ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്
ഇന്ത്യൻ ഗവൺമെന്റിന്റെ അഖിലേന്ത്യാ സേവനങ്ങളുടെ ഭരണപരമായ (അഡ്മിനിസ്ട്രേറ്റീവ്) വിഭാഗമാണ് "ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്" അഥവാ ഇന്ത്യൻ ഭരണ സേവനം (Indian Administrative Service).[1] ഇന്ത്യയിലെ പ്രഥമമായ സിവിൽ സർവീസായി കണക്കാക്കപ്പെടുന്ന ഐ.എ.എസ്, ഇന്ത്യൻ പോലീസ് സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് എന്നിവയ്‌ക്കൊപ്പം അഖിലേന്ത്യാ സർവീസുകളുടെ (All India Services) മൂന്ന് വിഭാഗങ്ങളിലൊന്നാണ്. ഐ.എ.എസ് എന്ന ചുരക്കപ്പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് അംഗങ്ങൾ കേന്ദ്രസർക്കാരിനും, സംസ്ഥാന സർക്കാരുകൾക്കും, കേന്ദ്രഭരണപ്രദേശങ്ങൾക്കും സേവനം നൽകുന്നു. ഭരണഘടനാസ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃതസ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, എന്നിങ്ങനെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കും ഐഎഎസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
IAS overview | |
മുൻപ് അറിയപ്പെട്ടത് | ഇന്ത്യൻ സിവിൽ സർവീസ് (ICS) (ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത്) |
---|---|
നിലവിൽ വന്നത് | 1858 (ഇന്ത്യൻ സിവിൽ സർവീസ്) 26 ജനുവരി 1950 (ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്) |
രാജ്യം | ഇന്ത്യ |
പരിശീലന സ്ഥാപനം | ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ, മുസൂറി, ഉത്തരാഖണ്ഡ് |
കേഡർ കൺട്രോളിങ് അതോറിറ്റി | പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ്, പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം |
ഉത്തരവാദപ്പെട്ട മന്ത്രി | നരേന്ദ്ര മോദി, ഇന്ത്യൻ പ്രധാനമന്ത്രി പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം |
നിയമപരമായ വ്യക്തിത്വം | സർക്കാർ; പൊതു സേവനം |
ചുമതലകൾ | • നയ രൂപീകരണം • നയം നടപ്പിലാക്കൽ • പൊതുഭരണം • ഉദ്യോഗസ്ഥ ഭരണ നിർവ്വഹണം • സെക്രട്ടേറിയറ്റ് സഹായം (Central & State) |
ആദൃം അറിയപ്പെട്ടിരുന്നത് | ഇംപീരിയൽ സിവിൽ സർവീസ് (1858–1946) |
En cadre|Cadre strength | 4,926 അംഗങ്ങൾ (യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നേരിട്ട് റിക്രൂട്ട് ചെയ്ത 3,511 ഓഫീസർമാരും, സംസ്ഥാന സിവിൽ സർവീസുകളിൽ നിന്ന് പ്രമോഷൻ ലഭിച്ച 1,415 ഓഫീസർമാരും) |
തെരഞ്ഞെടുക്കൽ | സിവിൽ സർവീസ് പരീക്ഷ |
അസോസിയേഷൻ | ഐ.എ.എസ്. (സെൻട്രൽ) അസോസിയേഷൻ |
സിവിൽ സർവീസ് തലവൻ | |
ഇന്ത്യൻ ക്യാബിനറ്റ് സെക്രട്ടറി | രാജീവ് ഗൗബ, ഐ.എ.എസ്. |
പാർലമെന്ററി ഭരണസംവിധാനം പിന്തുടരുന്ന മറ്റ് രാജ്യങ്ങളെപ്പോലെ, ഐഎഎസും രാജ്യത്തിന്റെ സ്ഥിരം ബ്യൂറോക്രസിയുടെ ഭാഗമാണ്, കൂടാതെ ഭാരത സർക്കാരിൻ്റെ എക്സിക്യൂട്ടീവിന്റെ അവിഭാജ്യ ഘടകവുമാണ്. അതുപോലെ, ബ്യൂറോക്രസി രാഷ്ട്രീയമായി നിഷ്പക്ഷമായി നിലകൊള്ളുകയും ഭരണപരമായ തുടർച്ച ഭരണകക്ഷിക്കോ സഖ്യത്തിനോ ഉറപ്പുനൽകുന്നു.
സർവീസ് സ്ഥിരീകരിക്കുമ്പോൾ, ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ പരിശീലന കാലയളവിൽ അസിസ്റ്റൻ്റ് കലക്ടർ ആയി ഒരു ജില്ലയിൽ നിയമിതനാകുന്നു. ഈ പ്രൊബേഷൻ പൂർത്തിയാക്കിയതിന് ശേഷം അവർ ഒരു ഉപജില്ലയുടെ സ്വതന്ത്ര ചുമതലയുള്ള സബ്ബ് ഡിവിഷണൽ മജിസ്‌ട്രേറ്റായി (സബ്കലക്ടർ) സേവനമനുഷ്ഠിക്കുന്നു. ഈ കാലയളവിന് ശേഷം സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള വകുപ്പുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മറ്റും നിയമിക്കുന്നു. ഒരു ജില്ലയിൽ ജില്ലാ മജിസ്‌ട്രേറ്റും കളക്ടറും എന്ന നിലയിലുള്ള എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റീവ് റോൾ വർഷങ്ങളോളം നീണ്ടുനിൽക്കും.
ഉയർന്ന ശമ്പളസൂചിക ലഭിക്കുന്ന മുറക്ക്, ഐഎഎസ് ഉദ്യോഗസ്ഥർക്ക് സർക്കാർ വകുപ്പുകളോ മന്ത്രാലയങ്ങളോ നയിക്കാം. ഈ റോളുകളിൽ, ഉഭയകക്ഷി, ബഹുമുഖ ചർച്ചകളിൽ ഐഎഎസ് ഉദ്യോഗസ്ഥർ രാജ്യാന്തര തലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നു. ഇനി ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിക്കുകയാണെങ്കിൽ, അവർ ലോകബാങ്ക്, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്, അല്ലെങ്കിൽ ഐക്യരാഷ്ട്രസഭ അതിന്റെ ഏജൻസികൾ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിൽ ജോലി ചെയ്തേക്കാം. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധമാക്കിയിട്ടുള്ള ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഐഎഎസ് ഉദ്യോഗസ്ഥരും പങ്കാളികളാണ്.
