സംഘകാലഘട്ടത്തിൽ പ്രദേശങ്ങളെ ഭൂമിശാസ്ത്രപരമായി[1] വിവിധ മേഖലകളായി തരം തിരിച്ചിരുന്നു[2][3]. ഈ മേഖലകൾ ആണ് പൊതുവായി തിണ എന്ന് അറിയപ്പെടുന്നത്. കുറിഞ്ഞിത്തിണ, പാലൈതിണ, മരുതംതിണ, നെയ്തൽത്തിണ എന്നിവയാണ് വിവിധ തിണകൾ. കൈക്കിളൈ, പെരുന്തിണൈ എന്നീ തിണകളെയും ചില കൃതികളിൽ വിവരിക്കുന്നുണ്ടെങ്കിലും ഇവ പ്രേമസംബന്ധിയായ അവസ്ഥകളെ (ഭൂമിശാസ്ത്രവിഭജനത്തെയല്ല) വിവക്ഷിക്കാനാണ് ഉപയോഗിച്ചിരുന്നത്.

Thinais

ഓരോ പ്രദേശത്തെയും ജനങ്ങൾക്ക് ചിഹ്നങ്ങളും ദൈവങ്ങളും ഉത്സവങ്ങളും പ്രത്യേകമുണ്ടായിരുന്നു. തിണൈ എന്നാൽ ധാന്യം എന്നർത്ഥമുണ്ട്[4]

തിണകളുടെ വിശദാംശങ്ങൾ തിരുത്തുക

കുറിഞ്ഞിത്തിണ തിരുത്തുക

വനമേഖലയ്ക്ക് അടുത്തുള്ള മലകളും കാടുകളും ഉൾപ്പെട്ടിരുന്ന സ്ഥലങ്ങൾ കുറിഞ്ഞിത്തിണകൾ [2]. കുറിഞ്ചി എന്നാൽ തമിഴിൽ മല എന്നാണർത്ഥം[4]. കുറിഞ്ഞിപ്പൂവും മുരുകനുമാണ് കുറിഞ്ഞിത്തിണയുടെ ചിഹ്നങ്ങളായി സംഘകാലസാഹിത്യത്തിൽ കണക്കാക്കപ്പെട്ടിരുന്നത്. ദേവനെ മലമുകളിലാണ് പ്രതിഷ്ഠിച്ചിരുന്നത്. ഉത്സവങ്ങളും പൂജയും വഴിപാടും ചെയ്തിരുന്നു. മുരുകൻ എന്ന പേരിൽ ആഫ്രിക്കയിലും ഒരു ദൈവത്തെ ആരാധിക്കുന്നു എന്നത് ഈ പ്രദേശത്തുകാർ ആഫ്രിക്കയിൽ നിന്ന് കുടിയേറിയ ഏറ്റവും ആദികാല ജനങ്ങൾ ആണ്‌ എന്ന് ചിലർ വിശ്വസിക്കുന്നു. [5].

പന്ത്രണ്ടുവർഷത്തിലൊരിക്കൽ കുറിഞ്ഞി പൂക്കുന്ന സമയം മുരുകൻ കോവിലുകളിൽ ഉത്സവമുണ്ടാകും. നീലക്കുറിഞ്ഞിപ്പൂകൊണ്ടുളള മാലയാണ് വിവാഹവേളയിൽ മുരുകൻ വളളിയുടെ കഴുത്തിൽ ചാർത്തിയത്‌ എന്നാണ് മുതുവാൻ സമുദായത്തിലെ വിശ്വാസം. ഈ സമുദായത്തിൽ പെട്ടവർ ഭക്തിയോടു കൂടിയാണ്‌ നീലക്കുറിഞ്ഞിയുടെ പൂവിടലിനെ സ്വാഗതം ചെയ്യുന്നത്‌. കുറിഞ്ഞി പൂക്കുന്ന വർഷം മുതുവാ ഗ്രാമങ്ങളിൽ വിവാഹങ്ങൾ നടക്കാറില്ല. വിവാഹം മൂലം ദമ്പതിമാർക്ക് അശുദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. വട്ടവട പഞ്ചായത്തിലെ കോവിലൂർ ഗ്രാമത്തിൽ ഈ വിശ്വാസം ഇപ്പോഴും നിലനിൽക്കുന്നുണ്ടത്രേ[2].

