സത്തസായി
ഒന്നാം നൂറ്റാണ്ടിൽ ശതവാഹനസാമ്രാജ്യത്തിലെ ഹാലൻ എന്ന രാജാവ് സമാഹരിച്ച പ്രാകൃതഭാഷയിലെ 700 പദ്യങ്ങളുടെ ഗ്രന്ഥമാണ് സത്തസായി അല്ലെങ്കിൽ ഗാഹസത്തസായി.[1] സപ്തശതി (എഴുനൂറ്) എന്ന സംസ്കൃതസജ്ഞയ്ക്ക് സമമായ പ്രാകൃതമാണ് ഗ്രന്ഥനാമം. സംസ്കൃതത്തിൽ ഇതിന്റെ മുഴുവൻ പേര് ഗാഥസപ്തശതി എന്നാണ്. ഗാഥ/ഗാഹ എന്നത്, പ്രാകൃതഭാഷയിലെ ഗാഹ(ഗാഥ) വൃത്തത്തെ സൂചിപ്പിക്കുന്നു. പ്രാകൃതഭാഷയിലെ മഹാരാഷ്ട്രി രൂപത്തിലാണ്(മഹാരാഷ്ട്രി പ്രാകൃതം) ഇതിലെ പദ്യങ്ങൾ.[2]
ഹാലൻ
തിരുത്തുകഈ സമാഹാരത്തിന്റെ സ്രഷ്ടാവായ ശതവാഹനഹാലനെക്കുറിച്ചുള്ള പരാമർശങ്ങൾ വായു, മത്സ്യ, ഭാഗവത പുരാണങ്ങളിലും വാത്സ്യായനന്റെ കാമസൂത്രത്തിന്റെ പന്ത്രണ്ടാം അദ്ധ്യായത്തിലും കാണാം. ശതവാഹനൻ എന്നതിന് കുബേരന്റെ ശാപം ലഭിച്ച ശതൻ എന്ന യക്ഷൻ ചുമന്നു നടന്നിരുന്നവൻ എന്നർത്ഥമുള്ളതായി ഒരു വിശദീകരണമുണ്ട്. സോമദേവന്റെ കഥാസരിത്സാഗരത്തിലെ ഒരു കഥയനുസരിച്ച്, ഹാലൻ വ്യാകരണവും മറ്റും വശമില്ലാത്ത ഒരു പാമരനും അദ്ദേഹത്തിന്റെ രാജ്ഞി മലയവതി വലിയ വിദുഷിയുമായിരുന്നു. ഒരു ദിവസം രാജ്ഞിയോടൊത്ത് ജലക്രീഡയിലേർപ്പെട്ടിരുന്ന ഹാലൻ അവർക്കു നേരേ വെള്ളം ശക്തിയിൽ തെറിപ്പിച്ചപ്പോൾ രാജ്ഞി "മോദകയ താഡയ" എന്നു പറഞ്ഞു. മോദകം(മധുരം) കൊണ്ട് താഡിക്കാനാണ് രാജ്ഞി ആവസ്യപ്പെട്ടതെന്നു വിചാരിച്ച രാജാവ് ഉടനേ സേവകനെ അയച്ച് മധുര ഗുളികകൾ വരുത്തി അവ കൊണ്ട് രാജ്ഞിയെ ഏറിയാൻ തുടങ്ങി. "മാ ഉദകയ താഡയ" (ഉദകം-വെള്ളം കൊണ്ട് താഡിക്കാതിരിക്കുക) എന്നാണ് താൻ പറഞ്ഞതിന്റെ അർത്ഥം എന്ന് രാജ്ഞി വിശദീകരിച്ചപ്പോഴാണ് ഹാലന് അബദ്ധം മനസ്സിലായത്. തുടർന്ന് സർവവർമ്മൻ എന്ന ഗുരുവിന്റെ കീഴിൽ ആറുമാസത്തെ അഭ്യാസം കൊണ്ട് രാജാവ് വിദ്വാനായിത്തീർന്നെന്നാണ് കഥ.[2]
ഉള്ളടക്കം
തിരുത്തുകവ്രജ്യസുകൾ എന്നു പേരുള്ള ഏഴു വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ സമാഹാരത്തിന്റെ പേര് 700-നെ സൂചിപ്പിക്കുന്നെങ്കിലും വ്യത്യസ്ത കൈയെഴുത്തുപ്രതികളിൽ കവിതകളുടെ എണ്ണം വ്യത്യസ്തമാണ്. ഹാലൻ തന്നെ എഴുതിയ 44 കവിതകൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതായി പറയപ്പെടുന്നു. സമാഹാരത്തിലെ മറ്റു പദ്യങ്ങളുടെ കർത്താക്കളായി പിൽക്കാലവ്യാഖ്യാതാക്കൾ ചൂണ്ടിക്കാണിച്ചിട്ടുള്ളവരിൽ മകരന്ദസേനൻ, അമരരാജൻ, കുമാരിലൻ, ശ്രീരാജൻ, ഭീമസ്വാമി തുടങ്ങിയവർ ഉൾപ്പെടുന്നു.[2]
ഭാരതത്തിലെ നാടൻ പാട്ടുകളുടെ ലഭ്യമായതിൽ ഏറ്റവും പഴയ ശേഖരമായ ഇത്, ജീവിതത്തിന്റേയും പ്രേമത്തിന്റേയും വൈവിദ്ധ്യമാർന്ന ചിത്രീകരണമാണ്. രതിയുടെ സാദ്ധ്യതകൾ കൃത്യതാബോധത്തോടെ അന്വേഷിച്ച കാമസൂത്രത്തിന്റെ പ്രതിരൂപമെന്ന്(counterpart) വിശേഷിക്കപ്പെട്ടിട്ടുള്ള ഈ സമാഹാരത്തിലെ മിക്കവാറും പദ്യങ്ങൾ രതിസ്മൃതിയുണർത്തുന്നവയാണ്(erotic). പൊതുവേ, സ്ത്രീകളുടെ വീക്ഷണകോണിൽ നിന്നുള്ള ഇതിലെ ദൃശ്യങ്ങൾ, പ്രാചീനഭാരതത്തിലെ ഗ്രാമജീവിതത്തെ പ്രതിബിംബിപ്പിക്കുന്നു.[1] നാടൻ പാട്ടുകളുടെ ഉശിരുള്ള ഈ കവിതകളിൽ സ്വതന്ത്രപ്രേമവും, കമിതാക്കളുടെ രഹസ്യസംഗമവും, നാട്ടിൻപുറങ്ങളിലെ ഉല്ലാസമേളകങ്ങളും വിഷയമാകുന്നു. ഗോപീ-ഗോപാലന്മാരേയും, ഉദ്യാനം പരിപാലിയ്ക്കുന്ന പെൺകുട്ടിയേയും, ധാന്യം പൊടിക്കുന്നവളേയും, വേട്ടക്കാരനേയും, കൂലിവേലക്കാരനേയും ഒക്കെ അവയിൽ കാണാം. ഗ്രാമത്തലവനും അയാളുടെ ഭാര്യയും, തേളുകടിച്ചതായി നടിച്ച് കാമുകനായ വൈദ്യനെ കാണാൻ പോകുന്ന സൂത്രക്കാരി ഭാര്യയും, ക്ഷുരകനെ കണ്ട് ഭയന്നോടിയ കുഞ്ഞു മകന്റെ പിന്നാലെ പറക്കുന്ന മുടിയും ഉയർത്തിക്കെട്ടിയ അരവസ്ത്രവുമായി പായുന്ന അമ്മയും, മേഞ്ഞു നടന്ന പുൽത്തൊടിയെ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കിക്കൊണ്ട് കത്തിയേന്തിയ കശാപ്പുകാരനെ അനുഗമിക്കുന്ന പാവം എരുമയും മറ്റുമാണ് ചില കവിതകളിൽ. പ്രേമത്തിന്റെ ചഞ്ചലസ്വഭാവത്തെക്കുറിച്ചും അതിന്റെ സ്ഥായീഭാവത്തെക്കുറിച്ചുമുള്ള പദ്യങ്ങൾ ഈ സമാഹാരത്തിലുണ്ട്:[3]
ദൂരം പ്രേമത്തെ നശിപ്പിക്കുന്നു
ദൂരക്കുറവും അതിനെ നശിപ്പിക്കുന്നു
കിവദന്തികളും അതിനെ നശിപ്പുക്കുന്നു
ചിലപ്പോൾ ഒരു കാരണവും ഇല്ലാതെയും അത് നശിക്കുന്നു
അവന്റെ രൂപം എന്റെ കണ്ണുകളിൽ
അവന്റെ സ്പർശം എന്റെ കൈകളിൽ
അവന്റെ മൊഴി എന്റെ ചെവിയിൽ
അവന്റെ ഹൃദയം എന്റെ ഹൃദയത്തിൽ
പിന്നെ ഞങ്ങൾ രണ്ടാകുന്നതെങ്ങനെ?
അവന്റെ നോട്ടം സഹിക്കാനാവാഞ്ഞ്
ഞാൻ എന്നെത്തന്നെ മറച്ചു
എങ്കിലും അവൻ മറ്റെന്തിനെയെങ്കിലും നോക്കുന്നത്
ഞാൻ ഇഷ്ടപ്പെട്ടില്ല.
ഇനി തന്നെ തോടാൻ അവനെ സമ്മതിക്കില്ലെന്ന്
ആദ്യപ്രസവത്തിന്റെ നോവിൽ അവൾ പറഞ്ഞതുകേട്ട്
കൂട്ടുകാരികൾ ചിരിച്ചു
പതിവ്രതമാർ എന്തു വേണമെങ്കിലും പറയട്ടെ
ഭർത്താവിനോടൊത്തുറങ്ങുമ്പോഴും
ഞാൻ അയാൾക്കൊപ്പമല്ല
.
