ഒരു അർഥാലങ്കാരമാണ് അന്യാപദേശം (ഇംഗ്ലീഷ്:Allegory).[1] അപ്രസ്തുത പ്രശംസയുടെ വകഭേദമാണ് ഇത്. ഉപമേയം പറയാത്തതാണ് അന്യാപദേശം (ഉപമേയസ്യാനുക്താവന്യാപദേശഃ). സ്വന്തരൂപത്തെ ആച്ഛാദനം ചെയ്യുക, പ്രച്ഛന്നവേഷം ധരിക്കുക, യാഥാർഥ്യം മറച്ചുവച്ച് വേറൊന്ന് പ്രകടിപ്പിക്കുക, ഇല്ലാത്തത് നടിക്കുക എന്നെല്ലാമാണ് അപദേശ ശബ്ദത്തിന്റെ അർഥം. ഒരു സാഹിത്യ പ്രസ്ഥാനമെന്ന നിലയിൽ, പ്രകൃതാർഥസൂചനയ്ക്കുവേണ്ടി അപ്രകൃതമായ മറ്റൊന്നു പറഞ്ഞാൽ അത് അന്യാപദേശമായിത്തീരുന്നു. ഒന്ന് പറയുകയും അതിൽനിന്ന് വേറൊന്ന് മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണ് ഇതിന്റെ മുഖ്യസവിശേഷത. സാഹിത്യത്തിലെന്നപോലെ ചിത്രരചന മുതലായ കലകളിലും ഇത് പ്രാചീനകാലം മുതൽ സാരമായ സ്വാധീനം ചെലുത്തിവരുന്നു.

അന്യാപദേശം സംഗീതത്തിൽ

പാശ്ചാത്യ സാഹിത്യത്തിൽ

തിരുത്തുക
 
ഫേയ്റീ ക്വീൻ

ഒരു സാഹിത്യരചനയിലോ കലാസൃഷ്ടിയിലോ അക്ഷരാർഥത്തിൽ പ്രത്യക്ഷത്തിൽ ലഭിക്കുന്ന വിവക്ഷയ്ക്കു സമാന്തരമായി കൂടുതൽ ഒരു പൊരുൾ കൂടി ബോധപൂർവം ഉൾക്കൊള്ളിക്കുന്ന രീതിക്ക് പാശ്ചാത്യലോകത്തിൽ വളരെ പഴക്കമുണ്ട്. ഈസോപ്പിന്റെ കഥകൾ തുടങ്ങി ജന്തുകഥാപാത്രങ്ങളെക്കൊണ്ട് നിറഞ്ഞ പ്രാചീനാഖ്യാനങ്ങളാണ് യൂറോപ്യൻ കഥാസാഹിത്യത്തിലെ ആദ്യത്തെ അന്യാപദേശങ്ങൾ. എന്നാൽ ഇതിനു മുമ്പ് ബൈബിളിൽ പഴയതും പുതിയതുമായ നിയമങ്ങളിൽ പ്രതീകഭംഗിയോടുകൂടിയുള്ള പല പരാമർശങ്ങളും ഉപാഖ്യാനങ്ങളും കാണാനുണ്ട്. 80-ആം സങ്കീർത്തനത്തിൽ വർണിച്ചിരിക്കുന്ന മുന്തിരിവള്ളിയുടെ കഥ ഇസ്രയേലിന്റെ തദാനീന്തന സ്ഥിതിയെ പരഭാഗഭംഗിയോടുകൂടി അനുവാചക ഹൃദയങ്ങളിൽ ശക്തിയായി മുദ്രണം ചെയ്യുന്നു. കുഞ്ഞാടുകളേയും മറ്റും പറ്റിയുള്ള സൂചനകളോടുകൂടി യേശു നടത്തുന്ന ഉദ്ബോധനങ്ങളിലെ പല ഉപകഥകളും, അപ്പോസ്തലനായ പൌലോസ് റോമർക്കും കൊരിന്ത്യർക്കും എഫേസ്യർക്കും ഫിലിപ്പിയർക്കും കൊലോസ്സ്യർക്കും തെസ്സലോനീക്യർക്കും തിമോഥെയോസിനും തീത്തോസിനും ഫിലേമോന്നും എഴുതിയ ലേഖനങ്ങളിലെ നിരവധി പരാമർശങ്ങളും പ്രതീകഭംഗി മുറ്റിനില്ക്കുന്ന ഉത്തമ സാഹിത്യ സൃഷ്ടികളാണ്. അധ്യാത്മികമായ അർഥാവിഷ്കരണങ്ങൾക്ക് അതിസമർഥമായ അന്യാപദേശങ്ങളാണ് ബൈബിളിൽ ഉടനീളം ഉള്ളതെന്ന് തോമസ് അക്വിനാസ് (1225-74) എന്ന ദൈവശാസ്ത്രപണ്ഡിതൻ രേഖപ്പെടുത്തിയിട്ടുണ്ട്. ജറുസലം അങ്ങനെയാണ് ചരിത്രപരമായി ഒരു വിശുദ്ധനഗരത്തേയും, പ്രതീകാത്മകമായി ക്രൈസ്തവ സഭയേയും, ധാർമികാർഥത്തിൽ ആത്മാവിനെയും, ഇവയെല്ലാം കൂടി ചേർന്ന് വിജയലാളിതമായ ക്രൈസ്തവ വിശ്വാസത്തെയും പ്രതിനിധാനം ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. ഒരു അന്യാപദേശമല്ലെങ്കിലും ദാന്തേ അലിഗരി(1265-1321)യുടെ ദിവ്യനാടകം (Divine Comedy)[2] ഈ വ്യാഖ്യാനവിവൃതിയെ സമ്പൂർണമായി അംഗീകരിച്ചിട്ടുണ്ട്.

