ഏകാധിപത്യം

(ഏകാധിപതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭരണകൂടത്തിന്റെ അധികാരങ്ങൾ തന്നിൽതന്നെ നിക്ഷിപ്തമാക്കി ഒരൊറ്റയാൾനടത്തുന്ന അനിയന്ത്രിത ഭരണത്തെ ഏകാധിപത്യം (ഇംഗ്ലീഷ്:Autocracy) എന്നുപറയുന്നു. ഏകാധിപതിയുടെ മേൽവ്യവസ്ഥാപിത നിയന്ത്രണങ്ങളൊന്നും തന്നെ ബാധകമായിരിക്കയില്ല.

ആദ്യകാലം മുതൽക്കുതന്നെ ഗവണ്മെന്റിന്റെ രൂപമനുസരിച്ച് രാഷ്ട്രങ്ങള്‍ മൂന്നായി തരം തിരിക്കപ്പെട്ടിരുന്നു; രാജവാഴ്ച, അഭിജാതാധിപത്യം (Aristocracy), ജനാധിപത്യം.

രാജവാഴ്ച, അതിന്റെ വൈകൃതമായ സ്വേച്ഛാധിപത്യം (Tyranny); അഭിജാതാധിപത്യം, അതിന്റെ വൈകൃതമായ അല്പാധിപത്യം (Oligarchy); ജനാധിപത്യം, അതിന്റെ വൈകൃതമായ പാമരപ്രഭുത്വം (Mobocracy) എന്നിങ്ങനെയാണ് പ്ലേറ്റോ ഗവണ്മെന്റുകളെ തരം തിരിച്ചത് (റിപ്പബ്ലിക്ക് 8, 9, പുസ്തകങ്ങൾ). അരിസ്റ്റോട്ടിലാകട്ടെ ആധുനിക അർത്ഥത്തിലുള്ള ജനാധിപത്യത്തിന് പോളിറ്റി എന്ന പദം പ്രയോഗിക്കുകയും ഡെമോക്രസി എന്ന പദത്തെ പോളിറ്റിയുടെ വൈകൃതം എന്നു വിശേഷിപ്പിക്കുകയും ചെയ്തു. പോളിറ്റിയെന്ന് അരിസ്റ്റോട്ടൽ വിശേഷിപ്പിച്ചത് മധ്യവഗ്ഗങ്ങളുടെ ഭരണത്തെയാണെന്നും പാമരന്മാരുടെ (ദരിദ്രരായ താണവർഗ്ഗങ്ങൾ) നേതൃത്വത്തിലുള്ള ഭരണത്തെ ഡെമോക്രസി (ജനാധിപത്യം) യെന്ന് വിവക്ഷിച്ചുവെന്നും പ്രാചീന രാഷ്ട്രമീമാംസാ സംഹിതകളുടെ വ്യാഖ്യാതാക്കൾഅഭിപ്രായപ്പെടുന്നു. [1]

ഭരണാധികാരിടെ ഹിതം മാത്രമാണ് ഏകാധിപത്യ ഭരണകൂടത്തിന്റെ അധികാരത്തിനുള്ള ന്യായീകരണം. സമൂഹത്തെ അവഗണിച്ചുകൊണ്ടുള്ള ഏകാധിപത്യത്തിന് സ്ഥായിയായ ആദർശതത്വങ്ങളോ മൗലികമായ നിയമങ്ങളോ ഇല്ല. നിയമമോ നടപടിക്രമങ്ങളോ ഏകാധിപതിയുടെ ഇച്ഛയെ തടസ്സപ്പെടുത്തുന്നില്ല. അതിന്റെ നിയമം സന്ദർഭാനുസരണം വേണ്ട ആവശ്യത്തെ മുൻനിറുത്തിയുള്ളതു മാത്രമാണ്. ഒരു നിയമത്തിനും ഏകാധിപതിയുടെ കല്പനയിൽകവിഞ്ഞ പദവി ഉണ്ടായിരിക്കുകയില്ല. നീതിയെ സംബന്ധിച്ച തന്റെ പ്രഖ്യാപനങ്ങൾക്കൊന്നും സാമൂഹികമായ അടിസ്ഥാനമുണ്ടായിരിക്കണമെന്നില്ല.

ഏകാധിപത്യത്തിന്റെ ചരിത്രം

തിരുത്തുക

യുദ്ധമോ ആഭ്യന്തര കലാപമോ നിമിത്തം ആപത്കരമായ രാഷ്ട്രീയ സാഹചര്യമുണ്ടാവുമ്പോൾ പുരാതന റോമൻ റിപ്പബ്ലിക്കിൽ അവലംബിച്ചിരുന്ന സൈനിക ഭരണസമ്പ്രദായമാണ് ഏകാധിപത്യം. സെനറ്റിന്റെ അപേക്ഷപ്രകാരം കോൺസൽമാർ ചേർന്ന് മുൻകോൺസൽമാരിൽ ഏറ്റവും ധീരനും സത്യസന്ധനുമായ ഒരാളെ ഏകധിപതിയായി തെരഞ്ഞെടുത്തിരുന്നു. എന്നാൽഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഏകാധിപതിക്ക് സെനറ്റിനോട് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല. ഈ പ്രത്യേക അധികാര കേന്ദ്രീകർണം പരമാവധി ആറു മാസമേ നീണ്ടു നിൽക്കുമായിരുന്നുള്ളു.

