അണുഗവേഷണം ഭാരതത്തിൽ
അണുകേന്ദ്രത്തിലെ പ്രോട്ടോൺ, ന്യൂട്രോൺ തുടങ്ങിയ ഘടകങ്ങളെ തമ്മിൽ കൂട്ടിയിണക്കുന്ന ശക്തികളെക്കുറിച്ചുള്ള പഠനമാണ് അണുഗവേഷണത്തിൽ പ്രധാനമായും നടക്കുന്നത്. മറ്റു പല രാഷ്ട്രങ്ങളിലും എന്നപോലെ ഇന്ത്യയിലും അണുഗവേഷണവും ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നത് (Atomic Energy Commission) ചുമതലയിലാണ്.[1]
ആമുഖം
തിരുത്തുകഇന്ത്യൻ അണുശക്തി കമ്മീഷൻ രൂപവത്കൃതമായത് 1948-ൽ ആണെങ്കിലും അതിനുമുമ്പുതന്നെ അണുഗവേഷണപ്രവർത്തനങ്ങൾ ഇവിടെ തുടങ്ങിയിരുന്നു. വിദ്യുച്ഛക്തി ഉത്പാദനത്തിനും സമാധാനപരമായ ആവശ്യങ്ങൾക്കും അണുശക്തി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഭാരതത്തിലെ പ്രവർത്തനങ്ങൾക്കുള്ളത്.
ഡൊറാബ് ടാറ്റാ ട്രസ്റ്റും അന്നത്തെ ബോംബേ ഗവൺമെന്റും ചേർന്നാണ് മുംബൈയിലെ കൊളാബയിൽ, 1945-ൽ ടാറ്റാ മൌലിക ഗവേഷണാലയം (T.I.F.R: Tata Institute of Fundamental Research) സ്ഥാപിച്ചത്.[2]
അണുശക്തി കമ്മീഷൻ
തിരുത്തുക1948 ഏപ്രിൽ 15-ന് എച്ച്. ജെ. ഭാഭാ അധ്യക്ഷനും എസ്.എസ്. ഭട്നഗർ അംഗകാര്യദർശിയും കെ.എസ്.കൃഷ്ണൻ അംഗവും ആയിട്ടുള്ള ആദ്യത്തെ അണുശക്തി കമ്മീഷൻ ഇന്ത്യാഗവൺമെന്റ് സംഘടിപ്പിച്ചു.
ഇന്ത്യൻ അണുശക്തി കമ്മീഷൻ ആദ്യകാലത്ത് ശാസ്ത്ര ഗവേഷണവകുപ്പിന്റെ ഒരു ഉപദേശകസമിതിയായിട്ടാണ് പ്രവർത്തിച്ചിരുന്നത്. 1954 ആഗസ്റ്റ് 1-ന് അണുശക്തി വകുപ്പ് രൂപവത്കൃതമായി. ഈ വകുപ്പിന്റെ സെക്രട്ടറി കമ്മീഷന്റെ അധ്യക്ഷൻ തന്നെ ആണ്. ആരംഭം മുതൽ ഇതു പ്രധാനമന്ത്രിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. അണുശക്തിവകുപ്പിന്റെ കീഴിൽ ഇപ്പോൾ അണുഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവയും ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവയുമായ നിരവധി സ്ഥാപനങ്ങളുണ്ട്.
ടാറ്റാ മൌലിക ഗവേഷണാലയം
തിരുത്തുകസർ ഡൊറാബ് ടാറ്റാ ട്രസ്റ്റും ബോംബെ ഗവൺമെന്റും ചേർന്ന് 1945-ൽ സ്ഥാപിച്ചതാണ് ഈ സ്ഥാപനം. പിന്നീടാണ് ഇന്ത്യാ ഗവൺമെന്റ് ഇതിന്റെ ഭരണത്തിൽ പങ്കാളിയായത്. ഗണിതശാസ്ത്രം, ഭൌതികശാസ്ത്രം എന്നീ രണ്ടു വിഭാഗങ്ങളായിട്ടാണ് ഇവിടത്തെ പ്രവർത്തനം നടക്കുന്നത്.
B.A.R.C.
