റോബർട്ട് ബ്രൗണിങ്

(Robert Browning എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്തൊൻപതാം നൂറ്റാണ്ടിലെ (ജനനം" 1812 മേയ് 7 – മരണം: 1889 ഡിസംബർ 12) പ്രമുഖ ഇംഗ്ലീഷ് കവിയും നാടകകൃത്തുമായിരുന്നു റോബർട്ട് ബ്രൗണിങ്. നാടകീയകവിതകളിൽ, പ്രത്യേകിച്ച് നാടകീയ സ്വയംഭാഷണങ്ങളിൽ (Dramatic Monologues) കൈവരിച്ച മികവിന്റെ പേരിൽ അദ്ദേഹം വിക്ടോറിയൻ യുഗത്തിലെ ഒന്നാംകിട കവികളിൽ ഒരാളായി എണ്ണപ്പെടുന്നു. സന്ദേഹവാദത്തിന്റെയും അവിശ്വാസത്തിന്റേയും ഒരു യുഗത്തിൽ ബ്രൗണിങ്ങിന്റെ രചനകൾ അവയുടെ പ്രസാദാത്മകത്വവും ശുഭപ്രതീക്ഷയും കൊണ്ട് വേറിട്ടു നിന്നു. ബാലപ്രായത്തിൽ തന്നെ കവിതാരചന തുടങ്ങിയ അദ്ദേഹത്തിന്റെ പ്രതിഭ, ദീർഘകാലത്തെ അവഗണനയ്ക്കും പരിഹാസത്തിനുമൊടുവിൽ ജീവിതത്തിന്റെ അവസാനദശകങ്ങളിൽ മാത്രമാണ് അംഗീകാരം കണ്ടെത്തിയത്. പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖ ആംഗല കവയിത്രി ഇലിസബത്ത് ബാരറ്റുമായുള്ള നാടകീയത നിറഞ്ഞ പ്രണയവും വിവാഹവും, ബ്രൗണിങ് ഇതിഹാസത്തിന്റെ അവിഭാജ്യ ഘടകമാണ്.[1]

റോബർട്ട് ബ്രൗണിങ്
ബ്രൗണിങ്, 1865-ലെ ചിത്രം
ബ്രൗണിങ്, 1865-ലെ ചിത്രം
ജനനം1812, മേയ് 7
ക്യാംബർവെൽ, ലണ്ടൺ, ഇംഗ്ലണ്ട്
മരണം12 ഡിസംബർ 1889(1889-12-12) (പ്രായം 77)
വെനീസ്, ഇറ്റലി
തൊഴിൽകവി
ശ്രദ്ധേയമായ രചന(കൾ)ദ പൈഡ് പൈപ്പർ ഓഫ് ഹാമെലിൻ, പോർഫിറിയായുടെ കാമുകൻ, മോതിരവും പുസ്തകവും, സ്ത്രീപുരുഷന്മാർ, മൈ ലാസ്റ്റ് ഡച്ചസ്
കയ്യൊപ്പ്

തുടക്കം

തിരുത്തുക

ഇപ്പോൾ തെക്കൻ ലണ്ടണിലെ സൗത്ത്‌വാർക്ക് പ്രദേശത്തിന്റെ ഭാഗമായ ക്യാംബർവെല്ലിൽ, റോബർട്ടിന്റേയും, അന്നാ സാറാ ബ്രൗണിങ്ങിന്റേയും ഏക മകനായി റോബർട്ട് ബ്രൗണിങ് ജനിച്ചു.[2] ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ഭേദപ്പെട്ട വാർഷികശമ്പളമായ 150 പൗണ്ടിന് ഗുമസ്തനായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ പിതാവ് ബുദ്ധിശക്തിയും സ്വഭാവഗുണവും ഉള്ളവനായിരുന്നു.[3] അമ്മയുടെ അച്ഛൻ പശ്ചിമേന്ത്യൻ ദ്വീപുകളിലെ സെയിന്റ് കിറ്റ്സിൽ ധനികനായ ഒരു അടിമയുടമ ആയിരുന്നെങ്കിലും ബ്രൗണിങ്ങിന്റ് പിതാവ് അടിമത്തനിരോധനത്തിനു വേണ്ടി നിലകൊണ്ടു. പശ്ചിമേന്ത്യൻ ദ്വീപുകളിൽ ഒരു കരിമ്പിൻ തോട്ടത്തിൽ ജോലി ചെയ്യാൻ പോയ അദ്ദേഹം, അടിമവ്യവസ്ഥയുടെ ക്രൂരതയിൽ മനം നൊന്ത് അതുപേക്ഷിച്ചു പോന്നു. സ്കോട്ടലണ്ടിലെ ഡണ്ടീ എന്ന സ്ഥലത്ത് താമസമാക്കിയ ഒരു ജർമ്മൻ കപ്പലുടമയുടെ മകളായിരുന്നു ബ്രൗണിങ്ങിന്റെ അമ്മ. ബ്രൗണിങ്ങിന് "സരിയന്ന" എന്ന പേരിൽ ഒരു സഹോദരിയും ഉണ്ടായിരുന്നു. ബ്രൗണിങ്ങിന്റെ മുത്തശ്ശി മാർഗരറ്റ് ടിറ്റിൽ ജമൈക്കയിൽ ജനിച്ച മിശ്രവർഗ്ഗക്കാരിയായിരുന്നെന്നും സെയിന്റ് കിറ്റ്സിൽ അവർക്ക് ഒരു തോട്ടം പൈതൃകമായിക്കിട്ടിയിരുന്നെന്നും ഊഹാപോഹങ്ങളുണ്ട്.

ബ്രൗണിങ്ങിന്റെ സാഹിത്യപ്രേമിയായ പിതാവ്, അപൂർവമായവയടക്കം ആറായിരത്തോളം വാല്യങ്ങളടങ്ങുന്ന ഒരു ഗ്രന്ഥശേഖരം സ്വരുക്കൂട്ടിയിരുന്നു. അങ്ങനെ ബൗദ്ധികവിഭവങ്ങൾ നിറഞ്ഞ ഒരു ചുറ്റുപാടിലാണ് റോബർട്ട് വളർന്നത്. ബ്രൗണിങ്ങിന് അമ്മയുമായി ഏറെ അടുപ്പമുണ്ടായിരുന്നു. ആംഗ്ലിക്കൻ വ്യവസ്ഥാപിത ധാർമ്മികതയുമായി വിഘടിച്ചുനിന്ന നോൺകൺഫോമിസ്റ്റു വിഭാഗത്തിന്റെ വീക്ഷണങ്ങൾ പിന്തുടർന്നിരുന്ന അവർ ഒരു സംഗീതപ്രേമി കൂടി ആയിരുന്നു.[2] പ്രതിഭാശാലിയായിരുന്ന അദ്ദേഹത്തിന്റെ അനുജത്തി പിൽക്കാലങ്ങളിൽ സഹോദരന്റെ സഹചാരിയായി. സാഹിത്യത്തിലും കലയിലും മക്കൾക്കുള്ള താത്പര്യത്തെ പിതാവ് പ്രോത്സാഹിപ്പിച്ചിരുന്നു.[2] പന്ത്രണ്ടാമത്തെ വയസ്സിൽ ബ്രൌണിങ് ഒരു കവിതാഗ്രന്ഥം എഴുതിയെങ്കിലും പ്രസാധകരെ കണ്ടെത്താനാവതെ വന്നപ്പോൾ അതു നശിപ്പിച്ചു കളഞ്ഞു. രണ്ടു സ്വകാര്യസ്കൂളുകളിലെ പഠനത്തെ തുടർന്ന് ഔപചാരിക വിദ്യാഭ്യാസത്തെ കഠിനമായി വെറുക്കാൻ തുടങ്ങിയ ബ്രൗണിങ്ങിന്റെ തുടർന്നുള്ള പഠനം വീട്ടിൽ, പിതാവിന്റെ ഗ്രന്ഥശേഖരത്തെ ആശ്രയിച്ച്, ട്യൂട്ടർമാരുടെ സാഹായത്തോടെ ആയിരുന്നു.[2] പതിനാലു വയസ്സായപ്പോൾ അദ്ദേഹത്തിന് ഫ്രഞ്ച്, പുരാതന ഗ്രീക്ക്, ഇറ്റാലിയൻ, ലത്തീൻ ഭാഷകൾ വശമായിരുന്നു. കാല്പനികകവികളുടെ, പ്രത്യേകമായി ഷെല്ലിയുടെ വലിയ ആരാധകനായിത്തീർന്നു അദ്ദേഹം. ഷെല്ലിയെ പിന്തുടർന്ന് നിരീശ്വരവാദവും സസ്യാഹാരനിഷ്ഠയും സ്വീകരിച്ച ബ്രൗണിങ്, പിന്നീട് അവ രണ്ടും ഉപേക്ഷിച്ചു. പതിനാറാമത്തെ വയസ്സിൽ ലണ്ടൻ സർവകലാശാലയിൽ ഗ്രീക്ക് ഭാഷ പഠിക്കാൻ തുടങ്ങിയ ബ്രൗണിങ് ഒരു വർഷത്തിനു ശേഷം ആ പദ്ധതി ഉപേക്ഷിച്ചു.[2]

അമ്മയുടെ മതവിശ്വാസത്തിന്റെ അയാഥാസ്ഥിതികത, ആംഗ്ലിക്കൻ സഭാനുയായികൾക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് സർവകലാശാലകളിലെ പ്രവേശനത്തിനു അദ്ദേഹത്തിനു തടസ്സമായി.[2] അമ്മയുടെ സംഗീതവാസന ഗണ്യമായി പിൻപറ്റിയിരുന്ന ബ്രൗണിങ്, ചില ഗാനങ്ങൾ ക്രമപ്പെടുത്തി. മാതാപിതാക്കളുടെ നിർബ്ബന്ധത്തെ അവഗണിച്ച് ഏതെങ്കിലും ജീവിതവൃത്തി പിന്തുടരുന്നതിൽ നിന്നു വിട്ടുനിന്ന അദ്ദേഹം കവിതയ്ക്കായി സ്വയം സമർപ്പിച്ചു. 34-ആമത്തെ വയസ്സുവരെ വീട്ടിൽ തന്നെ കഴിഞ്ഞ ബ്രൗണിങ് വിവാഹിതനാകുന്നതു വരെ സാമ്പത്തികമായി കുടുംബത്തിന്റെ ആശ്രയത്തിലായിരുന്നു. മകന്റെ കവിതകളുടെ പ്രസാധനത്തെ പിതാവു പിന്തുണച്ചു.[2] ഏറെ യാത്ര ചെയ്തിരുന്ന ബ്രൗണിങ് 1834-ൽ ബ്രിട്ടണിലേക്കുള്ള ഒരു നയതന്ത്രസംഘത്തിന്റെ ഭാഗമായി. 1838-ലും 1844-ലും അദ്ദേഹം ഇറ്റലിയും സന്ദർശിച്ചു.[2]

മദ്ധ്യവർഷങ്ങൾ

തിരുത്തുക
 
പത്നി ഇലിസബത്ത് ബാരറ്റും ബ്രൗണിങ്ങും.

ആദ്യരചനകൾ

തിരുത്തുക

ബ്രൗണിങിന്റെ കാവ്യസപര്യയുടെ തുടക്കം, പേരുവെളിപ്പെടുത്താതെ പ്രസിദ്ധീകരിച്ച 'പൗളീൻ' എന്ന കവിതയിലായിരുന്നു. തീരെ ശ്രദ്ധിക്കപ്പെടാതെ വിസ്മരിക്കപ്പെട്ട ഈ രചന കവിയ്ക്ക് അവശേഷിച്ച ജീവിതകാലമത്രയും വല്ലായ്മയുണ്ടാക്കി.[2] പേരുകേട്ട വൈദ്യനും രാസവാദവിദ്യക്കാരനും (alchemist) ആയ പരാസെൽസസിനെക്കുറിച്ചുള്ള 'പരാസെൽസസ്' എന്ന ദീർഘകവിതയ്ക്കും ഏറെ പ്രചാരമൊന്നും കിട്ടിയില്ല. എങ്കിലും അത് തോമസ് കാർലൈൽ, വേഡ്സ്‌വർത്ത് എന്നിവരുൾപ്പെടുയുള്ള എഴുത്തുകാരുടെ ശ്രദ്ധയിൽപ്പെടുകയും ലണ്ടണിലെ സാഹിത്യലോകത്തിൽ, ഒരു പ്രതിഭയെന്ന നിലയിൽ ബ്രൗണിങ്ങിന്റെ യശ്ശസിനു തുടക്കമിടുകയും ചെയ്തു. താമസിയാതെ ചാൾസ് ഡിക്കൻസ്, ജോൺ ഫോർസ്റ്റർ, ഹാരിയറ്റ് മാർട്ടിന്യൂ, തോമസ് കാർലൈൽ, വില്യം ചാൾസ് മാക്ക്റെഡി എന്നിവരുമായി ബ്രൗണിങ് സൗഹൃദത്തിലായി. "സ്ട്രാഫോർഡ്" എന്ന നാടകം എഴുതാൻ ബ്രൗണിങ്ങിനു പ്രേരണ നൽകിയത് മാക്ക്റെഡിയാണ്. 1837-ൽ അദ്ദേഹം ഹെലൻ ഫൗസിറ്റുമായി ചേർന്ന് അത് രംഗത്തവതരിപ്പിക്കുകയും ചെയ്തു.[4]നാടകം വലിയ വിജയമൊന്നും കണ്ടില്ല. എങ്കിലും വീണ്ടും ശ്രമിക്കാനുള്ള പ്രോത്സാഹനം ആ സംരംഭത്തിൽ നിന്ന് ബ്രൗണിങ്ങിനു ലഭിച്ചു. തുടർന്ന് അദ്ദേഹം 8 നാടകങ്ങൾ എഴുതി. "പിപ്പാ പാസ്സെസ്" (1841), "ഒരു ആത്മാവിന്റെ ദുരന്തം" (1846) എന്നിവ അവയിൽ രണ്ടെണ്ണമാണ്. 1840-ൽ ഒരു പരീക്ഷണമെന്ന നിലയിൽ അദ്ദേഹം തീവ്രരാഷ്ട്രീയനിലപാടുകൾ അടങ്ങിയ "സോർദെല്ലേ" എന്ന ദീർഘകവിത പ്രസിദ്ധീകരിച്ചു. അതു രണ്ടും പൊതുവേ നിന്ദിക്കപ്പെടുകയാണുണ്ടായത്. "സോർദെല്ലോ"-യെക്കുറിച്ച് ടെനിസൺ പറഞ്ഞത് തനിക്ക് അതിലെ ആദ്യത്തേയും അവസാനത്തേയും വരികൾ മാത്രമേ മനസ്സിലായുള്ളു എന്നും അവ രണ്ടും നുണകളാണെന്നും ആണ്. ആ രചന ആദ്യവസാനം വായിച്ച തന്റെ ഭാര്യയ്ക്ക് 'സോർദെല്ലോ' എന്ന പേരു സൂചിപ്പിക്കുന്നത് ഒരു മനുഷ്യനെയോ, നഗരത്തേയോ, പുസ്തകത്തേയോ എന്നു പോലും തിരിഞ്ഞില്ല എന്നു കാർലൈലും നിരീക്ഷിച്ചു.[4] 1843-ൽ വെളിച്ചം കണ്ട "എ ബ്ലോട്ട് ഓൻ ദ് ഇസ്കച്ചൻ" (A Blot on the 'Scutcheon) എന്ന കൃതിയ്ക്കും നല്ല സ്വീകരണമല്ല ലഭിച്ചത്. കവിയെന്ന നിലയിൽ യശ്ശസ്സിലേക്കുള്ള വഴിയിൽ ബ്രൗണിങ്ങിന് 25 വർഷം കൂടി കാത്തിരിക്കേണ്ടി വന്നു.[4]

പ്രണയം, വിവാഹം

തിരുത്തുക
 
1882-ൽ ഹാസ്യപത്രികയായ "പഞ്ച്" പ്രസിദ്ധീകരിച്ച ബ്രൗണിങ്ങിന്റെ കുസൃതിച്ചിത്രം

1845-ൽ ബ്രൗണിങ്, തന്നേക്കാൾ ആറു വർഷത്തെ മൂപ്പുണ്ടായിരുന്ന കവയിത്രി ഇലിസബത്ത് ബാരറ്റിനെ കണ്ടുമുട്ടി. ലണ്ടണിലെ വിമ്പോൾ തെരുവിൽ രോഗിയായി കഴിയുകയായിരുന്നു അവർ. പതിവായി കത്തുകൾ കൈമാറാൻ തുടങ്ങിയ ആ യുവകവികളുടെ സൗഹൃദം പ്രണയമായി പരിണമിച്ച്, 1846 സെപ്തംബർ 12-ൽ അവരുടെ ഒളിച്ചോട്ടത്തിൽ കലാശിച്ചു.[4] [൧]ഇലിസബത്തിന്റെ ആധിപത്യസ്വഭാവിയായ പിതാവിന് മക്കളിൽ ആരും വിവാഹം കഴിക്കുന്നത് ഇഷ്ടമല്ലാതിരുന്നതിനാൽ ബ്രൗണിങ് ദമ്പതിമാർക്ക് തങ്ങളുടെ വിവാഹവാർത്ത ആദ്യമൊക്കെ രഹസ്യമാക്കി വയ്ക്കേണ്ടി വന്നു. വിവാഹിതരായ മറ്റു മക്കളെയെന്ന പോലെ, ഇലിസബത്തിനേയും പിതാവ് കുടുംബസ്വത്തിനുള്ള അവകാശത്തിൽ നിന്ന് ഒഴിവാക്കി.[൨] ബ്രൗണിങ്ങിന്റെ നിർബ്ബന്ധപ്രകാരം ഇലിസബത്തിന്റെ കവിതകളുടെ രണ്ടാം പതിപ്പിൽ അവരുടെ പ്രേമഗീതങ്ങളും (Love Sonnets) ഉൾപ്പെടുത്തി. ആ പുസ്തകം ഇലിസബത്തിന് പ്രശസ്തിയും നിരൂപകശ്രദ്ധയും നേടിക്കൊടുക്കുകയും, വിക്ടോറിയൻ യുഗത്തിലെ കവികൾക്കിടയിൽ അവരുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. 1850-ൽ വേഡ്സ്‌വർത്തിന്റെ മരണത്തെ തുടർന്ന് ദേശീയ കവി (Poet Laureate) സ്ഥാനത്തിനു അവരുടെ പേരും ഗൗരവപൂർവം പരിഗണിക്കപ്പെട്ടിരുന്നു. എങ്കിലും ഒടുവിൽ ആ പദവി ലഭിച്ചത് ടെനിസനാണ്.

വിവാഹത്തിനു ശേഷം ഇലിസബത്തിന്റെ മരണം വരെയുള്ള കാലം ബ്രൗണിങ് ഇറ്റലിയിലാണു ജീവിച്ചത്. ആദ്യം പിസായിലും തുടർന്ന് ഫ്ലോറൻസിലെ കാസാ ഗ്യൂയിഡിയിലുമായിരുന്നു താമസം. (ഫ്ലോറൻസിലെ അവരുടെ വാസസ്ഥാനം ഇപ്പോൾ ആ ദമ്പതികളുടെ സ്മാരകമായി പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.)[4] 1849-ൽ അവരുടെ ഏകസന്താനമായ തോമസ് വിയേദമാൻ ബാരറ്റ് ബ്രൗണിങ് പിറന്നു.[4] ഈ വർഷങ്ങളിൽ ഇറ്റലിയുടെ ആകർഷണത്തിൽ വന്ന ബ്രൗണിങ് ഇറ്റാലിയൻ കലയുടെ പഠനത്തിൽ മുഴുകി. ആ ദേശം തനിക്കു സർവകലാശാല ആയിരുന്നെന്ന് പിന്നീട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വെനീസിനു പുറത്ത് വെനേറ്റോയിലെ അസോളോ എന്ന സ്ഥലത്ത് ബ്രൗണിങ് ഒരു വീടു വാങ്ങി.[5] ഇലിസബത്തിന്റെ സമ്പാദ്യത്തിന്റെ ബലം കൊണ്ട് ബ്രൗണിങ് ദമ്പതിമാർക്ക് ഇറ്റലിയിൽ സൗഖ്യമായിരുന്നു. അവരുടെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. എന്നാൽ ബ്രൗണിങ്ങിന്റെ കവിതകൾക്കു നേരേയുള്ള നിരൂപകനിന്ദ തുടർന്നു. ചാൾസ് കിങ്ങ്സ്ലിയെപ്പോലുള്ളവർ, വിദേശരാജ്യത്തിനു വേണ്ടി മാതൃഭൂമി വിട്ടുപോയതിന്റെ പേരിലും അദ്ദേഹത്തെ വിമർശിച്ചു.[4] ഫ്ലോറൻസിൽ ബ്രൗണിങ്, രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട "സ്ത്രീ-പുരുഷന്മാർ" (Men and Women) എന്ന സമാഹാരത്തിലെ കവിതകൾ രചിച്ചു;[4] പിന്നീട് ഈ കവിതകൾ ഏറെ പ്രശസ്തി നേടിയെങ്കിലും 1855-ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അവ കാര്യമായൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.

അംഗീകാരം

തിരുത്തുക

1861-ൽ പത്നിയുടെ മരണത്തെ തുടർന്ന് ഇംഗ്ലണ്ടിൽ മടങ്ങിയെത്തി - ഇറ്റലിയിലേയ്ക്ക് ഇടക്കിടെയുള്ള സന്ദർശനങ്ങൾക്കിടയിലും - ലണ്ടണിലെ സാഹിത്യരംഗത്തെ ഒരംഗമായി മാറിയതിനു ശേഷമാണ് ബ്രൗണിങ്ങിന്റെ ജനസമ്മതി ഉറയ്ക്കാൻ തുടങ്ങിയത്.[4] 1868-ൽ അഞ്ചു വർഷത്തെ അദ്ധ്വാനത്തിനൊടുവിൽ ബ്രൗണിങ് "മോതിരവും പുസ്തകവും" എന്ന ദീർഘകാവ്യമാണ് ബ്രൗണിന് നാല്പതു വർഷത്തെ കാത്തിരിപ്പിനു ശേഷം വ്യാപകമായ അംഗീകാരം നേടിക്കൊടുത്തത്. 1881-ൽ ബ്രൗണിങ് കവിതകളുടെ ആരാധകരുടെ "റോബർട്ട് ബ്രൗണിങ് സമൂഹം" സ്ഥാപിക്കപ്പെട്ടു. താമസിയാതെ ബ്രൗണിങ്ങിന്റെ രചനകൾ ആംഗലകവിതയുടെ അംഗീകൃത കാനോനയുടെ ഭാഗമായി കൊണ്ടാടപ്പെടാൻ തുടങ്ങി.[6]

ജീവിതാന്ത്യം

തിരുത്തുക
 
ബ്രൗണിങിന്റെ മൃതദേഹം.

അവശേഷിച്ച ജീവിതകാലത്ത് ബ്രൗണിങ് നിരന്തരം യാത്രകളിൽ മുഴുകി. 1870-കളുടെ ആരംഭത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ദീർഘകവിതകളിൽ "ഫിഫ്നേ അറ്റ് ദ് ഫെയർ", "റെഡ് കോട്ടൺ നൈറ്റ് ക്യാപ്പ് കൺട്രി" മുതലായവ ജനപ്രീതി നേടി.[6] "പക്കിയാറോട്ടോ ഏൻഡ് ഹൗ ഹി വർക്ക്ഡ് ഇൻ ഡിസ്ടെമ്പർ" എന്ന കൃതിയിൽ ബ്രൗണിങ് ദേശീയകവിയായ ആൽഫ്രെഡ് ഓസ്റ്റിനെപ്പോലുള്ള തന്റെ വിമർശകരെ ആക്രമിച്ചു. കവി ഇക്കാലത്ത് ആഷ്ബർട്ടൻ പ്രഭ്വിയുമായി പ്രണയത്തിലായെന്നും പറയപ്പെടുന്നു. എങ്കിലും അദ്ദേഹം വീണ്ടും വിവാഹിതനായില്ല. 1878-ൽ ബ്രൗണിങ് വീണ്ടും ഇറ്റലി സന്ദർശിച്ചു. പത്നിയുടെ മരണത്തെ തുടർന്ന് ഇറ്റലിയിൽ നിന്നു തിരികെ പോന്നു 17 വർഷം കഴിഞ്ഞായിരുന്നു ഈ സന്ദർശനം. തുടർന്ന് പിന്നീട് പലവട്ടം അദ്ദേഹം ഇറ്റലി സന്ദർശിച്ചു. 1887-ൽ ബ്രൗണിങ്, തന്റെ അവസാനകാലത്തെ മുഖ്യ കൃതികളിലൊന്നായ, "അവരുടെ കാലത്തെ പ്രധാനികളായിരുന്ന ചിലരുമായുള്ള ചർച്ചകൾ" (Parleyings with Certain People of Importance In Their Day) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ആ രചനയിൽ സാഹിത്യ-കലാ-ദാർശനിക മേഖലകളുടെ ചരിത്രത്തിലെ വിസ്മൃതവ്യക്തികളിൽ ചിലരുമായി സംവദിച്ച കവി, ആദ്യമായി സ്വന്തം സ്വരത്തിൽ സംസാരിച്ചു. ബ്രൗണിങ്ങിന്റെ ശൈലിയുമായി പരിചയപ്പെട്ടിരുന്ന വിക്ടോറിയൻ കാലത്തെ ആസ്വാദകരെ ഇത് അമ്പരപ്പിച്ചു. തുടർന്ന് പ്രസിദ്ധീകരിച്ച "അസൊലാൻഡോ" എന്ന അന്തിമരചനയിൽ ബ്രൗണിങ് തന്റെ പതിവു ശൈലിയിലേക്കു മടങ്ങി വന്നു. കവിയുടെ മരണശേഷം 1889-ലാണ് ഈ കൃതി വെളിച്ചം കണ്ടത്.[6]

വെനീസിൽ തന്റെ മകന്റെ വസതിൽ ബ്രൗണിങ് 1889 ഡിസംബർ 12-ന് മരിച്ചു.[6] ഇറ്റലി, കവിയ്ക്കു സംസ്കാരസ്ഥാനം ഒരുക്കാൻ താത്പര്യം കാട്ടിയെങ്കിലും ഒടുവിൽ അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥാനമായത് ഇംഗ്ലണ്ടിലെ വെസ്റ്റ് മിൻസ്റ്റർ ആബിയാണ്.[1] അവിടത്തെ "കവിക്കോണിൽ" (Poets' Corner) അദ്ദേഹത്തെ സംസ്കരിച്ചു. വിക്ടോറിയൻ യുഗത്തിലെ കവികളിൽ ബ്രൗണിങ്ങിനു സമശീർഷനായിരുന്ന ടെനിസന്റെ സംസ്കാരസ്ഥാനത്തിനു തൊട്ടടുത്താണ് ബ്രൗണിങ്ങിനെ സംസ്കരിച്ചിരിക്കുന്നത്.[6]

ബ്രൗണിങ്ങിന്റേയും അദ്ദേഹത്തിന്റെ പത്നി ഇലിസബത്തിന്റേയും കഥയുടെ നാടകാവിഷ്കരണം, "വിമ്പോൾ തെരുവിലെ ബാരറ്റുമാർ" (The Barretts of Wimpole Street) എന്ന പേരിൽ റുഡോൾഫ് ബെസിയർ നിർവഹിച്ചിട്ടുണ്ട്. ഏറെ വിജയിച്ച ഈ നാടകം അമേരിക്കയിൽ ബ്രൗണിങ്ങുമാരുടെ പ്രശസ്തി വർദ്ധിപ്പിച്ചു. ഇതിൽ ഇലിസബത്തിന്റെ റോളിൽ കാതറീൻ കോർനെൽ എന്ന അഭിനേത്രി പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഈ നാടകം രണ്ടു വട്ടം ചലച്ചിത്രമാക്കപ്പെട്ടിട്ടുമുണ്ട്.

ബ്രൗണിങ്ങിന്റെ ബൃഹത്തായ രചനാസമുച്ചയത്തെ അദ്ദേഹത്തിന്റെ സാഹിത്യസപര്യയുടെ പുരോഗതിയുടെ ഘട്ടങ്ങളെ ആധാരമാക്കി മൂന്നു വിഭാഗങ്ങളായി തിരിക്കാവുന്നതാണ്. 1833 മുതൽ 1841 വരെയുള്ള സൃഷ്ടികൾ താരതമ്യേന അപക്വമായ പ്രാരംഭഘട്ടത്തേയും 1841 മുതൽ 1868 വരെയുള്ളവ പക്വതയിലേക്കുള്ള മുന്നേറ്റത്തെ സൂചിപ്പിക്കുന്ന രണ്ടാം ഘട്ടവുത്തേയും 1868 മുതൽ 1889-ലെ മരണം വരെയുള്ളവ കവ്യോപാസനയുടെ അന്തിമഘട്ടത്തേയും സൂചിപ്പിക്കുന്നു.

1833-ൽ പ്രസിദ്ധീകരിക്കപ്പെട്ട പൗളീൻ, 1835-ലെ "പരാസെൽസസ്", 1940-ൽ ഇറങ്ങിയ "സോർദെല്ലോ" എന്നീ കൃതികൾ ഈ കാലഘട്ടത്തിലെ രചനകളിൽ പെടുന്നു. ഇവയുടെ വായന, കവിയുടെ പിൽക്കാലത്തെ പക്വരചനകളുടെ വായനയ്ക്കു ശേഷമാണ് വേണ്ടതെന്ന് വില്യം ജെ. ലോങ്ങ് നിരീക്ഷിക്കുന്നു. പിൽക്കാല രചനകളിൽ ബ്രൗണിങ്ങിന്റെ നിസ്സംശയമായ നന്മകൾ കണ്ടറിഞ്ഞിട്ടുള്ള വായനക്കാരന്, ഈ അപക്വരചനകളിൽ തെളിയുന്ന കുറവുകളിലൂടെ സന്തോഷപൂർവം കടന്നുപോകാനും കഴിയും എന്നാണ് അദ്ദേഹത്തിന്റെ യുക്തി. 1837-ൽ പ്രസിദ്ധീകരിച്ച 'സ്ട്രാഫോർഡ്' എന്ന ആദ്യനാടകത്തിന്റെ കാര്യത്തിലും ഈ നിരീക്ഷണം പ്രസക്തമാണ്.[1]

പക്വതയിലേയ്ക്ക്

തിരുത്തുക

മണികളും മാതളനാരങ്ങയും

തിരുത്തുക
 
ബ്രൗണിങ്ങിന്റെ "ഹാമെലിനിലെ കുഴലൂത്തുകാരൻ", മദ്ധ്യകാല യൂറോപ്പിലെ ഒരു നാടോടിക്കഥയുടെ കാവ്യരൂപമാണ്

ടെനിസനേയും കാർലൈലിനേയും പോലുള്ള പ്രഗല്ഭന്മാരിൽ നിന്നു പോലും സോർദെല്ലോ-യ്ക്ക് ലഭിച്ച നിശിതവിമർശനം ബ്രൗണിങ്ങിന്റെ പിൽക്കാലരചനകളെ മെച്ചപ്പെടുത്തുന്നതിൽ സഹായകമായി. എട്ടു ഖണ്ഡങ്ങളായി പ്രസിദ്ധീകരിച്ച "മണികളും മാതളനാരങ്ങകളും" (Bells and Pomegranates) എന്ന പരമ്പരയിലെ കൃതികൾ ഇതിനു തെളിവായിരിക്കുന്നു. ഇതിലെ ആദ്യഖണ്ഡത്തിലാണ് ബ്രൗണിങ്ങിന്റെ "പിപ്പാ കടന്നു പോകുന്നു" (Pippa Passes) എന്ന പ്രസിദ്ധമായ ദീർഘകവിത ഉൾപ്പെടുത്തിയിരുന്നത്. ഇറ്റലിയിലെ അസോളോ നഗരത്തിലെ പട്ടുനെയ്ത്തുകാരിയായ പിപ്പാ എന്ന പെൺകുട്ടിയാണ് ഇതിലെ നായിക. ആണ്ടിൽ ആകെ ലഭിച്ചിരുന്ന ഏക അവധിദിവസമായ പുതുവത്സരദിനത്തിന്റെ ആഹ്ലാദത്തിൽ അവളുടെ ചിന്താലോകം അവതരിപ്പിക്കുകയാണ് കവി. ഈ കവിതയിലെ താഴെക്കൊടുക്കുന്ന വരികൾ[7] പരിഹാസം തുളുമ്പുന്നവയെങ്കിലും, ബ്രൗണിങ് കവിതയുടെ പ്രസാദഭാവത്തെ ഉദാഹരിക്കുന്നു:-

"മണികളും മാതളനാരങ്ങകളും" എന്ന പരമ്പരയുടെ 1843-ൽ പ്രസിദ്ധീകരിച്ച മറ്റൊരു ഖണ്ഡത്തിലാണ് ബ്രൗണിങ്ങിന്റെ ഏറ്റവും രസകരമായ നാടകങ്ങളിൽ പെടുന്ന "കുടുംബപ്പേരിൽ കളങ്കം" (എ ബ്ലോട്ട് ഇൻ ദ എസ്കച്ചിയൻ) ഉൾപ്പെട്ടത്. ഹാമെലിനിലെ കുഴലൂത്തുകാരൻ " (The Pied Pier of Hamelin) എന്ന കവിതയും ഇതേ പരമ്പരയുടെ ഭാഗമായിരുന്നു. മദ്ധ്യകാലയൂറോപ്പിലെ പ്രസിദ്ധമായൊരു നാടോടിക്കഥയുടെ പുനരാഖ്യാനമാണ് ആ കവിത. 1844-ലെ "കൊളൊംബേയുടെ ജന്മദിനം" (Colombo's Birthday) ശ്രദ്ധേയമായ മറ്റൊരു രചനയാണ്.

സ്ത്രീപുരുഷന്മാർ

തിരുത്തുക

1855-ൽ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച സ്ത്രീപുരുഷന്മാർ (Men and Women) എന്ന സമാഹാരത്തിൽ 51 കവിതകളാണുണ്ടായിരുന്നത്. "നഷ്ടശിഷ്ടങ്ങൾക്കിടയിലെ പ്രണയം" (Love Among Ruins), വൈയ്യാകരണന്റെ ശവസംസ്കാരം (A Grammarian's Funeral) എന്നിവ ഈ സമാഹാരത്തിന്റെ ഭാഗമാണ്. ഇതിൽ തന്നെ ഉൾപ്പെട്ട "ഫ്രാ ലിപ്പോ ലിപ്പി", "അന്ദ്രേ ദെൽ സാർത്തോ" എന്നീ കവിതകൾ നവോത്ഥാനകാലത്തെ രണ്ടു ചിത്രകാരന്മാരുടെ ആത്മസംഘർഷങ്ങളുടെ ജാലകക്കാഴ്ചകളാണ്. "ആന്ദ്രേ ദെൽ സാർത്തോ", കലയുടെ ലോകത്ത് സാങ്കേതികമികവിൽ ഒന്നാംകിടക്കാരനായിരുന്നിട്ടും, മൈക്കലാഞ്ജലേയോയോ ഡാവിഞ്ചിയേയോ പോലെ ഉന്നതമായ പ്രചോദനത്തിന്റെ അനുഗ്രഹം ലഭിക്കാതെപോയ കലാകാരന്റെ ചിത്രമാണ്. ആത്മാവില്ലാത്ത ഒരു ഒരു സുന്ദരിയാണ് അദ്ദേഹത്തിന്റെ പത്നി. "ഒന്നിച്ചുള്ള അന്തിമ സവാരി" (The last ride together) എന്ന കവിത പ്രേമഭാജനത്താൽ തിരസ്കരിക്കപ്പെട്ട ഒരു കാമുകന്റെ ആത്മഗതമാണ്. പിരിയുന്നതിനു മുൻപ് ഒരുമിച്ച് ഒരന്തിമസവാരിക്കുള്ള തന്റെ ക്ഷണത്തിനു കാമുകി സമ്മതം മൂളിയത് അയാളെ ആഹ്ലാദിപ്പിച്ചു. മറ്റെല്ലാം മറന്ന് അയാൾ ആ സവാരിയിൽ മുഴുകി. ഭാവിയെക്കുറിച്ച് അയാൾ ചിന്തിച്ചില്ല. "ഈ രാത്രിയിൽ ലോകം അവസാനിക്കില്ലെന്ന് ആരറിഞ്ഞു" എന്നാണ് അയാൾ ആശ്വസിച്ചത്.[൪]

സങ്കീർണ്ണമായ സ്വഭാവവിശകലനങ്ങൾ അടങ്ങുന്ന ഈ കൃതികൾ ആദ്യമൊന്നും ഏറെ സ്വാഗതം ചെയ്യപ്പെട്ടില്ലെങ്കിലും കാലക്രമേണ ഇവയിൽ പലതും മികച്ച കവിതകളായി അംഗീകരിക്കപ്പെട്ടു.

മോതിരവും പുസ്തകവും

തിരുത്തുക

നേട്ടങ്ങളുടെ ഈ ഘട്ടത്തിനു മകുടം ചാർത്തിയത് 1868-ൽ വെളിച്ചം കണ്ട "മോതിരവും പുസ്തകവും" (The Ring and the Book) എന്ന കൃതിയാണ്. കവി ഏറെ പ്രതീക്ഷയർപ്പിച്ച ഈ രചന അദ്ദേഹത്തിന്റെ പ്രതിഭയുടെ ഏറ്റവും ഉദാത്തമായ സൃഷ്ടിയായി വിലയിരുത്തപ്പെടുന്നു. 1690-ൽ റോമിൽ നടന്ന സങ്കീർണ്ണമായ ഒരു കൊലപാതകക്കേസിനെ ആശ്രയിച്ചെഴുതിയ ഈ രചന 12 ഖണ്ഡങ്ങൾ അടങ്ങിയതാണ്. വ്യത്യസ്ത കഥാപാത്രങ്ങളുടെ നിലപാടിൽ നിന്ന് സംഭവഗതികളുടെ 10 ആഖ്യാനങ്ങളാണ് ഇതിൽ ഉള്ളത്. കവിയുടെ ആമുഖവും ഉപസംഹാരവും കൂടി ചേരുമ്പോഴാണ് ഖണ്ഡങ്ങൾ 12 ആവുന്നത്. ദൈർഘ്യത്തിൽ ബ്രൗണിങ്ങിന്റെ സ്വന്തം പതിവുകളെപ്പോലും അതിലംഘിക്കുന്ന ഈ കാവ്യം ഇരുപതിനായിരത്തിലേറെ വരികൾ അടങ്ങിയതാണ്.[൫] അതിശക്തമായ നാടകീയ കവിതയെന്ന് അത് പ്രശംസിക്കപ്പെട്ടിട്ടുണ്ട്.[6] 1868 നവംബറിനും1869 ഫെബ്രുവരിയ്ക്കും ഇടയിൽ നാലു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ഈ രചന ബ്രൗണിങ്ങിന് അദ്ദേഹം നാല്പതുവർഷം കാത്തിരുന്ന പ്രശസ്തിയും നിരൂപകശ്രദ്ധയും നേടിക്കൊടുത്തു.[6]

മൂന്നാം ഘട്ടം

തിരുത്തുക

കവിയുടെ അറുപതാം വയസ്സോടടുത്ത കാലത്താണ് ഈ ഘട്ടത്തിന്റെ തുടക്കം. ഇക്കാലത്തും രചനയുടെ ലോകത്ത് അങ്ങേയറ്റം സക്രിയനായിരുന്ന അദ്ദേഹം മിക്കവാറും, ആണ്ടൊന്നിന് ഒരു പുസ്തകം എന്ന കണക്കിൽ എഴുതി. "ഫിഫ്നേ അറ്റ് ദ ഫെയർ", "റെഡ് കോട്ടൺ നൈറ്റ്-ക്യാപ്പ് കൺട്രി", "ദ ഇൻ ആൽബം", തുടങ്ങിയവ ഇക്കാലത്തെഴുതിയതാണ്. മനുഷ്യകർമ്മങ്ങളുടെ നിഗൂഡസ്രോതസ്സുകൾ അനാവരണം ചെയ്യുന്നതിലുള്ള ബ്രൗണിങ്ങിന്റെ സാമർത്ഥ്യം ഈ രചനകളിൽ തെളിഞ്ഞു കാണാം. എങ്കിലും ഇടയ്ക്ക് കവിയുടെ ആഖ്യാനം വൈരസ്യമുളവാക്കും വിധം ചുറ്റിത്തിരിഞ്ഞ്, വായനക്കാരന്റെ താത്പര്യം പിടിച്ചു നിർത്തുന്നതിൽ വിജയിക്കാതെ പോവുന്നു.[1]

വിലയിരുത്തൽ

തിരുത്തുക

വിക്ടോറിയൻ യുഗത്തിലെ കവികളിൽ ടെനിസനു സമശീർഷനായി ബ്രൗണിങ് അംഗീകരിക്കപ്പെട്ടത് ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷമാണ്. എന്നാൽ വരും യുഗങ്ങൾ അദ്ദേഹത്തെ ടെനിസനേക്കാൾ മികച്ച കവിയെന്നോ, ഷെയ്ക്സ്പിയറിനു ശേഷം ഇംഗ്ലീഷ് ഭാഷയ്ക്കു ലഭിച്ച ഏറ്റവും മികച്ച കവിയെന്നോ വിലയിരുത്താൻ മതി.

ബ്രൗണിങ് കവിതയുടെ വായനയിലെ ഏറ്റവും വലിയ പ്രശ്നം ശൈലിയുടെ ദുർഗ്രഹതയാണ്. ഈ ദുർഗ്രഹതയ്ക്കു പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കവിയുടെ ചിന്താധാരയുടെ സങ്കീർണ്ണതയോടു നീതിപുലർത്താൻ ഭാഷയ്ക്കുള്ള ബുദ്ധിമുട്ടാണ് ഒരു കാരണം. പലപ്പോഴും വ്യക്തതയിൽ ശ്രദ്ധയൂന്നാതെ ഭാഷയെ ഈ കവി, വ്യാക്ഷേപകങ്ങളുടെ പരമ്പരയായി വെട്ടിച്ചുരുക്കി. ബ്രൗണിങ്ങിന്റെ ചിന്താപ്രക്രിയ പിടികിട്ടാത്ത വായനക്കാരൻ ഈ വ്യാക്ഷേപകങ്ങൾക്കിടയിൽ അർത്ഥം കിട്ടാതെ വലയുന്നു. തന്റെ പരന്ന വായനയിൽ സ്വാംശീകരിച്ച അറിവിനെ പലപ്പോഴും അദ്ദേഹം, ത്വരിതപ്രസക്തിയില്ലാത്ത വിദൂരസൂചനകളാക്കി കവിതയിൽ തിരുകിക്കയറ്റുന്നു. ബ്രൗണിങ് ഒട്ടുവളരെ എഴുതുകയും ഒട്ടും തന്നെ തിരുത്താതിരിക്കുകയും ചെയ്തു എന്നതാണ് ദുർഗ്രഹതയുടെ മറ്റൊരു കാരണം. ഒരു ഖനിവേലക്കാരനെപ്പോലെ മനുഷ്യഹൃദയത്തിന്റെ അഗാധതകൾ പരതിയ കവി ഖനിജങ്ങൾക്കൊപ്പം മണ്ണും വായനക്കാർക്ക് എത്തിച്ചുകൊടുത്തു.[1]

ഇപ്പറഞ്ഞ കുറവുകളെയെല്ലാം അതിലംഘിക്കുന്നതാണ് ബ്രൗണിങ് കവിതയിൽ ഒളിഞ്ഞിരിക്കുന്ന നിധികൾ. ദീർഘകാലം നേരിടേണ്ടി വന്ന അവഗണയും പരിഹാസവും അവഗണിച്ച് ഉത്സാഹപൂർവം പരിശ്രമം തുടർന്ന അദ്ദേഹത്തിന്റെ പ്രതിഭയുടെ മാറ്റ് അംഗീകരിക്കാൻ ആസ്വാദകലോകം വിവശമായതു തന്നെ ഇതിനു തെളിവാണ്. മനുഷ്യരാശിയുടെ പ്രബോധകന്റെ ചുമതല ബോധപൂർവം ഏറ്റെടുത്ത് ഇത്ര ഗാംഭീര്യത്തോടെ നിർവഹിച്ച മറ്റൊരു കവി ഇംഗ്ലീഷ് ഭാഷയിലില്ല. മറ്റു പലരേയും പോലെ ബ്രൗണിങ് വിനോദിപ്പിക്കുന്ന കവിയല്ലെന്നു വില്യം ലോങ് ചൂണ്ടിക്കാട്ടുന്നു. അത്താഴത്തിനു ശേഷം ചാരുകസാലയിൽ കിടന്നു വായിക്കാവുന്ന തരം കവിതയല്ല അദ്ദേഹം രചിച്ചത്. എഴുന്നേറ്റിരുന്ന്, ബുദ്ധിയെ സൂക്ഷ്മതയിൽ നിർത്തി ബോധപൂർവം വായിക്കേണ്ട കവിതയാണത്. ഇക്കാര്യങ്ങൾ മനസ്സിലാക്കി വായിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും ആവേശം ജനിപ്പിക്കുന്ന കവിയായി അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയും. തന്റെ ജീവിതപ്രേമവും, വിശ്വാസദൃഢതയും, അജയ്യമായ ശുഭാപ്തിവിശ്വാസവും പകർന്നു നൽകി വായനക്കാരെ രൂപാന്തരീകരിക്കുന്ന അദ്ദേഹം അവരെ പുതിയ മനുഷ്യരാക്കുന്നു.[1]

നുറുങ്ങുകൾ

തിരുത്തുക

ബ്രൗണിങ് ഊഷ്മളപ്രകൃതിക്കും എല്ലാവരോടുമുള്ള സൗഹൃദത്തിനും പേരു കേട്ടിരുന്നു. ആൾക്കൂട്ടങ്ങളേയും ഒത്തുകൂടലുകളേയും അദ്ദേഹം ഇഷ്ടപ്പെട്ടു. ഇക്കാര്യത്തിൽ തന്റെ സമകാലീനനായ ടെനിസന്റേതിനു നേർവിപരീതമായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. മരണത്തിന് ഏതാനും മാസങ്ങൾ മാത്രം മുൻപ് 1889 ഏപ്രിൽ 7-ന്, സുഹൃത്തും കലാകാരനുമായ റുഡോൾഫ് ലേമാന്റെ വസതിയിൽ നടന്ന ഒരു അത്താഴവിരുന്നിൽ, സ്വരലേഖനയന്ത്രത്തിന്റെ ഉപജ്ഞാതാവായ എഡിസന്റെ ബ്രിട്ടണിലെ പ്രതിനിധി ജോർജ്ജ് ഗൂറാഡ്, ബ്രൗണിങ്ങിന്റെ സ്വരം മെഴുകിലുള്ള ഒരു സിലിണ്ടറിൽ ആലേഖനം ചെയ്തു. ഇപ്പോഴും നിലവിലുള്ള ആ റെക്കോർഡിൽ ബ്രൗണിങ്, "ഹൗ ദേ ബ്രോട്ട് ദ ഗുഡ് ന്യൂസ് ഫ്രം ഗെന്റ് ഐക്സ്" (How They Brought the Good News from Ghent to Aix) എന്ന തന്റെ കവിതയുടെ ഒരു ഭാഗം ചൊല്ലുന്നു. കവിത മുഴുവൻ ഓർത്തെടുക്കാൻ കഴിയാത്തതിൽ കവി ക്ഷമാപണം നടത്തുന്നതു പോലും റെക്കോർഡിൽ കേൾക്കാം[8][൬] 1890-ൽ ബ്രൗണിങ്ങിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള ആരാധകരുടെ ഒത്തുചേരലിൽ ഈ സ്വരലേഖനം കേൾപ്പിച്ചതാണ് മൃതലോകത്തു നിന്ന് ആരുടെയെങ്കിലും ശബ്ദം കേൾക്കുന്ന ആദ്യസംഭവമെന്ന് പറയപ്പെടുന്നു.[9][10]

കുറിപ്പുകൾ

തിരുത്തുക

^ ഈ പ്രേമസാഹസം ബ്രൗണിങ്ങിനെ ഓർക്കാപ്പുറത്ത് പ്രശസ്തനാക്കി: "...1846-ൽ ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തയായ എഴുത്തുകാരി ഇലിസബത്ത് ബാരെറ്റിനൊപ്പം ഒളിച്ചോടിയ ബ്രൗണിങ് പെട്ടെന്ന് പ്രശസ്തിയിലേക്കുയർന്നു....തുടർന്ന് തന്റെ തന്നെ രചനകൾ അംഗീകരിക്കപ്പെടും വരെ, എലിസബത്ത് ബാരറ്റിന്റെ ഭർത്താവ് എന്ന നിലയിലാണ് ബ്രൗണിങ് മുഖ്യമായും അറിയപ്പെട്ടത്."[1]

^ “ഭീകരനായ ഒരു പിതാവിൽ നിന്ന് കണക്കില്ലാത്ത ക്രൂരതകൾ ഏറ്റശേഷം, കോമളനായ യുവകവി റോബർട്ട് ബ്രൗണിങ്ങിന്റെ പ്രേമഭാജനമാകാൻ ഭാഗ്യമുണ്ടായ നിഷ്കളങ്കയായ മധുരപ്പെൺകൊടിയായാണ് സാമാന്യസങ്കല്പത്തിൽ ഇലിസബത്ത് ബ്രൗണിങ് പ്രത്യക്ഷപ്പെടുന്നത്."[11]

^ "The year’s at the spring,/And day’s at the morn;/Morning’s at seven;/The hill-side’s dew-pearled;/The lark’s on the wing;/The snail’s on the thorn;/God’s in His heaven—/All’s right with the world!"[7]

^ "Who knows but the world may end to-night?"[12]

^ ബ്രൗണിങ്ങിന്റെ ഈ നായകശില്പത്തിന്, മിൽട്ടന്റെ ഇതിഹാസകാവ്യമായ പറുദീസനഷ്ടത്തിന്റെ ഇരട്ടി ദൈർഘ്യമുണ്ട്. ഗ്രീക്ക് ഇതിഹാസമായ ഇലിയഡിലുള്ളതിനേക്കാൽ രണ്ടായിരം വരികൾ അധികമുണ്ടിതിൽ.[1]

^ "I am terribly sorry; but I can't remember my own verses."[13]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 വില്യം ജെ. ലോങ്ങ്, ആംഗല സാഹിത്യം: അതിന്റെ ചരിത്രവും ആംഗല ഭാഷസംസാരിക്കുന്ന ജനതകളുടെ ജീവിതത്തിൽ അതിനുള്ള സ്ഥാനവും (പുറങ്ങൾ 469-81)
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 Browning, Robert. Ed. Karlin, Daniel (2004) Selected Poems Penguin p9
  3. John Maynard, Browning's Youth
  4. 4.0 4.1 4.2 4.3 4.4 4.5 4.6 4.7 4.8 Browning, Robert. Ed. Karlin, Daniel (2004) Selected Poems Penguin p10
  5. "ബാരറ്റ് ബ്രൗണിങ് ഇറ്റലിയിലെ അസോളോയിൽ മരിച്ചു; കവികളായ റോബർട്ട്, ഇലിസബത്ത് ബാരറ്റ് ബ്രൗണിങ്-മാരുടെ മകനായിരുന്ന കലാകാരൻ", 1912 ജൂൺ 9-ന് ന്യൂ യോർക്ക് ടൈംസ് ദിനപത്രത്തിൽ വന്ന ചരമക്കുറിപ്പ്.
  6. 6.0 6.1 6.2 6.3 6.4 6.5 6.6 Browning, Robert. Ed. Karlin, Daniel (2004) Selected Poems Penguin p11
  7. 7.0 7.1 Pippa Passes-I, Wiki Source
  8. Poetry Archive[പ്രവർത്തിക്കാത്ത കണ്ണി], retrieved May 2, 2009
  9. Kreilkamp, Ivan, "Voice and the Victorian storyteller." Cambridge University Press, 2005, page 190. ISBN 0-521-85193-9, 9780521851930. Retrieved May 2, 2009
  10. "The Author," Volume 3, January-December 1891. Boston: The Writer Publishing Company. "Personal gossip about the writers-Browning." Page 8. Retrieved May 2, 2009.
  11. Peterson, William S. Sonnets From The Portuguese. Massachusetts: Barre Publishing, 1977.
  12. Poetry Archive, The last ride together Archived 2011-08-03 at the Wayback Machine. by Robert Browning
  13. യൂ ട്യൂബ്, Robert Browning recites his own poem. (1889 Edison Cylinder)
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ബ്രൗണിങ്&oldid=4094917" എന്ന താളിൽനിന്ന് ശേഖരിച്ചത്