ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്താൻ
1992 വരെ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പതനത്തിനു ശേഷം രാജ്യത്ത് അധികാരത്തിൽ വന്ന മുജാഹിദീൻ കക്ഷികളുടെ സർക്കാർ സംവിധാനത്തെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്താൻ എന്നറിയപ്പെടുന്നത്. സോവിയറ്റ് യൂനിയന്റെ പിന്തുണയോടെ നിലനിന്നിരുന്ന കമ്മ്യൂണിസ്റ്റ് സർക്കാറിനെ യുദ്ധത്തിലൂടെ പുറത്താക്കിയാണ് ഈ സർക്കാർ നിലവിൽ വന്നത്. 1992 മുതൽ 1996 വരെയുള്ള നാലുവർഷക്കാലം മാത്രം ഭരണത്തിലിരുന്ന ഈ സർക്കാരിന്, വിവിധ മുജാഹിദീൻ കക്ഷികളുടെ അധികാരവടംവലി മൂലം ഭേദപ്പെട്ട ഭരണം കാഴ്ച വക്കാനായില്ല. സിബ്ഗത്തുള്ള മുജദ്ദിദി, ബുർഹാനുദ്ദീൻ റബ്ബാനി എന്നിവരാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്താന്റെ പ്രസിഡണ്ടുമാരായിരുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്താൻ | |||||||||||
---|---|---|---|---|---|---|---|---|---|---|---|
1992 - 2001 | |||||||||||
പതാക | |||||||||||
തലസ്ഥാനം | കാബൂൾ | ||||||||||
പൊതുവായ ഭാഷകൾ | പേർഷ്യൻ, പഷ്തു | ||||||||||
ഗവൺമെൻ്റ് | ഇസ്ലാമിക റിപ്പബ്ലിക് | ||||||||||
ചരിത്രം | |||||||||||
• സ്ഥാപിതം | 1992 | ||||||||||
• ഇല്ലാതായത് | 2001 | ||||||||||
|
1996-ൽ തലസ്ഥാനമായ കാബൂൾ അടക്കം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളുടേയും നിയന്ത്രണം ഈ സർക്കാരിൽ നിന്ന് താലിബാൻ കൈയടക്കുകയും രാജ്യത്തിന്റെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ എന്ന് മാറ്റുകയും ചെയ്തു. എങ്കിലും 2001 വരെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്താനെയാണ് രാജ്യത്തിന്റെ യഥാർത്ഥ പ്രതിനിധിയായി ഐക്യരാഷ്ട്രസഭ കണക്കാക്കിയിരുന്നത്.
ഇസ്ലാമികരാജ്യത്തിന്റെ രൂപീകരണം
തിരുത്തുക1978 മുതൽ 1992 വരെ അഫ്ഗാനിസ്താനിൽ അധികാരത്തിലിരുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെയും, കമ്മ്യൂണിസ്റ്റ് സർക്കാരിന് പിന്തുണയേകി രാജ്യത്തെത്തിയ സോവിയറ്റ് സൈന്യത്തേയും യുദ്ധത്തിൽ പരാജയപ്പെടുത്തിയാണ് പ്രതിരോധകക്ഷികൾ (മുജാഹിദീനുകൾ) സർക്കാർ രൂപീകരിച്ചത്. 1992 ഏപ്രിലിൽ, കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പതനം ആസന്നമായിരിക്കുന്ന ഘട്ടത്തിൽ ഇസ്ലാമികപ്രതിരോധകക്ഷികൾ പാകിസ്താനിലെ പെഷവാറിൽ വച്ച് അംഗീകരിച്ച ഒരു ധാരണയുടെ അടിസ്ഥാനത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്താന്റെ സർക്കാർ നിലവിൽ വന്നത്.
ഈ ധാരണയനുസരിച്ച് മുജാഹിദീന്റെ നിലവിലുള്ള ഇടക്കാലസർക്കാരിന്റെ പ്രസിഡണ്ടായിരുന്ന സിബ്ഗത്തുള്ള മുജദ്ദിദി ആദ്യത്തെ രണ്ടുമാസക്കാലം രാജ്യത്തിന്റെ പ്രസിഡണ്ടായിരിക്കാനും അതിനു ശേഷം 4 മാസത്തേക്ക്ക് അധികാരം ബുർഹാനുദ്ദീൻ റബ്ബാനിക്ക് നൽകാനും വ്യവസ്ഥയുണ്ടായിരുന്നു. അതിനു ശേഷമുള്ള 18 മാസത്തേക്കുള്ള ഇടക്കാലസർക്കാരിനെ ധാരണാസമിതി (Council of Solution and Pact) എന്ന ഒരു സമിതി തിരഞ്ഞെടുക്കുതിനും ഈ കാലയളവിൽത്തന്നെ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനുമായിരുന്നു പെഷവാർ ധാരണയിലെ മറ്റു വ്യവസ്ഥകൾ.
