കലാമണ്ഡലം ഹൈദരാലി
പ്രസിദ്ധനായ കഥകളിഗായകനായിരുന്നു കലാമണ്ഡലം ഹൈദരാലി (1946 ഒക്ടോബർ 6 - 2006 ജനുവരി 5). ഹൈന്ദവക്ലാസ്സിക്കൽ കലാരൂപമായ കഥകളിരംഗത്ത് പ്രവർത്തിച്ച ആദ്യമുസ്ലീമാണ് ഇദ്ദേഹം. ഭാവാത്മകമായ ആലാപനത്തിലൂടെ കഥകളിസംഗീതത്തെ ജനപ്രിയമാക്കിയ കലാകാരനാണ് ഹൈദരാലി. സ്വദേശത്തും വിദേശത്തും നിരവധി വേദികളിൽ ആലാപനം നിർവ്വഹിച്ചിട്ടുണ്ട്. നിരവധി എതിർപ്പുകളെ നേരിട്ടാണ് ഹൈദരാലി കലാപ്രവർത്തനം നടത്തിയത്.
കലാമണ്ഡലം ഹൈദരാലി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ഹൈദരാലി |
വിഭാഗങ്ങൾ | കഥകളി സംഗീതം |
തൊഴിൽ(കൾ) | ഗായകൻ |
ജീവചരിത്രം
തിരുത്തുകതൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറയിൽ മൊയ്തൂട്ടിയുടെയും ഫാത്തിമയുടെയും മകനായി 1946 ഒക്ടോബർ ആറിന് ജനിച്ച ഹൈദരാലി കടുത്ത ദാരിദ്ര്യത്തിലാണ് കുട്ടിക്കാലം ചെലവഴിച്ചത്. കുട്ടിക്കാലം മുതൽ സംഗീതം ഇഷ്ടപ്പെട്ട ഹൈദരാലി പാട്ടുകാരൻ ബാപ്പൂട്ടിയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കലാമണ്ഡലത്തിലെത്തിയതോടെ കഥകളി സംഗീതമാണ് തന്റെ തട്ടകമെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞു. പതിനൊന്നാം വയസിൽ അഞ്ചാം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം 1957 മുതൽ 65 വരെ കലാമണ്ഡലത്തിൽ കഥകളിസംഗീതവിദ്യാര്ത്ഥിയായി. കഥകളിസംഗീതത്തിൽ നിരവധി എതിർപ്പുകളെ നേരിട്ടാണ് ഹൈദരാലി പ്രവർത്തിച്ചത്. പിന്നീട് ഈ രംഗത്തുള്ള തന്റെ കഴിവു മൂലം യാഥാസ്ഥിതികരെ നിശ്ശബ്ദനാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1957 മുതൽ 65 വരെ കലാമണ്ഡലത്തിൽ കഥകളിസംഗീതം അഭ്യസിച്ച ഹൈദരാലി നീലകണ്ഠൻനമ്പീശൻ, ശിവരാമൻനായർ, കാവുങ്ങൽ മാധവപ്പണിക്കർ, കലാമണ്ഡലം ഗംഗാധരൻ എന്നിവരിൽ നിന്നും കഥകളിപ്പദം പഠിച്ചു. 1960ലായിരുന്നു അരങ്ങേറ്റം. പിന്നീട് കളമശ്ശേരിയിലെ ഫാക്ടിൽ കഥകളി അദ്ധ്യാപകനായി. കലാമണ്ഡലത്തിൽ വിസിറ്റിംഗ് പ്രഫസറായും പ്രവർത്തിച്ചു.
എഴുത്തുകാരൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടു. 'ഓർത്താൽ വിസ്മയം' എന്ന പേരിൽ ഓർമ്മക്കുറിപ്പുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദേശത്തും സ്വദേശത്തുമായി ഒട്ടനവധി വേദികളിൽ കഥകളി സംഗീതമവതരിപ്പിച്ചു. കഥകളിസംഗീതവും കർണ്ണാടക സംഗീതവും താരതമ്യപ്പെടുത്തിയുള്ള ഗവേഷണത്തിന് കേന്ദ്ര മാനവശേഷിവിഭവവകുപ്പിന്റെ ഫെലോഷിപ്പ് ലഭിച്ചു.