ഇന്ത്യയിലെ അണുഗവേഷണപഠനങ്ങളുടെ സിരാകേന്ദ്രമാണ് ഈ സ്ഥാപനം. വികസിച്ചുവരുന്ന അണുശക്തി പരിപാടികളുടെ ആവശ്യാനുസരണം അനുദിനം വളരുന്ന ഒന്നാണിത്. 1954-ൽ ട്രോംബെ അണുശക്തികേന്ദ്രം എന്ന പേരിലാണ് ഈ സ്ഥാപനം ആരംഭിച്ചത്. മുംബൈ നഗരത്തിലെ ട്രോംബേ കടൽത്തീരത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം, ഡോ. ഭാഭയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണയെ മാനിച്ചുകൊണ്ട് ഭാഭാ അണുശക്തി ഗവേഷണാലയം (Bhaba Atomic Research Center)[3] എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
- ഭൌതികം (Physics),
- രസതന്ത്രം,
- ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ (Electronics&Instrumentation),
- തേജോ രക്ഷാ ഡയറക്റ്ററേറ്റ് (Radiation Protection Directorate),
- എൻജിനീയറിങ് (Engineering),
- മെറ്റലർജി (Metallurgy),
- ബയോ-മെഡിക്കൽ (Bio-medical),
- ഐസോടോപ്സ് (Isotopes),
- ഭക്ഷ്യ സാങ്കേതിക വിദ്യ (Food Technology),
- കെമിക്കൽ എഞ്ചിനീയറിങ് (Chemical Engineering),
- ആരോഗ്യവും സുരക്ഷിതത്ത്വവും (Health & Safety),
- മാലിന്യനിർമാർജ്ജനം (Waste Management)
എന്നിവയാണ്. ഇവിടത്തെ പ്രധാന വകുപ്പുകൾ.
ഇവിടെ അപ്സര, സൈറസ്, സെർലീന, പൂർണിമ, ധ്രുവ എന്നീ റിയാക്റ്ററുകൾ ഉണ്ട്.
ഒരു ഗവേഷണാലയം എന്ന നിലയിൽ നിരവധി സർവകലാശാലകളുടെ അംഗീകാരം ഈ സ്ഥാപനത്തിനുണ്ട്. അടുത്തകാലത്ത് ഈ സ്ഥാപനം ഒരു കല്പിതസർവകലാശാലയായി പ്രഖ്യാപിക്കപ്പെട്ടു.
സാഹാ അണുകേന്ദ്ര ഭൌതികസ്ഥാപനം
തിരുത്തുകകൊൽക്കത്തയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം അണുശക്തിപഠനങ്ങൾ നടത്തുവാനുള്ള മികച്ച കേന്ദ്രമാണ്. അണു റിയാക്റ്റർ ഒഴികെ അണുശക്തിഗവേഷണത്തിനാവശ്യമായ മിക്ക ഉപകരണങ്ങളും ഇവിടെയുണ്ട്. സൈക്ളോട്രോൺ (Cyclotron), സ്ഥിര വൈദ്യുത ത്വരിത്രം (Static Electrical Accelerator),[4] അണുകേന്ദ്രരസതന്ത്രം (Nuclear Chemistry),[5] ഖരാവസ്ഥാഭൌതികം (Solid State Physics)[6] തുടങ്ങിയ വ്യത്യസ്ത വകുപ്പുകളിലായിട്ടാണ് ഇവിടെയും പ്രവർത്തനം നടത്തുന്നത്. മൌലികപഠനങ്ങൾക്ക് ഇവിടെ പ്രാധാന്യം കൊടുത്തിരിക്കുന്നു.
ടാറ്റാ സ്മാരക കേന്ദ്രം
തിരുത്തുകമുംബൈയിലെ ടാറ്റാ സ്മാരക ആശുപത്രിയും ഇന്ത്യൻ ക്യാൻസർ ഗവേഷണകേന്ദ്രവും യോജിപ്പിച്ച് (1967) രൂപം കൊടുത്തതാണ് ഈ സ്ഥാപനം. അർബുദരോഗത്തെയും ചികിത്സയെയും പറ്റി പഠനം നടത്തുന്നതിനും ഭിഷഗ്വരൻമാർക്കും സാങ്കേതികജോലിക്കാർക്കും പരിശീലനം നൽകുന്നതിനും വേണ്ടിയാണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. റേഡിയേഷൻ ചികിത്സയുടെ (Radiation Treatment)[7] പ്രാധാന്യം കണക്കാക്കിയാണ് ഈ കേന്ദ്രത്തെ അണുശക്തിവകുപ്പിന്റെ കീഴിൽ സംഘടിപ്പിച്ചിരിക്കുന്നത്.
