ദണ്ഡി

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

സംസ്കൃത കവിയും ഗദ്യകാരനും അലങ്കാരശാസ്ത്രകാരനുമായിരുന്നു ദണ്ഡി. 7-ആം നൂറ്റാണ്ടിൽ തമിഴ്നാട്ടിൽ ജീവിച്ചിരുന്നതായാണ് കൂടുതൽ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. 6-ആം നൂറ്റാണ്ട് എന്നും 8-ആം നൂറ്റാണ്ട് എന്നും ഇദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. അലങ്കാരശാസ്ത്രകാരനായ ഭാമഹനു ശേഷമാണ് ഇദ്ദേഹത്തിന്റെ കാലഘട്ടം എന്നും ഭാമഹനു മുമ്പാണ് എന്നും ഭിന്നമതവുമുണ്ട്. ഭാമഹൻ അവതരിപ്പിക്കുന്ന ചില തത്ത്വങ്ങളെ ദണ്ഡി വിമർശിക്കുന്നുണ്ടെങ്കിലും ഇവർ പരസ്പരം അറിഞ്ഞിരുന്നില്ല എന്നാണ് അഭിജ്ഞമതം. അന്നു നിലവിലിരുന്ന വിഭിന്ന കാവ്യതത്ത്വങ്ങളിൽ ചിലതിന് അനുകൂലമായും ചിലതിനെ വിമർശിച്ചും ഇവർ കൃതികൾ രചിച്ചതാകാം എന്നും ഇവർ സമകാലികരാകാൻ സാധ്യതയുണ്ടെന്നും പണ്ഡിതന്മാർ വിലയിരുത്തുന്നു. ഭാമഹൻ ഉത്തരേന്ത്യയിലും ദണ്ഡി തമിഴ്നാട്ടിലും ജീവിച്ചിരുന്നതും പരസ്പരം കൃതിയിൽ പരാമർശിക്കപ്പെടാതിരിക്കാൻ കാരണമായി കരുതപ്പെടുന്നു.

ദണ്ഡി ദേശസഞ്ചാരപ്രിയനായിരുന്നതായും ഭാരതത്തിലെ വിഭിന്ന ദേശങ്ങളിൽ നിലനിന്നിരുന്ന ആചാരങ്ങളും സാമൂഹികാവസ്ഥയും മനസ്സിലാക്കിയിരുന്നതായും നിരൂപകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മിത്രങ്ങളായി കേരളീയരായ മാതൃദത്തൻ, ദേവശർമാവ്, ജയന്തൻ, നാരായണൻ, ഭജനാനന്ദൻ, വിമതൻ തുടങ്ങിയവരുടെ പേരുകൾ പരാമർശിക്കപ്പെടുന്നുണ്ട്.

