ബംഗാളിൽ നിന്നുമുള്ള കവിയും, എഴുത്തുകാരനും, സംഗീതജ്ഞനും വിപ്ലവകാരിയുമായിരുന്നു കാസി നസ്രുൾ ഇസ്ലാം (ജനനം 24 മേയ് 1899 – മരണം 29 ഓഗസ്റ്റ് 1976). നസ്രുളിന്റെ രാഷ്ട്രീയ നിലപാടുകളും, സാമൂഹ്യപ്രവർത്തനങ്ങളും അദ്ദേഹത്തിന് വിമത കവി എന്നൊരു പേരു നേടിക്കൊടുത്തു. നസ്രുൾ ബംഗാളിന്റെ ദേശീയ കവിയായി അറിയപ്പെടുന്നു.

കാസി നസ്രുൾ ഇസ്ലാം
কাজী নজরুল ইসলাম
1926 ൽ ചിറ്റഗോങിൽ വച്ചെടുത്ത ചിത്രം
1926 ൽ ചിറ്റഗോങിൽ വച്ചെടുത്ത ചിത്രം
Born(1899-05-24)24 മേയ് 1899[1]
ചുരുലിയ, ബംഗാൾ പ്രവിശ്യ, ബ്രിട്ടീഷ് രാജ് (ഇപ്പോൾ, പശ്ചിമബംഗാളിലുൾപ്പെട്ട പ്രദേശം)
Died29 ഓഗസ്റ്റ് 1976(1976-08-29) (പ്രായം 77)
ധാക്ക, ബംഗ്ലാദേശ്
Occupationകവി, എഴുത്തുകാരൻ, സംഗീതജ്ഞൻ.
Languageബംഗാളി
ഉറുദു
പേർഷ്യൻ ഭാഷ
ഹിന്ദി
Nationalityബ്രിട്ടീഷ് രാജ് (1899-1947)
ഇന്ത്യ (1947-1972)
ബംഗ്ലാദേശ് (1972-1976)
Notable worksബംഗാൾ ദേശീയ ഗാനം.
Notable awardsസ്വാതന്ത്ര്യ ദിന പുരസ്കാരം (1977)
പത്മഭൂഷൺ (ഇന്ത്യ)
Spouseപ്രമീള ദേവി
Signature

ബ്രിട്ടീഷ് സൈന്യത്തിൽ ജോലിക്കു ചേർന്നു, ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അവിടെ നിന്നും പിരിഞ്ഞ നസ്രുൾ ഒരു പത്രപ്രവർത്തകനായി കൽക്കട്ടയിൽ ജോലി നോക്കി. തന്റെ കവിതകളിലൂടെ വിപ്ലവത്തിന് ആഹ്വാനം ചെയ്യുക വഴി, ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയായി മാറി. ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ച് ബ്രിട്ടീഷുകാരുടെ തടങ്കലിലായി. തടങ്കലിൽ വെച്ച് ഡിപോസിഷൻ ഓഫ് എ പൊളിറ്റിക്കൽ പ്രിസണർ എന്നൊരു പുസ്തകം രചിച്ചു.[2] ബംഗ്ലാദേശിന്റെ വിമോചന സമരത്തിന് നസ്രുളിന്റെ കൃതികൾ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.