1992 ഏപ്രിൽ 25-ന് കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടായിരുന്ന നജീബുള്ള, മുജാഹിദീനുകളോട് പരാജയം സമ്മതിച്ച് കാബൂൾ ഐക്യരാഷ്ട്രസഭാ കാര്യാലയത്തിൽ അഭയം പ്രാപിച്ചതോടെ മുജാഹിദീനുകൾ കാബൂളിൽ അധികാരം ഏറ്റെടുക്കുകയും 1992 ഏപ്രിൽ 28-ന് സിബ്ഗത്തുള്ള മുജദ്ദിദി കാബൂളിലെത്തി ആദ്യ പ്രസിഡണ്ടായി അധികാരം ഏറ്റെടുക്കുകയും ചെയ്തു.[1]
റബ്ബാനിയുടെ ഭരണം
തിരുത്തുകമുജാഹിദീനുകൾ അധികാരമേറ്റതിനു പിന്നാലെ കാബൂൾ, വിവിധ ഇസ്ലാമികപ്രതിരോധകക്ഷികളുടെ പരസസ്പരപോരാട്ടത്തിന് വേദിയായിരുന്നു. 1992 ജൂൺ 28ന് വ്യവസ്ഥപ്രകാരം, സിബ്ഗത്തുള്ള മുജദ്ദിദി, പ്രസിഡണ്ട് സ്ഥാനം, പ്രൊഫസർ ബുർഹാനുദ്ദീൻ റബ്ബാനിക്ക് കൈമാറി. റബ്ബാനിയുടെ സൈനികനേതാവായിരുന്ന അഹ്മദ് ഷാ മസൂദ് ഉടൻ തന്നെ കാബൂളിലെ മിക്ക ഭാഗങ്ങളും നിയന്ത്രണത്തിലാക്കി. [1]
ഭീഷണികളും അരാജകത്വവും
തിരുത്തുകതുടക്കത്തിൽത്തന്നെ അഹ്മദ് ഷാ മസൂദിന്റേയും, മറ്റൊരു പ്രതിരോധകക്ഷിനേതാവായിരുന്ന ഹെക്മത്യാറിന്റേയും സേനകൾ പരസ്പരം പോരാട്ടം തുടങ്ങിയിരുന്നു. ഇതിനു പുറമേ ഹെക്മത്യാറിന്റേയും ജനറൽ ദോസ്തമിന്റേയും സേനകൾ തമ്മിലും പോരാട്ടങ്ങൾ നടന്നു. റബ്ബനിക്കും മസൂദിനും തങ്ങളുടെ അധികാരം വ്യാപിപ്പിക്കാൻ അനുകൂലമായ സാഹചര്യമായിരുന്നെങ്കിലും അവർക്ക് അതിൽ വിജയിക്കാനായില്ല.
