വട്ടവട ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ തന്നെ ദേവികുളം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വട്ടവട ഗ്രാമപഞ്ചായത്ത്'. 1954 നവംബർ മാസത്തിലാണ് ഈ പഞ്ചായത്ത് രൂപം കൊണ്ടത്. 67.81 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഈ പഞ്ചായത്തിൽ 20 ശതമാനത്തോളം വനമേഖലയാണ്. പാമ്പാടുംചോല, ആനമുടിച്ചോല ദേശീയോദ്യാനങ്ങൾ വട്ടവട ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്നു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമത്തിൽ ബഹുഭൂരിപക്ഷവും തമിഴ് സംസാരിക്കുന്നവരാണ്. ഗ്രാമപഞ്ചായത്ത് ആസ്ഥാനം കോവിലൂരിൽ സ്ഥിതി ചെയ്യുന്നു.

വട്ടവട ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°11′21″N 77°15′15″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി ജില്ല
വാർഡുകൾകൂടല്ലാർകുടി, കടവരി, കൊട്ടാക്കൊമ്പൂർ വെസ്റ്റ്, കൊട്ടാക്കൊമ്പൂർ ഈസ്റ്റ്, കോവിലൂർ ഈസ്റ്റ്, കോവിലൂർ നോർത്ത്, കോവിലൂർ വെസ്റ്റ്, വട്ടവട നോർത്ത്, പഴത്തോട്ടം, കോവിലൂർ സൌത്ത്, വട്ടവട സൌത്ത്, ചിലന്തിയാർ, സ്വാമിയാറാളക്കുടി
ജനസംഖ്യ
ജനസംഖ്യ4,588 (2001) Edit this on Wikidata
പുരുഷന്മാർ• 2,362 (2001) Edit this on Wikidata
സ്ത്രീകൾ• 2,226 (2001) Edit this on Wikidata
സാക്ഷരത നിരക്ക്32 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221142
LSG• G060204
SEC• G06009
Map
കോവിലൂർ
വട്ടവട ഗ്രാമപഞ്ചായത്ത് ഓഫീസ്.