1928 മുതൽ 1932 വരെ എച്ച്.എം.വി ഗ്രാമഫോൺ കമ്പനിയിൽ കവിതയെഴുത്തുകാരനായി ജോലി നോക്കി. 1960 ൽ ഭാരത സർക്കാർ പരമോന്നത സിവിലിയൻ ബഹുമതിയാ പദ്മഭൂഷൺ സമ്മാനിക്കുകയുണ്ടായി.[3][4] 1974 ൽ ധാക്കാ സർവ്വകലാശാല ഡോക്ടർ ഓഫ് ലിറ്ററേച്ചർ ബിരുദം നൽകി ആദരിച്ചു. ഗ്രാമഫോൺ കമ്പനിക്കു വേണ്ടി എഴുതിയതുൾപ്പടെ ഏതാണ്ട് 4000 ഓളം ഗാനങ്ങൾ നസ്രുൾ രചിച്ചിട്ടുണ്ട്. ഇവ പൊതുവേ നസ്രുൾ ഗീതി എന്നറിയിപ്പെടുന്നു. തന്റെ 43 ആമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ ശബ്ദം നഷ്ടപ്പെടുകയും, ഓർമ്മ നഷ്ടപ്പെടുക തുടങ്ങിയ അസുഖങ്ങൾ കൊണ്ട് വലഞ്ഞിരുന്നു.[5] 1976 ഓഗസ്റ്റ് 29 ന് കാസി നസ്രുൾ ഇസ്ലാം അന്തരിച്ചു.

ആദ്യകാല ജീവിതംതിരുത്തുക

ബംഗാൾ പ്രവിശ്യയിലെ ചുരുലിയ ഗ്രാമത്തിലാണ് കാസി ജനിച്ചത്. ഈ പ്രദേശം ഇപ്പോൾ ഇന്ത്യയിലെ പശ്ചിമബംഗാളിലാണ്. പ്രതാപികളായിരുന്ന തലുക്ദർ കുടുംബത്തിലാണ് നസ്രുൾ ജനിച്ചത്. പിതാവ് കാസി ഫക്കീർ അഹമ്മദ് അടുത്തുള്ള പള്ളിയിലെ ഇമാമായിരുന്നു. മാതാവ് സഹീദ ഖാതൂൻ. രണ്ട് സഹോദരന്മാരും, ഒരു സഹോദരിയുമാണ് നസ്രുളിനുണ്ടായിരുന്നത്. അടുത്തുള്ള പള്ളിയോടു ചേർന്ന മദ്രസ്സയിലായിരുന്നു നസ്രുളിന്റെ പ്രാഥമിക വിദ്യാഭ്യാസം. ഇസ്ലാമിക തത്ത്വചിന്തയിലും, ദൈവകശാസ്ത്രത്തിലും നസ്രുളിന് താൽപര്യമുണ്ടായിരുന്നു. 1908 ൽ പിതാവിന്റെ മരണത്തോടെ, കുടുംബത്തിന്റെ ചുമതല നസ്രുളിലായി. പിതാവിന്റെ ജോലിയായിരുന്നു പള്ളി ഇമാമിന്റെ തൊഴിൽ നസ്രുൾ ഏറ്റെടുത്തു. ഇതു കൂടാതെ സമീപത്തുള്ള സ്കൂളിലെ അദ്ധ്യാപകരെ സഹായിക്കുക കൂടി ചെയ്തിരുന്നു.

തന്റെ അമ്മാവനായിരുന്ന ഫസലിന്റെ നേതൃത്വത്തിലുള്ള ഒരു നാടോടി നാടക സംഘത്തിൽ ആകൃഷ്ടനായി നസ്രുൾ അവരോടൊപ്പം കൂടി. അവരോടൊപ്പം യാത്രചെയ്തും, അഭിനയം പഠിച്ചും, നാടകങ്ങൾക്ക് ഗാനങ്ങൾ രചിച്ചും നസ്രുൾ കലാജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു.[6] നസ്രുൾ ഇക്കാലയളവിൽ സംസ്കൃതവും, ബംഗാളിയും പഠിച്ചു. 1910 ൽ നാടകസംഘത്തിൽ നിന്നും വേർപെട്ട് ഒരു വിദ്യാലയത്തിൽ പഠനം മുഴുമിക്കാനായി ചേർന്നു. അവിടെ നിന്നും മറ്റൊരു ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കു മാറുകയും ചെയ്തു. സ്കൂളിലെ ഫീസ് കൊടുക്കാൻ കഴിയാതായപ്പോൾ അവിടെ നിന്നും പോരുകയും, ഒരു ബേക്കറിയിൽ പാചകക്കാരനായി ജോലിക്കു ചേരുകയും ചെയ്തു.