വിജ്ജകയുടെ കഥ

തിരുത്തുക

പുലികേശി ചാലൂക്യന്റെ രണ്ടാമത്തെ പുത്രനായ ചന്ദ്രാദിത്യന്റെ പത്നിയായ വിജയമഹാദേവി പണ്ഡിതയായ കവയിത്രി എന്നനിലയിൽ പ്രശസ്തയായിരുന്നു. വിജ്ജക എന്ന പേരിലാണ് ഇവർ അറിയപ്പെട്ടത്. 7-ആം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിലാണ് വിജ്ജക ജീവിച്ചിരുന്നത് എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ പാണ്ഡിത്യത്തിലും കവിത്വത്തിലും ഇവർ അഹങ്കരിച്ചിരുന്നതായി സൂചിപ്പിക്കുന്ന പരാമർശം ഇങ്ങനെയാണ്: കാവ്യാദർശത്തിന്റെ മംഗളാചരണത്തിൽ ദണ്ഡി സർവശുക്ലയായ സരസ്വതിയെ വന്ദിക്കുന്നു. സരസ്വതീദേവിക്കു നൽകിയ ഈ വിശേഷണം ഇഷ്ടപ്പെടാതിരുന്ന വിജ്ജക നീലോല്പലദളശ്യാമാം വിജ്ജകാം മാമജാനതാ വൃഥൈവ ദണ്ഡിനാ പ്രോക്തം സർവശുക്ലാസരസ്വതീ എന്ന് സ്വയം പുകഴ്ത്തി പറഞ്ഞു. നീലത്താമരയിതൾപോലെ കറുത്ത നിറമുള്ള വിജ്ജക എന്ന എന്നെപ്പറ്റി അറിയാഞ്ഞതിനാലാണ് ദണ്ഡി സരസ്വതീദേവിയെ സർവശുക്ല്-പൂർണമായും ശുഭ്രവർണയായവൾ - എന്നു വിശേഷിപ്പിച്ചത് എന്നാണ് വിജ്ജക പറഞ്ഞത്. ദണ്ഡി വിജ്ജകയുടെ സമകാലികനായിരുന്നു എന്നും 7-ആം നൂറ്റണ്ടിന്റെ ഉത്തരാർധമാണ് ദണ്ഡിയുടെ കാലമെന്നും ഈ കഥ സൂചന നൽകുന്നുണ്ട്.

ചരിത്രം

തിരുത്തുക

ദണ്ഡിയുടെ പൂർവികർ പഞ്ചാബിൽ നിവസിച്ചിരുന്നു. അവിടെ നിന്ന് നാസിക്കിലേക്കു കുടിയേറിയ കുടുംബത്തിലെ ദാമോദരസ്വാമി തമിഴ്നാട്ടിൽ കാഞ്ചീപുരത്തു താമസമാക്കി. ഇദ്ദേഹത്തിന്റെ പുത്രനായ മനോരഥന്റെ പുത്രൻ വീരദത്തന്റെയും ഗൌരിയുടെയും മകനാണ് ദണ്ഡി. കുശിക (കൌശിക) ഗോത്രത്തിൽപ്പെട്ട ബ്രാഹ്മണനായിരുന്നത്രെ ദണ്ഡി. കാഞ്ചിയിൽ പല്ലവരാജഭരണകാലമാണ് ദണ്ഡിയുടെ കാലഘട്ടമെന്ന് ഇദ്ദേഹം സ്വകൃതിയിൽ പരാമർശിക്കുന്ന രത്നവർമ, രാജവർമ എന്നീ രാജാക്കന്മാരുടെ പേരുകൾ തെളിവു നൽകുന്നതായി ചരിത്രകാരന്മാർ കരുതുന്നു.

പ്രശസ്ത കൃതികൾ

തിരുത്തുക

കാവ്യാദർശം എന്ന അലങ്കാരശാസ്ത്രഗ്രന്ഥവും ദശകുമാരചരിതം എന്ന ഗദ്യകാവ്യവുമാണ് ദണ്ഡിയുടെ പ്രശസ്ത കൃതികൾ. അവന്തിസുന്ദരീകഥ എന്ന ഗദ്യകാവ്യവും മൃച്ഛകടികം, ഛന്ദോവിചിതി, കലാപരിച്ഛേദം, ദ്വിസന്ധാനകാവ്യം എന്നീ കൃതികളും ദണ്ഡി രചിച്ചതായി പരാമർശമുണ്ടെങ്കിലും ഇവയുടെ കർതൃത്വത്തെപ്പറ്റി നിശ്ചിതമായ തെളിവില്ല. ദശകുമാരചരിതത്തിൽത്തന്നെ കാവ്യാദർശത്തിൽ അവതരിപ്പിച്ച തത്ത്വങ്ങളിൽനിന്ന് വ്യതിയാനം കാണുന്നുണ്ടെന്നും അതിനാൽ ദശകുമാരചരിതം ദണ്ഡി രചിച്ചതല്ല എന്നു കരുതാം എന്നും ചിലർ നിരൂപണം ചെയ്തിട്ടുണ്ട്. ദണ്ഡി എന്ന പേര് ഇദ്ദേഹത്തിന്റെ യഥാർഥനാമം ആകണമെന്നില്ല എന്നും ദശകുമാരചരിതത്തിലെ മംഗളശ്ലോകത്തിൽ ദണ്ഡ എന്ന പദം അനേകം തവണ പ്രയോഗിച്ചതിനാൽ ദണ്ഡി എന്ന പേരിൽ ഇദ്ദേഹം പ്രശസ്തനായതാകാം എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. പ്രസ്തുത ശ്ലോകം ഇതാണ്:

