ചെറുവള്ളി ദേവീക്ഷേത്രം

കേരളത്തിലെ ഒരു ഹൈന്ദവക്ഷേത്രം

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ പൊൻകുന്നത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഭഗവതീക്ഷേത്രമാണ് ചെറുവള്ളി ദേവീക്ഷേത്രം 8590826745. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ആദിപരാശക്തിയും ജഗദീശ്വരിയുമായ ശ്രീ ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ഠ. ചെറുവള്ളിയമ്മ എന്ന് ഭഗവതി അറിയപ്പെടുന്നു. ഒരുപാട് അപൂർവ്വതകൾ പേറുന്ന ഒരു ക്ഷേത്രമാണിത്. പ്രത്യേകിച്ചും ഇവിടുത്തെ ജഡ്ജി അമ്മാവൻ എന്ന ഉപദേവൻ പ്രസിദ്ധമാണ്. ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. ഗണപതി, പരമശിവൻ, പാർവ്വതി, ദുർഗ്ഗ, മഹാവിഷ്ണു, അയ്യപ്പൻ, സുബ്രഹ്മണ്യൻ, കൊടുംകാളി, വീരഭദ്രൻ, നാഗദൈവങ്ങൾ, യക്ഷിയമ്മ, ബ്രഹ്മരക്ഷസ്സ് തുടങ്ങിയ പ്രതിഷ്ഠകൾ ഇവിടെ ഉപദേവതകളായുണ്ട്. മറ്റൊരു ക്ഷേത്രത്തിലും കാണാത്ത പ്രതിഷ്ഠയാണ് 'ജഡ്ജിയമ്മാവൻ'. ശൈവപൂജയാണ്. നീതിമാനായ ജഡ്ജിയമ്മാവനോട് പ്രാർത്ഥിച്ചാൽ കോടതി കേസുകൾ വിജയിക്കും എന്നൊരു വിശ്വാസമുണ്ട്. ഇതുകാരണം അനേകരാണ് കേസ് ഫയലുകളുമായി ഇദ്ദേഹത്തെ ദർശിക്കാൻ എത്തുന്നത്. വെള്ളിയാഴ്ച ദിവസം ഭഗവതിയുടെ പൂജകൾ എല്ലാം കഴിഞ്ഞ് നടയടച്ച ശേഷം രാത്രി 8 മണിക്കേ ജഡ്ജി അമ്മാവന്റെ നട തുറക്കുകയുള്ളൂ. 45 മിനിറ്റ് നേരത്തേക്ക് തുറന്നിരിക്കും. കോട്ടയം ജില്ലയിലെ പൊൻകുന്നം മണിമല റൂട്ടിലെ ചെറുവള്ളിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ചെറുവള്ളി ദേവീക്ഷേത്രം
പേരുകൾ
ശരിയായ പേര്:ചെറുവള്ളി ദേവീക്ഷേത്രം
സ്ഥാനം
സ്ഥാനം:ചെറുവള്ളി
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശ്രീ ഭദ്രകാളി

ഐതിഹ്യം

തിരുത്തുക

ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം കൊടുംകാടായിരുന്നു. അവിടെ ധാരാളം ആദിവാസികൾ താമസിച്ചിരുന്നു. ഒരു ദിവസം പുല്ലുചെത്താൻ വന്ന ഒരു സ്ത്രീ തന്റെ അരിവാളിന് മൂർച്ഛ കൂട്ടാൻ അടുത്തുള്ള കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അതിൽനിന്ന് രക്തപ്രവാഹമുണ്ടായെന്നും സംഭവമറിഞ്ഞ ഒരു ഭക്തബ്രാഹ്മണൻ ഇവിടെയെത്തി പരാശക്തിയെ പൂജ നടത്തിയെന്നുമാണ് കഥ. പൂജയ്ക്ക് മുമ്പായി അദ്ദേഹം അടുത്തുള്ള കുളത്തിൽ കുളിയ്ക്കാനിറങ്ങിയപ്പോൾ ദേവീചൈതന്യം കുളത്തിൽ വ്യാപിച്ചു. തുടർന്ന് ഇന്ന് പാട്ടമ്പലം സ്ഥിതിചെയ്യുന്ന സ്ഥലത്തെത്ത് അധിവസിച്ചു. അവിടെവച്ചാണ് പൂജ നടത്തിയത്. ഒരു ചെറിയ വള്ളിയിലിരുന്ന് ഊഞ്ഞാലാടുന്ന രൂപത്തിലാണത്രേ ആദ്യം ഭഗവതി ഭക്തർക്ക് ദർശനം നൽകിയതുപോലും! അങ്ങനെ സ്ഥലത്തിന് ചെറുവള്ളി എന്ന പേരുവന്നതായി വിശ്വസിയ്ക്കപ്പെടുന്നു. പിന്നീട് ആദിവാസികൾ സ്ഥലം വിട്ടപ്പോൾ പലയിടങ്ങളിലായി അവർ ഭദ്രകാളീ ചൈതന്യം കാണുകയും അവിടെയെല്ലാം ക്ഷേത്രങ്ങൾ പണിയുകയും ചെയ്തു. അങ്ങനെ കേരളത്തിന്റെ പലഭാഗത്തും ചെറുവള്ളി ക്ഷേത്രങ്ങൾ നിലവിൽ വന്നു.