ചരിത്രം
തിരുത്തുകഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്ത്, സിവിൽ സർവീസുകളെ മൂന്നായി തരംതിരിച്ചിരുന്നു - ഉടമ്പടി, ഉടമ്പടി ചെയ്യാത്ത, പ്രത്യേക സിവിൽ സർവീസുകൾ ( covenanted, uncovenanted & special civil services). ഉടമ്പടിയിലുള്ള സിവിൽ സർവീസ്, അല്ലെങ്കിൽ ഹോണറബിൾ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സിവിൽ സർവീസ് (HEICCS) എന്ന് വിളിക്കപ്പെടുന്നത്, ഗവൺമെന്റിലെ ഉന്നത തസ്തികകൾ വഹിക്കുന്ന സിവിൽ സർവീസുകാരാണ്. ഭരണത്തിന്റെ താഴേത്തട്ടിലേക്ക് ഇന്ത്യക്കാരുടെ പ്രവേശനം സുഗമമാക്കുന്നതിന് മാത്രമാണ് ഉടമ്പടിയില്ലാത്ത സിവിൽ സർവീസ് അവതരിപ്പിച്ചത്. പ്രത്യേക സേവനത്തിൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസ്, ഇംപീരിയൽ പോലീസ്, ഇന്ത്യൻ പൊളിറ്റിക്കൽ സർവീസ് തുടങ്ങിയ പ്രത്യേക വകുപ്പുകൾ ഉൾപ്പെടുന്നു, അവയുടെ റാങ്കുകൾ ഉടമ്പടിയിലുള്ള സിവിൽ സർവീസിൽ നിന്നോ ഇന്ത്യൻ ആർമിയിൽ നിന്നോ എടുത്തതാണ്. ഇംപീരിയൽ പോലീസ് നിരവധി ഇന്ത്യൻ ആർമി ഓഫീസർമാരെ അംഗങ്ങളാക്കി, എന്നിരുന്നാലും 1893 ന് ശേഷം അതിന്റെ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിന് വാർഷിക പരീക്ഷ ഉപയോഗിച്ചു. 1858-ൽ HEICCS-ന് പകരം 'ഇന്ത്യൻ സിവിൽ സർവീസ് (ICS)' നിലവിൽ വന്നു, ഇത് 1858-നും 1947-നും ഇടയിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിൽ സർവീസായി മാറി. ICS-ലേക്കുള്ള അവസാന നിയമനങ്ങൾ നടന്നത് 1942-ലാണ്.
യുണൈറ്റഡ് കിംഗ്ഡം പാർലമെന്റ്, 1919-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ നിയമം പാസാക്കിയതോടെ, ഇന്ത്യൻ സിവിൽ സർവീസുകൾ-ഇന്ത്യ സ്റ്റേറ്റ് സെക്രട്ടറിയുടെ പൊതു മേൽനോട്ടത്തിൽ-"ഓൾ ഇന്ത്യ സർവീസസ്, സെൻട്രൽ സർവീസസ്" എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി വിഭജിക്കപ്പെട്ടു. പത്ത് അഖിലേന്ത്യാ സർവീസുകളിൽ ഒന്നായിരുന്നു ഇന്ത്യൻ സിവിൽ സർവീസ്.
1946-ൽ പ്രീമിയർ കോൺഫറൻസിൽ, ഇന്ത്യൻ സിവിൽ സർവീസിനെ അടിസ്ഥാനമാക്കി "ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS)" രൂപീകരിക്കാൻ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചു; ഇംപീരിയൽ പോലീസിനെ അടിസ്ഥാനമാക്കിയുള്ള "ഇന്ത്യൻ പോലീസ് സേവനവും (IPS)".
1947-ൽ ബ്രിട്ടീഷുകാരുടെ പിൻവാങ്ങലിനെ തുടർന്ന്, ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ ഇന്ത്യൻ സിവിൽ സർവീസ്, ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പുതിയ ആധിപത്യങ്ങൾക്കിടയിൽ വിഭജിക്കപ്പെട്ടു. ICS-ലെ ഇന്ത്യൻ ഭാഗത്തെ "ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്" എന്ന് നാമകരണം ചെയ്തു, അതേസമയം പാകിസ്ഥാൻ ഭാഗത്തെ "പാകിസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്" എന്ന് നാമകരണം ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ XIV-ലെ ആർട്ടിക്കിൾ 312(2), ഓൾ ഇന്ത്യ സർവീസസ് ആക്ട്, 1951 എന്നിവയ്ക്ക് കീഴിലാണ് ആധുനിക ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് സൃഷ്ടിക്കപ്പെട്ടത്.[2]
റിക്രൂട്ട്മെന്റ്
തിരുത്തുകഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് മൂന്ന് രീതിയിലാണ് അംഗങ്ങളെ ചേർക്കുന്നത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി.) നടത്തുന്ന സിവിൽ സർവീസസ് പരീക്ഷ പാസായി IAS-ൽ പ്രവേശിക്കാം. ഇങ്ങനെ നേരിട്ട് നിയമിക്കുന്ന ഉദ്യോഗസ്ഥരെ "റെഗുലർ റിക്രൂട്ട്സ്" (RR) എന്ന് വിളിക്കുന്നു. അതാത് ഐ.എ.എസ്. സംസ്ഥാന കേഡറിൻ്റെ അംഗബലത്തിൽ മൂന്നിലൊന്ന് ഉദ്യോഗസ്ഥരെ സംസ്ഥാന സിവിൽ സർവീസുകളിൽ നിന്നും ഉദ്യോഗകയറ്റം നൽകി നിയമനം നൽകാറുണ്ട്, അപൂർവ്വം ചില സാഹചര്യങ്ങളിൽ നോൺ-സ്റ്റേറ്റ് സിവിൽ സർവീസിൽ നിന്നും ഉദ്യോഗ കയറ്റത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നു. ഇങ്ങനെ അതാത് സംസ്ഥാന സിവിൽ സർവീസുകളിൽ നിന്ന് ഉദ്യോഗകയറ്റത്തിലൂടെ ഐഎസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥർ "കൺഫേർഡ് ഐഎഎസ് (SCS)" എന്ന് അറിയപ്പെടുന്നു. നേരിട്ട് റിക്രൂട്ട് ചെയ്യുന്നവരും പ്രൊമോട്ടർമാരും തമ്മിലുള്ള അനുപാതം 2:1 ആയി നിശ്ചയിച്ചിരിക്കുന്നു. സംസ്ഥാന സർവീസിൽ നിന്ന് ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ നിന്നുമാണ് പ്രധാനമായി ഐഎസിലേക്ക് ഉദ്യോഗകയറ്റം നൽകുന്നത്. പ്രവേശന രീതി പരിഗണിക്കാതെ എല്ലാ ഐഎഎസ് ഉദ്യോഗസ്ഥരെയും ഇന്ത്യൻ രാഷ്ട്രപതിയാണ് നിയമിക്കുന്നത്.