ജീവിതകാലം നിർണയം

തിരുത്തുക

ദണ്ഡി ദശകുമാരചരിതത്തിൽ തന്റെ പൂർവസൂരികളെ സ്മരിക്കുന്നുണ്ട്. സേതുബന്ധം, ബൃഹത്കഥ എന്നീ കൃതികളെപ്പറ്റി ഇതിൽ പരാമർശിക്കുന്നു. എന്നാൽ ഹർഷചരിതം, കാദംബരി എന്നീ പ്രശസ്ത ഗദ്യകാവ്യങ്ങളെയോ ഇവയുടെ കർത്താവായ ബാണഭട്ടനെയോ പരാമർശിക്കുന്നില്ല. 7-ആം നൂറ്റാണ്ടിന്റെ പൂർവാർധമാണ് ബാണഭട്ടന്റെ കാലഘട്ടമെന്നു കരുതുന്നു. ദണ്ഡിയും ഈ കാലഘട്ടത്തിൽത്തന്നെയോ അതിനുശേഷമോ ജീവിച്ചിരുന്നു എന്നതിന് ബാണഭട്ടനെപ്പറ്റി പരാമർശമില്ലാത്തത് സൂചന നൽകുന്നു.

ത്രയോ ദണ്ഡിപ്രബന്ധാശ്ച ത്രിഷു ലോകേഷു വിശുത്രാഃ (മൂന്നുലോകത്തിലും വിശ്രുതമായ മൂന്ന് പ്രബന്ധങ്ങളാണ് ദണ്ഡിരചിച്ചത്) എന്നു പ്രസ്താവമുണ്ട്. അവന്തിസുന്ദരീകഥ എന്ന ഗദ്യകാവ്യത്തെയാണ് മൂന്നാമത്തെ ഗ്രന്ഥമായി പരിഗണിച്ചിരിക്കുന്നത് എന്നാണ് പണ്ഡിതമതം. ഈ കൃതിയുടെ ചെറിയ ഒരു ഭാഗം മാത്രമേ ലഭ്യമായിട്ടുള്ളൂ.

ഭോജരാജന്റെ ശൃംഗാരപ്രകാശം എന്ന അലങ്കാരശാസ്ത്ര ഗ്രന്ഥത്തിൽ ആചാര്യ ദണ്ഡി രചിച്ച ദ്വിസന്ധാനകാവ്യത്തിലെ പദ്യങ്ങൾ ഉദ്ധരിക്കുന്നുണ്ട്. രാമായണകഥയും മഹാഭാരതകഥയും ഒരേ സമയം വർണിക്കുന്ന ഈ കൃതിയിലെ ഉദ്ധൃതപദ്യങ്ങളിലൊന്നാണ്:

ബാണഭട്ടന്റെയും, രാജാവായ ശ്രീഹർഷന്റെയും കാലത്തു ജീവിച്ചിരുന്നതായി കരുതുന്ന ദണ്ഡിയുടെ ഈ പദ്യത്തിലെ ഹർഷവർധനൻ എന്ന പദം രാജാവായ ശ്രീഹർഷനെ പ്രകീർത്തിക്കുന്നതുമാകാം. ദ്വിസന്ധാനകാവ്യം മിക്കവയും അർഥഗ്രഹണത്തിന് ക്ലേശകരമാണെന്നു കരുതുമ്പോഴും ഈ പദ്യത്തിലെ പദലാളിത്യം ഇത് ദണ്ഡിവിരചിതമാണെന്നു വിശ്വസിക്കാൻ കാരണമാകുന്നു.

