ശരീരാവയവങ്ങളുടെ നിറം, ഗന്ധം, സ് നിഗ്ധത, ആകൃതി എന്നിവ ആകർഷകമാക്കുന്ന കലാവിദ്യയെയാണ് അംഗസംസ്കാരം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്.

മുഖത്തു ചിത്രംവരക്കുന്നു

കുളി, സുഗന്ധലേപനം, കുറിക്കൂട്ടുപൂശൽ, അംഗവികലനം എന്നിവകൊണ്ട് അംഗോപാംഗങ്ങളെ ആകർഷകമാക്കുന്ന പ്രവണത ചരിത്രാതീതകാലം മുതൽ മനുഷ്യൻ പ്രകടിപ്പിച്ചുപോന്നു. എന്നാൽ കാലഘട്ടം, അഭിരുചി, സംസ്കാരം എന്നിവയിലുള്ള വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ വീക്ഷണഭേദവും അതുകൊണ്ടുതന്നെ പ്രയോഗഭേദവും ഇക്കാര്യത്തിൽ സംഭവിച്ചിട്ടുണ്ട്. ദർശനം, സ്പർശം, ഘ്രാണം എന്നിവയിൽക്കൂടി സൗന്ദര്യബോധം വളർത്തി എടുക്കുന്നതിലും വ്യക്തിത്വം ഒരു പരിധിവരെ നിർണയിക്കുന്നതിലും അംഗസംസ്കാരത്തിനു പങ്കുണ്ട്. വിവിധതരം കുഴമ്പ്, ചായം, ലോഷൻ, പൗഡർ മുതലായവയുടെ കണ്ടുപിടിത്തങ്ങൾ സൌന്ദര്യസംരക്ഷണകലയെ ദിനംപ്രതി പരിപോഷിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

സൗന്ദര്യവർദ്ധനവിനു സമൂഹത്തിൽ സ്ഥാനവും അംഗീകാരവും നേടുന്നതിനും മനുഷ്യർ പല ആചാരങ്ങൾ അനുവർത്തിച്ചിരുന്നു. കാത്, മൂക്ക്, ചുണ്ട് എന്നിവ തുളച്ച് ആഭരണങ്ങൾ ധരിക്കുക, ശരീരം മുറിച്ചോ പൊള്ളിച്ചോ വടുസൃഷ്ടിച്ച് അവയിൽ ചായം പിടിപ്പിക്കുക, പല്ലുകൾ രാകുക, പല്ലുപിഴുതുകളയുക എന്നിവ ഇതിൽ പ്പെട്ടവയാണ്. ബീഭത്സമെന്ന് ഇന്നത്തെ സംസ്കാരസമ്പന്നർക്കു തോന്നുന്നതരത്തിൽ അംഗവികലനം നടത്തിയും സൗന്ദര്യവർദ്ധനവിന് പൂർവികർ ശ്രമിച്ചിരുന്നു.

പ്രാചീനലോകം തിരുത്തുക

ക്ലിയോപാട്രയുടെ കാലത്തിനു മുമ്പുതന്നെ ഈജിപ്റ്റിലെ സ്ത്രീകൾ അംഗലേപനമായി ചില ചായങ്ങൾ ഉപയോഗിച്ചിരുന്നു. ഈജിപ്റ്റ്ലെ ശവകുടീരങ്ങളിൽനിന്നും കണ്ടെടുത്ത ചില ചിത്രങ്ങളിൽനിന്ന് കണ്ണുകളുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിലാണ് ഏറ്റവും അധികം ശ്രദ്ധ ചെലുത്തിയിരുന്നതെന്ന് വ്യക്തമാകുന്നു. കൺപോളകളിൽ പച്ചച്ചായവും പുരികത്തിലും പീലികളിലും കോൾ (Kohl) ഉപയോഗിച്ച് കറുപ്പുനിറവും പിടിപ്പിച്ചിരുന്നു. തടികൊണ്ടോ ആനക്കൊമ്പു കൊണ്ടോ നിർമിച്ച ഉപകരണങ്ങളാണ് ഇതിന് ഉപയോഗിച്ചിരുന്നത്. കൈവെള്ള, ഉള്ളംകാൽ, നഖം എന്നീ അംഗങ്ങൾക്കു നിറംകൊടുക്കുവാൻ മൈലാഞ്ചി ഉപയോഗിച്ചിരുന്നു.

റോമൻ സ്ത്രീകൾ ശരീരത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിന് വെള്ളലെഡ് പൗഡറും ചോക്കും എ.ഡി. 54 അടുപ്പിച്ചുള്ള കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ട്. ബാർലിപ്പൊടിയും തൈരും മുഖക്കുരുവിന് പ്രതിവിധിയായി ഇവർ കണ്ടെത്തി. പല്ലുവെളുപ്പിക്കുന്നതിന് പ്യൂമിസ് (Pumice) കല്ലാണ് ഉപയോഗിച്ചിരുന്നത്. തലമുടിക്ക് ചായം പിടിപ്പിക്കുന്ന വിദ്യയും ഇവർ മനസ്സിലാക്കിയിരുന്നു. നീറോചക്രവർത്തിയുടെ ഭാര്യ കുളിക്കുന്നതിന് കഴുതപ്പാലോ സ്ട്രോബറി പഴച്ചാറോ ആണ് ഉപയോഗിച്ചിരുന്നത്.

എലിസബത്ത് I-ന്റെ ഭരണകാലത്ത് (1558-1603) അംഗസംസ്കരണകല ബ്രിട്ടനിൽ വളരെയധികം വികസിച്ചു. ത്വക്കിന് സ്നിഗ്ധതയും നിറവും ഉണ്ടാകുന്നതിന് ചൂടുവെള്ളത്തിൽ കുളിച്ച് ദേഹം വിയർപ്പിച്ചശേഷം ധാരാളം വീഞ്ഞുപയോഗിച്ച് മുഖം കഴുകി ചുവപ്പിച്ചിരുന്നു. പാലോ വീഞ്ഞോ ഉപയോഗിച്ചായിരുന്നു പ്രഭ്വികൾ പതിവായി കുളിക്കുക. തലമുടിയിൽ പൗഡർ പൂശുന്നതും അന്നു നിലവിലിരുന്ന സമ്പ്രദായമാണ്. വാനില (Vanila), കൊക്കോ (Cocoa), ആൽമണ്ട് (Almond) എന്നിവ ഉപയോഗിച്ചുണ്ടാക്കിയ കുഴമ്പുകൾ, പലതരം ചായക്കൂട്ടുകൾ, സുഗന്ധദ്രവ്യങ്ങൾ, കൃത്രിമമുടി എന്നിവ വിദേശങ്ങളിൽനിന്ന് ഇറക്കുമതിചെയ്ത് ഉപയോഗിച്ചിരുന്നു.