Raja Ramanna Center for Advanced Technology
ഗവേഷണത്തിൽ മാത്രമല്ല, സാങ്കേതിക വിദ്യയിലും അണുശക്തി പ്രയോജനപ്പെടുത്താം. ഇതിനായി 1984-ൽ ഇൻഡോറിൽ ആരംഭിച്ച സ്ഥാപനമാണ് സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി.[8] ഇവിടെ സാങ്കേതിക മേന്മയുള്ള ത്വരിതങ്ങളും ഉന്നത ഊർജ്ജ ലേസറുകളും ഉത്പാദിപ്പിക്കുന്നു. ലേസർ എന്നത് തീവ്രതയേറിയ പ്രകാശരശ്മിയാണ്. ഇതിന് താപത്തെ ഉത്പാദിപ്പിക്കുവാൻ കഴിയും. ലേസറുപയോഗിച്ച് ശസ്ത്രക്രിയ കൂടാതെ തന്നെ ശരീരത്തിലെ അനാവശ്യ കലകളെ നശിപ്പിക്കുവാൻ കഴിയും. തിമിരരോഗ നിവാരണത്തിന് ലേസർ ഉപയോഗിച്ചു വരുന്നു. സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ NDYAG ലേസർ, കാർബൺ ഡൈ ഓക്സൈഡ് ലേസർ ഇവ നിർമിച്ചിട്ടുണ്ട്. ലേസറുപയോഗിച്ച് ഫൈബറുകളെ തമ്മിൽ യോജിപ്പിക്കാൻ കഴിയും. ഫൈബറുകൾ ദൂരവിക്ഷേപണത്തിന് ഉപയോഗിക്കുന്നു.
അസ്ഥിര ഊർജ്ജ ത്വരിത കേന്ദ്രം
തിരുത്തുകVariable Energy Cyclotron Center
കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം അണുശക്തി പഠനങ്ങൾ നടത്തുവാനുള്ള മികച്ച കേന്ദ്രമാണ്.[9] അണുറിയാക്ടർ ഒഴികെ അണുഗവേഷണത്തിനാവശ്യമായ മിക്ക ഉപകരണങ്ങളും ഇവിടെയുണ്ട്. അസ്ഥിര ഊർജ്ജ ത്വരിതം , സ്ഥിര വൈദ്യുത ത്വരിതം (Variable Energy Cyclotrone) എന്നിവ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അണുകേന്ദ്ര രസതന്ത്രം (Nuclear Chemistry), ഖരാവസ്ഥാ ഭൌതികം (Solid state physics) തുടങ്ങിയ മൌലിക പഠനങ്ങൾക്ക് ഇവിടെ പ്രാധാന്യം നൽകിയിരിക്കുന്നു. ഈ സ്ഥാപനവും സാഹാ അണുകേന്ദ്ര ഭൌതികസ്ഥാപനവും ഒരേ പരിസരത്ത് സ്ഥിതി ചെയ്യുന്നു.
അണുഖനിജ വിഭാഗം
തിരുത്തുകAtomatic Minerals Directorate
അണുശക്തി നിർമ്മാണത്തിനുതകുന്ന ഖനിജങ്ങൾ കണ്ടെത്തൽ, ഖനികളുടെ വികസനം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ദേശീയതലത്തിൽ നിർവഹിക്കുന്ന സ്ഥാപനമാണിത്. യുറേനിയവും തോറിയവുമാണ്.[10]
അണുശക്തി ഉത്പാദനത്തിനാവശ്യമായ ഖനിജങ്ങൾ. കേരളത്തിലെ മോണോസൈറ്റ് മണലിൽ തോറിയം ഉള്ളതായി നേരത്തെ അറിവുണ്ടായിരുന്നു. എന്നാൽ അണു ഖനിജ വകുപ്പിന്റെ ശ്രമഫലമായിട്ടാണ് ബീഹാറിന്റെയും ബംഗാളിന്റെയും അതിർത്തിയിലും ബീഹാറിലും തോറിയം ഉള്ളതായി കണ്ടുപിടിക്കപ്പെട്ടത്. കൂടാതെ ഒറീസ്സയിലും തമിഴ്നാട്ടിലും മോണോസൈറ്റ് നിക്ഷേപങ്ങൾ കണ്ടുപിടിച്ചു. ജാദുഗുഡ (ബീഹാർ), റാവാ (ജാർഘണ്ട്), മിർസാപൂർ (ഉത്തർപ്രദേശ്), പാമീർപൂർ, ഝാൻസി, പന്ന (മധ്യപ്രദേശ്), സർഗുജ (ഛത്തീസ്ഗഡ്), ഛത്രർപൂർ (ഒറീസ്സ), സേലം (തമിഴ്നാട്) തുടങ്ങിയ സ്ഥലങ്ങളിൽ യുറേനിയത്തിനു വേണ്ടിയുള്ള അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്. ഈ അന്വേഷണങ്ങളുടെ ഫലമായി ഇന്ത്യയിൽ യുറേനിയം നിക്ഷേപത്തിന്റെ അളവ് 86,000 ടൺ ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. തോറിയം നിക്ഷേപത്തിന്റെ അളവ് 7.5 മില്യൺ ടൺ ആയി നിജപ്പെടുത്തിയിരിക്കുന്നു.
