1952-- ൽ ടി.എച്ച്.കുഞ്ഞിരാമൻ നമ്പ്യാർ ആണ് ആദ്യമായി പൂമാതൈ പൊന്നമ്മ ശേഖരിച്ച് പ്രസിദ്ധീകരിക്കുന്നത്. വടകര പണിക്കോട്ടി ഐക്യകേരള കലാസമിതിയാണ് അത്  സംഗ്രഹരൂപത്തിൽ പ്രസിദ്ധീകരിച്ചത്. 1999-ൽ കേരള സർക്കാറിന്റെ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്  ടി.എച്ച് കുഞ്ഞിരാമൻ നമ്പ്യാരുടെ സമ്പാദനത്തിലുള്ള കുഞ്ഞുത്താലു, പൂമാതൈ പൊന്നമ്മ ( രണ്ടു നാടൻ പാട്ടുകാവ്യങ്ങൾ) എന്ന പേരിൽ ഇറക്കിയ പുസ്തകത്തിലാണ് പൂമാതൈ പൊന്നമ്മ പൂർണരൂപത്തിലുള്ളത്. കുഞ്ഞിരാമൻ നമ്പ്യാർ തന്നെ ഈ പാട്ട് കഥാപ്രസംഗ രൂപത്തിൽ നൂറു കണക്കിന് വേദികളിൽ1950-90 കാലഘട്ടത്തിൽ അവതരിപ്പിച്ചു പ്രചരിപ്പിച്ചു.പിന്നീട്  തയ്യുള്ളതിൽ രാജൻ അത് നാടക രൂപത്തിൽ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. മനോജ് നാരായണന്റെ കടത്തനാട്ടമ്മ എന്ന നാടകത്തിലെയും പ്രമേയം ഇതു തന്നെ. കെ.പി.കുമാരൻ സംവിധാനം ചെയ്ത തോറ്റം എന്ന സിനിമ പൂമാതൈ പൊന്നമ്മയെ അടിസ്ഥാനമാക്കിയുള്ളതാണ്.

വടക്കൻപാട്ടിലെ ഒരു വീരവനിത. പൂലുവപ്പൂപ്പെണ്ണ് പൂമാതൈ എന്നും പറയും. പുലയ സമുദായത്തിൽ പിറന്ന പൂമാതൈ പൊന്നമ്മയോട് തമ്പുരാനായ കടലുംകര നാടുവാഴി തന്റെ കാമപൂരണത്തിനായി ആവശ്യപ്പെടുന്നു. അവൾ വഴങ്ങുന്നില്ല. .പ്രലോഭനത്തിനും ഭീഷണിക്കും വഴങ്ങാത്ത അവൾക്കെതിരെ നാടുവാഴി ഗൂഢാലോചന നടത്തുന്നു. കാലിമേയ്ക്കാൻ വന്നവരുമായി  പൂമാതൈ ശരീരബന്ധത്തിലേർപ്പെട്ടു എന്ന അപവാദം നാട്ടിലാകെ പ്രചരിപ്പിക്കാൻ നാടുവാഴി ആയിത്തിര എന്ന സ്ത്രീയോട് പറയുന്നു. ആയിത്തിര അത് നാട്ടിൽ പ്രചരിപ്പിക്കുന്നു. ഇത് വിശ്വസിച്ച ഗോത്രം അവളെ ഗോത്ര ശീക്ഷയ്ക്ക് വിധേയയാക്കുന്നു. മുക്കണ്ണൻ പന്തം കൊണ്ട് പൂമാതൈയുടെ തലയും മുലയും കരിക്കണം എന്ന് വിധിക്കുന്നു. ശിക്ഷാവിധിയേറ്റു വാങ്ങി മരണാസന്നയായ പുമാതൈ ആയിത്തിരയെ ക്രോധത്തോടെ നോക്കി താൻ ഇതിന് പ്രേതമായി വന്ന് പ്രതികാരം ചെയ്യുമെന്ന് വിളിച്ചു പറയുന്നു. ഭയന്നുപോയ ആയിത്തിര ഗോത്രത്തോട് സത്യം തുറന്നു പറയുന്നു. ഗോത്രം തങ്ങൾക്ക് പറ്റിയ തെറ്റു തിരിച്ചറിയുന്നു. അപ്പോഴേക്കും പൂമാതൈ ചതുരക്കിണറിൽ ചാടി മരിക്കുന്നു. നാടുവാഴിയുടെ വീട് കത്തിയ നിലയിൽ കാണപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=പൂമാതൈ_പൊന്നമ്മ&oldid=3671228" എന്ന താളിൽനിന്ന് ശേഖരിച്ചത്