പത്താം ക്ലാസ്സു വരെ പഠിച്ചുവെങ്കിലും, മെട്രിക്കുലേഷൻ പരീക്ഷക്കിരിക്കുവാൻ കാസിക്ക് കഴിഞ്ഞിരുന്നില്ല, പകരം തന്റെ പതിനേഴാമത്തെ വയസ്സിൽ കാസി പട്ടാളത്തിൽ ചേരുകയാണുണ്ടായത്. രാഷ്ട്രീയത്തിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണ് കാസി പട്ടാള ഉദ്യോഗം തിരഞ്ഞെടുത്തത്. 49 ആം ബംഗാൾ റെജിമെന്റിന്റെ ഭാഗമായ കാസി കറാച്ചിയിൽ ജോലി ചെയ്യുന്ന സമയത്താണ് കവിതകളും, ഗദ്യങ്ങളും എഴുതി തുടങ്ങുന്നത്. ശരത്ചന്ദ്ര ചതോപാധ്യായേയും, രബീന്ദ്രനാഥ ടാഗോറിനേയും കൂടുതലായി വായിക്കുന്നത് ഇക്കാലഘട്ടത്തിലാണ്. പേർഷ്യൻ എഴുത്തുകാരായിരുന്ന ഒമർ ഖയ്യാം, ഹാഫിസ്, റുമി തുടങ്ങിയവരുടെ കൃതികളും കാസി വായിച്ചിരുന്നു. 1919 മെയ് മാസത്തിലാണ് കാസിയുടെ ആദ്യത്തെ കൃതി പ്രസിദ്ധീകരിക്കുന്നത്. വാഗാബോണ്ടിലെ ജീവിതം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ കൃതി. 1919 ജൂലൈയിൽ ബംഗ്ലാ മുസ്സൽമാൻ സാഹിത്യ പത്രികയിൽ കാസിയുടെ ആദ്യത്തെ കവിതയായ മുക്തി പ്രസിദ്ധീകരിച്ചു.

വിമത കവിതിരുത്തുക

1920 ൽ കാസി പട്ടാളത്തിൽ നിന്നും രാജിവെച്ച് കൽക്കട്ടയിൽ വന്നു ചേർന്നു. ബംഗാളി മുസ്ലിം ലിറ്റററി സൊസൈറ്റിയിൽ ചേർന്ന കാസി, ബന്ധൻ ഹാര (ബന്ധങ്ങളിൽ നിന്നുള്ള മോചനം) എന്ന തന്റെ പ്രഥമ നോവൽ 1920 ൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനമായി മാറിയിരുന്ന കൽക്കട്ടയിലെ ക്ലബുകളിൽ കാസി സ്ഥിരം സന്ദർശകനായിരുന്നു. എഴുത്തുകാരേയും, കവികളേയും കാസി അടുത്തു പരിചയപ്പെട്ടു.

പ്രസാധക രംഗത്തെ പ്രമുഖനായിരുന്ന അലി അക്ബർ ഖാന്റെ അനന്തരവളുമായി കാസിയുടെ വിവാഹം നിശ്ചയിക്കപ്പെട്ടു. വിവാഹശേഷം കാസി ദൗളത്പൂരിൽ തന്നെ സ്ഥിരതാമസമാക്കണമെന്ന് വിവാഹ കരാറിലെ നിബന്ധന കാസിയെ അസ്വസ്ഥനാക്കി. വിവാഹവേദിയിൽ നിന്നും കാസി ഇറങ്ങിപ്പോയി.[7]