ഭാരതത്തിൽ തിരുത്തുക

ഹിന്ദുക്കളുടെ ഇടയിൽ ചമയത്തിനുപയോഗിച്ചുവരുന്ന പ്രധാന സാധനങ്ങൾ മഞ്ഞൾ, ചന്ദനം, കുങ്കുമം എന്നിവയാണ്. വടക്കൻപാട്ടിൽ വർണിച്ചിരിക്കുന്ന ഉണ്ണിയാർച്ചയുടെ ചമയം അന്നത്തെ ആചാരരീതിയെ സൂചിപ്പിക്കുന്നു.

തളികയിലെടുത്ത് കുളക്കടവിലേക്കുപോയി. അവിടെ താളിക്കല്ലിലിരുന്ന്,

കുളിച്ചതിനുശേഷം

പിന്നീട് ഏഴുകടലോടിവന്ന പച്ചോലപ്പട്ട് ഒട്ടും ചുളിവില്ലാതെ പൂക്കിലഞൊറിവച്ച് ഉടുത്ത്, അതിനുമീതെ അഴകിന്റെ കസവുപോലെ കോട്ടമ്പടിവച്ച പൊന്നരഞ്ഞാൺ എടുത്തുചാർത്തി കഴുത്തിൽ ഏഴുചുറ്റുള്ള പൊൻമാലയും മുത്തുപതിച്ച മാലകളും കൈകളിൽ രാമായണം കൊത്തിയ വളകളും വിരലുകളിലാറും പൊൻമോതിരങ്ങളും അണിഞ്ഞ് സർവാഭരണവിഭൂഷിതയായി നിൽക്കുന്ന ഉണ്ണിയാർച്ചയെയാണ് വടക്കൻപാട്ടിൽ വർണിച്ചിരിക്കുന്നത്.

വിവാഹവേളയിൽ പാർവതിയെ അംഗപ്രത്യംഗം ചമയിച്ചൊരുക്കുന്നതായി വർണിച്ചിരിക്കുന്ന വരികൾ മറ്റൊരുദാഹരണമാണ്.

[1]

[2]

ഭർതൃഗൃഹത്തിലേക്ക് പോകുന്നതിനൊരുങ്ങുന്ന ശകുന്തളയ്ക്ക് വൃക്ഷങ്ങളും വനദേവതമാരും ആടയാഭരണങ്ങൾ നൽകുന്നു. ഇക്കൂട്ടത്തിൽ കാലിൽ പുരട്ടുന്നതിനുള്ള അരക്കുചായവും ഉൾപ്പെടുന്നു.

പൂവൻകൊറുന്ത എന്ന പച്ചമരുന്നിട്ടുകാച്ചിയ മൂഴക്കെണ്ണ മുടിയിൽതേച്ച് ചിറ്റെള്ളിന്റെ എണ്ണയും മയിലെണ്ണയും പാകത്തിനു കലർത്തി മെയ്യിൽ തടവി, തിരുമ്മും പിഴിച്ചിലും കഴിച്ച് ത്വക്കിനും മാംസപേശികൾക്കും ലയവും മാർദവവും ഉറപ്പും വരുത്തി ആയിരുന്നു പണ്ട് ആയുധവിദ്യ അഭ്യസിച്ചിരുന്നത്.

നാലകത്തു നടുമുറ്റത്ത്കോരിനനച്ചു വളർത്തിയ മൈലാഞ്ചി അഞ്ജനക്കല്ലിൻമേലരച്ചുരുട്ടി വെള്ളിത്തളികയിൽവച്ച് സ്വർണത്തളികകൊണ്ടു മൂടി വീരാളിപ്പട്ടിൽ പൊതിഞ്ഞ് കല്യാണസഭയിലെത്തിക്കുന്നതും വധു ഉൾപ്പെടെ സകലസ്ത്രീകളും ഇത് കൈയിലും കാലിലും അണിഞ്ഞ് ഭംഗിവരുത്തുന്നതും മുസ്ലിം സമുദായത്തിലെ പ്രധാനപ്പെട്ട ആചാരമായിരുന്നു. പല നാടൻപാട്ടുകളിലും ഇതിന്റെ വർണനയുണ്ട്.

കുളി തിരുത്തുക

ഹിന്ദുമതാചാരപ്രകാരം അംഗസംസ്കാരകർമങ്ങളിൽ ഏറ്റവും പ്രാധാന്യം നല്കിയിരിക്കുന്നത് കുളിക്കാണ്. കുളം, നദി എന്നീ ജലാശയങ്ങളിൽ മുങ്ങിക്കുളിക്കുന്നതുകൊണ്ട് ശരീരവും ആത്മാവും ശുദ്ധിയാക്കപ്പെടുന്നു എന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. ദിവസവും രാവിലെയും വൈകിട്ടും മാത്രമല്ല, സൗകര്യമുള്ളപ്പോഴെല്ലാം കുളിക്കുന്നതിന് താത്പര്യമുളളവരാണ് മലയാളികൾ എന്ന് വിദേശികളുടെ സഞ്ചാരക്കുറിപ്പുകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ആഴ്ചയിൽ രണ്ടുദിവസം (ബുധൻബുധനും ശനിയും) എണ്ണതേച്ചുകുളി നിർബന്ധപൂർവം അവർ അനുഷ്ഠിച്ചുപോന്നിരുന്നു (സ്ത്രീകൾക്ക് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും). ശാങ്കരസ്മൃതിയിൽ ഒരു നമ്പൂതിരി അനുഷ്ഠിക്കേണ്ട അംഗസംസ്കാരകർമങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. 4 തരത്തിലുളള കുളിയാണ് ഇതിൽ വിധിച്ചിട്ടുള്ളത്.

  1. ബ്രാഹ്മം. അതായത് മന്ത്രം ചൊല്ലി ശരീരത്തിൽ ജലം കുടയുക;
  2. വായവ്യം. പശുവിന്റെ കുളമ്പിൽനിന്നും എടുക്കുന്ന ധൂളി ശരീരത്ത് അണിയുക;
  3. ആഗ്നേയം അഥവാ ഭസ്മം ശരീരത്തിൽ അണിയുക;
  4. വാരുണം അല്ലെങ്കിൽ മുങ്ങിക്കുളി. ഏതെങ്കിലും ഒരു വസ്തുവിൽ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടോ വസ്ത്രം ധരിച്ചുകൊണ്ടോ കുളിക്കുന്നത് നിഷിദ്ധമാണ്. കുളികഴിഞ്ഞ ശേഷമേ ആഹാരം പാകംചെയ്യുവാൻ പാടുള്ളൂ. പല്ലുതേയ്ക്കുന്നതിന് കമ്പോ കോലോ ഉപയോഗിക്കുന്നതും നിഷിദ്ധമാണ്. കുളികഴിഞ്ഞ ശേഷം ഭസ്മം ഉപയോഗിച്ച് നെറ്റിയിൽ മൂന്നു നേർവരകൾ ഇടുകയും വേണം.

അന്തർജനങ്ങൾ കുളികഴിഞ്ഞശേഷം ചന്ദനം ഉപയോഗിച്ച് മൂന്നുവരകളാണ് നെറ്റിയിൽ വരയ്ക്കേണ്ടത്. ആഢ്യൻമാർ നേർവരകൾക്കു പകരം ചന്ദ്രക്കലാകൃതിയിലാണ് കുറിയിടുക. അലങ്കാരത്തിനുവേണ്ടി പൊട്ടും കുറികളും നെറ്റിയിൽ വരയ്ക്കുന്നത് നമ്പൂതിരിസ്ത്രീകൾക്ക് നിഷിദ്ധമാണ്. അഞ്ജനം കൊണ്ട് കണ്ണെഴുതി കർണങ്ങൾവരെ എത്തുന്ന വാലിടുന്നത് അവരുടെ രീതിയാണ്. അഗ്നിഹോത്രികൾ ഒഴിച്ച് മറ്റാരും തന്നെ കർണാഭരണങ്ങൾ ധരിക്കാൻ പാടില്ല. ആർത്തവസമയത്ത് ചില പ്രത്യേകരീതിയിലാണ് അംഗസംസ്കാരം നടത്തേണ്ടതെന്നും ശാങ്കരസ്മൃതിയിൽ വിധിച്ചിരിക്കുന്നു. ആ സമയത്ത് എണ്ണതേച്ചു കുളിക്കുകയോ പല്ലു തേയ്ക്കുകയോ ചന്ദനം, അഞ്ജനം ഇവ അണിയുകയോ, പൂവു ചൂടുകയോ ചെയ്യാൻപാടില്ല. ഈ നിബന്ധന തെറ്റിക്കുന്നപക്ഷം ആ സ്ത്രീയിൽ ജനിക്കുന്ന കുട്ടിക്ക് യഥാക്രമം തൊലിക്കുകട്ടി, ദന്തരോഗങ്ങൾ, ത്വക്ക്രോഗങ്ങൾ, അന്ധത, കഷണ്ടി എന്നിവ ഉണ്ടാകുമെന്ന് വിശ്വസിച്ചുപോന്നു.

കൈവിരലുകളിലെ നഖം നീട്ടിവളർത്തി സൂക്ഷിക്കുന്ന രീതി 6-ം ശതകത്തിൽ കേരളത്തിലെ നമ്പൂതിരിമാരും നായന്മാരും ആചരിച്ചിരുന്നു. ചൈനാക്കാരിൽ നിന്നാണ് ഈ രീതി അനുകരിച്ചതെന്ന് ഊഹിക്കപ്പെടുന്നു. തങ്ങൾ ജോലിചെയ്യാറില്ല എന്നു കാണിക്കുന്നതിനുവേണ്ടി ആയിരുന്നത്രേ ഈ ആചാരം. ചീപ്പിനു പകരമായും വിരലുകളിലെ നീണ്ടനഖങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നു. ഊണിനുമുമ്പ് നെറ്റിയിൽ ഭസ്മവും ഊണുകഴിഞ്ഞ് ചന്ദനവും അണിയുന്നത് മറ്റൊരാചാരമാണ്.

കുറികളും പൊട്ടുകളും തിരുത്തുക

 
ശരീരത്തിൽ ചിത്രങ്ങൾ വരച്ച സ്ത്രീ

നെറ്റി, കൈ, നെഞ്ച് മുതലായ ശരീരഭാഗങ്ങളിൽ വരയ്ക്കുന്ന കുറികൾ ജാതിവ്യത്യാസത്തെ സൂചിപ്പിക്കുന്നതിന് പ്രയോജനപ്പെടുന്നു. ചന്ദനം, സിന്ദൂരം, ഭസ്മം എന്നീ അംഗരാഗങ്ങളാണ് ഈ അടയാളങ്ങൾ കൊടുക്കുന്നതിന് ഉപയോഗിക്കുന്നത്. ഹിന്ദുക്കളുടെയിടയിൽ മംഗലസ്ത്രീലക്ഷണമാണ് കുങ്കുമപ്പൊട്ട്. പതഞ്ജലിയുടെ കാലത്ത് ഉന്നതകുടുംബങ്ങളിലെ സ്ത്രീകൾ, അവർ വിവാഹിതരാണെന്നു കാണിക്കുന്നതിന് താടിയിൽ ഒരു നക്ഷത്രചിഹ്നം പച്ചകുത്തുമായിരുന്നു. ഈ ആചാരത്തിൽനിന്നാണ് പൊട്ടുകുത്തുന്നരീതി ഉണ്ടായത്. ഈ ആചാരം ഇന്നും മാറ്റംകൂടാതെ തുടർന്നുവരുന്നു. ഉത്തരേന്ത്യൻ ഹൈന്ദവവനിതകൾ സീമന്തരേഖ മുഴുവൻതന്നെ കുങ്കുമംകൊണ്ട് അലങ്കരിച്ചാണ് മാംഗല്യം സൂചിപ്പിക്കുന്നത്. വിവാഹാവസരത്തിൽ കൈയിലും കാലിലും മൈലാഞ്ചി അണിയുന്ന രീതി ഹിന്ദുസ്ത്രീകളുടെ ഇടയിൽ ഇന്നും പ്രചാരത്തിലിരിക്കുന്നു.

