സസാനിയൻ സാമ്രാജ്യം
ക്രി. വ. 224മുതൽ 651 വരെ ഇറാനിയൻ പീഠഭൂമിയിൽ അധികാരത്തിലിരുന്ന പേർഷ്യൻ സാമ്രാജ്യമാണ് സസാനിയൻ സാമ്രാജ്യം (പേർഷ്യൻ: ساسانیان, സാസാനിയാൻ) അഥവാ സസ്സാനിദ് സാമ്രാജ്യം. ഏഴാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്തെ അറബി അധിനിവേശം ഉദയം വരെ പേർഷ്യൻ പീഠഭൂമിയിൽ സസാനിയൻ സാമ്രാജ്യം അധികാരം ഉറപ്പിച്ചിരുന്നു.[3].
സസാനിയൻ സാമ്രാജ്യം | |||||||||
---|---|---|---|---|---|---|---|---|---|
224–651 | |||||||||
ഖുസ്രു രണ്ടാമന്റെ കാലത്ത് സസാനിയൻ സാമ്രാജ്യം അതിന്റെ പരമാവധി വിസ്തൃതിയിൽ | |||||||||
തലസ്ഥാനം | അർദാശീർ ഖ്വാറ (മുൻപ്) സെലൂക്യാ-ക്ടെസിഫോൺ | ||||||||
പൊതുവായ ഭാഷകൾ | മദ്ധ്യകാല പേർഷ്യൻ (പാഹ്ലവി) | ||||||||
മതം | സൊറോസ്ട്രിയൻ മതം | ||||||||
ഗവൺമെൻ്റ് | ഏകാധിപത്യം | ||||||||
• 224-241 | അർദാശീർ 1ാമൻ | ||||||||
• 632-651 | യാസ്ദെഗെർദ് 3ാമൻ | ||||||||
ചരിത്രം | |||||||||
• പാർത്തിയരെ പരാജയപ്പെടുത്തി അർദാശീർ, സാമ്രാജ്യത്തിന് അടിത്തറയിടുന്നു. | 224 | ||||||||
• അറബി അധിനിവേശം | 651 | ||||||||
വിസ്തീർണ്ണം | |||||||||
550 | 7,400,000 km2 (2,900,000 sq mi) | ||||||||
Population | |||||||||
• ഏഴാം നൂറ്റാണ്ട് | 78000000 | ||||||||
|
ഹഖാമനി സാമ്രാജ്യത്തിന്റെ കാലത്തിനു ശേഷം, ഏറ്റവും മികച്ചരീതിയിൽ അധികാരം വ്യാപിപ്പിച്ച പേർഷ്യൻ സാമ്രാജ്യമായിരുന്നു സസാനിയൻ സാമ്രാജ്യം. അലക്സാണ്ടറുടെ ആക്രമണത്തിൽ പേർഷ്യക്കാർക്ക് നഷ്ടമായ പല കിഴക്കൻ പ്രദേശങ്ങളും പേർഷ്യക്കാരിൽ തിരിച്ചെത്തിയത് ഇക്കാലത്താണ്.[4]
ആരംഭം
തിരുത്തുക224-ആമാണ്ടിൽ തെക്കുപടിഞ്ഞാറൻ ഇറാനിൽ നിന്നുള്ള ഒരു തദ്ദേശീയനേതാവായ അർദാശീർ, തങ്ങളൂടെ മേലാളമാരായിരുന്ന പാർത്തിയൻ രാജാവ് അർട്ടാബാനസ് അഞ്ചാമനെ ഹോർമുസ് യുദ്ധത്തിൽ പരാജയപ്പെടുത്തി അധികാരം പിടിച്ചെടുക്കുന്നതോടെയാണ് സസാനിയൻ സാമ്രാജ്യത്തിന് ആരംഭമാകുന്നത്. ഹഖാമനി രാജാക്കന്മാരുടെ അർട്ടാക്സെർക്സെസ് എന്ന പേരിനോടു സാമ്യമുള്ള അർദാശിർ, സസാനിൽ നിന്നുള്ള ഹഖാമനി വംശത്തിന്റെ പിൻഗാമിയാണ് താനെന്ന് അവകാശപ്പെട്ടു. ഇദ്ദേഹം പെർസെപോളിസിന് തൊട്ടുവടക്കുള്ള ഇസ്താഖ്‌ർ എന്ന സ്ഥലത്തെ പുരോഹിതനായിരുന്നു എന്നു കരുതപ്പെടുന്നു.. പാർത്തിയരെ പരാജയപ്പെടുത്തിയതിനു ശേഷം, പടിഞ്ഞാറ് റോമക്കാർക്കെതിരെയും, കിഴക്ക് കുശാനർക്കെതിരെയും നിരവധി സൈനികനീക്കങ്ങൾ അർദാശിർ നടത്തി[3].