ഈ പ്രദേശത്തെ ജനങ്ങളുടെ ഉപജീവനമാർഗ്ഗം വനങ്ങളിൽ നിന്നും ലഭിക്കുന്ന ദ്രവ്യങ്ങളുടെ ശേഖരണവും, തിന, മുളനെല്ല്, ഇഞ്ചി, വാഴ, മരമഞ്ഞൾ എന്നിവയുടെ കൃഷിയും മൃഗവേട്ടയും മറ്റുമായിരുന്നു. കുറിഞ്ചിത്തിണയിലെ നാട്ടുപ്രമാണിമാർ ‘വെപ്പന്മാർ‘, ‘നാടൻ‘ എന്നെല്ലാമാണ് വിവക്ഷിക്കപ്പെട്ടിരുന്നത്. പുരോഹിതനും മന്ത്രവാദിയുമായ ആളെ വേലൻ എന്നാണ് വിളിച്ചിരുന്നത്.

സംഘകാല സാഹിത്യത്തിൽ

അർദ്ധരാത്രിയിൽ കമിതാക്കൾ ഒന്നിക്കുന്നത് മലയിലാണ് എന്നാണ് സംഘകൃതികളിലെ സങ്കൽപ്പം. മുരുകന്റെയും വള്ളിയുടെയും പ്രേമം ഉദാഹരണമാണ്. തണുപ്പും തുഷാരവും ബിംബങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ട്. വനത്തെ തടാകങ്ങളും വെള്ളച്ചാട്ടങ്ങളും തേക്കുമരങ്ങളും മുളയും ചന്ദനവും നിറഞ്ഞതായാണ് വർണ്ണിക്കുന്നത്. ഇവിടെ തിന വളരുകയും കാട്ടു തേനീച്ചകളിൽ നിന്ന് തേൻ ശേഖരിക്കപ്പെടുകയും ചെയ്യുന്നതായി വിവരിക്കപ്പെടുന്നു.

മയിലുകളുടെ നൃത്തവും കരച്ചിലും, വെള്ളച്ചാട്ടത്തിന്റെ ശബ്ദവും വന്യമൃഗങ്ങളുടെ അലർച്ചയും പശ്ചാത്തലമാണെങ്കിലും കമിതാക്കൾ പരസ്പരം ഇറുകെ പുണരുകയും, പ്രേമത്തിലൂടെ മലമ്പാതയിലെ അപകടങ്ങൾ മറക്കുകയും ചെയ്യും.