ക്ഷേത്രഘടന

തിരുത്തുക

കോട്ടയത്തുനിന്ന് 35 കിലോമീറ്റർ ദൂരം തെക്കുകിഴക്കുമാറിയും കാഞ്ഞിരപ്പള്ളിയിൽ നിന്ന് 10 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയും പൊൻകുന്നത്തുനിന്ന് 7 കിലോമീറ്റർ വടക്കുകിഴക്കുമാറിയുമാണ് ചെറുവള്ളി ഗ്രാമം. ഈ ഗ്രാമത്തിന്റെ കണ്ണായ ഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നാലുഭാഗത്തും വലിയ ആൽമരങ്ങളുണ്ട്. സാമാന്യം ചെറിയ കടകളും വിദ്യാഭ്യാസസ്ഥാപനങ്ങളുമെല്ലാം ക്ഷേത്രത്തിന് സമീപമുണ്ട്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. മുൻഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. മേൽപ്പറഞ്ഞ ഐതിഹ്യമനുസരിച്ച് ഈ കുളത്തിൽ ശക്തമായ ദേവീസാന്നിദ്ധ്യമുണ്ടത്രേ. അതിനാൽ ഇവിടത്തെ മത്സ്യങ്ങൾക്ക് അന്നം നൽകി വരുന്നുണ്ട്. നടയ്ക്ക് നേരെ മുന്നിലാണ് കുളം. അതിനാൽ വടക്കുവശത്തുനിന്ന് മാത്രമേ ക്ഷേത്രത്തിലേയ്ക്ക് പ്രവേശനമുള്ളൂ. കിഴക്കേ നടയിൽ വലിയ ആനക്കൊട്ടിലും കൊടിമരവും ബലിക്കൽപ്പുരയും സ്ഥിതി ചെയ്യുന്നു. ഇവിടെ ചെമ്പുകൊടിമരമാണുള്ളത്. ഭദ്രകാളിയുടെ വാഹനമായ വേതാളത്തെ ശിരസ്സിലേറ്റുന്ന ഈ കൊടിമരത്തെ വന്ദിച്ചുവേണം അകത്ത് കടക്കാൻ. ബലിക്കല്ലിന് സാമാന്യ വലിപ്പമേയുള്ളൂ. അതിനാൽ നടയ്ക്ക് പുറത്തുനിന്ന് നോക്കിയാൽത്തന്നെ വിഗ്രഹം കാണാം. തെക്കുകിഴക്കുഭാഗത്ത് പാട്ടമ്പലം, കൊടുംകാളിക്കാവ് തുടങ്ങിയവ സ്ഥിതിചെയ്യുന്നു.