1922 ൽ തന്റെ പ്രശസ്തമായ കൃതിയായ ബിദ്രോഹി പ്രസിദ്ധീകരിച്ചു. സാഹിത്യലോകത്തു കാസി ആരാധനാ പാത്രമായെങ്കിലും, വിമത കവി എന്ന പേര് അദ്ദേഹത്തിനു ചാർത്തികൊടുക്കപ്പെട്ടു.[8] നസ്രുളിന്റെ ഭാഷയും സാഹിത്യവും പരക്കെ അംഗീകരിക്കപ്പെട്ടു.യാദൃച്ഛികമായി അക്കാലത്തു ബ്രിട്ടീഷ് ഭരണത്തിനെതിരേ ഉയർന്നു വന്ന നിസ്സഹകരണ പ്രസ്ഥാനത്തിന്റെ വേഗത്തിനു ആക്കം കൂട്ടുന്നതിനും നസ്രുളിന്റെ കൃതികൾ സഹായമായിട്ടുണ്ട്. ഇക്കാലഘട്ടത്തിൽ നസ്രുളിന്റേതായി ധാരാളം കൃതികൾ പുറത്തു വന്നു കൊണ്ടിരുന്നു. ബാതേർ ധ്യാൻ എന്ന ചെറുകഥാ സമാഹാരം, അഗ്നീവന എന്ന കവിതാ സമാഹാരം എന്നിവ പ്രസിദ്ധീകരിച്ചത് ഇക്കാലഘട്ടത്തിലാണ്.

വിപ്ലവകാരിതിരുത്തുക

1922 ഓഗസ്റ്റ് 12 ന് നസ്രുൾ ധൂമകേതു എന്ന പേരിൽ ദ്വൈവാരിക പ്രസിദ്ധീകരണം ആരംഭിച്ചു. വിമത കവി എന്ന പേരു നിലനിൽക്കെ തന്നെ നസ്രുൾ ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളി കൂടിയായി. ധൂമകേതുവിൽ പ്രസിദ്ധീകരിച്ച ഒരു കവിതയുടെ പേരിൽ പോലീസ് ധൂമകേതുവിന്റെ ഓഫീസ് റെയിഡു ചെയ്തു. തന്റെ നിരപരാധിത്വം തെളിയിക്കാനായി നസ്രുളിന് ന്യായാധിപന്റെ മുന്നിൽ ദീർഘമായ വാദങ്ങൾ അവതരിപ്പിക്കേണ്ടി വന്നു.

ആദ്യമായി നസ്രുളിന് ജയിൽ വാസമനുഷ്ഠിക്കേണ്ടി വന്നു. 1923 ഏപ്രിൽ പതിമൂന്നിന് അദ്ദേഹത്തെ ഹൂഗ്ലി ജയിലിലേക്കു മാറ്റി. ബ്രിട്ടീഷുകാരുടെ മോശം പെരുമാറ്റത്തിനെതിരേ നസ്രുൾ ജയിലിൽ നാല്പതു ദിവസത്തെ നിരാഹാരം അനുഷ്ഠിച്ചു. 1923 ഡിസംബറിൽ അദ്ദേഹം ജയിൽ മോചിതനായി. ഇക്കാലയളവിൽ നസ്രുൾ ധാരാളം കവിതകൾ രചിച്ചിരുന്നുവെങ്കിലും, പിന്നീടതെല്ലാം ബ്രിട്ടീഷ് സർക്കാർ നിരോധിക്കുകയാണുണ്ടായത്. ഖിലാഫത്ത് പ്രസ്ഥാനത്തേയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടനോടുള്ള സമീപനത്തേയും നസ്രുൾ വളരെ ശക്തമായ ഭാഷയിൽ തന്നെ വിമർശിച്ചിരുന്നു. കോൺഗ്രസ്സിന്റെ ബംഗാൾ യൂണിറ്റിൽ അംഗമായിക്കൊണ്ടാണ് നസ്രുൾ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത്. കർഷക മുന്നേറ്റത്തിലൂടെ സ്വാതന്ത്ര്യ നേടിയെടുക്കാം എന്നു വിശ്വസിച്ചിരുന്ന സ്രാമിക് പ്രജാ സ്വരാജ് ദൾ എന്ന സംഘടനയിലും നസ്രുൾ അംഗമായിരുന്നു.