ആദ്യത്തെ റോമന്‍ ഏകാധിപതിയെ തിരഞ്ഞെടുത്തത് ബി.സി. 500 - ം മാണ്ടിലാണ്. പ്രാരംഭകാലത്ത് റോമിലെ അഭിജാത വർഗ്ഗമായ പെട്രീഷ്യന്മാരിൽനിന്നുമാണ് ഏകാധിപതികളെ തെരഞ്ഞെടുത്തിരുന്നത്. എന്നാല് ‍ബി.സി. 356 - ം മാണ്ടോടുകൂടി പ്ലെബിയന്മാരും തെരഞ്ഞെടുക്കപ്പെട്ടു തുടങ്ങി. ബി.സി. 3 - ം ശ. നു ശേഷം ഏകാധിപത്യം ദുരുപയോഗപ്പെടുത്താൻതുടങ്ങി. സുള്ളായുടെയും ജൂലിയസ് സീസറുടെയും കാലത്തോടെ ഇത് പുനരുദ്ധരിക്കപ്പെട്ടുവെങ്കിലും ഏകാധിപത്യം പേരിൽമാത്രമൊതുങ്ങി.

സ്വേച്ഛാധിപത്യം (ഇംഗ്ലീഷ്:Tyranny) എന്ന ഗ്രീക്കു സംജ്ഞയ്ക്ക് ഇന്നറിയപ്പെടുന്ന ഏകാധിപത്യത്തോട് സാമ്യമുണ്ട്. സ്വേച്ഛാധിപതിയായ ഒരു വ്യക്തി തനിയയോ അഥവാ തനിക്ക് അധീനരായ വ്യക്തികളിലൂടെയോ നിയമനിർമ്മാണ നിർവഹണപരമായ എല്ലാ അധികാരങ്ങളും പിടിച്ചടക്കിയിരിക്കുന്ന ഗവണ്മെന്റു രൂപം എന്ന അർത്ഥത്തിൽഇത് ഉപയോഗിച്ചു പോന്നു.


ഗ്രീസും റോമും കാലികമായ സ്വേച്ഛാധിപത്യത്തിന് വിധേയമായിരുന്നുവെങ്കിലും അവിടെങ്ങും ബാബിലോണിയ, അസീറിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേതുപോലെ അനിയന്ത്രിതാധിപത്യ സിദ്ധാന്തം ആവിഷ്കരിക്കപ്പെടുകയോ പ്രയോഗിക്കപ്പെടുകയോ ചെയ്തിട്ടില്ല. യഹൂദ പാർമ്പര്യത്തിനോ രാഷ്ട്രീയ അമിതാധിപത്യ സിദ്ധാന്ത പ്രയോഗത്തിനോ സ്ഥാനമുണ്ടായിരുന്നില്ല. ഏകദൈവവിശ്വാസം മനുഷ്യ സാഹോദര്യത്തിലും ദൈവത്തിന്റെ മുൻപിൽ സമാനതയിലും വിശ്വസിക്കുവാൻ ഇടയാക്കുകയും ഒരു അനിയന്തിതാധിപ രാജാവിനു സാദ്ധ്യത ഒഴിവാക്കുകയും ചെയ്തു. നിയമത്തിനു പിന്നിലെ നിയമത്തെ സംബന്ധിച്ച ബൈബിള്‍ സങ്കല്പം ഭൗമിക ഗവണ്മെന്റിനും മേലായ ദൈവിക നിയമത്തെക്കുറിച്ച് ഐഹിക രാജാക്കന്മാർക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു. എന്നാൽപ്രാചീന കാലത്ത്, മിക്ക കിഴക്കൻരാജ്യങ്ങളിലും ഏകാധിപത്യ ഭരണകൂടങ്ങൾനിലനിന്നിരുന്നു. ഗ്രീക്കു - റോമൻസംസ്കാരങ്ങളുടെ സവിശേഷതകളായ് വ്യഷ്ടിവാദം, അസ്വസ്ഥത, അന്വേഷണം എന്നിവ ഏഷ്യയിലെ അനിയന്ത്രിതാധിപത്യത്തിന്റെ (absolute authority) യൂറോപ്പിലേക്കുള്ള വ്യാപനതിനെതിരേ കോട്ടകളെപ്പോലെ ചെറുത്തുനിന്നു.