റബ്ബാനിയുടെ സർക്കാർ തുടക്കം മുതലേ അന്തശ്ചിദ്രങ്ങൾ മൂലം അസ്ഥിരമായിരുന്നു. ഒരു വശത്ത് അഹ്മദ് ഷാ മസൂദും അയാളുടെ പ്രഗൽഭരായ പോരാളികളുമായിരുന്നെങ്കിൽ, മറുവശത്ത് റബ്ബാനിയുടെ നേതൃത്വത്തിലുള്ള പെഷവാറീൽ നിന്നുള്ള രാഷ്ട്രീയനേതാക്കളൂമായിരുന്നു. ഇതിനു പുറമേ പഞ്ച്ശീർ താഴ്വരയിൽ നിന്നുള്ള മസൂദിന്റെ അണികളും ബദാഖ്ശാനിൽ നിന്നുള്ള റബ്ബാനിയുടെ അണികളും തമ്മിലുള്ള വംശീയപ്രശ്നം കൂടിയായപ്പോൾ സ്ഥിതിഗതികൾ കൂടുതൽ വഷളായി. റബ്ബാനിയുടെ ജാമിയത്ത് കക്ഷിയിലെ അംഗമായിരുന്ന ഇസ്മാ ഈൽ ഖാന്റെ സ്വാധീനമായിരുന്നു സർക്കാരിനുണ്ടായിരുന്നു മൂന്നാമത്തെ ഭീഷണി. ഹെറാത്തിലും പടിഞ്ഞാറൻ അഫ്ഗാനിസ്താനിലും ഫലപ്രദമായ ഒരു സംഘടനാസംവിധാനം കെട്ടിപ്പടുത്ത ഇസ്മാ ഈൽ ഖാൻ, സ്വയം അമീർ എന്ന് പ്രഖ്യാപിച്ചിരുന്നു. ഇക്കാലത്ത് കാബൂളിലും മറ്റും കലാപങ്ങൾ നടന്നുകൊണ്ടിരുന്നതിനാൽ, പടിഞ്ഞാറൻ അഫ്ഗാനിസ്താൻ രാജ്യത്തെ ഏറ്റവും വാസയോഗ്യമായ പ്രദേശമായും മാറിയിരുന്നു.
ഇതിനെല്ലാം പുറമേ, പുറത്തുനിന്നുള്ള എതിർപ്പുകളായിരുന്നു റബ്ബനിയുടെ പ്രധാന പ്രശ്നം, 1992 അവസാനം മുതലേ, പഴയ പ്രതിരോധകക്ഷികളുടെ മാറിക്കൊണ്ടെയിരുന്ന വിവിധ സഖ്യങ്ങളുടേയും നിരവധി ആക്രമണങ്ങൾ, റബ്ബാനിക്കും മസൂദിനും നേരിടേണ്ടീവന്നു. തുടർച്ചയായ ഈ യുദ്ധങ്ങൾ മൂലം, നിരവധി അഫ്ഗാനികൾക്ക് ജീവഹാനി സംഭവിക്കുകയും അഫ്ഗാനികൾക്കിടയിൽ മുജാഹിദീന്റെ വിലനഷ്ടപ്പെടുകയും ചെയ്തു. റബ്ബാനിയുടെ ജാമിയത്തിനു പുറമേ, ഹെക്മത്യാറീന്റെ ഹിസ്ബ് ഇ ഇസ്ലാമി, ജനറൽ ദോസ്തമിന്റെ ഉസ്ബെക് സൈന്യം, അബ്ദ് അൽ അലി മസാരിയുടെ നേതൃത്വത്തിൽ ഷിയകളുടെ ഹിസ്ബ് ഇ വാഹ്ദത് തുടങ്ങിയവയായിരുന്നു പ്രധാന സൈനികകക്ഷികൾ,
പെഷവാർ ധാരണയനുസരിച്ച്, റബ്ബാനി 1992 ഒക്ടോബർ അവസാനം പ്രസിഡണ്ട് പദവി ഒഴിയേണ്ടതായിരുന്നെങ്കിലും സ്ഥാനമൊഴിയാൻ അദ്ദേഹം വിസമ്മതിച്ചത് പോരാട്ടങ്ങളുടെ ശക്തി കൂട്ടാൻ ഇടയാക്കി. തുടർച്ചയായ പോരാട്ടം കാബൂൾ നഗരത്തെ താറുമാറാക്കുകയും ആയിരക്കണക്കിന് നഗരവാസികൾ നഗരം വിട്ടുപോകുകയും ചെയ്തു. കാബൂളിനു പുറത്തും വിവിധനേതാക്കൾ സ്വതന്ത്രരായി അവരവരുടെ മേഖലയിൽ ആധിപത്യം സ്ഥാപിച്ചു. പ്രധാനപാതയോരങ്ങളിൽ ആധിപത്യം സ്ഥാപിച്ച് ഈ നേതാക്കൾ, വഴിയാത്രക്കാരെ കൊള്ളയടിക്കുകയും ചുങ്കം ചുമത്തുകയും ചെയ്തു. കന്ദഹാറിലെ സ്ഥിതി വളരെ മോശമായിരുന്നു. 1994-ൽ താലിബാന്റെ ഉയർച്ച വരെ രാജ്യത്തെ ഈ അരക്ഷിതാവസ്ഥ തുടർന്നു.
