അരനാഴികനേരം
മഞ്ഞിലാസ്സിനു വേണ്ടി എം.ഓ. ജോസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് അരനാഴികനേരം. പാറപ്പുറത്തിന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി അദ്ദേഹംതന്നെ രചിച്ചകഥയ്ക്ക് തിരക്കഥ രചിച്ചത് കെ.എസ്. സേതുമാധവനാണ്. പാറപ്പുറത്തും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ഈ ചിത്രത്തിൽ. വിമലാ റിലീസ് വിതരണം ചെയ്ത അരനാഴികനേരം 1970 ഡിസംബർ 25-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1] [2] [3]
അരനാഴികനേരം | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | എം.ഓ. ജോസഫ് |
രചന | പാറപ്പുറത്ത് |
തിരക്കഥ | കെ.എസ്. സേതുമാധവൻ |
അഭിനേതാക്കൾ | സത്യൻ പ്രേം നസീർ കൊട്ടാരക്കര ഷീല രാഗിണി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | എം.എസ്. മണി |
വിതരണം | വിമലാ റിലീസ് |
റിലീസിങ് തീയതി | 25/12/1970 |
രാജ്യം | ![]() |
ഭാഷ | മലയാളം |
കഥാംശംതിരുത്തുക
സാധാരണക്കാരിൽ സാധാരണക്കാരനായി നീണ്ട തൊണ്ണൂറു സംവത്സരം പനച്ചമൂട്ടിൽ ജീവിച്ച കുഞ്ഞേനാച്ചനാണു (കൊട്ടാരക്കര ) ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം . ഉത്തുംഗപ്രഭാവനായി ജീവിതം കെട്ടിപ്പടുത്ത കുഞ്ഞേനാച്ചന്റെ ജീവിതം വളർന്നു പന്തലിച്ചു നിൽക്കുന്ന ഒരു മഹാ വൃക്ഷം പോലെ അനുഭവ സങ്കീർണ്ണവും ഉജ്ജ്വലവുമായിരുന്നു.സ്വതന്ത്ര ബുദ്ധിക്കാരനായ കുഞ്ഞേനാച്ചൻ ആരുടെയും ശാസനയിൽ നിൽക്കാനാവാത്ത പുത്രന്മാരുടെ വീടുകളിൽ സന്ദർശനം നടത്തി തിരിച്ചു വരുന്ന വഴിഒരു ദിവസം മനസ്സിനൊപ്പം നീങ്ങാത്ത ശരീരം തളർന്നു പെരുവഴിയിൽ വീണു പോയി. നാട്ടുകാരും സ്വന്തക്കാരും കൂടി വീട്ടിലെത്തിച്ചു. അന്നു മുതൽ കിടക്കയും മുറ്റവുമായി കഴിഞ്ഞു കൂടുന്ന ഈശ്വരവിശ്വാസിയായ ആ തൊണ്ണൂറുകാരന്റെ ഓർമ്മകളിലൂടെയും ദൃക്‌സാക്ഷിത്വത്തിലൂടെയും ആ കുടുംബത്തിനെ സ്പർശിക്കുന്ന സംഭവങ്ങളുടെ ചിത്രീകരണമാണു അരനാഴിക നേരം.
കുഞ്ഞേനാച്ചന്റെ മൂത്ത മകൻ കുഞ്ഞോമ ചെറുപ്പത്തിലെ ഒരു വഴക്കിൽ മരിച്ചു പോയി. മുൻകോപിയാണെങ്കിലും രണ്ടാമൻ കീവറീച്ചൻ(ശങ്കരാടി ) കുടുംബസ്നേഹിയാണ്. സ്കൂൾ ടീച്ചറായ മൂത്ത മകൾ കുട്ടിയമ്മയെ(അംബിക )വേറൊരു വരുമാനവുമില്ലാത്ത അയാൾ കറവപ്പശുവായി വീട്ടിൽ നിറുത്തിയിരിക്കുകയാണ്. അവളുടെ വികാരങ്ങളെപ്പറ്റിയോ ഭാവിയെപ്പറ്റിയോ കീവറീച്ചൻ ചിന്തിക്കുന്നില്ല എന്നത് കുഞ്ഞേനാച്ചനു ആധിയാകുന്നു. അവളുടെ ഹൃദയം ഇതരസഭാക്കാരനും സഹപ്രവർത്തകനുമായ തോമസിൽ (കെ.പി. ഉമ്മർ ) പതിഞ്ഞു.