പരസ്പര വിരുദ്ധമായ പൗരസ്ത്യ - പാശ്ചാത്യ ജീവിതരീതികൾ തമ്മിലുള്ള സമരമായിരുന്നു പാശ്ചാത്യ സംസ്കാരത്തിന്റെയും ലോക ചരിത്രത്തിന്റെയും ആവിർഭാവത്തിനു കാരണമായ പ്രമുഖ പ്രമേയങ്ങളിൽ ഒന്ന്. [2]


മധ്യകാലഘട്ടത്തിന്റെ ആരംഭത്തിൽ ആചാരങ്ങളെയും പുരാതനനിയമങ്ങളെയും സംബന്ധിച്ച ശക്തമായ ബോധം, ഒരു രാഷ്ട്രീയ സിദ്ധാന്തവും ഭരണസംവിധാനവുമെന്ന നിലയിലേക്കുള്ള നിയന്ത്രിതാധിപത്യത്തിന്റെ വളർച്ചയെ തടസപ്പെടുത്തി. മധ്യകാലത്തെ സുപ്രധാന സവിശേഷതയായ ഫ്യൂഡലിസത്തിന്റെ ആവിർഭാവം സാമൂഹികവും സാമ്പത്തികവുംമായിരുന്നു എങ്കിലും അതിന് സുപ്രധാന രാഷ്ട്രീയ വിവക്ഷകളുണ്ടായിരുന്നു. അടിയാനു ജന്മിയോട് കൂറും അനുസരണയും ബഹുമാനവും ഉണ്ടായിരുന്നു; പകരം ജന്മി അടിയാന് സംരക്ഷണവും സഹായവും നീതിയും നൽകണമെന്ന ധാരണയുമുണ്ടായിരുന്നു.

16 - ം ശ. മുതൽക്ക് അമിതാധിപത്യം പാശ്ചാത്യലോകത്ത് ശക്തമായൊരു രാഷ്ട്രീയ യാഥാർഥ്യമായി തീർന്നു കൊണ്ടിരുന്നു. എന്നാൽഅതിശക്തമായ കുലീന വിഭാഗങ്ങളുടെ ചെറുത്തുനില്പു കാരണം അത്യധികം ആയാസകരമായിട്ടായിരുന്നു ഇറ്റലി ഒഴികെയുള്ള രാജ്യങ്ങളിൽ സ്വേച്ഛാധിപത്യം സ്ഥാപിക്കപ്പെട്ടത്. യൂറോപ്യൻ രാജ്യങ്ങളിൽവച്ച് ഇംഗ്ലണ്ടിലെ രാജാവാണ് ആദ്യമായി തികച്ചും അനിയന്ത്രിതാധികാര രാജാവ് (absolute prince) ആയിരിക്കുവാൻ വേണ്ട ശക്തി ആർജിച്ചത്. ട്യൂഡർ കാലഘട്ടത്തിന്റെ ആരംഭത്തിൽ രാജകീയാധികാരത്തിന്റെ ഉപകരണം മാത്രമായിരുന്നു പാർലമെന്റ്. എന്നാൽ എലിസബെത്തിന്റെ ഭരണകാലാവസാന വർഷങ്ങളിൽ അത് കുറേക്കൂടി ശക്തമായിത്തീർന്നു. ഫ്രാൻസിൽരാജകീയധികാര ശക്തി വിജയം വരിച്ചത് കുറേക്കൂടി വൈകിയായിരുന്നു. ഇംഗ്ലണ്ടിലെ ഹെന്റ്റി viii നോളം ശക്തനായ ആദ്യത്തെ ഫ്രഞ്ചു രാജാവ് ലൂയി xiv - മനായിരുന്നു. 17 - ം നൂറ്റാണ്ടോടുകൂടി യൂറോപ്പിലെ മിക്ക രാജ്യങ്ങളും അനിയന്ത്രിതാധികാര വാഴ്ചക്കു കീഴിലായി. 1789 ലെയും 1848 ലെയും വിപ്ലവം വരെ ഈ ഗവണ്മെന്റു രൂപത്തിനായിരുന്നു, പ്രാമാണ്യം. അമിതാധികാര രാജാക്കന്മാരുടെ ഭരണോപകരണങ്ങൾ അപ്രായോഗികങ്ങൾ ആയിരുന്നു. മിക്കപ്പോഴും അവർക്ക് സാമ്പത്തിക ഞെരുക്കം നേരിടേണ്ടതായും വന്നു. അതുകൊണ്ട് ഇത്തരം ഭരണകൂടങ്ങളുടെ അധികാരം ആധുനിക ഗവണ്മെന്റുകളുടേതു പോലെ ഫലപ്രദമായിരുന്നില്ല.

സഭയുടെയും സാമ്രാട്ടിന്റെയും സർവാധികാരത്തെ സംബന്ധിച്ച അവകാശ വാദങ്ങൾക്കും കുലീനരുടെയും ചെറുകിട രാജാക്കന്മാരുടെയും വിഘടന പ്രവണതകൾക്കുമെതിരായുള്ള സമരത്തിലൂടെ ആധുനിക ദേശീയരാഷ്ട്രങ്ങൾ ജന്മമെടുത്തു. രാജകീയ പരമാധികാരം എന്ന തത്ത്വത്തിൽനിന്നുദ്ഭവിച്ച അനിയന്ത്രിതാധികാര സിദ്ധാന്തം ഒരു പുതിയ രാഷ്ട്രിയ സംഘടനാരൂപത്തിൽ ദേശീയ രാഷ്ട്രങ്ങളെ ഏകീകരിക്കുവാനും ബലവത്താക്കുവാനും ഹായിച്ചു. 1917 ന് മുൻപ് റഷ്യയിൽ നിലനിന്നിരുന്ന സാർഭരണവും 20 - ം നൂറ്റണ്ടിലെ നാസിസ്വേച്ഛാധിപത്യവും ആണ് ആധുനിക ഏകാധിപത്യ ഭരണക്രമത്തിന്റെ പരമമായ രൂപങ്ങൾ.[3]

വ്യത്യസ്തപദപ്രയോഗങ്ങൾ.

