കാതലുക്കു മരിയാതൈ
1997 - ൽ ഫാസിൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു തമിഴ് സംഗീത - പ്രണയ ചലച്ചിത്രമാണ് കാതലുക്കു മരിയാതൈ. (മലയാളം: പ്രണയത്തിന് ബഹുമാനം). വിജയ്, ശാലിനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ശിവകുമാർ, ശ്രീവിദ്യ, മണിവണ്ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. വാണിജ്യപരമായി വലിയ വിജയം നേടിയ ഈ ചലച്ചിത്രത്തെ പല നിരൂപകരും തമിഴ് സിനിമയിലെ ക്ലാസിക്കുകളിലൊന്നായാണ് വിശേഷിപ്പിച്ചത്.[1][2] ഫാസിൽ തന്നെ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ, ശാലിനി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന മലയാള ചലച്ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഈ ചിത്രം.
കാതലുക്കു മരിയാതൈ | |
---|---|
സംവിധാനം | ഫാസിൽ |
നിർമ്മാണം | സംഗിലി മുരുകൻ |
രചന | ഗോകുല കൃഷ്ണൻ (സംഭാഷണം) |
കഥ | ഫാസിൽ |
തിരക്കഥ | ഫാസിൽ |
അഭിനേതാക്കൾ | വിജയ് ശാലിനി |
സംഗീതം | ഇളയരാജ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | കെ.ആർ. ഗൗരീശങ്കർ ടി.ആർ. ശേഖർ |
സ്റ്റുഡിയോ | മുരുകൻ സൈൻ ആർട്സ് |
വിതരണം | ആസ്കർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 165 മിനിറ്റുകൾ |
ആകെ | ₹10 കോടി (equivalent to ₹36 crore or US$5.6 million in 2016) |
കഥാസംഗ്രഹം
തിരുത്തുകധനികനായ ഒരു വ്യക്തിയാണ് ജീവാനന്ദം (വിജയ്). എന്നിരുന്നാലും ജീവാനന്ദത്തിന്റെ രക്ഷിതാക്കൾ (ചന്ദ്രശേഖറും (ശിവകുമാർ), ശ്രീവിദ്യയും) മകൻ ഉപരിപഠനം നടത്തമെന്ന് ആഗ്രഹിച്ചതിനാൽ മറ്റൊരു ചെറിയ പട്ടണത്തിൽ കൂട്ടുകാരോടൊപ്പം താമസിച്ച് എം.ബി.എ പഠിക്കുകയാണ് ജീവാനന്ദം. ഈ സമയത്ത്, പട്ടണത്തിൽ വച്ച് മിനിയെ (ശാലിനി) കണ്ടുമുട്ടുകയും ജീവ, ശാലിനിയുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. മിനി തിരികെ പ്രണയത്തെക്കുറിച്ച് പറയുന്നുവെങ്കിലും അവളുടെ സഹോദരന്മാരായ (ജെയിംസ് (രാധാ രവി), തോമസ് (തലൈവാസൽ വിജയ്), സ്റ്റീഫൻ (ഷാജി ഖാൻ)) എന്നിവർ മിനിയെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ജീവയോട് ശത്രുത പുലർത്തുകയും ചെയ്യുന്നു. ജീവയെ പല പ്രാവശ്യം സഹോദരന്മാർ ഉപദ്രവിക്കാൻ ശ്രമിക്കുകയും അതോടെ ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ ശത്രുത ഉടലെടുക്കുകയും ചെയ്യുന്നു. ഇവരിരുവരും വിവാഹം ചെയ്യാൻ തീരുമാനിക്കുകയും കേശവൻ എന്നയാളുടെ സ്വദേശത്തേക്ക് പോവുകയും അവിടെ കേശവന്റെ പിതാവ് ഇവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുനൽകുകയും ചെയ്യുന്നു. അവസാന നിമിഷത്തിലും ജീവ, തന്റെ മാതാവിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിലും പരാജയപ്പെടുന്നു. ഒടവിൽ, വിവാഹദിനത്തിൽ ഇരുവരും തങ്ങളുടെ കുടുംബങ്ങൾ കൂടി ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും അങ്ങനെ രണ്ടുപേരും തിരികെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങുകയും ചെയ്യുന്നു. ഇരു കുടുംബങ്ങളും ഇപ്പോൾ സന്തുഷ്ടരാണ്. ഈ സമയത്ത് ജീവയുടെ അമ്മ, മിനിയെ കാണാൻ ആഗ്രഹിക്കുകയും മിനിയുടെ വീട്ടിലേക്ക് പോവുകയും ചെയ്യുന്നു. അവിടെവച്ച് ജീവയ്ക്ക് മിനിയെ വിവാഹം ചെയ്തു നൽകണമെന്ന് ജീവയുടെ അമ്മ ആവശ്യപ്പെടുന്നു. ആദ്യം ഇതിനെ മറ്റെല്ലാവരും എതിർക്കുന്നുവെങ്കിലും ഒടുവിൽ ജീവയും മിനിയും വിവാഹം ചെയ്യുന്നു.
