കുമ്മാട്ടി (ചലച്ചിത്രം)

മലയാള ചലച്ചിത്രം
കുമ്മാട്ടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുമ്മാട്ടി (വിവക്ഷകൾ) എന്ന താൾ കാണുക. കുമ്മാട്ടി (വിവക്ഷകൾ)

കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് അരവിന്ദൻ സംവിധാനം ചെയ്ത മലയാള സിനിമയാണ് കുമ്മാട്ടി‌. കാവാലം നാരായണപ്പണിക്കരാണ് കുമ്മാട്ടിയുടെ കഥയും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. കെ. രവീന്ദ്രനാഥൻ നായരാണ് നിർമ്മാതാവ്.[2] കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാരിന്റെ അവാർഡ് 1979-ൽ ഈ ചിത്രത്തിന് ലഭിച്ചു.

കുമ്മാട്ടി
പോസ്റ്റർ
സംവിധാനംഅരവിന്ദൻ
നിർമ്മാണംകെ. രവീന്ദ്രനാഥൻ നായർ
രചനഅരവിന്ദൻ
അഭിനേതാക്കൾരാവുണ്ണി (കുമ്മാട്ടി)[1]
മാസ്റ്റർ അശോകൻ
ശിവശങ്കരൻ ദിവാകരൻ
വിലാസിനി
റീമ
കൊട്ടറ ഗോപാലകൃഷ്ണൻ
ശങ്കർ
സംഗീതംഅരവിന്ദൻ
എം.ജി. രാധാകൃഷ്ണൻ
കാവാലം നാരായണപ്പണിക്കർ
ഗാനരചനകാവാലം നാരായണപ്പണിക്കർ
ഛായാഗ്രഹണംഷാജി എൻ. കരുൺ
സ്റ്റുഡിയോജനറൽ പിക്ചേഴ്സ്
റിലീസിങ് തീയതി1979
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസംഗ്രഹം