തിരുത്തുക

ഏകാധിപത്യത്തെ വിവക്ഷിക്കുന്നതിന് ആംഗലഭാഷയിൽ വിവിധ പദങ്ങൾപ്രയോഗിക്കുന്നുണ്ട്: അബ്സല്യൂട്ടിസം (അനിയന്ത്രിതാധിപത്യം), ഓട്ടോക്രസി (ഏകാധിപത്യം), ഡെസ്പോട്ടിസം (സ്വേച്ഛാപ്രഭുത്വം), ടിറനി (സ്വേച്ഛാധിപത്യം), ഡിക്റ്റേറ്റർഷിപ്പ് (സർവാധിപത്യം). ഒന്നിലേറെ വ്യക്തികൾചേർന്നുള്ള അനിയന്ത്രിതാധികാരഭരണവും 'അബ്സല്യൂറ്റിസം' എന്ന സംജ്ഞയ്ക്കു കീഴിൽവരാം. വ്യക്തമായി നിർവചിക്കപ്പെട്ട നിയമത്തിന്റെയും ധാർമികത്വത്തിന്റെയും സംയമം കൂടാതെ ഭരണാധിപനോ ഭരണാധിപൻമാരോ ഒരു സമൂഹത്തെ ഭരിക്കുന്നതിനുപയോഗിക്കുന്ന രാഷ്ട്രീയ സിദ്ധാന്തവും സംവിധാനവും എന്ന് അബ്സല്യൂട്ടിസത്തെ നിർവചിക്കാം. ഓട്ടോക്രസി എന്ന പദത്തെയാകട്ടെ ഭരണാധിപന്റെ വ്യാമോഹത്തിനെതിരെ ജനങ്ങളെ സംരക്ഷിക്കുന്നതിന് രാഷ്ട്രീയവും നിയമപരവുമായ സ്ഥാപനങ്ങൾ വികസിപ്പിക്കുവാൻ കഴിയാത്ത പിന്നോക്ക സമൂഹങ്ങളിൽ നിലനിൽക്കുന്ന ഒന്നായി പരിമിതപ്പെടുത്തിയാണ് നിർവചിച്ചിരിക്കുന്നത്. യന്ത്രവത് സമൂഹങ്ങളിലെ ഏകധിപത്യത്തിന്റെ പ്രശ്നങ്ങളെ പരാമർശിക്കുമ്പോൾ ഡിക്റ്റേറ്റർഷിപ് എന്ന പദമാണ് പ്രയോഗിക്കപ്പെടുന്നത്. എന്തെന്നാൽഈ കാലഘട്ടത്തെ ഏകാധിപത്യം കൂടുതൽവ്യാപകവും ശക്തവുമാണ്.[4]

എന്നാൽ ഏകാധിപത്യം നിലനിൽക്കണമെങ്കിൽ സൈന്യത്തെയും മറ്റു പ്രബല ന്യൂനപക്ഷങ്ങളെയും തൃപ്തിപ്പെടുത്തേണ്ടതുണ്ട്. ഏറ്റവും നിരങ്കുശനായ ഏകാധിപതി പോലും ഉദ്യോഗസ്ഥ-അഭിജാത വർഗ്ഗങ്ങളുടെ പൊതു താത്പര്യങ്ങളുടെയും ഇടപെടലുകളുടെയും സ്വാധീനതയ്ക്ക് വിധേയനാണ്.

പദപ്രയോഗങ്ങളിലും വിശദാംശങ്ങളിലും വ്യത്യാസങ്ങളുണ്ടാവാമെങ്കിലും ചരിത്രപരമായ കാഴ്ചപ്പാടിൽ ഏകാധിപത്യത്തിന്റെ പ്രാധാന്യം സാമൂഹിക വളർച്ചയുടെ എല്ലാ കാലഘട്ടങ്ങളിലും ഒരേപോലെ തന്നെയാണ്. ഇത് മാനുഷികവും തുടച്ചയുള്ളതുമാണ്; ദൈവിക വിധിയോ പ്രാദേശികമോ പ്രത്യേക കാലഘട്ടന്റേതോ അല്ല.