സിവിൽ സർവീസ് പരീക്ഷ വഴി അപേക്ഷിക്കുന്ന 1 ദശലക്ഷത്തിലധികം അപേക്ഷകരിൽ 180 പേർ മാത്രമാണ് വിജയിച്ച് ഐഎഎസ് നേടുന്നത്, വിജയ നിരക്ക് 0.01 ശതമാനത്തിൽ താഴെയാണ്. തൽഫലമായി, സർവീസിലെ അംഗങ്ങളെ പലപ്പോഴും "സ്വർഗ്ഗത്തിൽ ജനിച്ചവർ" എന്ന് വിളിക്കുന്നു.[3]
1951 മുതൽ 1978 വരെ, ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്കോ ഇന്ത്യൻ ഫോറിൻ സർവീസിലേക്കോ യോഗ്യതയ്ക്കായി ഒരു IAS- ഉദ്യോഗാർത്ഥി രണ്ട് അധിക പേപ്പറുകളും കൂടാതെ മൂന്ന് ഓപ്ഷണൽ പേപ്പറുകളും നേടേണ്ടതുണ്ട്. ഓപ്ഷണൽ പേപ്പറുകളുടെ ബിരുദതലവുമായി താരതമ്യപ്പെടുത്തുമ്പോൾ, രണ്ട് അധിക പേപ്പറുകൾ ബിരുദാനന്തര തലത്തിലുള്ള പേപ്പറുകളായിരുന്നു, ഈ വ്യത്യാസമാണ് IAS-നും IFS-നും ഉയർന്ന പദവിക്ക് കാരണമായത്. ഈ രണ്ട് ബിരുദാനന്തര ബിരുദ പേപ്പറുകൾ പിന്നീട് നീക്കം ചെയ്യപ്പെട്ടു, എന്നാൽ ഇത് IAS-ന്റെയും IFS-ന്റെയും ഉയർന്ന പദവിയിൽ മാറ്റം വരുത്തിയിട്ടില്ല.
തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷം, വിജയിച്ച ഉദ്യോഗാർത്ഥികൾ ഉത്തരാഖണ്ഡിലെ മുസ്സൂറിയിലുള്ള ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിൽ പരിശീലനം നേടുന്നു.
സംസ്ഥാന കേഡറുകൾ
തിരുത്തുകകേഡർ നിർണ്ണയ നയം
തിരുത്തുകബ്യൂറോക്രസിയുടെ ദേശീയ ഉദ്ഗ്രഥനം ഉറപ്പാക്കുന്നതിനും, സേവനങ്ങളുടെ അഖിലേന്ത്യാ സ്വഭാവം ഉറപ്പാക്കുന്നതിനുമുള്ള നയമായി ഇതിനെ ചൂണ്ടിക്കാണിച്ച് 2017 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ അഖിലേന്ത്യാ സേവനങ്ങൾക്കായി ഒരു പുതിയ കേഡർ അലോക്കേഷൻ നയം പ്രഖ്യാപിച്ചു. നിലവിലുള്ള ഇരുപത്തിയാറ് കേഡറുകളെ കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് അഞ്ച് മേഖലകളായി (Zones) വിഭജിക്കുന്നു. പുതിയ നയത്തിന് കീഴിൽ, ഒരു ഉദ്യോഗാർത്ഥി ആദ്യം അവരുടെ മുൻഗണനാ സോണുകൾ, അവരോഹണ ക്രമത്തിൽ തിരഞ്ഞെടുക്കുന്നു, തുടർന്ന് ഓരോ മുൻഗണനാ സോണിൽ നിന്നും ഒരു കേഡർ മുൻഗണന ക്രമത്തിൽ തിരഞ്ഞെടുക്കുന്നു. ഉദ്യോഗാർത്ഥി പിന്നീട് തിരഞ്ഞെടുത്ത ഓരോ സോണിലേക്കും അവരുടെ രണ്ടാമത്തെ കേഡർ മുൻഗണന സൂചിപ്പിക്കുന്നു. സോണുകൾക്കും കേഡറുകൾക്കുമുള്ള മുൻഗണന അതേ ക്രമത്തിൽ തന്നെ തുടരുന്നു, മാറ്റമൊന്നും അനുവദനീയമല്ല. ഉദ്യോഗസ്ഥർ അവർക്ക് അനുവദിച്ചിട്ടുള്ള കേഡറിൽ തുടരുകയോ അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റിലേക്ക് നിയോഗിക്കപ്പെടുകയോ ചെയ്യുന്നു.
നിലവിലെ കേഡർ നിർണയ നയത്തിന് കീഴിലുള്ള സോണുകൾ
സോൺ | കേഡറുകൾ |
---|---|
സോൺ-I | AGMUT (അരുണാചൽ പ്രദേശ്-ഗോവ-മിസോറാം, കേന്ദ്ര ഭരണ പ്രദേശങ്ങൾ), ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന |
സോൺ-II | ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ |
സോൺ-III | ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് |
സോൺ-IV | പശ്ചിമ ബംഗാൾ, സിക്കിം, അസം-മേഘാലയ, മണിപ്പൂർ, ത്രിപുര, നാഗാലാൻഡ് |
സോൺ-V | തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, കേരളം |
മുമ്പത്തെ കേഡർ നിർണ്ണയ പോളിസികൾ
തിരുത്തുക2008 വരെ, ഉദ്യോഗാർത്ഥിക്ക് ഇഷ്ടമുള്ള സംസ്ഥാന കേഡർ തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന ഒരു ഔപചാരിക സംവിധാനവും ഉണ്ടായിരുന്നില്ല. ഉദ്യോഗാർത്ഥിയെ അവരുടെ സ്വന്തം സംസ്ഥാന കേഡറിലെ ഒരു ഒഴിവിലേക്ക് നിയമിച്ചില്ലെങ്കിൽ, 'a', 'h', 'm' അല്ലെങ്കിൽ 't' എന്നിവയിൽ നിന്ന് ആരംഭിച്ച് അക്ഷരമാലാക്രമത്തിലുള്ള ഒരു പട്ടികയിൽ നിന്ന് തിരഞ്ഞെടുത്ത മറ്റ് സംസ്ഥാനങ്ങളിലേക്ക് അവരെ അനുവദിക്കും, വർഷം അനുസരിച്ച്. ഉദാഹരണത്തിന്, ഒരു പ്രത്യേക വർഷത്തിൽ റോസ്റ്റർ ആരംഭിക്കുന്നത് 'a' ൽ നിന്നാണെങ്കിൽ, പട്ടികയിലെ ആദ്യ ഉദ്യോഗാർത്ഥി ആന്ധ്രാപ്രദേശ് സംസ്ഥാന കേഡറിലേക്കും, അടുത്തത് ബിഹാറിലേക്കും, തുടർന്ന് ഛത്തീസ്ഗഢിലേക്കും ഗുജറാത്തിലേക്കും മറ്റും അക്ഷരമാലാക്രമത്തിൽ പോകും. . അടുത്ത വർഷം ഹരിയാന അല്ലെങ്കിൽ ഹിമാചൽ പ്രദേശ് (രണ്ട് സംസ്ഥാനങ്ങൾ ഒന്നിടവിട്ട റോസ്റ്റർ വർഷങ്ങൾ) 'h' ൽ നിന്ന് റോസ്റ്റർ ആരംഭിക്കുന്നു. 1980-കളുടെ മധ്യം മുതൽ നടപ്പിലാക്കിയ ഈ സംവിധാനം, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഇന്ത്യയിലാകെ നിയമിക്കുന്നുവെന്ന് ഉറപ്പാക്കി.