അണുശക്തി ഉത്പാദന പ്രക്രിയയിൽ ആവശ്യമായി വരുന്ന സിർകോണിയം, മോളിബ്ഡിനം, ബെറിലിയം, കൊളംബിയം, ടൻടാലം തുടങ്ങിയ ലോഹങ്ങളുടെ ഖനിജങ്ങൾ കണ്ടെത്താൻ വേണ്ടിയും ഈ വിഭാഗം അന്വേഷണങ്ങൾ നടത്താറുണ്ട്.
വ്യവസായ സംഘടനകൾ
തിരുത്തുകIndustrial Organisations
മർദിത ഘനജല റിയാക്ടറുകളിൽ മന്ദീകാരിയായും ശീതീകാരിയായും ഘനജലം ഉപയോഗിക്കുന്നു. ഈ റിയാക്ടറുകളുടെ നിർമ്മാണത്തിനും പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള സംഘടനയാണ് ഘനജലവകുപ്പ്. ഈ സംഘടന ബറോഡ, തൂത്തുക്കുടി, കോട്ട, മൺഗുരു, ഹസീഡ, ഝാർഖണ്ഡ് എന്നീ സ്ഥലങ്ങളിൽ ഘന ജലം ഉത്പാദിപ്പിക്കുന്നു. അമോണിയ-അമോണിയം ഹൈഡ്രോക്സൈഡ് വ്യാപന പ്രക്രിയയിൽ ഘനഹൈഡ്രജന്റെ ഗാഢത അമോണിയം ഹൈഡ്രോക്സൈഡിൽ വർധിക്കുന്നു. ഈ അമോണിയം ഹൈഡ്രോക്സൈഡിൽ നിന്നും ഘന ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നു. അമോണിയ, അമോണിയം ഹൈഡ്രോക്സൈഡ് എന്നിവ വളനിർമ്മാണത്തിന് ഉപയോഗിക്കുന്നു. അതിനാൽ ഘനജല ഉത്പാദനശാലകളോടനുബന്ധിച്ച് രാസവളനിർമ്മാണശാലകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്നു വ്യത്യസ്തമായി കോട്ടയിൽ ഹൈഡ്രജൻ സൾഫൈഡിൽ നിന്നാണ് ഘനജലം ഉത്പാദിപ്പിക്കുന്നത്.[11]
ഇന്ത്യൻ റിയാക്ടറുകളുടെ പ്രവർത്തനിനാവശ്യമായ സിർക്കോണിയം, യുറേനിയംഓക്സൈഡ് ഇവ കൂടാതെ യുറേനിയം കോൺസൺട്രേറ്റിൽ നിന്നും യുറേനിയം ലോഹവും, യുറേനിയം ഓക്സൈഡ്, ന്യൂക്ളിയർ ഫ്യൂവൽ എന്നിവയും നിർമ്മിക്കുന്നത് ന്യൂക്ളിയർ ഫ്യൂവൽ കോർപറേഷൻ (NFC) ആണ്.