വ്യക്ത്യധിഷ്ഠിത ഭരണാധികാരികൾ

തിരുത്തുക

'കിങ്' എന്ന ആംഗ്ലോ-സാക്സൻ പദത്തിന്റെ അർത്ഥം 'കഴിവുള്ള മനുഷ്യൻ' എന്നാണ്. മറ്റുള്ളവരുടെ മേലുള്ള അധികാരത്തിന്റെ യാതൊരു സൂചനയും ഈ പദത്തിനില്ല. കിങിനു സമാനമായ ലാറ്റിൻ പദം കൈയ്സ് എന്നും ഇന്ത്യൻപദം രാജാവ് എന്നുമാണ്. രാജാവ് മന്ത്രിസഭയുമായി കൂടിയാലോചന നടത്തുന്നതിലോ അതിന്റെ ഉപദേശപ്രകാരം പ്രവർത്തിക്കുന്നതിലോ ഏകശാസനസംവിധാനത്തിന് നിരക്കാത്ത യാതൊന്നുമില്ല. തന്റെ ഔന്നിത്യത്തിൽ സമൂഹത്തിൽ നിന്നും വളരെയധികം ഉയർന്ന ഏകനായ ഭരണാധിപനാണ് മോണാർക്ക്. ഏതുതരം ഏജന്റുകളിലൂടെ ഭരിച്ചാലും ഭരണരീതിയെ മോണാർക്കി (രാജവാഴ്ച) എന്നാണു വിളിക്കുക.

രാജവാഴ്ച ഒരു പർമ്പരാഗത-രാജവംശീയ-സ്വയംപര്യാപ്ത വർഗത്തിൽ അധിഷ്ഠിതമാണ്. വംശാവലിയല്ലാതെ മറ്റൊരു അനുശാനത്തോടും അതിനുത്തരവാദിത്വമില്ല. 'ഞാൻതന്നെ രാഷ്ട്രം' എന്ന ലൂയി xiv-ംന്റെ പ്രഖ്യാപനത്തിന്റെ താത്പര്യം ഇതാണ്. തന്റെ മതാനുസാരിത്വവും സാമ്പത്തിക-ഏകീകരണ നയങ്ങളും അത്രത്തോളം സമഗ്രാധിപത്യ പരമായിരുന്നു. എന്നാൽ ജപ്പാനിലെ രാജാക്കന്മാർ നിസ്സംഗത പാലിക്കുകയും സൈന്യാധിപന്മാർ യഥാർഥ-അധികാരം കൈയടക്കി വയ്ക്കുകയും ചെയ്തിരുന്നു.

ജനങ്ങളുടെ 'ചെറിയച്ഛൻ' എന്നർഥമുള്ള ഷാ എന്ന പദവി, വീടു പോലെ പിതൃപ്രാമുഖ്യ ഭരണത്തിൻ കീഴിലുള്ള ഒരു കുടുംബമാണ് രാഷ്ട്രം എന്ന ആശയത്തെ ധ്വനിപ്പിക്കുന്നു. സാമാന്യമായ അർത്ഥത്തിൽ മുസ്ലീം രാഷ്ട്രങ്ങളിൽ പാദുഷ (ബാദ്ശാഹ്), പാഷാ, ഷാ എന്നീ പേരുകളാണ് രാജസ്ഥാനത്തിന് നൽകിയിരുന്നത്. ഇവിടെ രാജാവ് ജനങ്ങളുടെ സംരക്ഷകനാണ്.

റോമാക്കാരെ സംബന്ധിച്ചിടത്തോളം രാജത്വത്തെ സംബന്ധിച്ച സംബോധന അധികാരത്തിന്റെ ഭഷയിലായിരുന്നു. പ്രാചീന റോമൻ റിപ്പബ്ലിക്കിൽ ഒരു പ്രത്യേക യുദ്ധത്തിൽ വിജയിയായ സൈനിക ജനറിന് ഇമ്പറേറ്റർ(imperator) എന്ന പേരു നൽകിയിരുന്നു. ഇതിൽനിന്നാണ് എമ്പറർ(emperor) എന്ന പദം ആവിർഭവിച്ചത്. ആക്രമണങ്ങളും കീഴടക്കലുകളുമാണ് ചക്രവർത്തിയുടെ യശസ്സ് ഉയർത്തുന്നത്. മഹാനായ അൽക്സാണ്ടർ, ചെങ്കിസ്ഖാൻ, നെപ്പോളിയൻ എന്നീ ചക്രവർത്തിമാർ ആ പദത്തിന്റെ എല്ലാ സവിശേഷതകളുടെയും മൂർത്തീകരണങ്ങൾ ആയിരുന്നു.[5]

സ്വേച്ഛാപ്രഭുത്വം.

തിരുത്തുക

ഡെസ്പോട്ട് (Despot) എന്ന പദത്തിന് യജമാനൻ അഥവാ പ്രഭു എന്ന അർത്ഥമാണുണ്ടായിരുന്നത്. പിൽക്കാലത്ത് ഇത് തങ്ങളുടെ മക്കളോ മരുമക്കളോ പ്രവശ്യാഗവർണർ ആയിരിക്കുമ്പോൾ അവർക്കു നൽകുന്ന ബഹുമതിബിരുദമായിത്തീർന്നു. 12 - ം ശ. ത്തിന്റെ അവസാനം ഏഞ്ചലസ് എന്ന് ഇരട്ടപ്പേരുള്ള അലക്സിസ് iii - മനാണ് ഈ പദവി ആദ്യമായി സൃഷ്ടിക്കുകയും ചക്രവർത്തി കഴിഞ്ഞാൽ അടുത്ത സ്ഥാനം അതിനു നൽകുകയും ചെയ്തതെന്ന് പറയപ്പെടുന്നു. പിൽക്കാലത്ത് ഈ പദത്തിന് സ്വേച്ഛാധിപതി അഥവാ അനിയന്ത്രിതാധിപതി എന്ന അർത്ഥമുണ്ടായി. സങ്കുചിതമായ അർത്ഥത്തിൽ ഇതിന്റെ ആശയം നിഷ്ടുരശാസനം എന്നാണ്. കാരണം അമിതാധികാരത്തിന്റെ ഉടമസ്ഥതയും അതിന്റെ ദുരുപയോഗവും ഒന്നിനോടൊന്നു ബന്ധപ്പെട്ട കാര്യങ്ങളാണ്

സ്വേച്ഛാധിപതി (Tyrant).

തിരുത്തുക

'ടൈറന്റ്' എന്ന ഗ്രീക്കു പദം ദുശകുനം പിടിച്ച ഒന്നായി മാറിയിരിക്കുന്നു. സ്വേച്ഛാദുർഭരണത്തെയാണ് ടിറനി എന്നു വിവക്ഷിക്കുന്നത്. എന്നാൽ ആദ്യം അധികാരത്തിന്റെ പ്രയോക്താവ് എന്ന അർത്ഥം മാത്രമേ ഈപദത്തിനുണ്ടായിരുന്നുള്ളു. നഗരങ്ങൾ ചെറുതും വേറിട്ടുള്ള ഭരണത്തിൻകീഴിലും ആയിരുന്നപ്പോൾ സ്വേച്ഛാധിപതിയുടെ ഭരണം എക്സിക്യൂട്ടീവ് മേയറുടേതുപോലെ ആയിരുന്നു. ഇറ്റാലിയൻ നഗരങ്ങളിൽ ഇത്തരം ഭരണാധികാരികളെ പോഡെസ്റ്റ (podesta) എന്നു പറഞ്ഞിരുന്നു. ആര്യൻഫ്യൂററിനെ (Fuhrer) പോലെ അദ്ദേഹവും കുലീനരെയും സമ്പന്നരെയും പ്രതിയോഗികളായി കണക്കാക്കി. അവരെ അടിച്ചമർത്തുകയും കൊള്ളയടിക്കുകയും നാടുകടത്തുകയും ചെയ്യാമെന്നും കരുതിയിരുന്നു.

സ്വേച്ഛാധിപതിയെ സൂചിപ്പിക്കുന്ന മറ്റൊരു പദമാണ് ഓട്ടോക്രാറ്റ് (Autocrat). ഗ്രീക്കു സങ്കല്പമനുസരിച്ച്, വ്യക്തിപരമായ യോഗ്യതകൾഎന്തൊക്കെയായാലും അധികാരം വിനിയോഗിക്കുന്നതിനുള്ള തന്റെ അവകാശം (ദൈവികാനുമതിയാൽ ലഭിചത്) തന്നിൽതന്നെ നിക്ഷിപ്തമാക്കിയിരിക്കുന്നയാളാണ് ഓട്ടോക്രാറ്റ്. [6]

സർവാധിപതി (Dictator).

തിരുത്തുക

മുമ്പു സൂചിപ്പിച്ചതുപോലെ അടിയന്തരാവസ്ഥക്കാലത്ത് സർവ അധികാരങ്ങളും നിക്ഷിപ്തമാക്കിക്കൊണ്ട് നിയമിക്കപ്പെട്ടിരുന്ന മജിസ്ട്രേറ്റിൽ നിന്നുമാണ് ഡിക്ടേറ്റർ എന്ന പദം ആവിർഭവിച്ചത്. ലാറ്റിനിൽ ഈ പദത്തിന് അത്ര സൈനിക പ്രാധാന്യമില്ലായിരുന്നു. സമൂഹമോ സവിശേഷ സാഹചര്യമോ നിർദ്ദേശിച്ചാലല്ലാതെ ഒരു സർവാധിപതിക്കും ആധിപത്യം പുലർത്തൻ കഴിയില്ലെന്നാണ് പരമ്പരാഗത ലാറ്റിൻധാരണ. തിബര്‍ നദീതീരത്തുള്ള പുരാതന ലാറ്റിന് ‍റിപ്പബ്ലിക്കിന്റെ ഈ പാരമ്പര്യത്തെ മുസോളിനിയും ഹിറ്റലറും പോലും മാനിച്ചിരുന്നുവെന്നു വാദിക്കുന്നവരുണ്ട്. എത്ര തന്നെ കപടമായിട്ടാണെങ്കിലും ഔപചാരിക നടപടിക്രമങ്ങളുള്ള ജനഹിത പരിശോധനയിൽ അടിസ്ഥാനമാക്കിയായിരുന്നു അവർതങ്ങളുടെ അധികാരം വിനിയോഗിച്ചിരുന്നത്. ഇത് പൂർവികരിൽനിന്നാർജിക്കുകയോ സന്തതികൾക്ക് കൈമാറുകയോ ചെയ്യുന്നതല്ല.[7]

ഏകധിപത്യ ഭരണകൂടങ്ങൾ.