നാലമ്പലത്തിനകത്ത് വലിയ വട്ടശ്രീകോവിലാണുള്ളത്. ചെമ്പുമേഞ്ഞ ശ്രീകോവിലിൽ സ്വർണ്ണതാഴികക്കുടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ചുറ്റും ചുവർച്ചിത്രങ്ങളും ദാരുശില്പങ്ങളും കാണം. പ്രധാന പ്രതിഷ്ഠയായ ശ്രീഭദ്രകാളി കിഴക്കോട്ട് ദർശനമായി കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. കൊടുങ്ങല്ലൂർ, തിരുമാന്ധാംകുന്ന് തുടങ്ങിയ ക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും ആറടിയോളം ഉയരം വരുന്ന ദാരുവിഗ്രഹമാണ്. എന്നാൽ ഇവിടെ പരാശക്തി ചതുർബാഹുവാണ്. നാന്ദികം എന്ന വാൾ, ത്രിശൂലം, കൈവട്ടക എന്നീ ആയുധങ്ങൾ ദാരികന്റെ ശിരസ്സ് എന്നിവയാണ് ഭഗവതിയുടെ കൈകളിലുള്ളത്. ഉഗ്രഭാവമാണെങ്കിലും ഭക്തവത്സലയാണ് ചെറുവള്ളി അമ്മയെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. ശ്രീകോവിലിന് മുന്നിൽ വലിയ നമസ്കാരമണ്ഡപമുണ്ട്. തെക്കുകിഴക്കുഭാഗത്ത് തിടപ്പള്ളി പണിതിരിയ്ക്കുന്നു.

മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഉപദേവതാ പ്രതിഷ്ഠകളെല്ലാം നാലമ്പലത്തിന് പുറത്താണ്. തെക്കുപടിഞ്ഞാറുഭാഗത്ത് ഗണപതിയും അയ്യപ്പനും നാഗദൈവങ്ങളും, വടക്കുപടിഞ്ഞാറുഭാഗത്ത് സുബ്രഹ്മണ്യനും മഹാവിഷ്ണുവും ജഡ്ജിയമ്മാവനും, വടക്കുകിഴക്കുഭാഗത്ത് ശിവപാർവ്വതിമാരും ദുർഗ്ഗയും, തെക്കുകിഴക്കുഭാഗത്ത് കൊടുംകാളിയും വീരഭദ്രനും യക്ഷിയമ്മയും ഉപദേവതകളായി വാഴുന്നു. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലിയും ഈ ക്ഷേത്രത്തിലുണ്ട്. ഗുരുതി, കളമെഴുത്തും പാട്ടും, രക്തപുഷ്പാഞ്ജലി മുതലായവയാണ് പ്രധാന വഴിപാടുകൾ. അട, വെള്ളംകുടി എന്നിവയാണ് ജഡ്ജി അമ്മാവന്റെ മുഖ്യ വഴിപാടുകൾ.

ജഡ്ജിയമ്മാവൻ കോവിൽ

തിരുത്തുക

മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഒരു പ്രതിഷ്ഠയാണ് 'ജഡ്ജിയമ്മാവൻ'. ദേവീസന്നിധിയിൽ മോക്ഷം പ്രാപിച്ച തിരുവല്ല രാമവർമ്മപുരത്തുമഠത്തിലെ ഗോവിന്ദപ്പിള്ളയെയാണ് ഈ പേരിൽ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തിരുവിതാംകൂർ രാജാവായിരുന്ന ധർമ്മരാജയുടെ കോടതിയിലെ ജഡ്ജിയായിരുന്നു അദ്ദേഹം. സത്യസന്ധനും നീതിമാനുമായിരുന്ന അദ്ദേഹം മികച്ച രീതിയിൽ ശിക്ഷകൾ നടപ്പാക്കി കഴിഞ്ഞുപോന്നു. എന്നാൽ ഒരിയ്ക്കൽ, എന്തോ തെറ്റിദ്ധാരണയുടെ പേരിൽ സ്വന്തം അനന്തരവനെ അദ്ദേഹത്തിന് വധശിക്ഷയ്ക്ക് വിധിച്ചു. അനന്തരവൻ നിരപരാധിയാണെന്ന് പറഞ്ഞപ്പോൾ സ്വന്തം വധശിക്ഷ നടപ്പാക്കാൻ അദ്ദേഹം ധർമ്മരാജയോട് അഭ്യർത്ഥിച്ചു. ധർമ്മരാജ മനസ്സില്ലാമനസ്സോടെ അത് നടപ്പാക്കി. ഇങ്ങനെ ദുർമരണം സംഭവിച്ച ജഡ്ജിയുടെ പ്രേതം പല സ്ഥലങ്ങളിലും അലഞ്ഞുതിരിഞ്ഞുനടന്ന് ഒരുപാട് പ്രശ്നങ്ങളുണ്ടാക്കി. ഒടുവിൽ, പ്രശ്നവിധിപ്രകാരം അദ്ദേഹത്തെ ചെറുവള്ളി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചപ്പോൾ പ്രശ്നങ്ങളൊഴിഞ്ഞു.