തിരുത്തുക

ചിണ്ടൻ എന്ന കുട്ടിയുടെ മനസ്സിലൂടെയാണ് വികസിക്കുന്നത്. നാടോടി സിനിമയെന്നും കുട്ടികൾക്കുള്ള സിനിമയെന്നും കുമ്മാട്ടിയെ വിശേഷിപ്പിക്കാം. കുമ്മാട്ടി ഒരു ദ്വന്ദ വ്യക്തിത്വമാണ്. വസന്തം പോലെ വർഷത്തിലൊരിക്കൽ കുമ്മാട്ടി വരുന്നു. “മാനത്തെ മച്ചോളം തലയെടുത്ത്... പാതാള കുഴിയോളം പാദം നട്ട്... മാല ചേല കൂറ കെട്ടിയ കുമ്മാട്ടി...” കുമ്മാട്ടിയോടൊപ്പം പാട്ടു പാടി കളിക്കുന്ന കുട്ടികളെ മന്ത്രം ചൊല്ലി, കുമ്മാട്ടി മൃഗങ്ങളാക്കി മാറ്റുന്നു. ആരമ്പത്തീരമ്പത്തൂരമ്പം- ആലേലുല ചേലുല പാലുല കിഴക്ക് നേരെ -മലക്കുമേലെ പഴുക്ക പാക്കിന്റെ പഴുപ്പും കൊഴുപ്പും മുഴുപ്പും ഉള്ള സൂര്യനെക്കുറിച്ചും കുമ്മാട്ടിപാടുന്നുണ്ട്. കളിക്കു ശേഷം തിരികെ മനുഷ്യരൂപത്തിലേക്ക്. കുമ്മാട്ടി പട്ടിയാക്കി മാറ്റിയ ചിണ്ടൻ, മറ്റു നായ്ക്കളുടെ കൂടെ പെട്ടുപോയതിനാൽ തിരികെ മനുഷ്യരൂപത്തിലാവുന്നില്ല. കുമ്മാട്ടി പോയ്ക്കഴിഞ്ഞു...[3] വഴിതെറ്റിയ ചിണ്ടൻ (ഇപ്പോഴവൻ നായയാണ്.) നഗരത്തിലെത്തുകയും ഒരു വീട്ടിൽ ചങ്ങലയിലാവുകയും ചെയ്യുന്നു. നാടൻ പട്ടിയായതിനാൽ ആ വീട്ടുകാർ അഴിച്ച് വിട്ടപ്പോൾ അവൻ നേരെ ഗ്രാമത്തിലേക്ക് ഓടിവരുന്നു. അവന്റെ അമ്മയ്ക്കും തത്തയ്ക്കും ഒക്കെ ചിണ്ടനെ തിരിച്ചറിയാനാവുന്നുണ്ട്. നായ രൂപത്തിൽ വന്ന മകനെ വാരിപ്പുണരുന്ന അമ്മ- അനിയത്തിക്കൊപ്പം പ്ലേറ്റിൽ കഞ്ഞി വിളമ്പിവെച്ച് അവനെ ഊട്ടുന്നുമുണ്ട്. മകന്റെ രൂപം തിരിച്ച് കിട്ടാനായി നേർച്ചകളും പൂജകളും ചെയ്യുകയാണവർ പിന്നീട്. പക്ഷെ നായ ജീവിതം ചിണ്ടൻ തുടരുകയാണ്. ഊഷരമായ കാലത്തിനു ശേഷം ഋതുക്കൾ മാറിവരുന്നു. തകർത്ത് പെയ്യുന്ന മഴക്ക് ശേഷം പച്ചപ്പ് പരന്ന ഗ്രാമം. ഏതോ ശബ്ദം കേട്ട് ,ഇറയത്ത് കിടക്കുന്ന ചിണ്ടൻ ചെവി കൂർപ്പിച്ച് പിടിക്കുന്നു,.അവന് ഒരു ശബ്ദമേ കേൾക്കേണ്ടതുള്ളു.... “ആരമ്പത്തീരമ്പത്തൂരമ്പത്ത്...”.അതാ കുന്നിറങ്ങി വരുന്ന കുമ്മാട്ടിയുടെ ശബ്ദം...ചിണ്ടൻ പുൽ‌പ്പരപ്പുകളിലൂടെ ശബ്ദം കേട്ട സ്ഥലത്തേക്ക് കുതിച്ചോടുകയാണ്. കുമ്മാട്ടി അവനെ കണ്ടു. സങ്കടം വിങ്ങുന്ന ശബ്ദത്തോടെ കുമ്മാട്ടി “ചിണ്ടാ..ചിണ്ടാ എന്റെ മോനേ ..”എന്ന് ഉറക്കെ വിളിച്ചു. ഓടിഅടുത്ത ചിണ്ടനെ കുറ്റബോധത്തോടെ മാറോടടുക്കിപ്പിടിക്കുന്നു കുമ്മാട്ടി. ചിണ്ടന് സ്വന്തം രൂപം തിരിച്ച് കിട്ടി.പുരുഷാരമത്രയും ഈ അത്ഭുതം കേട്ട് അവിടേക്ക് ഓടിക്കൂടി. ചിണ്ടൻ തന്റെ വീട്ടിൽ തിരിച്ചെത്തി.കൂട്ടിൽ ചിലക്കുന്ന തത്ത...ചങ്ങലയിൽ കിടന്ന ഓർമയാൽ ചിണ്ടൻ തത്തയെ കൂട്ടിൽ നിന്നും പുറത്തെടുത്ത് ആകാശത്തേക്ക് പറത്തി വിടുന്നു. വിശാലമായ മാനത്ത് ഒഴുകിപ്പറക്കുന്ന പക്ഷികളുടെ ദീർഘമായ ഒരു ഷോട്ടിൽ “കുമ്മാട്ടി” എന്ന സിനിമ അവസാനിക്കുന്നു.[4]

