തിരുവനന്തപുരത്തെ വള്ളക്കടവ് (കല്പാക്കടവ്) മുതൽ വർക്കല കുന്നുവരെയുള്ള പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകൾ വെട്ടി ബന്ധപ്പെടുത്തി നിർമ്മിച്ച ജലപാതയാണ് പാർവ്വതി പുത്തനാർ. 1824-ൽ തിരുവിതാംകൂറിലെ റീജന്റായി ഭരണം നടത്തിയിരുന്ന റാണി ഗൗരി പാർവ്വതി ഭായിയാണ് ഈ ചാൽ നിർമ്മിച്ചത്.[1] ഈ ജലപാത പൂന്തുറയിലും വേളിയിലുമായി സമുദ്രത്തിലേക്കു തുറക്കുന്നത് പ്രകൃത്യായുള്ള ശുചീകരണം സാധ്യമാക്കിയിരുന്നു. എന്നാൽ ഇന്ന് മൺതിട്ടകൾ അടിഞ്ഞ് ഈ ഭാഗം അടഞ്ഞുപോയിരിക്കുന്നു. ചുറ്റും താമസിക്കുന്നവരുടെ വളരെക്കാലത്തെ ദുരുപയോഗം മൂലവും അധികൃതരുടെ അനാസ്ഥമൂലവും ഈ ജലപാത ഇന്ന് ഉപയോഗശൂന്യമായിരിക്കുകയാണ്. ഇന്ത്യയിലെ ജലഗതാഗത വകുപ്പ് 2006 ൽ ഈ കനാലിന്റെ 18.045 കി.മീ നീളം വരുന്ന ആക്കുളം മുതൽ കോവളം വരെയുള്ള ഭാഗം ശുചീകരിക്കാനായി 3.62 കോടിയോളം നീക്കി വച്ചിരുന്നു. എന്നാൽ ഇത് യാഥാർത്ഥ്യമായില്ല.


പേരിനു പിന്നിൽതിരുത്തുക

ജലപാതയുടെ നിർമ്മാണത്തിനു സാരധ്യം വഹിച്ച റാണിയുടെ പേരിലാണ് ഈ ചാൽ അറിയപ്പെടുന്നത്, പുതിയതായി ഉണ്ടാക്കിയതുകൊണ്ട് പുത്തനാർ എന്നും.

ചരിത്രംതിരുത്തുക

 
ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതിഭായി

അക്കാലത്ത് കൊല്ലത്തും ആലപ്പുഴയിലും കൊച്ചിയിലുമൊക്കെ കരമാർഗ്ഗം ചരക്കെടുക്കാൻ പോയിവരുന്ന കച്ചവടക്കാരുടെ പ്രയാസങ്ങളാണ് റാണിയെ ഇത്തരമൊരു നീർച്ചാലിന്റെ നിർമ്മിതിക്ക് പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. അതല്ല തിരുവിതാംകൂർ ഭരണകർത്താക്കളുടെ കുലക്ഷേത്രമായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപമെന്ന ചടങ്ങിന് പുഷ്പങ്ങളും മറ്റും കൊണ്ടു വരുന്നതിനായിരുന്നു ഈ കനാലിന്റെ നിർമ്മിതിയെന്നും പറയപ്പെടുന്നുണ്ട്.[2] തിരുവിതാംകൂറിന്റെ തലസ്ഥാനമായ അനന്തപുരിയോട് അടുത്തുകിടക്കുന്ന പ്രധാന കായലുകളായ വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ഈ ജലപാതയുടെ നിർമ്മിതിയാരംഭിച്ചത്. ഇന്നത്തെ പടിഞ്ഞാറേക്കോട്ടയ്ക്ക് അടുത്തു കിടക്കുന്ന കല്പാക്കടവിൽ നിന്നുമായിരുന്നു പാർവ്വതിപുത്തനാറിന്റെ ആരംഭം. വളരെ വീതിയിൽ കെട്ടുവള്ളങ്ങൾക്കും ചരക്കു വള്ളങ്ങൾക്കുമൊക്കെ സഞ്ചരിക്കുന്നതിനായി സൗകര്യമൊരുക്കിക്കൊണ്ടായിരുന്നു കനാലിന്റെ നിർമ്മാണം. കല്പാക്കടവ് കഴിഞ്ഞു മുന്നോട്ട് വരുമ്പോൾ ചാക്കയിൽ ഇന്നത്തെ പാലത്തിനു സമീപമായി കെട്ടുവള്ളങ്ങൾക്കുള്ള വിശ്രമസ്ഥലമുൾപ്പെടെ ഒരു ജെട്ടിയും അന്നുണ്ടായിരുന്നു. [3]