അഭിനയിച്ചവർ
തിരുത്തുക- വിജയ് - ജീവാനന്ദം
- ശാലിനി - മിനി
- ശ്രീവിദ്യ - ജീവയുടെ അമ്മ
- ശിവകുമാർ - ചന്ദ്രശേഖർ
- ചാർളി - കേശവൻ
- ദാമു - രാഘവൻ
- രാധാ രവി - ജെയിംസ്
- തലൈവാസൽ വിജയ് - തോമസ്
- ഷാജി ഖാൻ - സ്റ്റീഫൻ
- കെ.പി.എ.സി ലളിത - മിനിയുടെ അമ്മ
- മണിവണ്ണൻ - കേശവന്റെ അച്ഛൻ
- പൂർണ്ണിമ ഇന്ദ്രജിത്ത് - ലത, മിനിയുടെ സുഹൃത്ത്
- കക രാധാകൃഷ്ണൻ
- ശരണ്യ മോഹൻ
നിർമ്മാണം
തിരുത്തുകആദ്യഘട്ടത്തിൽ ഒരു പുതുമുഖ അഭിനേത്രിയെ തന്നെ നായികയായി അഭിനയിപ്പിക്കണമെന്ന് ഫാസിലിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒടുവിൽ മലയാളം പതിപ്പിൽ അഭിനയിച്ച ശാലിനിയെ തന്നെ തമിഴിലേക്കും ക്ഷണിക്കുകയായിരുന്നു.[3] ആദ്യം ഫാസിൽ, അബ്ബാസിനെയായിരുന്നു നായകനായി ഉദ്ദേശിച്ചിരുന്നത്. എന്നാൽ കാൾഷീറ്റുകൾ ശരിയായി ലഭിക്കാത്ത കാരണത്താൽ തുടർന്ന് വിജയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാനായി ക്ഷണിക്കപ്പെട്ടു.[4]
റിലീസ്
തിരുത്തുകനിരൂപണങ്ങൾ
തിരുത്തുക1997 ഡിസംബറിൽ പുറത്തിറങ്ങിയ കാതലുക്കു മരിയാതൈ, നിരൂപകരിൽ നിന്ന് അനുകൂലമായ അഭിപ്രായങ്ങളാണ് നേടിയെടുത്തത്. ദ ഹിന്ദു ദിനപത്രത്തിൽ നിന്നുള്ള നിരൂപകൻ, "പ്രണയത്തിന്റെ മൃദുലമായ ഭാവത്തെയാണ് വിജയ് ഇവിടെ എടുത്തുകാട്ടുന്നത്" എന്ന് വിജയുടെ അഭിനയത്തെ കുറിച്ചും "മികച്ച സംഭാവനകൾ" എന്ന് മറ്റുള്ളവരുടെ അഭിനയത്തെക്കുറിച്ചും അഭിപ്രായപ്പെടുകയും ഫാസിലിന്റെ സംവിധാനമികവിനെ പ്രശംസിക്കുകയും ചെയ്തു.[5] Indolink.com എന്ന വെബ്സൈറ്റിൽ നിന്നുള്ള മറ്റൊരു നിരൂപകൻ, "ഒരു മികച്ച അഭിനയപ്രകടനവുമായി ശാലിനി തിരിച്ചെത്തിയിരിക്കുന്നു" എന്നും ഇളയരാജയുടെ സംഗീതത്തെ "അവിശ്വസനീയം" എന്നും വിശേഷിപ്പിക്കുകയും കൂടാതെ മറ്റ് പ്രധാന അഭിനേതാക്കളുടെ പ്രകടനങ്ങളെയും ഫാസിലിന്റെ സംവിധാനത്തെയും പ്രശംസിക്കുകയും ചെയ്യുകയുണ്ടായി.