ചരിത്രം തിരുത്തുക

തമിഴ് നാട്ടിലെ മധുരയിലും സമീപപ്രദേശങ്ങളിൽനിന്നും ഹൈദരലിയുടെ പടയോട്ടകാലത്ത് പ്രാണരക്ഷാർത്ഥം പാലായനം ചെയ്തവർ കുടിയേറിപ്പാർത്ത പ്രദേശങ്ങളിലൊന്നാണ് വട്ടവടയെന്ന് കരുതപ്പെടുന്നു. ഹൈദരലി ഡിണ്ടിഗൽകോട്ട ആക്രമിച്ചുകീഴടിക്കിയ 1755 മുതലുള്ള കാലഘട്ടത്തിലാവാം ഇവർ വട്ടവടയിലെത്തപ്പെട്ടത്. ഈ കാലത്തുതന്നെയാണ് അഞ്ചുനാട്ടിലേക്കുള്ള കുടിയേറ്റവും ആരംഭിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. തനതായ പൈതൃകം അവകാശപ്പെടാവുന്ന അതിപുരാതന ശിലാലിഖിതങ്ങളും കല്ലുകളിലും ലോഹങ്ങളിലും നിര്മ്മിച്ച വിഗ്രഹങ്ങളും ഏറെപഴക്കംചെന്ന ആയുധങ്ങളും പഞ്ചായത്തിലെ വിവിധ സ്ഥങ്ങളിൽനിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ കാണപ്പെടുന്ന മുനിയറകൾ വട്ടവടയെ ശിലായുഗ കാലഘട്ടവുമായി ബന്ധിപ്പിക്കുന്നതാണ്.ഹൈറേഞ്ചിൽ ആദ്യകാലത്ത് കുടിയേറ്റം നടന്നിട്ടുള്ള പ്രദേശങ്ങളിലൊന്നുകൂടിയാണ് വട്ടവട. പണ്ട് പാണ്ട്യരാജാക്കന്മാരുടെ അധീനതയിലായിരുന്നുവെന്ന് കരുതപ്പെട്ടിരുന്ന ഈ പ്രദേശങ്ങൾ പിന്നീട് പല കൈമറിഞ്ഞ് പൂഞ്ഞാർ രാജവംശത്തിന്റെയും ഒടുവിൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെയും ഉടമസ്ഥതയിൽ എത്തിച്ചേരുകയാണുണ്ടായത്. പൂഞ്ഞാർ രാജാവിന്റെ ഭടന്മാർ വർഷത്തിലൊരിക്കൽ അതിർത്തി സന്ദർശിക്കുന്നതിന്റെ ഭാഗമായി വട്ടവടയിലെത്തിയപ്പോൾ അവിടെ കുടിയേറി കൃഷിചെയ്തിരുന്നവരെ കണ്ടെത്തുകയും ആ വിവരം രാജാവിനെ അറിയിക്കുകയുംചെയ്തു. കൂടുതൽ അന്വോഷണത്തിൽ ഇവർ സാധുക്കളാണെന്ന് മനസ്സിലായ രാജാവ് ഇവർക്ക് താമസിക്കുന്നതിനും കൃഷിചെയ്യുന്നതിനുമുള്ള അനുവാദം നൽകുകയുണ്ടായി. പകരം കാർഷികോൽപ്പന്നമായൊ അക്കാലത്ത് നിലവിലുണ്ടായിരുന്ന നാണയമായോ കപ്പം നൽകണമെന്നും പൂഞ്ഞാർ രാജാവ് നിർദ്ദേശിച്ചു. വട്ടവടയിലെ ആദിമവാസികളായിരുന്ന 13 കുടുംബക്കാർക്ക് പൂഞ്ഞാർ രാജവംശം നല്കിയ ചെമ്പ് പട്ടയം ഇന്നും ഇവരുടെ പിന്മുറക്കാരുടെ കൈവശമുണ്ട്. നൂറ് കിലോമീറ്ററുകളിലേറെ കാല്നടയാത്ര ചെയ്താണ് പൂഞ്ഞാർ രാജാവിന് ഈ വീട്ടുകാർ കപ്പം നല്കിയിരുന്നത്. വട്ടവടയിലെ കേസുകൾ തീർപ്പാക്കുന്നതിനും വസ്തുസംബന്ധമായ ഇടപാടുകൾ നടത്തുന്നതിനും ശിക്ഷകൾ നൽകുന്നതിനുമായി പൂഞ്ഞാർ രാജാക്കന്മാർ സ്ഥാപിച്ചിട്ടുള്ള പകുതിക്കച്ചേരി ഇന്നും കോവിലൂരിൽ കാണാനാകും. ഇവിടുത്തെ ഊരുകളിൽ ഇന്നും മന്ത്രിയാർ , മന്നാടിയാർ, പെരിയധനം, മണിയക്കാരൻ, ഊരുതെണ്ടക്കാർ തുടങ്ങിയ സ്ഥാനങ്ങൾ നിലനിൽക്കുന്നുണ്ട്. പൂഞ്ഞാർ രാജാക്കന്മാർ നൽകിയ ഈ അധികാരസ്ഥാനങ്ങൾ പരമ്പരാഗതമായി ഇവർ പിന്തുടർന്ന് വരുന്നുണ്ട്. രാജാവിൽനിന്നും നേരിട്ട് സ്വർണ്ണക്കാപ്പും ചൂരൽവടിയും സമ്മാനമായി ലഭിച്ചവരും വട്ടവടക്കാരുടെ പൂർവ്വികരായുണ്ടായിരുന്നു. ഇന്നും ജാതി വിവേചനം തുടരുന്ന ഒരു പ്രദേശം കൂടിയാണ് വട്ടവട. ഇതിനെതിരെയുള്ള നീക്കങ്ങളും അടുത്തകാലത്തായി ഇവിടെ ഉയർന്നുവരുന്നുണ്ടെന്നുള്ളത് കാണേണ്ടതുണ്ട്.