വികസിത സംസ്ഥാനങ്ങളും അവികസിത സംസ്ഥാനങ്ങളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, സ്ഥിരം സംസ്ഥാന കേഡറുകളുടെ സമ്പ്രദായം (The system of permanent state cadres) ഉദ്യോഗസ്ഥർക്ക് പ്രൊഫഷണൽ എക്സ്പോഷറിൽ വലിയ അസമത്വങ്ങൾ സൃഷ്ടിച്ചു. മറ്റൊരു സംസ്ഥാന കേഡറിലെ ഓൾ ഇന്ത്യ സർവീസസ് ഓഫീസറുമായുള്ള വിവാഹത്തിന്റെ അടിസ്ഥാനത്തിലോ, മറ്റ് അസാധാരണമായ സാഹചര്യങ്ങളിലോ മാത്രമേ സംസ്ഥാന കേഡറിൽ മാറ്റങ്ങൾ അനുവദിക്കൂ. ഉദ്യോഗസ്ഥർക്ക് അവരുടെ സ്വന്തം സംസ്ഥാന കേഡറിലേക്ക് ഡെപ്യൂട്ടേഷനിൽ പോകാൻ അനുവദിച്ചിട്ടുണ്ട്, അതിനുശേഷം അവർ അവർക്ക് അനുവദിച്ച കേഡറിലേക്ക് മടങ്ങേണ്ടതുണ്ട്.
2008 മുതൽ ഐഎഎസ് ഉദ്യോഗസ്ഥരെ അവരുടെ സർവീസിന്റെ തുടക്കത്തിൽ സംസ്ഥാന കേഡറുകളിലേക്ക് നിയമിച്ചു. ഓരോ ഇന്ത്യൻ സംസ്ഥാനത്തിനും ഒരു കേഡർ ഉണ്ടായിരുന്നു, രണ്ട് സംയുക്ത കേഡറുകൾ ഒഴികെ: അസം-മേഘാലയ, അരുണാചൽ പ്രദേശ്-ഗോവ-മിസോറാം-കേന്ദ്ര ഭരണ പ്രദേശങ്ങൾ (AGMUT). "ഇൻസൈഡർ-ഔട്ട്സൈഡർ റേഷ്യോ" (അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ അനുപാതം) 1:2 ആയി നിലനിർത്തി, നേരിട്ട് റിക്രൂട്ട് ചെയ്യുന്നവരിൽ മൂന്നിലൊന്ന് ഒരേ സംസ്ഥാനത്ത് നിന്നുള്ള 'insiders'. ബാക്കിയുള്ളവരെ അവരുടെ ഇഷ്ടാനുസരണം അവരുടെ സ്വന്തം സംസ്ഥാനങ്ങൾ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ സംസ്ഥാന വിഹിതം റോസ്റ്റർ അനുസരിച്ച് പുറത്തുനിന്നുള്ളവരായി പോസ്റ്റ് ചെയ്തു.
ഒരു IAS ഉദ്യോഗസ്ഥന്റെ ചുമതലകൾ
തിരുത്തുകഒരു ഐഎഎസ് ഉദ്യോഗസ്ഥൻ നിർവഹിക്കുന്ന സാധാരണ പ്രവർത്തനങ്ങൾ ഇവയാണ്:
- സബ് കലക്ടർ (സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്), അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ കളക്ടർ എന്നീ ഫീൽഡ് സ്ഥാനങ്ങളിൽ നിയമിതരാവുമ്പോൾ;- റവന്യൂ ഭരണം, ക്രമസമാധാനപാലനം, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി നടത്തിപ്പ്, കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങൾ താഴേക്കിടയിൽ നടപ്പാക്കൽ, ഫീൽഡിൽ സർക്കാരിന്റെ ഒരു ഏജന്റായി പ്രവർത്തിക്കുക, അതായത് പൊതുജനങ്ങൾക്കും സർക്കാരിനുമിടയിൽ ഒരു ഇടനിലക്കാരനായി പ്രവർത്തിക്കുക എന്നിവയൊക്കെയാണ് പ്രധാനചുമതലകൾ.
- ഒരു നിർദ്ദിഷ്‌ട മന്ത്രാലയത്തിന്റെയോ വകുപ്പിന്റെയോ ചുമതലയുള്ള മന്ത്രിയുമായി കൂടിയാലോചിച്ച് നയരൂപീകരണവും നടപ്പാക്കലും ഉൾപ്പെടെ സർക്കാരിന്റെ ഭരണവും ദൈനംദിന നടപടികളും കൈകാര്യം ചെയ്യൽ.
- കേന്ദ്ര സർക്കാരിൽ ജോയിന്റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, സ്പെഷ്യൽ സെക്രട്ടറി, സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി നിലകളിലും കൂടാതെ സംസ്ഥാന സർക്കാരുകളിൽ പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി അല്ലെങ്കിൽ സ്‌പെഷ്യൽ ചീഫ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിങ്ങനെ ഉയർന്ന തലത്തിൽ നിയമിക്കപ്പെടുമ്പോൾ, ബന്ധപ്പെട്ട മന്ത്രിയുടെയോ മന്ത്രിസഭയുടെയോ സമ്മതത്തോടെ നയരൂപീകരണത്തിന് സംഭാവന നൽകാനും ചില കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാനും (കാര്യത്തിന്റെ പ്രാധാന്യം അനുസരിച്ച്) അവർ ബാധ്യസ്ഥരാണ്.[4]
ഔദ്യോഗിക ജീവിതം
തിരുത്തുകഅവരുടെ കരിയറിന്റെ തുടക്കത്തിൽ, ഐഎഎസ് ഉദ്യോഗസ്ഥർക്ക് അവരുടെ ഹോം കേഡറുകൾക്കൊപ്പം ജില്ലാ പരിശീലനവും തുടർന്ന് അവരുടെ ആദ്യ പോസ്റ്റിംഗും ലഭിക്കുന്നു. പരിശീലനത്തിനായി അസിസ്റ്റൻ്റ് കളക്ടർ (അണ്ടർ ട്രെയിനിംഗ്) ആയി ജില്ലകളിലേക്ക് നിയമിക്കുന്നു. ശേഷം സബ് കളക്ടർ കം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് എന്ന നിലയിലാണ് അവരുടെ പ്രാരംഭ റോൾ, അവരെ ഒരു ജില്ലാ സബ് ഡിവിഷന്റെ ചുമതല ഏൽപ്പിക്കുന്നു. സബ് കളക്ടറും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും എന്ന നിലയിൽ, ഉപജില്ലയുടെ ക്രമസമാധാനപാലനവും പൊതുഭരണവും വികസന പ്രവർത്തനങ്ങളും അവരെ ചുമതലപ്പെടുത്തുന്നു. പരിശീലനം പൂർത്തിയാകുമ്പോൾ, കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും പ്രാദേശിക/തദ്ദേശ സ്വയംഭരണ സർക്കാരുകളുടെയും ഉടമസ്ഥതയിലുള്ള വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ വിവിധ പദവികളിലേക്ക് ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നു. (നഗരതലത്തിൽ മുനിസിപ്പൽ കോർപ്പറേഷനുകൾ, വിജ്ഞാപനം ചെയ്യപ്പെട്ട ഏരിയാ കൗൺസിലുകളും മുനിസിപ്പൽ കൗൺസിലുകളും ഗ്രാമതലത്തിൽ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്ത് കളും ജില്ലാ പഞ്ചായത്തുകളും).