പദങ്ങള് ആവർത്തിച്ച് പാടേണ്ടിവരുമ്പോൾ വൈവിധ്യമാർന്ന സംഗതികൾ കോർത്തിണക്കാൻ ഹൈദരാലി ശ്രദ്ധിച്ചിരുന്നു. പലപ്പോഴും അരങ്ങിലെ നടീനടന്മാരെ മറന്ന് സംഗീതത്തിന്റെ ഭാവത്തിൽ ലയിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ആലാപനശൈലി പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമായി. പക്ഷേ ഹൈദരാലി തന്റെ രീതിയിൽ ഉറച്ചുനിൽക്കുകയും കഥകളിസംഗീതത്തിൽ ആ ശൈലിക്ക് സ്വീകാര്യത നേടുകയും ചെയ്തു.
സംഗീതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നാടൻപാട്ട് തൊട്ട് ശാസ്ത്രീയ സംഗീതകച്ചേരിയുടെ അവതരണം വരെയുള്ള എല്ലാ മേഖലകളിലും അദ്ദേഹം സ്വന്തം സ്ഥാനം അദ്വിതീയം എന്ന് തെളിയിച്ചു. കർണാടക സംഗീതത്തിന്റെയോ കഥകളിയുടെയോ പശ്ഛാത്തലവും അറിവുമില്ലാതെ കലാമണ്ഡലത്തിലെത്തിയ ഹൈദരാലി കഥകളി സംഗീതത്തിലെ കുലപതിയായി മാറുകയായിരുന്നു.കലാമണ്ഡലം ഹൈദരലിയുടെ ആത്മകഥയുടെ പേര് ''മഞ്ജുതരം " എന്നാണ്. റെയിൻബോ ബുക്സ് പ്രസിദ്ധീകരിച്ച ഈ കൃതി കേട്ടെഴുതിയത് പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ സ്വദേശിയായ ഡോ.എൻ.പി.വിജയകൃഷ്ണനാണ്.
മരണം
തിരുത്തുക2006 ജനുവരി അഞ്ചിന് തൃശ്ശൂർ-ഷൊർണൂർ റോഡിലുണ്ടായ ഒരു വാഹനാപകടത്തിൽ ഹൈദരലി അന്തരിച്ചു. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനായി തന്റെ പൂർവ്വകലാലയത്തിലേയ്ക്ക് പോകുകയായിരുന്ന ഹൈദരാലി ഓടിച്ചിരുന്ന മാരുതികാർ തൃശ്ശൂർ ജില്ലയിലെ മുള്ളൂർക്കരയിൽ വച്ച് മണൽലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ വെട്ടിപ്പൊളിച്ചാണ് ഹൈദരാലിയെ പുറത്തെടുത്തത്. സംഭവസ്ഥലത്തു വച്ചുതന്നെ അദ്ദേഹം മരിച്ചു.[1] അമ്പത്തൊമ്പത് വയസ്സായിരുന്നു അദ്ദേഹത്തിന്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഓട്ടുപാറ ജുമാ മസ്ജിദിൽ സംസ്കരിച്ചു.
കുടുംബം
തിരുത്തുകഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം വടക്കാഞ്ചേരിയിലാണ് ഹൈദരാലി താമസിച്ചിരുന്നത്. അഫ്സയാണ് ഭാര്യ. ഹരീഷ് മകനും ഹസിത മകളുമാണ്.
പുരസ്കാരങ്ങൾ
തിരുത്തുക- കലാമണ്ഡലം അവാർഡ്,
- എറണാകുളം ക്ലബിന്ന്റെ തോയൂരാത്രകം പുരസ്കാരം
- ഭാരതി അവാർഡ്
- 1998-ല് കേന്ദ്ര സർക്കാറിന്റെ സീനിയര് ഫെലോഷിപ്പ്
പുറത്തുനിന്നുള്ള കണ്ണികൾ
തിരുത്തുക- Kathakali's Progressive Singer - ഹിന്ദു ദിനപത്രത്തിൽ വന്ന ലേഖനം Archived 2007-03-13 at the Wayback Machine.
- കലാമണ്ഡലം ഹൈദരലി Archived 2007-03-11 at the Wayback Machine.
- കഥകളിയിലെ ലളിതസംഗീതജ്ഞൻ - ഗ്രഹണം
അവലംബം
തിരുത്തുക- ↑ "Kalamandalam Hyderali killed in accident". The Hindu. 6 ജനുവരി 2006. Archived from the original on 2006-04-20. Retrieved 27 നവംബർ 2010.