തട്ടകം (നോവൽ)

കോവിലന്റെ നോവല്‍

കോവിലൻ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന വി.വി. അയ്യപ്പൻ എഴുതിയ നോവലാണ് തട്ടകം. ഈ നോവൽ 1995-ൽ പ്രസിദ്ധീകരിച്ചു. ആത്മകഥാപരമായി അവതരിപ്പിച്ചിട്ടുള്ള തട്ടകത്തിൽ സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ ചരിത്രമാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. മൂപ്പിലിശ്ശേരിദേശം ദേവിയുടെ 'തട്ടക'മാണ്. ദേവിയെ ഉപാസിച്ചു പോന്ന പിതാക്കന്മാരുടെയും ബന്ധുക്കുളുടെയും ഗൃഹാതുരതയുണർത്തുന്ന സ്മരണകൾ ദ്രാവിഡത്തനിമയുള്ള ഭാഷയിൽ നാടൻ താളബോധത്തോടെ ഇതിൽ ആഖ്യാനം ചെയ്തിട്ടുണ്ട്.

പുരാവൃത്തം, പിതാക്കൾ, ഭിക്ഷു, സ്കൂൾ, നാട്ടായ്മകൾ, സന്തതികൾ എന്നിങ്ങനെ ആറധ്യായങ്ങളായി നോവൽ വിഭജിച്ചിരിക്കുന്നു. കന്നിനെ വാങ്ങാൻ ചന്തയ്ക്ക് പുറപ്പെടുന്ന ഉണ്ണീരി മൂപ്പനിലാണ് ഒന്നാമധ്യായം ആരംഭിക്കുന്നത്. തുടർന്ന് കമ്മളൂട്ടി, കക്കാട്ട് കാരണവർ, താച്ചക്കുട്ടിച്ചേകവർ, ദിഗംബര സന്ന്യാസി തുടങ്ങിയവരെ അവതരിപ്പിക്കുന്നു. ഓർക്കാനും മറക്കാനും വയ്യാത്ത കാലത്ത് മുപ്പിലിശ്ശേരിയിൽ മാനുഷരെല്ലാം ഒന്നുപോലെ ജീവിച്ച കഥയാണ് രണ്ടാമധ്യായമായപിതാക്കളിലേത്. കണ്ടപ്പന്റെയും കാളിയമ്മയുടെയും കഥയാണ് മൂന്നാമധ്യായമായ ഭിക്ഷുവിലുള്ളത്. സ്കൂൾ എന്ന നാലാമധ്യായത്തിൽ അപ്പുക്കുട്ടനെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കുറുമ്പ, താച്ചുക്കുട്ടി, കുഞ്ഞികൃഷ്ണപ്പണിക്കർ, അയ്യപ്പൻ, അമ്മു തുടങ്ങിയവരുടെ വ്യത്യസ്തമുഖങ്ങൾ അഞ്ചാമധ്യായമായ നാട്ടായ്മയിൽ കാണാം. പാവറട്ടി സംസ്കൃത കോളജിൽ കവിയാകാൻ മോഹിച്ച് ചേർന്ന അപ്പുക്കുട്ടൻ സ്വാതന്ത്യ്രസമരത്തിൽ ആകൃഷ്ടനായി പഠിത്തം ഉപേക്ഷിക്കുന്നതും ഗുരുദക്ഷിണയായി സ്വയം ദഹിച്ച് ജീവിതം അവസാനിപ്പിക്കുന്നതും ആറാമധ്യായത്തിൽ വിവരിച്ചിരിക്കുന്നു. താനറിഞ്ഞ ഒരു സമൂഹത്തിന്റെ യഥാർഥ കഥയാണ് കോവിലൻ തട്ടകത്തിൽ അനാവരണം ചെയ്തിരിക്കുന്നത്. നിയതമായ ഒരു ഇതിവൃത്തഘടന ഇതിനില്ല. വിസ്തൃതമായ ഭൂമിശാസ്ത്രത്തിൽ നിരവധി കുടുംബങ്ങളുടെ കഥയിലൂടെയാണ് ഇതിവൃത്തം വികസിക്കുന്നത്. കാലാനുക്രമവും ഇതിലില്ല. ജന്മിത്തമാണ് സാമൂഹിക വ്യവസ്ഥിതി. അനുഭവവും ഐതിഹ്യവും ഭാവനയുമെല്ലാം ഇതിൽ കെട്ടുപിണഞ്ഞു കിടക്കുന്നതു കാണാം. ഉണ്ണീരി മുത്തപ്പൻ എന്ന മിത്താണ് ഇതിലെ പ്രധാന കഥാപുരുഷൻ. ഇതിഹാസമാനമുള്ള ചിത്രങ്ങളാണ് സ്ഥലകാലബന്ധങ്ങളിലൂടെ രൂപപ്പെടുന്നത്. ഗോത്രസ്വത്വങ്ങളുടെ താളക്രമങ്ങളാണ് തട്ടകത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു പ്രധാന ഘടകം.

പുരസ്കാരങ്ങൾ

തിരുത്തുക

തട്ടകത്തിന്റെ കർത്താവായ കോവിലന് 2006-ലെ എഴുത്തച്ഛൻ പുരസ്കാരവും ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=തട്ടകം_(നോവൽ)&oldid=2387987" എന്ന താളിൽനിന്ന് ശേഖരിച്ചത്