ജുമുഅ (നമസ്ക്കാരം)
വെള്ളിയാഴ്ച ദിവസത്തിന് ജുമുഅ എന്ന് പേര് നൽകിയ മഹാൻ ആരാണ്?
മുസ്ലീങ്ങൾ വെള്ളിയാഴ്ചകളിൽ അനുഷ്ടിക്കുന്ന സമൂഹ പ്രാർത്ഥനയെ ജുമുഅ(അറബി: جمعة) എന്നു വിളിക്കുന്നു. ഒരുമിച്ചുകൂടുക എന്നാണ് ഈ അറബി പദത്തിനർത്ഥം. ജുമുഅ നമസ്‌കാരത്തിന് മുൻപ് രണ്ട് ഘട്ടമായി നടത്തുന്ന ഉപദേശപ്രസംഗങ്ങൾക്ക് ( ഖുതുബ), ശേഷം സംഘനമസ്ക്കാരവും അടങ്ങിയതാണിത്. ഇതിൽ പ്രഭാഷണത്തെ [[#ഖുതുബ|ഖുതുബ] എന്നും, പ്രഭാഷണം നടത്തുന്നയാളെ ഖത്തീബ് എന്നും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യുന്നയാളിനെ ഇമാം എന്നും, നമസ്കാരത്തിലെ ഘട്ടത്തെ റക്അത്ത് എന്നും, വിളിക്കുന്നു. വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചസമയം നടക്കുന്ന ദുഹർ നമസ്കാരത്തിന്റെ സമയത്താണ് ജുമുഅ നിർവ്വഹിക്കപ്പെടുന്നത്. പ്രായപൂർത്തിയായ മുസ്ലിം പുരുഷന്മാർ നിർബന്ധമായയും അനുഷ്ഠിക്കേണ്ട ഒരു പ്രാർത്ഥനയാണിത്. ജുമുഅയ്ക്ക് പങ്കെടുക്കുന്നവർ ദുഹർ നമസ്കാരം നിർവ്വഹിക്കേണ്ടതില്ല.എന്നാൽ ജുമുഅ യിൽ പങ്കെടുക്കുവാൻ സാധിക്കാത്തവർ ദുഹർ നമസ്കാരം നിർവ്വഹിക്കേണ്ടതാണ്.
വെള്ളിയാഴ്ചകളിൽ ഖുർആനിലെ പതിനെട്ടാം അദ്ധ്യായമായ അൽ കഹഫ് പാരായണം ചെയ്യുന്നതും, ജുമുഅയ്ക്ക് പുറപ്പെടുമ്പോൾ കുളിക്കുന്നതും സുഗന്ധ ദ്രവ്യം ഉപയോഗിക്കുന്നതും (സ്ത്രീകൾക്കൊഴികെയുള്ളവർ[1]) പുണ്യമാക്കപ്പെട്ടിട്ടുണ്ട്. ജുമുഅയെ പാവങ്ങളുടെ ഹജ്ജ് എന്നും പറയുന്നു[അവലംബം ആവശ്യമാണ്].
ഖുർആനിൽ
തിരുത്തുകജുമുഅയെപ്പറ്റി ഖുർആനിൽ 62-ആം അധ്യായമായ സൂറതു ജുമുഅയിൽ ഇങ്ങനെ പറയുന്നു:
“ | സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാൽ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങൾ വേഗത്തിൽ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങൾക്ക് ഉത്തമം; നിങ്ങൾ കാര്യം മനസ്സിലാക്കുന്നുവെങ്കിൽ.