സംസ്കൃത ഗദ്യകൃതികളിൽ ഏറ്റവും പ്രശസ്തമായത് ബാണഭട്ടന്റെ കാദംബരി, ഹർഷചരിതം എന്നിവയാണെന്നു പ്രസിദ്ധിയുണ്ടെങ്കിലും സരളവും സുഗ്രഹവുമായ ഗദ്യശൈലി ദണ്ഡിയുടെ ദശകുമാരചരിതത്തിനാണെന്നത് സുസമ്മതമാണ്. ദണ്ഡിനഃപദലാളിത്യം എന്ന വാക്യം ദണ്ഡിയുടെ ഭാഷാശൈലിയെ വെളിപ്പെടുത്തുന്നു.

എന്നാണ് ഇവരുടെ രചനാവിശേഷത്തെ പ്രകീർത്തിക്കുന്നത്.

മറ്റു സംസ്കൃത കാവ്യശാസ്ത്ര ഗ്രന്ഥങ്ങളെ അപേക്ഷിച്ച് ദണ്ഡിയുടെ കാവ്യാദർശത്തിൽ അവതരിപ്പിച്ച കാവ്യതത്ത്വങ്ങൾ ഉദ്ധരിക്കുന്നതിൽ പിൽക്കാല പണ്ഡിതന്മാർ കൂടുതൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. നൂതന തത്ത്വങ്ങൾ എന്നതോടൊപ്പം അവതരണശ്ലോകങ്ങളുടെ അനായാസമായ അർഥഗ്രഹണവും ലളിതപദവിന്യാസവും ഇതിനു കാരണമാണ്.

കാവ്യരചനയിലെ പ്രത്യേകതകൾ

തിരുത്തുക

കാവ്യശാസ്ത്ര ഗ്രന്ഥങ്ങളിൽ പ്രധാനമായി അവതരിപ്പിക്കുന്ന വ്യത്യസ്ത പദ്ധതികളിൽ ഗുണപദ്ധതിയുടെ വക്താവായാണ് ദണ്ഡി അറിയപ്പെടുന്നത്. അലങ്കാരപദ്ധതി, രീതിപദ്ധതി, ധ്വനിസിദ്ധാന്തം, അനുമാനപദ്ധതി, വക്രോക്തിപദ്ധതി, ഔചിത്യപദ്ധതി തുടങ്ങിയവയാണ് മറ്റു പ്രധാന പദ്ധതികൾ. ഭരതൻ നാട്യശാസ്ത്രത്തിൽ അവതരിപ്പിച്ച പത്ത് കാവ്യഗുണങ്ങളെത്തന്നെ കാവ്യത്തിന്റെ ഏറ്റവും പ്രധാന തത്ത്വമായി അവതരിപ്പിച്ചു വിശദീകരിക്കുകയാണ് ദണ്ഡി ചെയ്തത്. ഈ പത്ത് ഗുണങ്ങൾ വൈദർഭീമാർഗ്ഗത്തിന്റെ പ്രാണങ്ങളാണ് (ഇതിവൈദർഭമാർഗസ്യപ്രാണാദശഗുണാഃസ്മൃതാഃ) എന്ന് ഗുണങ്ങളുടെ പ്രാഥമ്യം അവതരിപ്പിച്ചതോടൊപ്പം വൈദർഭി തുടങ്ങിയ രീതികളുടെ പ്രാധാന്യവും ദണ്ഡി സൂചിപ്പിച്ചിരുന്നു. കാവ്യത്തിന് സൌന്ദര്യം പ്രദാനം ചെയ്യുന്ന ഘടകങ്ങളെയെല്ലാം അലങ്കാരം എന്ന പദംകൊണ്ടു വ്യവഹരിക്കാം എന്നാണ് ദണ്ഡി അഭിപ്രായപ്പെടുന്നത് (കാവ്യശോഭാകരാൻ ധർമാൻ അലങ്കാരാൻ പ്രചക്ഷതേ). രസാവിഷ്കരണവും ഈ നിലയിൽ ദണ്ഡിയുടെ ദൃഷ്ടിയിൽ അലങ്കാരമാണ്. ഇതേസമയം ഗുണങ്ങൾക്കും ഗുണസന്നിവേശംമൂലം നിഷ്പന്നമാകുന്ന വൈദർഭമാർഗ്ഗത്തിനും ദണ്ഡി പ്രത്യേക പ്രാധാന്യം നൽകുന്നു. ഈ തത്ത്വമാണ് വാമനൻ രീതിപദ്ധതിയുടെ അടിസ്ഥാനമായി സ്വീകരിച്ച് വിശദീകരിച്ചത്. അലങ്കാരപദ്ധതിയിലെ പ്രമുഖ അലങ്കാരമായ സ്വഭാവോക്തി ആദ്യം നിർവചിച്ച് വിശദീകരിച്ചത് ദണ്ഡിയാണ്. അലങ്കാരപദ്ധതിയുടെ പ്രഥമ പ്രവക്താവായി ഭാമഹൻ അറിയപ്പെടുമ്പോഴും സ്വഭാവോക്തിയുടെ നിർവചന വിശദീകരണത്തിലൂടെ അലങ്കാരപദ്ധതിയിലും ദണ്ഡിയുടെ സ്ഥാനം അദ്വിതീയം തന്നെയാണെന്ന് പണ്ഡിതന്മാർ കരുതുന്നു. ശബ്ദവൃത്തിക്ക് കാവ്യത്തിൽ അർഥവൃത്തിക്കു സമാനമായ സ്ഥാനമുണ്ടെന്ന് ദണ്ഡി കരുതി. മൂന്ന് പരിച്ഛേദങ്ങളായി തിരിച്ച കാവ്യാദർശത്തിൽ രണ്ടാം പരിച്ഛേദത്തിൽ 33 അർഥാലങ്കാരവും മൂന്നാം പരിച്ഛേദത്തിൽ ശബ്ദാലങ്കാരവും വിശദീകരിക്കുന്നു. കാവ്യലക്ഷണം, കാവ്യവർഗീകരണം, കാവ്യഗുണങ്ങൾ, കാവ്യഹേതു തുടങ്ങിയവയാണ് ഒന്നാം പരിച്ഛേദത്തിലെ പ്രധാന വിഷയങ്ങൾ. മൂന്നാം പരിച്ഛേദത്തിൽ ശബ്ദാലങ്കാരത്തോടൊപ്പം കാവ്യദോഷങ്ങളും കാവ്യപ്രയോജനവും വിശദീകരിക്കുന്നു.

കാവ്യകാരണം അഥവാ കാവ്യഹേതുവിനെപ്പറ്റി മറ്റ് ആലങ്കാരികന്മാരിൽനിന്നു വ്യത്യസ്തമായ അഭിപ്രായം ദണ്ഡി പ്രകടിപ്പിച്ചിട്ടുണ്ട്. ജന്മനാ ലഭിക്കുന്ന കവിപ്രതിഭയ്ക്കാണ് മിക്ക ആലങ്കാരികന്മാരും പ്രമുഖ സ്ഥാനം നല്കിയിട്ടുള്ളത്. വ്യുത്പത്തി (പാണ്ഡിത്യം), അഭ്യാസം (കാവ്യാനുശീലനം) ഇവ പ്രതിഭ ഉണ്ടെങ്കിൽ മാത്രം പ്രയോജപ്പെടുന്നവയാണ് എന്ന് ഇവർ കരുതുന്നു. എന്നാൽ ദണ്ഡിയുടെ അഭിപ്രായത്തിൽ അങ്ങനെയൊരു പ്രതിഭ ഇല്ലെങ്കിൽക്കൂടി നിരന്തരം താത്പര്യപൂർവം വാഗ്ദേവതയെ ഉപാസിച്ചാൽ വാഗ്ദേവത അനുഗ്രഹിക്കുകതന്നെ ചെയ്യും.

