റാശിദ് ഗനൂശി

(Rashid Al-Ghannushi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോക പ്രസിദ്ധനായ ഇസ്‌ലാമിക ചിന്തകനും ടുണീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്‌ദയുടെ സ്ഥാപകനേതാവുമാണ്‌ റാശിദ് ഗനൂശി (അറബി: راشد الغنوشي Rāshid al-Ghannūshī; born 1941). ജനാധിപത്യത്തേയും ഇസ്‌ലാമിനേയും കുറിച്ച ഗവേഷണങ്ങളിലൂടെയും ടുണീഷ്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പ്രവർ‌ത്തനങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടു. ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുഖ്യമാർ‍ഗദർശിയായും സൈദ്ധാന്തികനായും അദ്ദേഹം വിലയിരുത്തപ്പെടുന്നു[1]. രാഷ്ട്രീയപ്രവർ‌ത്തനങ്ങളുടെ പേരിൽ ടുണീഷ്യൻ ഗവൺ‌മെൻറ് പുറത്താക്കിയതിനെത്തുടർന്ന് 22 വർഷക്കാലം ബ്രിട്ടനിൽ പ്രവാസജീവിതം നയിച്ച ഗനൂശി അറബ്‌വസന്തത്തിന് ശേഷം 2011 ജനുവരി 30 ന് ടുണീഷ്യയിൽ തിരിച്ചെത്തി[2][3]. ടൈം മാഗസിന്റെ, 2012-ലെ ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തിത്വങ്ങളിൽ റാശിദ് ഗനൂശിയും ഉൾപ്പെട്ടിരുന്നു[4]. ഫോറിൻ പോളിസി മാഗസിന്റെ നൂറ് ആഗോളചിന്തകരുടെ പട്ടികയിലും ഇദ്ദേഹം ഇടം പിടിച്ചിരുന്നു[5].

റാശിദ് ഗനൂശി
ജനനംജൂൺ 1941 (വയസ്സ് 82–83)
പ്രദേശംഇസ്‌ലാമിക തത്ത്വചിന്ത
പ്രധാന താത്പര്യങ്ങൾഇസ്‌ലാം, ജനാധിപത്യം,
ശ്രദ്ധേയമായ ആശയങ്ങൾഇസ്‌ലാമിക ജനാധിപത്യം
സ്വാധീനിക്കപ്പെട്ടവർ
വെബ്സൈറ്റ്www.rachedelghannouchi.com

ജീവിതരേഖ

തിരുത്തുക

ജനനം, ബാല്യം, വിദ്യാഭ്യാസം

തിരുത്തുക

1941 ജൂൺ 22ന് തെക്കൻ ടുണീഷ്യയിലെ ഖാബിസ് പ്രവിശ്യയിലെ ഹാമ്മ ഗ്രാമത്തിൽ ഒരു പരമ്പരാഗത കർ‌ഷക കുടും‌ബത്തിലായിരുന്നു ഗനൂശിയുടെ ജനനം. ചെറുപ്പത്തിലേ കുടുംബത്തൊഴിലായ കൃഷിയിലേക്കും പനയോല കൊണ്ടുള്ള കുട്ടനിർ‌മാണത്തിലേക്കും തിരിയേണ്ടി വന്നു. 13 വയസ്സ് തികയുമ്പോഴേക്കും പ്രൈമറി വിദ്യാഭ്യാസം പൂർ ത്തിയാക്കിയ ഗനൂശിയുടെ തുടർ വിദ്യാഭ്യാസം കുടുംബത്തിലെ പരാധീനത മൂലം തടസ്സപ്പെട്ടു. പിന്നീട് ജ്യേഷ്ഠൻ ലോ കോളേജിൽ നിന്നും ബിരുദമെടുത്ത് അഭിഭാഷകവൃത്തി ആരംഭിച്ചതോടെയാണ് വിദ്യാഭ്യാസം തുടരാനായത്.

അമ്മാവൻ ബശീർ, ഗനൂശിയുടെ രാഷ്ട്രീയകാഴ്ച്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. അറബ് ദേശീയതയുടെ വക്താവും ഈജിപ്ഷ്യൻ പ്രസിഡൻറ് ജമാൽ അബ്ദുന്നാസറിൻറെ ആരാധകനുമായിരുന്നു അദ്ദേഹം. ഫ്രഞ്ച് കോളനീകരണത്തിനെതിരായ സായുധ വിപ്ലവകാരികളുടെ ശക്തികേന്ദ്രമായിരുന്നു അദ്ദേഹത്തിൻറെ ഹാമ്മ ഗ്രാമം. ഈ പശ്ചാത്തലങ്ങൾ ചെറുപ്പത്തിലേ അദ്ദേഹത്തെ അറബ് ദേശീയവാദത്തിലേക്കടുപ്പിച്ചു.

പതിനാറാം വയസ്സിൽ ഗനൂശിയുടെ കുടും‌ബം ഖാബിസ് നഗരത്തിൽ പ്രാക്റ്റീസ് ചെയ്യുന്ന ജ്യേഷ്ഠൻറെ അടുത്തേക്ക് താമസം മാറ്റി. നഗരത്തിലേക്കുള്ള ഈ കുടിയേറ്റം ഗനൂശിയുടെ ജീവിതത്തിലെ വഴിത്തിരിവുകളിലൊന്നായിരുന്നു. ഇക്കാലയളവിലാണ്‌ ആധുനികസാഹിത്യത്തിലും ഫുട്ബോളിലും അദ്ദേഹത്തിന്‌ സവിശേഷ താൽ‌പര്യം ജനിക്കുന്നത്. ടോൾ‌സ്റ്റോയി, മാക്സിം ഗോർ‌ക്കി, ദസ്തയേവ്സ്കി, ബെർ‌ണാഡ്ഷാ, ഏണസ്റ്റ് ഹെമിങ്‌വേ, വിക്ടർ യൂഗോ തുടങ്ങിയവരുടെ കൃതികൾ അദ്ദേഹത്തെ ഹഠാദാകർ‍ഷിച്ചു. ഇതിനിടെ മതത്തോടുള്ള അദ്ദേഹത്തിൻറെ താൽ‌പര്യം കുറഞ്ഞു വന്നു. പുതിയ കാലത്തിൻറേയും സാഹചര്യങ്ങളുടേയും അഭിരുചികളെ തൃപ്തിപ്പെടുത്താനാവാത്ത സങ്കുചിതത്വമായി അദ്ദേഹത്തിന് ഇസ്‌ലാം അനുഭവപ്പെട്ടു.

1959ൽ അദ്ദേഹം തുനീഷ്യയിലെ പ്രശസ്തമായ അസ്സൈത്തൂന സർവകലാശാലയിൽ ഇസ്‌ലാമികപഠനത്തിന് ചേർ‌ന്നു. യാഥാസ്തിഥിക ഇസ്‌ലാമിൻറെ പരമ്പരാഗതമായ ഇസ്‌ലാം വിജ്ഞാനീയങ്ങൾ അദ്ദേഹത്തെ നാസ്തികതയിലേക്കും അറബ് സോഷ്യലിസത്തിലേക്കുമാണെത്തിച്ചത്.

1964ൽ തുനീഷ്യൻ അധികൃതരുടെ അനുമതി വാങ്ങാതെ ഗനൂശി ഈജിപ്തിലേക്ക് തിരിച്ചു. തുടർന്ന് കൈറോ യൂനിവേഴ്സിറ്റിയിൽ അഗ്രികൾ‌ച്ചർ ഡിപ്പാർട്ട്‌മെൻറിൽ ചേർ‌ന്നു പഠനം തുടങ്ങി. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിൽ തുനീഷ്യയിൽ നിന്നും ഈജിപ്തിൽ വന്നു പഠിക്കുന്ന "രാജ്യദ്രോഹികളെ" തിരിച്ചയക്കാൻ ധാരണയായി. അതേത്തുടർ‌ന്ന് അദ്ദേഹം സിറിയയിലേക്ക് തിരിച്ചു. ദമസ്ക്കസ് യൂനിവേഴ്സിറ്റിയിൽ അദ്ദേഹം പഠനം തത്വചിന്തയിലേക്ക് മാറ്റി.

സിറിയയിലെ പഠനകാലത്തിനിടെയാണ് നാസിറിസത്തിനും ബഅസിസത്തിനുമൊപ്പം സ്വകാര്യ പൊതുജീവിതങ്ങളിലെ ഇസ്‌ലാമീകരണത്തിനു വേണ്ടി നില കൊണ്ടിരുന്ന ഇസ്‌ലാമിസ്റ്റ് ചേരിയെ അടുത്തറിഞ്ഞത്.

1967ലെ അറബ്-ഇസ്രയേൽ യുദ്ധകാലത്ത് വിദ്യാർ‌ത്ഥികൾക്ക് സൈനികപരിശീലനം നൽകി ഇസ്രായേലിനെതിരെ പൊരുതാൻ അനുമതി കൊടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹവും സഹപ്രവർത്തകരും രം‌ഗത്തിറങ്ങി. എന്നാൽ ആറുനാൾ നീണ്ട യുദ്ധത്തിൽ അറബികൾ തോറ്റതോടെ പാൻ അറബിസത്തിലും നാസിറിസത്തിലുമുള്ള അദ്ദേഹത്തിൻറെ വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടു.

യൂറോപ്യൻ പര്യടനം

തിരുത്തുക

1965-ൽ ഗനൂശി യൂറോപ്യൻ പര്യടനത്തിനു പുറപ്പെട്ടു. താൻ ആരാധനാപൂർവ്വം നോക്കിക്കാണുന്ന പടിഞ്ഞാറൻ മണ്ണിലെ ജീവിതം നേരിട്ട് അനുഭവിക്കുകയായിരുന്നു ഉദ്ദേശ്യം. ഏഴു മാസത്തിനിടയിൽ തുർക്കി, ബൾഗേറിയ, യൂഗോസ്ലാവിയ, ജർമനി, ഫ്രാൻസ്, ബെൽജിയം, നെതർലാൻറ്സ് എന്നിവിടങ്ങളിൽ ചുറ്റിക്കറങ്ങി. സ്വയം തൊഴിലെടുത്ത് യാത്രക്കൂലി ഒപ്പിച്ചായിരുന്നു യാത്ര. എല്ലായിടത്തും യൂത്ത് ഹോസ്റ്റലുകളിൽ തങ്ങിയ അദ്ദേഹത്തിന് തദ്ദേശീയ യുവതലമുറയുമായി സം‌വദിക്കാനുള്ള അവസരം ലഭിച്ചു. ഏഴു മാസം കഴിഞ്ഞ് സിറിയയിലേക്ക് മടങ്ങുമ്പോൾ ഇത്രകാലം മനസ്സിൽ സൂക്ഷിച്ചിരുന്ന പടിഞ്ഞാറിൻറെ ശോഭനചിത്രങ്ങൾക്ക് മങ്ങലേറ്റിരുന്നു.

ഇസ്‌ലാമിസത്തിലേക്ക്

തിരുത്തുക

സിറിയയിൽ തിരിച്ചെത്തിയ അദ്ദേഹം അന്ന് സജീവമായിരുന്ന സോഷ്യലിസ്റ്റ് യൂനിയനിൽ ചേർന്നു പ്രവർ‍ത്തിച്ചെങ്കിലും അദ്ദേഹത്തിൻറെ അന്വേഷണങ്ങൾ അപ്പോഴും അന്തിമഘട്ടത്തിലെത്തിയിരുന്നില്ല. അറബ് സോഷ്യലിസത്തിലെ ഇസ്‌ലാമിൻറെ സ്ഥാനത്തെക്കുറിച്ച് അദ്ദേഹം പാർട്ടി കേഡറുകൾക്കിടയിൽ നിരന്തരം സംവാദം നടത്തി. അറബ് ലോകത്തെ നവജാഗരണത്തെ പിന്നോട്ട് വലിക്കുന്ന യഥാർ‌‌ത്ഥ പ്രശ്നം ഈ വിഷയകമായ അവ്യക്തതയാണെന്ന് ഗനൂശിയും ഏതാനും സഹപ്രവർത്തകരും മനസ്സിലാക്കി. അതിനാൽ ക്ഷയോൻമുഖമായ അറബ്സോഷ്യലിസത്തിനായുള്ള ബദൽ അന്വേഷണങ്ങൾ സിറിയയിലെ മുസ്‌ലിം ബ്രദർ‍ഹുഡിലേക്കും ഹിസ്ബുത്തഹ്‌രീറുൽ ഇസ്‌ലാമിയിലേക്കും നീണ്ടു. അദീബ് സാലിഹ്, സഈദ് റമദാൻ ബൂത്വി, വഹബസ്സുഹൈലി, നാസിറുദ്ദീൻ അൽ‌ബാനി തുടങ്ങിയ പണ്ഢിതരുമായി അദ്ദേഹം ദീർഘമായ ചർച്ചകൾ നടത്തി. തത്ത്വചിന്തകനും മനഃശാസ്ത്രജ്ഞനും ബ്രദർഹുഡ് പ്രവർത്തകനുമായിരുന്ന ജൗദത്ത് സ‌ഈദുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തി.

ഈ ചിന്തകരിലൂടെ ഇസ്‌ലാമിനെ കണ്ടെത്തിയ ഗനൂശി ഇസ്‌ലാമിസത്തിൻറെ സാധ്യതകൾ അനന്തമാണെന്ന് മനസ്സിലാക്കി. എന്നിരുന്നാലും സിറിയയിലെ ഏതെങ്കിലും ഇസ്‌ലാമിക സം‌ഘടനകളിൽ അദ്ദേഹം അംഗത്വം നേടിയില്ല. അവശേഷിച്ച സമയം സമകാലീന ഇസ്‌ലാമിക ചിന്തകരെ വായിക്കാനും പഠിക്കാനും നീക്കി വെക്കുകയായിരുന്നു. മുഹമ്മദ് ഇക്‌ബാൽ, അബുൽ അ‌അ്‌ലാ മൗദൂദി, സയ്യിദ് ഖുതുബ്, മുഹമ്മദ് ഖുതുബ്, ഹസനുൽ ബന്ന, മാലിക് ബിന്നബി, മുസ്തഫസ്സിബാഈ, അബുൽഹസൻ അലി നദ്‌വി തുടങ്ങിയവരുടെ ഗ്രന്ഥങ്ങൾ അദ്ദേഹം പഠനവിധേയമാക്കി.

ഫ്രാൻസിൽ

തിരുത്തുക

1968ൽ ദമസ്കസ് യൂനിവേഴ്സിറ്റിയിലെ ബിരുദപഠനത്തിനു ശേഷം തത്ത്വചിന്തയിൽ ഉപരിപഠനത്തിനായി അദ്ദേഹം ഫ്രാൻസിലെ സോർബോൺ യൂനിവേഴ്സിറ്റിയിൽ ചേർന്നു. അവിടെ വെച്ച് ഇസ്‌ലാമികപ്രബോധനവുമായി നീങ്ങുന്ന തബ്‌ലീഗ് ഗ്രൂപ്പുകളിലൊന്നുമായി അദ്ദേഹം ബന്ധത്തിലായി. ഇക്കാലയളവിലാണ് അദ്ദേഹം പ്രഭാഷണകല സ്വായത്തമാക്കിയത്. സോർ‌ബോണിൽ പഠിക്കുന്ന കാലത്ത് തന്നെ സമീപത്തെ കാത്തലിക്ക് സ്റ്റുഡൻറ്സ് ക്ലബ്ബിലെ നിത്യസന്ദർശകനായി. തദ്ദേശീയരായതിനാൽ അവരിൽ നിന്ന് ഫ്രഞ്ച് ഭാഷ പഠിക്കാനും സം‌വാദങ്ങൾ നടത്താനും അദ്ദേഹത്തിന് അവസരം ലഭിച്ചു.

തുനീഷ്യയിലേക്ക് വീണ്ടും

തിരുത്തുക

മാസ്റ്റേഴ്സ് ഡിഗ്രിക്കു വേണ്ടിയുള്ള തീസീസ് തയ്യറാക്കാനിരിക്കെയാണ് മൂത്ത ജ്യേഷ്ഠൻ മുഖ്താർ അദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനെത്തിയത്. സ്പെയിൻ വഴി അൾജീരിയയിലൂടെയായിരുന്നു അവരുടെ മടക്കയാത്ര. അൾ‌ജീരിയയിലെത്തിയ അവർ വിശ്രുത ഇസ്‌ലാമിക ചിന്തകൻ മാലിക് ബിന്നബിയെ നേരിൽ കണ്ടു. ഗനൂശിയുടെ ഭാവി മത-രാഷ്ട്രീയ നിലപാടുകളെ ഏറെ സ്വാധീനിച്ച ഒരുപാട് കൂടിക്കാഴ്ച്ചകളുടേയും ആശയവിനിമയങ്ങളുടേയും തുടക്കമായിരുന്നു അത്.

തുനീഷ്യയിൽ വീണ്ടും തബ്‌ലീഗ് കൂട്ടായ്മകളുമായി ബന്ധപ്പെട്ട ഗനൂശി അവിടെ വെച്ചാണ് അബ്ദുൽ ഫത്താഹ് മോറോയെ പരിചയപ്പെടുന്നത്. ഈ കൂട്ടായ്മ പിന്നീട് ഇസ്‌ലാമിക് ട്രെൻറ് മുവ്മെൻറിലേക്കും തുടർന്ന് ഇന്ന് തുനീഷ്യയിലെ മുഖ്യപ്രതിപക്ഷമായ അന്നഹ്ദയിലേക്കും നയിച്ചു.

ഇസ്‌ലാമിക് ട്രെൻറ് മുവ്മെൻറ് രൂപവത്കരണം

തിരുത്തുക

അറുപതുകളുടെ അവസാനത്തിൽ ടുണീഷ്യയിലെ ഹയർ സെക്കൻററി വിദ്യാർത്ഥികൾക്കിടയിൽ പ്രവർത്തിച്ചു തുടങ്ങിയ ഗനൂശി ഏതാനും ഹയർ സെക്കൻററി, യൂനിവേഴ്സിറ്റി വിദ്യാർത്ഥികളെ ചേർത്ത് ഇസ്‌ലാമിക് ട്രെൻറ് മുവ്മെൻറിന് രൂപം നൽ‌കി.

വിചാരണയും ജയിൽവാസവും

തിരുത്തുക

ടുണീഷ്യയിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിനു പിടിക്കാത്ത രാഷ്ട്രീയ-മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹം തുടർച്ചയായി വിചാരണകൾ‌ക്ക് വിധേയനാവുകയും പലപ്പോഴും ജയിൽശിക്ഷക്ക് വിധിക്കപ്പെടുകയുമുണ്ടായി.

  • 1981-ൽ 11 വർ‌ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ടു.
  • 1987-ൽ ജീവപര്യന്തം തടവിനു വിധിക്കപ്പെട്ടു.
  • 1991-ൽ അദ്ദേഹത്തിൻറെ അഭാവത്തിൽ വീണ്ടും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
  • 1998-ൽ വീണ്ടും ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു.
  • 2011 ലെ വിപ്ലവാനന്തരം സ്വതന്ത്രനായി തുണിഷ്യയിൽ

ആഗോള സംഘടനകളിലെ അം‌ഗത്വം

തിരുത്തുക

1.വേൾഡ് അസംബ്ലി ഫോർ മുസ്‌ലിം യൂത്തിൻറെ (വമി) സ്ഥാപകാംഗം.

2.അറബ് ദേശീയവാദികളും ഇസ്‌ലാമിസ്റ്റുകളും ഒന്നിച്ചണി നിരക്കുന്ന ഇസ്‌ലാമിക് നാഷനലിസ്റ്റ് കോൺഗ്രസ്സിൻറെ സ്ഥാപകാം‌ഗം.

1.സ്ത്രീ ഖുർആനിലും ജീവിതത്തിലും

സ്ത്രീ ശാക്തീകരണത്തിൻ്റേയും വിമോചനത്തിൻ്റേയും ദർശനമാണ് ഇസ്ലാം. സ്വാതന്ത്ര്യബോധവും ഇച്ഛാശക്തിയുമുള്ള സ്ത്രീ സമൂഹത്തെ അത് വളർത്തിയെടുത്തു. കുടുംബത്തിലും സമൂഹത്തിലും അവൾ മാതൃകയായി വർത്തിച്ചു. ഇന്ന് പക്ഷെ ഇസ്ലാമികമല്ലാത്ത ന്യായങ്ങൾ നിരത്തി സ്ത്രിയെ പതിതയും ബന്ധിതയുമാക്കുന്നു ഇസ് ലാമിക സമൂഹം. ഇതിനെ ഈ പുസ്തകത്തിലൂടെ നിശിതമായി ചോദ്യം ചെയ്യുകയാണ് പണ്ഡിതനും ചിന്തകനുമായ ഗനൂശി.

2. നാഗരികതയിലേക്കുള്ള നമ്മുടെ വഴി

3. നാമും പാശ്ചാത്യരും

4. ഇസ്ലാമിക രാഷ്ട്രത്തിൽ പൗരൻ്റെ അവകാശങ്ങൾ.

5. ഇസ്ലാമിക പ്രസ്ഥാനവും മാറ്റവും

അവലം‌ബം

തിരുത്തുക
  1. Feldman, Noah (2011-10-30). "Islamists' Victory in Tunisia a Win for Democracy: Noah Feldman". Bloomberg. Retrieved 2011-10-31.
  2. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 679. 2011 ഫെബ്രുവരി 28. Retrieved 2013 മാർച്ച് 11. {{cite news}}: Check date values in: |accessdate= and |date= (help)
  3. Tunisian Islamist leader Rachid Ghannouchi returns home Rachid Ghannouchi arriving back in Tunisia-BBC report- 30 Jan 2011
  4. Time Magazine (18 April 2012). "TIME 100: The List". Time Magazine. Archived from the original on 2013-08-14. Retrieved 14 February 2013.
  5. Foreign Policy. "The FP Top 100 Global Thinkers 2011". Archived from the original on 2020-09-10. Retrieved 2016-02-08. {{cite web}}: |last= has generic name (help)
  • Rachid Ghannouchi: A Democrat within Islamism, By Azzam.S.Tamimi, Oxford University Press, 2001.
  • ഇസ്‌ലാമിൻറെ ലോകം: പ്രബോധനം വിശേഷാൽപതിപ്പ്
"https://ml.wikipedia.org/w/index.php?title=റാശിദ്_ഗനൂശി&oldid=3811329" എന്ന താളിൽനിന്ന് ശേഖരിച്ചത്