ഇതിന്റ നിർമ്മാണം തിരുവനന്തപുരം മുതൽ വർക്കലവരെയുള്ള ഗതാഗതത്തിനെ വളരെയേറെ സഹായിച്ചു. പക്ഷേ, വർക്കല കുന്ന് എന്ന കടമ്പയാണ് മറ്റു സ്ഥലങ്ങളിലേക്കുള്ള പോക്കുവരവിന് മാർഗ്ഗതടസ്സമായി അവശേഷിച്ചത്. അനന്തപുരിയിൽ നിന്നും വരുന്ന കെട്ടുവള്ളങ്ങളും യാത്രാ വള്ളങ്ങളും വർക്കല കുന്നുവരെ മാത്രമെ വരുമായിരുന്നുള്ളു. ശേഷം കാൽനടയായി കുന്നുകയറി വേണം ആലപ്പുഴയിലേക്കും കൊച്ചിയിലേക്കുമൊക്കെ ജനങ്ങൾക്കു പോയിവരാൻ.

വർക്കല കുന്നിന്റെ കാര്യത്തിൽ ഒരു തീരുമാനമാകാൻ പിന്നേയും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. ആയില്യം തിരുനാളിന്റെ കാലത്ത് സർ ടി. മാധവറാവു ദിവാനയിരുന്നപ്പോൾ ബ്രിട്ടനിൽ നിന്നും വന്ന വില്യം ബാർട്ടനെ ദിവാനായി നിയമിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1877 കാലത്ത് തിരുവിതാംകൂർ സർക്കാർ കനാലിന്റെ രണ്ടറ്റങ്ങൾ തമ്മിൽ ബന്ധിപ്പിക്കുവാൻ വേണ്ടി ഇതുവഴി രണ്ടു തുരങ്ക ജലപാതകൾ നിർമ്മിക്കുകയുണ്ടായി. ഇതാണു വർക്കല തുരപ്പ്. പിന്നീട് അനന്തപുരിയിൽ നിന്നും കൊല്ലം വഴി ആലപ്പുഴ - തൃശൂർവഴി ഷൊർണൂർവരെ പോകാമെന്ന സൗകര്യം നിലവിൽവന്നു. ഈ കനാലിനെയാണ് ടി.എസ്. കനാൽ അഥവാ തിരുവനന്തപുരം- ഷൊർണൂർ കനാൽ എന്ന പേരിൽ അറിയപ്പെട്ടത്. അഞ്ചുതെങ്ങിൽ നിന്നും നടയറ വഴി കൊല്ലത്തേയ്ക്കുള്ള ജലഗതാഗതമാർഗ്ഗം നൂറ്റാണ്ടു മുമ്പ് റ്റി.എസ് കനാലിലൂടെയായിരുന്നു. ഒരുകാലത്ത് കേരളത്തിലെ ജലഗതാഗതത്തിന്റെ നട്ടെല്ലായിരുന്നു ഇത്.

