പി.ടി. ഉഷ

ഇന്ത്യൻ കായികതാരം
(P. T. Usha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായിരുന്നു പി.ടി. ഉഷ അഥവാ പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ ഇംഗ്ലീഷ്: P.T. Usha (ജനനം 27-ജൂൺ-1964). ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ്‌ പി.ടി.ഉഷയെ കണക്കാക്കുന്നത്. 1984-ൽ പദ്മശ്രീ ബഹുമതിയും അർജുന അവാർഡും ഉഷ കരസ്ഥമാക്കി 2000 -ൽ അന്താരാഷ്മത്സരങ്ങളിൽ നിന്ന് ഇന്ത്യയുടെ വിരമിച്ചു. .ഇപ്പോൾ വളർന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാൻ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് നടത്തുന്നു.[1] 1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല.

പി.ടി. ഉഷ
ജനനം
പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ

ജൂൺ 27, 1964
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾപയ്യോളി എക്സ്പ്രസ് ഗോൾഡൻ ഗേൾ ഓഫ് ഇന്ത്യ
തൊഴിലുടമഇന്ത്യൻ റെയിൽ‌വേ
അറിയപ്പെടുന്നത്1984 ലോസ് ആഞ്ചെലെസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ നേരിയ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടമായി.
സ്ഥാനപ്പേര്പദ്മശ്രീ
ജീവിതപങ്കാളി(കൾ)വി.ശ്രീനിവാസൻ
കുട്ടികൾഉജ്ജ്വൽ
മാതാപിതാക്ക(ൾ)പൈതൽ, ലക്ഷ്മി
വെബ്സൈറ്റ്ptusha.com
Medal record
Center
പി.ടി. ഉഷ
വനിതാ അത്ലറ്റിക്സ്
ഏഷ്യൻ ഗെയിംസ്
Silver medal – second place 1982 ന്യൂഡെൽഹി 2 എണ്ണം
Gold medal – first place 1986 സിയോൾ 4 എണ്ണം
Silver medal – second place 1986 സിയോൾ 1 എണ്ണം
Silver medal – second place 1990 ബെയ്ജിങ് 3 എണ്ണം
Silver medal – second place 1994 ഹിരോഷിമ 1 എണ്ണം

തീരെ ചെറിയപ്രായത്തിൽ തന്നെ ഉഷയിലുള്ള പ്രതിഭ തിരിച്ചറിഞ്ഞ ഒ.എം.നമ്പ്യാരാണ് പിന്നീട് ഉഷയുടെ കായികജീവിതത്തിലെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. 1980 ലെ മോസ്കോ ഒളിമ്പിക്സിലാണ് ഉഷയുടെ അരങ്ങേറ്റം. 1982 ൽ ഡെൽഹിയിൽ വച്ചു നടന്ന ഏഷ്യാഡിൽ നൂറുമീറ്റർ ഓട്ടത്തിലും, ഇരുന്നൂറുമീറ്റർ ഓട്ടത്തിലും വെള്ളിമെഡൽ കരസ്ഥമാക്കി. 1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ നാനൂറു മീറ്റർ ഹർഡിൽസ് ഓട്ടത്തിൽ സെമിഫൈനലിൽ ഒന്നാമതായി ഓടിയെത്തിയെങ്കിലും ഫൈനലിൽ ഫോട്ടോഫിനിഷിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ജീവിതരേഖ

