കരമസോവ് സഹോദരന്മാർ
റഷ്യൻ സാഹിത്യകാരൻ ഫിയോദർ ദസ്തയേവ്സ്കിയുടെ അവസാനത്തെ നോവലാണ് കരമസോവ് സഹോദരന്മാർ (ബ്രദേഴ്സ് കരമസോവ്) (Russian: Братья Карамазовы). രണ്ടു വർഷമെടുത്ത് എഴുതി 1880 നവംബർ മാസം പൂർത്തിയാക്കിയ ഈ കൃതി ആദ്യം വെളിച്ചം കണ്ടത് "റഷ്യൻ മെസ്സഞ്ചർ" എന്ന പത്രികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീക്കപ്പെട്ടപ്പോഴാണ്. "ഒരു മഹാപാപിയുടെ ജീവിതം" എന്ന പേരിൽ എഴുതാനുദ്ദേശിച്ച ഇതിഹാസകഥയുടെ ആദ്യഭാഗമായി നോവലിസ്റ്റ് ഇതിനെ കരുതിയെങ്കിലും,[1] ഇതിന്റെ പ്രസിദ്ധീകരണം നടന്ന് നാലുമാസത്തിനകം അദ്ദേഹം മരിച്ചതിനാൽ ആ സ്വപ്നം സഫലമായില്ല.
കർത്താവ് | ഫിയോദോർ ദോസ്തോയെവെസ്കി |
---|---|
യഥാർത്ഥ പേര് | Братья Карамазовы (Brat'ya Karamazovy) |
രാജ്യം | റഷ്യ |
ഭാഷ | റഷ്യൻ |
സാഹിത്യവിഭാഗം | suspense, തത്വചിന്താപരം |
പ്രസാധകർ | The Russian Messenger (സീരിയൽ രൂപത്തിൽ) |
പ്രസിദ്ധീകരിച്ച തിയതി | നവംബർ 1880 |
മാധ്യമം | Print (hardback and paperback) |
ഏടുകൾ | 796 pp. (Pevear & Volokhonsky translation) |
ISBN | NA |
മുമ്പത്തെ പുസ്തകം | A Gentle Creature |
ശേഷമുള്ള പുസ്തകം | A Writer's Diary |
മതം, സ്വതന്ത്രേച്ഛ, സാന്മാർഗ്ഗികത എന്നിവയുടെ ധാർമ്മികസമസ്യകൾ ആവേശപൂർവം ചർച്ചചെയ്യപ്പെടുന്ന ഒരു ദാർശനികരചനയാണ് ഈ നോവൽ. തീവ്രവേഗത്തിൽ അധുനികവൽക്കരിക്കപ്പെട്ടുകൊണ്ടിരുന്ന റഷ്യ പശ്ചാത്തലമായി നടക്കുന്ന വിശ്വാസം, സന്ദേഹം, യുക്തി എന്നിവയുടെ ഒരു ആത്മീയനാടകവുമാണത്. വടക്കുപടിഞ്ഞാറൻ റഷ്യയിലെ 'സ്റ്റാറയ-റൂസ്സാ' മുഖ്യപശ്ചാത്തലമായുള്ള ഈ രചന ദസ്തയേവ്സ്കി എഴുതിയതും അവിടെ വച്ചാണ്. സിഗ്മണ്ട് ഫ്രോയിഡ്[2] ആൽബർട്ട് ഐൻസ്റ്റീൻ,[3] ലുഡ്‌വിഗ് വിറ്റ്ജൻസ്റ്റൈൻ,[4] എന്നിവർ ഉൾപ്പെടെയുള്ള ചിന്തകന്മാർ ഇതിനെ സാഹിത്യകലയിൽ എക്കാലത്തും ഉണ്ടായിട്ടുള്ള ഉദാത്തസൃഷ്ടികളിൽ ഒന്നായി പുകഴ്ത്തിയിട്ടുണ്ട്. 2007-ൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഈ നോവലിനെ "പ്രത്യാശയാൽ നാം രക്ഷിക്കപ്പെട്ടു" (Spe salvi)[5] എന്ന ചാക്രികലേഖനത്തിൽ പരാമർശിച്ചു.
നോവലിലുള്ള മുഖ്യമതദ്രോഹവിചാരകൻ (ഗ്രാൻഡ് ഇൻക്വിസിറ്റർ) എന്ന അന്യാപദേശം അതിലെ ഏറ്റവും അറിയപ്പെടുന്ന ഖണ്ഡങ്ങളിൽ ഒന്നും ഗ്രന്ഥകർത്താവ് ഉന്നയിക്കുന്ന ധാർമ്മിക-ദാർശനിക സമസ്യകളുടെ സംഗ്രഹവുമാണ്.