 
പ്രൊമിഥിയൂസ്

പ്രാചീന ഗ്രീസിൽ ഹോമറിന്റെയും ഹെസിയോദിന്റെയും ഇതിഹാസ കാവ്യങ്ങളിലെ പല ഭാഗങ്ങൾക്കും അന്യാപദേശപ്രധാനമായ അർഥചമല്കാരങ്ങൾ നല്കി വ്യാഖ്യാനിക്കാൻ പല പണ്ഡിതൻമാരും അക്കാലം മുതൽ ശ്രമിച്ചുവരുന്നുണ്ട്. പ്ലേറ്റോ, സെനേക്കോ തുടങ്ങിയ ദാർശനികൻമാർ ഈ ശ്രമങ്ങളെ അന്നുതന്നെ നിരാകരിക്കുകയാണ് ചെയ്തത് (എന്നാൽ പ്ലേറ്റോ തന്നെ തന്റെ റിപ്പബ്ലിക്കിൽ ഒരു ഗുഹയെപ്പറ്റി നടത്തുന്ന പരാമർശം ഒരു അന്യാപദേശമാണ്). ഓവിഡ് (ബി.സി. 43 - എ.ഡി. 17), വെർജിൽ (ബി.സി. 70-19), പ്ലൂട്ടാർക് (എ.ഡി. 48-120) തുടങ്ങിയ പ്രാചീന ലത്തീൻ കവികളും സാഹിത്യകാരൻമാരും പല ബിംബങ്ങളും സ്വീകരിച്ച് അർഥചമല്കാരം വരുത്തിയിട്ടുള്ളവരാണ്.

ഇംഗ്ലീഷ് സാഹിത്യം സ്വതന്ത്രവ്യക്തിത്വത്തോടുകൂടി ഉരുത്തിരിയാൻ തുടങ്ങിയകാലം മുതൽ നിഗീര്യാധ്യവസായ പ്രസ്ഥാനത്തിന് നല്ല സ്വാധീനത സാഹിത്യസൃഷ്ടികളിൽ ചെലുത്താൻ കഴിഞ്ഞു. ഇക്കൂട്ടത്തിൽ ആദ്യം എടുത്തു പറയേണ്ട കൃതി എഡ്മൺഡ് സ്പെൻസറുടെ (1552-99) ഫേയ്റീ ക്വീൻ (Faerie Queene) ആണ്.[3] പ്രഭുക്കൻമാരാലും സാമന്തൻമാരാലും പരിസേവിതയായി ഇതിൽ വർണിക്കപ്പെടുന്ന ഗ്ലോറിയാന എന്ന വനമോഹിനി ഒന്നാം എലിസബത്ത് രാജ്ഞിയല്ലാതെ മറ്റാരുമല്ല. സ്പെൻസറുടെ സമകാലികനായ ഫ്രാൻസിസ്ബേക്കന്റെ (1561-1626) വിജ്ഞാന വികസന (Advancement of Learning)ത്തിലും [4] ധാരാളം പ്രതീകങ്ങൾ ഉപയോഗപ്പെടുത്തിയിരിക്കുന്നതായി കാണാം. ക്രൈസ്തവ ധർമശാസ്ത്രങ്ങളുടെ ഏറ്റവും ഉദാത്തമായ അക്കാലത്തെ ആവിഷ്കരണം ജോൺ ബന്യന്റെ (1628-88) തീർഥാടക പുരോഗതി (Pilgrim's Progress)[5] എന്ന അന്യാപദേശത്തിലാണ്.

തൊട്ടടുത്ത തലമുറയിൽ ജോൺ ഡ്രൈഡന്റെ (1631-1700) അബ്ശാലോമും അഹിതോപ്പലും എന്ന കാവ്യം ഈ പ്രസ്ഥാനത്തിൽ മുഴച്ചുനില്ക്കുന്നു. ഒരു ബൈബിൾ കഥയെ പശ്ചാത്തലമായി സ്വീകരിച്ചുകൊണ്ട് ഡ്രൈഡൻ അക്കാലത്തെ രാഷ്ട്രീയോപജാപങ്ങളെ നിശിതമായി അപഹസിക്കുകയാണ് ഇതിൽ ചെയ്യുന്നത്. മതത്തെയും മാനുഷിക ദൌർബല്യങ്ങളെയും പരിഹാസരസത്തോടുകൂടി വിവരിക്കുന്ന അദ്ദേഹത്തിന്റെ മറ്റു രണ്ട് അന്യാപദേശകൃതികളാണ് മക്ഫ്ലെക്നോ (Mac Flecknoe), മാൻപേടയും പുള്ളിപ്പുലിയും (The Hint and the Panther) എന്നിവ.