[6] ഇന്ത്യഗ്ലിറ്റ്സ് എന്ന വെബ്സൈറ്റ്, "ആദ്യത്തെ ടൈറ്റിൽ മുതൽ ക്ലൈമാക്സ് വരെ ഈ സിനിമ മുഴുവനായി ചലച്ചിത്ര മേഖലയിലെത്തന്നെ ഒരു മാസ്റ്റർപീസാണ്. ഇളയദളപതി വിജയുടെ അഭിനയജീവിതത്തിലെ തന്നെ ഒരു വഴിത്തിരിവാണ് ഇത്. [..] ഇന്നത്തെ കാലത്ത് പുറത്തിറങ്ങുന്ന നിരവധി പ്രണയകഥാ ചലച്ചിത്രങ്ങൾക്കും പ്രധാന പ്രചോദനം കാതലുക്കു മരിയാതൈ തന്നെയാണ്." എന്ന് ചലച്ചിത്രത്തെക്കുറിച്ച് പിന്നീട് അഭിപ്രായപ്പെട്ടു.[7][8]
1997 - ലെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാര വേളയിൽ വിജയ്ക്ക് മികച്ച നടനുള്ള പുരസ്കാരം കാതലുക്കു മരിയാതൈയിലെ അഭിനയത്തിന് ലഭിച്ചു. അന്ന് പാർത്ഥിപനോടൊപ്പമാണ് വിജയ് അവാർഡ് പങ്കിട്ടത്. കൂടാതെ ആ വർഷത്തെ മികച്ച ഗാനരചയിതാവിനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം, പഴനി ഭാരതിയ്ക്കും ലഭിക്കുകയുണ്ടായി.[9]
അനിയത്തിപ്രാവിനെയും കാതലുക്കു മരിയാതൈയെയും ആസ്പദമാക്കിക്കൊണ്ട് ഹിന്ദിയിൽ ഡോളി സജാ കേ രഘ്നാ എന്ന പേരിൽ ഒരു റീമേക്ക് ചലച്ചിത്രവും പുറത്തിറങ്ങിയിരുന്നു. അക്ഷയ് ഖന്ന, ജ്യോതിക എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം വാണിജ്യപരമായി വലിയ വിജയവും നേടുകയുണ്ടായി.[10] കാതലുക്കു മരിയാതൈ വിജയിച്ചതോടെ, സംവിധായകൻ തുടർന്നും ഇതേ സംഘത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും തുടർന്ന് കണ്ണുക്കുൾ നിലവ് എന്ന പേരിലുള്ള ഒരു ചലച്ചിത്രം നിർമ്മിക്കുകയും ചെയ്തു. ഈ ചലച്ചിത്രവും നിരൂപകപ്രശംസ നേടുകയും വാണിജ്യ വിജയം നേടുകയും ചെയ്തു.
ശബ്ദട്രാക്ക്
തിരുത്തുകകാതലുക്കു മരിയാതൈ | |
---|---|
ശബ്ദട്രാക്ക് by ഇളയരാജ | |
Released | 1997 |
Recorded | 1997 |
Genre | Feature film soundtrack |
Label | സ്റ്റാർ മ്യൂസിക് |
ഇളയരാജയാണ് ചലച്ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.[11] ചിത്രത്തിലെ നായകനായ വിജയ്, ഓ ബേബി എന്ന പേരിലുള്ള ഒരു ഗാനവും ചലച്ചിത്രത്തിൽ ആലപിച്ചിരുന്നു. എല്ലാ ഗാനങ്ങളുടെയും വരികൾ രചിച്ചിരിക്കുന്നത് പഴനി ഭാരതിയാണ്.
