1936-ൽ പുറത്തുവന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മലയാള ഭാവകാവ്യമാണ് രമണൻ .കർണ്ണം കുളിർപ്പിക്കുന്ന സംഗീത മാധുര്യവും രൂപപ്പൊലിമയും ഹൃദയം കവരുന്ന സാരള്യവും ചങ്ങമ്പുഴ കവിതകളുടെ മുഖമുദ്രയാണ്.മലയാളത്തിലെ ആദ്യത്തെ ആറന്യക നാടകീയ വിലാപ കാവ്യം എന്നാണ് 'രമണൻ' അറിയപ്പെടുന്നത്.കുടില് തൊട്ടു കൊട്ടാരം വരെ സാക്ഷരനിലും,നിരക്ഷരനിലും രമണന്റെ സ്വാധീനം ഉണ്ടായി. രമണൻ എന്ന നിർധനനായ ഇടയയുവാവിന്റെയും ചന്ദ്രിക എന്ന ധനികയുവതിയുടെയും പ്രണയം, അവസാനം വഞ്ചിതനാകുന്ന നായകന്റെ ആത്മഹത്യ എന്നിവയാണ് കാവ്യപ്രമേയം.ആര്ഭാടങ്ങളിൽ നിന്നകന്നു ലളിതമായൊരു ജീവിതത്തെ മധുരഗാനങ്ങൾ കൊണ്ട് നിറച്ചിരുന്ന ഒരു യുവാവുമായി ഉന്നത കുല ജാതിയിലെ കന്യക അനുരാഗത്തിലാകുന്നു.തന്റെ സാമുദായിക പരിഗണന മനസ്സിലാക്കി അവൻ അവളെ ആ സാഹസത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു.എന്നാൽ അവളത് സമ്മതിക്കുന്നില്ല.രമണന്റെ പ്രേമത്തെ അഭിനന്ദിക്കാൻ മദനനും,അവളുടെ പ്രേമത്തെ ബലപ്പെടുത്താൻ ഒരു തോഴിയുമുണ്ട്‌.എന്നാൽ നായികയുടെ പിതാവിന്റെ തീരുമാനം അനുസരിക്കേണ്ടി വരുമ്പോൾ രമണനെ ചന്ദ്രിക തന്റ്റെ ഹൃദയ കോവിലിൽനിന്നും യാതൊരു അല്ലലും കൂടാതെ കുടിയിറക്കുന്നു.ചന്ദ്രികയെ നഷ്ടപ്പെട്ട രമണൻ ആത്മഹത്യ ചെയ്യുന്നു.രമണന്റെ തണുത്തുറഞ്ഞ ശരീരം കണ്ട മദനൻ പറയുന്ന ഏതാനും വരികളിലൂടെ കവിത അവസാനിക്കുന്നു.'ഗ്രാമീണ വിലാപകാവ്യം'എന്നു കവി വിശേഷിപ്പിച്ച ഈ കാവ്യത്തിന്റെ രൂപകല്പനയ്ക്ക് ഇംഗ്ലിഷിലെ 'പാസ്‌റ്ററൽ എലിജി' മാതൃകയായിട്ടുണ്ട്. ഗ്രാമീണ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെ രംഗങ്ങൾ സൃഷ്ടിക്കുക,അതിൽ ഗ്രാമീണാനുരാഗകഥയുടെ പുളകം കൊള്ളിക്കുന്ന രംഗങ്ങൾ സന്നിവേശിപ്പിക്കുക,കഥാപാത്രങ്ങളെയും ഭാവങ്ങളെയും ക്ഷതങ്ങൾ പറ്റാതെ ആവിഷ്കരിക്കുക ഇതൊക്കെയാണ് രമണന്റെ പ്രത്യേകതകൾ. ഉറ്റസുഹൃത്തായിരുന്ന ഇടപ്പള്ളി രാഘവൻ പിള്ളയുടെ ആത്മഹത്യ ചങ്ങമ്പുഴയിൽ ഉളവാക്കിയ തീവ്രവ്യഥയാണ് ദുഃഖപര്യവസായിയായ ഈ കൃതിയായി പരിണമിച്ചത്.