ഹിന്ദുമതത്തിൽ ഓരോവിഭാഗത്തിനും അതിന്റേതായ ചിഹ്നങ്ങൾ ഉണ്ട്. കുത്തനെയുള്ള വരകൾ, കുറുകെയുള്ള വരകൾ, വൃത്തം, ത്രികോണം, സമചതുരം തുടങ്ങിയവയാണ് ഈ അടയാളങ്ങൾ. നെറ്റിയിലാണ് പ്രധാനമായി ഈ അടയാളങ്ങൾ ഇടുന്നതെങ്കിലും ചില ഭക്തൻമാർ ഭുജങ്ങൾ, കൈകൾ, നെഞ്ച്, വയറ്, പൃഷ്ഠം മുതലായഭാഗങ്ങളിലും ഈ അടയാളങ്ങൾ ചന്ദനം, കുങ്കുമം, ഭസ്മം മുതലായ അംഗരാഗങ്ങൾകൊണ്ട് വരയ്ക്കാറുണ്ട്. അർധനഗ്നരും ദിഗംബരരുമായ സന്ന്യാസികളും ചില അനുഷ്ഠാനവേളകളിൽ മറ്റുള്ളവരും ഈ വിധത്തിൽ അംഗസംസ്കാരം നടത്തുന്നു. ഹൈന്ദവരെ പ്രധാനമായി വൈഷ്ണവരെന്നും ശൈവരെന്നും രണ്ടായി തിരിക്കാവുന്നതാണ്. ഈ രണ്ടു വിഭാഗക്കാരും ഉപയോഗിക്കുന്ന അടയാളങ്ങൾ വ്യത്യസ്തങ്ങളാണ്. സാധാരണയായി വൈഷ്ണവർ നെറ്റിയിൽ കുത്തനെ മൂന്നു നേർവരകൾ വരയ്ക്കുന്നു. ചിലപ്പോൾ ഈ മൂന്നു നേർവരകളിൽ ഇരുവശങ്ങളിലുമുള്ള വരകളുടെ അടിഭാഗം നടുവരയുടെ ചുവട്ടിൽ കൂട്ടിമുട്ടത്തക്കവണ്ണം യോജിപ്പിച്ച് അവ യോജിക്കുന്നിടത്ത് ഒരു പൊട്ടിടുന്നു. വിഷ്ണുപാദമായാണ് ഇതു സങ്കല്പിക്കപ്പെട്ടിരിക്കുന്നത്. ശൂലാകൃതി നെറ്റിയിൽ വരയ്ക്കുന്നതാണ് മറ്റൊരുരീതി. ഇതിന് നാമധാരണം എന്നു പറയുന്നു. ഇതിന്റെ നടുക്കുള്ള വര കുങ്കുമവും ഇരുവശങ്ങളിലുമുള്ളവ ഭസ്മവും ഉപയോഗിച്ചാണ് വരയ്ക്കുന്നത്. ഭസ്മം ഉപയോഗിച്ച് നെറ്റിയിൽ തിരശ്ചീനമായി മൂന്നുവരകൾ ഇട്ടശേഷം മധ്യഭാഗത്തോ അടിയിലോ ഒരു പൊട്ടുകൂടി തൊടുന്നതാണ് ശൈവരുടെ രീതി. ത്രിപുണ്ഡ്രം എന്ന ഈ അടയാളം ശിവന്റെ ശിരസ്സിലെ അർധചന്ദ്രനെയാണ് സൂചിപ്പിക്കുന്നത്. ത്രികോണാകൃതിയും അർധചന്ദ്രാകൃതിയും ശൈവൻമാരുടെ മറ്റു രണ്ട് അടയാളങ്ങളാണ്.

ശംഖ്, താമര എന്നീ അടയാളങ്ങൾ കൊത്തിയ ഇരുമ്പ് അച്ചുകൾ തീയിൽവച്ച് പഴുപ്പിച്ചശേഷം ശരീരഭാഗങ്ങളിൽ ചേർത്തു പൊള്ളിച്ച് അടയാളങ്ങൾ കൈവരുത്തുന്നതും രാമനാമമന്ത്രം ശരീരം മുഴുവനും പച്ചകുത്തുന്നതും ചില സന്ന്യാസിമാരുടെ ആചാരമാണ്.

കേശാലങ്കാരം തിരുത്തുക

അപരിഷ്കൃതരും പരിഷ്കൃതരും ഒരുപോലെ പ്രാധാന്യം നല്കുന്ന ഒരിനമാണ് കേശസംവിധാനം. ബി.സി. 2,000-ൽ നിർമിച്ച ഒരു പ്രതിമയിൽ (Venus of Willendorf in the Aurignacian Epoch) മുഖത്തിന്റെ ചിത്രീകരണത്തെക്കാൾ പ്രാധാന്യം കേശസംവിധാനത്തിനു നല്കിയിരുന്നതായികാണാം. കേശസംവിധാനത്തിലുളള പ്രത്യേകതകൾ അലങ്കാരത്തിനു മാത്രമല്ല, സമൂഹത്തിൽ വ്യക്തിക്കുള്ള സ്ഥാനവും മഹിമയും സൂചിപ്പിക്കുന്നതിനുകൂടിയായിരുന്നു. സ്ത്രീകൾക്കും പുരുഷൻമാർക്കും എല്ലായിടത്തും വ്യത്യസ്തമായ കേശസംവിധാനരീതിയാണുണ്ടായിരുന്നത്. ഒമേഹാ(Omeha)യിലെ അമേരിന്ത്യൻ ആൺകുട്ടികളുടെ മുടി, തലയിൽ അങ്ങിങ്ങുമാത്രം കട്ടിയാക്കിവളർത്തി, ബാക്കി വടിച്ചുകളയുകയാണ് പതിവ്, മുതിർന്നവരാകട്ടെ മുടി നീട്ടിവളർത്തുകയോ മുഴുവനായി വടിച്ചുകളയുകയോ ചെയ്യുന്നു. ഇവരുടെ കേശസംവിധാനം ഏറിയകൂറും പ്രായവ്യത്യാസത്തെ കാണിക്കാനാണ് ഉപകരിക്കുന്നത്. വെട്ടിനിർത്തിയിരിക്കുന്ന മുടിയുടെ രൂപം ഓരോ ഗോത്രക്കാർക്കും വ്യത്യസ്തമാണ്. ഈ ആചാരം പശ്ചിമാഫ്രിക്കയിലെ സുഡാനീസ് വർഗക്കാരുടെയിടയിലും പ്രചാരത്തിലുണ്ട്. മങ്ങ്ബത്ത്(Mangbethu)ബാലൻ:തല പ്രത്യേക ആകൃതിയിൽ രൂപപ്പെടുത്തിയിരിക്കുന്നു.