പരിശീലന വ്യവസ്ഥയുടെ ഭാഗമായി മൂന്ന് മാസത്തെ നിയമനത്തിനായി ഡൽഹിയിലേക്ക് പുതിയ ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് കേന്ദ്ര സെക്രട്ടേറിയറ്റിൽ അസിസ്റ്റന്റ് സെക്രട്ടറിയുടെ പുതിയ പദവി സൃഷ്ടിച്ചതായി 2015-ൽ പ്രഖ്യാപിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥർക്ക് അവരുടെ ഹോം കേഡറിൽ ഒമ്പത് വർഷത്തെ സേവനത്തിന് ശേഷം കേന്ദ്ര സെക്രട്ടേറിയറ്റിലേക്ക് ഒരിക്കൽ മാത്രമേ ഡെപ്യൂട്ടേഷനിൽ പോകാൻ അനുവാദമുണ്ടായിരുന്നുള്ളു. സെൻട്രൽ ഫംഗ്‌ഷനുകളുടെ അനുഭവപരിചയം ഈ ഡെപ്യൂട്ടേഷനുകൾക്കിടയിൽ വളരെ കുറവായിരുന്നു, ഇത് അവരുടെ പരിശീലനത്തിലുടെ മാറ്റത്തിന് കാരണമായി.
പുതിയ സംവിധാനത്തിന്റെ ഭാഗമായി, ഐഎഎസ് അസിസ്റ്റന്റ് സെക്രട്ടറിമാർ പ്രോജക്ടുകളിൽ പ്രവർത്തിക്കണം-അതാത് മേഖലകളിൽ ഒരു പുതിയ നയം-അത് അവരവരുടെ മന്ത്രാലയങ്ങൾക്ക് സമർപ്പിക്കണം; എല്ലാ പ്രോജക്റ്റുകളിൽ നിന്നും 36 എണ്ണം ഇന്ത്യാ ഗവൺമെന്റിന്റെ എല്ലാ സെക്രട്ടറിമാരുടെയും മുമ്പാകെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നു; തൽഫലമായി, 16 പേരെ കാബിനറ്റ് സെക്രട്ടറിക്ക് മുമ്പാകെ തിരഞ്ഞെടുക്കുകയും അന്തിമ എട്ട് പേരെ പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കുകയും ചെയ്യുന്നു.
ഈ പ്രൊബേഷൻ പൂർത്തിയാക്കിയതിന് ശേഷം ഒരു ജില്ലയിൽ കളക്ടർ കം ജില്ലാ മജിസ്‌ട്രേറ്റ് എന്ന നിലയിൽ ഒരു എക്‌സിക്യൂട്ടീവ് റോൾ ഉണ്ട്, അത് വർഷങ്ങളോളം നീണ്ടുനിൽക്കും. ജില്ലാ മജിസ്‌ട്രേറ്റ് എന്ന നിലയിലുള്ള ഈ കാലാവധിക്കുശേഷം, ഒരു ഡിവിഷണൽ കമ്മീഷണറായി ഉദ്യോഗസ്ഥന് ഒരു സംസ്ഥാന റവന്യൂ ഡിവിഷന്റെ തലവനായി സ്ഥാനക്കയറ്റം ലഭിച്ചേക്കാം.
ഉയർന്ന നിലയിൽ (Apex level) എത്തുമ്പോൾ, ഐഎഎസ് ഉദ്യോഗസ്ഥർക്ക് സർക്കാർ വകുപ്പുകളോ മന്ത്രാലയങ്ങളോ നയിക്കാം. ഈ റോളുകളിൽ, ഉഭയകക്ഷി, ബഹുമുഖ ചർച്ചകളിൽ ഐഎഎസ് ഉദ്യോഗസ്ഥർ രാജ്യാന്തര തലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നു. ഒരു ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിക്കുകയാണെങ്കിൽ, അവർ ലോകബാങ്ക്, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്, ഐക്യ രാഷ്ട്രസഭ (UN) അല്ലെങ്കിൽ അതിന്റെ ഏജൻസികൾ തുടങ്ങിയ അന്തർ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തേക്കാം. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധമാക്കിയിട്ടുള്ള ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഐഎഎസ് ഓഫീസർമാരും പങ്കാളികളാണ്.
ഐഎഎസ് ഉദ്യോഗസ്ഥർ അവരുടെ കരിയറിൽ വഹിച്ച സ്ഥാനങ്ങളും പദവികളും[5][6]
ഗ്രേഡ്/ശമ്പള സ്കെയിൽ (ശമ്പള ലെവൽ) | ഫീൽഡ് പോസ്റ്റിംഗ്(s) | സംസ്ഥാന സർക്കാരുകളിലെ സ്ഥാനം/പദവി | കേന്ദ്ര സർക്കാരിലെ സ്ഥാനം | ശമ്പളം |
---|---|---|---|---|
കാബിനറ്റ് സെക്രട്ടറി ഗ്രേഡ് (Pay level 18) | — | — | കാബിനറ്റ് സെക്രട്ടറി | ₹250,000 (US$3,300) (PPP$11,700) |
അപെക്സ് സ്കെയിൽ (Pay level 17) | ചീഫ് സെക്രട്ടറി[i][ii] | സെക്രട്ടറി | ₹225,000 (US$3,000) | |
ഹയർ അഡ്മിനിസ്ട്രേറ്റീവ് ഗ്രേഡ് (above super time scale) (Pay level 15) | ഡിവിഷണൽ കമ്മീഷണർ | പ്രിൻസിപ്പൽ സെക്രട്ടറി | അഡീഷണൽ സെക്രട്ടറി | ₹182,200 (US$2,400)—₹224,100 (US$2,900) |
സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഗ്രേഡ് (സൂപ്പർ ടൈം സ്കെയിലിനു മുകളിൽ) (Pay level 14) | സെക്രട്ടറി കം കമ്മീഷണർ | ജോയിന്റ് സെക്രട്ടറി | ₹144,200 (US$1,900)—₹218,200 (US$2,900) | |
സെലക്ഷൻ ഗ്രേഡ് (Pay level 13) | ജില്ലാ കളക്ടർ & ജില്ലാ മജിസ്ട്രേറ്റ് | സ്പെഷ്യൽ സെക്രട്ടറി/ ഡയറക്ടർ | ഡയറക്ടർ | ₹118,500 (US$1,600)—₹214,100 (US$2,800) |
ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് ഗ്രേഡ് (Pay level 12) | ജോയിന്റ് സെക്രട്ടറി | ഡെപ്യൂട്ടി സെക്രട്ടറി | ₹78,800 (US$1,000)—₹191,500 (US$2,500) | |
സീനിയർ ടൈം സ്കെയിൽ (Pay level 11) | അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് | ഡെപ്യൂട്ടി സെക്രട്ടറി | അണ്ടർ സെക്രട്ടറി | ₹67,700 (US$890)—₹160,000 (US$2,100) |
ജൂനിയർ ടൈം സ്കെയിൽ (Pay level 10) | സബ് കളക്ടർ/സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് | അണ്ടർ സെക്രട്ടറി | അസിസ്റ്റന്റ് സെക്രട്ടറി | ₹56,100 (US$740)—₹132,000 (US$1,700) |
വിരമിക്കുമ്പോൾ, ഇന്ത്യൻ ചീഫ് ഇലക്ഷൻ കമ്മീഷണർ, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) ചെയർപേഴ്‌സൺ തുടങ്ങിയ ഭരണഘടനാപരമായ പദവികൾ ഉയർന്ന റാങ്കിലുള്ള ഐഎഎസ് ഉദ്യോഗസ്ഥർ വഹിച്ചിട്ടുണ്ട്.