മൂന്നാമത്തെ മകനായ കുഞ്ഞുചെറുക്കൻ(ബഹദൂർ ) കള്ളക്കടത്തുമായി ബന്ധപ്പെട്ടു കഴിയുന്ന മകന്റെ പണം ലഭിക്കുന്നുണ്ടെങ്കിലും എന്നും പട്ടിണിയും പരാതിയുമായി അപ്പനെയും സഹോദരങ്ങളെയും അലട്ടിക്കൊണ്ട് ചെറ്റപ്പുരയിൽ കഴിയുന്നു.
പണക്കാരനായ നാലാമൻ പീലിപ്പോച്ചന്റെ(ഗോവിന്ദൻകുട്ടി) പക്ഷേ കുടുംബത്തിൽ സമാധാനമില്ല.ഭാര്യ അന്നമ്മയ്ക്ക്(മീന ) പീലിപ്പോച്ചന്റെ സ്വഭാവത്തിൽ സംശയമാണ്. പ്രായമായ മകനുമായി എപ്പോഴും സംഘട്ടനമാണ്.
അഞ്ചാമത്തെ മകനായ പൊതുക്കാര്യപ്രവർത്തകനായ മാത്തുക്കുട്ടിയുടെ(സത്യൻ ) കൂടെയാണു കുഞ്ഞേനാച്ചൻ താമസം. ആദ്യഭാര്യ മരിച്ച് മാത്തുക്കുട്ടി വീട്ടുകാര്യങ്ങളുടെ ചുമതല മുഴുവൻ രണ്ടാം ഭാര്യയായ ദീനാമ്മയെ(രാഗിണി) ഏൽപ്പിച്ച് നാട്ടുകാര്യവുമായി ദിവസത്തിന്റെ സിംഹഭാഗവും വെളിയിൽ ചെലവഴിക്കുന്നു. ദീനാമ്മ ഒരു മകളെപ്പോലെ ഭർത്തൃപിതാവിനെ പരിചരിക്കുന്നു.അവളുടെ കൊച്ചുമോൾ സിസിലി കുഞ്ഞേനാച്ചനു ഒരു കളിപ്പാട്ടമാണ്. മാത്തുക്കുട്ടിയുടെ ആദ്യത്തെ കെട്ടിലുള്ള മകൻ രാജൻ(പ്രേംനസീർ ) പട്ടാളക്കാരനാണ്. പ്രതിമാസം അവനയക്കുന്ന നൂറ് രൂപായാണ് ആ കുടുംബത്തിന്റെ പ്രധാന വരുമാനം. കുഞ്ഞേനാച്ചന്റെ തളർന്ന ശരീരത്തിനുണർവ് നൽകുന്ന “കറുപ്പ് “ ഇടക്കിടക്ക് എത്തിക്കുന്ന സരസനായ ശിവരാമക്കുറുപ്പാണ് (അടൂർ ഭാസി )കുഞ്ഞേനച്ചന്റെ ഉറ്റചെങ്ങാതി.
മാത്തുക്കുട്ടിയുടെ മകൻ രാജൻ അവധിക്കു വീട്ടിലെത്തി.എല്ലാവർക്കും സമ്മാനങ്ങളുമായി വന്ന അവന്റെ പേർക്ക് ഒരു വിവാഹാലോചനയുമായി കുഞ്ഞേനാച്ചന്റെ അളിയന്റെ മകനും ദീനാമ്മയുടെ സഹോദരീഭർത്താവുമായ കോഴഞ്ചേരീക്കാരൻ അച്ചൻ(ജോസ് പ്രകാശ് ) വീട്ടിലെത്തി.രാജനും അവന്റെ അമ്മാമൻ കുഞ്ഞുകുട്ടിയും(പറവൂർ ഭരതൻ ) കൂടിപ്പോയി പെണ്ണിനെ കണ്ടു. രാജന്റെ മനസ്സിനിണങ്ങി. വീട്ടുകാർക്കും തൃപ്തിയായി. വിവാഹവും ഉറച്ചു. അപ്പോഴിതാ വേലഞ്ചിറക്കാരൻ മൊളകു ലോനനെന്നൊരുവൻ(മുതുകുളം ) ഒരു പരദൂഷണവുമായി അവിടെയെത്തുന്നു.കോഴഞ്ചേരീ അച്ചന്റെ അവിഹിത സന്തതിയാണാ പെണ്ണ് എന്നൊരു വാർത്തയും അറിയിച്ചു. കുടുംബാംഗങ്ങൾ ഒന്നിച്ചാലോചിച്ച് നിശ്ചയിച്ച വിവാഹം നടത്തേണ്ടെന്ന് തീരുമാനിച്ചെങ്കിലും രാജന്റെ ഉറച്ച നിലപാടിൽ എല്ലാവരും വഴങ്ങി.വിവാഹവും നടന്നു. ഹ്രസ്വകാല മധുവിധുവിനു ശേഷം രാജൻ ജോലിസ്ഥലത്തേക്കു പോയി.ഓർമ്മകളും പ്രതീക്ഷകളുമായി നവവധുവായ ശാന്തമ്മ(ഷീല ) ആ വീട്ടിലെ ഒരംഗമായി കഴിഞ്ഞു വന്നു.