നിർമ്മാണം

തിരുത്തുക

കാസർഗോഡ് ജില്ലയിലെ ചീമേനിയിലാണ് ഈ ചിത്രം ചിത്രീകരിച്ചത്. ചീമേനി ഗവ.യു.പി. സ്കൂളിലെ അധ്യാപകരും കുട്ടികളും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

പുരസ്കാരങ്ങൾ

തിരുത്തുക

1979 ലെ ഏറ്റവും നല്ല കുട്ടികളുടെ സിനിമയ്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം നേടി

നവീകരിച്ച 4k പതിപ്പ്

തിരുത്തുക
 
ഐഎഫ്എഫ്‍കെ 2022 ൽ കുമ്മാട്ടിയുടെ പ്രദർശനം, കൈരളി
 
ഐഎഫ്എഫ്‍കെ 2022 ൽ കുമ്മാട്ടിയുടെ പ്രദർശനം, കൈരളി

ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോർസെസെയുടെ ദി ഫിലിം ഫൗണ്ടേഷൻ, ഇറ്റലിയിലെ ബൊലോഗ്‍ന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്‍ന എന്നിവയുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് നവീകരിച്ച 4k പതിപ്പ് തയ്യാറാക്കിയത്. ഈ പതിപ്പിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം 2022 ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ നടന്നു. മേളയിലെ റീഡിസ്‌കവറിങ് ദി ക്ലാസിക്‌സ് വിഭാഗത്തിൽ നിറഞ്ഞ സദസ്സിൽ മൂന്നു തവണ പ്രദർശിപ്പിച്ചു. [5][6][7]

നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയിൽ സൂക്ഷിച്ചിരുന്ന, ലഭ്യമായ ഏറ്റവും മികച്ച പ്രിന്റുപയോഗിച്ചാണ് ഈ പുതിയ പതിപ്പ് തയ്യാറാക്കിയത്. ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളുള്ള രണ്ടാമത്തെ 35 എംഎം പ്രിന്റ് ഒരു റഫറൻസായി ഉപയോഗിച്ചു. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷാജി എൻ കരുണാണ് കളർ ഗ്രേഡിംഗ് മേൽനോട്ടം വഹിച്ചത്. അരവിന്ദന്റെ മകൻ രാമു ഈ പുതിയ പതിപ്പിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.[8]

  1. https://www.thehindu.com/arts/Sound-of-a-musical-legacy/article16815595.ece
  2. സി.എസ്. വെങ്കിടേശ്വരൻ (2009 ജൂൺ 19). "The alchemist of cinema" (in ഇംഗ്ലീഷ്). ദ് ഹിന്ദു. Archived from the original (html) on 2009-06-23. Retrieved 2011 ജൂലൈ 15. {{cite web}}: Check date values in: |accessdate= and |date= (help)
  3. http://www.m3db.com/node/2054
  4. പ്രേംലാൽ (2017-08-31). "കുമ്മാട്ടി എന്ന ചലച്ചിത്രാനുഭവം - മലയാളനാട് വെബ്ബ് ജേർണൽ|Malayalanatu Web Journal" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-03-24.
  5. https://www.mathrubhumi.com/special-pages/iffk-2022/specials/kummatty-movie-4k-version-showed-in-iffk-2022-1.7358277
  6. https://www.deshabhimani.com/cinema/iffk-2022/1007292
  7. https://malayalam.indianexpress.com/entertainment/shivendra-singh-dungarpur-about-g-aravindan-kummatty-restoration-interview-630646/
  8. https://www.film-foundation.org/world-cinema?sortBy=country&sortOrder=1&page=2

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുമ്മാട്ടി_(ചലച്ചിത്രം)&oldid=3938654" എന്ന താളിൽനിന്ന് ശേഖരിച്ചത്