ഗാനത്തിന്റെ പേര് | ഗായകർ | നീളം |
---|---|---|
എന്നൈ താലാട്ട | ഹരിഹരൻ, ഭവതാരിണി ഇളയരാജ | 05:05 |
ആനന്ദക്കുയിലിൻ പാട്ട് | മലേഷ്യ വാസുദേവൻ, എസ്.എൻ. സുരേന്ദർ, അരുൺമൊഴി, കെ.എസ്. ചിത്ര, ദീപിക | 04:58 |
ഒരു പട്ടാം പൂച്ചി | കെ.ജെ. യേശുദാസ്, സുജാത | 05:13 |
ഇതു സംഗീത തിരുനാളോ | ഭവതാരിണി ഇളയരാജ | 04:35 |
ആനന്ദക്കുയിലിൻ പാട്ട് | കെ.എസ്. ചിത്ര | 01:53 |
ഓ ബേബി | വിജയ്, ഭവതാരിണി ഇളയരാജ | 04:56 |
എന്നൈ താലാട്ട വരുവാളാ | ഇളയരാജ | 05:05 |
അയ്യാ വീട് | ഇളയരാജ, അരുൺമൊഴി | 04:54 |
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം - വിജയ് (1997)
പാരമ്പര്യം
തിരുത്തുക1999 - ൽ പുറത്തിറങ്ങിയ ആസൈയിൽ ഒരു കടിതം എന്ന ചലച്ചിത്രത്തിൽ വിവേക്, എന്നൈ താലാട്ട വരുവായാ എന്ന ഗാനം ആലപിക്കുകയും ഈ ഗാനത്തിലെ വിജയുടെ നൃത്തച്ചുവടുകളെ അനുകരിക്കുകയും ചെയ്യുന്നുണ്ട്.[12] എന്നൈ താലാട്ട വരുവാളാ എന്ന പേരിൽ 2003 - ൽ പുറത്തിറങ്ങിയ ചലച്ചിത്രത്തിനുള്ള മുഖ്യ പ്രചോദനവും ഈ ഗാനം തന്നെയായിരുന്നു. അജിത് കുമാർ ഈ ചിത്രത്തിൽ അതിഥി വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.[13]
എന്റർടെയിൻമെന്റ് പോർട്ടലായ ബിഹൈൻഡ്‍വുഡ്സ്, വിജയുടെ 20 മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാംസ്ഥാനം നൽകിയത് കാതലുക്കു മരിയാതൈയ്ക്കായിരുന്നു. കൂടാതെ തമിഴിലെ 20 മികച്ച പ്രണയകഥകളുടെ പട്ടികയിലും കാതലുക്കു മരിയാതൈ ഉൾപ്പെട്ടിരുന്നു.[14][15] ഈ ചിത്രത്തിലെ ഏതാനും രംഗങ്ങൾ 2010 - ൽ പുറത്തിറങ്ങിയ തമിഴ് പടം എന്ന ചിത്രത്തിൽ സ്പൂഫ് ചെയ്യപ്പെട്ടിരുന്നു.
അവലംബം
തിരുത്തുക- ↑ Kadhalukku Mariyadhai, IMDb, retrieved 2009-01-15
- ↑ "Rediff On The NeT, Movies: Gossip from the southern film industry". Rediff. 1999-11-04. Retrieved 2012-04-22.
- ↑ "Penchant for riveting romances - The Hindu". Cscsarchive.org:8081. 2004-06-20. Retrieved 2012-04-22.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://web.archive.org/web/19990507170950/http://www.dinakaran.com/cinema/english/gossip/1-5-98/gosrajni.htm#4#4
- ↑ "Kadhalukku Mariyathai - The Hindu". Devadoss.tripod.com. 1997-12-26. Retrieved 2012-04-22.
- ↑ "Kaadhalukku Mariyaadhai: Movie Review". Indolink.com. Archived from the original on 2012-06-10. Retrieved 2012-04-22.
- ↑ http://www.indiaglitz.com/love-in-the-air-part-1-kannada-news-90952
- ↑ https://news.google.com/newspapers?nid=x8G803Bi31IC&dat=19980110&printsec=frontpage&hl=en
- ↑ [1] Archived 1 January 2008 at the Wayback Machine.
- ↑ "Rediff On The NeT, Movies: The Ajit-Shalini romance". Rediff. 1999-09-15. Retrieved 2012-04-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-24. Retrieved 2019-10-16.
- ↑ Aasaiyil Oru Kaditham (DVD)
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-20. Retrieved 2019-10-16.
- ↑ http://behindwoods.com/tamil-movies/slideshow/top-20-best-films-of-vijay/1-kaadhalukku-mariyadhai-1997.html
- ↑ http://www.behindwoods.com/tamil-movies-slide-shows/movie-4/best-love-stories/kadhalukku-mariyadhai.html