ന്യൂ അയർലൻഡുകാർ നാരങ്ങാനീർ ഉപയോഗിച്ച് കറുത്തമുടി ചുവപ്പാക്കിമാറ്റുവാൻ ഇഷ്ടപ്പെട്ടിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലെല്ലാംതന്നെ സുവർണകേശമാണ് സൗന്ദര്യലക്ഷണം. പോളിനേഷ്യക്കാർ ശരീരവും ശിരസ്സും അലങ്കരിക്കാൻ പുഷ്പങ്ങളും മണമുള്ള ഇലകളും ഉപയോഗിക്കുന്നു. ന്യൂസിലൻഡിലെ ജനങ്ങളാകട്ടെ മരണാവസരങ്ങളിൽ പങ്കുകൊള്ളുമ്പോഴാണ് പ്രത്യേകതരം ഇലകൾ അണിയുന്നത്. പോളിനേഷ്യക്കാർ, മാവോറികൾ, മാർക്വിസേനിയർ തുടങ്ങിയ ആദിവാസികൾ മുടി നീട്ടിവളർത്തി മുകളിൽ കെട്ടിവച്ച് അതിൽ പലതരം അസ്ഥികൾ, കൊമ്പുകൾ, തടി മുതലായവകൊണ്ടുനിർമിച്ച ചീപ്പുകളും വാഴപ്പോളയും മുളയുംമറ്റും അണിയുന്നു. കടൽച്ചെടികൾ പറിച്ചുണക്കി അതിൽ കറുപ്പുചായം പിടിപ്പിച്ചണിഞ്ഞാണ് പോളിനേഷ്യൻ സ്ത്രീകൾ വൈധവ്യം ആചരിക്കുന്നത്.

തലയുടെ ആകൃതി വേണ്ടവിധം ശരിയാക്കിയെടുക്കുന്ന ഒരു സമ്പ്രദായം അമേരിന്ത്യക്കാർ, പസിഫിക് ദ്വീപുകളിലെ ചില വർഗക്കാർ എന്നിവരുടെ ഇടയിലുണ്ട്. ശിശുപ്രായം മുതൽ, തുണിയും ഇറുകിയ തൊപ്പിയും മറ്റും ഉപയോഗിച്ച് തലയിൽ സമ്മർദം ചെലുത്തിയാണിതു സാധിക്കുന്നത്. ടാസ്മേനിയാദ്വീപിലെ ആദിവാസിപുരുഷൻമാർ ചെളിയും മറ്റും പുരട്ടി തലമുടി നീളത്തിൽ മെടഞ്ഞിടുന്നു. സ്ത്രീകളാകട്ടെ ചെവിയുടെ അടുത്തുവച്ച് മുടി മുറിച്ചുകളയുകയാണ് പതിവ്. പ്രാചീനറോമിലെ അപരിഷ്കൃതരുടെ ഇടയിൽ മുടി നീളം കുറച്ചു മുറിക്കുന്നത് അടിമകളുടെ ലക്ഷണമായി കണക്കാക്കിവന്നു.

ഭാരതത്തിലും മുടിയുടെ സംവിധാനം ജാതിവ്യത്യാസത്തെയും പദവിയെയും സൂചിപ്പിച്ചിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ മുടി നീട്ടിവളർത്തിവന്നു. കേരളത്തിലെ ഹിന്ദുവനിതകൾ മുടി നെറ്റിയിലേക്ക് ഇറക്കി കെട്ടിവയ്ക്കുമ്പോൾ പുരുഷന്മാർ കുടുമവയ്ക്കുന്ന സമ്പ്രദായം തുടർന്നു. മുടി ക്രോപ്പുചെയ്യുന്നത് പാശ്ചാത്യസംസ്കാരത്തിന്റെ ഫലമാണ്.

ക്ഷൗരം തിരുത്തുക

ശരീരത്തിലെ രോമം നീക്കംചെയ്യുന്നതും അംഗസംസ്കാരത്തിന്റെ ഒരു ഭാഗമാണ്. രാജാക്കൻമാർക്ക് ക്ഷൗരം ചെയ്യുന്നതിനെ ആചാരഭാഷയിൽ തിരുമുഖം വിളക്കുക എന്നു പറഞ്ഞുവന്നു. ക്ഷൗരത്തിന് കണ്ണാടിച്ചില്ലുകൾ, പലതരം കല്ലുകൾ, കത്തി എന്നിവ ഉപയോഗിക്കുന്നതുകൂടാതെ ഓരോ രോമവും പറിച്ചുകളയുന്ന പതിവും ആദിവാസികളുടെ ഇടയിൽ ഉണ്ടായിരുന്നു. ആഫ്രിക്കക്കാർ‍, ഭാരതത്തിലെ ആജീവകൻമാർ മുതലായവർ രോമങ്ങളും തലമുടിയും പിഴുതുകളയുന്നു. ആജീവകൻമാരുടെ ഇടയിൽ ഇതൊരു മതാനുഷ്ഠാനമാണ്.