ഗവേഷണം, കൃഷി, രോഗനിവാരണം ഇവയ്ക്കായി റേഡിയോ ഐസോടോപ്പുകൾ ഉപയോഗിക്കുന്നു. ഇന്ത്യയിൽ റേഡിയോ ഐസോടോപ്പുകളുടെ വിതരണം സാധ്യമാക്കുന്നത് മുംബൈയിൽ സ്ഥാപിച്ചിട്ടുള്ള ബോർഡ് ഒഫ് റേഡിയേഷൻ ആൻഡ് ഐസോടോപ്പ് ടെക്നോളജി എന്ന സ്ഥാപനമാണ്.
പൊതുമേഖലാ സ്ഥാപനങ്ങൾ
തിരുത്തുകPublic Sector Undertaking
യുറേനിയം കോൺസൺട്രേറ്റ് നിർമ്മാണത്തിനാവശ്യമായ യുറേനിയം അയിര് ഖനനം ചെയ്തെടുക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നത് യുറേനിയം കോർപറേഷൻ ഒഫ് ഇന്ത്യയാണ് (UCI). ഇതിന്റെ കീഴിൽ നാല് ഖനികളുണ്ട്. ജാദുഗുഡ, ബാട്ടിൻ, നോർവാപഹാർ, തുറാംഗിഗ് എന്നിവയാണവ.
മോണസൈറ്റ്, ഇൽമനൈറ്റ്, റൂട്ടെയിൽ, സിർകോൺ, സിലിമിനൈറ്റ്, ഗാർനെറ്റ് എന്നിവയുടെ ഖനനം നടത്തുന്ന സ്ഥാപനമാണ് ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് (IRE). കേരളത്തിലെ ചവറയും, തമിഴ്നാട്ടിലെ മണവാളക്കുറിച്ചിയും, ഒറീസ്സയിലെ ഛത്രപുരയുമാണ് പ്രധാന ഖനനപ്രദേശങ്ങൾ. മോണസൈറ്റാണ് യുറേനിയത്തിന്റെയും തോറിയത്തിന്റെയും ഉറവിടം. 0.1-0.3 ശ.മാ. യുറേനിയം ഓക്സൈഡും, 8-10 ശ.മാ. തോറിയം ഓക്സൈഡും 60-70 ശ.മാ. റയർ എർത്തു ഓക്സൈഡും ശേഷിച്ച ഭാഗം ഫോസ്ഫേറ്റും അടങ്ങിയതാണ് മോണസൈറ്റ്.
റിയാക്ടറുകളുടെ രൂപരേഖ വരയ്ക്കുക, നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക എന്നിവ ചെയ്യുന്ന പൊതുമേഖലാ സ്ഥാപനമാണ് ന്യൂക്ളിയാർ പവർ കോർപറേഷൻ ഒഫ് ഇന്ത്യ (NPCIL). ഇതിന്റെ കീഴിൽ പതിനാല് റിയാക്ടറുകൾ പ്രവർത്തിക്കുന്നു. ഇവയുടെ ആകെ ഉത്പാദനശേഷി 2770ആം ആണ്. പതിനാലു റിയാക്ടറുകളിൽ രണ്ടെണ്ണം തിളജല റിയാക്ടറുകളും ശേഷിച്ചവ ദ്രുതമർദ ഘനജല റിയാക്ടറുമാണ്.[12]
അണുശക്തി നിലയങ്ങൾ
തിരുത്തുകഇന്ത്യയിൽ വിദ്യുച്ഛക്തി ഉത്പാദനത്തിന് ജലവൈദ്യുത പദ്ധതികളെയും കല്ക്കരികൊണ്ടു പ്രവർത്തിക്കുന്ന മറ്റു പദ്ധതികളെയും ആണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. പല കാരണങ്ങളാലും അണുശക്തിയിൽനിന്നുള്ള വിദ്യുച്ഛക്ത്യുത്പാദനം ഇന്ത്യയ്ക്കു യോജിച്ചതാണെന്നു കണ്ടതിനാൽ വിപുലമായ ഒരു അണുശക്തി പരിപാടി ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നു. ഇതിനുള്ള ഉത്പ്രേരകങ്ങൾ ഇവയാണ്:
- ഭൂഗർഭത്തിൽ കല്ക്കരിശേഖരത്തിന്റെ വിതരണത്തിലും അതിനാൽ എല്ലായിടത്തും യഥാസമയമുള്ള ലഭ്യതയിലും പരിമിതികളുണ്ട്;
- കല്ക്കരിയുടെ കയറ്റിറക്കങ്ങൾക്ക് റെയിൽവേയിൽ വരുത്തേണ്ട വികസനത്തിനാവശ്യമായിവരുന്ന ചെലവുകൂടി കണക്കാക്കിയാൽ അണുശക്തി ലാഭകരമാണ്.
