കേരളത്തിലെ എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിലെ ചക്കംകുളങ്ങരയിലുള്ള മഹാദേവക്ഷേത്രമാണ് ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ആദമ്പള്ളിയാണ് ഈ ശിവക്ഷേത്രം, ക്ഷേത്രത്തിലെ ശിവലിംഗപ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു[1]. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ചക്കംകുളങ്ങര ശിവക്ഷേത്രം

ക്ഷേത്രം തിരുത്തുക

തൃപ്പൂണിത്തുറ മഹാക്ഷേത്രത്തിന്റെ വടക്കുവശത്തായി മഹാക്ഷേത്ര രൂപകല്പനയിൽ പണിതീർത്തതാണീക്ഷേത്രം. അടുത്തായി ഒരു ഭഗവതിക്ഷേത്രമുണ്ട്. അത് ആദമ്പള്ളിക്കാവ് ഭഗവതിക്ഷെത്രം എന്നപേരിൽ അറിയപ്പെടുന്നു. കൊച്ചിരാജ്യത്തിലെ പ്രമുഖക്ഷേത്രങ്ങളിൽ ഒന്നാണിത്. തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലേതുപോലെ പടിഞ്ഞാറേക്ക് ദർശനം നൽകി ശ്രീപരമശിവനും അതേ ശ്രീകോവിലിൽ കിഴക്കു ദർശനം നൽകി പാർവ്വതീദേവിയും കുടികൊള്ളുന്നു. അർദ്ധനാരീശ്വര സങ്കല്പത്തിലുള്ള മഹാശിവക്ഷേത്രമാണിത്.

ക്ഷേത്ര നിർമ്മിതി തിരുത്തുക

 
നാലമ്പലവും വിളക്കുമാടവും

സമചതുരാകൃതിയിലുള്ള ചക്കംകുളങ്ങരയിലെ ശ്രീകോവിൽ പടിഞ്ഞാറേക്കാണ് പ്രധാന അഭിമുഖമായാണ് നിർമ്മിച്ചിരിക്കുന്നത്. അതിനുള്ളിലായി ശിവലിംഗപ്രതിഷ്ഠയും അതിനു തൊട്ടുപുറകിലായി പാർവ്വതീദേവിയുടെ പ്രതിഷ്ഠയും നടത്തിയിട്ടുണ്ട്. അനഭിമുഖമായുള്ള ഈ പ്രതിഷ്ഠകൾ അർദ്ധനാരീശ്വ സങ്കല്പമാണ് തീർക്കുന്നത്.

ശ്രീകോവിലിന്റെ പടിഞ്ഞാറുഭാഗത്തായി മഹാദേവനടയിൽ നമസ്കാരമണ്ഡപവും നിമ്മിച്ചിരിക്കുന്നു. മനോഹരമായ നാലമ്പലവും, അതിനുള്ളിലായിതന്നെ നിർമ്മിച്ചിരിക്കുന്ന തിടപ്പള്ളിയും കേരളതനിമ ഒട്ടും ചോരാതെയുള്ള വിളക്കുമാടവും ഒരു മഹാക്ഷേത്ര പ്രൗഡി ഇവിടെ ഒരുക്കുന്നു.

ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് വലിയ ഒരു കുളം നിർമ്മിച്ചിട്ടുണ്ട്. പരമശിവന്റെ രൗദ്രഭാവത്തിനു ശമനം നൽകാനാവാം ശിവക്ഷേത്രത്തിന് അഭിമുഖമായി കുളം നിർമ്മിച്ചിരിക്കുന്നത്. നാലമ്പലത്തിനും പടിഞ്ഞാറേക്കുളത്തിനും നടുക്കായിട്ടാണ് ആനക്കൊട്ടിൽ നിർമ്മിച്ചിരിക്കുന്നത്. ഉരുണ്ടതൂണുകളോടുകൂടിയ ഇടത്തരം വലിപ്പമേറിയ ഈ ആനക്കൊട്ടിൽ അടുത്തയിടെ നിർമ്മിച്ചതാവാം. തൃപ്പൂണിത്തുറതേവരുടെ ആറാട്ട് നടക്കുന്നത് ഇവിടുത്തെ പടിഞ്ഞാറേ ക്ഷേത്രക്കുളത്തിലാണ്. അന്നേ ദിവസം ഇവിടെ ചക്കംകുളങ്ങരയിൽ തേവരെ ഇറക്കി എഴുന്നള്ളിക്കുന്നതും, ആറാട്ടിനുശേഷം ആരതി നടത്തി ആദരപൂർവ്വം എഴുന്നള്ളിച്ചിരുത്തുന്നത് ഇവിടുത്തെ ക്ഷേത്രകുളപ്പുരയിലാണ്.