കീവറീച്ചന്റെ മകൾ കുട്ടിയമ്മ തന്റെ ഭാവി ജീവിതപങ്കാളിയെ സ്വയം സ്വീകരിച്ചു. തോമസ് സാറുമായി അവൾ വീടു വിട്ടു പോയി. രോഷാകുലരായ കാരണവന്മാർ തോമസിനെ കോടതി കയറ്റാൻ തീരുമാനമെടുത്തപ്പോൾ അവർ ആ വീട്ടിലേക്കു തന്നെ കടന്നു വന്നു. കുഞ്ഞേനാച്ചൻ മറ്റാരുടെയും അനുവാദത്തിനു കാത്തു നിൽക്കാതെ ആ കാമുകീ കാമുകന്മാരെ അനുഗ്രഹിച്ച് ആശീർവദിച്ചു.കുഞ്ഞുചെറുക്കന്റെ രാത്രിഞ്ചരനായ മകനെ പോലീസ് പിടി കൂടി. പിടിക്കപ്പെടുന്നതിനു തലേദിവസം കുഞ്ഞേനാച്ചനു അവൻ നൽകിയ അഞ്ഞൂറു രൂപയും കുഞ്ഞുചെറുക്കനെ ഏൽപ്പിച്ച് ആ പുത്രവത്സലൻ വേദനക്ക് ശമനം കണ്ടെത്തി. . കുഞ്ഞേനാച്ചനെയും മക്കളെയും ദുഃഖത്തിന്റെ കൊടും കയത്തിലേക്കാഴ്ത്തിക്കൊണ്ട് പട്ടാളക്യാമ്പിൽ നിന്നും രാജന്റെ മരണവാർത്ത അറിയിച്ചു കൊണ്ടുള്ള കമ്പി സന്ദേശമെത്തി. വിടരുന്നതിനു മുൻപ് കരിഞ്ഞു തുടങ്ങിയ ശാന്തമ്മയുടെ വേദന കാണാനാവാതെ കുഞ്ഞേനാച്ചൻ വലഞ്ഞു.