അങ്ങനെ നമസ്കാരം നിർവഹിക്കപ്പെട്ടു കഴിഞ്ഞാൽ നിങ്ങൾ ഭൂമിയിൽ വ്യാപിച്ചു കൊള്ളുകയും, അല്ലാഹുവിൻറെ അനുഗ്രഹത്തിൽ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ ധാരാളമായി ഓർക്കുകയും ചെയ്യുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം. (ഖുർആൻ (വിവർത്തനം) 62:9-10) |
” |
ജുമുഅയ്ക്ക് മുൻപ്
തിരുത്തുകജുമുഅയിൽ പങ്കെടുക്കുവാൻ എത്തുന്നവർ പള്ളിയിൽ പ്രവേശിച്ച ഉടനെ പള്ളിയോടുള്ള അഭിവന്ദനസൂചകമായ രണ്ട് ഘട്ടമുള്ള (റക്അത്ത്) ഐച്ഛിക നമസ്കാരം നിർവ്വഹിക്കുന്നു. ഇതിനെ തഹിയ്യത്ത് എന്ന് വിളിക്കുന്നു. പള്ളിയിൽ ഇരിക്കുന്നതിനു മുൻപാണ് ഇത് നിർവ്വഹിക്കേണ്ടത്. പ്രഭാഷണം തുടങ്ങിയതിനു ശേഷം എത്തിച്ചേരുന്നവരും ഇത് ഇച്ചാനുസരണം നിർവഹിക്കേണ്ടതാണ്. പ്രഭാഷണത്തിനായി കാത്തിരിക്കുന്നവർ ഖുർആൻ പാരായണം ചെയ്യുന്നകയോ, ശ്രവിക്കുകയോ ചെയ്യുന്നത് പുണ്യമായി കണക്കാക്കുന്നു. പള്ളിയിൽ പ്രവേശിക്കുന്നവർ ഖിബ്‌ലയ്ക്ക് അഭിമുഖമായാണ് ഇരിക്കേണ്ടത്. മക്കയിലെ മസ്ജിദുൽ ഹറാമിനുള്ളിലുള്ള കഅബയിലെക്കുള്ള ദിക്കിനെയാണ് ഖിബ്‌ല എന്നു പറയുന്നത്.
ജുമുഅയുടെ കർമ്മങ്ങൾ
തിരുത്തുകജുമുഅയുടെ സമയം ആവുന്നതോടെ മുഅദ്ദിൻ പ്രാർത്ഥനയ്ക്കായുള്ള ക്ഷണമായ ആദ്യത്തെ വാങ്ക് വിളിക്കുന്നു,വാങ്ക് വിളിക്കുന്നയാളിനെയാണ് മുഅദ്ദിൻ എന്നു പറയുന്നത്. തുടർന്ന് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നയാൾ പ്രസംഗ പീഠത്തിൽ കയറി പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ എത്തിയവരോട് “അസ്സലാമു അലൈക്കും“ എന്ന് അഭിവാദ്യം ചെയ്യുന്നു. ദൈവത്തിന്റെ സമാധാനം അഥവാ രക്ഷ നിങ്ങളുടെ മേൽ ഉണ്ടായിരിക്കട്ടെ എന്നാണിതിനർഥം. ഇതിനു പ്രത്യുത്തരമായി “വ അലൈക്കും അസ്സലാം“ എന്ന് ശ്രോതാക്കളും തിരിച്ച് അഭിവാദ്യം ചെയ്യുന്നു.
തുടർന്ന് ജുമുഅയ്ക്ക് പങ്കെടുക്കുവാൻ എത്തിയിരിക്കുന്നവർക്ക് അഭിമുഖമായി ഖത്തീബ് ഇരിക്കുന്നു. ഈ സമയം രണ്ടാമത്തെ വാങ്ക് വിളിക്കപ്പെടുകയും തുടർന്ന് പ്രഭാഷണം ആരംഭിക്കുകയും ചെയ്യുന്നു. രണ്ടു ഘട്ടങ്ങളിലായാണ് പ്രഭാഷണം നിർവ്വഹിക്കപ്പെടുന്നത്. പ്രഭാഷണത്തിനു ശേഷം രണ്ട് ഘട്ടങ്ങളുള്ള ജുമുഅ നമസ്കാരത്തിനായി പ്രഭാഷകൻ ഉച്ചത്തിൽ വിളിക്കുകയും, ഇഖാമത്തിനു ശേഷം വിശ്വാസികൾ ഇമാമിന്റെ നേതൃത്വത്തിൽ സംഘനമസ്കാരം നിർവഹിക്കപ്പെടുകയും ചെയ്യുന്നു.