അതിനാൽ യശസ്സ് ആഗ്രഹിക്കുന്നവരും സാഹിത്യസദസ്സുകളിൽ അഭിമതരാകാൻ ഇഷ്ടപ്പെടുന്നവരും അനവരതം കാവ്യാനുശാസനമെന്ന വാഗ്ദേവതാപൂജ ചെയ്യണം എന്നു ദണ്ഡി നിഷ്കർഷിക്കുന്നു.

എന്ന് പത്ത് കാവ്യഗുണങ്ങളെ പരിചയപ്പെടുത്തുന്ന പദ്യവും

എന്ന് ചമ്പൂകാവ്യത്തെ നിർവചിക്കുന്ന വരികളും

(ശബ്ദാഭിധാനമായ ഈ തേജസ്സ് എന്നും പ്രകാശിച്ചിരുന്നില്ലെങ്കിൽ മൂന്നുലോകവും പൂർണമായും കൂരിരുൾ നിറഞ്ഞതായേനേ) എന്ന ശബ്ദാർഥതത്ത്വനിരൂപണവും മറ്റും ശാസ്ത്രവിഷയം അത്യന്തം ലളിതവും സുഗ്രഹവുമായ ശൈലിയിൽ അവതരിപ്പിക്കുവാനുള്ള ദണ്ഡിയുടെ കഴിവിനെ വെളിപ്പെടുത്തുന്നു.

ക്രിസ്ത്വബ്ദാരംഭകാലത്ത് ഭരതമുനി നാട്യശാസ്ത്രം രചിച്ചതിനുശേഷം ദണ്ഡിയുടെയും ഭാമഹന്റെയും വരെയുള്ള ദീർഘമായ കാലഘട്ടത്തിൽ കാവ്യശാസ്ത്രപരവും നാട്യശാസ്ത്രപരവുമായ അനേകം കൃതികൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ ലഭ്യമായിട്ടില്ല. ഈ കാലഘട്ടത്തിൽ നാട്യശാസ്ത്രത്തിലെ ഒരു പഠനവിഭാഗം മാത്രമായിരുന്ന കാവ്യശാസ്ത്രം ഒരു പ്രത്യേക പഠനശാഖയായി വികാസം പ്രാപിച്ചതായി കരുതാം.

ദണ്ഡിയുടെ കാവ്യാദർശത്തിന് മറ്റു സംസ്കൃത അലങ്കാരശാസ്ത്രഗ്രന്ഥങ്ങളെ അപേക്ഷിച്ച് സിംഹളം, കന്നഡ, തമിഴ് ഭാഷകളിലെ അലങ്കാരശാസ്ത്ര പഠനമേഖലയിൽ കൂടുതൽ സ്വാധീനം ഉണ്ടായി. ശ്രീലമേഘവർണസേനന്റെ സിയബലകര എന്ന സിംഹളിഗ്രന്ഥവും അമോഘവർഷനൃപതുംഗൻ ഒന്നാമന്റെ കവിരാജമാർഗ എന്ന കന്നഡ കൃതിയും തമിഴിലെ വീരചോഴിയത്തിന്റെ അലങ്കാരപ്രകരണവും ദണ്ഡിയലങ്കാരവും പാലിയിലെ സുബോധാലങ്കാരവും കാവ്യാദർശവിവർത്തനവും മറ്റും കാവ്യാദർശത്തിന് ഭാരതത്തിൽ എല്ലായിടത്തും, ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ചും, പ്രചാരവും ആദരവും ലഭിച്ചിരുന്നു എന്നതിനു ദൃഷ്ടാന്തമാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദണ്ഡി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദണ്ഡി&oldid=2315573" എന്ന താളിൽനിന്ന് ശേഖരിച്ചത്