കർണവേധം തിരുത്തുക

കാതുകുത്തൽ എല്ലാ രാജ്യത്തും സർവസാധാരണമാണ്. കാതു നീട്ടിവളർത്തുന്ന പതിവ് ഇന്ത്യ, നിക്കോബാർ, മ്യാൻമർ, കിഴക്കേ ആഫ്രിക്ക, തെക്കേ അമേരിക്ക, മലയ, ഫീജീ എന്നിവിടങ്ങളിലെല്ലാം ഉണ്ട്. 18-ം ശതകത്തിന്റെ ആദ്യകാലങ്ങളിൽ കേരളത്തിലെ പുരുഷൻമാരും സ്ത്രീകളും ഒരുപോലെ കാതുനീട്ടി വളർത്തുന്നതിൽ തത്പരരായിരുന്നു. തോൾവരെ എത്തുന്ന കാതുകളാണ് സൗന്ദര്യലക്ഷണമായി കണക്കാക്കിയിരുന്നത്. കാതുകുത്തി അതിൽ കൈതയോലയോ പനയോലയോ ചുരുട്ടി തിരുകിവയ്ക്കുന്നു. കാലക്രമേണ ഇലച്ചുരുളിന്റെ വലിപ്പംകൂട്ടി കാത് വലുതാക്കുകയാണ് ചെയ്യുന്നത്. അമേരിക്കയിലെ ഇൻകാ വർഗക്കാർ, ആഫ്രിക്കക്കാർ എന്നിവർ കാതുനീട്ടി വളർത്തി 15 സെ.മീ. മുതൽ 20 സെ.മീ. വരെ വ്യാസമുള്ള ആഭരണങ്ങൾ ധരിക്കുന്നു. ടിന്നുകൾ, സിഗററ്റ് കൂടുകൾ, ഇലച്ചുരുളുകൾ എന്നിവ ഇവർ അലങ്കാരമായി അണിയുന്നു. കെനിയയിലെ കുറിയാ പുരുഷൻമാർ കാതു നീട്ടിവളർത്തി 4 കി.ഗ്രാം വരെ ഭാരമുള്ള തടിക്കഷണങ്ങൾ കാതിൽ ധരിക്കാറുണ്ട്. മേൽക്കാതു കുത്തി അലിക്കത്ത് (മേൽക്കാതുമോതിരം) അണിയുന്നരീതി സുറിയാനിക്രിസ്ത്യാനികൾ, മുസ്ളീങ്ങൾ എന്നിവരുടെയിടയിൽ പ്രചാരത്തിലുണ്ട്. മനുഷ്യരുടെ പല്ലുകൾ കാതിൽ അണിയുന്ന രീതി മാവോറികൾക്കിടയിൽ സാധാരണമാണ്.

സൗന്ദര്യവർദ്ധനയ്ക്ക് മൂക്കിന്റെ പാലവും വശങ്ങളും ചെവി, ചുണ്ട്, കവിൾ, പല്ല് എന്നിവയും തുളച്ച് എല്ല്, തൂവൽ, കക്കകൾ, തടി, ലോഹങ്ങൾ മുതലായവ ധരിക്കുന്ന സമ്പ്രദായം പ്രാചീനകാലംതൊട്ട് ഉള്ളതാണ്. ഇന്ത്യ, ന്യൂഗിനി, പോളിനേഷ്യ, തെക്കേ അമേരിക്ക, ആസ്റ്റ്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം മൂക്കുകുത്തുന്ന പതിവുണ്ട്. നമ്പൂതിരി സ്ത്രീകൾക്ക് മൂക്കുകുത്താൻ പാടില്ലാ എന്നതൊഴിച്ചാൽ ആർക്കുംതന്നെ ഈ ആചാരം നിഷിദ്ധമല്ല. സ്ത്രീകളാണ് സാധാരണ മൂക്കുകുത്തി ആഭരണങ്ങൾ ധരിക്കുന്നത്. എന്നാൽ ന്യൂഗിനി, തൂഗേറി, സോളമൻദ്വീപുകൾ എന്നിവിടങ്ങളിലെ പുരുഷൻമാർ കൂർത്ത കമ്പുകളും പന്നിത്തേറ്റയും മൂക്കിൽ ധരിക്കുന്നു.

ആഫ്രിക്കയിലെ ബഗാഡാവർഗക്കാർ, തെക്കേ അമേരിക്കയിലെ ബെട്ടോകുഡോഗോത്രക്കാർ എന്നിവർ മേൽച്ചുണ്ടും കീഴ്ച്ചുണ്ടും തുളച്ച് ആഭരണങ്ങൾ അണിയുന്നു. ആഫ്രിക്കക്കാർ ഉത്തേജനസ്വഭാവമുള്ള ചില വസ്തുക്കൾ ഉപയോഗിച്ചും ക്ഷതങ്ങളേല്പിച്ചും ചുണ്ടു നീട്ടിവളർത്തുന്നു.

പല്ലുകൾ തിരുത്തുക

പല്ലുകളുടെ ആകർഷകത്വം വർദ്ധിപ്പിക്കുന്നതിനും മൂർച്ചകൂട്ടുന്നതിനും അവയെ രാകി ശരിയാക്കുന്ന രീതി കിഴക്കേ ആഫ്രിക്ക, അമേരിക്ക, മലയ എന്നിവിടങ്ങളിലെ ആദിവാസികൾക്കിടയിലും കേരളത്തിലെ മലവേടരുടെ ഇടയിലും പ്രചാരത്തിലുണ്ട്. ബോർണിയോയിലെ ഡയക്സ്വർഗക്കാർ പല്ലുകൾ കിഴിച്ച് സ്വർണാഭരണങ്ങൾ ധരിക്കുമ്പോൾ മെക്സിക്കോക്കാർ സ്വർണത്തിനുപകരം വിലപിടിച്ച കല്ലുകളാണ് അണിയുന്നത്. സൗന്ദര്യവൃദ്ധിക്ക് സ്ത്രീകളുടെ പല്ലുകൾ സ്ഥിരമായി കറുപ്പിക്കുന്ന രീതി മലയയിലും ഇന്ത്യയിലും ഉണ്ട്. പല്ലുകൾ പിഴുതുകളയുകയോ മുറിക്കുകയോ ചെയ്യുന്ന സമ്പ്രദായം ആസ്റ്റ്രേലിയയിലെ ആദിവാസികൾ, സിലോണിലെ ആദിവാസികൾ, ദക്ഷിണേന്ത്യയിലെ കാടർ, മലവേടർ എന്നിവരുടെ ഇടയിലെല്ലാം പ്രചാരത്തിലിരിക്കുന്നു.

