മാപ്പിള രാമായണം
രാമായണത്തിലെ കഥാസന്ദർഭങ്ങൾ മാപ്പിള പാട്ടിന്റെ ശൈലിയിൽ രൂപപ്പെടുത്തി രചിക്കപ്പെട്ട കൃതിയാണ് മാപ്പിള രാമായണം എന്ന പേരിൽ അറിയപ്പെടുന്നത്[1].
ചരിത്രം
തിരുത്തുകകർത്താവാരെന്നോ രചനക്കാലം ഏതെന്നോ വ്യകതമായി അറിയില്ലെങ്കിലും മാപ്പിള രാമായണം ഒരു മലബാർ കലാരൂപമായി ആണ് നിലവിൽ വന്നതും നിലനിൽക്കുന്നതും. മലബാർ മുസ്ലീങ്ങളുടെ ഇടയിൽ മാത്രം പ്രചാരത്തിലുള്ള പദാവലി കൊണ്ടും ശൈലികൾ കൊണ്ടും മാപ്പിള രാമായണം ശ്രദ്ധയാകർഷിക്കുന്നു. വാമൊഴിയായി മാത്രം നിലനിന്നുവന്നിരുന്ന മാപ്പിള രാമായണം ലിഖിത രൂപത്തിൽ സമാഹരിക്കപ്പെട്ടത് ഈ അടുത്ത കാലത്തുമാത്രമാണ്. നിരവധി വേദികളിൽ മാപ്പിള രാമായണംചൊല്ലി അവതരിപ്പിച്ചിട്ടുണ്ടായിരുന്ന, ടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാരാണ് പ്രസിദ്ധീകൃതമായ ഏകസമാഹാരത്തിന്റെ സമ്പാദകൻ.[2]
രചനാ ശൈലി
തിരുത്തുകശ്രീരാമന്റെ ജനനം, സീതാസ്വയംവരം, പട്ടാഭിഷേകം തുടങ്ങിയ രാമകഥാ സന്ദർഭങ്ങളാണ് മാപ്പിള രാമായണത്തിന്റെ ഇതിവൃത്തം. ദശരഥൻ ബാപ്പയാണ്. രാമൻ സീതയെ ( കുഞ്ഞുകുട്ടി തങ്കമോള്) നിക്കാഹ് ചെയ്തു ബീടർ ആക്കുന്നു. എളോമ്മ ആയ കൈകേയിയുടെ വാക്കുകേട്ടിട്ട് "ലാമനെ പതിനാലുകൊല്ലം കാട്ടിലാക്കിയ"യതുമൊക്കെ പാട്ടിലുണ്ട്. കൂടാതെ ശൂർപ്പണഖയുടെ പ്രണായഭ്യർഥനയും രാമന്റെ തിരസ്ക്കരണവും, രാവണൻ സീതയിൽ വശ്യനാവുന്നതും മൊഞ്ചും ഖൽബും ചേർത്തു കവി അവതരിപ്പിക്കുന്നതാണ് മാപ്പിള രാമായണത്തിന്റെ ശൈലി.
മാപ്പിളരാമയണത്തിലെ ചില വരികൾ
തിരുത്തുക“പണ്ടു താടിക്കാരനൌലി പാടിവന്നൊരു പാട്ട്
കണ്ടതല്ലേ ഞമ്മളീ ലാമായണംകത പാട്ട്
കർക്കിടകം കാത്തുകാത്തു കുത്തിരിക്കും പാട്ട്
കാതു രണ്ടിലും കൈവിരലിട്ടോരികൂട്ടും പാട്ട്
മൂന്നുപെണ്ണിനെ ദശരതൻ നിക്കാഹ് ചെയ്ത പാട്ട്.
