1992-ൽ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പതനത്തിനു ശേഷം അഫ്ഗാനിസ്താനിൽ നിലവിൽ വന്ന മുജാഹിദീനുകളുടെ സർക്കാരിന്റെ ആദ്യത്തെ പ്രസിഡണ്ടാണ് സിബ്ഗത്തുള്ള മുജദ്ദിദി (Persian Dari Pashto صبغت الله مجددي, ജനനം 1926). ജഭാ-യി നജാത്-ഇ മില്ലി-യി അഫ്ഗാനിസ്താൻ (നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് അഫ്ഗാനിസ്താൻ) എന്ന രാഷ്ട്രീയകക്ഷിയുടെ സ്ഥാപകനേതാവുമാണ് ഇദ്ദേഹം. അഫ്ഗാനിസ്താനിലെ പ്രശസ്തമായ മുജദ്ദിദി കുടുംബാംഗമായ സിബ്ഗത്തുള്ളയുടെ കക്ഷി, 1980-കളിൽ സോവിയറ്റ് സൈനികാധിനിവേശത്തിനെതിരെ പൊരുതുന്നതിൽ പ്രധാനപങ്കുവഹിച്ചിരുന്നു.

സിബ്ഗത്തുള്ള മുജദ്ദിദി
صبغت الله مجددی

പദവിയിൽ
1992 ഏപ്രിൽ 27 – 1992 ജൂൺ 28
പ്രധാനമന്ത്രി അബ്ദുൾ സബുർ ഫരീദ് കോഹിസ്താനി
മുൻഗാമി അബ്ദുൾ റഹീം ഹത്തേഫ് (കാവൽ)
പിൻഗാമി ബുർഹാനുദ്ദീൻ റബ്ബാനി

ജനനം 1926
കാബൂൾ, അഫ്ഗാനിസ്താൻ
രാഷ്ട്രീയകക്ഷി നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് അഫ്ഗാനിസ്താൻ
മതം സുന്നി ഇസ്ലാം

കമ്മ്യൂണിസ്റ്റുകളുടെ പതനത്തിനു ശേഷം 1992-ൽ അഫ്ഗാനിസ്താന്റെ പ്രസിഡണ്ടായെങ്കിലും രണ്ടു മാസത്തിനു ശേഷം പ്രതിരോധകക്ഷികൾക്കിടയിലെ മുൻ ധാരണപ്രകാരം പ്രസിഡണ്ട് പദവി, ബുർഹാനുദ്ദീൻ റബ്ബാനിക്ക് നൽകി. പിൽക്കാലത്ത് താലിബാന്റെ പതനത്തിനു ശേഷം 2003-ൽ രാജ്യത്തെ സാമൂഹികനേതാക്കളുടെ ഉന്നതസമിതിയായ ലോയ ജിർഗയുടെ അദ്ധ്യക്ഷനാകുകയും ചെയ്തു. മുജദ്ദിദി അദ്ധ്യക്ഷനായ ലോയ ജിർഗയാണ് രാജ്യത്തിന്റെ പുതിയ ഭരണഘടന അംഗീകരിച്ചത്.

2005-ൽ അഫ്ഗാൻ പാർലമെന്റിന്റെ ഉപരിസഭയായ മെഷ്രാനോ ജിർഗയുടെ നേതാവായി സിബ്ഗത്തുള്ള മുജദ്ദിദി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനു പുറമേ രാജ്യത്തെ ദേശീയ സമാധാനക്കമ്മീഷന്റെ അദ്ധ്യക്ഷൻ കൂടിയാണ് ഇദ്ദേഹം.

ജീവിതരേഖ തിരുത്തുക

1925-ൽ ജനിച്ച സിബ്ഗത്തുള്ള, കാബൂളിലും കെയ്‌റോയിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സോവിയറ്റ് നേതാക്കൾക്കെതിരെയുള്ള വധശ്രമത്തിന്റെ പേരിൽ 1959-64 കാലത്ത് ഇദ്ദേഹം തടവിലാക്കപ്പെട്ടിരുന്നു. 1970-ൽ അഫ്ഗാനിസ്താനിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന ഇദ്ദേഹം ഡെന്മാർക്കിൽ താമസമാക്കി. അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശത്തിനു ശേഷം മുജദ്ദിദി പെഷവാറിലെത്തുകയും ജഭാ-യി നജാത്-ഇ മില്ലി-യി അഫ്ഗാനിസ്താൻ (നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് അഫ്ഗാനിസ്താൻ) എന്ന പ്രതിരോധകക്ഷി രൂപീകരിക്കുകയും അതിന്റെ അദ്ധ്യക്ഷനാകുകയും ചെയ്തു.

നാഷണൽ ലിബറേഷൻ ഫ്രണ്ട്, പരമ്പരാഗതപക്ഷത്തുള്ള ഒരു കക്ഷിയായിരുന്നു. കിഴക്കൻ അഫ്ഗാനിസ്താനിലെ നക്ഷ്ബന്ദീയ സൂഫി പ്രസ്ഥാനത്തിന്റേയും മുജദ്ദിദി കുടൂംബത്തിന്റേയും അണികൾ തന്നെയായിരുന്നു ഈ കക്ഷിയുടേയും പിന്നിലണിനിരന്നിരുന്നത്.[1]

പ്രസിഡണ്ട് സ്ഥാനത്ത് തിരുത്തുക

1989 ഫെബ്രുവരി 23-ന് ഇസ്ലാമികപ്രതിരോധകക്ഷികൾ പെഷവാറിൽ രൂപീകരിച്ച ഇടക്കാലസർക്കാരിന്റെ കാവൽ പ്രസിഡണ്ടായി മുജദ്ദിദി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1992-ൽ കമ്യൂണിസ്റ്റുകളുടെ പതനശേഷം മുജാഹിദീനുകൾ കാബൂളിൽ അധികാരമേറ്റപ്പോൾ പെഷവാർ ധാരണപ്രകാരം ആദ്യ രണ്ടുമാസക്കാലം മുജദ്ദിദി പ്രസിഡണ്ടായി നിയമിതനായി. 1992 ഏപ്രിൽ 28 മുതൽ ജൂൺ 28 വരെയുള്ള രണ്ടുമാസക്കാലം ഇദ്ദേഹം രാജ്യത്തിന്റെ പ്രസിഡണ്ടായിരുന്നു. ഇതിനു ശേഷം അധികാരം ബുർഹാനുദ്ദീൻ റബ്ബാനിക്ക് കൈമാറി.[2]

അവലംബം തിരുത്തുക

  1. Vogelsang, Willem (2002). "19-The Years of Communism". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 316. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Vogelsang, Willem (2002). "20 - After the soviets". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 322–325. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക