മിഠായിത്തെരുവ്

(കോഴിക്കോട് മിഠായി തെരുവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ തെരുവാണ് മിഠായിത്തെരുവ് അഥവാ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (എസ്.എം. സ്ടീറ്റ്). തെരുവിന്റെ ഇരുവശങ്ങളും ഹൽ‌വ കടകൾ കൊണ്ടും തുണിക്കച്ചവടങ്ങൾ കൊണ്ടും നിറഞ്ഞിരുന്നു. തെരുവും, തെരുവിനെ മുറിച്ചുപോകുന്ന പാതകളും കോഴിക്കോടിലെ ഏറ്റവും തിരക്കുള്ള കച്ചവടസ്ഥലങ്ങളാണ്. വളരെ പഴക്കമുള്ള ബേക്കറികൾ ഈ തെരുവിലുണ്ട്. ഇവിടെ ലഭിക്കുന്ന കോഴിക്കോടൻ ഹൽ‌വയും നേന്ത്രക്കാ ഉപ്പേരിയും പ്രശസ്തമാണ്.

എസ്.എം. തെരുവ്
മിഠായി തെരുവ്
എസ്.എം. തെരുവിലെ എസ്.കെ. പൊറ്റക്കാടിന്റെ പ്രതിമ
Length1.3 mi (2.1 km)
Locationകോഴിക്കോട്, കേരളം, ഇന്ത്യ
Other
Known forഹൽ‌വ,തുണിത്തരങ്ങൾ

ചരിത്രം

തിരുത്തുക
 
മിഠായിത്തെരുവിലെ ഹൽവാക്കട

ഹൽവക്കടകൾക്ക് പ്രശസ്തമായ ഈ തെരുവിന് പേര് നൽകിയത് യൂറോപ്പുകാരാണ്. യൂറോപ്യന്മാർ കോഴിക്കോടൻ ഹൽ‌വയെ സ്വീറ്റ്മീറ്റ് എന്നായിരുന്നു വിളിച്ചിരുന്നത്. ഹുസൂർ റോഡ്‌ എന്നായിരുന്നു മിഠായി തെരുവിന്റെ ആദ്യനാമം. പലഹാരങ്ങൾ ഏറ്റവും കൂടുതൽ വിൽപ്പനനടത്തിയ ഈ റോഡിനെ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (SM Street) എന്നുവിളിച്ചു.

ഈ തെരുവിന്റെ ഒരുഭാഗത്തായിരുന്നു സാമൂതിരിയുടെ നാണയമടിക്കുന്ന കമ്മട്ടം സ്ഥിതി ചെയ്തിരുന്നത്. പുതുമയും പഴമയും ഇവിടെ സമന്വയിക്കുന്നു. ഇരുവശങ്ങളിലും പുതിയതും പഴയതുമായ കെട്ടിടങ്ങളുടെ നീണ്ടനിരയാണ്. പോർച്ചുഗീസുകാരുടെ കാലത്ത് പണിതീർത്ത കെട്ടിടങ്ങളും ഇവിടെയുണ്ട്.

നവീകരണം

തിരുത്തുക

മിഠായിത്തെരുവ് നവീകരണമെന്ന ആവശ്യത്തിന് ഏകദേശം മൂന്ന് പതിറ്റാണ്ടോളം പഴക്കമുണ്ട്. എന്നാൽ, ഓരോ കാലത്തും  ഓരോ കാരണങ്ങളാൽ അത് നടക്കാതെ പോയിരുന്നു.

2007 ജനുവരി 5-ന് മിഠായിത്തെരുവിൽ തീപ്പീടിത്തം ഉണ്ടാവുകയും ആറു പേർ മരിക്കുകയും ഉണ്ടായി. മുപ്പതിലധികം കടകൾ കത്തിനശിച്ചിരുന്നു.

ടൂറിസം വകുപ്പ്  മുൻകൈയെടുത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയിലൂടെ ഡി.ടി.പി.സിയാണ് പുതിയ തെരുവ് യാഥാർഥ്യമാക്കിയത്. പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി 6.5 കോടി രൂപ ചെലവിട്ടാണ് മിഠായിത്തെരുവ് നവീകരിച്ചത്. നാനൂറ് മീറ്റർ നീളത്തിലുള്ള റോഡ് ആധുനികരീതിയിൽ കല്ല് പാകിയായിരുന്നു തുടക്കം. അപകടസാധ്യത ഇല്ലാതാക്കുന്നതിനായി വൈദ്യുതി ലൈനുകൾ ഭൂമിക്കടിയിലൂടെയാക്കി. ഓരോ ഒമ്പത് മീറ്റർ അകലത്തിലും തൂണുകൾ സ്ഥാപിച്ച് അലങ്കാരവിളക്കുകൾ സ്ഥാപിച്ചു. നിലത്ത് വീണാലോ കല്ലേറ് കൊണ്ടാലോ പൊട്ടാത്തതാണ് ഇതിന്റെ പ്രത്യേകത. ആദ്യം സർക്കാർ മൂന്ന് കോടിയായിരുന്നു അനുവദിച്ചത്. പിന്നീട് 6.5 കോടിയായി ഉയർത്തി. തെരുവ് നവീകരിക്കുമ്പോൾ അതിൽ വാഹനങ്ങൾ കയറ്റില്ല എന്ന തീരുമാനമായിരുന്നു ആദ്യം കൈക്കൊണ്ടത്. 2017 ഡിസംബർ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ നവീകരിച്ച മിഠായിത്തെരുവ് ഔദ്യോഗികമായി തുറന്നുകൊടുത്തു.[1]

കോഴിക്കോട് നഗരത്തിൽ ഏറ്റവും കൂടുതൽ വില്പനശാലകൾ ഉള്ള സ്ഥലമാണ് എസ് എം സ്ട്രീറ്റ് എന്ന മിഠായിത്തെരുവ്. ഹൽവ്വയും മിഠായികളും വിൽക്കുന്ന കടകളായിരുന്നു മിഠായിത്തെരുവിൽ കൂടുതലായി ഉണ്ടായിരുന്നതെങ്കിൽ ഇന്നുസ്ഥിതി അതല്ല. ഇവിടെ ഇപ്പോൾ ഏറ്റവും കൂടുതലായുള്ളത് തുണിക്കച്ചവടമാണ്. ഖാദി എമ്പോറിയവും മിഠായി തെരുവിലാണ്. കേരളത്തിലെ ഏറ്റവും വലിയ ഖാദി എമ്പോറിയങ്ങളിൽ ഒന്നാണിത്.

വിവിധയിനങ്ങളിൽ പെട്ട ഒട്ടേറെ വിഭവങ്ങൾ മിഠായി തെരുവിൽ വിപണനം ചെയ്യപ്പെടുന്നു. കോഴിക്കോടൻ ഹൽവ്വയാണ് ഇവയിൽ പ്രധാനം. മിഠായിത്തെരുവിനു ഈ പേരുവരാൻ മധുരമാർന്ന ഈ ഹൽവ്വ തന്നെയാണ് കാരണമെന്നു പറയപ്പെടുന്നു. സാധാരണ ഹൽവ്വയ്ക്കു പുറമേ ക്യാരറ്റ്‌, പൈനാപ്പിൾ, ഓറഞ്ച്, പപ്പായ തുടങ്ങിയവ ഉപയോഗിച്ചുള്ള ഹൽവ്വകളും ഇവിടെ വിപണനം ചെയ്യപ്പെടുന്നു. ഉത്സവ കാലങ്ങളിൽ മിഠായിത്തെരുവിൽ നിന്ന് ഹൽവ്വ വാങ്ങാൻ പുറത്തുനിന്നുള്ളവർ പോലും എത്താറുണ്ട്.

ഈ തെരുവിന്റെ പ്രശസ്തിക്കു പിന്നിൽ കോഴിക്കോടൻ ബിരിയാണിക്കും പങ്കുണ്ട്. മിഠായിത്തെരുവിലെ ഹോട്ടലുകളിലെ സ്വാദിഷ്ഠമായ ബിരിയാണി കഴിക്കാൻ പണ്ടുകാലം മുതൽ നിരവധി ആളുകൾ എത്തിയിരുന്നു. ആ പതിവ് ഇന്നും തുടരുന്നു. മലബാർ ചിപ്സ് എന്നറിയപെട്ടിരുന്ന വറുത്തകായാണ് മറ്റൊരു വിഭവം. ഉപ്പേരി വറക്കുന്ന നൂറുകണക്കിന് കടകൾ തന്നെ ഇവിടെയുണ്ട്.

തെരുവിന്റെ കഥാകാരൻ എസ് കെ പൊറ്റെക്കാട്ടിനുള്ള ആദരവാണ് ഈ തെരുവിന്റെ മറ്റൊരു ആകർഷണം. അദ്ദേഹത്തിന്റെ നോവലിലെ കഥാപാത്രങ്ങളായ ഓമഞ്ചി ഉൾപ്പെടെയുള്ളവരെയും ഇവിടെ  ചുമരിൽ ആവിഷ്കരിച്ചിട്ടുണ്ട്. കഥാസന്ദർഭങ്ങളും ചിത്രങ്ങളിൽ കാണാം. എസ്കെ സ്ക്വയർ ജനാധിപത്യരീതിയിലുള്ള എല്ലാ പ്രതിഷേധങ്ങൾക്കും കലാപരിപാടികൾക്കുമുള്ളയിടമാണ്.നടക്കാൻ സാധിക്കാത്തവർക്ക് ഈ തെരുവിലൂടെ കുടുംബശ്രീയുടെ ബഗ്ഗീസ് വാഹനത്തിലൂടെ കാഴ്ചകൾ കാണാം. ബാറ്ററിയിലാണ്  പ്രവർത്തിക്കുന്നത്.

കോഴിക്കോട്ടെ പബ്ലിക്‌ ലൈബ്രറിയും ഈ തെരുവിൽ തന്നെയാണ്. മലയാളത്തിലെ പല സാഹിത്യകാരന്മാരുടേയും സാംസ്കാരിക പ്രവർത്തകരുടെയും സംഗമവേദിയായിരുന്നു ഈ തെരുവ്. ബഷീർ, കുഞ്ഞാണ്ടി, നെല്ലിക്കോടു ഭാസ്കരൻ,എസ്.കെ._പൊറ്റക്കാട് , മാമുക്കോയ, പി.എം. താജ് തുടങ്ങിയവരൊക്കെ അവയിൽ പങ്കാളികളായിരുന്നു.[2]

ചിത്രശാല

തിരുത്തുക
  1. "മിഠായിത്തെരുവ്.....ഒരു തെരുവിന്റെ കഥ".
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-08. Retrieved 2007-03-02.


"https://ml.wikipedia.org/w/index.php?title=മിഠായിത്തെരുവ്&oldid=3925606" എന്ന താളിൽനിന്ന് ശേഖരിച്ചത്