കൊച്ചുത്രേസ്യ
ലിസ്യൂവിലെ തെരേസ (2 ജനുവരി 1873 – 30 സെപ്റ്റംബർ1897) അഥവാ വിശുദ്ധ കൊച്ചു ത്രേസ്യ, ഫ്രെഞ്ചുകാരിയായ ഒരു കർമലീത്താ സന്യാസിനിയായിരുന്നു. 1925-ൽ പതിനൊന്നാം പീയൂസ് മാർപ്പാപ്പ കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു.കത്തോലിക്ക സഭയിലെ ഏറ്റവും വലിയ പുണ്യവതിയെന്നു കൊച്ചുത്രേസ്യ അറിയപെടുന്നു. 1997-ൽ കത്തോലിക്ക സഭ അവളെ വേദപാരംഗതയുടെ (ഡോക്ടർ ഓഫ് ദി ചർച്ച്) പദവി നൽകി ബഹുമാനിച്ചു. ആവിലായിലെ ത്രേസ്യാ, സിയെനായിലെ കത്രീന എന്നിവർക്കു പുറമേ, ഈ ബഹുമതി നേടിയ മൂന്നു വനിതകളിൽ ഒരാളാണ് വിശുദ്ധ കൊച്ചുത്രേസ്യ. ചെറുപുഷപം (ഇംഗ്ലീഷ്: Little Flower) എന്ന പേരിലും കൊച്ചുത്രേസ്യ അറിയപ്പെടുന്നു.
ലിസ്യൂവിലെ വിശുദ്ധ തെരേസ | |
---|---|
ജനനം | അലെഞ്ഞോൺ, ഫ്രാൻസ് | 2 ജനുവരി 1873
മരണം | 30 സെപ്റ്റംബർ 1897 ലിസ്യൂ, ഫ്രാൻസ് | (പ്രായം 24)
വണങ്ങുന്നത് | കത്തോലിക്ക സഭ |
വാഴ്ത്തപ്പെട്ടത് | 29 ഏപ്രിൽ1923 by പതിനൊന്നാം പീയൂസ് മാർപാപ്പ |
നാമകരണം | 17 മെയ് 1925 by പതിനൊന്നാം പീയൂസ് മാർപാപ്പ |
പ്രധാന തീർത്ഥാടനകേന്ദ്രം | ലിസ്യൂവിലെ കൊച്ചുത്രേസ്യായുടെ ബസിലിക്ക, ഫ്രാൻസ് |
ഓർമ്മത്തിരുന്നാൾ | 1 ഒക്ടോബർ 3 ഒക്ടോബർ പരമ്പരാഗത കത്തോലിക്കാ കലണ്ടർ |
പ്രതീകം/ചിഹ്നം | പൂക്കൾ |
മദ്ധ്യസ്ഥം | എയിഡ്സ് ബാധിതർ; വൈമാനികർ; ശാരിരികാസ്വാസ്ത്യമുള്ളവർ; പൂക്കചവടക്കാർ; അനാഥർ; മിഷണറിമാർ; ക്ഷയരോഗ ബാധിതർ; |
വളരെ ചെറിയ പ്രായത്തിൽ തന്നെ സന്യാസ ജീവിതം തെരഞ്ഞെടുത്ത കൊച്ചുത്രേസ്യ 15 മത്തെ വയസിൽ തന്റെ രണ്ട് സഹോദരിമാരോടൊപ്പം മഠത്തിൽ ചേർന്നു.എട്ടു വർഷത്തെ സന്യാസ ജീവിതത്തിനു ശേഷം ക്ഷയരോഗം പിടി പെട്ട കൊച്ചുത്രേസ്യ ഇരുപത്തിനാലാമത്തെ വയസിൽ ഇഹലോഹവാസം വെടിഞ്ഞു. "ഒരു ആത്മാവിന്റെ കഥ" എന്ന കൊച്ചുത്രേസ്യയുടെ ആത്മകഥ ആദ്ധ്യാത്മികസാഹിത്യത്തിലെ ഒരു ആധുനികക്ലാസ്സിക് ആണ്. അത് ഏറെപ്പേരെ വിശുദ്ധയിലേക്ക് ആകർഷിക്കാൻ ഇടയാക്കിയതായി കരുതപ്പെടുന്നു.[2]
കുട്ടിക്കാലം
തിരുത്തുകസെലി മാർട്ടിന്റെയും (Zélie Martin) ലൂയിസ് മാർട്ടിന്റെയും( Louis Martin) അഞ്ചുമക്കളിൽ ഏറ്റവും ഇളയ മകളായി 1873 ജനുവരി രണ്ടാം തീയതിയാണ് കൊച്ചുത്രേസ്യ ജനിച്ചത്. ആ ദമ്പതികൾക്ക് ഒൻപതു മക്കൾ പിറന്നിരുന്നെങ്കിലും രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ശൈശവത്തിൽ മരിച്ചതിനാൽ അഞ്ചു പെൺകുട്ടികൾ മാത്രം അവശേഷിച്ചിരുന്നു. അച്ഛൻ ലൂയിസ് മാർട്ടിൻ ഒരു വാച്ച് നിർമ്മാതാവായിരുന്നു. വൈദികൻ ആകാൻ വളരെ ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന് ലത്തീൻ ഭാഷ അറിയാത്തതിനാൽ അതിനു കഴിഞ്ഞില്ല. തൂവാല (ലൈസ്) നിർമ്മാണം ആയിരുന്നു. സെലിയുടെ മുഖ്യ വരുമാന മാർഗം. സെലി മാർട്ടിന് രോഗികളെ പരിചരിക്കാൻ വളരെ താത്പര്യം ആയിരുന്നു. ഇവർ ഇരുവരും തെരേസയുടെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തി. കൊച്ചുത്രേസ്യയ്ക്ക് നാലു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു.
15 വയസ്സുള്ളപ്പോൾ, "എനിക്കൊരു വിശുദ്ധയാകണം" എന്ന് കൊച്ചുത്രേസ്യ എഴുതി. അതേസമയം അവൾ പ്രസാദപ്രകൃതിയും ഫലിതപ്രിയയും ആയിരുന്നു. സഹോദരിമാർക്കൊപ്പം കടൽത്തീരത്ത് വിനോദയാത്രകൾക്കു പോയ അവൾ ചെമ്മീൻ പിടുത്തവും കഴുതപ്പുറത്തുള്ള സവാരിയും ആസ്വദിച്ചു. പട്ടുനൂൽപ്പുഴുക്കളേയും, മുയലുകളേയും, പ്രാവുകളേയും ഒരു വായാടിപ്പക്ഷി, സ്വർണ്ണമത്സ്യം, ടോം എന്നു പേരുള്ള ഒരു നായ് എന്നിവയേയും അവൾ വളർത്തിയിരുന്നു. മറ്റുള്ളവരെ അനുകരിക്കുന്നതിൽ വലിയ സാമർത്ഥ്യം കാട്ടിയ കൊച്ചുത്രേസ്യ, പരിചയക്കാരുടെ ഹാസ്യാനുകരണം വഴി കുടുംബാംഗങ്ങളെ രസിപ്പിച്ചു.(ജീവചരിത്രത്തിനെഴുതിയ അവതാരികയിൽ ജോൺ ബീവേഴ്സ്) [2]
1887-ൽ ലിസിയുവിലെ കാർമലൈറ്റ് സന്ന്യാസിനീ മഠത്തിൽ പ്രവേശനത്തിനായി തെരേസ അപേക്ഷിച്ചെങ്കിലും, പ്രായക്കുറവുമൂലം പ്രവേശനം നിഷേധിക്കപ്പെട്ടു. തെരേസയുടെ മൂത്ത സഹോദരിമാരിൽ രണ്ടുപേർ ഈ മഠത്തിലെ അംഗങ്ങളായിരുന്നു. 1888-ൽ പിതാവിനോടും സഹോദരിയോടുമൊപ്പം റോമിലേക്കു തീർഥയാത്ര നടത്തിയശേഷം തെരേസയ്ക്ക് സന്യാസിനീ മഠത്തിൽ പ്രവേശനം ലഭിച്ചു.
ദൈവവുമായുള്ള ബന്ധം
തിരുത്തുകകാർമലൈറ്റ് നിഷ്ഠയുടെ കർശന നിയമങ്ങൾ മുടക്കം കൂടാതെ പാലിച്ച തെരേസ തന്റെ എളിയ മാർഗം പുതിയതായി മഠത്തിൽ ചേരുന്നവരെ അഭ്യസിപ്പിക്കുവാൻ ശുഷ്കാന്തി കാണിച്ചു. ദൈവവുമായുള്ള തെരേസയുടെ ബന്ധം കുട്ടിത്തം നിറഞ്ഞതായിരുന്നു. വിയറ്റ്നാമിലെ ഹാനോയിയിലെ കാർമലൈറ്റ് മിഷണറി പ്രവർത്തനങ്ങളിൽ പങ്കുകൊള്ളുവാൻ തെരേസ താത്പര്യപ്പെട്ടിരുന്നുവെങ്കിലും അനാരോഗ്യംമൂലം സാധ്യമായില്ല. ക്ഷയരോഗംമൂലം വളരെയധികം യാതന അനുഭവിച്ചെങ്കിലും സഹനശക്തിയുടെ ഉജ്ജ്വല ദൃഷ്ടാന്തമായി തെരേസ നിലകൊണ്ടു. 1897 സെപ്റ്റംബർ 30-ന് തെരേസ നിര്യാതയായി. 1925 മേയ് 17-ന് തെരേസ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.
ജീവചരിത്രം
തിരുത്തുകപിൽക്കാലത്ത് ജീവചരിത്രമായി പ്രസിദ്ധീകരിക്കപ്പെട്ട തെരേസയുടെ ഓർമക്കുറിപ്പുകൾ വളരെയധികം ജനസമ്മതി ആർജിക്കുകയും വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. കൊച്ചുത്രേസ്യയെ വിശുദ്ധപദവിയിലേയ്ക്കുയർത്തുന്നതിൽ ഈ കൃതി ഗണ്യമായ പങ്കുവഹിച്ചു. 1927-ൽ മതപ്രവർത്തക സംഘങ്ങളുടെയും 1947-ൽ ഫ്രാൻസിന്റെയും രക്ഷകപുണ്യവാളത്തിയായി തെരേസ പ്രഖ്യാപിക്കപ്പെട്ടു. തെരേസ നയിച്ച ലളിതസുന്ദരമായ ജീവിതമാണ് വിശ്വാസികളെ ഹഠാദാകർഷിച്ചത്. സുവിശേഷ തത്ത്വങ്ങൾക്കനുസൃതമായി ജീവിക്കാനുള്ള ധൈര്യവും ആത്മസമർപ്പണവും തെരേസ പ്രദർശിപ്പിച്ചു. കാർമലൈറ്റ് വസ്ത്രങ്ങൾ ധരിച്ച് ഒരു കുല റോസാപുഷ്പങ്ങൾ കൈയ്യിലേന്തിക്കൊണ്ടുള്ള ചിത്രീകരണമാണ് തെരേസയ്ക്ക് ശില്പങ്ങളിലും ചിത്രങ്ങളിലും നൽകിയിട്ടുള്ളത്. ആനുകൂല്യങ്ങളും അത്ഭുതങ്ങളും റോസാപ്പുഷ്പങ്ങൾ പോലെ ചൊരിയുമെന്ന തെരേസയുടെ വാഗ്ദാനത്തിന്റെ സ്മരണ ഇപ്രകാരം നിലനിർത്തപ്പെടുന്നു. ഒക്ടോബർ 1-നാണ് തെരേസയുടെ തിരുനാൾ ആഘോഷിക്കുന്നത്.
അവലംബം
തിരുത്തുക- ↑ Vatican.va: Catechism of the Catholic Church, Part Four: Christian Prayer Retrieved on 1 October 2006
- ↑ 2.0 2.1 "The Story of a Soul", The Autobiography of St.Therese of Lisieux, Newly Translated with introduction by John Beevers (ഇമേജ് ബുക്ക്സ് പതിപ്പ്)