കിഴക്കേ ആഫ്രിക്കയിലെ ബഡീസോകൾ നാക്കു കിഴിച്ച് ചെമ്പുവളയങ്ങൾ ധരിക്കുന്നു. അലൂഷ്യൻ ദ്വീപുകാർ കവിളുകൾ തുളച്ച് കടൽനായുടെ മീശരോമങ്ങൾ അണിയുമ്പോൾ തെക്കേ അമേരിക്കക്കാർ തൂവലുകളണിയാനാണ് ഇഷ്ടപ്പെടുന്നത്.

ദക്ഷിണഷാൻ സംസ്ഥാനത്തെ പഡാംഗ് വർഗക്കാർ ലോഹവളയങ്ങൾ ഉപയോഗിച്ച് പെൺകുട്ടികളുടെ കഴുത്ത് നീട്ടിവളർത്തുന്നു. കുട്ടിക്കാലം മുതൽ പെൺകുട്ടികളുടെ പാദങ്ങൾ വരിഞ്ഞുകെട്ടി താമരമൊട്ടിന്റെയോ താമരദലത്തിന്റെയോ ആകൃതിയിൽ രൂപപ്പെടുത്തുന്ന സമ്പ്രദായം ചൈനാക്കാർ സൗന്ദര്യവർധന ലക്ഷ്യമാക്കി സ്വീകരിച്ചിരിക്കുന്നു.

മറ്റു ചടങ്ങുകൾ തിരുത്തുക

ശരീരത്തിൽ ചായം പിടിപ്പിക്കുകയും വടു സൃഷ്ടിക്കുകയും ചെയ്യുന്ന സമ്പ്രദായം ചരിത്രാതീതകാലം മുതൽ ആരംഭിച്ചതാണ്. വസ്ത്രം ധരിച്ചുതുടങ്ങിയ കാലത്തിനുമുമ്പായിരുന്നിരിക്കണം ഈ ആചാരത്തിന്റെ ആരംഭം. യുദ്ധം, മതപരമായ അനുഷ്ഠാനങ്ങൾ, നൃത്തം മുതലായവ നടക്കുന്ന അവസരങ്ങളിലാണ് ദേഹത്തു ചായം അണിഞ്ഞുവരുന്നത്. നിറം പിടിപ്പിക്കുമ്പോൾ വ്യക്തിക്കുണ്ടാകുന്ന മാറ്റങ്ങൾ ശത്രുവിനെ ഭയപ്പെടുത്താൻ മാത്രമല്ല, സ്വയം ശക്തി ആർജിക്കുന്നതിനും ഉപയോഗപ്പെടുന്നു. ചുവപ്പാണ് കൂടുതൽ ഉപയോഗിക്കപ്പെടുന്ന നിറം. മഞ്ഞ, കറുപ്പ്, നീല, വെള്ള എന്നിവയും പ്രാധാന്യമർഹിക്കുന്നു. മൃഗങ്ങളെ അനുകരിച്ചുകൊണ്ടുള്ള നൃത്തങ്ങൾക്കുവേണ്ടിയും ചായങ്ങൾ ധാരാളം ഉപയോഗപ്പെടുത്തുന്നു. കേരളത്തിലെ നാടോടിനൃത്തമായ പുലികളി, കടുവാകളി എന്നിവ ഇതിനുദാഹരണമാണ്. മഞ്ഞൾ, കരി, മഞ്ഞളും ചുണ്ണാമ്പും കൂട്ടിക്കലർത്തിയുണ്ടാക്കുന്ന ചുവപ്പുചായം എന്നിവയാണിതിന് ഉപയോഗിക്കുന്നത്. ആധുനിക കാലത്ത് പെയിന്റും ഉപയുക്തമാക്കുന്നുണ്ട്. കഥകളിക്കും തുള്ളലിനും മറ്റും ചുട്ടികുത്തുന്നതിന് പലതരം ചായങ്ങൾ ഉപയോഗിക്കുന്നു കാവിമണ്ണ്, വെളുത്ത പശമണ്ണ് ഇവ പന്നിക്കൊഴുപ്പിൽ ചാലിച്ച് ശരീരത്തും മുഖത്തും ചിത്രപ്പണികൾ നടത്തുക ആന്തമാൻ ദ്വീപിലെ ഓംഗകളുടെ ആചാരമാണ്.

ശരീരം മുറിച്ച് വടു സൃഷ്ടിച്ച് അതിൽ ചായംപിടിപ്പിക്കുന്നരീതി (taetooing) എല്ലാ രാജ്യങ്ങളിലും പ്രചാരമുള്ള ഒരു കലയാണ് . ഇത് ആജീവനാന്തം നിലനില്ക്കുന്നതുകൊണ്ടായിരിക്കാം ഇത്രയധികം പ്രചാരം നേടിയത്.

പരിഷ്കൃത രാജ്യങ്ങളിൽ ജീവിതത്തിന്റെ താഴേക്കിടയിലുള്ളവരാണ് പച്ചകുത്തലും വടു സൃഷ്ടിക്കലും നടത്തുന്നതെങ്കിൽ, പോളിനേഷ്യയിൽ ഏറ്റവും അധികം വടു ശരീരത്തുവരുത്തിയിട്ടുള്ളത് ഉന്നതസ്ഥാനീയരാണ്. ന്യൂസിലൻഡിലെ മാവോറികളുടെ ഇടയിലും ഇതേ രീതിയാണ് കണ്ടുവരുന്നത്.