മേൽപറഞ്ഞ ആദ്യത്തെ വാങ്കിന്റെ കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്[2]. പ്രവാചകന്റെയും ഖലീഫമാരായിരുന്ന അബൂബക്കർ സിദ്ധീഖ്, ഉമർ ബിൻ ഖതാബ് എന്നിവരുടെ കാലത്ത് ഖത്തീബ് പ്രസംഗപീഠത്തിൽ കയറിയതിനു ശേഷമുള്ള ഒരു വാങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നാം ഖലീഫ ഉസ്‌മാൻ ബിൻ അഫ്ഫാന്റെ കാലത്താണ് ജുമുഅയുടെ സമയമാകാറായെന്ന് അറിയിക്കുവാൻ വേണ്ടി മറ്റൊരു വാങ്ക് കൂടി വിളിക്കുന്ന സമ്പ്രദായം തുടങ്ങിയത്[3]. ഖലീഫമാരുടെ കർമ്മങ്ങൾ സുന്നത്തായി കണക്കാക്കാമെന്ന് കരുതുന്ന പണ്ഡിതർ സമയമറിയിക്കാനുള്ള വാങ്ക് (പുതുതായി ചേർക്കപ്പെട്ടതിനാൽ ഇതിനെ രണ്ടാമത്തെ വാങ്ക് എന്നും, ഇഖാമത്ത് കൂടി എണ്ണിയാൽ മൂന്നാമത്തെ വാങ്ക് എന്നും വിളിക്കാറുണ്ട്) നിർബന്ധമില്ലെന്നും എന്നാൽ ഇങ്ങനെ ചെയ്യുന്നതാണ് നല്ലതെന്നും അഭിപ്രായപ്പെടുന്നു. ഇങ്ങനെ ഒരു അധിക വാങ്ക് വിളിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും എന്നാൽ മൂന്നാം ഖലീഫയുടെ കാലത്തേതുപോലെ പ്രത്യേക ആവശ്യമൊന്നുമില്ലെങ്കിൽ ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നുമാണ് മറ്റൊരഭിപ്രായം. എന്നാൽ, പ്രവാചകന്റെ കാലശേഷം മതത്തിൽ ചേർക്കപ്പെട്ടതെല്ലാം ബിദ്അത്ത് (അനാചാരം) ആണെന്ന് കരുതുന്ന വിഭാഗങ്ങൾ ഈ വാങ്ക് പാടേ ഒഴിവാക്കുന്നു.
ഖുതുബ
തിരുത്തുകവാങ്ക് വിളിയോടെയാണ് ജുമുഅ ആരംഭിക്കുന്നത്. വാങ്കിനു ശേഷം രണ്ടു പ്രസംഗങ്ങൾ ഉണ്ടായിരിക്കും. ഖത്തീബ് മിമ്പറിൽ (പ്രസംഗ പീഠം) കയറി നിന്നാണ് ഇത് നിർവ്വഹിക്കുക. അല്ലാഹുവിനെ സ്തുതിച്ചും മുഹമ്മദ് നബി(സ)ക്കു വേണ്ടി പ്രാർത്ഥിച്ചുമാണ് ഖുതുബ ആരംഭിക്കുക. തുടർന്ന് ജനങ്ങൾക്ക് അവരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ഉപദേശങ്ങൾ നൽകും. രണ്ടു ഖുതുബകൾക്കിടയിലായി ഖത്തീബ് അല്പനേരം ഇരിക്കും. രണ്ടു ഖുതുബകൾ അടങ്ങിയ ജുമുഅ കർമ്മപരവും വിശ്വാസപരമായ അറിവുകൾ പുതുക്കാൻ മുസ്ലിമിനെ സഹായിക്കുന്നു. ഖുതുബ സാന്ദർഭികമായിരിക്കണം[4]. ഖുതുബ ശ്രോതാക്കളുടെ ഭാഷയിലായിരിക്കണമോ[5] അതോ അറബിയിൽ തന്നെ വേണമോ എന്ന കാര്യത്തിൽ മുസ്ലിംകളുടെ വിവിധ വിഭാഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്[അവലംബം ആവശ്യമാണ്].