ഇംഗ്ലീഷ് സാഹിത്യത്തിലെ ഒന്നാമത്തെ രാഷ്ട്രീയ അപഹാസകൃതിയായി നിലനില്ക്കുന്ന ഡീൻ (ജൊനാഥൻ) സ്വിഫ്റ്റി (1666-1745)ന്റെ ഗള്ളിവറുടെ സഞ്ചാരകഥകൾക്കുള്ള സ്ഥാനം കാലത്തിന് ഇന്നുവരെ കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല. അത്യുത്തമമായ ഒരു ബാലസാഹിത്യകൃതിയെന്നതുപോലെ തന്നെ സമകാലികരാഷ്ട്രീയസംഭവങ്ങളെ സകല ആവരണങ്ങളും മാറ്റി പ്രദർശിപ്പിച്ചുകൊണ്ടുള്ള ഒരു അന്യാപദേശാഖ്യാനം എന്ന നിലയിലും അതിന്റെ ശാശ്വത മൂല്യം സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതുപോലെ തന്നെ, അദ്ദേഹത്തിന്റെ വെള്ളത്തൊട്ടിയുടെ കഥ(The Tale of a Tub)യും[6] പ്രതീകഭംഗികലർന്ന ഒരു ആക്ഷേപഹാസ്യകൃതിയാണ്; ഇതിൽ ഇരയായിരിക്കുന്നതു മതകലഹങ്ങളാണെന്ന വ്യത്യാസമേ ഉള്ളു.

ഷെല്ലിയുടെ ബന്ധനമുക്തനായ പ്രൊമിഥിയൂസ് (Prometheus),[7] ലൂയി കരോളി(1832-98)ന്റെ അത്ഭുതലോകത്തിലെ ആലീസ് (Alice in Wonderland)[8] തുടങ്ങിയവയും പ്രത്യക്ഷാർഥത്തിനു പുറമേ പല ആന്തരികവിവക്ഷകളും ഉൾക്കൊള്ളുന്ന ഉത്തമകൃതികളെന്ന സ്ഥാനത്തിന് അർഹങ്ങളാണ്.

ആധുനികപാശ്ചാത്യസാഹിത്യങ്ങളിൽ അന്യാപദേശത്തിന്റെ അതിപ്രസരം ക്രമേണ മങ്ങിവരുന്നതായാണ് കാണുന്നത്. എന്നാൽ ഫ്രാൻസ് കാഫ്ക(1886-1924)യുടെ ചെറുകഥകളിലും നോവലുകളിലും പ്രതീകാത്മകമായ പ്രതിപാദനങ്ങൾ സുലഭമാണ്. സി.എസ്. ല്യൂവിസ് രചിച്ച തീർഥാടകന്റെ പശ്ചാദ്ഗമനം (Pilgrim's Regress)[9] ബന്യന്റെ അന്യാപദേശത്തിന്റെ ഒരു ബദൽ രചനയാണെന്ന് പേരുകൊണ്ടു തന്നെ വ്യക്തമാകുന്നു. ആധുനിക യൂറോപ്യൻ സാഹിത്യത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയാപഹാസകൃതി എന്ന പദവിക്ക് അർഹമായിരിക്കുന്നത് ജോർജ് ഓർവലിന്റെ (1903-50) ആനിമൽ ഫാം (Animal Farm)[10] എന്ന അന്യാപദേശാഖ്യാനമാണ്.

ഭാരതീയസാഹിത്യങ്ങളിൽ

തിരുത്തുക

പാശ്ചാത്യലോകത്തിലെന്നതുപോലെ അന്യോക്തിപ്രധാനമായ സാഹിത്യസൃഷ്ടി പ്രാചീനഭാരതത്തിൽ ഉണ്ടായിരുന്നുവോ എന്ന കാര്യം സംശയാസ്പദമാണ്. ഒന്നാം നൂറ്റാണ്ടിനടുത്ത് ജീവിച്ചിരുന്നതായി സാഹിത്യചരിത്രകാരൻമാർ കരുതുന്ന അശ്വഘോഷൻ ഈ സങ്കേതവുമായി പരിചിതനായിരുന്നുവെന്ന് വിചാരിക്കാൻ ചില ന്യായങ്ങൾ ഉന്നയിക്കപ്പെടാറുണ്ടെങ്കിലും ഇദ്ദേഹം ഇത് ബോധപൂർവം ഉപയോഗിച്ചുവെന്നതിന് ഇതുവരെ തെളിവൊന്നും കിട്ടിയിട്ടില്ല. ഇദ്ദേഹത്തിന്റെ ബുദ്ധചരിതത്തിലും, സൌന്ദരനന്ദത്തിലും ശാരീപുത്ര പ്രകരണത്തിലും അങ്ങിങ്ങായി ചില പ്രതീകഭംഗികൾ ഒളിവീശുന്നുണ്ടെന്നേ പറഞ്ഞുകൂടു. എ.ഡി. 6-ആം നൂറ്റാണ്ടിനു മുമ്പുണ്ടായ പഞ്ചതന്ത്രം, ഈസോപ്പിന്റെ കഥകളിൽ എന്നപോലെ പക്ഷിമൃഗാദികളെ കഥാപാത്രങ്ങളാക്കുന്നുണ്ടെങ്കിലും ശരിക്ക് ഒരു അന്യാപദേശമെന്ന പദവിക്ക് അർഹമല്ല. മിത്രഭേദം മിത്രപ്രാപ്തി, സന്ധിവിഗ്രഹം, ലബ്ധനാശം, അപരീക്ഷിതകാരിത്വം എന്നീ പേരുകളോടുകൂടിയ അഞ്ചു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്ന ഈ കഥാസമാഹാരം ചില ലോകതത്ത്വങ്ങളെ ഉദാഹരിക്കാനായി ഏതാനും ജന്തുകഥകളെ സരസമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