രമണൻ
സാഹിത്യ പ്രവർത്തക സഹകരണ സംഘം 1998-ൽ പുറത്തിറക്കിയ രമണൻ സുവർണ ജൂബിലിപ്പതിപ്പിന്റെ പുറംചട്ട
കർത്താവ്ചങ്ങമ്പുഴ കൃഷ്ണപിള്ള
രാജ്യം ഇന്ത്യ
ഭാഷമലയാളം
പ്രസാധകർസാഹിത്യ പ്രവർത്തക സഹകരണ സംഘം (1936 - 2003), ഡി.സി. ബുക്സ് (2003-മുതൽ)
Wiktionary
Wiktionary
രമണൻ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

സാർവജനീനമായ ആസ്വാദനത്തിനു വിഷയമായ ഈ മലയാളകാവ്യം ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് വലിയ പ്രശസ്തി നേടിക്കൊടുത്തു[1]. സരളവും സംഗീതസാന്ദ്രവും വികാരതരളവുമായ ശൈലിയിലുള്ള രമണന്റെ പ്രചാരം മലയാള കവിതയെയും ആസ്വാദകാഭിരുചിയെയും നിർണായകമായി സ്വാധീനിച്ചു. എഴുപത്തഞ്ചുവർഷത്തിനിടയിൽ പല പതിപ്പുകളിലായി രമണന്റെ ഒരുലക്ഷത്തി എൺപതിനായിരത്തോളം[2] കോപ്പികൾ അച്ചടിക്കുകയും പ്രചരിക്കുകയും ചെയ്തു.

രചനാ പശ്ചാത്തലം

തിരുത്തുക
 
ചങ്ങമ്പുഴ കൃഷ്ണപിള്ള
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രമണൻ എന്ന താളിലുണ്ട്.

എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ എത്തിച്ചേർന്നപ്പോഴാണ് രാഘവൻപിള്ള ചങ്ങമ്പുഴ കൃഷ്ണപിള്ളയുമായി സൗഹൃദബന്ധത്തിലാകുന്നത്. സതീർഥ്യരായി മാറിയ ഇവർ ഒരേവിഷയങ്ങൾ സങ്കൽപ്പിച്ചും സ്വപ്നം കണ്ടും കവിതകൾ എഴുതിയിരുന്നു. ഇടപ്പള്ളിയിലെ പൊതുജന വായനശാലയുമായും സാഹിത്യസമാജവുമായ പ്രവർത്തനങ്ങൾ ഇവരെ കൂടുതൽ ശ്രദ്ധേയരാക്കി. 'ഇടപ്പള്ളിക്കവികൾ' എന്ന് ഇവർ വിശേഷിപ്പിക്കപ്പെട്ടു. നന്നേ ചെറുപ്പം മുതൽ ഏറെ ദൗർഭാഗ്യങ്ങളും ദാരിദ്ര്യവും അലട്ടിയിരുന്ന രാഘവൻപിള്ള സാമ്പത്തികശേഷിയുള്ള വീട്ടിലെ ഒരു പെൺകുട്ടിയുമായി തീവ്രപ്രണയത്തിലായെങ്കിലും വീട്ടുകാർ സ്വാഗതം ചെയ്യാത്ത ഈ ബന്ധം ഉപേക്ഷിച്ച് മറ്റൊരാളെ വരിക്കുവാൻ ആ പെൺകുട്ടി തയ്യാറാവേണ്ടി വന്നു. ഈ അപ്രതീക്ഷിത പ്രണയപരാജയമാണ് രാഘവൻപിള്ളയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. 1936 ജൂലൈ 4-നാണ് അദ്ദേഹം ജീവനൊടുക്കിയത്. ജീവിച്ച് തുടങ്ങുന്നതിന് മുൻപ് തന്നെ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ആത്മസുഹൃത്തിനെയോർത്ത് മനംനൊന്ത ചങ്ങമ്പുഴ കൃഷ്ണപിള്ള ദിവസങ്ങൾക്കകം തകർന്ന മുരളി എന്ന ഒരു ചെറിയ കാവ്യം രചിച്ചു. തകർന്ന മുരളി എഴുതിക്കഴിഞ്ഞിട്ടും മനഃസമാധാനം കിട്ടാത്തതിനാലാണ് ചങ്ങമ്പുഴ ആഴ്ചകൾക്കുള്ളിൽ രമണൻ എന്ന വിലാപകാവ്യം എഴുതി പൂർത്തിയാക്കിയത്.[2] 'സ്മാരകമുദ്ര' എന്ന തലക്കെട്ടിലുള്ള സമർപ്പണത്തിൽ ചങ്ങമ്പുഴ ഇപ്രകാരം എഴുതി:

ശ്രീമാൻ ഇടപ്പള്ളി രാഘവൻപിള്ള!

ഒരു ഗദ്ഗദസ്വരത്തിലല്ലാതെ ‘കൈരളി’ക്ക് ഒരിക്കലും ഉച്ചരിക്കുവാൻ സാധിക്കാത്ത ഒന്നാണ് ആ നാമധേയം!