ദേശീയ ഹരിത ട്രൈബ്യൂണൽ, സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ തുടങ്ങിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലുകളിലും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെയുള്ള റെഗുലേറ്റർ മേധാവികളും അവർ അംഗങ്ങളായിട്ടുണ്ട്.
കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ, ചീഫ് ഇലക്ഷൻ കമ്മീഷണർ അല്ലെങ്കിൽ യുപിഎസ്‌സിയുടെ ചെയർപേഴ്‌സൺ അല്ലെങ്കിൽ ദേശീയ വനിതാ കമ്മീഷൻ അല്ലെങ്കിൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ പോലുള്ള നിയമാനുസൃത അതോറിറ്റിയുടെ തലവൻ തുടങ്ങിയ ഭരണഘടനാപരമായ തസ്തികകളിലേക്കോ സേവനമനുഷ്ഠിക്കുന്നിന് ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചാൽ, അവൻ അല്ലെങ്കിൽ അവൾ സർവീസിൽ നിന്ന് വിരമിച്ചതായി കണക്കാക്കുന്നു. 1954ലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കേഡർ) റൂൾ 6(2)(ii) പ്രകാരം ഐഎഎസ് ഓഫീസർമാരെ ഒരു നിശ്ചിത കാലയളവിലേക്ക് സ്വകാര്യ ഓർഗനൈസേഷനുകളിലേക്ക് ഡെപ്യൂട്ടേഷൻ ചെയ്യാം.[10][11]
വിലയിരുത്തൽ - സ്ഥാനക്കയറ്റത്തിനും പോസ്റ്റിംഗിനും
തിരുത്തുകപെർഫോമൻസ് അപ്രൈസൽ റിപ്പോർട്ടിലൂടെയാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തുന്നത്. കേന്ദ്രത്തിലോ സംസ്ഥാന സർക്കാരുകളിലോ സ്ഥാനക്കയറ്റത്തിനോ നിയമനത്തിനോ മുമ്പ് ഒരു ഉദ്യോഗസ്ഥന്റെ അനുയോജ്യത വിലയിരുത്തുന്നതിന് റിപ്പോർട്ടുകൾ അവലോകനം ചെയ്യുന്നു. റിപ്പോർട്ട് വർഷം തോറും സമാഹരിക്കുകയും, റിപ്പോർട്ടിംഗ് ഓഫീസറായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ സ്വയം അവലോകനം ചെയ്യുകയും, അവർ അവരുടെ നേട്ടങ്ങൾ, നിയുക്ത പ്രവർത്തനങ്ങളുടെ പൂർത്തീകരണം, വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ എന്നിവ പട്ടികപ്പെടുത്തുകയും ചെയ്യുന്നു. റിവ്യൂവിംഗ് ഓഫീസർ, സാധാരണയായി റിപ്പോർട്ടിംഗ് ഓഫീസറുടെ മേലുദ്യോഗസ്ഥൻ, റിപ്പോർട്ട് പരിഷ്കരിക്കുകയും അഭിപ്രായമിടുകയും ചെയ്യുന്നു. എല്ലാ റിപ്പോർട്ടുകളും റിവ്യൂവിംഗ് ഓഫീസർ, റിപ്പോർട്ടിന്റെ അന്തിമ അവലോകനം നടത്തുന്ന സ്വീകാര്യമായ അധികാരിക്ക് കൈമാറുന്നു.
പ്രധാന ആശങ്കകളും പരിഷ്കാരങ്ങളും
തിരുത്തുകഉദ്യോഗസ്ഥരുടെ കുറവ്
തിരുത്തുകരാജ്യത്ത് 1700 ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന് 2017ൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതൊക്കെയാണെങ്കിലും, നിലവിലുള്ള ഉദ്യോഗസ്ഥരുടെ കരിയർ പുരോഗതിയെയും സേവനത്തിന്റെ മൊത്തത്തിലുള്ള ഘടനയെയും ബാധിക്കാതിരിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാർഷിക റിക്രൂട്ട്‌മെന്റ് വർദ്ധിപ്പിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.
മാധ്യമ പ്രവർത്തകരും വിരമിച്ച ചില ഐഎഎസ് ഉദ്യോഗസ്ഥരും ഏതാനും വിദ്യാഭ്യാസ വിദഗ്ദരും, ഐഎഎസിലേക്ക് പുതിയ ലാറ്ററൽ എൻട്രിക്ക് വേണ്ടി അനുകൂലമായി വാദിച്ചു. ബ്യൂറോക്രസിയെ നവീകരിക്കാനും മത്സരശേഷി നൽകാനും ഇതര കാഴ്ചപ്പാടുകൾ കൊണ്ടുവരാനും ഇത് സഹായിക്കുമെന്ന് അവർ വാദിക്കുന്നു. അഴിമതിയും ചങ്ങാത്തവും കാരണം ലാറ്ററൽ എൻട്രി പ്രക്രിയയിൽ കൃത്രിമം നടന്നേക്കാമെന്ന മറുവാദം മുന്നോട്ട് വച്ചിട്ടുണ്ട്. ഒരു ലാറ്ററൽ എൻട്രി മാനേജ്‌മെന്റിന്റെ പ്രകടനത്തിലോ ഉത്തരവാദിത്തത്തിലോ മെച്ചപ്പെടലിലേക്ക് നയിക്കില്ലെന്നും സർക്കാരിനും വൻകിട ബിസിനസുകൾക്കുമിടയിൽ സമന്വയം സൃഷ്‌ടിച്ചേക്കാമെന്നും അത് സർക്കാരിന്റെ സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്യുമെന്നും വാദിക്കുന്നു. പകരം ബ്യൂറോക്രസിയെ തളർത്താൻ ഇത് കാരണമാകുമെന്നും വാദമുണ്ട്. ഐഎഎസിലേക്കുള്ള ലാറ്ററൽ പ്രവേശനം കേന്ദ്ര സർക്കാർ ഇടയ്‌ക്കിടെ നിരാകരിക്കുന്നു.[14]
രാഷ്ട്രീയ സ്വാധീനം
തിരുത്തുകരാഷ്ട്രീയ ഇടപെടൽ, കാലഹരണപ്പെട്ട ഉദ്യോഗസ്ഥ നടപടിക്രമങ്ങൾ, നയ നിർവഹണത്തിലെ സമ്മിശ്ര റെക്കോർഡ്ങ് എന്നിവയാൽ ഐഎഎസിന് തടസ്സമുണ്ട്, ഇതിന് അടിയന്തിര പരിഷ്‌കരണം ആവശ്യമാണ്. ഇന്ത്യൻ ഗവൺമെന്റ് റിക്രൂട്ട്‌മെന്റ്, പ്രൊമോഷൻ പ്രക്രിയകൾ പുനഃക്രമീകരിക്കണം, വ്യക്തിഗത ഓഫീസർമാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ മെച്ചപ്പെടുത്തണം, രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് ഉദ്യോഗസ്ഥന്മാരെ സംരക്ഷിക്കുമ്പോൾ ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്ന സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം.