പാലത്തിണ തിരുത്തുക

മലകളിൽ തന്നെ ജലദൗർലഭ്യമുള്ള പ്രദേശങ്ങളാണ് പാലത്തിണകൾ. പാലമരങ്ങൾ (കുരട്ടുപാല, കൊടിപ്പാല, ഉലക്കപ്പാല, ഏഴിലം പാല എന്നിവ) ധാരാളം ഉണ്ടായിരുന്നതിനാലാണ് പേരുവന്നത്. വന്യമൃഗങ്ങളും ധാരാളം ഉണ്ടായിരുന്നു. പാലൈഎന്നാൽ തമിഴിൽ മരുഭൂമി എന്നർത്ഥമുണ്ട്[4]. ഇവിടെ ജീവിച്ചിരുന്നവർ മറവർ എന്നറിയപ്പെട്ടിരുന്നു. അവർക്ക് മൃഗവേട്ടയും, ആനക്കൊമ്പ്, പുലിപ്പല്ല്, പുലിത്തോൽ തുടങ്ങിയവയുടെ വ്യാപാരവുമായിരുന്നു ഉപജീവനമാർഗ്ഗം. കള്ളന്മാരും കൊള്ളക്കാരും ഇവരിൽ ധാരാളം ഉണ്ടായിരുന്നു. കാമുകീ കാമുകന്മാരായി ഒളിച്ചോടുന്നതും സ്ത്രീകളെ മോഷ്ടിച്ചുകൊണ്ടു പോകുന്നതും പാലത്തിണയിൽ പതിവായിരുന്നുവത്രേ. കള്ള് തുടങ്ങിയ ലഹരി പദാർത്ഥങ്ങളും മാംസാഹാരവും ഇവിടത്തുകാർ ഉപയോഗിച്ചിരുന്നു. മറവർക്ക് വേണ്ടത്ര ജീവിത സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. മഴ ഒരു വലിയ പ്രശ്നമായിരുന്നു എന്നും മഴയുള്ളതിന്നാൽ മഴനാട് എന്നും നാട്ടുകാരെ മഴവർ എന്നു വിളിക്കാൻ കാരണം അതാണ് എന്നും മറ്റു ചില സംഘകാലകൃതികളിൽ കാണുന്നു. ഈ നാടിന് കുറിച്ചി എന്നും പേരുണ്ടായിരുന്നു. കുറിച്യർ എന്ന ജാതിപ്പേര് പിന്നീട് ജാതിവ്യവസ്ഥ ഉടലെടുത്തകാലത്ത് ആ ഗ്രാമീണർക്ക് നൽകപ്പെട്ടതാണത്രേ. [6]

കൊറ്റവൈ എന്ന യുദ്ധ ദേവതയായിരുന്നു മറവരുടെ ദൈവം. കൊറ്റവൈ എന്ന ദേവതയാണ് കൊടുങ്ങല്ലൂരിലെ യഥാർത്ഥ പ്രതിഷ്ഠ എന്നും ആര്യാധിനിവേശ കാലത്ത് അതിനെ ആര്യവത്കരിച്ച് ഭദ്രകാളിയാക്കിയതാണ് എന്നും ഒരു പക്ഷമുണ്ട്. [7] പാലത്തിണക്കാർക്ക് ‘വേട്ടുവ വരി’ ‘തുണങ്കക്കൂത്ത്’ എന്നിങ്ങനെയുള്ള നൃത്തരൂപങ്ങൾ ഉണ്ടായിരുന്നു എന്നും ചേര രാജാക്കന്മാർ അതിനെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും ചില ചക്രവർത്തിമാർ അത് ആടിയതായും കവിതകളിൽ പറയുന്നു.

മുല്ലൈത്തിണ തിരുത്തുക

ചെറിയ കുന്നുകളും കുറ്റിക്കാടുകളും നിറഞ്ഞ മലയോരങ്ങൾ മുല്ലൈത്തിണ എന്നാണ് വിവക്ഷിക്കപ്പെട്ടിരുന്നത്. മുല്ലകൾ ഈ പ്രദേശത്ത് ധാരാളമായി വളർന്നിരുന്നുവത്രേ. മുല്ലൈ എന്നാൽ തമിഴിൽ കാട് എന്നർത്ഥമുണ്ട്[4]. മുല്ലൈത്തിണ കടലിനും മലയ്ക്കും ഇടയിലുള്ള സ്ഥലമായതിനാൽ ‘ഇടനാട്’ എന്നും അറിയപ്പെട്ടിരുന്നു. ഇടനാട്ടിലെ ജനങ്ങൾ ഇടയർ എന്നും വിവക്ഷിക്കപ്പെട്ടിരുന്നു. അമര, തുവര, മുതിര, തുടങ്ങിയ പയർ വർഗ്ഗങ്ങൾ കൃഷി ചെയ്യുന്നതിൽ അവർ സമർത്ഥരായിരുന്നു. ഇടയദേവതയായ മായോൻ ആയിരുന്നു അവരുടെ ദൈവം. കാലികളെ ഉപയോഗിച്ച് കൃഷി ചെയ്യലും ഇവിടുത്തെ ജനങ്ങൾ ചെയ്തിരുന്നുവത്രേ.

മരുതംതിണ തിരുത്തുക

ഏറ്റവും വളക്കൂറുള്ള പ്രദേശങ്ങൾ ആണ് മരുതംതിണ എന്നറിയപ്പെട്ടിരുന്നത്. തമിഴിൽ മരുതം എന്നാൽ കൃഷിഭൂമി എന്നാണർത്ഥം[4]. പുഴകളും തോപ്പുകളും നിറഞ്ഞ സമതല പ്രദേശങ്ങൾ, ആമ്പലും താമരയും നിറഞ്ഞ പൊയ്കകൾ, നെല്പാടങ്ങൾ എന്നിവ മരുതം തിണയുടെ പ്രത്യേകതകളാണ്. മരുത നാട്ടുകാർ വെള്ളാളർ എന്നും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ ഉഴുന്നതിനാൽ ഉഴവർ എന്നും അറിയപ്പെട്ടിരുന്നു. ഉഴവർ ആണ് ഈഴവർ ആയത് എന്ന് ഒരു അഭിപ്രായമുണ്ട് [8]. ഏറ്റവും സമ്പന്നമായ ഭൂപ്രദേശമായിരുന്നുവത്രേ ഇത്. വേന്തനായിരുന്നു കുല ദൈവം. വെള്ളാളർ ആര്യാധിനിവേശകാലത്ത് നമ്പൂതിരിമാരെ അനൂകൂലിച്ചതിനാൽ അവർക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിച്ചുവത്രേ. എന്നാൽ ഉഴവർ അവരുടെ ആചാരങ്ങളെ അടിയറ വയ്ക്കാൻ തയ്യാറാവാത്തതിനാൽ പ്രതിരോധം ചെലുത്തിയ മറ്റു ഗോത്രങ്ങൾക്കൊപ്പം അധഃകൃതരാക്കപ്പെട്ടു.

നെയ്തൽത്തിണ തിരുത്തുക

നെയ്തൽത്തിണ തീരപ്രദേശമാണ്. നെയ്തൽ എന്ന വാക്കിന്റെ അർത്ഥം സമുദ്രം എന്നാണ്[4]. കടലും അതിന്റെ തീരത്തോട് അടുത്ത പ്രദേശങ്ങളും ആണ് ഈ പേരിൽ വിവക്ഷിക്കപ്പെട്ടിരുന്നത്. ഏറ്റവും കൂടുതൽ ജനസംഖ്യ ഈ പ്രദേശത്തായിരുന്നു. മത്സ്യ ബന്ധനവും വ്യാപാരവും ഇവർ നടത്തിവന്നു. കടലിൽ നിന്നു ഉള്ളിലേക്ക് പ്രവേശിക്കുന്ന അഴിമുഖങ്ങളിൽ വലിയ കപ്പലുകൾ അടുത്തിരുന്നു. വ്യാപാരം മൂലം ജനജീവിതം സമ്പന്നമായിരുന്നു. തുറമുഖപട്ടണങ്ങൾ, പണ്ടകശാലകൾ എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്. നാട്ടുകാരെ പരതർ (പരതവർ) എന്നാണ് വിളിച്ചിരുന്നത്. വരുണൻ അല്ലെങ്കിൽ ജലദേവൻ ആയിരുന്നു അവരുടെ ദേവൻ [9]

ഭൂമിശാസ്ത്രവുമായി ബന്ധമില്ലാത്ത തിണകൾ തിരുത്തുക

കൈക്കിളൈ, പെരുന്തിണൈ എന്നീ തിണകൾക്ക് സംഘകൃതികളിൽ ഒരു ഭൂവിഭാഗം എന്ന തരത്തിലുള്ള വിശദീകരണം കൊടുത്തിട്ടില്ല. ഇവയുടെ പേര് പൂക്കൾക്കും നൽകപ്പെട്ടിട്ടില്ല. ഈ തിണകൾ മാനസികവ്യാപാരങ്ങളെ മാത്രമാണ് വിവക്ഷിക്കുന്നത്. ഇവ അസ്വാഭാവികമായ വികാരങ്ങ‌ളായതിനാൽ ഒരു ഭൂമിശാസ്ത്രബന്ധം ഇവയ്ക്ക് നൽകാനാവില്ല എന്നതാണ് ഇതിന് വിശദീകരണമായി പറയുന്നത്.