ശനീശ്വരക്ഷേത്രം തിരുത്തുക

ഒരേ മതിൽക്കകത്തു രണ്ടു പ്രധാനപ്രതിഷ്ഠാമൂർത്തികൾ എന്നപോലെ ഇവിടുത്തെ ശനിശ്വരപ്രതിഷ്ഠ പ്രസിദ്ധമാണ്. നവഗ്രഹ പ്രതിഷ്ഠയുള്ള ഏകമഹാശിവക്ഷേത്രമാണിത്. എല്ലാശനിയാഴ്ചകളിലും ശിവക്ഷേത്ര ദർശനത്തിനും ശനീശ്വരക്ഷേത്ര ദർശനത്തിനുമായി നൂറുകണക്കിനാളുകൾ ഇവിടെ എത്താറുണ്ട്.

ഉപദേവന്മാർ തിരുത്തുക

  • ഗണപതി
  • അയ്യപ്പൻ
  • നാഗദൈവങ്ങൾ
  • രക്ഷസ്സ്
  • നവഗ്രഹങ്ങൾ

വിശേഷങ്ങൾ തിരുത്തുക

  • ഉത്സവം, ശിവരാത്രി
 
ശിവരാത്രിനാളിലെ ചെണ്ടമേളം

കുംഭമാസത്തിലെ (ഫെബ്രുവരി-മാർച്ച്) തിരുവോണം നക്ഷത്രം വരത്തക്കവണ്ണം എട്ടുദിവസം ഇവിടെ ഉത്സവം കൊണ്ടാടുന്നു. കൊടിയേറ്റ് കഴിഞ്ഞുള്ള എല്ലാ ദിവസങ്ങളിലും രാവിലെയും സന്ധ്യക്കും കാഴ്ചശീവേലി എഴുന്നള്ളിപ്പ് പതിവുണ്ട്. ആറാട്ട് മിക്കവാറും ശിവരാത്രിദിവസമായിരിയ്ക്കും. ഇവിടെയുള്ള ഉത്സവത്തിന്റെ അതേസമയത്താണ് പൂർണ്ണത്രയീശക്ഷേത്രത്തിലെയും ഉത്സവം കൊണ്ടാടുന്നത്. അവസാനദിവസം ഇരുദേവന്മാരും ഒരുമിച്ചാണ് ആറാടുന്നത്.

  • തിരുവാതിര

ധനുമാസത്തിലെ തിരുവാതിര നാളിലാണ് (ശ്രീമഹാദേവന്റെ ജന്മനാൾ) തിരുവാതിര ആഘോഷിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിൽ വ്രതമെടുത്താൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവാതിരക്കു രണ്ടു ദിവസം മുൻപുതന്നെ വ്രതമെടുത്തു തുടങ്ങി അന്നേദിവസം രാവിലെ ക്ഷേത്ര ദർശനം നടത്തി വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾ നല്ല വിവാഹബന്ധത്തിനും വ്രതം നോറ്റ് ക്ഷേത്ര ദർശനം നടത്തുന്നു.

  • മണ്ഡലപൂജ

41 മണ്ഡലദിവസങ്ങളിലും ചക്കംകുളങ്ങരക്ഷേത്രം ഒരുങ്ങിനിൽക്കുന്നു. ഈ ദിവസങ്ങളിൽ പ്രത്യേക ദീപാരാധനയും, ലക്ഷദീപവും നടത്താറുണ്ട്.

ക്ഷേത്രത്തിൽ എത്തിചേരാൻ തിരുത്തുക

തൃപ്പൂണിത്തുറ മഹാക്ഷേത്രത്തിൽ നിന്നും അരകിലോമീറ്റർ വടക്കുമാറിയാണ് ചക്കംകുളങ്ങര ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

അവലംബം തിരുത്തുക

  1. കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