ഭൂമിശാസ്ത്രംതിരുത്തുക

രൂപരേഖതിരുത്തുക

ഇപ്പൊഴത്തെ അവസ്ഥതിരുത്തുക

ഉപരിതലഗതാഗതം പുരോഗമിച്ചതു കൊണ്ടും ജനങ്ങളും അധികൃതരും പുത്തനാറിന്റെ പ്രാധാന്യം മനസ്സിലാക്കത്തതുമൂലവും നഗരത്തിന്റെ കേന്ദ്രത്തിൽ നിന്നും വീടുകളിൽ നിന്നും മറ്റും വരുന്ന മാലിന്യങ്ങൾ അടിഞ്ഞുകൂടി ഈ ജലപാത എതാണ്ട് ഉപയോഗശൂന്യമായിരിക്കുന്നു. കുളവാഴകളും മറ്റു പായലുകളും നിറഞ്ഞ് മറ്റു ഉപയോഗ സാധ്യതകളും നിലച്ചിരിക്കുകയാണ്. [4] എന്നാൽ 15 കോടി ചിലവഴിച്ചിട്ടും പദ്ധതി എങ്ങുമെത്താതെ നിലച്ചിരിക്കുകയാണെന്ന് ചില മാധ്യമങ്ങൾ ആരോപിക്കുന്നു. ഇതിനു വേണ്ടി വീണ്ടും പദ്ധതികൾ ഉണ്ടാക്കി പണം വെട്ടിക്കുകയാണെന്ന ആരോപണവും നില നിൽകുന്നു. [5] ഈ പ്രദേശത്തിനു ചുറ്റുമായി വളരെയധികം കയർ നിർമ്മാണകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. കയർ ഉണ്ടാക്കാനാവശ്യമായ തൊണ്ട് ചീയാനായി ഈ ജലപാതയിൽ താശ്തിയിടുത്തതാണ് ഇത് മലിനവാനുള്ള പ്രധാന കാരണം എന്ന് ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. [6]

വാർത്തകളിൽതിരുത്തുക

2011 ൽ പുത്തനാറിലേക്ക് ബസ് മറിഞ്ഞ് 17 കുട്ടികളും അവരുടെ ആയയും മരിച്ചത് വാർത്തകളിൽ പ്രാധാന്യം അർഹിക്കുന്നു. പുത്തനാറിൽ നിന്ന് മണൽ നീക്കം ചെയ്യുന്നത് മൂലം അഴം കൂടിയത് ഈ സംഭവത്തിനു ആക്കം കൂട്ടിയെന്ന് അഭിപ്രായപ്പെടുന്നു. [7] ഈ ദുരന്തത്തിനും 6 മാസം മുന്ന് സമാനമായ മറ്റൊരു അപകടത്തിൽ 6 കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-03-18.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-12-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-03-18.
  3. http://www.evartha.in/2014/11/07/ts-canal.html
  4. "Restoration of Parvathy Puthanar soon" (ഭാഷ: ഇംഗ്ലീഷ്). ദ ഹിന്ദു. October 11, 2006. ശേഖരിച്ചത് മാർച്ച് 21, 2015.
  5. "വെള്ളാനകളുടെ നാട്- ഏഷ്യാനെറ്റ് ന്യൂസ്". ഏഷ്യാനെറ്റ് ന്യൂസ്. ശേഖരിച്ചത് മാർച്ച് 21, 2015.
  6. "Restoration of Parvathy Puthanar soon" (ഭാഷ: ഇംഗ്ലീഷ്). ദ ഹിന്ദു. October 11, 2006. ശേഖരിച്ചത് മാർച്ച് 21, 2015.
  7. "Parvathy Puthanar turns watery grave again" (ഭാഷ: ഇംഗ്ലീഷ്). -- . സെപ്തംബർ 27, 2011. ശേഖരിച്ചത് മാർച്ച് 21, 2015. Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=പാർവ്വതി_പുത്തനാർ&oldid=3636601" എന്ന താളിൽനിന്ന് ശേഖരിച്ചത്