പ്രേമത്തിന്റെ പശ്ചാത്തലമായും അല്ലാതെയുമുള്ള പ്രകൃതിചിത്രങ്ങളും ഇവയിലുണ്ട്. ലക്ഷ്യവേധിയായ നാടൻ കുറുമൊഴികൾ ഇതിലെ പദ്യങ്ങളെ കൂടുതൽ രസകരമാക്കുന്നു. പിശുക്കന്റെ സ്വത്തിന്റെ ഉപയോഗശൂന്യത, കടുവാക്കുകൾ കേൾക്കാതിരിക്കാൻ കഴിയുന്ന ബധിരന്റെയും, ഇഷ്ടമില്ലാത്തത് കാണാൻ വിധിക്കപ്പെട്ടിട്ടില്ലാത്ത അന്ധന്റേയും ഭാഗ്യം തുടങ്ങിയവയെപ്പറ്റിയാണ് ഈ കുറുമൊഴികൾ.
വിലയിരുത്തൽ
തിരുത്തുകസത്തസായിയ്ക്ക് ഉണ്ടായിട്ടുള്ള വ്യാഖ്യാനങ്ങൾ തന്നെ ഇതിന്റെ അസാമാന്യമായ ജനസമ്മതിയ്ക്ക് തെളിവാണ്. ഇരുപതോളം വ്യാഖ്യാനങ്ങൾ ഇതിനു രചിക്കപ്പെട്ടിട്ടുണ്ട്. ധ്വന്യാലോകകാരനായ ആനന്ദവർദ്ധനൻ(ക്രി.വ. 820-890), ദാർശനികനും യോഗിയുമായ അഭിനവഗുപ്തൻ(ക്രി.വ.950-1020), കാവ്യമീമാസകനായ മമ്മടൻ(11-ആം നൂറ്റാണ്ട്), രാജപ്രതിഭയായ ഭോജൻ(11-ആം നൂറ്റാണ്ട്) തുടങ്ങിയ അതികായന്മാർ അവരുടെ പ്രഖ്യാത രചനകളിൽ സത്തസായിയിലെ വരികൾ ഉദ്ധരിച്ചിട്ടുണ്ടെന്നതും ഇതിനു ലഭിച്ച അംഗീകാരത്തെ സൂചിപ്പിക്കുന്നു.[2]
മഹാകവി വള്ളത്തോൾ ഇതിനെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഗ്രാമസൗഭാഗ്യം എന്നാണ് വള്ളത്തോളിന്റെ പരിഭാഷയുടെ പേര്.[4] ഗ്രാമീണഭാരതത്തിന്റെ സമസ്തഹൃദയത്തുടിപ്പുകളും കാണാവുന്ന കൃതി എന്ന് ഇത് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. സംസ്കൃതസാഹിത്യത്തിൽ വിളഞ്ഞുനിൽക്കുന്ന നഗരസൗഭാഗ്യത്തിൽ നിന്നു ഭിന്നമായി പൗരാണിക ഭാരതത്തിന്റെ ഗ്രാമസൗഭാഗ്യം കാണാൻ കഴിയുക പ്രാകൃതസാഹിത്യത്തിലാണെന്ന് ഈ കൃതിയെ മുൻനിർത്തി സുകുമാർ അഴീക്കോട് വാദിച്ചിട്ടുണ്ട്. മഴയിൽ ചോരുന്ന വീടിന്റെ മൂലയിൽ ഒതുങ്ങി നിൽക്കുന്ന അമ്മയുടെ കയ്യിലിരിക്കുന്ന കുഞ്ഞിന്റെ മുഖത്ത്, മഴയുടെ തണുത്ത വെള്ളവും അമ്മയുടെ ചുടുകണ്ണീരും ഇടകലർന്നു പതിക്കുന്നതു പോലുള്ള ഇതിലെ കാവ്യചിത്രങ്ങളെ പുകഴ്ത്തുന്ന അദ്ദേഹം, രാമായണത്തിന്റേയും ഋഗ്വേദത്തിന്റേയും പരിഭാഷയിൽ ചെയ്തതിനേക്കാൾ വലിയ സേവനമാണ് ഈ കൃതിയുടെ പരിഭാഷ വഴി വള്ളത്തോൾ ചെയ്തതെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട് [5]
അവലംബം
തിരുത്തുക- ↑ 1.0 1.1 Poems on Life and Love in Ancient India, Hala's Sattasai, Translated from Prakrit by Peter Khoroche & Herman Tiekan(Excelsior Editions SUNY Series in Hindu Studies[1]
- ↑ 2.0 2.1 2.2 2.3 The Encyclopaedia Of Indian Literature (Volume Two) (Devraj To Jyoti), Volume 2, By Amaresh Datta [2]
- ↑ A Treasury of Sanskrit Poetry in English Translation, compiled by A.N.D. Haksar(പുറങ്ങൾ 70-72)
- ↑ Azhikode, Sukumar (1993). "3-സാഹിത്യം". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 65, 66. ISBN 81-7130-993-3.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ അഴീക്കോടിന്റെ ലോകത്തിൽ, സുകുമാർ അഴീക്കോട്/മണർകാട് മാത്യു, പ്രസാധനം: കറന്റ് ബുക്ക്സ്(പുറങ്ങൾ 115-116)