1925 ഡിസംബർ 16 ന് നസ്രുൾ ലങ്ങൾ എന്നൊരു പേരിൽ വാരിക ആരംഭിക്കുകയും, അതിന്റെ ചീഫ് എഡിറ്ററായി സ്ഥാനമേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ ബംഗ്ലാദേശിലുള്ള കോമില്ല എന്ന ഗ്രാമം സന്ദർശിക്കുന്ന വേളയിൽ നസ്രുൾ പ്രമീളാ ദേവി എന്ന ഹിന്ദു യുവതിയുമായി നേരത്തേ ഉണ്ടായിരുന്ന പരിചയം, പ്രണയത്തിലെത്തി ചേർന്നു. 1924 ഏപ്രിൽ 25 ന് അവർ വിവാഹിതരായി.[9] ബ്രഹ്മസമാജ പ്രവർത്തകയായിരുന്നു പ്രമീളാ ദേവിക്കും, മുസ്ലിം സമുദായക്കാരനായിരുന്ന നസ്രുളിനും ഈ വിവാഹം ഇരു സമുദായങ്ങളിലും ധാരാളം പ്രശ്നങ്ങളുണ്ടാക്കി.

മതംതിരുത്തുക

1928 ൽ നസ്രുളിന്റെ അമ്മ മരണമടഞ്ഞു. അടുത്ത വർഷം നസ്രുളിന്റെ രണ്ടാമത്തെ മകൻ വസൂരി രോഗം ബാധിച്ചു മരിച്ചു.[10] ആദ്യത്തെ മകൻ കൃഷ്ണ മുഹമ്മദ് പ്രായമെത്താതെ മരണത്തിനു കീഴടങ്ങി. 192 ൽ സവ്യസാചി എന്നൊരു മകനും, 1931 ൽ അനിരുദ്ധ എന്നൊരു മകനും കൂടി ഈ ദമ്പതികൾക്ക് ജനിച്ചു. എന്നാലും, ആദ്യത്തെ മക്കളും മരണമേൽപ്പിച്ച ആഘാതത്തിൽ നിന്നും പെട്ടെന്നു കരകയറാൻ നസ്രുളിനായില്ല. വിപ്ലവാത്മകമായ മേഖലയിൽ നിന്നും അദ്ദേഹത്തിന്റെ രചനകൾ പെട്ടെന്ന ആത്മീയ തലത്തിലേക്കു മാറുകയുണ്ടായി. പ്രാർത്ഥനയെക്കുറിച്ചും, ഹജ്ജ് കർമ്മത്തെക്കുറിച്ചും, വ്രതാനുഷ്ഠാനത്തെക്കുറിച്ചുമെല്ലാമായി അദ്ദേഹത്തിന്റെ രചനകൾ. ഹൈന്ദവ മുസ്ലീം മൂല്യങ്ങളെ കൂട്ടിച്ചേർത്ത് പുതിയ രചനാസങ്കേതം അദ്ദേഹം സൃഷ്ടിക്കുകയുണ്ടായി. ഹൈന്ദവ-മുസ്ലിം സമുദായങ്ങളെ താത്വിക മൂല്യങ്ങളെ വെളിവാക്കുന്നതായി മാറി കാസിയുടെ രചനകൾ.

രാധാ-കൃഷ്ണ പ്രണയവും, ശിവനേക്കുറിച്ചും, സരസ്വതി, ലക്ഷ്മി ദേവിമാരെക്കുറിച്ചും നസ്രുൾ ധാരാളം കവിതകൾ എഴുതി.[11] അദ്ദേഹത്തിന്റെ രചനകളിൽ സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഹൈന്ദവ-മുസ്ലിം സമുദായത്തിലെ പണ്ഡിതരുടെ എതിർപ്പുകൾ ക്ഷണിച്ചു വരുത്തി.