തിരുത്തുക

കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ 1964 ജൂൺ 27-ന് ജനിച്ചു. അച്ഛൻ പൈതൽ, അമ്മ ലക്ഷ്മി. ആറുമക്കളിൽ രണ്ടാമതായി ഉഷ ജനിച്ചു. വസ്ത്രകച്ചവടക്കാരനായിരുന്നു പിതാവ് പൈതൽ. പ്രാഥമിക വിദ്യാഭ്യാസം തൃക്കോട്ടൂർ സ്കൂളിൽ ആയിരുന്നു. അക്കാലത്തായിരുന്നു കേരളത്തിൽ കായികസ്കൂളായ ജി.വി.രാജാ സ്പോർട്ട് സ്കൂൾ ആരംഭിക്കന്നത്. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം കണ്ണൂരിലെ‍ ജി.വി.രാജാ സ്പോർട്ട്സ് ഡിവിഷൻ സ്കൂളിൽ ചേർന്നു. ഒ.എം. നമ്പ്യാർ ആയിരുന്നു ഉഷയുടെ ആദ്യത്തെ പരിശീലകൻ. അദ്ദേഹം ഉഷയെ ഒരു മികച്ച അത്ലറ്റാക്കുന്നതിനുവേണ്ടി കഠിനപരിശ്രമം നടത്തി. പക്ഷെ അതിനു മുൻപ് തന്നെ തൃക്കോട്ടൂർ യു പി സ്കൂൾ കായികാധ്യാപകൻ ആയിരുന്ന ഇ.ബാലകൃഷ്ണൻ മാസ്റ്റർ ഉഷയിലെ കായിക താരത്തെ കണ്ടെത്തിയിരുന്നു ![2][3]

കായിക രംഗം

തിരുത്തുക

ദേശീയ മത്സരങ്ങൾ

തിരുത്തുക

1977കോട്ടയത്ത് നടന്ന കായികമേളയിൽ ദേശീയ റിക്കാർഡ് നേടി. 13 സെക്കന്റുകൾകൊണ്ടാണ് ഉഷ നൂറുമീറ്റർ ഓടിയെത്തിയത്. 13.1 എന്നതായിരുന്നു അതുവരെയുണ്ടായിരുന്നു ദേശീയ റെക്കോർഡ്.[4] 1978 ൽ നടന്ന ദേശീയ അത്ലറ്റിക് മീറ്റിൽ ഉഷ നാലു സ്വർണ്ണമെഡലുകൾ കരസ്ഥമാക്കുകയുണ്ടായി. 13.3 സെക്കന്റിലാണ് ഈ മീറ്റിൽ ഉഷ 100 മീറ്റർ ഓടിയെത്തിയത്,കൂടാതെ ഹൈജംപിൽ 1.35 മീറ്റർ ചാടി ഒന്നാംസ്ഥാനത്തെത്തുകയും ചെയ്തു.[5]

1979 ൽ നാഗ്പൂരിൽ വെച്ചു നടന്ന ദേശീയ സ്കൂൾ കായികമേളയിൽ രണ്ട് ദേശീയ റെക്കോഡോടെ നാലു സ്വർണ്ണ ഉഷ നേടിയെടുത്തു. 12.8 സെക്കന്റിൽ 100 മീറ്റർ ഓടിയെത്തി അതുവരെ നിലവിലുണ്ടായിരുന്ന മൂന്നുവർഷം പഴക്കമുള്ള റെക്കോഡാണ് ഉഷ തിരുത്തിയത്. ഏതാനും സമയങ്ങൾക്കകം, തങ്കമ ആന്റണിയുടെ പേരിൽ നിലവിലുള്ള 200 മീറ്റർ റെക്കോഡും ഉഷ തന്റേതാക്കി തിരുത്തിയെഴുതി. 25.9 സെക്കന്റുകൊണ്ടാണ് ഉഷ 200 മീറ്റർ മത്സരം പൂർത്തിയാക്കിയത്.[6]

1979 ൽ ഹൈദരാബാദിൽ വെച്ചു നടന്ന ദേശീയ അത്ലറ്റിക് മീറ്റിൽ ഉഷ മികച്ച പ്രകടനം കാഴ്ചവെച്ചു. 12.9 സെക്കന്റുകൾകൊണ്ട് നൂറുമീറ്റർ ഓട്ടം പൂർത്തിയാക്കി സ്വർണ്ണമെഡൽ കരസ്ഥമാക്കി. 80 മീറ്റർ ഹർഡിൽസിൽ നിലവിൽ ജാനി സ്ഫിൻക്സിന്റെ പേരിലുള്ള 13.6 എന്ന സമയം തിരുത്തിയെഴുതി 13.5 സെക്കന്റുകൊണ്ട് ഉഷ മത്സരത്തിൽ ഒന്നാമതെത്തി. 200 മീറ്റർ ഓട്ടത്തിൽ മഹാരാഷ്ട്രയുടെ മെർട്ടിൻ ഫെർണാണ്ടസ് സ്ഥാപിച്ച 26.4 സെക്കന്റ് എന്ന സമയം, ഉഷ 26 സെക്കന്റ് സമയം കൊണ്ട് ഓടിയെത്തി പുതിയ റെക്കോഡ് സ്ഥാപിച്ചു.[7]

1981 ൽ കേരളത്തിലെ ഇരിങ്ങാലക്കുടയിൽ വെച്ചു നടന്ന സംസ്ഥാന അമച്വർ അത്ലറ്റിക്ക് മീറ്റിൽ ഉഷ നൂറുമീറ്റർ ഓട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു. 12.3 സെക്കന്റുൾകൊണ്ടാണ് ഉഷ നൂറു മീറ്റർ ഓട്ടം പൂർത്തിയാക്കിയത്. 12.9 സെക്കന്റുകൾ എന്ന തന്റെ തന്നെ റെക്കോഡാണ് ഉഷ തിരുത്തിയത്.

അന്താരാഷ്ട്ര മത്സരങ്ങൾ

തിരുത്തുക

1980കറാച്ചിയിൽ നടന്ന പതിനെട്ടാമത് പാകിസ്താൻ നാഷണൽ ഗെയിംസിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. കറാച്ചി ഗെയിംസിൽ ഉഷ നാലു സ്വർണ്ണമെഡലുകൾ നേടി.[8] 1980 ൽ നടന്ന മോസ്കോ ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക്സിൽ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി ഉഷ.[9] ഉഷയ്ക്ക് അന്ന് 16 വയസ്സ് ആയിരുന്നു. മോസ്കോ ഒളിമ്പിക്സിൽ ഉഷക്ക് ശോഭിക്കാൻ സാധിച്ചില്ല. ഒളിമ്പിക്സ് സാഹചര്യങ്ങളും, എതിരാളികളുടെ കടുത്ത മത്സരഅഭിനിവേശവും, പരിശീലനത്തിന്റെ കുറവും, അന്താരാഷ്ട്ര സാഹചര്യങ്ങളിലുള്ള പരിചയക്കുറവും എല്ലാം ഉഷയുടെ പ്രകടനത്തെ പിന്നിലാക്കി. എന്നാൽ ഈ പുതിയ സാഹചര്യങ്ങളുമായുള്ള പരിചയപ്പെടൽ ഒരു പുതിയ ഉണർവ് ഉഷയിൽ സൃഷ്ടിച്ചു. ഉഷ തിരികെ വന്ന് പരിശീലകനായിരുന്ന നമ്പ്യാരുടെ കീഴിൽ കഠിനമായ പരിശീലനം ആരംഭിച്ചു.

1982ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ ആദ്യത്തെ മെഡൽ നേടിയ വ്യക്തി ആയി. 1983 ൽ കുവൈറ്റിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലാണ് ഉഷ ആദ്യമായിട്ട് 400 മീറ്റർ ഓട്ടത്തിൽ പങ്കെടുക്കുന്നത്. 1984-ൽ ലോസ് ആഞ്ചൽസിൽ ഒളിമ്പിക്സിൽ അവസാനഘട്ടമത്സരത്തിലെത്തുന്ന കേരളത്തിലെ ആദ്യത്തെ വ്യക്തി ആയി. 400 മീറ്റർ ഹർഡിൽസിൽ 55.42ൽ ഫിനിഷ് ചെയ്ത് നാലാമതെത്തി[10]. തലനാരിഴക്കാണ്‌ വെങ്കലമെഡൽ നഷ്ടമായത്. ഇന്ത്യൻ അത്‌ലറ്റിക് ചരിത്രത്തിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന നിമിഷമായി രേഖപ്പെടുത്തുന്നത് ഉഷയുടെ ഈ മെഡൽ നഷ്ടംതന്നെയാണ്. 1960 ൽ മിൽഖാ സിങ് റോം ഒളിമ്പിക്സിൽ നടത്തിയതായിരുന്നു ഇതിനു മുന്നിലെ ഒരു ഇന്ത്യാക്കാരന്റെ മികച്ച പ്രകടനം.[11] ലോസ് ആഞ്ചലസിലെ പ്രകടനം ഉഷയെ കൂട്ടിക്കൊണ്ടുപോയത് നിരവധി യൂറോപ്യൻ ഗ്രാൻഡ് പ്രീ മീറ്റുകളിലേക്കാണ്. വിവിധ യൂറോപ്യൻ മീറ്റുകളിലായി നാലു വെള്ളിയും അഞ്ച് വെങ്കലവും ഉഷയുടെ സമ്പാദ്യത്തിലുണ്ട് . ജക്കാർത്തയിൽ 1985 ൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ 5 സ്വർണമെഡലും ഒരു വെങ്കല മെഡലും നേടി. 1986 ൽ ഏഷ്യൻ ഗെയിംസിൽ 4 സ്വർണമെഡൽ നേടി.1992 ൽ ബാഴ്സലോണ ഒളിമ്പിക്സ് ഒഴിച്ച് 1980 മുതൽ 1996 വരെ എല്ലാ ഒളിമ്പിക്സ് മത്സരത്തിലും പങ്കെടുത്തു.

പുരസ്കാരങ്ങൾ

തിരുത്തുക
  • അർജുന അവാർഡ് 1983
  • പത്മശ്രീ 1984
  • ജക്കാർത്തയിലെ ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ ഏറ്റവും നല്ല വനിതാ അത്‌ലറ്റായി.
  • 1987,1985,1986,1987,1989 എന്നീ വർഷങ്ങളിൽ ഏറ്റവും നല്ല കായികതാരത്തിനുള്ള ഇന്ത്യാസർക്കാരിന്റെ പുരസ്കാരം ലഭിച്ചു.
  • 1986 ൽ ഏഷ്യൻ ഗെയിംസിൽ ഏറ്റവും നല്ല കായികതാരത്തിനുള്ള അഡിഡാസ് ഗോൾഡൻ ഷൂ അവാർഡ് ലഭിച്ചു.[12]
  • ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കൂടെ 13 സ്വർണമടക്കം 33 മെഡലുകൾ നേടി.
  • ദേശീയവും അന്തർദേശീയവുമായി 102 മെഡലുകൾ നേടി [13]
  • 1999 ൽ കാഠ്മണ്ഡുവിൽ നടന്ന സാഫ് ഗെയിംസിൽ ഒരു സ്വർണമെഡലും 2 വെള്ളിയും നേടി.

ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ്

തിരുത്തുക

അത്ലറ്റിക്സിൽ ഭാവി വാഗ്ദാനങ്ങളെ രൂപപ്പെടുത്തിയെടുക്കാൻ ഉഷ ആരംഭിച്ച പദ്ധതിയാണ് ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ്. ഇരുപതുകോടി ഇന്ത്യൻ രൂപ മുടക്കിയാണ് ഈ വിദ്യാലയം ഉഷ ആരംഭിച്ചത്.[14] അത്യാധുനിക സൗകര്യങ്ങളുള്ള ഒരു കായികവിദ്യാലയം ആണ് ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ്.[15] കേരളസർക്കാർ ഉഷയുടെ ഈ സംരംഭത്തിന് മുപ്പത് ഏക്കർ സ്ഥലവും, പതിനഞ്ച് ലക്ഷം ഇന്ത്യൻ രൂപയും വാഗ്ദാനം ചെയ്തിരുന്നു. 50 കുട്ടികൾക്കു താമസിച്ചു പഠിക്കാവുന്ന സൗകര്യങ്ങൾ നിലവിൽ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിൽ ഉണ്ട്. ടിന്റു ലൂക്കയെപ്പോലുള്ള അന്താരാഷ്ട്ര താരങ്ങൾ പിറവിയെടുത്തത് ഈ കായിക വിദ്യാലയത്തിൽ നിന്നുമാണ്.