അസഹനീയമായ അസ്വതന്ത്രതയുടെയും നീറിപ്പിടിക്കുന്ന നിരാശതയുടെയും നടുവിൽപ്പെട്ട്, ഞെങ്ങിഞെരിഞ്ഞു
വിങ്ങിവിങ്ങിക്കരയുന്ന ആത്മാഭിമാനത്തിൻറെ ഒരു പര്യായമായിരുന്നു അത്!

ആയിരത്തി ഒരുനൂറ്റിപ്പതിനൊന്നാമാണ്ടു മിഥുനമാസം ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച രാത്രി കേവലം ആകസ്മികമായി,
ആ ‘മണിനാദം’ ദയനീയമാം വിധം അവസാനിച്ചു!

അന്ധമായ സമുദായം -- നിഷ്ഠുരമായ സമുദായം -- അദ്ദേഹത്തിന്റെ ചിതാഭസ്മത്തെപ്പോലും ഇതാ, ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു!

പക്ഷേ, ആ പ്രണയഗായകന്റെ ആത്മാവ് ഏതു ഭൗതികാക്രമങ്ങൾക്കും അതീതമായ നിത്യശാന്തിയെ പ്രാപിച്ചുകഴിഞ്ഞു!

ആ ഓമനച്ചെങ്ങാതിയുടെ പാവനസ്മരണയ്ക്കായി, അദ്ദേഹത്തിന്റെ ശവകുടീരത്തിനു മുൻപിൽ ഈ സൗഹൃദോപഹാരം
ഞാനിതാ കണ്ണീരോടുകൂടി സമർപ്പിച്ചുകൊള്ളുന്നു.

ചങ്ങമ്പുഴ കൃഷ്ണപിള്ള

ഇടപ്പള്ളി
1936 ഒക്ടോബർ

കൃതിയിൽ നിന്ന്

തിരുത്തുക

ആത്മസുഹൃത്തുക്കളായ രമണൻ, മദനൻ എന്ന രണ്ടാട്ടിടയന്മാർ, രമണന്റെ പ്രണയിനിയും പ്രഭുകുമാരിയുമായ ചന്ദ്രിക, അവളുടെ തോഴി ഭാനുമതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

പ്രകൃതിയുടെ ഹരിതാഭ വർണ്ണിക്കുന്ന

എന്ന ഒന്നാം ഭാഗത്തോടെ ആരംഭിച്ച്

എന്ന മൂന്നാം ഭാഗത്തോടെ അവസാനിക്കുന്നു.

ഒന്ന്, രണ്ട് ഭാഗങ്ങളിൽ അഞ്ച് വീതം രംഗങ്ങളിലായും മൂന്നാം ഭാഗത്തിൽ നാല് രംഗങ്ങളിലുമായി രമണന്റേയും ചന്ദ്രികയുടേയും കഥ പറഞ്ഞിരിക്കുന്നു.

പതിപ്പുകൾ

തിരുത്തുക

1936-ൽ ആദ്യമായി സാഹിത്യപ്രവർത്തക സഹകരണസംഘം രമണൻ പ്രസിദ്ധീകരിച്ച ശേഷം 51 പതിപ്പുകൾ അവരുടേതായി പുറത്തിറങ്ങി. തുടക്കത്തിൽ നാലണയായിരുന്നു പുസ്തകത്തിന്റെ വില. പിന്നീട് അവതാരികയും ചിത്രങ്ങളുമൊക്കെ ചേർത്ത് പരിഷ്കരിച്ച പതിപ്പുകൾക്ക് വിലവർദ്ധനവുകളുണ്ടായി. സാഹിത്യപ്രവർത്തക സഹകരണസംഘം പുറത്തിറക്കിയ രമണന്റെ സുവർണ്ണ ജൂബിലി പതിപ്പിന് വില 60 രൂപയായിരുന്നു. 2003-ൽ പകർപ്പവകാശം ചങ്ങമ്പുഴയുടെ മകൾ ലളിത ഡി. സി.ബുക്സിനു കൈമാറി. ഗ്രന്ഥകർത്താവിന്റെ മരണശേഷം 60 വർഷം കഴിഞ്ഞതിനാൽ 2007 മുതൽ ഈ കൃതി പകർപ്പവകാശവിമുക്തമാണ്.

  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 706. 2011 സെപ്റ്റംബർ 05. Retrieved 2013 മാർച്ച് 24. {{cite news}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 പ്രൊഫ. കെ പി ജയരാജൻ. "രമണനും മദനനും". ദേശാഭിമാനി വാരാന്തപ്പതിപ്പ്. Retrieved 18 ഓഗസ്റ്റ് 2012.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=രമണൻ&oldid=3642698" എന്ന താളിൽനിന്ന് ശേഖരിച്ചത്