കൈക്കിളൈയിൽ പ്രേമം ഒരു ദിശയിൽ മാത്രമാണ് എന്നതാണ് അസ്വാഭാവികതയ്ക്ക് കാരണം.

പെരുന്തിണൈയിൽ നാട്ടുനടപ്പിന് ചേരാത്ത പ്രവൃത്തികളാണ് അസ്വാഭാവാകിത കൊണ്ടുവരുന്നത്. പ്രായം കൂടിയ സ്ത്രീയോട് ബന്ധപ്പെടുന്ന പുരുഷൻ, ഒരാളുടെ സമ്മതമില്ലാത്ത ബന്ധം, തന്റെ കടമകൾ ഒരാൾ പാലിക്കാത്തതുമൂലമുണ്ടാകുന്ന വേർപാട് എന്നിവയാണ് ഉദാഹരണങ്ങൾ.

സംഘകൃതികൾ തിരുത്തുക

സംഘകൃതികളിൽ നിന്നാണ് ഈ പ്രാദേശികവിഭജനത്തെയും ഇവിടുത്തെ ജനങ്ങളെപ്പറ്റിയും മറ്റും വിവരങ്ങൾ ലഭിക്കുന്നത്.

അകംകൃതികൾ തിരുത്തുക

നറ്റിണൈ, അകനാനൂറ്, ഐങ്കറുനൂറ്, കുറുന്തൊകൈ, കലിത്തൊകൈ എന്നീ കൃതികളിൽ തിണകളെപ്പറ്റി പരാമർശങ്ങളുണ്ട്.

നറ്റിണൈ

കുറിഞ്ചിനിലങ്ങളിൽ ദേശകാവൽ ഏർപ്പെടുത്തിയിരുന്നുവെന്നും കാവലാളന്മാർ രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് കുറിഞ്ചിനിലരാഗം പാടി കാവൽ നിർവഹിച്ചിരുന്നുവെന്നും ഈ കൃതികളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നെയ്തൽ നിലങ്ങളിലെ കാവൽക്കാർ യാമംതോറും ജനങ്ങളെ മണിയടിച്ചുണർത്തി വാതിലടച്ചു സശ്രദ്ധരായിരിക്കാൻ ഉദ്ബോധിപ്പിച്ചിരുന്നുവത്രേ.

അകനാനൂറ്

അകനാനൂറിൽ 80 പാട്ടുകൾ കുറിഞ്ചിയെപ്പറ്റിയുള്ളവയാണ്. പാലൈയെ സംബന്ധിച്ച 200 പാട്ടുകളും, മുല്ലൈയെയും മരുതത്തെയും നെയ്തലിനെയും സംബന്ധിച്ച 40 പാട്ടുകൾ വീതവുമാണുള്ളത്. ഇവയിൽ കുറിഞ്ചി, പാലൈ, മുല്ലൈ, മരുതം, നെയ്തൽ എന്നീ അഞ്ചുവക പ്രദേശങ്ങളുടെ സ്വഭാവം വ്യക്തമാക്കിയിട്ടുണ്ട്.

ഐങ്കറുനൂറ്

മരുതം, നെയ്തൽ, കുറിഞ്ചി, പാലൈ, മുല്ലൈ എന്നീ 5 'ഒഴുക്ക'ങ്ങളിൽ ഓരോന്നിനെയും കുറിച്ച് 100 വീതം ചെറിയ പാട്ടുകൾ ഇതിലുണ്ട്.