പോളിനേഷ്യക്കാർ ശരീരത്തിന്റെ എല്ലാഭാഗങ്ങളിലും നാക്കിലും ഇത്തരം വടുക്കൾ ഉണ്ടാക്കാറുണ്ട്. പ്രത്യേകതരം ഡിസൈനുകൾ ഇതിനുപയോഗിച്ചുവരുന്നു. കല്ല്, ദന്തം, കൊമ്പ് എന്നിവ ചെത്തി സൂചിപോലെ കൂർപ്പിച്ച് കരിയിൽമുക്കി ശരീരത്ത് പ്രത്യേകരീതിയിൽ മുറിവുണ്ടാക്കുന്നു. ഈ മുറിവുകളിൽ സൂചിയിൽ പുരണ്ടിട്ടുള്ള കരി കടന്നുകൂടുകയും അവ വടുക്കൾക്കു നിറം നല്കുകയും ചെയ്യുന്നു. കറുത്ത തൊലിക്കാരായ ആസ്ട്രേലിയാക്കാരും നീഗ്രോകളും മറ്റൊരു രീതിയാണ് സ്വീകരിച്ചിട്ടുളളത്. ശരീരം മുറിപ്പെടുത്തി ചാരം, മഞ്ഞൾ ഇവയിട്ടുതിരുമ്മി തൊലി ഉത്തേജിപ്പിച്ച് കാലക്രമത്തിൽ കട്ടിപിടിപ്പിക്കുകയാണ് ഈ മാർഗം. ടാസ്മേനിയാക്കാർ, എസ്കിമോകൾ, മെലനേഷ്യക്കാർ, അമേരിക്കയിലെ ആദിവാസികൾ, ദക്ഷിണേന്ത്യയിലെ തോടവർഗക്കാർ എന്നിവരും ശരീരത്തിൽ വടുസൃഷ്ടിക്കുന്നതിൽ താത്പര്യമുള്ളവരാണ്. ടാസ്മേനിയാക്കാർ ഒരുതരം എണ്ണക്കുരുവിന്റെ (Candlenut) കരി വെള്ളത്തിൽ ചാലിച്ച് മുറിവുകളിൽ പിടിപ്പിക്കുന്നു. അരമുതൽ മുട്ടുവരെയാണ് ഈ വിധത്തിൽ അലങ്കരിക്കുന്നത്. പുരുഷപദവി നേടുന്നതിനുള്ള ഒരു ചടങ്ങാണിത്. ഈ അലങ്കരണം പൂർണമാകുന്നതിന് മാസങ്ങൾതന്നെ വേണ്ടിവരുന്നു. വടുനിർമ്മാണകലയിൽ വൈദഗ്ദ്ധ്യം സിദ്ധിച്ചവരെ ഇക്കാലമത്രയും കുട്ടിയുടെ വീട്ടിൽ താമസിപ്പിക്കുകയും വേണ്ടരീതിയിൽ സമ്മാനിച്ച് പ്രീതിപ്പെടുത്തുകയും ചെയ്യുന്നു. പെൺകുട്ടികൾക്ക് ലഘുവായ രീതിയിലേ ഇതു നടത്താറുള്ളു. ദക്ഷിണേന്ത്യയിലെ തോടവർഗക്കാർ സ്ത്രീകളുടെ മാറിടത്തിലും തോളുകളിലും വടു സൃഷ്ടിക്കാറുണ്ട്. പുരുഷൻമാരുടെ ഇടതുഭുജത്തിൽ ആഴത്തിലുണ്ടാക്കിയ മുറിപ്പാട് സാധാരണമാണ്. എരുമയെ കറക്കുമ്പോൾ ക്ഷീണം അനുഭവപ്പെടാതിരിക്കുന്നതിനുവേണ്ടിയാണത്രേ ഇതു ചെയ്യുന്നത്. പച്ചകുത്തിന് കേരളത്തിലുള്ളതിനേക്കാൾ പ്രചാരം തമിഴ്നാട്ടിലുണ്ട്.

ആധുനിക യുഗത്തിൽ അംഗസംസ്കരണകല ഒരു വ്യവസായമായിത്തന്നെ ഉയർന്നിട്ടുണ്ട്. മുഖസൗന്ദര്യത്തിനും കേശാലങ്കാരത്തിനും വസ്ത്രാലങ്കാരത്തിനും എന്നല്ല, നഖം പാകത്തിന് രൂപപ്പെടുത്തിക്കൊടുക്കുന്നതിനുവരെ ഇന്ന് പ്രത്യേകം പ്രത്യേകം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

സിനിമ, നാടകം എന്നിവയുടെ പ്രചാരത്തോടുകൂടി മേക്കപ്പ് (Makeup) എന്ന കലതന്നെ വളരെയധികം പുരോഗമിച്ചിരിക്കുന്നു. സൗന്ദര്യസംരക്ഷണകലയെപ്പറ്റി പ്രതിപാദിക്കുന്ന പ്രസിദ്ധീകരണങ്ങളും ഇന്ന് സുലഭമാണ്. ചരിത്രാതീതകാലത്തു നടപ്പിലിരുന്നതും ഇന്ന് അപരിഷ്കൃതർ മാത്രം തുടർന്നുവരുന്നതുമാണ് ശരീരത്തിൽ ചായം പൂശുന്നരീതി. എന്നാൽ ഫാഷൻ (Fashion) എന്ന നിലയിൽ യൂറോപ്യൻരാജ്യങ്ങളിൽ ഇപ്പോൾ ഇത് പ്രചരിച്ചുതുടങ്ങിയിരിക്കുന്നു. വസ്ത്രം ധരിക്കുന്നതിനുപകരം ശരീരം പെയിന്റുചെയ്തു ഭംഗിപ്പെടുത്തുകയാണ് ഈ രീതി. ഇറ്റലിക്കാരനായ മോണാഷെസി (Monachesi) ഈ കലയിൽ പ്രാഗല്ഭ്യം നേടിയ ചിത്രകാരനാണ്. ശാരീരികവൈരൂപ്യങ്ങൾ അകറ്റുന്നതിനുണ്ടായിട്ടുളള ശാസ്ത്രീയമായ നേട്ടങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് പ്ളാസ്റ്റിക് സർജറിയാണ്.

അവലംബം തിരുത്തുക

  1. ഭാഷാകുമാരസംഭവം - ഏ.ആർ. രാജരാജവർമ
  2. ഗിരിജാകല്യാണം

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അംഗസംസ്കാരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അംഗസംസ്കാരം&oldid=3991097" എന്ന താളിൽനിന്ന് ശേഖരിച്ചത്