ടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാർ
ടി. എച്ച്. കുഞ്ഞിരാമൻ നമ്പ്യാർ,(1922 ജൂൺ 18 - 2004 ഡിസംബർ 31) വെള്ളൂർ പുതിയോട്ടിൽ കൃഷ്ണക്കുറുപ്പിന്റെയും തടത്തിൽ പുളിക്കൂൽ അമ്മാളു അമ്മയുടെയും മകനായി കോഴിക്കോട് ജില്ലയിൽ വടകരയ്ക്കടുത്ത് മേമുണ്ടയിൽ ജനിച്ചു. മേമുണ്ട സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചു. കടത്തനാട് ശങ്കരവാര്യരിൽ നിന്ന് സംസ്കൃതവും ജ്യോതിഷവും, കടലായി നമ്പൂതിരിപ്പാടിന്റെ കീഴിൽ മന്ത്രവാദവും വിഷചികിത്സയും പഠിച്ചു. എസ്.എസ്.എൽ.സി. പാസ്സായ ശേഷം 1946 മുതൽ തോടന്നൂർ സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്തു. 1977 ൽ വിരമിച്ചു. വടക്കൻപാട്ടുകളുടെ സമ്പാദകൻ, പ്രചാരകൻ, കഥാപ്രസംഗ കലാകാരൻ എന്നീ നിലകളിൽ പ്രസിദ്ധൻ. മാപ്പിളരാമായണത്തിന്റെയും സമ്പാദകൻ. വടക്കൻ പാട്ടുകൾ അടിസ്ഥാനമാക്കി ആയിരത്തോളം വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചു. [1]കുഞ്ഞിരാമൻ നമ്പ്യാരുടെ ജീവിതത്തെ ആസ്പദമാക്കി പ്രമോദ് കുറ്റിയിൽ ഒരു ഡോക്യുമെൻററി നിർമിച്ചിട്ടുണ്ട്.[1][2]
വളർച്ച
തിരുത്തുകസാഹിത്യസമാജം പരിപാടികളിൽ മോഡൽക്ലാസ് എടുക്കുന്നതും അന്നേദിവസം ഡി. ഇ. ഒ. പരിപാടികളിൽ സംബന്ധിക്കുന്നതും ഒരു സമ്പ്രദായമായിരുന്നു. മോഡൽ ക്ലാസ്സുകളധികവും എടുത്തിരുന്നത് കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു. ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ തുടങ്ങിയ ആശാൻ കൃതികളും ചില ഉളളൂർ കൃതികളും ഈ രൂപത്തിൽ പരിചയപ്പെടുത്തി. ഇത്തരം ക്ലാസ്സുകളിൽ നാടൻപാട്ടുകളിലെ ഈരടികൾ പ്രയോഗിക്കുന്നത് സദസ്യരുമായി സംവദിക്കുന്നതിൽ വളരെ ഫലപ്രദമാണെന്ന് മനസ്സിലായി. അപ്പോഴേയ്‌ക്കും സ്‌കൂളിലെ സാഹിത്യസമാജത്തിനുളള മോഡൽ ക്ലാസ്സുകൾ സ്‌കൂളിനു വെളിൽ കഥാപ്രസംഗമായി പരിണമിച്ചിരുന്നു. ‘മതിലേരിക്കന്നി’, ‘പൂമാതൈപൊന്നമ്മ’ തുടങ്ങിയ നാടോടികഥാഗാനങ്ങൾ കഥാപ്രസംഗരൂപേണ അവതരിപ്പിക്കാൻ തുടങ്ങിയതോടെ കടത്തനാട്ടിലെ അറിയപ്പെടുന്ന കാഥികനായി അദ്ദേഹം മാറി. തനി നാടൻ കഥ പറച്ചിലിന്റെ നായകനായാണ് നമ്പ്യാരെ കഥാപ്രസംഗചരിത്രകാരന്മാർ അടയാളപ്പെടുത്തിയിരിക്കുന്നത്.
പ്രധാന സമ്പാദിത കൃതികൾ
തിരുത്തുകവടക്കൻപാട്ടുകളിലൊന്നായ ‘പൂമാതൈ പൊന്നമ്മ’യാണ് ഇദ്ദേഹത്തിന്റെ ആദ്യപുസ്‌തകം. രണ്ടാമത്തെ പുസ്‌തകമായ ‘മതിലേരിക്കന്നി’ വി.ടി.കുമാരൻ മാഷുടെ പഠനവും ചേർത്ത് 1979 ൽ കേരള സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ചു. ഇത് നാടൻപാട്ടല്ലെന്നും നാടൻപാട്ടിനെ അനുകരിച്ചുളള കവികെട്ടാണെന്നും ഡോ.എം.ആർ.രാഘവവാര്യർ പിന്നീട് അഭിപ്രായപ്പെട്ടു. വടക്കൻപാട്ടുകളുടെ കൂട്ടത്തിൽ ഭാഷാഭംഗികൊണ്ടും സാഹിത്യഭംഗികൊണ്ടും ഏറെ ഉയർന്നുനിൽക്കുന്നതും ഏതാണ്ട് സാഹിത്യത്തോട് അടുത്തുനിൽക്കുന്നതുമാണ് ‘മതിലേരിക്കന്നി’ എന്ന് നമ്പ്യാർ തന്നെ അഭിപ്രായപ്പെടുന്നു. അതുകൊണ്ടാണ് അതിന് എല്ലാവരെയും ആകർഷിക്കാൻ കഴിഞ്ഞതും. മൂന്നാമത്തെ പുസ്തകം വടക്കൻ പാട്ട് ശേഖരമായ ‘കുഞ്ഞിത്താലു’ ആണ്.
പുരസ്കാരങ്ങൾ
തിരുത്തുകകഥാപ്രസംഗത്തോടൊപ്പം നാടൻപാട്ടുരംഗത്ത് നമ്പ്യാർ നൽകിയ സേവനങ്ങൾക്ക് അംഗീകാരമായി 1998 ൽ കേരള സംഗീത നാടക അക്കാദമി ഇദ്ദേഹത്തിന് ടി.പി. സുകുമാരൻ എൻഡോവ്മെന്റ് അവാർഡ് നൽകി ആദരിക്കുകയുണ്ടായി.
കുടുംബം
തിരുത്തുകഭാര്യ: പണിക്കോട്ടി പറമ്പത്ത് ദേവി അമ്മ. ഏഴ് മക്കൾ.