ടാൻഗോ

അർജന്റീനിയൻ പാങ്കാളിനൃത്തം
(Tango എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കേ അമേരിക്കയിലെ ഒരു ജനപ്രിയ കലാരൂപമാണ് ടാൻഗോ. ദക്ഷിണാഫ്രിക്കൻ പ്രയോഗമായ ടാൻഗോ എന്നതിനു വാദ്യം എന്നും നൃത്തത്തിനായുള്ള ഒത്തുചേരൽ എന്നും അർഥമുണ്ട്.

ടാൻഗോ
Stylistic originsPolka, Flamenco, Habanera, Milonga.
Cultural origins1850–1890 Argentina and Uruguay
Typical instrumentsAccordion, Bandoneón, piano, guitar, violin, double bass, human voice and more
Mainstream popularityRioplatense working class urban areas until the 1910s; upper and middle class cosmopolitan urban areas thereafter
Derivative formsCanyenge, Maxixe, Tango Waltz
Subgenres
Finnish tango, Ballroom Tango, Tango Fantasia, Tango Nuevo, Tango Argentino, Tango Oriental, Tango Liso, Tango Salon, Tango Orillero, Tango Milonguero
Fusion genres
Alternative tango, Tango Electronico
Other topics
Tango music
അർജന്റീനിയൻ ടാൻ‌ഗോ ഡൻസ് ചെയ്യുന്ന ജോഡി

ചരിത്രം

തിരുത്തുക

18-ആംനൂറ്റാണ്ടിന്റെ ഉത്തരാർധം വരെ പല നൃത്തസംഗീത കലാരൂപങ്ങളെയും ടാൻഗോ ചേർത്താണ് വിളിച്ചിരുന്നത് - ടാൻഗോ സിനീഗ്രോ, ടാൻഗോ അമേരിക്കാനോ, ടാൻഗോ അർജെന്റിനോ തുടങ്ങിയവ ഉദാഹരണം. ക്രൈസ്തവവല്ക്കരണം എന്ന കാരണം ചുമത്തി 18-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും ആഫ്രിക്കക്കാരുടെയും ആഫ്രിക്കൻ-അർജന്റീനക്കാരുടെയു മിടയിൽ നിലവിലിരുന്ന ടാൻഗോകളെ നിരോധിക്കുകയുണ്ടായി. 1860-നും 1890-നുമിടയ്ക്കു ബ്യൂണസ് അയേഴ്സ്, അർജന്റീന, മൊൻടിവീഡിയോ എന്നിവിടങ്ങളിലായാണ് ടാൻഗോ എന്ന സവിശേഷ കലാരൂപം മൗലികമായ ഒന്നായി ഉരുത്തിരിഞ്ഞത്.

നഗരങ്ങളിലും പരിസരങ്ങളിലുമാണ് ഇതു പ്രായേണ നിലവിലിരുന്നത്. വ്യഭിചാരകേന്ദ്രങ്ങളിൽ ടാൻഗോ ഒരു പതിവായിരുന്നതു കാരണം ഇതിന് ഒരു അധാർമികത കല്പിക്കപ്പെട്ടിരുന്നു എങ്കിലും ഇറ്റലിക്കാരും സ്പെയിൻകാരും മറ്റും തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ കുടുംബങ്ങൾ ഒത്തുചേരുമ്പോഴൊക്കെ ഇത് അവതരിപ്പിക്കാറുണ്ടായിരുന്നു.

1907-ൽ ഇതു പാരിസിലെത്തി. അവിടെനിന്ന് യൂറോപ്യൻ തലസ്ഥാന നഗരങ്ങളിലേക്കും ന്യൂസിലൻഡിലേക്കും ചേക്കേറി. പ്രഭുവർഗത്തിന്റെ ബാർ റൂമുകളിൽ ടാൻഗോയ്ക്കു പെട്ടെന്നു പ്രിയമേറുകയായിരുന്നു. 1950 മുതലാണ് പ്രചാരം കുറഞ്ഞു തുടങ്ങിയത്.

സവിശേഷതകൾ

തിരുത്തുക

ഇതിനെ ഒരു ആലിംഗനനൃത്തം എന്നു വിശേഷിപ്പിക്കാവുന്നതാണ്. പുരുഷനെ പുണർന്നു കൊണ്ട് അയാളുടെ കൈകൾക്കുള്ളിൽ നിന്നു സ്ത്രീകൾ ചുവടുവയ്ക്കുന്നു എന്നതാണ് ഇതിന്റെ മുഖ്യസ്വഭാവം. പുരുഷനും ഒപ്പം കളിക്കുന്നുണ്ടാവും. പുരുഷനാണ് തുടക്കമിടുക. അയാൾക്കു തന്നെയായിരിക്കും എപ്പോഴും മേൽ ക്കൈയും. എങ്കിലും സ്ത്രീക്കും പുരുഷനും തുല്യപങ്കാളിത്തം തന്നെയാണുള്ളതെന്നു പറയാം, ക്ലോക്കിലെ സൂചി തിരിയുന്നതിനു വിപരീതമായാണ് ആലിംഗനബദ്ധരായ നർത്തകർ മെല്ലെ വട്ടം ചുറ്റുന്നത്. നൃത്തം ചെയ്യുമ്പോൾ പുരുഷന്റെ വലതു കൈത്തലം കൊണ്ടു സ്ത്രീയുടെ പിൻഭാഗത്തു തലോടുകയും ചെയ്യും. ഈ രീതികൾക്കപ്പുറം ടാൻഗോയ്ക്കു നിയതനിയമങ്ങളില്ലെന്നു പറയാം. എങ്കിലും ഓഷോ, ബോളിയോ, സെന്റാഡ, ക്യൂബ്രാഡ തുടങ്ങിയ ചില 'ചുവടു'കൾ ഇതിനുണ്ട്. ഇത് സ്റ്റേജിലും ഡാൻസ് ഹാളിലും അവതരിപ്പിക്കാറുണ്ട്. രണ്ടു സന്ദർഭത്തിലും അവതരണരീതി വ്യത്യസ്തവുമാണ്. ഹാളിൽ ഓരോ ആണും പെണ്ണും പലരുമായും മാറിമാറി നൃത്തം ചെയ്യും. കോറിയോഗ്രാഫിക്കു പകരം മനോധർമം കൊണ്ട് ഉചിതമായത് അവതരിപ്പിക്കുകയാണ് പതിവ്. സ്റ്റേജിൽ പ്രൊഫഷണൽ നർത്തകർ ജിംനാസ്റ്റിക്സും അക്രോബാറ്റിക് ഡാൻസും ഇഴചേർത്ത് അവതരിപ്പിക്കുന്ന പതിവുമുണ്ട്. സ്റ്റേജിൽ പാരിസ് ശൈലിയിലുള്ള ആർഭാടപൂർണമായ നൃത്തമാണ് നടത്തുക.

ടാൻഗോ സംഗീതം

തിരുത്തുക
ടാൻഗോ ഡാൻസ്

ടാൻഗോ സംഗീതത്തിന്റെ താളം ആഫ്രിക്കനും ഈണം ഇറ്റാലിയനുമാണ്. 20-ആം നൂറ്റാണ്ടിന്റെ തുടക്കം മുതൽ തന്നെ ടാൻഗോ സംഗീതം മൗലികത കൈവരിച്ചു തുടങ്ങി. പ്രസിദ്ധ ടാൻഗോ കവിയായ എന്റിക് സാന്റോസിന്റെ അഭിപ്രായത്തിൽ നൃത്തം ചെയ്യാവുന്ന ഒരു വിഷാദചിന്തയാണ് ടാൻഗോയിലെ ഇതിവൃത്തം. കാർലോസ് ഗാർഡെൽ (1890-1935) ടാൻഗോയ്ക്ക് ഒരു ആലാപനശൈലിയും ആസ്റ്റർ പിയാസ്സോള (1921-1992) ഒരു സവിശേഷ സംഗീതഭാവവും നൽകുകയുണ്ടായി. 20-ആം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ഈ നൃത്തരൂപത്തെ പുനർജനിപ്പിച്ചത് ക്ലാഡിയോ സെഗോവിയയും ഹെക്ടർ ഒറിസ്സോലിയുമാണ്. 1993-ൽ അമേരിക്കയിലെയും യൂറോപ്പിലെയും ജപ്പാനിലെയും ലാറ്റിനമേരിക്കയിലെയും 57 നഗരങ്ങളിൽ ഇവർ തങ്ങളുടെ ടാൻഗോ അർജന്റിനോ അവതരിപ്പിക്കുകയുണ്ടായി.

വിഖ്യാത ടാൻഗോ നർത്തകർ, കാസിമിറോ എയ് ൻ ജോസ് ഒവിഡിയോ, കാർലോസ് ആൽബെർട്ടോ, റാമൺ ഗിമ്പെറ, ജൂവാൻ കാർലോസ് കോപ്സ്, അന്റോണിയോ ടൊഡറോ തുടങ്ങിയവരാണ്; നർത്തകിമാർ: എഡിത് ബഗ്ഗി, ഓൾഗസാൻ ജൂവാൻ, മരിയ നീവ്സ്, എൽവിറ സാന്റാമരിയ തുടങ്ങിയവരും.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാൻഗോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാൻഗോ&oldid=3865009" എന്ന താളിൽനിന്ന് ശേഖരിച്ചത്