അവസാന കാലഘട്ടംതിരുത്തുക

1933 ൽ തന്റെ ഉപന്യാസങ്ങൾ ആധുനിക ലോക സാഹിത്യം എന്ന പേരിൽ നസ്രുൾ പ്രസിദ്ധീകരിക്കുകയുണ്ടായി.[12] 1928 നും 1935 നും ഇടയിലുള്ള കാലഘട്ടത്തിൽ നസ്രുൾ ഏതാണ്ട് 800 ഗാനങ്ങൾ രചിക്കുകയുണ്ടായി, അതിൽ 600 ക്ലാസ്സിക്കൽ രാഗങ്ങളായിരുന്നു, നൂറെണ്ണത്തോളം നാടോടി ഗാനങ്ങളായിരുന്നു. ബാവുൽ ഗാനങ്ങളും, മറ്റനേകം നാടോടി ഗാനങ്ങളും അദ്ദേഹം രചിച്ചുണ്ട്. കുട്ടികൾക്കുവേണ്ടിയുളള ഗാനങ്ങളും നസ്രുൾ രചിച്ചിരുന്നു.[13] നാടക-സിനിമാ സംഗീത രംഗത്തേക്കും നസ്രുൾ പതുക്കെ പ്രവേശിച്ചു. ടാഗോറിന്റെ നോവലിന്റെ ആസ്പദമാക്കി ഇറങ്ങിയ ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നസ്രുളിന്റേതായിരുന്നു. 1939 ൽ സച്ചിൻ സെൻ ഗുപ്ത സംവിധാനം ചെയ്ത സിറാജ്-ഉദ്-ദൗള എന്ന ചലച്ചിത്രത്തിനു വേണ്ടി ഗാനങ്ങൾ എഴുതി സംവിധാനം ചെയ്തത് നസ്രുൾ ആയിരുന്നു. 1939 ൽ നസ്രുൾ കൽക്കട്ട റേഡിയോയിൽ ഉദ്യോഗം സ്വീകരിച്ചു. കൽക്കട്ട റേഡിയോയുടെ സംഗീത വിഭാഗത്തിൽ നിർമ്മാണത്തിന്റേയും, പ്രക്ഷേപണത്തിന്റേയും തലവനായിട്ടായിരുന്നു നിയമനം.

1939 ൽ ഭാര്യ പ്രമീളാ ദേവി, ഗുരുതരമായ രോഗം ബാധിച്ച് കാലുകൾ തളർന്നു കിടപ്പിലായി. ഭാര്യയുടെ ചികിത്സക്കു വേണ്ടി, താൻ ഗ്രാമഫോൺ കമ്പനിക്കു വേണ്ടി എഴുതിയ കൃതികളും, മറ്റു സാഹിത്യരചനകളും 400 രൂപക്കു അദ്ദേഹം പണയം വെച്ചു.[14] ബംഗാളി രാഷ്ട്രീയത്തിലെ പ്രമുഖനായിരുന്ന ഫസൽ-ഉൾ-ഹഖ് തുടങ്ങിയ നബയുഗ് എന്ന പത്രത്തിൽ മുഖ്യ പത്രാധിപരായി കാസി 1940 ൽ ജോലിക്കു ചേർന്നു. രബീന്ദ്രനാഥ ടാഗോറിന്റെ മരണം കാസിയെ വല്ലാതെ പിടിച്ചുലച്ചു. ടാഗോറിന്റെ വിയോഗത്തെത്തുടർന്ന് കാസി അദ്ദേഹത്തിനോടുള്ള ആദരസൂചകമായി രണ്ടു ഗാനങ്ങൾ രചിക്കുകയുണ്ടായി. ഇതിൽ രബിഹര എന്ന ഗാനം ഓൾ ഇന്ത്യാ റേഡിയോ പ്രക്ഷേപണം ചെയ്തിരുന്നു.