- ബീഹാറിലെ ഖനികളിൽ യുറേനിയവും കേരളത്തിലെ മോണോസൈറ്റുമണലിൽ തോറിയവും ഗണ്യമായ തോതിൽ ലഭ്യമാണ്;
- ഇന്ത്യയിൽ പരിശീലനം സിദ്ധിച്ച ശാസ്ത്രജ്ഞൻമാരും സാങ്കേതികവിദഗ്ദ്ധൻമാരും ഉണ്ട്. അപ്സര, സെർലീന, സൈറസ്, ധ്രുവ എന്നീ റിയാക്റ്ററുകളുടെ നിർമ്മാണം കൊണ്ട് വേണ്ടത്ര പരിചയവും പരിശീലനവും ഇവർക്കു ലഭിച്ചിട്ടുണ്ട്;
താരാപൂർ
തിരുത്തുകഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയമായ താരാപൂർ അണുശക്തി നിലയം അമേരിക്കയിലെ ജനറൽ ഇലക്ട്രിക് കമ്പനി(G.C.E)യുടെ ചുമതലയിൽ സ്ഥാപിതമായി. ഇവിടെ ഒരു പരീക്ഷണം എന്ന നിലയിൽ 1969 ഏപ്രിൽ 1-നു വിദ്യച്ഛക്ത്യുത്പാദനം ആരംഭിച്ചു. ഇവിടെ ഉത്പാദിപ്പിക്കുന്ന വിദ്യുച്ഛക്തി മഹാരാഷ്ട്രയിലെയും ഗുറാത്തിലെയും ആവശ്യത്തിനായി വിനിയോഗിക്കുന്നു. 380 മെഗാവാട്ട് ശക്തി ഉത്പാദിപ്പിക്കാൻ ഈ സ്റ്റേഷനു കഴിയുന്നു.
1969 ഓഗസ്റ്റ് 2-ന് ആണ് ഇത് പൂർണമായി പ്രവർത്തനം തുടങ്ങിയത്. സംപുഷ്ട യുറേനിയം ഉപയോഗിക്കുന്ന ഇവിടത്തെ റിയാക്റ്ററുകളുടെ ആവശ്യത്തിനുവേണ്ട ഇന്ധനം ഇവിടെ ലഭ്യമല്ലാത്തതിനാൽ വിദേശാശ്രയം വേണ്ടിവരുന്നു. രണ്ടു റിയാക്റ്ററുള്ളതിൽ 1969 ഫെബ്രുവരി 1-ന് ഒന്നാമത്തേതും ഫെബ്രുവരി 27-ന് രണ്ടാമത്തേതും ശൃംഖലാപ്രവർത്തനം ആരംഭിച്ചു. 1969 ഏപ്രിൽ 1-ന് മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും വിദ്യുച്ഛക്തി നൽകാൻ തുടങ്ങി. എന്നാൽ 1969 ഓഗസ്റ്റ് 3 മുതലാണ് വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം ആരംഭിച്ചത്. പണിതീർന്ന നിലയം ഇന്ത്യൻ അണുശക്തി വകുപ്പ് ജനറൽ ഇലക്ട്രിക് കമ്പനിയിൽ നിന്ന് 1969 ഓഗസ്റ്റ് 28-ന് ഏറ്റുവാങ്ങി. അന്നു മുതൽ ഇന്ത്യൻവിദഗ്ദ്ധൻമാരാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഔപചാരികമായ ഉദ്ഘാടനം 1970 ജനുവരി 19-ന് ആയിരുന്നു.