കഥ
തിരുത്തുകവെറിയനും ക്രൂരനും ലുബ്ധനും കോമാളിയുമായ ഫിയദോർ കരമസോവിന്റെ കൊലപാതകത്തിന്റെ ദുരൂഹത പശ്ചാത്തലമാക്കി അയാളും വ്യത്യസ്തസ്വഭാവികളായ നാല് ആണ്മക്കളും ചേർന്ന ശിഥിലകുടുംബത്തിന്റെ കഥ പറയുകയാണ് നോവലിസ്റ്റ്. നാലു മക്കളിൽ മൂന്നു പേർ ഫിയോദോറിന്, അയാളുടെ ക്രൂരത സഹിച്ചു മരിച്ചുപോയ രണ്ടു ഭാര്യമാരിൽ പിറന്നവരാണ്. അച്ഛന്റെ ഉപേക്ഷയിൽ ആ മക്കൾ പലയിടങ്ങളിലായി വളർന്നു. മൂത്ത മകൻ ദിമിത്രി സുന്ദരിയും ധനികയുമായ കാതറീനയ്ക്കു വിവാഹസമ്മതം കൊടുത്തിരുന്നു. എങ്കിലും അച്ഛന്റെ 'ഇഷ്ടക്കാരി', ഗ്രൂഷങ്കയിലും അയാൾ ഭ്രമിച്ചിരുന്നു. തന്റെ ദുർന്നടത്തയ്ക്കും ദുർവ്യയത്തിനുമായി അച്ഛനിൽ നിന്നു വാങ്ങേണ്ടി വന്ന പണത്തിനുവേണ്ടി കുടുംബവിഹിതം വേണ്ടെന്നു വച്ച അയാൾ, അച്ഛൻ തന്നെ ഇക്കാര്യത്തിൽ വഞ്ചിക്കുകയായിരുന്നെന്നു പിന്നീടു കരുതി.
ദിമിത്രിയ്ക്ക് മറ്റൊരമ്മയിൽ പിറന്ന അനുജന്മാരായിരുന്നു ഇവാനും അലോഷ്യയും. ഏറെ പഠിപ്പും വായനയുമുള്ള ഇവാൻ ദൈവത്തിലും ആത്മാവിന്റെ അമർത്ത്യതയിലും വിശ്വാസമില്ലാത്തവനായിരുന്നു. ഏറ്റവും ഇളയമകനായിരുന്ന അലോഷ്യ, സാത്വികനും ദൈവഭക്തനും ആയിരുന്നു. ഒരു സന്യാസാശ്രമത്തിൽ പരിശീലനം നേടിക്കൊണ്ടിരുന്ന അയാളുടെ ആത്മീയഗുരുവായിരുന്നു വയോവൃദ്ധനായ സോസിമാപ്പാതിരി. ഫിയോദോറിന്റെ പാചകക്കാരനായ സ്മെർദ്യാക്കോവ്, ഒപ്പം അയാളുടെ മകനുമായിരുന്നു. നഗരത്തിൽ അലഞ്ചുതിരിഞ്ഞിരുന്ന ഒരു മന്ദബുദ്ധിപ്പെണ്ണിൽ അയാൾക്കു പിറന്നവൻ.
ഏറെ സങ്കീർണ്ണതകൾ നിറഞ്ഞ ഈ ശിഥിലകുടുംബത്തിന്റെ കഥയിൽ നോവലിസ്റ്റ് ക്രിസ്തീയമായ രക്ഷയുടെ സാധ്യതകൾ അന്വേഷിക്കുന്നുണ്ട്. അലോഷ്യയുടെ ഗുരു സോസിമാപ്പാതിരി, ഈ ബൃഹദ്കഥയിൽ സവിശേഷമായൊരു ക്രിസ്തീയവീക്ഷണത്തിന്റെ വക്താവായി പ്രത്യക്ഷപ്പെടുന്നു. എങ്കിലും നോവലിസ്റ്റ് ഉന്നയിക്കുന്ന ബൗദ്ധികസന്ദേഹങ്ങളും അദ്ദേഹം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളുടെ ആത്മീയകലാപങ്ങളും ഈ അന്വേഷണത്തെപ്പോലെ തന്നെ വായനക്കാരെ ആകർഷിക്കുന്നു. നോവലിലൊരിടത്ത് ഇവാൻ അലോഷ്യയോടു പറയുന്ന മുഖ്യമതദ്രോഹവിചാരകന്റെ കഥ, അസ്തിത്വവാദരചനകളുടെ സമാഹാരങ്ങളിൽ ഉൾപ്പെടാറുണ്ട്.
അവലംബം
തിരുത്തുക- ↑ Hutchins, Robert Maynard, editor in chief (1952). Great Books of the Western World. Chicago: William Benton.
- ↑ Freud, Sigmund Writings on Art and Literature
- ↑ The Collected Papers of Albert Einstein, Volume 9: The Berlin Years: Correspondence, January 1919 - April 1920
- ↑ Guignon, Charles. The Grand Inquisitor. ISBN 0-87220-228-3, introduction page ix, retrieved 26-10-10
- ↑ "പ്രത്യാശയാൽ നാം രക്ഷിക്കപ്പെട്ടു", ഖണ്ഡിക 44 - ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ചാക്രികലേഖനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