ഉത്സവമഠം കൊട്ടാരം
കേരളത്തിൽ മാവേലിക്കരയിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് ഉത്സവമഠം കൊട്ടാരം. മൈസൂർ സുൽത്താൻ ഹൈദരാലിയും ടിപ്പുവും മലബാറിൽ (വടക്കൻ കേരളം) ആക്രമണങ്ങൾ നടത്തിയ കാലത്ത്, കോലത്തിരി രാജകുടുംബങ്ങളിൽ പലരും മലബാറിൽ നിന്നും തെക്കൻ കേരളത്തിലേക്ക് വരുവാൻ നിർബന്ധിതരാകുകയും, അങ്ങനെ മാവേലിക്കരയിലെത്തിയ രാജകുടുംബം അവിടെ സ്ഥിര താമസമാക്കുകയും അവർ പിന്നീട് മാവേലിക്കര രാജകുടുംബം എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. കോലത്തുനാടു നിന്നും ടിപ്പുവിന്റെ പടയോട്ടത്തെ തുടർന്ന് തിരുവിതാംകൂറിൽ വന്നു താമസിച്ച രാജ കുടുംബക്കാർക്കുവേണ്ടിയാണ് ഉത്സവമഠം കൊട്ടാരം പണിതീർത്തതെന്നു കരുതുന്നു. തിരുവിതാംകൂർ രാജകുടുംബത്തിലേക്ക് പുരാതനകാലം മുതലെ കോലത്തിരി വംശത്തിൽ നിന്നും രാജകുടുംബാങ്ങളെ വംശരക്ഷക്കായി ദത്തെടുക്കാറുണ്ട്. 18-ആം നൂറ്റാണ്ടിനുശേഷം മുതൽ മാവേലിക്കര കൊട്ടാരത്തിൽനിന്നും ദത്തെടുത്തു തുടങ്ങി.