയമായ കേരള കലാമണ്ഡലത്തിൽ തുടങ്ങിയ അദ്ധ്യാപനം ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയം, പറശ്ശിനിക്കടവ് മുത്തപ്പൻ കഥകളിയോഗം, പേരൂർ ഗാന്ധിസദനം, മുംബൈ, ഡൽഹിയിലെ ഇന്റർനാഷണൽ കഥകളി സെന്റർ തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹം തുടർന്നുപോന്നു. ആകാശവാണി കോഴിക്കോട് നിലയത്തിൽ പല തവണ അദ്ദേഹം കഥകളിപ്പദം അവതരിപ്പിച്ചിട്ടുണ്ട്.

നമ്പീശൻ കദകളിപ്പദങ്ങളിലെ പുതിയ പരീക്ഷണങ്ങളെ എതിർത്തു. കഥകളിയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ ഭാവം നൽകാൻ അതിലെ സംഗീതം പര്യാപ്തമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

തികഞ്ഞ ഇടതുപക്ഷ അനുഭാവിയായിരുന്ന നമ്പീശൻ പു.ക.സ.യിലെ സജീവപ്രവർത്തകനായിരുന്നു. പ്രശസ്ത കവി ഇയ്യങ്കോട് ശ്രീധരൻ രചിച്ച 'മാനവവിജയം' ആട്ടക്കഥയിൽ പ്രധാന ഗായകൻ നമ്പീശനായിരുന്നു. പുതിയ പ്രമേയമായിരുന്നിട്ടും കഥകളിസംഗീതം അതിന്റെ പൂർണ്ണതയിൽ കൊണ്ടുവരാൻ അദ്ദേഹം ശ്രദ്ധിച്ചു.

തിരക്കിട്ട ജീവിതശൈലിയും അമിതമായ മദ്യപാനവും നമ്പീശന്റെ ആരോഗ്യം തകർത്തുകളഞ്ഞു. അവസാനനാളുകളിൽ കടുത്ത പ്രമേഹവും രക്താതിമർദ്ദവും അനുഭവിച്ചു. 1994 ഓഗസ്റ്റ് 8-ന് തന്റെ ജീവിതത്തിലെ അവസാന സംഗീത ക്ലാസ്സ് പൂമുള്ളി മനയിൽ വച്ചുനടത്തിയ അദ്ദേഹം രണ്ടുദിവസങ്ങൾക്കുശേഷം (ഓഗസ്റ്റ് 10) തന്റെ 52-ആം വയസ്സിൽ ശ്രീകൃഷ്ണപുരത്തെ വീട്ടിൽ വച്ച് മസ്തിഷ്കാഘാതത്തെത്തുടർന്ന് അന്തരിച്ചു. മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.[1]

റഫറൻസുകൾ തിരുത്തുക

  1. Sreevalsan, T. K. (8 August 2013). "His art hid many aches of the heart". The Hindu.

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തിരൂർ_നമ്പീശൻ&oldid=3937767" എന്ന താളിൽനിന്ന് ശേഖരിച്ചത്