അധികം വൈകാതെ നസ്രുൾ കടുത്ത രോഗബാധിതനായി. തന്റെ രോഗം കണക്കിലെടുക്കാതെ പ്രമീളാ ദേവി കാസിയെ ശുശ്രൂഷിച്ചിരുന്നു. കടുത്ത രോഗപീഡമൂലെ കാസിക്ക് വിഷാദരോഗം പിടിപെടുകയും, 1942 ൽ ഒരു മാനസികരോഗാലയത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 1952 ൽ റാഞ്ചിയിലുള്ള ഒരു മാനസികരോഗാശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റി. അദ്ദേഹത്തിന്റെ ആരാധകരും, സുഹൃത്തുക്കളും കയ്യഴിഞ്ഞു സഹായിച്ചിരുന്നു. ഇന്ത്യൻ രാഷ്ട്രീയക്കാരനായിരുന്ന ശ്യാമപ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ കാസിയുടെയും ഭാര്യയുടേയും ചികിത്സാ സഹായത്തിനു വേണ്ടി, കാസി ട്രീറ്റ്മെന്റ് സൊസൈറ്റി സ്ഥാപിക്കുകയുണ്ടായി. സൊസൈറ്റിയുടെ സഹായത്താൽ കാസിയും, പ്രമീളയും ലണ്ടനിലേക്കും, അവിടെ നിന്ന് വിയന്നയിലേക്കും ചികിത്സക്കായി പോയി.[15] തലച്ചോറീലെ നാഡീകോശങ്ങളെ നശിപ്പിക്കുന്ന പിക്സ് ഡിസീസ് എന്ന രോഗത്തിനടിപ്പെട്ടിരിക്കുയാണ് കാസിയെന്നും, ചികിത്സ കൊണ്ട് പുരോഗതിയുണ്ടാവില്ലെന്നും ഡോക്ടർമാർ അറിയിച്ചതിനെതുടർന്ന് രണ്ടുപേരും ഇന്ത്യയിലേക്കു തന്നെ മടങ്ങി. 1962 ജൂൺ 30 ന് പ്രമീളാ ദേവി അന്തരിച്ചു.

മരണംതിരുത്തുക

1972 മേയ് 24 ന് പുതുതായ രൂപം കൊണ്ട ബംഗ്ലാദേശ് കാസിയെ സ്വന്തം രാജ്യത്തേക്കു കൊണ്ടു വരാൻ ഇന്ത്യയുടെ അനുമതി തേടി. കാസിയുടെ മാനസിക, ശാരീരിക നില തീരെ മോശമായി. 1976 ഓഗസ്റ്റ് 29 ന് അദ്ദേഹം അന്തരിച്ചു. തന്റെ ഒരു കവിതയിൽ പരാമർശിച്ചിരുന്ന പോലെ, ധാക്ക സർവ്വകലാശാലക്കടുത്തുള്ള പള്ളിയിലാണ് കാസിയുടെ മൃതദേഹം അടക്കം ചെയ്തത്. അദ്ദേഹത്തിന്റെ അവസാന ചടങ്ങുകളിൽ പതിനായിരക്കണക്കിനാളുകൾ പങ്കെടുത്തു. ബംഗ്ലാദേശ് സർക്കാർ രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