കോഴഞ്ചേരീലച്ചനെ പറ്റി പറഞ്ഞു പരത്തിയ വാർത്ത വെറും അപവാദമായിരുന്നെന്ന് തെളിഞ്ഞതോടു കൂടി ശാന്തമ്മ മനോവേദനയിൽ നിന്നും മോചിതയായി. ഈ വിധത്തിൽ ചഞ്ചല ചിത്തനായിക്കഴിഞ്ഞ കുഞ്ഞേനാച്ചന്റെ മനോ നില വീണ്ടും തെറ്റിച്ചുകൊണ്ട്പീലിപ്പോച്ചന്റെ മകൻ വേലക്കാരിപ്പെണ്ണിനെ വിവാഹം കഴിച്ചെന്ന മറ്റൊരു വാർത്ത നാട്ടിൽ പരന്നു മകന്റെ വിവാഹവാർത്തയറിഞ്ഞ അന്നമ്മ ചിത്തഭ്രമം പിടിപെട്ട് നാടൻ പിള്ളേരുടെ കൂക്കുവിളിയുടെ അകമ്പടിയുമായി കുഞ്ഞേനാച്ചന്റെ വീട്ടിലെത്തി.മരുമകളുടെ ദുർവിധി കണ്ട് ആ കുടുംബനാഥന്റെ കണ്ണുകൾ നിറഞ്ഞു.നിരന്തരമായ ഹൃദയാഘാതമേറ്റു തളർന്ന ശരീരവും കൊണ്ട് കുഞ്ഞേനാച്ചൻ ശയ്യയെ ശരണം പ്രാപിച്ചു. ഇതിനിടയിൽ കുഞ്ഞേനാച്ചന്റെ ഉത്തമസുഹൃത്തായി കഴിഞ്ഞിരുന്ന കുറുപ്പച്ചനും സുശീലയെന്ന് താനും നാട്ടുകാരും ഒരു പോലെ വിശ്വസിച്ചിരുന്ന ദീനാമ്മയുമായുള്ള അവിഹിതവേഴ്ച നേരിട്ടു കാണുവാൻ ഇടയായ കുഞ്ഞേനാച്ചൻ സമനില തെറ്റി നിലം പതിച്ചു.സംസാരിക്കുവാനാവാതെ വീർപ്പുമുട്ടിക്കഴിഞ്ഞ കുഞ്ഞേനാച്ചന്റെ നാവ് ചലിക്കാതിരുന്നാൽ തന്റെ വഞ്ചന പുറത്താവുകയില്ലെന്ന് കരുതിയ കറുപ്പച്ചൻ അവസാനമായി നൽകിയ കറുപ്പിൽ വിഷം ചേർത്തിരുന്നു. മൂന്നു തലമുറകളുടെ ജീവിത സ്പന്ദനങ്ങളുമായി തൊണ്ണൂറു നീണ്ട വർഷങ്ങൾ ഇടപെട്ടു കഴിഞ്ഞ ആ കുടുംബനാഥൻ അന്ത്യശ്വാസം വലിക്കുമ്പോൾ കുറ്റബോധത്തിന്റെ തിരത്തള്ളലിൽ ദീനാമ്മ ശേഷിച്ച വിഷം കലർന്ന കറുപ്പ് കഴിച്ചു കുഞ്ഞേനാച്ചനോടൊപ്പം ജീവിതമവസാനിപ്പിച്ചു.
നോവലും സിനിമയുംതിരുത്തുക
ചില വ്യത്യാസങ്ങളോടെയാണ് നോവൽ സിനിമ ആക്കിയിട്ടുള്ളത്.
- ഏറ്റവും പ്രധാനമായ വ്യത്യാസം ചലച്ചിത്രത്തിന്റെ അവസാനത്തിൽ ആണ്. അപ്പച്ചനെ കൊന്നതാണെന്നറിഞ്ഞ ദീനാമ്മ അപ്പച്ചന്റെ ശരീരത്തിൽ വീണുവിലപിക്കുന്നതായാണ് നോവലിൽ കാണുന്നതെങ്കിൽ സിനിമയിൽ ബാക്കിയുണ്ടായിരുന്ന കറുപ്പു കഴിച്ചവൾ ദേഹം വെടിയുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.
- നോവലിലെ പല അപ്രധാനകഥാപാത്രങ്ങളെയും സിനിമയിൽ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നോവലിൽ രാജൻ അളിയനായ സണ്ണിയോടൊപ്പം പെണ്ണുകാണാൻ പോകുന്നത്. സിനിമയിൽ അത് അമ്മാച്ചന്റെ കൂടെയാണ് പെണ്ണുകാണുന്നത്.
- കാർത്തികപ്പള്ളിക്കാരൻ അച്ചൻ എന്ന കഥാപാത്രത്തെ സിനിമയിൽ കോഴഞ്ചേരിൽ അച്ചൻ എന്നാണ് കാണുന്നത്.
- നോവലിൽ കുഞ്ഞേനാച്ചൻ മക്കളുടെ വീടുകളിൽ പോകുന്നുവെന്ന് പറയുന്നുണ്ടെങ്കിലും നോവലിൽ മൂത്തമകനായ കീവറീച്ചന്റെ വീട്ടിൽ പോയി വരുന്ന വഴിക്ക് വീഴ്ച സംഭവിച്ച് കിടപ്പിലാകുന്ന കുഞ്ഞേനാച്ചൻ പിന്നെ മറ്റ് മക്കളുടെ വീടുകളിൽ പോകുന്നതായി വർണിക്കുന്നില്ല. എന്നാൽ ചലച്ചിത്രത്തിൽ എല്ലാ വീടുകളും കാണിക്കുന്നുണ്ട്.