നമസ്കാരം
തിരുത്തുകഖുതുബയ്ക്കു ശേഷം ഇഖാമത്ത് വിളിച്ചു കൊണ്ട് നമസ്കാരത്തിലേക്കു കടക്കുന്നു. ഇമാമിന്റെ (നമസ്കാരത്തിന് നേതൃത്വം നൽകുന്നയാൾ) പിന്നിൽ ആദ്യം പുരുഷന്മാരും പിന്നെ ആൺകുട്ടികളും പിന്നെ സ്ത്രീകളും[6][7] എന്ന ക്രമത്തിലാണ് അണിനിരക്കേണ്ടത്. രണ്ടു റക്അത്താണ് ജുമുഅ നമസ്കാരം. ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തവർക്ക് അന്നേ ദിവസം ളുഹർ നമസ്കരിക്കേണ്ടതില്ല.
ജുമുഅ ആർക്കെല്ലാം
തിരുത്തുകഒരു പ്രദേശത്തെ പ്രായപൂർത്തിയായ സ്വതന്ത്ര മുസ്ലിം പുരുഷൻമാർക്കെല്ലാം അവിടത്തെ ജുമുഅയിൽ പങ്കെടുക്കൽ നിർബന്ധമാണ്. രോഗികൾ, കുട്ടികൾ, യാത്രക്കാർ എന്നിവർക്ക് ജുമുഅ നിർബന്ധമില്ലെങ്കിലും സാധ്യമെങ്കിൽ അവർക്കും പങ്കെടുക്കാവുന്നതാണ്. സ്ത്രീകൾക്ക് ജുമുഅ നിർബന്ധമില്ല എന്ന കാര്യത്തിൽ മുസ്ലിം ലോകത്തിന് ഏകാഭിപ്രായമുണ്ടെങ്കിലും അവർക്ക് ജുമുഅയിൽ പങ്കെടുക്കാമോ എന്ന കാര്യത്തിൽ സ്ത്രീകളുടെ പള്ളിപ്രവേശവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമുണ്ട്. സ്ത്രീകൾക്ക് ജുമുഅയിൽ പങ്കെടുക്കാമെന്ന് ചില മുസ്ലിം വിഭാഗങ്ങൾ അഭിപ്രായപ്പെടുന്നു[7][8]. സ്ത്രീകൾക്ക് ജുമുഅയും മറ്റ് ജമാഅത്തുകളും നമസ്കരിക്കാനായി സാധാരണഗതിയിൽ ഇവരുടെ പള്ളികളിൽ പ്രത്യേക ഭാഗമുണ്ടാകും. എന്നാൽ സ്ത്രീകളുടെ പള്ളിപ്രവേശത്തെ എതിർക്കുന്ന വിഭാഗങ്ങളിൽ സ്ത്രീകൾക്ക് ജുമുഅയിൽ പങ്കെടുക്കാനനുവാദമില്ല[9][10][11][12][13]. സുന്ദരികളായ യുവതികൾ പള്ളിയിൽ പോകുന്നത് കറാഹത്ത് (ചെയ്യാതിരിക്കൽ നല്ലത്) ആണെന്നും അല്ലാത്തവർക്ക് ഭയാശങ്കയില്ലാത്തപക്ഷം പള്ളിയിൽ പോകാം എന്നും ഉള്ള അഭിപ്രായവുമുണ്ട്[14].സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്നതിനാൽ അവർക്ക് ജുമുഅഃ പള്ളിയിൽ വരേണ്ടതില്ല. കർമകാര്യങ്ങളിൽ ഇസ്ലാമിൽ സ്ത്രീ - പുരുഷ വിവേചനം ഇല്ല [ഖുർആൻ 33 :35]. ജുമുഅയിൽ പങ്കെടുക്കാൻ താല്പര്യമുള്ള സ്ത്രീകളെ തടയുന്നത് മത വിരുദ്ധമാണ്.