അധികാരസ്ഥാനങ്ങൾ

തിരുത്തുക
  • 2015 ഓക്‌ടോബറിൽ കേന്ദ്ര സ്പോർട്സ് കൗൺസിൽ അംഗമായി. [16]

ഇതും കാണുക

തിരുത്തുക
  1. "ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ്". ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ്. Archived from the original on 2013-07-26. Retrieved 2013-07-23. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. തിക്കോടി ഗ്രാമപഞ്ചായത്ത്‌ വികസന പദ്ധതി രേഖ 2017-18 (താൾ 20- ഖണ്ഡിക 2)
  3. ചിത്ര, ഗാർഗ് (2010). ഇന്ത്യൻ ചാംപ്യൻസ്. രാജ്പാൽ ആന്റ് സൺസ്. p. 47. ISBN 978-81-7028-852-7.
  4. ഗൗരി, ശ്രീവാസ്തവ (2006). വുമൺ റോൾ മോഡൽസ്. ഡി.കെ.ഏജൻസീസ്. p. 77. ISBN 81-8069-336-8.
  5. ഗൗരി, ശ്രീവാസ്തവ (2006). വുമൺ റോൾ മോഡൽസ്. ഡി.കെ.ഏജൻസീസ്. p. 77. ISBN 81-8069-336-8. ദേശീയ അത്ലറ്റിക് മീറ്റ്-1978
  6. ഗൗരി, ശ്രീവാസ്തവ (2006). വുമൺ റോൾ മോഡൽസ്. ഡി.കെ.ഏജൻസീസ്. p. 77. ISBN 81-8069-336-8. 1979 ദേശീയ സ്കൂൾ ഗെയിംസ്
  7. ഗൗരി, ശ്രീവാസ്തവ (2006). വുമൺ റോൾ മോഡൽസ്. ഡി.കെ.ഏജൻസീസ്. p. 77. ISBN 81-8069-336-8. 1979 ദേശീയ അത്ലറ്റിക് ഗെയിംസ്
  8. "വാട്ട് പി.ടി.ഉഷ ഡിഡ് ഇൻ ഹെർ ഗോൾഡൻ ഇയേഴ്സ്". ന്യൂഡൽഹിടെലിവിഷൻ(കായിക വിഭാഗം). 06-ഒക്ടോബർ-2009. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  9. "പി.ടി.ഉഷ എഗെയിൻസ്റ്റ് ഓൾ ഹർഡിൽസ്". ബി.എസ്.എൻ.എൽ പോർട്ടൽ.[പ്രവർത്തിക്കാത്ത കണ്ണി]
  10. "100 പീപ്പിൾ ഹു ഷേപ്ഡ് ഇന്ത്യ". ഇന്ത്യാ ടുഡേ. Archived from the original on 2009-02-22. Retrieved 2009-04-30. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  11. ചിത്ര, ഗാർഗ് (2010). ഇന്ത്യൻ ചാംപ്യൻസ്. രാജ്പാൽ ആന്റ് സൺസ്. p. 47. ISBN 978-81-7028-852-7. ലോസ്ഏഞ്ചൽസ് ഒളിമ്പിക്സിലെ ഉഷയുടെ പ്രകടനം
  12. "ഷി സെറ്റ്സ് ദ ട്രാക്ക് എബ്ലേയ്സ്". ദ ഹിന്ദു. 01-മെയ്-2011. {{cite news}}: Check date values in: |date= (help)
  13. ചിത്ര, ഗാർഗ് (2010). ഇന്ത്യൻ ചാംപ്യൻസ്. രാജ്പാൽ ആന്റ് സൺസ്. p. 46. ISBN 978-81-7028-852-7.
  14. "ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ്". പി.ടി.ഉഷ.ഓർഗ്.
  15. ചിത്ര, ഗാർഗ് (2010). ഇന്ത്യൻ ചാംപ്യൻസ്. രാജ്പാൽ ആന്റ് സൺസ്. p. 48. ISBN 978-81-7028-852-7. ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ്
  16. http://www.firstpost.com/sports/vk-malhotra-named-head-of-all-india-council-of-sports-tendulkar-anand-to-be-members-2475158.html
"https://ml.wikipedia.org/w/index.php?title=പി.ടി._ഉഷ&oldid=4084410" എന്ന താളിൽനിന്ന് ശേഖരിച്ചത്