കുറുന്തൊകൈ

സംഘകാലത്തെ നഗരസംവിധാനം, വാർത്താവിതരണം, ഈശ്വരാരാധന, ശില്പവിദ്യ, കുറിഞ്ചിനിലത്തിന്റെ പ്രത്യേകതകൾ, കർമപദ്ധതികൾ മുതലായവയെല്ലാം ഇതിൽനിന്നറിയാം.

കലിത്തൊകൈ

ഇതിൽ പാലൈയെ പെരുങ്കടുങ്കോനും കുറിഞ്ചിയെ കപിലരും മരുതത്തെ മരുതൻ ഇളനാകനും മുല്ലയെ ചോഴൻ നല്ലുരിത്തിരനും നെയ്തലിനെ നല്ലന്തുവനും പാടിയെന്ന് ഒരു വെൺപാ വ്യക്തമാക്കുന്നു. ഈ വെൺപാ പില്ക്കാല സൃഷ്ടിയാണെന്നും കലിത്തൊകൈയുടെ പഴയ കൈയെഴുത്തു പ്രതികളിൽ ഇത് കാണുന്നില്ലെന്നും ഇതിന്റെ കർത്താവ് നല്ലന്തുവനാർ മാത്രമാണെന്നും ചില ഗവേഷകന്മാർ അഭിപ്രായപ്പെടുന്നു. കലിത്തൊകൈയിൽ കൈക്കിളൈ, പെരുന്തിണൈ എന്നീ തിണകളെ സംബന്ധിച്ചും പ്രസ്താവിക്കുന്നുണ്ട്.

പുറനാനൂറ് തിരുത്തുക

കൈക്കിളൈ, പെരുന്തിണൈ എന്നീ തിണകളെപ്പറ്റി പുറനാനൂറിലും പ്രസ്താവിക്കുന്നുണ്ട്.

അവലംബം തിരുത്തുക

  1. ദേശാഭിമാനി.കോം Archived 2016-03-05 at the Wayback Machine. ജാതിമത ഇടപെടലുകളും വർഗരാഷ്ട്രീയവും: എ കെ പീതാംബരൻ
  2. 2.0 2.1 2.2 പുഴ.കോം Archived 2016-03-04 at the Wayback Machine. കേരളത്തിന്റെ ഗോത്രവർഗ സസ്യവിജ്ഞാനം ഇ. ഉണ്ണികൃഷ്ണൻ
  3. മാതൃഭൂമി.കോം[പ്രവർത്തിക്കാത്ത കണ്ണി] നരേന്ദ്രഭൂഷൺ ജയന്തി പ്രഭാഷണ പരമ്പര തിണസങ്കല്‌പനം ഭാഷാ വൈവിധ്യത്തെ യോജിപ്പിക്കുന്ന സാഹിത്യം
  4. 4.0 4.1 4.2 4.3 4.4 4.5 മാതൃഭൂമി.കോം Archived 2013-01-26 at the Wayback Machine. അർത്ഥം പകരട്ടെ പോരാട്ടങ്ങൾ: വി.എൻ. രാഖി
  5. വിദേശരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം ആഫ്രിക്കൻറിസോഴ്സ് വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്
  6. സോമൻ ഇലവും‍മൂട്; പ്രാചീന കേരളചരിത്ര സം‍ഗ്രഹം; ധന്യാ ബുക്സ്, പുതുപ്പള്ളി,ഏപ്രിൽ 2000.
  7. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992.
  8. മനോരമ ഇയർ ബുക്ക്‌ 2006; മനോരമ പ്രസ്സ്‌ കോട്ടയം
  9. രാഘവ വാരിയർ, രാജൻ ഗുരുക്കൾ; കേരള ചരിത്രം, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം. 1992

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകംകൃതികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിരുവനന്തപുരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
 
Wiktionary
തിണ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=തിണ&oldid=3991644" എന്ന താളിൽനിന്ന് ശേഖരിച്ചത്