റാണാപ്രതാപ്‌സാഗർ (രാജസ്ഥാൻ അറ്റോമിക് പവർ സ്റ്റേഷൻ)
തിരുത്തുകഇന്ത്യയിലെ രണ്ടാമത്തെ അണുശക്തിനിലയമാണ് റാണാപ്രതാപ്‌സാഗർ. രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. റാണാപ്രതാപ് എന്ന തടാകത്തിൽ നിന്നും ഈ നിലയങ്ങൾക്കാവശ്യമായ ജലം എടുക്കുന്നതുകൊണ്ടാണ് ഇവയ്ക്ക് റാണാ പ്രതാപ് സാഗർ എന്ന പേര് ലഭിച്ചത്. കാനഡയുടെ സഹായത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. കാനഡയിലെ ഡഗ്ളസ്സിന്റെ മാതൃകയിലാണ് ഈ റിയാക്ടർ രൂപകല്പന ചെയ്തിട്ടുള്ളത്. കാനഡയുടെ സഹായത്തോടെ നിർമിച്ച, ഘനജലം (Devtero water) മന്ദീകാരിയും, യുറേനിയം (Uranium) ഇന്ധനമായും ഉപയോഗിക്കുന്ന നിലയമായതുകൊണ്ട് ഇതിനെ കാൻഡും (Candu) എന്നു പറയുന്നു. ആദ്യത്തെ റിയാക്ടർ 1972 നവമ്പറിലും രണ്ടാമത്തേത് 1980 നവമ്പറിലും നിലവിൽ വന്നു. മൊത്തം ഉത്പാദനശേഷി 380mw ആണ്. പ്രകൃതിദത്ത യുറേനിയമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. മർദിത ഘനജല(pressurised heavy water reactor) റിയാക്ടറുകളാണിവ (PHWR). ഈ അടുത്തകാലത്ത് രണ്ടു റിയാക്ടറുകൾ കൂടി ഇവിടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഈ റിയാക്ടറുകളുടെ നിർമ്മാണ പ്രവർത്തന സംരംഭങ്ങളിൽ പല പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതെല്ലാം തരണം ചെയ്ത നമ്മുടെ ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധർക്ക് അണുഗവേഷണ മേഖലയിൽ വളരെയേറെ പ്രാവീണ്യം നേടാൻ ഇതുവഴി കഴിഞ്ഞു.
കൽപ്പാക്കം
തിരുത്തുകമൂന്നാമത്തെ അണുശക്തി നിലയമാണ് തമിഴ്നാട്ടിലെ മഹാബലിപുരത്തിനടുത്തുള്ള കൽപ്പാക്കം എന്ന സ്ഥലത്ത് നിലവിൽ വന്നത്. ഇന്ത്യ അണുറിയാക്ടറുകളുടെ നിർമ്മാണത്തിൽ സ്വയം പര്യാപ്തത നേടിയതിന്റെ തെളിവാണിത്. കൽപ്പാക്കത്തെ രണ്ടു റിയാക്ടറുകളിൽനിന്നു മൊത്തമായി ഏകദേശം 350mw വിദ്യുച്ഛക്തി ലഭ്യമാകുന്നു. 1983 ജൂലൈയിൽ പ്രവർത്തനമാരംഭിച്ച ഇത് രാജസ്ഥാൻ മാതൃകയിലുള്ള മർദിത ജലറിയാക്ടർ (PHWR) ആസ്പദമാക്കി പണികഴിപ്പിച്ചിരിക്കുന്നു. പക്ഷേ പല നൂതന മാർഗങ്ങളും ഇതിൽ അവലംബിച്ചിട്ടുണ്ട്. റിയാക്ടറുകളുടെ ശീതീകരണത്തിനായി ഘന ജലവും തുടർന്ന് കടൽ ജലവും ഉപയോഗിക്കുന്നു. ഇതിനായി സമുദ്രാന്തർഭാഗത്ത് ഏകദേശം 500 മീ. ഉള്ളിലായി ഒരു തുരങ്കം നിർമിച്ചിരിക്കുന്നു. പൂർണമായും മൂടപ്പെട്ട നിലയിലാണ് ഇതിന്റെ വൈദ്യുതനിയന്ത്രണ സംവിധാനങ്ങൾ. കടൽക്കാറ്റിലൂടെ എത്തുന്ന ലവണങ്ങളിൽ നിന്നും വൈദ്യുത നിയന്ത്രണ സംവിധാനത്തെ സംരക്ഷിക്കാനാണ് ഈ മുൻകരുതൽ. 1984-ൽ ഈ നിലയം ഇന്ദിരാഗാന്ധി അണുഗവേഷണകേന്ദ്രം (Indhira Gandhi Centre for Atomic Research -IGCAR) എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.
