ആൽകെമി
രസതന്ത്രത്തിന്റെ ആദിമരൂപമാണ് ആൽകെമി. ഇന്ത്യയിലിതു് രസവാതം എന്നും അറിയപ്പെട്ടിരുന്നു. മനുഷ്യന് അമരത്വം നൽകുന്നതിനു വേണ്ടിയുള്ള വിദ്യകളും, സുലഭമായ ലോഹങ്ങളെ സ്വർണ്ണമാക്കി മാറ്റുന്നതിനുള്ള വിദ്യകളുമാണ് ആൽകെമിസ്റ്റുകൾ പ്രധാനമായും കണ്ടെത്താൻ ശ്രമിച്ചിരുന്നത്. എന്നാൽ ഇക്കാര്യങ്ങളിലൊക്കെ അവർ പരാജയപ്പെട്ടെങ്കിലും സ്വേദനം പോലെയുള്ള രാസവിദ്യകൾ കണ്ടെത്തുന്നതിനും അതുവഴി രസതന്ത്രത്തിന് അടിത്തറ പാകുന്നതിനും ആൽകെമിസ്റ്റുകൾക്ക് കഴിഞ്ഞു.
ചരിത്രം
തിരുത്തുകആൽകെമിയുടെ ചരിത്രം രസത്തിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. രസത്തിന്റെ വഴി എന്നാണ് രസവാതം എന്ന വാക്കിന്റെ അർത്ഥം. ബിസി 500ഓടെ രസം മറ്റ് ലോഹങ്ങളുമായി ചേർത്ത് അമാൽഗം നിർമ്മിക്കാറുണ്ടായിരുന്നു. ഏറ്റവും ആദ്യം ഉണ്ടായ ദ്രവ്യം രസമാണെന്നും അതിൽനിന്നാണ് മറ്റ് ലോഹങ്ങൾ ഉദ്ഭവിച്ചതെന്നും ആൽക്കമിസ്റ്റുകൾ വിശ്വസിച്ചിരുന്നു. രസത്തിലെ ഗന്ധകത്തിന്റെ അളവ് വ്യതിയാനപ്പെടുത്തി മറ്റ് ലോഹങ്ങൾ നിർമ്മിക്കാനാവുമെന്നും അവർ വിശ്വസിച്ചു. അതിൽ ഏറ്റവും ശുദ്ധമായത് സ്വർണമാണെന്നും അശുദ്ധ ലോഹങ്ങൾ സ്വർണമാക്കി മാറ്റണമെങ്കിൽ രസം ആവശ്യമാണെന്നും അവർ കരുതി.