സേവനത്തിനുള്ളിലെ രാഷ്ട്രീയ സ്വാധീനത്താൽ ഐഎഎസിന് തടസ്സമുണ്ടെന്ന് നിരവധി തിങ്ക് ടാങ്കുകളും മാധ്യമ സ്ഥാപനങ്ങളും വാദിക്കുന്നു. പല പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഐഎഎസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഇടപെട്ടതായി റിപ്പോർട്ടുണ്ട്. ഐഎഎസുകാരെ പലതവണ സ്ഥലംമാറ്റിയും സസ്‌പെൻഡ് ചെയ്തും മർദിച്ചും, ചില അതിരൂക്ഷമായ കേസുകളിൽ കൊലപ്പെടുത്തിയും രാഷ്ട്രീയക്കാർ ഐഎഎസ് ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്.[15]
T. S. R. Subramanian v. Union of India, സുപ്രീം കോടതി ഓഫ് ഇന്ത്യയുടെ വിധി, ഐഎഎസ് ഓഫീസർമാരും മറ്റ് സിവിൽ സേവകർമാരും - രാഷ്ട്രീയക്കാർ നൽകിയ വാക്കാലുള്ള നിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കേണ്ടതില്ല, കാരണം അവർ 'വിശ്വാസ്യതയെ തകർക്കുന്നു'
അഴിമതി
തിരുത്തുക2015-ൽ, അഴിമതി ആരോപിച്ച് നൂറ് ഐഎഎസ് ഉദ്യോഗസ്ഥർ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ പരിശോധനയ്ക്ക് വിധേയരായതായി ഇന്ത്യാ ഗവൺമെന്റ് റിപ്പോർട്ട് ചെയ്തു.[16] 2017 ലെ സർക്കാർ രേഖകൾ കാണിക്കുന്നത് , 379 ഐഎഎസ് ഉദ്യോഗസ്ഥർ തങ്ങളുടെ സ്വത്തുക്കളുടെ (ഐപിആർ) വിശദാംശങ്ങൾ സമർപ്പിക്കുന്നതിൽ മനഃപൂർവം പരാജയപ്പെട്ടു. 2007 മുതൽ, അഴിമതി അല്ലെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ നിരവധി ചീഫ് സെക്രട്ടറിമാരും, ഒരു പ്രിൻസിപ്പൽ സെക്രട്ടറിയും അറസ്റ്റിലായിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥർ ആനുപാതികമല്ലാത്ത സ്വത്തും സമ്പത്തും 200 കോടി രൂപ (യുഎസ് ഡോളർ) മുതൽ 800 കോടി രൂപ (100 മില്യൺ യുഎസ് ഡോളർ) വരെ സമ്പാദിച്ചതായി കണ്ടെത്തി. അഴിമതിക്കാരായ ഐഎഎസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ മാർഗം ഒരുക്കുമെന്ന് 2016ൽ റിപ്പോർട്ട് ചെയ്തിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികൾ ആവശ്യപ്പെട്ട് സ്വകാര്യ പൗരന്മാരിൽ നിന്നുള്ള അഭ്യർത്ഥനകൾ സ്വീകരിക്കാൻ പേഴ്സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം സമ്മതിച്ചു.
2017ൽ ഡൽഹിയിലെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പ്രത്യേക കോടതി കൽക്കരി വിതരണ കുംഭകോണത്തിൽ ഉൾപ്പെട്ട മുൻ കേന്ദ്ര കൽക്കരി സെക്രട്ടറിക്കും മറ്റ് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർക്കും രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
2017-ൽ പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയത്തിന്റെ ഭാഗമായ പേഴ്‌സണൽ ആന്റ് ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട് ചെയ്തു, 2014 മുതൽ, പത്ത് ഐഎഎസ് ഉദ്യോഗസ്ഥർ രാജിവെച്ചതായി കണക്കാക്കപ്പെട്ടിരുന്നു, ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ prematurely retired from service, അഞ്ച് പേരുടെ പെൻഷൻ വെട്ടിക്കുറച്ചു, എട്ട് ഐഎഎസ് ഓഫീസർമാരുടെ പ്രതിഫലം വെട്ടിക്കുറച്ചു. 36 ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ പുരോഗമിക്കുകയാണെന്ന് 2018ൽ കേന്ദ്ര പേഴ്സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ സഹമന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭയെ അറിയിച്ചു.
2020-ൽ, അന്നത്തെ ജമ്മു കശ്മീർ സംസ്ഥാനത്ത് അനധികൃത ആയുധ ലൈസൻസ് വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് ജില്ലാ മജിസ്‌ട്രേറ്റുമാരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു. 2020-21 വർഷങ്ങളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ 581 അഴിമതി ആരോപണങ്ങളാണ് രജിസ്റ്റർ ചെയ്തത്. കൂടാതെ, ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ 2019-20- ൽ 753 പരാതികളും, 2018-19-ൽ 643 പരാതികളും ലഭിച്ചു.
സേവനം ഉപേക്ഷിക്കൽ
തിരുത്തുക2015 ജൂണിൽ, പന്ത്രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ കാണാതായെന്നും,[17][18] അവർക്കനുവദിച്ച കേഡറിനായി യൂണിയനോ സംസ്ഥാന സർക്കാരിനോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികളിൽ കൂടുതൽ ലാഭകരമായ വേതനത്തിന് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരാണെന്നാണ് കരുതുന്നത്. "ദീർഘകാലം സേവനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്" കാരണം പന്ത്രണ്ട് ഉദ്യോഗസ്ഥരിൽ മൂന്ന് പേരുടെ സേവനം അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഏഷ്യൻ ഏജ് പിന്നീട് റിപ്പോർട്ട് ചെയ്തു.[19]
ശ്രദ്ധേയരായ ഐഎഎസ് ഉദ്യോഗസ്ഥർ
തിരുത്തുക- നരേഷ് ചന്ദ്ര; രാജസ്ഥാൻ കേഡറിലെ വിരമിച്ച 1956 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്, അദ്ദേഹം ഇന്ത്യയുടെ കാബിനറ്റ് സെക്രട്ടറി, ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി, ഇന്ത്യയുടെ ആഭ്യന്തര സെക്രട്ടറി, ഇന്ത്യയുടെ ജലവിഭവ സെക്രട്ടറി, യുഎസിലെ ഇന്ത്യൻ അംബാസഡർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007-ൽ ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ അദ്ദേഹത്തിന് ലഭിച്ചു.