- സന്ദർഭങ്ങൾക്കനുസരിച്ച് ബൈബിൾ വാക്യങ്ങൾ ഉദ്ധരിക്കുന്ന കുഞ്ഞേനാച്ചൻ, രാജന്റെ വിവാഹത്തിൽ പള്ളിവ്യവഹാരങ്ങൾ ഭാവനയിൽ കാണുന്ന കുഞ്ഞേനാച്ചൻ, ഇതുപോലെ നോവലിന്റെ സൗന്ദര്യങ്ങൾ പലതും സിനിമയിൽ അസാധ്യമാകുന്നു.
മൊത്തത്തിൽ കാഴ്ചയുടെ സാധ്യതകൾക്കുമുമ്പിൽ പാറപ്പുറത്തിന്റെ രചനാഭംഗി ഉയർന്നുനിൽക്കുന്ന അനുഭവമാണ് ഉണ്ടാകുന്നത്.
അഭിനേതാക്കൾതിരുത്തുക
ക്ര.നം. | താരം | വേഷം[4] |
---|---|---|
1 | കൊട്ടാരക്കര | കുഞ്ഞേനാച്ചൻ |
2 | സത്യൻ | മാത്തുക്കുട്ടി |
3 | രാഗിണി | ദീനാമ്മ |
4 | പ്രേംനസീർ | രാജൻ |
5 | ഷീല | ശാന്തമ്മ |
6 | അടൂർ ഭാസി | ശിവരാമക്കുറുപ്പ് |
7 | അംബിക | കുട്ടിയമ്മ |
8 | കെ.പി. ഉമ്മർ | തോമസ് സാർ |
9 | മീന | അന്നാമ്മ |
10 | ശങ്കരാടി | കീവറീച്ചൻ |
11 | ബഹദൂർ | കൊച്ചുചെറുക്കൻ |
12 | ഗോവിന്ദൻകുട്ടി | പീലിപ്പോസ് |
13 | ജോസ് പ്രകാശ് | അച്ചൻ |
14 | പറവൂർ ഭരതൻ | കൊച്ചുകുട്ടി (രാജന്റെ അമ്മാവൻ) |
15 | ഫിലോമിന | രാജമ്മ (ശാന്തമ്മയുടെ അമ്മ) |
16 | മുതുകുളം | കോതച്ചിറക്കാരൻ ലോന |
17 | സുശീല |
ഗാനങ്ങൾതിരുത്തുക
- രചന: വയലാർ രാമവർമ്മ, ഫാ. നാഗേൽ[5]
- സംഗീതം: ജി ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | സ്വരങ്ങളേ സപ്തസ്വരങ്ങളേ | പി ലീല | |
2 | ദൈവപുത്രനു | പി സുശീല | മദ്ധ്യമാവതി |
3 | സമയമാം രഥത്തിൽ | പി ലീല ,പി മാധുരി | |
4 | ചിപ്പി ചിപ്പി | സി.ഒ. ആന്റോ,ലതാ രാജു | |
5 | അനുപമേ അഴകേ | കെ ജെ യേശുദാസ് | ശുദ്ധസാവേരി |
പുരസ്ക്കാരങ്ങൾതിരുത്തുക
- മികച്ച സംവിധായകൻ - കെ.എസ്. സേതുമാധവൻ
- മികച്ച കഥ - പാറപ്പുറത്ത്
- മികച്ച അഭിനേതാവ് - കൊട്ടാരക്കര ശ്രീധരൻ നായർ
അവലംബംതിരുത്തുക
- ↑ "അരനാഴികനേരം (1970)". www.malayalachalachithram.com. ശേഖരിച്ചത് 2021-08-26.
- ↑ "അരനാഴികനേരം (1970)". malayalasangeetham.info. ശേഖരിച്ചത് 2021-08-26.
- ↑ "അരനാഴികനേരം (1970)". spicyonion.com. ശേഖരിച്ചത് 2021-08-26.
- ↑ "അരനാഴികനേരം (1970)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2021-08-26.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "അരനാഴികനേരം (1970)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2021-08-26.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് അരനാഴികനേരം
- ദി ഹിന്ദുവിൽ നിന്ന് അരനാഴികനേരം