എന്നാൽ ഇതിനിടയിലും ഹെറാത്തിലെ ഇസ്മാഈൽ ഖാനും, മസാർ-ഇ ശരീഫിലെ ജനറൽ ദോസ്തവും, തങ്ങളുടെ അധീനപ്രദേശങ്ങളിൽ ഏറെക്കുറേ മെച്ചപ്പെട്ട ഭരണം കാഴ്ചവച്ചു.[1]
താലിബാന്റെ ഉയർച്ച, ഇസ്ലാമിക് സ്റ്റേറ്റിന്റെ അന്ത്യം
തിരുത്തുക1994-ഓടെ പാകിസ്താൻ അതിർത്തിയോട് ചേർന്ന് തെക്കൻ അഫ്ഗാനിസ്താനിൽ നിന്നും മൗലിക ഇസ്ലാമികതയിലടിസ്ഥിതമായ ഒരു സംഘടനയായ താലിബാൻ മുല്ല മുഹമ്മദ് ഒമറിന്റെ നേതൃത്വത്തിൽ ഉയർന്നുവന്നു. 1994 നവംബർ 5-ന്, താലിബാൻ, കന്ദഹാറിന്റെ നിയന്ത്രണം പിടിച്ചെടുത്തു. അക്കാലത്ത് കാബൂളിൽ ഭരണത്തിലിരുന്ന പ്രൊഫസർ റബ്ബാനിയുടെ നേരിയ നിയന്ത്രണം മാത്രമുണ്ടായിരുന്ന കന്ദഹാറിലെ മുല്ല നഖ്വിബ് അഖുന്ദ്സാദേയുടെ നേതൃത്വത്തിലുള്ള സർക്കാർ സൈന്യം, യുദ്ധം ചെയ്യാതെ തന്നെ താലിബാനു മുൻപിൽ ആയുധം വച്ച് കീഴടങ്ങി. കന്ദഹാറിന് ചുറ്റുപാടുമുള്ള മറ്റു നേതാക്കളും ഇതേ രീതിയിൽ താലിബാനു മുൻപാകെ കീഴടങ്ങി. അങ്ങനെ കന്ദഹാർ മേഖല മുഴുവൻ കാബൂൾ നിയന്ത്രണത്തിൽ നിന്നും അറ്റുപോയി.
പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ ചില പ്രദേശങ്ങളും താലിബാൻ പിടിച്ചടക്കിയതിനു ശേഷം, ഗസ്നിയിൽ വച്ച് താലിബാൻ ഹെക്മത്യാറിനെതിരെ പോരാടി. ഹെക്മത്യാറിനെതിരെയുള്ള പോരാട്ടത്തിൽ റബ്ബാനിയുടേയും നബി മുഹമ്മദിയുടേയും സൈന്യങ്ങളും താലിബാനോടൊപ്പം ചേർന്നിരുന്നു. ഹെക്മത്യാറിന്റെ പരാജയത്തിനു ശേഷം 1995-ഓടെ ഷിയ വിഭാഗങ്ങളുമായി ഒത്തുചേർന്ന് താലിബാൻ, റബ്ബാനിയുടെ സേനക്കെതിരെ ആക്രമിക്കാൻ തുടങ്ങി. എങ്കിലും 1995 മാർച്ച് 19-ന് അഹ്മദ് ഷാ മസൂദ്, താലിബാനെ പരാജയപ്പെടുത്തി കാബൂളിന്റേയും പരിസരപ്രദേശങ്ങളുടേയും നിയന്ത്രണം കൈക്കലാക്കി. പരാജയപ്പെട്ടതോടെ താലിബാന്റെ സഖ്യം പിളർന്നു.
ഈ പരാജയത്തിനു ശേഷവും മുന്നേറിയ താലിബാൻ, പടിഞ്ഞാറൻ അഫ്ഗാനിസ്താനും മദ്ധ്യ അഫ്ഗാനിസ്താനും മുഴുവൻ നിയന്ത്രണത്തിലാക്കി. ഇതിനു ശേഷം 1996 സെപ്റ്റംബർ 11-ന് ജലാലാബാദും സെപ്റ്റംബർ 26-ന് കാബൂളും കൈയടക്കി. താലിബാന്റെ കാബൂളിലെ പ്രവേശനം, റബ്ബാനി ഭരണകൂടത്തിന്റേയും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്താന്റേയും ഭരണത്തിന് അന്ത്യം കുറിച്ചു.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 Vogelsang, Willem (2002). "20 - After the soviets". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 324–328. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)