- നരീന്ദർ നാഥ് വോറ (എൻ.എൻ. വോഹ്‌റ); പഞ്ചാബ് കേഡറിൽ നിന്ന് വിരമിച്ച 1959 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ 12-ാമത് ഗവർണറുമായ വോറ, ജഗ്മോഹന് ശേഷം 18 വർഷത്തിനിടെ ജമ്മു കശ്മീരിലെ ആദ്യത്തെ സിവിലിയൻ ഗവർണറായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഇന്ത്യൻ ആഭ്യന്തര സെക്രട്ടറി, ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി, ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദന സെക്രട്ടറി എന്നീ നിലകളിലും വോറ പ്രവർത്തിച്ചിട്ടുണ്ട്. 2007-ൽ ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ അദ്ദേഹത്തിന് ലഭിച്ചു.
- ടി.എൻ.ശേഷൻ; 1955 ബാച്ച് തമിഴ്‌നാട് കേഡറിൽ നിന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ, ഇന്ത്യയിൽ തിരഞ്ഞെടുപ്പ് മേൽനോട്ടത്തിൽ കാര്യമായ പരിഷ്‌കാരങ്ങൾ നടപ്പാക്കിയതിൽ ശ്രദ്ധേയനാണ്. അദ്ദേഹം ഇന്ത്യയുടെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു (1990-96), രാജ്യത്തുടനീളമുള്ള തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ കീഴടക്കി തിരഞ്ഞെടുപ്പ് പരിഷ്കരിക്കുകയും, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിച്ഛായ ശക്തിപ്പെടുത്തുകയും ചെയ്തു. അദ്ദേഹം മുമ്പ് 1989 ൽ ഇന്ത്യയുടെ 18-ാമത് കാബിനറ്റ് സെക്രട്ടറിയായും, പിന്നീട് ആസൂത്രണ കമ്മീഷൻ അംഗമായും സേവനമനുഷ്ഠിച്ചു. 1996-ൽ സർക്കാർ സേവനത്തിനുള്ള രമൺ മഗ്‌സസെ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.
- വിനോദ് റായ്; 1972 ബാച്ച് കേരള കേഡറിൽ നിന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ, ഇന്ത്യയുടെ പതിനൊന്നാമത്തെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി സേവനമനുഷ്ഠിച്ചു. ഇന്ത്യയിലെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രതീകമായി അദ്ദേഹം പരക്കെ കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2016-ൽ ഇന്ത്യയുടെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ റായിക്ക് ലഭിച്ചു.
- ഡുവൂരി സുബ്ബറാവു; ആന്ധ്രാപ്രദേശ് കേഡറിലെ 1972 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ വിരമിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 22-ാം ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ ധനകാര്യ സെക്രട്ടറിയായ ഇന്ത്യയും ലോക ബാങ്കിലെ മുതിർന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായി സേവനമനുഷ്ഠിച്ചു.
അവലംബം
തിരുത്തുക- ↑ "Wayback Machine" (PDF). Archived from the original on 2017-08-09. Retrieved 2022-06-17.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Wayback Machine" (PDF). Archived from the original on 2011-12-03. Retrieved 2022-06-17.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "The Tribune, Chandigarh, India - Opinions". Retrieved 2022-06-17.
- ↑ "Responsibilities & Powers of an IAS Officer". 2017-08-13. Archived from the original on 2017-08-13. Retrieved 2022-06-17.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Wayback Machine" (PDF). Archived from the original on 2017-09-19. Retrieved 2022-06-17.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Wayback Machine" (PDF). Archived from the original on 2015-11-20. Retrieved 2022-06-17.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 7.0 7.1 Siwach, Sukhbir (5 July 2017). "Why so many IAS officers promoted as ACS, Haryana Assembly panel asks Govt". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). Chandigarh. OCLC 70274541. Archived from the original on 13 August 2017. Retrieved 12 August 2017.
- ↑ 8.0 8.1 "Apex grade for two Principal Secretaries". The Tribune. Dehradun. 2 January 2016. Archived from the original on 13 August 2017. Retrieved 12 August 2017.
- ↑ 9.0 9.1 "5 IAS officers promoted as Additional Chief Secretaries". The Indian Express. Gandhinagar. 10 December 2013. OCLC 70274541. Archived from the original on 3 July 2018. Retrieved 8 September 2017.
- ↑ "Wayback Machine" (PDF). Archived from the original on 2017-08-13. Retrieved 2022-06-17.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Parliamentary panel for deputation of IAS, IPS officers in private firms". Retrieved 2022-06-17.
- ↑ "ഐ.എ.എസ് തലത്തിലേക്ക് ലാറ്ററൽ എൻട്രി; വിദഗ്ധർക്ക് നേരിട്ട് ഉദ്യോഗസ്ഥരാകാം". 2018-06-10. Retrieved 2022-06-17.
- ↑ "കേന്ദ്രഭരണത്തിലെ കോർപറേറ്റ് സാന്നിധ്യം". Retrieved 2022-06-17.
- ↑ Livemint (2017-07-18). "The need for lateral entry in civil services" (in ഇംഗ്ലീഷ്). Retrieved 2022-06-17.
- ↑ Gokul (2015-03-26). "ഡികെ രവിയുടെ മരണം; സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചു?". Retrieved 2022-06-17.
- ↑ "100 IAS officers came under CBI scanner in last 5 years: Government" (in ഇംഗ്ലീഷ്). 2015-07-23. Retrieved 2022-06-17.
- ↑ "Mystery of the missing IAS dozen". Retrieved 2022-06-17.
- ↑ afsal. "പ്രഭാത സവാരിക്കിറങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥനെ കാണാതായി". Retrieved 2022-06-17.
- ↑ Verma, Amita (2015-11-13). "3 UP IAS officers likely to face termination". Retrieved 2022-06-17.
കുറിപ്പുകൾ
തിരുത്തുക- ↑ അഡീഷണൽ ചീഫ് സെക്രട്ടറി, സ്‌പെഷ്യൽ ചീഫ് സെക്രട്ടറി എന്നീ പദവികളിലുള്ള ഐഎഎസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അതേ ശമ്പളമാണ് ലഭിക്കുന്നത്, എന്നാൽ ഒരേ പ്രോട്ടോക്കോൾ അല്ല.[7][8][9]
- ↑ അഡീഷണൽ ചീഫ് സെക്രട്ടറി, സ്‌പെഷ്യൽ ചീഫ് സെക്രട്ടറി എന്നീ പദവികളിലുള്ള ഐഎഎസ് ഉദ്യോഗസ്ഥർ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അതേ ശമ്പളം വാങ്ങുന്നു, എന്നാൽ ഒരേ പ്രോട്ടോക്കോൾ അല്ല.[7][8][9]