ഒരു ഇംഗ്ലീഷ് കവിയാണ് ആൽഫ്രെഡ് ലോർഡ് ടെനിസൺ.

ആൽഫ്രെഡ് ലോർഡ് ടെനിസൺ
The Right Honourable
The Lord Tennyson
FRS
1869 Carbon print by Julia Margaret Cameron
തൊഴിൽPoet laureate

ജീവിതരേഖ

തിരുത്തുക

1809 ഓഗസ്ത് 6-ന് ഇംഗ്ലണ്ടിലെ ലിങ്കൻഷയറിലുള്ള സമെർസ്ബിയിൽ ജനിച്ചു. പിതാവ് ക്രൈസ്തവ പുരോഹിതനായിരുന്നു. പതിനൊന്നു കുട്ടികളുള്ള കുടുംബത്തിലെ മൂന്നാമത്തെ അംഗമായാണ് ഇദ്ദേഹം പിറന്നത്. വളരെ ചെറുപ്പത്തിലേ കവിതകൾ എഴുതിത്തുടങ്ങി. 1827-ൽ ഇദ്ദേഹത്തിന്റെയും സഹോദരങ്ങളായ ഫ്രെഡറിക്, ചാൾസ് എന്നിവരുടെയും കവിതകൾ അടങ്ങിയ സമാഹാരം പുറത്തിറങ്ങി. മൂന്നുപേരുടെയും കവിതകൾ അതിൽ ചേർത്തിരുന്നുവെങ്കിലും പോയെംസ് ബൈ ടു ബ്രദേഴ്സ് (Poems by Two Brothers) എന്നായിരുന്നു അതിന്റെ ശീർഷകം.

1827-ൽ ടെനിസൺ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ട്രിനിറ്റി കോളജിൽ ചേർന്നു. ചരിത്രകാരനായ ഹെന്റി ഹാലമിന്റെ പുത്രനായ ആർതർ ഹാലമുമായി ഇവിടെ വച്ച് സൗഹാർദത്തിലായി. ടെനിസന്റെ ജീവിതത്തിലെ ഏറ്റവും ഗാഢമായ സുഹൃത്ബന്ധമായിരുന്നു അത്. കവി എന്ന നിലയിലുള്ള ടെനിസന്റെ ഖ്യാതി സർവകലാശാലാ വൃത്തങ്ങളിൽ നാൾക്കുനാൾ വർധിച്ചുവന്നു. 'റ്റിംബുക്റ്റൂ' എന്ന കവിതയുടെ പേരിൽ ടെനിസൺ ചാൻസലേഴ്സ് മെഡലും ഇക്കാലത്തു നേടി.

1830-ൽ പോയെംസ് ചീഫ്ലി ലിറിക്കൽ (Poems Chiefly Lyrical) എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. പ്രസിദ്ധമായ 'മറിയാന' (Mariana) എന്ന കവിത ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത വർഷം ഇദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചു. തന്മൂലം പഠനം തുടരാനും ബിരുദം സമ്പാദിക്കാനും സാധിക്കാതെ യൂണിവേഴ്സിറ്റി വിട്ട് സമെർസ്ബിയിലെ വസതിയിലേക്കു മടങ്ങേണ്ടിവന്നു. ടെനിസന്റെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച കാലയളവായിരുന്നു പിന്നീടുള്ള കുറേ വർഷങ്ങൾ. പോയെംസ് (Poems, 1833) എന്ന സമാഹാരം നിശിത വിമർശനത്തിനിരയായിത്തീർന്നു. 1833 സെപ്റ്റംബറിൽ ആർതർ ഹാലം അകാലചരമമടഞ്ഞു. ടെനിസന്റെ സഹോദരി എമിലിയുടെ പ്രതിശ്രുതവരൻ കൂടിയായിരുന്നു ഹാലം. ആ മരണം കവിയിലുണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. അതിന്റെ പ്രതിധ്വനി മുഴങ്ങുന്ന കവിതകളുടെ ഒരു പരമ്പര തന്നെ തുടർന്നെഴുതി. അവ പില്ക്കാലത്ത് പ്രസിദ്ധീകരിച്ചതും ടെനിസന്റെ രചനകളിൽ ഏറെ പ്രശസ്തി നേടിയതുമായ ഇൻ മെമ്മോറിയത്തിൽ (In Memoriam, 1850) ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാലമിന്റെ ഓർമക്കായി സമർപ്പിക്കപ്പെട്ടതാണ് ഈ വിലാപകാവ്യം. ഹാലമിന്റെ മരണത്തെത്തുടർന്ന് തൂലിക താഴ്ത്തിവച്ചില്ലെങ്കിലും പിന്നീട് ഏതാണ്ട് ഒരു ദശാബ്ദം രചനകളൊന്നും തന്നെ പ്രസിദ്ധീകരിക്കാൻ തുനിഞ്ഞില്ല. ടെനിസന്റെ പ്രിയപ്പെട്ട സൃഷ്ടിയായ മോഡ് (Maud)ൽ പില്ക്കാലത്ത് ചേർത്ത ഏതാനും ഗീതകങ്ങളും ഇക്കാലത്തെ സൃഷ്ടികളാണ്. 1842-ൽ രണ്ടു വാല്യങ്ങളിലായി പോയെംസ് പ്രസിദ്ധീകരിച്ചു. 1830-ലും 32-ലും പ്രസിദ്ധീകരിച്ച സമാഹാരങ്ങളിൽ നിന്ന് തിരഞ്ഞെടുത്തു പരിഷ്കരിച്ച ഏതാനും കവിതകളായിരുന്നു ഇതിൽ ഒന്നിന്റെ ഉള്ളടക്കം. യുളീസസ്', മോർതെ ഡെ ആർതർ', 'ദ് ടു വോയ്സസ്', 'ലോക്സ്ലി ഹോൾ', 'ദ് വിഷൻ ഒഫ് സിൻഎന്നിവ പുതിയ കവിതകളിൽ ചിലതുമാത്രം. മോർതെ ഡെ ആർതർ പില്ക്കാലത്ത് ഇഡിൽസ് ഒഫ് ദ് കിങിൽ (Idylls of the King) ചേർത്തു. തന്റെ തലമുറയിലെ പ്രമുഖ കവി എന്ന സ്ഥാനം നേടാൻ ഈ സമാഹാരം ടെനിസനെ കുറച്ചൊന്നുമല്ല സഹായിച്ചത്.

1847-ൽ ടെനിസന്റെ ആദ്യ നീണ്ട കാവ്യമായ ദി പ്രിൻസസ് (The Princess) പ്രസിദ്ധീകൃതമായി. 1850 ടെനിസനെ സംബന്ധിച്ചു വളരെ പ്രാധാന്യമേറിയ വർഷമാണ്. എമിലി സെൽവുഡുമായി പതിന്നാലു വർഷം നീണ്ടുനിന്ന പ്രണയബന്ധത്തിന് വിവാഹത്തിലൂടെ സാക്ഷാത്ക്കാരം നേടാൻ കഴിഞ്ഞതും ഇൻ മെമ്മോറിയം പ്രസിദ്ധീകരിച്ചതും ആസ്ഥാനകവിയായി വിക്റ്റോറിയ രാജ്ഞി ടെനിസനെ നിയമിച്ചതുമെല്ലാം ഈ വർഷമാണ്. 1853-ൽ ടെനിസനും പത്നിയും ഐൽ ഒഫ് വൈറ്റിലെ ഫ്രെഷ് വോട്ടറിലുള്ള ഫാരിങ് ഫോഡ് എന്ന ഭവനത്തിൽ താമസമുറപ്പിച്ചു. ഹാലം, ലയണൽ എന്നീ പുത്രന്മാരും ഭാര്യയും ഒത്തുള്ള അവിടത്തെ വാസം ഇദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നാളുകളായിരുന്നു. 1869-ൽ സറിയിൽ നിർമിച്ച 'ഓൾഡ് വർത്തി'ലേക്ക് ഇദ്ദേഹം താമസം മാറ്റി.

ഇൻ മെമ്മോറിയത്തിനു മുമ്പും പിമ്പും എന്നു ടെനിസന്റെ കാവ്യജീവിതത്തെ രണ്ടായി വിഭജിക്കാം. സമൂഹത്തിൽ തന്റെ ധർമം എന്തായിരിക്കണം എന്നന്വേഷിക്കുന്ന ഒരു യുവകവിയെയാണ് 1850-നു മുൻപു നാം കാണുന്നത്. പില്ക്കാലത്താകട്ടെ സമകാലിക പ്രശ്നങ്ങളോടു പ്രതികരിക്കുന്ന ഒരു വിക്റ്റോറിയൻ യോഗിയെ നാം ഇദ്ദേഹത്തിൽ ദർശിക്കുന്നു. ആദ്യകാല കവിതകൾ അനുകരണശീലവും പക്വത നേടാത്ത പാണ്ഡിത്യവും പ്രകടിപ്പിക്കുന്നവയാണെങ്കിലും ലക്ഷണമൊത്ത പിൽക്കാല കവിതകളുടെ ഓജസിന്റെയും ദാർശനികതയുടെയും വിഷാദഭാവങ്ങളുടെയും നിഴലാട്ടം അവയിൽ കാണാനാവും. ആദ്യകാല കവിതകളൊന്നും ടെനിസന്റെ ജീവിതകാലത്തു പ്രസിദ്ധീകരിച്ചില്ല. ദ് ഡെവിൾ ആൻഡ് ദ് ലേഡി (The Devil and The Lady) എന്നൊരു അപൂർണ നാടകം പതിന്നാലു വയസ്സുള്ളപ്പോൾ രചിച്ചിരുന്നു (1930-ലാണ് ഇത് വെളിച്ചം കണ്ടത്). ഈ കൃതി ബ്ലാങ്ക് വേഴ്സിൽ ഇദ്ദേഹത്തിനുള്ള പ്രാവീണ്യം കാണിക്കുന്നുണ്ട്. പോയെംസ് ബൈ ടു ബ്രദേഴ്സിലെ ടെനിസന്റെ കവിതകൾക്ക് ബൈറൻ കവിതകളുടെ ഛായ ഉണ്ട്. നഷ്ടബോധവും ഏകാന്തതയുമാണ് ഇതിലെ പ്രതിപാദ്യവിഷയങ്ങൾ.

'ദ് ലേഡി ഒഫ് ഷാലറ്റ്', 'ഈ നോണി' 'ദ് ലോട്ടസ് ഈറ്റേഴ്സ്', 'ദ് പാലസ് ഒഫ് ആർട്ട്' എന്നിവയടങ്ങിയ പോയെംസ് (1833) എന്ന സമാഹാരം പലതുകൊണ്ടും പോയെംസ്, ചീഫ്ലി ലിറിക്കൽ എന്ന സമാഹാരത്തേക്കാൾ മികച്ചു നിൽക്കുന്നു. ആധുനിക കവികളിൽ, കീറ്റ്സിനെ ഒഴിവാക്കിയാൽ, മറ്റാരിലും കാണാത്ത തരത്തിൽ ഇന്ദ്രിയാനുഭൂതികളെ സംഗീതാത്മകമായി അവതരിപ്പിക്കാൻ ടെനിസന് കഴിയുന്നതായി ഇതിലെ കവിതകൾ തെളിയിക്കുന്നുണ്ട്.

പോയെംസിലെ (1842) പുതിയ കവിതകളും പരിഷ്കരിച്ച കവിതകളും ഹാലമിന്റെ മരണത്തിൽ ഏറെ വ്യഥിതഹൃദയനായി കഴിയുന്ന കാലയളവിലാണ് ടെനിസൺ രചിച്ചത്. സന്തോഷകരമായ ഭൂതകാലത്തെയും മൂല്യച്യുതികളും മിഥ്യകളും വാഴുന്ന വർത്തമാനകാലത്തെയും ഓർത്ത് ഇവയിൽ പലതിലും കവി കേഴുന്നു. "ഇംഗ്ലീഷ് ഇഡിൽസ് എന്നറിയപ്പെടുന്ന 'ഡോറ', 'ദ് ഗാർഡനേഴ്സ് ഡോട്ടർ' എന്നിവയിലും 'ബ്രെയ്ക്ക്, ബ്രെയ്ക്ക്, ബ്രെയ്ക്കി'ലും ഈ വൈരുദ്ധ്യംതന്നെ എടുത്തുകാട്ടുന്നുണ്ട്. 'ബ്രെയ്ക്ക്, ബ്രെയ്ക്ക്, ബ്രെയ്ക്ക്' എന്ന കവിത ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഭാവഗീതങ്ങളിലൊന്നായി പരിഗണിക്കപ്പെട്ടുവരുന്നു. 'യുളീസസ്', 'ലോക്സ്ലി ഹോൾ' എന്നിവ ഇതിലെ മറ്റു രണ്ടു കവിതകളാണ്. മുന്നോട്ടു ഗമിക്കേണ്ടതിന്റെയും പ്രത്യാശയോടെ ഭാവിയെ ഉറ്റുനോക്കേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി ഇവ ഊന്നിപ്പറയുന്നു. ഇംഗ്ളീഷ് സാഹിത്യത്തിലെ ആദ്യകാല നാടകീയ സ്വഗതാഖ്യാനങ്ങളിൽ (dramatic monologues)പ്പെട്ടവയാണ് 'യുളീസസും' 'ലോക്സലി ഹോളും'. പോയെംസ് എന്ന സമാഹാരത്തിലെ മിക്കവാറും എല്ലാ കവിതകളിലും സമൂഹത്തിൽ കവിക്കുള്ള ചുമതലകളെപ്പറ്റി ചിന്തിക്കുന്ന ടെനിസനെ കാണാം. സമൂഹത്തിൽ അധ്യാപകന്റെയും വിമർശകന്റെയും വ്യാഖ്യാതാവിന്റെയും യോഗിയുടെയും എല്ലാം സ്ഥാനം കവിക്കുണ്ടെന്ന വിശ്വാസവും ഈ കവിതകളിൽ ദർശിക്കാം.

ടെനിസന്റെ പ്രകൃഷ്ട കൃതി എന്ന സ്ഥാനം ലഭിച്ചിരിക്കുന്നത് ഇൻ മെമ്മോറിയത്തിനാണ്. ഹാലം മരിച്ചപ്പോൾ ഉണ്ടായ ദുഃഖത്തിൽ നിന്നുളവായ ഈ നീണ്ട വിലാപകാവ്യം പതിനെട്ടോളം വർഷം (1833-1850) കൊണ്ടാണ് പൂർത്തിയാക്കിയത്. ദൈവം, ക്രിസ്തു, അനശ്വരത, വ്യക്തിദുഃഖത്തിന്റെയും നഷ്ടങ്ങളുടെയും അർഥം എന്നിവയെല്ലാം കവി ഇതിൽ പഠനവിധേയമാക്കിയിരിക്കുന്നു. ഇംഗ്ലീഷിലെ ദൈർഘ്യമേറിയ വിപാലകാവ്യമാണ് ഇൻ മെമ്മോറിയം. തികച്ചും വ്യക്തിഗതമെന്നു വിളിക്കാവുന്ന ദുഃഖത്തിന്റെ വേലിയേറ്റം നാം അതിൽ കാണുന്നു. അജപാല വിലാപകാവ്യത്തിന്റെ കൃത്രിമത്വം അതിലില്ല. (നോ: ഇൻ മെമ്മോറിയം).

ഹാലവും ടെനിസനും തമ്മിൽ ഉള്ള ബന്ധം വെറും പരിചയക്കാരായ എഡ്വേഡ് കിങും ജോൺ മിൽറ്റനും തമ്മിലുള്ള ബന്ധത്തിൽ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു. (മിൽറ്റന് ലിസിഡസ് എന്ന വിലാപകാവ്യം എഴുതാൻ പ്രേരകമായത് എഡ്വേഡ് കിങിന്റെ മരണമാണ്.) അജപാല വിലാപകാവ്യത്തിന്റെ സമ്പൂർണത ലിസിഡസിൽ കാണാമെങ്കിലും ഇൻ മെമ്മോറിയത്തിൽ അനുഭവപ്പെടുന്ന വ്യക്തിഗത ദുഃഖത്തിന്റെ ചൂടും ചുരും അതിലില്ല. 'എലിജി' എന്ന പൊതുനാമം മാത്രം ഉപയോഗിച്ചു വിശേഷിപ്പിക്കപ്പെടാറുള്ള എലിജി റിട്ടൺ ഇൻ എ കൺട്രി ചർച്ച് യാഡിൽ തോമസ് ഗ്രേ പ്രദർശിപ്പിക്കുന്ന ദുഃഖത്തിനും വ്യക്തി ബന്ധങ്ങളിൽ നിന്ന് ഉളവാകുന്ന ഊഷ്മളത ഇല്ലെന്നു പറയാം. ഇൻ മെമ്മോറിയത്തെ വായനക്കാരന് പ്രിയങ്കരമാക്കുന്ന വികാരതീവ്രതയും ഇതിൽ കുറവാണ്. ഈ അളവുകോൽ വച്ചു നോക്കിയാൽ ഷെല്ലിയുടെ അഡോണെയ്സ്, ആർനൾഡിന്റെ തേർസിസ്, വിറ്റ്മന്റെ വെൻ ലൈലക്സ് ലാസ്റ്റ് ഇൻ ദ് ഡോർയാഡ് ബ്ളുംഡ്, ഓഡന്റെ ഇൻ മെമ്മറി ഒഫ് ഡബ്ളിയു. ബി.യേറ്റ്സ് എന്നീ പ്രസിദ്ധ വിലാപകാവ്യങ്ങളെയെല്ലാം ടെനിസൻ കൃതി ഏറെ പിന്നിലാക്കുന്നുവെന്നു കാണാം.

ടെനിസന്റെ പിൽക്കാല രചനകളിലെ പ്രതിപാദ്യങ്ങൾ കൂടുതലും വൈയക്തികമെന്നതിനെക്കാൾ സാമൂഹികമാണ്. ആസ്ഥാന കവി എന്ന സ്ഥാനം അതിന്റെ എല്ലാ ഗൗരവത്തോടുംകൂടി ടെനിസൺ സ്വീകരിച്ചു. പ്രധാനപ്പെട്ട എല്ലാ അവസരങ്ങളെയും സംഭവങ്ങളെയുംപറ്റി എഴുതുവാൻ ഔദ്യോഗിക അഭ്യർഥനകൾ ഉണ്ടാകുന്നതനുസരിച്ച് ഇദ്ദേഹം കവിതകൾ രചിച്ചുവന്നു. വൈകാതെ പ്രിൻസ് ഒഫ് വെയ്ൽസിന്റെ വധുവാകേണ്ടിയിരുന്ന ഡെയ്നിഷ് രാജകുമാരിയെ അഭിസംബോധന ചെയ്തെഴുതിയ 'എ വെൽക്കം ടു അലെക്സാൻഡ്ര' (1863) ഒരു ഉദാഹരണം മാത്രമാണ്. ഇദ്ദേഹത്തിന്റെ സംബോധനാഗീതങ്ങൾ (odes) വൃത്തനിബദ്ധതയ്ക്കു ഖ്യാതി നേടിയവയാണ്. 'ഓഡ് ഒൺ ദ് ഡെത്ത് ഒഫ് ഡ്യൂക് ഒഫ് വെല്ലിങ്റ്റൻ' (1852), 'ഓഡ് സങ് അറ്റ് ദി ഓപ്പെനിങ് ഒഫ് ദി ഇന്റെർനാഷനൽ എക്സിബിഷൻ' എന്നിവയാണ് ഈ കവിയുടെ പ്രസിദ്ധിനേടിയ സംബോധനാഗീതങ്ങൾ.

ടെനിസന്റെ ദേശഭക്തിപരമായ കവിതകൾ വിശേഷിച്ചും 'ദ് ചാർജ് ഒഫ് ദ് ലൈറ്റ് ബ്രിഗെയ്ഡ്' (1854), 'ദ് ചാർജ് ഒഫ് ദ് ഹെവി ബ്രിഗെയ്ഡ്' (1882) എന്നിവ ധീര കൃത്യങ്ങളെ രാഷ്ട്രം എങ്ങനെ ആദരിക്കുന്നു എന്നു ചൂണ്ടിക്കാട്ടുന്നു. വർത്തമാന കാലത്തിന്റെ സ്പന്ദനങ്ങളെയും നിത്യജീവിതത്തിന്റെ പ്രശ്നങ്ങളെയും അധികരിച്ചുള്ള കവിതകൾ വേണമെന്ന റസ്കിനെപ്പോലുള്ള വിമർശകരുടെ ആവശ്യമനുസരിച്ചും ടെനിസൺ കാവ്യരചന നടത്തിയിട്ടുണ്ട്. സ്ത്രീകളുടെ സ്ഥാനത്തെപ്പറ്റിയും അവരുടെ അവകാശങ്ങളെപ്പറ്റിയുമുള്ള നീണ്ട കവിതയാണ് ദ് പ്രിൻസസ്. ഗാർഹിക വിഷയങ്ങളെ അധികരിച്ചുള്ള ആഖ്യാന കവിതകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 'സീ ഡ്രീംസും' (1860), 'ഈനോക് ആർഡെ'നും ഈ വിഭാഗത്തിൽപ്പെടുന്നു.

ആസ്ഥാന കവിപ്പട്ടത്തിന്റെ നാളുകളുടെ മുഖ്യപങ്കും ഇഡിൽസ് ഒഫ് ദ് കിങ് രചിക്കുവാൻ ടെനിസൺ ചെലവിട്ടു. 'ലോക്സ്ലി ഹോളി'ന്റെ അനുബന്ധംപോലെ രചിച്ച 'ലോക്സ്ലി ഹോൾ സിക്സ്റ്റി ഇയേഴ്സ് ആഫ്റ്റെറി'ൽ (1886) ഭാവിയെക്കുറിച്ച് വൻ പ്രതീക്ഷ പുലർത്തുന്നതോടൊപ്പം കവിയിൽ ആഴത്തിൽ വേരോടിയിരുന്ന അശുഭാപ്തി വിശ്വാസവും ദ്യോതിപ്പിക്കുന്നുണ്ട്. മാനുഷികാവസ്ഥയെ ചൊല്ലി അശുഭാപ്തി വിശ്വാസം ഉണ്ടായിരുന്നെങ്കിലും ദൈവവിശ്വാസം, സ്നേഹത്തിന്റെ ശക്തി എന്നിവയെപ്പറ്റി കവിക്കുള്ള ധാരണകൾ ഒരിക്കലും ഉലയുന്നില്ല. ദി എയ്ൻഷ്യന്റ് സെയ്ജ് (1885) അക്ബേഴ്സ് ഡ്രീം (1892) എന്നിവയിൽ മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം, സ്നേഹത്തിലൂടെ നേടുന്ന വിമോചനം തുടങ്ങിയവയിലുള്ള പ്രതീക്ഷ പ്രകടമാണ്.

ജീവിതത്തിന്റെ അവസാനത്തെ രണ്ടു ദശകങ്ങളിലായി ഏതാനും കാവ്യനാടകങ്ങളും ടെനിസൺ രചിച്ചിട്ടുണ്ട്. അവയിൽ ക്യൂൻ മേരി (1875) ഹാരോൾഡ് (1876) ബെക്കറ്റ് (1884) എന്നിവയാണ് ഏറെ പ്രശസ്തം. ബാലഡ്സ് ആൻഡ് അദർ പോയെംസ് (1880), റ്റൈറീസിയസ് ആൻഡ് അദർ പോയെംസ് (1885), ലോക്സ്ലി ഹോൾ സിക്സ്റ്റി ഇയേഴ്സ് ആഫ്റ്റർ, ഡെമീറ്റർ ആൻഡ് അദർ പോയെംസ് (1889), ദ് ഡെത്ത് ഒഫ് ഈനോണി ആൻഡ് അദർ പോയെംസ് (1892) എന്നീ പ്രധാനപ്പെട്ട സമാഹാരങ്ങളും ടെനീസൺ പ്രസിദ്ധീകരിച്ചു. ആംഗ്ലേയ കവികൾക്കിടയിൽ പ്രമുഖമായ ഒരു സ്ഥാനമുള്ള ടെനിസൺ നാല്പത്തിരണ്ടു വർഷം ആസ്ഥാന കവിപദം അലങ്കരിച്ചിട്ടുണ്ട്. 1892 ഒക്ടോബർ 6-ന് സറിയിലെ ഓൾഡ്വർത്തിൽ ഇദ്ദേഹം അന്തരിച്ചു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആൽഫ്രെഡ് ലോർഡ് ടെനിസൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആൽഫ്രെഡ്_ലോർഡ്_ടെനിസൺ&oldid=2721702" എന്ന താളിൽനിന്ന് ശേഖരിച്ചത്