നറോറ അറ്റോമിക് പവർ സ്റ്റേഷൻ
തിരുത്തുകനറോറ അറ്റോമിക് പവർ സ്റ്റേഷൻ ഉത്തർപ്രദേശിലെ ബുലാന്ത്ഷഹർ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. ഗംഗാനദിയുടെ വലതു ഭാഗത്താണ് ഈ അണുശക്തി നിലയം. പ്രകൃതിദത്ത യുറേനിയം ഇന്ധനമായും, ഘനജലം മന്ദീകാരിയായും ഇവിടെ ഉപയോഗിക്കുന്നു. ഗംഗാജലമാണ് ശീതീകാരിയായി ഉപയോഗിക്കുന്നത്. ഉപയോഗശേഷം ജലം തിരികെ ഗംഗാനദിയിൽ ചേരുന്നത് ഉണ്ടാകാതിരിക്കാൻ ശീതീകരണ ഗോപുരങ്ങളിലൂടെ കടത്തിവിടുന്നു. ഭൂചലന സാധ്യതാ പ്രദേശമായതിനാൽ ഭൂചലനം ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിരിക്കുന്നു. പൂൾ മാതൃകയിലുള്ളതാണ് ഈ റിയാക്ടർ. ആദ്യത്തെ റിയാക്ടർ 1989-ലും രണ്ടാമത്തേത് 1991-ലും നിലവിൽ വന്നു. ഈ രണ്ടു റിയാക്ടറിൽ നിന്നുമായി 350mv വൈദ്യുതി ഉത്പാദിപ്പിക്കുന്നു.
കക്രപൂർ
തിരുത്തുകതാപ്തി നദിയുടെ ഇടതുപാർശ്വത്തിലായി ഈ അണുശക്തി നിലയം സ്ഥിതിചെയ്യുന്നു. ഇവിടത്തെ റിയാക്ടർ മർദിത ഘനജല റിയാക്ടറാണ്. മൊത്തം ഉത്പാദനശേഷി 360 mv ആണ്. 1993-ൽ ആദ്യത്തേതും 1995-ൽ രണ്ടാമത്തെയും റിയാക്ടർ നിലവിൽ വന്നു.
കൈഗ
തിരുത്തുകകർണാടകത്തിലെ കാർവാറിലാണ് ഈ റിയാക്ടർ സ്ഥിതി ചെയ്യുന്നത്. കൈഗ നദിയുടെ ഇടതുവശത്തായി സ്ഥാപിച്ചിരിക്കുന്നു. ഇതും മർദിത ഘനജല റിയാക്ടറാണ്. മൊത്തം ഉത്പാദനശേഷി 360mv ആണ്.
കൂടംകുളം
തിരുത്തുകതിരുനെൽവേലിയിലെ കൂടംകുളത്താണ് ഈ റിയാക്ടർ. ഇന്ത്യയിലെ ആദ്യത്തെ 1000 mv പദ്ധതിയാണിത്. സോവിയറ്റ് റഷ്യയുടെ സഹായത്തോടെ ആരംഭിച്ച ഈ റിയാക്ടർ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
അവലംബം
തിരുത്തുക- ↑ "അണുശക്തി കമ്മീഷൻ". Archived from the original on 2011-04-25. Retrieved 2011-04-28.
- ↑ ടാറ്റാ മൌലിക ഗവേഷണാലയം
- ↑ "ഭാഭാ അണുശക്തി ഗവേഷണാലയം". Archived from the original on 2007-06-23. Retrieved 2011-04-28.
- ↑ സ്ഥിര വൈദ്യുത ത്വരിത്രം
- ↑ "അണുകേന്ദ്രരസതന്ത്രം". Archived from the original on 2011-01-09. Retrieved 2011-04-28.
- ↑ ഖരാവസ്ഥാഭൌതികം
- ↑ റേഡിയേഷൻ ചികിത്സ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി
- ↑ അസ്ഥിര ഊർജ്ജ ത്വരിത കേന്ദ്രം
- ↑ അണുഖനിജ വിഭാഗം
- ↑ "വ്യവസായ സംഘടനകൾ". Archived from the original on 2011-04-10. Retrieved 2011-04-28.
- ↑ "പൊതുമേഖലാ സ്ഥാപനങ്ങൾ". Archived from the original on 2011-06-02. Retrieved 2011-04-28.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അണുഗവേഷണം ഭാരതത്തിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |