പുട്ട്

ദക്ഷിണേന്ത്യൻ പ്രാതൽ വിഭവം
(Puttu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളീയരുടെ ഒരു പ്രധാ‍ന പ്രാതൽ വിഭവമാണ് പുട്ട്. ദക്ഷിണമലബാറിലും തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളിയിലും‍ പിട്ട് എന്നും തൃശൂർ ജില്ലയിലെ മറ്റു ചിലയിടങ്ങളിൽ പൂട്ട് എന്നും അറിയപ്പെടുന്നുണ്ട്. കേരളത്തെ കൂടാതെ ശ്രീലങ്കയിലും പുട്ട് കണ്ടുവരുന്നുണ്ട്. നനച്ച അരിപ്പൊടി ആവിയിൽ പുഴുങ്ങിയാണ് സാധാരണ പുട്ടുണ്ടാക്കുന്നത്. അരിപ്പൊടി കൂടാതെ ഗോതമ്പ് പൊടിയും റവയും റാഗിയും (പഞ്ഞപ്പുൽ‌പ്പൊടി) മരച്ചീനിപ്പൊടിയും ഉപയോഗിയ്‌ക്കാറുണ്ട്‌. പുട്ടുകുറ്റിയിൽ ചെറുതായി വെള്ളം ചേർത്തു കുഴച്ച (കുഴമ്പു പരുവത്തിലാവാതെ ശ്രദ്ധിക്കണം} അരിപ്പൊടിയും ചിരകിയ തേങ്ങയും ഒന്നിടവിട്ട അടുക്കുകളായി നിറക്കുന്നു. ചിരകിയ തേങ്ങ നേരിയ അടുക്കായാണ്‌ നിറക്കുന്നത്. പുട്ടുകുറ്റിയിലെ വെള്ളം ആവിയായി ഈ അടുക്കുകളിലൂടെ പ്രവഹിക്കുകയും പുട്ടു വേവുകയും ചെയ്യുന്നു. പുട്ടുകുറ്റി നിലവിൽ വരും മുമ്പ് , ഗ്രാമപ്രദേശങ്ങളിൽ വലിയ കണ്ണൻ ചിരട്ട ഉപയോഗിച്ചിരുന്നു. ഇത്തരം പുട്ടിനെ 'ചിരട്ടപുട്ട്' എന്നു പറയുന്നു. സൗകര്യാർത്ഥം ചേരുവകൾ ചേർത്ത് ചക്കപ്പുട്ട്, ഇറച്ചിപ്പുട്ട് എന്നിവയും ഈയിടെയായി ഇഷ്ടാനുസരണം തയ്യാറാക്കാറുണ്ട്.

പുട്ട്
പുട്ടും കടലക്കറിയും
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: ദക്ഷിണേന്ത്യ, ശ്രീ ലങ്ക
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: പലഹാരം
പ്രധാന ഘടകങ്ങൾ: അരി, തേങ്ങ, വെള്ളം

പേരിനു പിന്നിൽ

തിരുത്തുക
 
Wiktionary
പുട്ട് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

പാലി ഭാഷയിലെ പിട്‍ഠാ എന്ന പദത്തിൽ(അർത്ഥം ധാന്യപ്പൊടി) നിന്നാണ്‌ പിട്ട് രൂപം കൊണ്ടത്. [1] പുട്ട് എന്നത് മറ്റൊരു രൂപാന്തരം.[2] സംസ്കൃതത്തിലെ പിഷ്ഠാ എന്ന പദത്തിൽ നിന്നാവണം പാലിയിലെ പദം നിഷ്പന്നമായത് . വേറൊരു അഭിപ്രായം മലയാളത്തിലെ കഷണം എന്ന അർഥത്തിലുള്ള "പൊട്ട്" എന്ന പദത്തിൽ നിന്നാണ് പുട്ട് എന്ന പദം ഉണ്ടായത് എന്നാണ്. രണ്ടാമത്തെ അനുമാനമാണ് ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

ഉപവിഭവങ്ങൾ

തിരുത്തുക

പുട്ടും കടലയും, പുട്ടും പയറും, പുട്ടും പപ്പടവും, പുട്ടും മീൻ‌കറിയും, പുട്ടും ഇറച്ചിക്കറിയും, പുട്ടും പനങ്കള്ളു വാറ്റിയുണ്ടാക്കുന്ന പാ‍നിയും, പുട്ടും പഴവും, പുട്ടും പഞ്ചസാരയും എന്നിവ മലയാളികൾക്കു പ്രിയങ്കരമായ ചേരുവകളാണ്.

പ്രാതലായാണ് സാധാരണ വിളമ്പുന്നതെങ്കിലും വൈകീട്ടും ഇത് ഉപയോഗിക്കാറുണ്ട്. തമിഴ്നാട്ടിൽ ഇത് ചിരകിയ നാളികേരവും ശർക്കരയും ചേർത്തോ മധുരം ചേർത്ത നാളികേരപ്പാലു ചേർത്തോ വിളമ്പാറുണ്ട്.

 
ഗോതമ്പ് പുട്ടും പഴവും

ഗോതമ്പുപൊടി, ഉണക്കക്കപ്പ പൊടി, ചോളപ്പോടി, പുല്ലുപൊടി എന്നിവകൊണ്ടും, കാരറ്റ്, ചീര, ചക്കപ്പഴം എന്നിവ ചേർത്തും ഉണ്ടാക്കാറുണ്ട്.

അരിപ്പൊടിയിൽ അല്പം ഉപ്പും കുറച്ച് ചിരകിയ നാളികേരവും ചേർത്ത് വെള്ളം ചേർത്ത് കുഴമ്പുപരുവത്തിലാക്കി ഗോലി വലിപ്പത്തിലുള്ള ചെറിയ ഉരുളകളാക്കി ആവിയിൽ വേവിച്ചെടുക്കുന്നതാണ് മണിപ്പുട്ട്.

ഭക്ഷണശാലകൾ

തിരുത്തുക

കേരളത്തിലെ മിക്ക നാടൻ ഭക്ഷണശാലകളിലും പുട്ട് ഒരു പ്രധാന വിഭവമാണ്.പുട്ടിനു മാത്രമായും ചില റെസ്റ്റോറന്റുകൾ കേരളത്തിലെ നഗരങ്ങളിൽ പ്രവർത്തിക്കുന്നു. 'ദേ പുട്ട്' ഇത്തരമൊരു സ്ഥാപനമാണ് [3]

ചിത്രശാല

തിരുത്തുക
  1. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. S. N., Sadasivan (2000). A Social History of India. New Delhi: A.P.H. Publishing Corporation. ISBN 81-7648-170-x. {{cite book}}: Check |isbn= value: invalid character (help)
  3. [1][പ്രവർത്തിക്കാത്ത കണ്ണി]|പുട്ടടിക്കാൻ കൊച്ചിയിൽ ദിലീപിന്റെ 12 മണിക്കൂർ പുട്ടുകട തുറന്നു 'ദേ പുട്ട്‌'

കുറിപ്പുകൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പുട്ട്&oldid=4122595" എന്ന താളിൽനിന്ന് ശേഖരിച്ചത്