കൃഷി തിരുത്തുക

സംസ്ഥാനത്തെ പച്ചക്കറിഗ്രാമമെന്നറിയപ്പെടുന്ന വട്ടവടയിൽ ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ്, ബീൻസ്, വെളുത്തുള്ളി, കാബേജ്, ബട്ടർബീൻസ്,അമരപ്പയർ എന്നിവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. ഇവിടെ വിളയുന്ന പച്ചക്കറികൾ  കേരളത്തിലേയും  തമിഴ്‌നാട്ടിലേയും ചന്തകളിൽ  എത്തപ്പെടുന്നു.   സ്ട്രോബെറി, പാഷൻ ഫ്രൂട്ട്, മരത്തക്കാളി, പീച്ച് തുടങ്ങിയ പഴവർഗ്ഗങ്ങളും ഇവിടെ  കൃഷിചെയ്യപ്പെടുന്നു. കേരളത്തിൽ സൂചി ഗോതമ്പ്‌ വിളയുന്ന  ഏകസ്ഥലം വട്ടവടയാണ്.വാഹനമെത്താത്ത പ്രദേങ്ങളിൽ ചരക്കുനീക്കത്തിനായി ഇവിടെ  കോവർ കഴുതകളെ ഉപയോഗിക്കാറുണ്ട്.

വട്ടവട പഞ്ചായത്തിലെ  വട്ടവട ഗ്രാമപഞ്ചായത്തിലെ ഏതാനും വാർഡുകൾ നീലിക്കുറിഞ്ഞി സാങ്ങ്‌ചറിയിൽ ഉൾപ്പെടുന്നു. കടവരി വാർഡ് പൂർണ്ണമായും നീലിക്കുറിഞ്ഞി സാങ്ങ്‌ചറിക്കുള്ളിലാണ്. ഒറ്റപ്പെട്ട ഈ വാർഡിലെ പച്ചക്കറി ഉൾപ്പെടെയുള്ള കാർഷികവിളകൾ  കൂടുതലും തമിഴ്നാട്ടിലാണ് വിറ്റഴിച്ചുകൊണ്ടിരുന്നത്. നാല് ആദിവാസിക്കുടികൾ വട്ടവട ഗ്രാമപഞ്ചായത്തിലുണ്ട്.

അതിരുകൾ തിരുത്തുക

  • കാന്തല്ലൂർ പഞ്ചായത്ത്തിനു പുറമെ തമിഴ്‌നാട്ടിലെ തേനി ജില്ലയുമായി  വട്ടവട അതിർത്തി പങ്കിടുന്നു.
  • കാന്തല്ലൂർ

ഗോത്രവിഭാഗങ്ങൾ തിരുത്തുക

=== വട്ടവടയിൽ സ്വാമിയാറള, കൂടല്ലർ, കീഴ്വത്സപ്പെട്ടി, മേൽവത്സപ്പെട്ടി, വയൽത്തറ എന്നിങ്ങനെ അഞ്ച്‌ ആദിവാസികുടികളാണ് നിലവിലുള്ളത്. മുതുവാൻ വിഭാഗത്തിൽപ്പെട്ട ആദിവാസികൾ മാത്രമാണ് ഈ പഞ്ചായത്തിലുള്ളത്. പരമ്പരാഗത ആചാരങ്ങളും ജീവിതരീതികളും ഇന്നും ഇവർ തുടർന്നുവരുന്നു. ഈ കോളനികളിലൊന്നിലും സ്കൂളുകളില്ലാത്തതിനാൽ കുട്ടികൾ വിദൂരപ്രദേശമായ മൂന്നാറിലോ മറയൂരിലോ ഹോസ്റ്റലിൽനിന്നുപഠിക്കേണ്ട സ്ഥിതിയാണുള്ളത്. എല്ലാ കുടികളിലും അംഗണവാടികൾ പ്രവർത്തിക്കുന്നുണ്ട്.കുട്ടികളിൽ +2 പാസ്സായവരുടെ എണ്ണം പരിമിതമാണ്. കൃഷിയോടൊപ്പം വനവിഭവങ്ങൾ ശേഖരിച്ചുമാണ് ഇവർ ജീവിക്കുന്നത്. ചെറുധാന്യങ്ങളായ കുറുമ്പുല്ല്,റാഗി എന്നിവയുടെ കൃഷി ചെറിയതോതിൽ കുടികളിൽ നടക്കുന്നുണ്ട്. വട്ടവടയിലെ കുടികളിൽ ഏലം കൃഷിയും കാണപ്പെടുന്നുണ്ട്. ഉത്പാദനശേഷികുറഞ്ഞ നാടൻ,മൈസൂർ വഴുക്ക എന്നീയിനങ്ങളാണ് ഇവർ കൃഷിചെയ്യുന്നത്. വട്ടവടയിലെ ആദിവാസികുടികളിലെത്തിച്ചേരുന്നതിനുള്ള ഗതാഗതസൗകര്യം പരിമിതമാണ്.