തിരുത്തുക

ഫ്രാൻസ് ആണ് യൂറോപ്യൻ രാജ്യങ്ങളിൽ അതിശക്തമായ ഏകാധിപത്യം വളർന്നുവന്ന ആദ്യത്തെ രാജ്യം. രാഷ്ട്രീയ സൈദ്ധാന്തികനായ ബൊദൊൻ തന്റെ കൃതികളിലൂടെ ഏകധിപത്യത്തെ ന്യായീകരിക്കുകയും അതിന് തത്ത്വശാസ്ത്രപരമായ അടിത്തറ നൽകുകയും ചെയ്തു. അതിശക്തമായ സൈന്യം ഏകധിപത്യത്തെ താങ്ങിനിറുത്തി. 16, 18, നൂറ്റാണ്ടുകളിൽഫ്രഞ്ചു രാജവാഴ്ച യൂറോപ്പിലെങ്ങും വ്യാപകമായി അംഗീകരിക്കപ്പെട്ടു. രാജാവിന്റെ ദൈവികാനുമതിയെ സംബന്ധിച്ച സിദ്ധാന്തം അധികാര പ്രയോഗത്തിന് തുണയായിരുന്നു. ദേശീയവാതികൾ പോലും ഏകാധിപതിയെ രാഷ്ട്രനേതാവയി കരുതുകയും അദ്ദേഹത്തിന്റെ മഹത്ത്വത്തിൽഅഭിമാനിക്കുകയും ചെയ്തു.

സ്പെയിൻ, പ്രഷ്യ, റഷ്യ, എന്നിവ ഫ്രഞ്ചുരീതിയിലുള്ള ഏകാധിപത്യത്തിന്റെ മറ്റു ദൃഷ്ടാന്തങ്ങളാണ്. ഭരണാധികാരത്തിന്റെ കേന്ദ്രീകരണം, മതപരമായ അസഹിഷ്ണതയുടെ വളർച്ച, ആശയങ്ങളുടെ തകർച്ച്, ബുദ്ധിപരമായ തളർച്ച എന്നിവയിലൂടെയാണ് സ്പെയിനിൽ ഏകാധിപത്യം വളർന്നു വന്നത്. സമ്പത്തികനില ഏറ്റവും സോചനീയമായി. അഭിജാതവർഗവും പുരോഹിതരും നികുതിയിളവനുഭവിച്ചപ്പോൾ, നികുതി സംവിധാനം താണവർഗങ്ങളെ തളർത്തുകയും വ്യവസായങ്ങളെ മുരടിപ്പിക്കുകയും ചെയ്തു.

ഭരണാധികാരത്തിന്റെ കേന്ദ്രീകരണം, സാമ്പത്തിക ക്ഷേമത്തിന്റെ ക്രമീകൃത വികസനം, സൈന്യത്തിനായി വന്തോതിൽസമ്പത്തിക വിഭവ വിനിയോഗം എന്നിവയായിരുന്നു പ്രഷ്യൻ ഏകധിപത്യത്തിന്റെ പ്രധാന നയങ്ങൾ. സമ്പദ്ഘടന സൈന്യവത്കരിക്കപ്പെട്ടു. ബ്യൂറോക്രസി വളർന്നു; ഭൂപ്രഭുക്കളുടെ മേധാവിത്വം ശാശ്വതീകരിക്കപ്പെട്ടു.

റഷ്യൻ ഏകധിപത്യവും സമ്പത്ഘടനയുടെ സൈന്യവത്കരണത്തിലാണ് അധികം ഊന്നിനിന്നത്. കുലീനരുടെരുടെ വിധേയത്വം ഉറപ്പുവരുത്തിയതോടൊപ്പം കർഷകരുടെയും കുടിയാന്മാരുടെയും മേൽകനത്ത നികുതിഭാരം കെട്ടിവയ്ക്കുകയും ചെയ്തു. റഷ്യൻ പാത്രിയാർക്കിസ് പദവി അവസാനിപ്പിക്കുകയും ക്രൈസ്തവസഭയെ ഭരണത്തിന്റെ ഒരു വകുപ്പെന്ന നിലയിൽതരം താഴ്ത്തുകയും ചെയ്തു.

അനിയന്ത്രിതാധിപത്യമുള്ള സുൽത്താന്റെ കീഴിൽഒരു സൈനിക സാമ്രജ്യമായിരുന്നു തുർക്കി. ഖലീഫ എന്ന നിലയിൽമത നേതാവുകൂടിയായിരുന്നു സുൽത്താൻ.

ഡെന്മാർക്ക്, പോളണ്ട്, സ്വിറ്റ്സർലണ്ട്, ഹോളണ്ട് ഇവയാണ് ഏകാധിപത്യ ഭരണകൂടങ്ങളുടെ മറ്റു ദൃഷ്ടാന്തങ്ങൾ. മുസോളിനിയുടെ കീഴിലുള്ള ഇറ്റലി, ഹിറ്റ്ലറുടെ ജർമനി, സലാസറുടെ പോർച്ചുഗൽ ഇവയാണ് 20 - ം നൂറ്റാണ്ടിലെ ഏകാതിപത്യത്തിന്റെ മകുടോദാഹരണങ്ങൾ.

പർമ്പരാഗത മാതൃകകളിൽനിന്നും ഏറിയകൂറും വത്യസ്തമാണെങ്കിലും മിക്ക ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ഏകാധിപത്യ ഭരണകൂടങ്ങൾ നിലനിൽക്കുന്നു. ഇവിടങ്ങളിൽ കൊളോനിയലിസം അവസാനിച്ചതോടെ അതിമോഹികളായ നേതാക്കളുടെ കീഴിൽ അധികാരത്തിനു വേണ്ടിയുള്ള നിരങ്കുശമായ സമരത്തിന്റെ ആരംഭമായി. വിജയിച്ചിടങ്ങളിലെല്ലാം ബംന്ധപ്പെട്ട നേതാക്കൾ ഏകാധിപത്യ ഭരണസംവിധാനം ഏർപ്പെടുത്തി. ഇവിടങ്ങളിൽ ഏകാധിപത്യത്തെ താങ്ങിനിറുത്തുന്ന വിവിധ ഘടകങ്ങളുണ്ട്. വിദ്യാഭ്യാസരംഗത്തെ ക്രൈസ്തവ സഭയുടെ അനിഷേധ്യമായ സ്വാധീനതയാൽ ലിബറലിസത്തിന്റെ സ്വാധീനതയിൽ വളർന്നു വരുന്ന പ്രസ്ഥാനങ്ങൾ രാജ്യത്തെ സാധാരണ ജനജീവിതത്തെ ബാധിച്ചില്ല. വാർത്താവിനിമയ മാർഗ്ഗങ്ങൾ പ്രാകൃതവും ഭൂമിശാസ്ത്രപരവുമായ തടസ്സങ്ങൾകാരണം ജനങ്ങൾക്കു പരസ്പരം ബന്ധപ്പെടനുള്ള മാർഗ്ഗങ്ങൾദുഷ്കരവും ആണ്. സാമ്പത്തിക സാഹചര്യങ്ങൾ ജനാധിപത്യത്തിന്റെ വളർച്ചയ്ക്ക് അനുകൂലമായിരുന്നുമില്ല. പ്രാകൃത ഫ്യൂഡലിസം നിലനിൽക്കുന്ന ഈ പ്രദേശത്ത് ഇന്നുവരെ ഗണ്യമായ സാമ്പത്തിക വികസനമുണ്ടായിട്ടില്ല. മധ്യവർഗമാകട്ടെ എണ്ണത്തിൽകുറവും ഫ്യൂഡൽവിരുദ്ധ വികാരം പ്രകടിപ്പിക്കുവാൻ കഴിവില്ലാത്തത്ര ബലഹീനവുമാണ്.[8]

ഇതും കാണുക

തിരുത്തുക
  1. 1. റ്റുഡെയ്സ് ഇസംസ് (1959) വില്ലിയം എലിൻസ്റ്റൻ.
  2. ഹിസ്റ്ററി ആൻഡ് ഡിസ് ക്രിപ് ഷൻ ആഫ് റോമൻ പൊളിറ്റികൽ ഇൻസ്റ്റിറ്റ്യൂഷൻ (1901), അബ്ബോട്ട്.
  3. ദ് വെബ് ഓഫ് ഗവണ്മെന്റ് (1947), ആർ. എം. മാക് ഐവർ.
  4. ദി ഏജ് ഓഫ് അബ് സൊല്യൂട്ടിസം 1660-1815 (1954), മാക്സ് ബില്ലൊഫ്.
  5. ഹിസ്റ്ററി ഓഫ് ഗവണ്മെന്റ്(1955), ജെ. കെ. വെങ്കിട്ടരാമൻ ആൻഡ് കെ. സി. ഗോവിന്ദരാജൻ.
  6. പ്ലാറ്റോ ആൻഡ് ഹിസ് പ്രിഡസ്സസർ, ബാർകെർ, ഏണസ്റ്റ്.
  7. ദി ഏജ് ഓഫ് എൻലൈറ്റൻഡ് ഡെസ്പോട്സ് 1660-1789, ജോൺസൺ.
  8. എ ഗ്രാമർ ഓഫ് പൊളിറ്റിക്സ് (1901), എച്ച്. ജെ. ലാസ്കി.
"https://ml.wikipedia.org/w/index.php?title=ഏകാധിപത്യം&oldid=3988267" എന്ന താളിൽനിന്ന് ശേഖരിച്ചത്