അവലംബം
തിരുത്തുക- ↑ ഇമാം ശാഫിഈ(റ) ഞങ്ങളോട് പറഞ്ഞു: "സാലിം(റ) തന്റെ പിതാവിൽ നിന്ന് നിവേദനം : നബി(സ) പറഞ്ഞു: അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളികളിൽ നിന്ന് നിങ്ങൾ തടയരുത്; അവർ സുഗന്ധം പുരട്ടാതെ പുറപ്പെടണം."(അസ്സുനൻ :1/290 ഹദീസ് നമ്പർ:183, 'സ്ത്രീകൾ പള്ളികളിലെ ജമാഅത്തിൽ പങ്കെടുക്കുന്ന അദ്ധ്യായം' - ഇമാം ശാഫിഈ
- ↑ "Two Adhans on Friday". Archived from the original on 2012-01-29. Retrieved 2009-09-11.
- ↑ "റസൂൽ(സ)യുടെ കാലത്തും അബൂബക്കർ(റ)വിന്റെ കാലത്തും ഉമർ(റ)വിന്റെ കാലത്തും വെള്ളിയാഴ്ചയിലെ വാങ്ക്, ഇമാം മിമ്പറിൽ ഇരുന്ന ശേഷമുള്ള വാങ്കായിരുന്നു. ഉസ്മാൻ (റ)വിന്റെ ഭരണ കാലത്ത് ജനങ്ങൾ അധികരിച്ചപ്പോൾ അദ്ദേഹം സൗറാഇൽ (മദീനയിലെ ഒരു അങ്ങാടിയിൽ) വെച്ച് ഒരു മൂന്നാം വിളംബരം (ഇഖാമത്ത് ഉൾപ്പെടെയാണ് മൂന്ന് വാങ്കെന്ന് പറയുന്നത്) കൂടുതലായി ഉണ്ടാക്കി." സ്വഹീഹുൽ ബുഖാരി ഹദീസ് നമ്പർ 912
- ↑ ഇമാം ശാഫിഈ(റ) പറഞ്ഞു: ജാബിർ(റ) നിവേദനം: നബി(സ) ഒരു വെള്ളിയാഴ്ച മിമ്പറിന്മേൽ നിന്ന് ഖുതുബ പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് ഒരാൾ (പള്ളിയിലേക്ക്) കടന്നുവന്നു. അപ്പോൾ നബി(സ) അദ്ദേഹത്തോട് ചോദിച്ചു: 'നീ രണ്ടു റക്അത്ത് (തഹിയ്യത്ത്) നമസ്കരിച്ചോ?' അദ്ദേഹം പറഞ്ഞു:ഇല്ല. അപ്പോൾ നബി(സ) പറഞ്ഞു: എങ്കിൽ രണ്ടൂ റക്അത്ത് നമസ്കരിക്കുക" (അസ്സുനൻ :1/130,131 ഹദീസ് നമ്പർ:17,18 - ഇമാം ശാഫിഈ
- ↑ (ഇമാം ശാഫിഈ(റ) പറഞ്ഞു:) "ഒരാൾ ജുമുഅ ഖുതുബയിലും മറ്റുള്ള ഖുതുബകളിലും തനിക്ക് മുഖ്യ ആവശ്യമുള്ളതും മറ്റുള്ളവർക്ക് മുഖ്യ ആവശ്യമുള്ളതോ ആയ വിഷയം ജനങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നതിന് (ഖുതുബ നടത്തൽ) യാതൊരു വിരോധവുമില്ല. അവനും ശ്രോതാക്കളായ ജനങ്ങൾക്കും മുഖ്യമല്ലാത്ത കാര്യത്തിൽ അവൻ സംസാരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല." (അൽ ഉമ്മ്:1/307, ഇമാം ശാഫിഈ)
- ↑ മഹല്ലി പരിഭാഷ 2/184 - കെ.വി.മുഹമ്മദ് മുസ്ലിയാർ
- ↑ 7.0 7.1 ഇമാം നവവി(റ) പറയുന്നു: "തീർച്ചയായും സ്ത്രീകൾ ജുമുഅക്ക് പങ്കെടുക്കുകയും നമസ്കരിക്കുകയും ചെയ്താൽ അനുവദനീയമാകുമെന്ന കാര്യത്തിൽ ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ട് എന്ന് ഇബ്നുമുൻദിർ(റ)ഉം മററും ഉദ്ധരിച്ചിട്ടുണ്ട്. ധാരാളം ഹദീസുകളിൽ, നബി(സ)യുടെ പള്ളിയിൽ നബിയുടെയും പുരുഷന്മാരുടെയും പിന്നിൽ നിന്നുകൊണ്ട് സ്ത്രീകൾ നമസ്കരിച്ചിരുന്നതായി സ്തിരപ്പെട്ടിട്ടുണ്ട്." (ശറഹുൽ മുഹദ്ദബ്)
- ↑ (ഇമാം ശാഫിഈ(റ) പറഞ്ഞു:) ജുമുഅ നിർബന്ധമില്ലെന്ന് ഞാൻ പറഞ്ഞ തടവുപുള്ളി പോലുള്ള പ്രതിബന്ധമുള്ള സ്വതന്ത്ര പുരുഷന്മാർ, സ്ത്രീകൾ, പ്രായപൂർത്തിയാകാത്തവർ, അടിമകൾ എന്നിവർ ജുമുഅക്കു ഹാജരായാൽ അവർ ജുമുഅയുടെ രണ്ടു റക്അത്ത് തന്നെ നമസ്ക്കരിക്കണം. ഒരു റക്അത്താണ് അവർക്ക് (ഇമാമിനോടൊപ്പം) ജുമുഅയായി കിട്ടിയതെങ്കിൽ ഒരു റക്അത്തു കൂടി അതിനോടു കൂട്ടി നമസ്ക്കരിക്കണം. എങ്കിൽ ളുഹറിന് പകരം അവർക്ക് അതു മതിയാകുന്നതാണ്. (അൽ ഉമ്മ്:1/289, 'സ്ത്രീകൾ പള്ളികളിലെ ജമാഅത്തിൽ പങ്കെടുക്കുന്ന അദ്ധ്യായം' - ഇമാം ശാഫിഈ)
- ↑ സ്ത്രീകളും ജുമുഅ ജമാഅത്തും, പേജ് 9, കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ, എസ്.വൈ.എസ് ബുക്സ്
- ↑ ഇമാം റാസി(റ) എഴുതുന്നു: (പള്ളിയെ സംബന്ധിച്ച ഖുർആൻ) സൂക്തത്തിൽ പുരുഷന്മാർ എടുത്തു പറയാൻ കാരണം സ്ത്രീകൾ പള്ളിയിലേ ജമാഅത്ത് നടത്തേണ്ടവരല്ലന്നതിനാലാണ്-തഫ്സീറുൽ കബീർ വാ:6,പേ:24
- ↑ -റൂഹുൽ ബയാൻ വാ:6,പേ:161
- ↑ തഫ്സീരുൽ മള്ഹരി വാ:6,പേ:541
- ↑ പുരുഷന്മാരുടെ സവിശേഷതയാൺ ജുമുഅ ജമാഅത്തുകൾക്ക് പള്ളിയിൽ സന്നിഹിതരാകൽ ഇതാണ് ഖുർആൻ അവരെ പ്രത്യേകം എടുത്തു പറയാൻ കാരണം - തഫ്സീറു സ്സ്വാവി വാ:3,പേ:141
- ↑ പത്ത് കിത്താബ് മലയാള പരിഭാഷ പേജ്:164, പി.അബ്ദുൽ അസീസ് മുസ്ലിയാർ, പൊന്നാനി