അമ്മികുമ്മായം മറിഞ്ഞും മക്കളില്ലാ പാട്ട്
പായസം കുടിച്ചു മൂന്നും നാലുപെറ്റ പാട്ട്
നാലിലും മൂത്തുള്ള ലാമന്റേലുകൂട്ടും പാട്ട്
കെട്ടിയോൾക്ക് വരംകൊടുത്തുസുയാപ്പിലായപാട്ട്
ലങ്കവാഴും പത്തുമൂക്കനെഹലാക്കിലാക്കിയപാട്ട്
നഞ്ഞുനക്കിയ പടച്ചോന്റെ വില്ലൊടിച്ച പാട്ട്
കുഞ്ഞുകുട്ടിത്തങ്കമോളെ കൈപിടിച്ച പാട്ട്
ഹാലിളകിത്താടിലാമൻ വൈ തടഞ്ഞ പാട്ട്
ഹാല്‌മാറ്റീട്ടന്നു ലാമൻ നാട്ടിലെത്തിയ പാട്ട്
നാടുവാഴാൻ ബാപ്പ ലാമനെയന്നൊരുക്കിയ പാട്ട്
കൂനിനൊണകേട്ടന്നെളോമ്മ വാശി കാട്ടിയ പാട്ട്
ലാമനെപ്പതിനാലുകൊല്ലം കാട്ടിലാക്കിയ പാട്ട്
കൂടെയനുശൻ കൂട്ടിനോളും കൂടിപ്പോയ പാട്ട്
മക്കളെക്കാണാഞ്ഞു ബാപ്പ വീണുരുണ്ട പാട്ട്
വിക്കിവിക്കി ലാശലാശൻ മൌത്തിലായ പാട്ട്
ഉമ്മ നാട്ടിനു പോയ വരതൻ ഓടി വന്ന പാട്ട്
ലാമനെക്കൂട്ടിവരുവാൻ പോയി വന്ന പാട്ട്”
ശൂർപ്പണഖ അണിഞ്ഞൊരുങ്ങി വരുന്ന വർണ്ണനയിൽ നിന്നും ഏതാനും വരികൾ
കുന്നുമ്മലയും കേറിവരുന്നചിലമ്പൊരുക്കം
വന്നുലാവണന്റെ പെങ്ങളുമ്മാ
പൊന്നുപെരുത്തൊരുപാതാളത്തിലെസുൽത്താനോടെ
പൊന്നും മിന്നും പൊന്മണി കണ്മണി ശൂർപ്പണാകാ
കാലക്കേടിനു,ഹലാക്കിനു,സുൽത്താൻ മയ്യത്തായീ
ശീലംകെട്ടോൾക്കിന്നും ബേണം മാപ്പളയൊന്ന്
ആങ്ങള ലാവണ രാസാവോടെ സംഗതി ചൊല്ലീ
പെങ്ങളുകണ്ടാൽ,സമ്മതമാണെന്നവരും ചൊല്ലീ.
“ഒറ്റക്കൊറ്റവെളുത്തുനരച്ച തലയിലെ ലോമം
കട്ടക്കരിയും തേനും ചേർത്തു കറപ്പിക്കുന്നു
പറ്റേവീട്ടിലെ പാത്തുമ്മാനെത്തേടി വരുത്തീ
ഒത്തൊരു കൂലി പറഞ്ഞ്, തലയോ മുപ്പിരികൂട്ടി
പൊട്ടക്കിണറുകണക്കു കുഴിഞ്ഞ വട്ടക്കണ്ണ്
ചുറ്റിലുമഞ്ഞനമിട്ടു നല്ലൊരു കൽത്തറ കെട്ടി
പണ്ടേ മൂത്ത് മയ്യത്തായ മൂത്തുമ്മാന്റെ
കുണ്ടാമണ്ടിപ്പെട്ടി തുറന്ന് പൊന്നു വാരീ
കാതിന്നപ്പുറമിപ്പുറമൊന്നു മുക്കിത്തേച്ച്
കാതിലെതൊമ്പൻ തോടെയിട്ട് കാതൊന്നാട്ടീ
മാറുമുലക്കൊരു താങ്ങുകൊടുത്തു കുത്തനെയാക്കി
മേലെ നേരിയ കുപ്പായത്തില് മാങ്കനി പൊന്തി”
ശൂർപ്പണഖ രാമനോട് പ്രണായാഭ്യർത്ഥന നടത്തുന്നു.
പൂവ് വച്ച് തോലുകൊണ്ട് തറ്റുടുത്തനല്ലൊരാണാ
ലാമനോട് പൂതി തോന്നീ
പുന്നാരപ്പു പൊന്നുബീവി ശൂർപ്പണാഖാ
കിന്നാരക്കണ്ണിച്ചു നോക്കി രാമനോട്
“ആരാ നിങ്ങള് ബാല്യക്കാരാ, പേരെന്താടോ
കൂടക്കാണുന്നോരാ പെണ്ണ് ബീടരാണോ
മക്കളില്ലേ കൂടെ മരുമക്കളില്ലേ
കൊക്കും പൂവും ചോന്ന പെണ്ണ് പെറ്റിട്ടില്ലേ?”
“ഞാനോ,ലാമൻ ബീടരുസീത പെറ്റിട്ടില്ലാ
കൂടെ അനുജൻ കൂട്ടിനുലക്ഷ്ണനുമരികത്തുണ്ട്
വാപ്പാനാട് നമ്മുടെ നാട് കോസലനാട് കുസലടിനാട്
കാരണമുണ്ടീകാട്ടില് ബന്നത് നീയാരുമ്മാ,,,,,
രാവണൻ അശോകവനത്തിലെ സീതയോട്:
“പൊന്നുമോളേ നിന്നെ ഞമ്മള് ലങ്കയിൽ കൊണ്ടാച്ചി-
റ്റെത്തിരനാളായി മുത്തേ കത്തിടും പൂമാലേ !
അന്നുകൊണ്ടാച്ചിയിട്ടുന്നുകൊല്ലമൊന്നു കൂടാറായി
നിന്നിലെപ്പുതമിയിന്നും ഞമ്മളറിയുന്ന്
താമരത്തളിരോടൊക്കും പൂവുടലെൻ ഖല്ബിൽ
ഉമ്മിണി നാളായി മുത്തേ കണ്ടിടാനും ആശ
പേടികൊണ്ടല്ലന്നു പൊന്നേ നിന്നെ ലാമൻ കാണാ-
പ്പൂതികൊണ്ടാണെന്റെ മോളെ തേരിലാക്കിപ്പോന്ന്”
ഹനുമാൻ രാക്ഷസികൾക്കൊപ്പം സീതയെ കാണുന്നു:
“കാലൻ കരിങ്കാലൻ ലാവണൻ പത്തു
താടിവടിപ്പിക്കും നേരത്ത്
വാലുള്ളനുമാനോ ലങ്കയിൽ ചാടി
ചേലുള്ള കൊമ്പത്തു കൂട്‌ന്ന്
പണ്ടാരക്കോയിപോലഞ്ചു പെണ്ണുങ്ങള്
കുണ്ടാണക്കൈബെച്ചൊറങ്ങുന്നു
കാതിലു ചിറ്റിട്ടു കൈവളയിട്ട
പാവാടക്കൂമ്പാളക്കൂത്തച്ചി
മുന്നരപ്പല്ലുന്തി മൂക്ക് മാളത്തിൽ
കിന്നരമണ്ണട്ടപ്പാടിച്ചി
മുക്കൂടെ പല്ലുന്തി മൊക്കോണച്ചന്തി
മാക്കീരിച്ചെള്ളച്ചിക്കാളിച്ചി
പാവാട നീങ്ങിയരപ്പൊറം കാരി
പാലം പോലെ തുട കാണ്‌ന്ന്
കുപ്പായമില്ല പുതപ്പില്ല മൊല
കുത്തനെ നിന്നു കെതക്ക്‌ന്ന്
പൊന്നും മലർകനി സീതയെ കണ്ടു
മിന്നും മുടിപ്പൊന്നും വാങ്ങ്‌ന്ന്
മാലാഖപ്പെണ്ണിന്റെ മാറ്റുകണ്ടിറ്റ്
വാലുള്ളോൻ നിക്കാരം ചെയ്യ്‌ന്ന്.
ചന്തുനായർ ശേഖരിച്ച വരികളിൽ ചിലതാണു മുകളിൽ.
സാംസ്ക്കാരിക പഠനകൃതി
തിരുത്തുകരാമായണം സ്വാധീനം ചെലത്താത്ത പൂർവ്വേഷ്യൻ രാജ്യങ്ങൾ ഇല്ലെന്നു തന്നെ പറയാം. ഭൂട്ടാൻ, തായ്‌ലാന്റ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ അതതു ജനതയുടെ സംസ്ക്കാരവും തനിമയും പ്രകടിപ്പിക്കുന്ന രാമായണ ആഖ്യാനങ്ങളുണ്ട്. രാമായണത്തിന്റെ പ്രസിദ്ധിയും ജനസ്വാധീനവും മറ്റ് മതസ്ഥരിലും പ്രതിഫലിച്ചിട്ടുണ്ട് എന്നു വെളിപ്പെടുത്തുന്ന ഒരമൂല്യ ചരിത്രരേഖയായി മാപ്പിള രാമായണത്തെ സമകാലിക ചരിത്രകാരന്മാർ കാണുന്നു.[3]
അവലംബം
തിരുത്തുകപുറംകണ്ണികൾ
തിരുത്തുക- മാപ്പിള രാമായണം ഡോ. കെ.എം. ഭരതനും സംഘവും ആലപിച്ചത്
- മലയാളനാട് പ്രസിദ്ധീകരിച്ച ലേഖനം[പ്രവർത്തിക്കാത്ത കണ്ണി]
- മാപ്പിള രാമായണത്തിന്റെ ആലാപനം [2]