എ.ഡി. 11-ആം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ജീവിച്ചിരുന്ന കൃഷ്ണമിശ്രൻ എന്ന കവിയുടെ പ്രബോധചന്ദ്രോദയം നാടകമാണ് അന്യാപദേശരീതിയിൽ സംസ്കൃതത്തിൽ ഉണ്ടായിട്ടുള്ള ആദ്യത്തെ സാഹിത്യസൃഷ്ടി. ആറങ്കങ്ങളുള്ള ഈ നാടകത്തിലെ കഥാപാത്രങ്ങൾ മനസ്സ്; പ്രവൃത്തി, നിവൃത്തി, മോഹം, വിവേകം, കാമം, രതി, ക്രോധം, ഹിംസ, അഹങ്കാരം, ദംഭം, ലോഭം, തൃഷ്ണ, മിഥ്യാദൃഷ്ടി, മതി, ധർമം, കരുണ, മൈത്രി, ശാന്തി, ശ്രദ്ധ, ക്ഷമ, സന്തോഷം, വസ്തു, വിചാരം, ഭക്തി തുടങ്ങിയ അമൂർത്ത സത്തകളാണ്. ശരിക്കു പറഞ്ഞാൽ ഇത് അന്യാപദേശത്തിന്റെ നിർവചനത്തിൽപെടുകയില്ല. മനുഷ്യമനോവൃത്തികൾക്ക് പ്രതീകാത്മകമായ പുരുഷാകാരം നല്കി, യഥാർഥജ്ഞാനം ഉദിക്കേണ്ട വഴികളെ തത്ത്വചിന്താപ്രധാനമായി ആവിഷ്കരിക്കാനുള്ള ഒരുശ്രമമാണ് ഇവിടെ നടന്നിട്ടുള്ളത് (കുമാരനാശാൻ ഈ കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്).

പരമാനന്ദ ദാസസേന കവികർണപൂരൻ രചിച്ച (16-ആം നൂറ്റാണ്ട്) ചൈതന്യചന്ദ്രോദയം, യശോപാലൻ എന്ന കവി(13-ആം നൂറ്റാണ്ട്)യുടെ മോഹപരാജയം എന്നിങ്ങനെ അന്യാപദേശപരമായ മറ്റു ചില സംസ്കൃത നാടകങ്ങളെപ്പറ്റിയും സാഹിത്യചരിത്രകാരൻമാർ പ്രസ്താവിക്കുന്നുണ്ടെങ്കിലും ഇവയ്ക്കൊന്നും സഹൃദയരുടെ ഇടയിൽ പ്രചാരമോ അവരുടെ അംഗീകാരമോ നേടാൻ കഴിഞ്ഞിട്ടില്ല. ഈ പ്രസ്ഥാനത്തിലുൾപ്പെടുത്താവുന്ന സങ്കല്പ സൂര്യോദയം, യതിരാജവിജയം അല്ലെങ്കിൽ വേദാന്തവിലാസം എന്നീ നാടകങ്ങൾ യഥാക്രമം ദാക്ഷിണാത്യൻമാരായ വെങ്കടനാഥവേദാന്തദേശിക കവി താർക്കിക സിംഹനും വരദാചാര്യനും എഴുതിയവയാണ്. ഇവ രാമാനുജ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ട് എഴുതിയവയാണെന്നാണ് കാണുന്നത്.

സംസ്കൃതത്തിൽ അന്യാപദേശ കാവ്യങ്ങളും അത്ര വിരളമല്ല. അന്യാപദേശശതകം എന്ന പേരിൽ നീലകണ്ഠദീക്ഷിതരും (17-ആം നൂറ്റാണ്ട്) 18-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മിഥിലയിലെ മധുസൂദനനും അൽമോറയിലെ ആലങ്കാരികനായ വിശ്വേശ്വരനും കാവ്യങ്ങൾ എഴുതിയിട്ടുണ്ട്. ഇവയിൽ ഏറ്റവും പ്രചാരമുള്ളത് ദീക്ഷിതരുടെ കൃതിയാണ്. രുദ്രനാരായണവാചസ്പതിയുടെ ഭാവവിലാസം, ദക്ഷിണാമൂർത്തിയുടെ ലോകോക്തിമുക്താവലി, നാഗരാജന്റെ ഭാവശതകം, കുസുമദേവന്റെ ദൃഷ്ടാന്തകലികാശതകം, ഗുവാനിയുടെ ഉപദേശശതകം തുടങ്ങിയ കൃതികളേയും ഈ പ്രസ്ഥാനത്തിൽ ഉൾപ്പെടുത്താം. ഇവയുടെ കർത്താക്കൻമാരുടെ ജീവിതത്തെയോ മറ്റു കൃതികളേയോപറ്റി വിശ്വാസയോഗ്യമായ വിവരങ്ങളൊന്നും ഇല്ലെന്നുള്ളതും ഈ കൃതികളുടെ രചനാഭംഗി പരിമിതമാണെന്നുള്ളതും എടുത്തുപറയേണ്ട വസ്തുതകളാണ്.

കേരളത്തിൽ

തിരുത്തുക

നീലകണ്ഠദീക്ഷിതർ എഴുതിയ അന്യാപദേശശതകത്തിന്റെ വിവർത്തനങ്ങളും വ്യാഖ്യാനങ്ങളുമായി പല കൃതികളും ഈ പ്രസ്ഥാനത്തിൽ കേരളീയർ രചിച്ചിട്ടുണ്ട്. അതിന് പുറമേ, കേരളീയകവികളുടെ വകയായി സംസ്കൃതത്തിലും മലയാളത്തിലും പല മൌലികകൃതികളും ഉണ്ടായിട്ടുണ്ട്; ഇവയുടെ പേരുകളും അന്യാപദേശശതകം, അന്യാപദേശമാല എന്നു തുടങ്ങിയവതന്നെ. ദീക്ഷിതരുടെ അന്യാപദേശശതകത്തിന് കേരളത്തിൽ ആദ്യമായുണ്ടായ സമഗ്രവും വിമർശനപരവും ആയ വ്യാഖ്യാനം സ്വാതിതിരുനാൾ രാമവർമ മഹാരാജാവിന്റെതാണ് (1813-47). ഓരോ പദ്യത്തിനും പ്രത്യേകം അവതാരികകൾ എഴുതിയിട്ടുള്ള സർവംകഷമായ ഒരു സംസ്കൃത വ്യാഖ്യാനമാണിത്. ശ്രീമൂലം തിരുനാൾ രാമവർമയുടെ പിതാവായ ചങ്ങനാശേരി ലക്ഷ്മീപുരത്ത് രാജരാജവർമ കോയിത്തമ്പുരാനും (1825-59) ഇതിലെ നാല്പതോളം ശ്ലോകങ്ങൾക്ക് സംസ്കൃതത്തിൽ വ്യാഖ്യാനം രചിച്ചിട്ടുണ്ട്.

അന്യാപദേശശതകത്തിന് മലയാളത്തിലുള്ള ഏറ്റവും പ്രസിദ്ധമായ തർജുമ കേരളവർമ വലിയ കോയിത്തമ്പുരാന്റേ(1845-1914)താണ്. ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ (1824-87) എന്ന പണ്ഡിതൻ അന്യാപദേശദ്വാസപ്തതി എന്ന പേരിലും കടത്തനാട്ടു രവിവർമത്തമ്പുരാൻ (1872-1914) അന്യാപദേശം എന്ന പേരിലും ഈ പ്രസ്ഥാനത്തിൽ ഓരോ മൌലിക സംസ്കൃത കാവ്യങ്ങൾ രചിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ (1858-1926) എഴുതിയ അന്യാപദേശവും മാവേലിക്കര ഉദയവർമതമ്പുരാന്റെ (1844-1921) അന്യാപദേശശതകവും ഗ്രാമത്തിൽ രാമവർമ കോയിത്തമ്പുരാന്റെ (1853-1916) അന്യാപദേശമാലയും മലയാളത്തിന് ഈ ശാഖയിൽ ലഭിച്ചിട്ടുള്ള സ്വതന്ത്രകാവ്യങ്ങളാണ്. തനിക്കു കുറച്ചു തുക കടം തന്നിരുന്ന ധനികനായ ഒരു ഉത്തമർണൻ അത് തിരിച്ചു ചോദിച്ചപ്പോൾ ഗ്രാമത്തിൽ രാമവർമ കോയിത്തമ്പുരാൻ മറുപടിയായി നൽകിയ താഴെപറയുന്ന ശ്ലോകം ഇദ്ദേഹത്തിന്റെ അന്യാപദേശമാലയിൽ ഉള്ളതാണ്.

ദീക്ഷിതരുടെ അന്യാപദേശശതകത്തിന്റെ രീതി ഗ്രഹിക്കുവാൻ അതിന് കേരളവർമ നൽകിയിരിക്കുന്ന ഒരു വിവർത്തനം നല്ലൊരു മാതൃകയാണ്.

20-ആം നൂറ്റാണ്ടിന്റെ രണ്ടാം ദശകം കഴിഞ്ഞതിനുശേഷം ഈ പ്രസ്ഥാനത്തിൽ മലയാളകവികളാരും കാര്യമായ താത്പര്യം പ്രദർശിപ്പിച്ചതായി കാണുന്നില്ല.

അന്യാപദേശവും പ്രതീകാത്മകകവിതയും

തിരുത്തുക
 
ഒരു ശവക്കുഴി വെട്ടുന്നവന്റെ മരണം എന്ന ഈ ചിത്രം പ്രതീകത്മക വാദത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്

അന്യാപദേശം (Allegory) എന്നും പ്രതികാത്മകവാദം (Symbolism)[11] എന്നും പറയുന്നതിന്റെ വിഭജനരേഖ ഏതാണ്ട് സുനിർവചിതമാണ്. അന്യാപദേശങ്ങൾ അപ്രകൃതമായ ഒന്നിനെ കൈക്കൊണ്ടുകൊണ്ട് പ്രകൃതമായ ഒന്നിനെ ഭംഗ്യന്തരേണ സമർഥിക്കാൻ ശ്രമിക്കുമ്പോൾ സാഹിത്യത്തിലെ - മറ്റു കലകളിലേയും - പ്രതീകാത്മക പ്രസ്ഥാനം കലാകാരനിലുള്ള അതീന്ദ്രിയ യാഥാർഥ്യത്തെ ഉദാത്തമായ ഭാവചിന്തകളിലൂടെ, രഹസ്യവാദപ്രസ്ഥാനത്തിന് സാഹോദര്യം വഹിക്കുന്ന ആവിഷ്കരണരീതിയിൽ, പ്രകാശിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഫ്രാൻസിൽ രൂപംകൊണ്ട സിംബോളിക് പ്രസ്ഥാനത്തിലെ കലാകാരൻമാർ എല്ലാവരും തന്നെ കല കലയ്ക്കുവേണ്ടി എന്ന വാദത്തിൽ മുറുകെപ്പിടിച്ചവരായിരുന്നു. കവിയുടെ ആന്തരികസ്വപ്നം (inner dream)[12] അഭിവ്യഞ്ജിപ്പിക്കുന്ന അതിസൂക്ഷ്മമായ പ്രതീകങ്ങളാണ് ഇവരുടെ ആശയപ്രകാശനത്തിന് തുണ നിന്നിട്ടുള്ളത്. ആധ്യാത്മികവും മതപരവും ഐസ്വരവുമായ ഊന്നൽ തങ്ങളുടെ സൃഷ്ടികൾക്ക് നൽകാൻ ഇവർ ശ്രമിച്ചു. കവികളുടെ ഉള്ളിലും കവികളിലൂടെ മാത്രവും നിലനില്ക്കുന്ന പ്രപഞ്ചത്തെപ്പറ്റിയുള്ള അതിഭൌതിക സങ്കല്പത്തിന്റെ കാഹളവാദികളായ ഇവർ ആദർശവാദികളായ സൌന്ദര്യാരാധകരും അതീന്ദ്രിയ സാക്ഷാത്കാരങ്ങളിൽ മാത്രം സത്യം ദർശിക്കുന്നവരുമായിരുന്നു. ഭാവനാദീപ്തമായ ആന്തരികാനുഭവത്തിന്റെ പ്രകാശത്തെ, അത് വ്യഞ്ജിപ്പിക്കാൻ നിപുണമായ പ്രതീകകേന്ദ്രത്തിൽ പ്രതിഫലിപ്പിച്ച് ഹൃദയംഗമമാക്കുന്ന പ്രകാശനസരണിക്കാണ് സിംബലിസം, പ്രതീകാത്മകരീതി, ഛായാവാദം, പ്രതിരൂപാത്മകപ്രസ്ഥാനം എന്നൊക്കെ പേരുവീണിട്ടുള്ളതെന്ന് ജി.ശങ്കരക്കുറുപ്പ് പറയുന്നു.

എന്നാൽ, കഥാവസ്തുവോ സന്ദർഭമോ അറിയാവുന്ന ഒരാൾക്ക് അന്യാപദേശപരാമർശങ്ങൾ അനായാസമായി ഗ്രഹിക്കാൻ കഴിയുന്നു. മേലുദ്ധരിച്ച ഗ്രാമത്തിൽകോയിത്തമ്പുരാന്റെ പദ്യത്തിലെ തെങ്ങ് ഇദ്ദേഹത്തിന്റെ ഉത്തമർണന് പകരം നിൽക്കുന്നു. വളരെ ഔന്നത്യത്തിൽ നിൽക്കുന്ന ജനോപകാരപ്രദമായ ഈ വൃക്ഷം ഒരു ചെറുകാറ്റടിക്കുമ്പോൾ-തുച്ഛമായ ഒരു തുകയെക്കുറിച്ച് ഓർക്കുമ്പോൾ - ഉലയുന്നതിന്റെ പരിഹാസരസികതനിറഞ്ഞ സ്ഥിതിയെക്കുറിച്ച് ഈ അപ്രകൃതപരാമർശം നല്ല ഒരു ഭാഷ്യം ചമയ്ക്കുകയും ചെയ്യുന്നു.

ഭാരതീയ വേദോപനിഷത്തുകളിലെ പല സൂചനകളെയും അന്യാപദേശങ്ങളായും പ്രതീകങ്ങളായും വ്യാഖ്യാനിക്കാനുള്ള ഒരു പ്രവണത ആധുനികകാലത്ത് സാർവത്രികമായി കണ്ടുവരുന്നുണ്ട്. ചില നാടൻപാട്ടുകളിൽ കൂടി പ്രതീകാത്മകത്വം ദർശിക്കാനുള്ള ശ്രമത്തിന്റെ നല്ല ഒരു ഉദാഹരണമാണ്.

എന്ന ഗാനത്തിൽ പാരത്രിക ജീവിതസുഖത്തിൽ വിശ്വാസമർപ്പിച്ച് ഈ ലോകത്തിൽ അതിനെ നോക്കിയും കണ്ണുനീരിൽ നനച്ചും കഴിയുന്ന അധ്യാത്മവാദിയായ ഏതോ കേരളീയന്റെ ഭാവനയെ ദർശിക്കുന്ന വിമർശകന്റെ വീക്ഷണം. കുമാരനാശാന്റെ ജീവിതത്തിലെ നിർണായകമായ ചില ഘട്ടങ്ങളിൽ ഇദ്ദേഹം രചിച്ചിട്ടുള്ള വീണപൂവ്, ഒരു സിംഹപ്രസവം, ഗ്രാമവൃക്ഷത്തിലെ കുയിൽ തുടങ്ങിയ കവിതകൾ സിംബലിസത്തോടെന്നതിനെക്കാൾ അന്യാപദേശത്തോടാണ് അടുത്തുനിൽക്കുന്നത്.

അന്യാപദേശം, ചിത്രകലയിൽ

തിരുത്തുക
 
രാഗമാലാ ചിത്രങ്ങൾ

ആശയങ്ങളെ വ്യക്തികളായി പ്രതിനിധാനം ചെയ്ത്, അവരുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പ്രസ്തുത ആശയങ്ങളെ വിവരിക്കുകയും ചർച്ചാവിഷയമാക്കുകയും ചെയ്യുന്ന സാഹിത്യസങ്കേതം. ഇംഗ്ലീഷിൽ ഇതിനെ അലിഗറി എന്നു പറയുന്നു. ഇതു മറ്റു കലകളിലും ഉണ്ട്. അരൂപങ്ങളായ ആശയങ്ങൾക്ക് വ്യക്തികളുടെ രൂപം നൽകി അവരുടെ ഭാവഹാവാദികളിലൂടെ പ്രസ്തുത ആശയത്തെ വിശദമാക്കുന്ന ചിത്രകലാസമ്പ്രദായം ആണ് ഇവിടെ പ്രസക്തമായിട്ടുള്ളത്. ഭാരതീയ കലയിൽ രാഗമാലാ ചിത്രങ്ങൾ[13] ഒരു ഉദാഹരണമാണ്. ഹിന്ദുസ്ഥാനി സംഗീതത്തിൽ ആരോഹണങ്ങളും, പുരുഷരൂപികളായ ഈ രാഗങ്ങളിൽ ഓരോന്നിനും പത്നിമാരായി അഞ്ചുരാഗിണിമാരും ഓരോ രാഗിണിക്കും എട്ടുപുത്രൻമാരും ഉണ്ടെന്ന് ഒരു സങ്കല്പമുണ്ട്. രാഗങ്ങളെ മറ്റു ക്രമങ്ങളിലും വിഭജിക്കാറുണ്ട്. ഈ രാഗിണിമാരെ കാമിനിമാരായി സങ്കല്പിച്ചുകൊണ്ട് രചിച്ചിട്ടുള്ള ചിത്രങ്ങളെ രാഗമാലാചിത്രങ്ങൾ എന്നു പറയുന്നു. രാജസ്ഥാനികലാപ്രസ്ഥാനത്തിലെ ഒരു ചിത്രണസങ്കേതമാണിത്. തോടിരാഗത്തിന്റെ ചിത്രത്തിൽ ഒരു തരുണി വീണ വായിക്കുന്നു. ആ സംഗീതത്തിൽ മാൻകിടാങ്ങൾ ആകൃഷ്ടരായി നിൽക്കുന്നു. തോണ്ടിദേശമായ ദക്ഷിണേന്ത്യയുടെ രാഗമാണ് തോടി. ദക്ഷിണദേശത്തിന്റെ പ്രതീകമാണ് വീണ. മാൻകിടാങ്ങൾ രാഗത്തിൽ ലയിച്ച കാമുകഹൃദയങ്ങളാണെന്നും ഒരു സങ്കല്പമുണ്ട്. ഇപ്രകാരം ചിത്രിതരൂപങ്ങളിലൂടെ സംഗീതം, പ്രേമം മുതലായ ആശയങ്ങൾ പ്രതിനിധാനം ചെയ്യുന്ന അന്യാപദേശ ചിത്രങ്ങളാണ് രാഗമാലാചിത്രങ്ങൾ.

 
ബോട്ടിസെല്ലി രചിച്ച പ്രൈമവേര

പാശ്ചാത്യകലയിൽ ബോട്ടിസെല്ലി രചിച്ച പ്രൈമവേര എന്ന അലിഗറി പ്രസിദ്ധമാണ്.[14] ഇത് വസന്തത്തിന്റെ ചിത്രമാണ്. ചിത്രത്തിന്റെ നടുവിൽ സൌന്ദര്യദേവതയായ വീനസ്സും ഒരരുകിൽ ആപ്പിൾ പറിച്ചുകൊണ്ട് പാരീസ് എന്ന യുവാവും നിൽക്കുന്നു. വീനസ്സ് സദ്ഗുണസമ്പൂർണയാണ്. പാരീസ് ഈ ദേവതയെ തിരഞ്ഞെടുക്കുന്നു. ഇതേവിധം ഈ ചിത്രം കാണുന്നവരും സദ്ഗുണങ്ങളെ തിരഞ്ഞെടുക്കണമെന്നാണ് ചിത്രത്തിന്റെ താത്പര്യം. ലോറൻസോ മെഡിസി എന്ന പ്രഭുവിന്റെ അനന്തരവനായ ഒരു ചെറുപ്പക്കാരനുവേണ്ടിയാണ് ഈ ചിത്രം രചിക്കപ്പെട്ടത്. ചിത്രത്തിലൂടെ ബോട്ടിസെല്ലി പ്രസ്തുത യുവാവിനെ ഉപദേശിക്കുകയാണ് ചെയ്യുന്നത്. പ്രസിദ്ധമായ മറ്റൊരു ചിത്രമാണ് ഇറ്റാലിയൻ ചിത്രകാരനായ ഫ്രാൻസെസ് കോസ്സാ രചിച്ച ഗ്രീഷ്മം (Autumn) എന്ന ചിത്രം. ഫോർഡ് മഡോക്സ് ബ്രൌൺ രചിച്ച അധ്വാനം എന്ന അന്യാപദേശ ചിത്രത്തിൽ അധ്വാനിക്കുന്നവരെ വെളിച്ചത്തിലും അധ്വാനഫലം അനുഭവിക്കുന്നവരെ നിഴലിലും പ്രതിഷ്ഠിച്ചിരിക്കുന്നു. ജി.എഫ്. വാട്ട്സിന്റെ പ്രത്യാശ എന്ന ചിത്രത്തിൽ പ്രത്യാശ ഒരു തരുണിയാണ്. അവളുടെ കണ്ണുകൾ കെട്ടിയിരിക്കുന്നു. ഭൂഗോളത്തിന്റെ മുകളിലാണ് ഇരിക്കുന്നത്. കൈയിൽ ഒരു ലയർ (lyre) ഉണ്ട്. ഒറ്റക്കമ്പിയൊഴികെ മറ്റെല്ലാം പൊട്ടിപ്പോയിരിക്കുന്നു. നിരാശാഭരിതമായ ഈ അന്തരീക്ഷത്തിലും പ്രസ്തുത ലയറിൽനിന്ന് ആവുന്നത്ര സംഗീതം വലിച്ചെടുക്കാനാണ് അവളുടെ ശ്രമം. പിക്കാസ്സോയുടെ പ്രസിദ്ധമായ ഗൂർണിക്ക എന്ന കാർട്ടൂൺ ചിത്രവും വിശാലമായ അർഥത്തിൽ ഒരു അന്യാപദേശചിത്രമാണ്. സ്പെയിനിലെ നിരായുധരായ ബാസ്ക് പട്ടണവാസികളെ ഫ്രാങ്കോയുടെ പിണിയാളുകളായി വന്ന ഹിറ്റ്ലറുടെ വൈമാനികർ ബോംബിട്ടു കൊല്ലുന്നതാണ് പ്രമേയം.

 1. http://dictionary.reference.com/browse/allegory
 2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-01. Retrieved 2011-09-03.
 3. http://www.sparknotes.com/poetry/fqueen
 4. http://www.classic-literature.co.uk/british-authors/16th-century/francis-bacon/the-advancement-of-learning/
 5. http://www.sacred-texts.com/chr/bunyan/index.htm
 6. http://www.online-literature.com/swift/tale-of-a-tub/
 7. http://www.theoi.com/Titan/TitanPrometheus.html
 8. http://www.alice-in-wonderland.net/
 9. http://www.lewisiana.nl/regressquotes/
 10. http://www.online-literature.com/orwell/animalfarm/
 11. http://www.huntfor.com/arthistory/c19th/symbolism.htm
 12. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-03. Retrieved 2011-09-03.
 13. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-03. Retrieved 2011-09-03.
 14. http://objectiveart01.tripod.com/la_primavera.htm

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്യാപദേശം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്യാപദേശം&oldid=3987937" എന്ന താളിൽനിന്ന് ശേഖരിച്ചത്