കുറിഞ്ഞിമല സാങ്ങ്‌ചറി തിരുത്തുക

12 വർഷത്തിലൊരിക്കൽമാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയെയും അവയുടെ ആവാസവ്യവസ്ഥയായ ചോലക്കാടുകളെയും സംരക്ഷിക്കുന്നതിനായി 2006 ഒക്ടോബർ ആറിനാണ്‌ ദേവികുളം താലൂക്കിലെ കൊട്ടക്കമ്പൂർ, വട്ടവട വില്ലേജുകളിലുൾപ്പെട്ട 58, 62 ബ്ലോക്കുകളിലെ 3200 ഹെക്ടർ സ്ഥലം കുറിഞ്ഞികുറിഞ്ഞിമല സാങ്ങ്‌ചറിയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്‌. ഈ ബ്ലോക്കുകളിൽ പട്ടയം ലഭിച്ചിട്ടുള്ള നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും റിസോർട്ടുകളും സർക്കാർ സ്ഥാപനങ്ങളും ഉൾപ്പെടുന്നുണ്ട്. ഗ്രാമപഞ്ചായത്ത് കാര്യാലയവും കുടുംബാരോഗ്യകേന്ദ്രവും കുറിഞ്ഞിമല സാങ്ങ്‌ചറിയിൽ ഉൾപ്പെടുന്ന സർക്കാർ സ്ഥാപനങ്ങളാണ്. കുറിഞ്ഞിമല സാങ്ങ്‌ചറിയുടെ പേരിൽ വനംവകുപ്പ് ഈ പ്രദേശങ്ങളിലെ വികസനം തടസ്സപ്പെടുത്തുന്നതായി പൊതുജനങ്ങൾക്ക് പരാതിയുണ്ട്. ഈ പരിധിക്കുള്ളിലെ പട്ടയഭൂമിയുടെ തണ്ടർപേർ പരിശോധന പൂർത്തിയാക്കി കയ്യേറ്റ ഭൂമി കണ്ടെത്തി ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ 17 വർഷമായി ഇഴഞ്ഞു നീങ്ങുകയാണ്. ഇത് പൂർത്തിയായാലേ സാങ്ങ്‌ചറിയുടെ അതിർത്തികൾ നിർണയിക്കാൻ കഴിയുകയുള്ളു.

വിനോദസഞ്ചാരം തിരുത്തുക

പാമ്പാടുംചോല നാഷണൽ പാർക്ക്, കമ്പക്കല്ലാർ, ആനമുടി ചോല എന്നിവ ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.

വാർഡുകൾ തിരുത്തുക

  1. കൂടല്ലാർകുടി
  2. കൊട്ടക്കാമ്പൂർ ഈസ്റ്റ്
  3. കടവരി
  4. കൊട്ടക്കാമ്പൂർ വെസ്റ്റ്
  5. കോവിലൂർ നോർത്ത്
  6. കോവിലൂർ വെസ്റ്റ്
  7. കോവിലൂർ ഈസ്റ്റ്
  8. കോവിലൂർ സൌത്ത്
  9. വട്ടവട സൌത്ത്
  10. വട്ടവട നോർത്ത്
  11. പഴത്തോട്ടം
  12. ചിലന്തിയാർ
  13. സാമിയാറളക്കുടി
ചിത്രശാല തിരുത്തുക
 
വട്ടവട  ഗ്രാമപഞ്ചായത്ത് മാപ്പ് ഉൾപ്പെടുത്തി.
 
കോവിലൂർ ടൌൺ അടുത്തുള്ള ഗ്രാമം
 
കോവിലൂർഗ്രാമം
 
പാമ്പാടുംചോല നാഷണൽ പാർക്കിളുടെയുള്ള വഴി

അവലംബം

*വട്ടവട പഠന റിപ്പോർട്ട്  -കേരള കാർഷിക സർവ്വകലാശാലയുടെ 2003. 
*വട്ടവട ഗ്രാമ പഞ്ചായത്ത് കാർഷിക ജൈവ വൈവിധ്യ രജിസ്റ്റർ 2021.