അവലംബംതിരുത്തുക

 1. റഫിഖുൾ ഇസ്ലാം (2012). "ഇസ്ലാം, കാസി നസ്രുൾ". എന്നതിൽ സിറാജുൾ ഇസ്ലാം (സംശോധാവ്.). ബംഗ്ലാപീഡിയ: നാഷണൽ എൻസൈക്ലോപീഡിയ ഓഫ് ബംഗ്ലാദേശ് (രണ്ട് പതിപ്പ്.). ഏഷ്യാറ്റിക്ക് സൊസൈറ്റി ഓഫ് ബംഗ്ലാദേശ്. മൂലതാളിൽ നിന്നും 2018-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-01-05.
 2. "ഡീപൊസിഷൻ ഓഫ് എ പൊളിറ്റിക്കൽ പ്രിസണർ". നസ്രുൾ.ഓർഗ്. ശേഖരിച്ചത് 2015-01-06.
 3. "നോ യുവർ നസ്രൂൾ ബെറ്റർ". ദ ടെലിഗ്രാഫ്. 2012-05-15. ശേഖരിച്ചത് 2015-01-06.
 4. "കാസി നസ്രുൾ". ഇന്ത്യൻ ഫ്രീഡം ഫൈറ്റർ.ഇൻ. ശേഖരിച്ചത് 2015-01-06.
 5. "നസ്രുൾ ഇസ്ലാം ഇൽനെസ്സ് ആന്റ് ട്രീറ്റ്മെന്റ്". നസ്രുൾ.ഓർഗ്. ശേഖരിച്ചത് 2015-01-06.
 6. "കാസി നസ്രുൾ ഇസ്ലാം, എ ക്രോണോളജി ഓഫ് ലൈഫ്". നസ്രുൾ ഇൻസ്റ്റിറ്റ്യൂട്ട്. ശേഖരിച്ചത് 2015-01-06.
 7. "നസ്രുൾ ആന്റ് നർഗ്ഗീസ് ദ മാര്യേജ് സ്റ്റോറി". നസ്രുൾ.ഓർഗ്. ശേഖരിച്ചത് 2015-01-18.
 8. ആമിൻ, സോണിയ (1996). ദ വേൾഡ് ഓഫ് മുസ്ലിം വുമൺ ഇൻ കൊളോണിയൽ ബംഗാൾ 1876-1939. ബ്രിൽ. പുറം. 106. ISBN 90-04-10642-1.
 9. "നസ്രുൾ ആന്റ് നർഗ്ഗീസ് ദ മാര്യേജ് സ്റ്റോറി". നസ്രുൾ.ഓർഗ്. ശേഖരിച്ചത് 2015-01-18.
 10. "കാസി നസ്രുൾ ഇസ്ലാം - ദ റിബൽ എറ്റേണൽ". ദ ഇൻഡിപെന്റഡ്. 2014-05-23. ശേഖരിച്ചത് 2015-05-20.
 11. "അൺ പാരലൽഡ് ലിറിസിസ്റ്റ് ആന്റ് കംപോസർ ഓഫ് ബംഗാൾ". പബ്ലിക് ഇൻഫർമേഷൻ ബ്യൂറോ - ഭാരത സർക്കാർ. ശേഖരിച്ചത് 2015-01-20.
 12. സുമന്ത, സെൻ (2003). കാസി നസ്രുൾ ഇസ്ലാം - ദ ഫ്രീഡം പോയറ്റ്. രൂപ. ശേഖരിച്ചത് 2015-01-20.
 13. ഗോപാൽ, ഹൽദാർ (1973). കാസി നസ്രുൾ ഇസ്ലാം. കേന്ദ്ര സാഹിത്യ അക്കാദമി. പുറം. 55. ശേഖരിച്ചത് 2015-01-20.
 14. കമാൽ, സാജെദ് (2000). "കാസി നസ്രുൾ ഇസ്ലാം: എ ക്രോണോളജി ഓഫ് ലൈഫ്". എന്നതിൽ മുഹമ്മദ് നൂറുൾ ഹുദാ (സംശോധാവ്.). നസ്രുൾ: ആൻ ഇവാല്യേഷൻ. ധാക്ക: നസ്രുൾ ഇൻസ്റ്റിറ്റ്യൂട്ട്. പുറം. 325. ISBN 984-555-167-X. Cite has empty unknown parameters: |month= and |coauthors= (help)
 15. കമാൽ, സാജിദ് (2000). "കാസി നസ്രുൾ ഇസ്ലാം - എ ക്രോണോളജി ഓഫ് ലൈഫ്". എന്നതിൽ മുഹമ്മദ് നൂറുൾ ഹുദാ (സംശോധാവ്.). നസ്രുൾ ആൻ ഇവാല്യുേഷൻ. ധാക്ക: നസ്രുൾ ഇൻസ്റ്റിറ്റ്യൂട്ട്. പുറം. 326. ISBN 984-555-167-X. Cite has empty unknown parameters: |month= and |coauthors= (help)
"https://ml.wikipedia.org/w/index.php?title=കാസി_നസ്രുൾ_ഇസ്ലാം&oldid=3711283" എന്ന താളിൽനിന്ന് ശേഖരിച്ചത്