രാത്രി പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഇവിടെ നടതുറക്കുന്നത്. ഭക്തർ തന്നെയാണ് ഇവിടെ പൂജകൾ നടത്തുന്നതും. നാളികേരവും പൂവും പഴവുമാണ് പൂജാവസ്തുക്കൾ. വിവിധ കേസുകളിൽ പെട്ടുവലയുന്നവർ ഇവിടെ വന്ന് പൂജകൾ നടത്താറുണ്ട്. 2013ൽ പ്രമുഖ ക്രിക്കറ്റർ ശ്രീശാന്ത് ഇവിടെ ദർശനം നടത്തിയിരുന്നു. ഐപിഎൽ വാതുവെപ്പുകേസിൽ ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് ക്രിക്കറ്റർമാരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർ ജയിൽമോചിതരായി. തുടർന്നാണ് ശ്രീശാന്ത് ഇവിടെ വന്നത്. തുടർന്ന് അദ്ദേഹത്തെ കോടതി വെറുതെ വിട്ടു.

ചരിത്രം

തിരുത്തുക

ആദ്യകാലത്ത് ആദിവാസികളുടെ കീഴിലായിരുന്ന ഈ ഭദ്രകാളി ക്ഷേത്രം പിന്നീട് പല ഭൂപ്രഭുക്കന്മാരുടെയും കയ്യിലായി. ഇത് ക്ഷേത്രത്തിന്റെ ദ്രാവിഡബന്ധം കാണിക്കുന്നു. ഈ ക്ഷേത്രം ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. ബോർഡിന്റെ കീഴിലുള്ള ഒരു മേജർ ഭഗവതീ ക്ഷേത്രമാണിത്.

ഉത്സവങ്ങൾ

തിരുത്തുക

മീനമാസത്തിലെ മകയിരം നാളിൽ കൊടിയേറി ഉത്രം നാളിൽ ആറാട്ടോടെ അവസാനിയ്ക്കുന്ന എട്ടുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. എട്ടുദിവസവും ക്ഷേത്രത്തിൽ വിവിധ പൂജകളും കലാപരിപാടികളുമുണ്ടാകും. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് വാഹനം എഴുന്നള്ളത്താണ്. ക്ഷേത്രത്തിലെ പൂജാരിമാർ ഭദ്രകാളിയുടെ വാഹനമായ വേതാളത്തെ ചുമലിലേറ്റി ക്ഷേത്രത്തിന് മൂന്നുവലം വയ്ക്കുന്നതാണ് ഈ ചടങ്ങ്. അവസാനദിവസം ക്ഷേത്രക്കുളത്തിൽ ആറാട്ട് നടക്കുന്നു. കൂടാതെ, കന്നിമാസത്തിലെ നവരാത്രിയും ക്ഷേത്രത്തിൽ പ്രധാനമാണ്. ഈ ദിവസങ്ങളിലും വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. ദുർഗ്ഗാഷ്ടമി ദിവസം സന്ധ്യയ്ക്ക് ആയുധങ്ങളും പുസ്തകങ്ങളും സംഗീത-കായിക ഉപകരണങ്ങളും മറ്റും പൂജയ്ക്ക് വയ്ക്കുന്നു. മഹാനവമി ദിവസം അടച്ചുപൂജയാണ്. വിജയദശമി ദിവസം രാവിലെ പൂജകഴിഞ്ഞ് എല്ലാം തിരിച്ചെടുക്കുന്നു. അന്ന് ആയിരക്കണക്കിന് കുട്ടികൾ വിദ്യാരംഭം കുറിയ്ക്കുന്നു. മണ്ഡലകാലത്ത് 41 ദിവസവും ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടുമുണ്ടാകും. ഭദ്രാ ഭഗവതിയുടെ മൂലസ്ഥാനമായ പാട്ടമ്പലത്തിലാണ് ഈ ചടങ്ങുകൾ നടക്കുക.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക