പ്രാകൃതം
പുരാതനഭാരതത്തിൽ ഏകദേശം ബി.സി.ഇ 300നും സി.ഇ 800നും ഇടയിൽ ഉപയോഗത്തിലിരുന്ന മധ്യ ഇന്തോ-ആര്യൻ ഭാഷകളുടേയും ഭാഷാഭേദങ്ങളുടേയും വിശാലമായ ഒരു കുടുംബത്തെയാണ് പ്രാകൃതം അഥവാ പ്രാകൃത് എന്നു പറയുന്നത്. [1][2]ക്ഷത്രിയരാജാക്കന്മാരുടെ പ്രോത്സാഹനത്തിൻ കീഴീൽ പ്രാകൃതഭാഷകൾ സാഹിത്യഭാഷയായി പരിണമിക്കപ്പെട്ടിട്ടുണ്ടെങ്കിലും യാഥാസ്ഥിതികബ്രാഹ്മണർ ഇതിനെ അംഗീകരിച്ചിരുന്നില്ല. അശോകന്റെ ശിലാശാസനങ്ങളിലാണ് ആദ്യമായി പ്രാകൃതത്തിന്റെ വ്യാപകമായ ഉപയോഗം ദർശിക്കാനാകുന്നത്. മധ്യകാലഘട്ടത്തിലെ മധ്യ ഇന്തോ-ആര്യൻ ഭാഷകളെയാണ് പൊതുവെ പ്രാകൃതം എന്ന പദമുപയോഗിച്ച് സൂചിപ്പിക്കുന്നത്. പാലിയേയും വളരെ പഴയ ലിഖിതങ്ങളേയും പ്രാകൃതത്തിന്റെ നിർവചനത്തിൽ പെടുത്തുന്നില്ല. [3]
പ്രാകൃതം | |
---|---|
Prakrit | |
ഭൗമശാസ്ത്രപരമായ സാന്നിധ്യം | ഉത്തര പശ്ചിമ ഇന്ത്യ |
ഭാഷാ കുടുംബങ്ങൾ | ഇന്തോ-യൂറോപ്യൻ ഭാഷകൾ |
ISO 639-2 / 5 | pra |
Glottolog | None midd1350 (Middle Indo-Aryan) |
പ്രാകൃതത്തിനു തന്നെ ദേശഭേദമനുസരിച്ച് വിവിധ ഭേദങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന് മഗധയിൽ ഉപയോഗിച്ചിരുന്ന പ്രാകൃതഭാഷയാണ് മാഗധി[4]. അതുപോലെ പ്രാകൃതം എഴുതുന്നതിനായി ഓരോ പ്രദേശങ്ങളിലും വെവ്വേറെ ലിപികളും ഉപയോഗിക്കപ്പെട്ടിരുന്നു. ഉദാഹരണത്തിന് പഞ്ചനദ പ്രദേശങ്ങളിൽ (ഇന്നത്തെ അഫ്ഘാനിസ്താൻ-പാകിസ്താൻ പ്രദേശങ്ങളിൽ), അരമായ ലിപിയിൽ നിന്ന് രൂപമെടുത്ത ഖരോശ്ഥി ലിപിയായിരുന്നു പ്രാകൃതം എഴുതുന്നതിന് ഉപയോഗിച്ചിരുന്നത്.
പദോല്പത്തി
തിരുത്തുകപുരാതന പ്രാകൃതവ്യാകരണമായ പ്രാകൃത പ്രകാശത്തിന്റെ നിർവചനം അനുസരിച്ച് "സംസ്കൃതം എന്നത് പ്രകൃതി (ഉറവിടം) ആണ്" - ആ പ്രകൃതിയിൽനിന്ന് ഉത്ഭവിക്കുന്ന ഭാഷയെ പ്രാകൃതം എന്ന് വിളിക്കുന്നു. പ്രാകൃതവൈയ്യാകരണനായ ഹേമചന്ദ്രന്റെ പ്രാകൃതവ്യാകരണത്തെക്കുറിച്ചുള്ള ഗ്രന്ഥത്തിലും ഇതേ നിർവചനമാണ് സ്വീകരിച്ചിരിക്കുന്നത്. [5]എന്നാൽ മോണിയർ മോണിയർ-വില്യംസിന്റെ (1819–1899) നിഘണ്ടുവിൽ ഈ പദത്തിനെ വിപരീത അർത്ഥത്തിലാണ് വ്യാഖ്യാനിക്കുന്നത്: “പ്രാകൃത് എന്ന വാക്ക് ഉരുത്തിയപ്പെട്ട പ്രാകൃത എന്ന പദത്തിന്റെ അർത്ഥം “യഥാർത്ഥം, സ്വാഭാവികം, സാധാരണം " എന്നാണ്. ഈ പദം ഉത്ഭവിച്ചത് "പ്രകൃതിയിൽ നിന്നാണ്, പ്രകൃതി അർത്ഥമാക്കുന്നത് "യഥാർത്ഥം അല്ലെങ്കിൽ സ്വാഭാവിക രൂപം അല്ലെങ്കിൽ പ്രാഥമിക പദാർത്ഥം നിർമ്മിക്കുക അല്ലെങ്കിൽ സ്ഥാപിക്കുക" എന്നാണ്. ഭാഷാപരമായി ഇത് സംസ്കൃതത്തിനു ("പരിഷ്‌ക്കരിച്ച") വിപരീതമായി ഉപയോഗിക്കുന്നു.
നിർവചനങ്ങൾ
തിരുത്തുകആധുനിക പണ്ഡിതന്മാർ "പ്രാകൃത്" എന്ന പദം രണ്ട് ആശയങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു:[6]
- പ്രാകൃത ഭാഷകൾ: പരസ്പരം ബന്ധപ്പെട്ട സാഹിത്യത്തിലുപയോഗിച്ചിരുന്ന ഭാഷകളുടെ ഒരു കൂട്ടം
- പ്രാകൃത ഭാഷ: കവിതകളിൽ പ്രാഥമിക ഭാഷയായി ഉപയോഗിച്ചിരുന്ന പ്രാകൃത ഭാഷകളിലൊന്ന്
ചില ആധുനിക പണ്ഡിതന്മാർ എല്ലാ മധ്യ ഇന്തോ-ആര്യൻ ഭാഷകളേയും 'പ്രാകൃത്' എന്ന പദപ്രയോഗത്തിൽ ഉൾക്കൊള്ളിക്കുന്നു. മറ്റുള്ളവർ ഈ ഭാഷകളുടെ സ്വതന്ത്ര വികാസത്തിന് ഊന്നൽ നൽകുന്നു. ഈ ഭാഷകൾ പലപ്പോഴും സംസ്കൃതഭാഷയുടെ ചരിത്രത്തിൽ നിന്ന് ജാതി, മതം, ഭൂമിശാസ്ത്രം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു.[7]
സംസ്കൃതത്തിൽ നിന്ന് വ്യതിയാനമുള്ള ഏത് മധ്യ ഇന്തോ-ആര്യൻ ഭാഷയും "പ്രാകൃത്" എന്ന പദത്തിന്റെ വിശാലമായ നിർവചനത്തിൽ പെടുന്നു. [8]അമേരിക്കൻ പണ്ഡിതൻ ആൻഡ്രൂ ഒലെറ്റിന്റെ അഭിപ്രായത്തിൽ പുരാതന ഇന്ത്യയിൽ "പ്രാകൃത്" എന്ന് വിളിക്കപ്പെടാത്ത താഴെപ്പറയുന്ന ഭാഷകൾ, ഈ നിർവചനം മൂലം പ്രാകൃത് എന്ന് വിവക്ഷിക്കാൻ ഇടയാക്കുന്നു.[9]
- അശോകന്റെ ശിലാശാസനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ, അശോകൻ പ്രാകൃതമെന്നറിയപ്പെടുന്നു
- അശോകനുശേഷമുള്ള ഇന്ത്യൻ സ്തൂപങ്ങളിലുപയോഗിച്ചിരിക്കുന്ന ഭാഷ
- ശ്രീലങ്കയിലെ ലിഖിതങ്ങളുടെ ഭാഷ, എളു (സിംഹളീസ് പ്രാകൃതം)
- പാലി
- ബുദ്ധമതമിശ്രണഭാഷ
- ഗാന്ധാരി ഭാഷ. വടക്കുപടിഞ്ഞാറൻ പാക്കിസ്താൻ മുതൽ പടിഞ്ഞാറൻ ചൈന വരെയുള്ള പ്രദേശങ്ങളിൽനിന്ന് കണ്ടെടുത്തിട്ടുള്ള കൈയുഴുത്തുപ്രതികളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയാണ് ഗാന്ധാരി ഭാഷ.
ജർമ്മൻ ഇൻഡോളജിസ്റ്റുകളായ റിച്ചാർഡ് പിഷെൽ, ഓസ്കാർ വോൺ ഹിനബെർ എന്നിവരുടെ അഭിപ്രായത്തിൽ "പ്രാകൃത്" എന്ന പദം സാഹിത്യത്തിൽ മാത്രം ഉപയോഗിച്ചിരുന്ന കുറച്ച് ഭാഷകളെ സൂചിപ്പിക്കുന്നു. ഉദാഹരണമായി:
- നാടകങ്ങളിലെ പ്രാകൃത്
- ഈ ഭാഷകൾ ദ്വിതീയഭാഷകളായി നാടകങ്ങളിൽ മാത്രം ഉപയോഗിച്ചു കാണുന്നു
- ഭാഷകളുടെ പേരുകൾ പ്രാദേശികബന്ധങ്ങളെ സൂചിപ്പിക്കുന്നു. (ശൗരസേനി, മാഗധി, അവന്തി എന്നിങ്ങനെ). എന്നാൽ ഈ ബന്ധങ്ങൾ പലതും സാങ്കൽപ്പികങ്ങളാണ്.
- പ്രാഥമിക പ്രാകൃതങ്ങൾ
- ഈ ഭാഷകൾ സാഹിത്യ ക്ലാസിക്കുകളിൽ പ്രാഥമിക ഭാഷകളായി ഉപയോഗിക്കുന്നു, ഉദാഹരണത്തിന് സത്തസായി
- മഹാരാഷ്ട്ര പ്രാകൃത്. ദണ്ഡിയുടെ കാവ്യദർശനമനുസരിച്ച് മഹാരാഷ്ട്ര പ്രദേശത്തിൽ പ്രചാരത്തിലുണ്ടായിരുന്നതും രാവണ-വഹോ (സേതുബന്ധ എന്നുമറിയപ്പെടുന്നു) തുടങ്ങിയ കവിതകൾ രചിക്കപ്പെട്ടിരിക്കുന്ന ഭാഷ
സംസ്കൃതത്തിലും പ്രാകൃതത്തിലും പണ്ഡിതനായ ശ്രേയാൻഷ് കുമാർ ജെയിൻ ശാസ്ത്രിയുടെയും എ.സി. വൂൾനറിന്റെയും അഭിപ്രായത്തിൽ ജൈനമതത്തിന്റെ വേദഗ്രന്ഥങ്ങൾ എഴുതാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന അർദ്ധമഗാദി പ്രാകൃതത്തെ ആധികാരിക പ്രാകൃതരൂപമായി കണക്കാക്കുന്നു മറ്റുള്ള പ്രാകൃതങ്ങൾ അർദ്ധമാഗധിയുടെ വകഭേദങ്ങളായി കണക്കാക്കപ്പെടുന്നു. അതിനാൽ പ്രാകൃത വ്യാകരണക്കാർ ആദ്യം അർദ്ധമാഗധിയുടെ മുഴുവൻ വ്യാകരണവും വിശദീകരിച്ചതിനുശേഷം മറ്റ് പ്രാകൃതവ്യാകരണങ്ങളെ അതുമായി ബന്ധപ്പെട്ട് നിർവ്വചിക്കുന്നു. [10]
വ്യാകരണം
തിരുത്തുകമാർക്കണ്ഡേയൻ (16 -ആം നൂറ്റാണ്ടിന്റെ അവസാനം) തുടങ്ങിയ മധ്യകാല വൈയ്യാകരണന്മാർ ചിട്ടപ്പെടുത്തിയെടുത്ത പ്രാകൃതവ്യാകരണത്തെക്കുറിച്ച് വിവരിക്കുന്നു. എന്നാൽ നിലവിൽ ലഭിച്ചിട്ടുള്ള പ്രാകൃതഗ്രന്ഥങ്ങൾ ഈ വ്യാകരണനിയമങ്ങൾ പാലിക്കുന്നില്ല. [11] ഉദാഹരണത്തിന്, വിശ്വനാഥന്റെ (14 -ആം നൂറ്റാണ്ട്) അഭിപ്രായമനുസരിച്ച് സംസ്കൃതനാടകത്തിലെ കഥാപാത്രങ്ങൾ പദ്യത്തിൽ മഹാരാഷ്ട്രീ പ്രാകൃതവും ഗദ്യത്തിൽ ശൗരസേനി പ്രാകൃതവും സംസാരിക്കണം. എന്നാൽ പത്താം നൂറ്റാണ്ടിലെ സംസ്കൃതനാടകകൃത്തായ രാജശേഖരൻ ഈ നിയമങ്ങളെ അനുസരിക്കുന്നില്ല. മാർക്കണ്ഡേയനും സ്റ്റെൻ കോനോവിനെപ്പോലുള്ള പിൽക്കാലപണ്ഡിതരും രാജശേഖരന്റെ രചനകളിൽ പ്രാകൃതത്തിലുള്ള ഭാഗങ്ങളിൽ തെറ്റുകൾ കണ്ടെത്തി. എന്നാൽ വിശ്വനാഥൻ ഉദ്ധരിച്ച നിയമങ്ങൾ രാജശേഖരന്റെ കാലത്തുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. രാജശേഖരൻ തന്നെ സംസ്കൃതം, അപഭ്രംശ, പൈശാചി എന്നീ ഭാഷകളോടൊപ്പം പ്രാകൃതത്തെ ഒറ്റ ഭാഷയായി സങ്കൽപ്പിക്കുന്നു.[12]
ജർമ്മൻ ഇൻഡോളജിസ്റ്റായ തിയോഡർ ബ്ലോച്ച് (1894) മധ്യകാല പ്രാകൃതവൈയ്യാകരണന്മാരെ വിശ്വസനീയരല്ലെന്ന് തള്ളിപ്പറഞ്ഞു. [11]അവർക്ക് നൂറ്റാണ്ടുകൾക്ക് മുമ്പ് രചിച്ച പാഠങ്ങളുടെ ഭാഷ വിവരിക്കാനുള്ള യോഗ്യതയില്ലെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ സ്റ്റെൻ കോനോവ്, റിച്ചാർഡ് പിഷൽ, ആൽഫ്രഡ് ഹില്ലെബ്രാന്റ് എന്നീ മറ്റ് ചില പണ്ഡിതർ ബ്ലോച്ചിനോട് വിയോജിക്കുന്നു. [13]'ഗാഹ സത്തസായി' പോലുള്ള പ്രാകൃതസാഹിത്യത്തിലെ ആദ്യകാല ക്ലാസിക്കുകളുടെ ഭാഷ മാത്രം ക്രോഡീകരിക്കാൻ വൈയ്യാകരണന്മാർ ശ്രമിച്ചതുകൊണ്ടാണ് പ്രാകൃതഗ്രന്ഥങ്ങൾ വ്യാകരണനിയമങ്ങളെ അനുസരിക്കാത്തതെന്നു കരുതുന്നു. [12]ലഭ്യമായ പ്രാകൃതകയ്യെഴുത്തുപ്രതികളിൽ തെറ്റുകൾ അടങ്ങിയിരിക്കുന്നു എന്നതാണ് മറ്റൊരു വിശദീകരണം. അവശേഷിക്കുന്ന മിക്ക പ്രാകൃതകയ്യെഴുത്തുപ്രതികളും 1300-1800 സി.ഇ കാലഘട്ടത്തിൽ വിവിധ പ്രാദേശികലിപികളിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്. മുമ്പത്തെ കയ്യെഴുത്തുപ്രതികളിൽ നിന്ന് ഈ പകർപ്പുകൾ നിർമ്മിച്ച എഴുത്തുകാർക്ക് പാഠങ്ങളുടെ യഥാർത്ഥ ഭാഷയിൽ നല്ല ജ്ഞാനം ഉണ്ടായിരുന്നില്ല. ലഭ്യമായ നിരവധി പ്രാകൃതഗ്രന്ഥങ്ങൾ മനസ്സിലാക്കാൻ കഴിയാത്തതോ തെറ്റുകളുൾക്കൊള്ളുന്നതോ ആണ്.[11]
വരരുചി രചിച്ചതായി കരുതപ്പെടുന്ന പ്രാകൃത പ്രകാശ എന്ന ഗ്രന്ഥം പ്രാകൃതഭാഷകളുടെ സംഗ്രഹമാണ്.[14]
പ്രചാരം
തിരുത്തുകവടക്ക് കാശ്മീർ മുതൽ തെക്ക് തമിഴ്നാട് വരെയും പടിഞ്ഞാറ് സിന്ധ് മുതൽ കിഴക്ക് ബംഗാൾ വരെയും ദക്ഷിണേഷ്യയുടെ വിശാലമായ പ്രദേശത്തിലുടനീളം പ്രാകൃതസാഹിത്യം രചിക്കപ്പെട്ടിരുന്നു. ഇന്ത്യക്ക് പുറത്ത്, കംബോഡിയയിലും ജാവയിലും പ്രാകൃതം അറിയപ്പെട്ടിരുന്നു.[15]
പ്രാകൃതം സാധാരണക്കാർ സംസാരിച്ചിരുന്ന ഒരു ഭാഷ ആണെന്ന് തെറ്റായി അനുമാനിക്കപ്പെട്ടിരുന്നു. കാരണം അത് പുരാതന ഇന്ത്യൻ സാഹിത്യത്തിലെ പ്രധാന ഭാഷയായ സംസ്കൃതത്തിൽ നിന്ന് വ്യത്യസ്തമായതുകൊണ്ടാണ്. [16]എന്നാൽ ജോർജ്ജ് എബ്രഹാം ഗ്രിയേഴ്സണും റിച്ചാർഡ് പിഷേലും പോലുള്ള നിരവധി ആധുനിക പണ്ഡിതന്മാർ, പ്രാകൃതം പുരാതന ഇന്ത്യയിലെ സാധാരണ ജനങ്ങൾ സംസാരിക്കുന്ന യഥാർത്ഥ ഭാഷകളെ പ്രതിനിധീകരിച്ചിരുന്നില്ലെന്ന് അഭിപ്രായപ്പെടുന്നു. [17]ഉദ്ദ്യോതനന്റെ കുവലയ-മാലയിൽ (സി.ഇ. 779) ചിത്രീകരിച്ചിരിക്കുന്ന ചന്തയിലെ ഒരു രംഗം ഈ സിദ്ധാന്തത്തെ സ്ഥിരീകരിക്കുന്നു. അതിൽ ആഖ്യാതാവ് 18 വ്യത്യസ്ത ഭാഷകളിൽ കുറച്ച് വാക്കുകൾ സംസാരിക്കുന്നു. ഈ ഭാഷകളിൽ ചിലത് ആധുനിക ഇന്ത്യയിൽ സംസാരിക്കുന്ന ഭാഷകൾക്ക് സമാനമാണ്; എന്നാൽ അവയൊന്നും ഉദ്യോതനൻ "പ്രാകൃതം" എന്ന് വ്യക്തമാക്കുന്നതും കൃതിയിലുടനീളം ആഖ്യാനത്തിനായി ഉപയോഗിക്കുന്നതുമായ ഭാഷയോട് സാമ്യമുള്ളതല്ല. [16]
സാഹിത്യം
തിരുത്തുകക്ലാസിക്കൽ ഇന്ത്യൻ സംസ്‌കാരത്തിലെ പ്രധാനഭാഷകളിലൊന്നായിരുന്നു പ്രാകൃതം. [18]ദണ്ഡിയുടെ കാവ്യാദർശം(700 സി.ഇ യോടടുത്ത്) എന്ന കൃതിയിൽ സംസ്‌കൃതം, പ്രാകൃതം, അപഭ്രംശം, സമ്മിശ്രം എന്നിങ്ങനെ നാല് തരം സാഹിത്യ ഭാഷകളെ പരാമർശിക്കുന്നു. [19]ഭോജന്റെ സരസ്വതി-കാന്തഭരണം (11-ാം നൂറ്റാണ്ട്) സാഹിത്യരചനയ്ക്ക് അനുയോജ്യമായ ചുരുക്കം ചില ഭാഷകളിൽ പ്രാകൃതത്തെ പെടുത്തുന്നു. [18]കാളിദാസന്റെ അഭിജ്ഞാനശാകുന്തളം സംസ്കൃതത്തിനു പുറമേ പ്രാകൃതത്തിന്റെ ഭേദങ്ങളായ മഗധി, ശൗരസേനി എന്നീ ഭാഷകളിലാണ് രചിക്കപ്പെട്ടിരിക്കുന്നത്[20]. കാളിദാസന്റെ നാടകങ്ങളിൽ രാജാവും ബ്രാഹ്മണരും സംസ്കൃതം സംസാരിക്കുമ്പോൾ മറ്റുള്ളവർ പ്രാകൃതഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്[21]. ഒന്നാം നൂറ്റാണ്ടിൽ ശതവാഹനസാമ്രാജ്യത്തിലെ ഹാലൻ എന്ന രാജാവ് പ്രാകൃതഭാഷയിലെ 700 പദ്യങ്ങൾ സമാഹരിച്ചു. സത്തസായി എന്നാണ് ഇത് അറിയപ്പെടുന്നത് (സംസ്കൃതത്തിൽ സപ്തശതി).[20]. വള്ളത്തോൾ ഇതിനെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഗ്രാമസൗഭാഗ്യം എന്നാണ് വള്ളത്തോളിന്റെ പരിഭാഷയുടെ പേര്.
മിർസ ഖാന്റെ തുഹ്ഫത് അൽ-ഹിന്ദ് (1676) ഇന്ത്യയിൽ നിന്നുള്ള മൂന്ന് തരം സാഹിത്യ ഭാഷകളായി പ്രാകൃതം, സംസ്കൃതം, പ്രാദേശികഭാഷകൾ എന്നിവയെ വിവരിക്കുന്നു. ഈ കൃതി പ്രാകൃതത്തെ സംസ്കൃതത്തിന്റെയും പ്രാദേശിക ഭാഷകളുടെയും മിശ്രിതമാണെന്ന് വിശേഷിപ്പിക്കുന്നു, കൂടാതെ പ്രാകൃതം "രാജാക്കന്മാരുടെയും മന്ത്രിമാരുടെയും പ്രമാണിമാരുടെയും പ്രശംസക്കായാണ് കൂടുതലും ഉപയോഗിച്ചിരുന്നു" എന്നും കൂട്ടിച്ചേർക്കുന്നു.[22]
ഒന്നാം സഹസ്രാബ്ദത്തിന്റെ വലിയൊരു സമയത്ത് സാഹിത്യകാരന്മാർക്ക് സാങ്കൽപ്പിക പ്രണയത്തിന് ഇഷ്ടപ്പെട്ട ഭാഷ പ്രാകൃതമായിരുന്നു. എന്നാൽ അതേ സമയം സംസ്കൃതത്തിന്റെ ആധിപത്യം കാരണം ചിട്ടയായ അറിവിന്റെ ഭാഷ എന്ന നിലയിൽ അതിന്റെ ഉപയോഗം പരിമിതമായിരുന്നു. എങ്കിലും വ്യാകരണം, നിഘണ്ടുശാസ്ത്രം, അളവുകൾ, ആൽക്കെമി, വൈദ്യശാസ്ത്രം, ഭാവികഥനം, രത്നശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ പ്രാകൃത ഗ്രന്ഥങ്ങൾ നിലവിലുണ്ട്.[23] ജൈനന്മാർ സാഹിത്യം, വ്യാഖ്യാനങ്ങൾ, ധാർമ്മികകഥകൾ, ശ്ലോകങ്ങൾ, ജൈനസിദ്ധാന്തത്തിന്റെ വിശദീകരണങ്ങൾ എന്നിവക്കായി പ്രാകൃതം ഉപയോഗിച്ചിരുന്നു.[24] ചില ശൈവതന്ത്രങ്ങളും വൈഷ്ണവശ്ലോകങ്ങളും പ്രാകൃതത്തിലുണ്ട്.[15]
നിരവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ എന്നതിലുപരി, സംസ്‌കൃത നാടകങ്ങളിൽ ഉന്നതകുലജാതരേതര ജനങ്ങളുടെ ഭാഷയായും പ്രാകൃതത്തെ വിശേഷിപ്പിക്കുന്നു.[25] അമേരിക്കൻ പണ്ഡിതനായ ആൻഡ്രൂ ഓലെറ്റ് സംസ്‌കൃത കാവ്യത്തിന്റെ ഉത്ഭവം പ്രാകൃതകാവ്യങ്ങളിൽ നിന്നാണെന്നാണ് അനുമാനിക്കുന്നു.[26]
19-20 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന യൂറോപ്യൻ പണ്ഡിതരായ ഹെർമൻ ജേക്കബി, ഏണസ്റ്റ് ല്യൂമാൻ എന്നിവർ പ്രാകൃതസാഹിത്യത്തെ ജൈന, ജൈനേതര എന്നിങ്ങനെ വേർതിരിക്കുന്നു. പഴയ പ്രാകൃതകവിതയിൽ നിന്ന് വ്യത്യസ്തമായി, താരതമ്യേന വൈകി രചിക്കപ്പെട്ടതും താരതമ്യേന കൂടുതൽ സംസ്‌കൃതത്താൽ സ്വാധീനിക്കപ്പെട്ടതുമായ ആഖ്യാന സാഹിത്യത്തിന്റെ ഭാഷയെ സൂചിപ്പിക്കാൻ ജാക്കോബി "ജൈനപ്രകൃതം" (അല്ലെങ്കിൽ "ജൈന മഹാരാഷ്ട്രി") എന്ന പദം ഉപയോഗിച്ചു.
ഔദ്യോഗികപദവി
തിരുത്തുകമൗര്യസാമ്രാജ്യത്തിന്റെ കീഴിൽ വിവിധ പ്രാകൃതഭാഷകൾ രാജഭാഷയായി അംഗീകരിക്കപ്പെട്ടിരുന്നു. ബുദ്ധമതരക്ഷാധികാരിയായിരുന്ന അശോക ചക്രവർത്തിയുടെ ഭാഷയായിരുന്നു പാലി.[1]
ഇന്ത്യയിൽ ക്ലാസിക്കൽ കാലഘട്ടത്തിൽ സംസ്‌കൃതത്തേക്കാൾ താഴ്ന്ന സാമൂഹിക പദവിയാണ് പ്രാകൃത ഭാഷകൾക്ക് ഉണ്ടായിരുന്നുവെന്ന് കരുതുന്നു. കാളിദാസന്റെ ശാകുന്തളം പോലെയുള്ള സംസ്‌കൃത നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങൾ സംസ്‌കൃതവും അപ്രധാന കഥാപാത്രങ്ങളും മിക്ക സ്ത്രീ കഥാപാത്രങ്ങളും സാധാരണയായി പ്രാകൃതവുമാണ് സംസാരിക്കുന്നത്.[25]
അവലംബം
തിരുത്തുക- ↑ 1.0 1.1 Richard G. Salomon 1996, പുറം. 377.
- ↑ Alfred C. Woolner 1928, പുറം. 235.
- ↑ Woolner, Alfred C. (1986). Introduction to Prakrit (in ഇംഗ്ലീഷ്). Motilal Banarsidass Publ. pp. 3–4. ISBN 978-81-208-0189-9.
- ↑ "CHAPTER 7 - NEW QUESTIONS AND IDEAS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 69. ISBN 8174504931.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "Sanskrit Manuscripts : Śabdānuśāsanalaghuvṛttyavacūri". Cambridge Digital Library. Retrieved 2019-07-20.
- ↑ Andrew Ollett 2017, പുറം. 11.
- ↑ Madhav Deshpande 1993, പുറം. 33.
- ↑ Andrew Ollett 2017, പുറം. 12.
- ↑ Andrew Ollett 2017, പുറം. 13.
- ↑ Alfred C. Woolner 1928, പുറം. 6.
- ↑ 11.0 11.1 11.2 Andrew Ollett 2017, പുറം. 18.
- ↑ 12.0 12.1 Andrew Ollett 2017, പുറം. 19.
- ↑ Andrew Ollett 2017, പുറങ്ങൾ. 18–19.
- ↑ Dr. Narinder Sharma. Prakrita Prakasha of Vararuchi Dr. P. L. Vaidya (in സംസ്‌കൃതം).
- ↑ 15.0 15.1 Andrew Ollett 2017, പുറം. 9.
- ↑ 16.0 16.1 Andrew Ollett 2017, പുറം. 21.
- ↑ Andrew Ollett 2017, പുറങ്ങൾ. 20–21.
- ↑ 18.0 18.1 Andrew Ollett 2017, പുറം. 6.
- ↑ Andrew Ollett 2017, പുറം. 4.
- ↑ 20.0 20.1 Azhikode, Sukumar (1993). "3-സാഹിത്യം". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 65, 66. ISBN 81-7130-993-3.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "CHAPTER 11 - NEW EMPIRES AND KINGDOMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 118. ISBN 8174504931.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Andrew Ollett 2017, പുറം. 1.
- ↑ Andrew Ollett 2017, പുറം. 8.
- ↑ Andrew Ollett 2017, പുറങ്ങൾ. 8–9.
- ↑ 25.0 25.1 Andrew Ollett 2017, പുറം. 7.
- ↑ Andrew Ollett 2017, പുറം. 15.
- ↑ [http://books.google.com/books?id=ISFBJarYX7YC&pg=PA145&dq=history+of+the+pali+language&sig=ACfU3U2P8niEMFn9ME8litgG1xbStvlmLA#PPA145,M1 Students' Britannica India By Dale Hoiberg, Indu Ramchandani]
പുസ്തകസൂചിക
തിരുത്തുക- Alfred C. Woolner (1928). Introduction to Prakrit (2 (reprint) ed.). Delhi: Motilal Banarsidass. ISBN 978-81-208-0189-9. Retrieved 17 March 2011.
- Richard G. Salomon (1996). "Brahmi and Kharoshthi". In Peter T. Daniels; William Bright (eds.). The World's Writing Systems. Oxford University Press. ISBN 978-0-19-507993-7.
- Andrew Ollett (2017). Language of the Snakes: Prakrit, Sanskrit, and the Language Order of Premodern India. University of California Press. ISBN 978-0-520-29622-0.
- Madhav Deshpande (1993). Sanskrit & Prakrit, Sociolinguistic Issues. Motilal Banarsidass. ISBN 978-81-208-1136-2.