ലക്ഷ്യങ്ങളും നടപടികളും
തിരുത്തുകഹഖാമനിഷിയൻ സാമ്രാജ്യത്തിന്റെ വിജയം ആവർത്തിക്കുന്നതിനുള്ള ശ്രമമെന്ന രീതിയിലാണ് സസാനിയൻ സാമ്രാജ്യത്തിന്റെ ആരംഭം. ഹഖാമനിഷ്യന്മാരുടെ കേന്ദ്രത്തിൽ തന്നെയായിരുന്നു സസാനിയൻ രാജാക്കന്മാരുടേയും തുടക്കവും പ്രധാന രാഷ്ട്രീയകേന്ദ്രവും. ആദ്യകാല പേർഷ്യൻ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന ഭൂഭാഗങ്ങളെയെല്ലാം.വീണ്ടും ഒറ്റ ഇറാനിയൻ സാമ്രാജ്യത്തിനു കീഴിലാക്കുക എന്നതായിരുന്നു ആദ്യകാല സസാനിയൻ രാജാക്കന്മാരുടെ പ്രഥമലക്ഷ്യം. രാജ്യഭരണത്തിന്റെ ഒരു ഔദ്യോഗികമതത്തിന്റെ പ്രാധാന്യം തിരിച്ചറീഞ്ഞ ഇവർ സറാത്തുസ്ത്രയുടെ പൗരാണിക ആശയങ്ങളെ പുനരുജ്ജീവിപ്പിച്ച് സൊറോസ്ട്രിയൻ മതത്തെ സാമ്രാജ്യത്തിന്റെ ഔദ്യോഗികമതമാക്കി മാറ്റി[3].
വികസനം
തിരുത്തുകഅറബ് ചരിത്രകാരൻ അൽ താബറിയുടെ[5] അഭിപ്രായപ്രകാരം കിഴക്കൻ ഇറാന്റെ ഏറിയപങ്കും, ബാക്ട്രിയ, ശകസ്ഥാൻ (സിസ്താൻ) തുടങ്ങിയ പ്രദേശങ്ങളെല്ലാം അർദാശിറിന്റെ കാലത്ത് സാമ്രാജ്യത്തിന്റെ അധീനതയിലായി. ബലൂചിസ്താനിലെ മക്രാനിൽ നിന്നും തുറാനിൽ[ക] നിന്നുമുള്ള കുശാനരുടെ പ്രതിനിധികൾ പരാജയം സമ്മതിച്ച് അർദാശിരിന്റെ സഭയിൽ എത്തിയെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഇതിൽ നിന്നും അർദാശിറിന്റെ ഭരണമേഖല, ഇറാനിയൻ പീഠഭൂമിയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിലേക്ക്, അതായത് സിന്ധൂനദിയുടെ താഴെ അറ്റം വരെ എത്തിച്ചേർന്നിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു.
എങ്കിലും മൂന്നാം നൂറ്റാണ്ടിൽ ബാക്ട്രിയയിലും കാബൂൾ താഴ്വരയിലും സസാനിയൻ സാമ്രാജ്യത്തിന് ആധിപത്യം ഉണ്ടായിരുന്നു എന്ന് ഉറപ്പിക്കാൻ സാധിച്ചിട്ടില്ലെങ്കിലും ഇന്നത്തെ ദക്ഷിണ അഫ്ഗാനിസ്താനിലെ ആധിപത്യത്തിന് തെളിവുകളുണ്ട്. നാലാം നൂറ്റാണ്ടോടെ വടക്കൻ അഫ്ഗാനിസ്താനിലും കാബൂൾ താഴ്വരയിലും സസാനിയൻ ആധിപത്യം വർദ്ധിച്ചു[3].
തിരിച്ചടികൾ
തിരുത്തുകനാലാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിക്കു ശേഷം മദ്ധ്യേഷ്യയിൽ നിന്നും ഷിയോണൈറ്റുകൾ, ഹെഫ്തലൈറ്റുകൾ എന്നിങ്ങനെയുള്ള നാടോടി വംശജർ വടക്കൻ അഫ്ഗാനിസ്താൻ പ്രദേശത്തെത്തുകയും ഈ മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഹെഫ്തലൈറ്റുകളുടെ സഹായത്തോടെ ഒരു സസാനിയൻ വിമതനായിരുന്ന ഫിറൂസ് 459-ആമാണ്ടിൽ സസാനിയൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിപദം കരസ്ഥമാക്കി. എന്നാൽ അധികനാളുകൾക്കു മുൻപേ ഫിറൂസും ഹെഫ്തലൈറ്റുകളും തമ്മിൽ യുദ്ധമാരംഭിച്ചു. 460, 70 ദശകങ്ങളിൽ കിഴക്കൻ ഭാഗങ്ങളിൽ മൂന്നു യുദ്ധങ്ങളെങ്കിലും ഫിറൂസ് നടത്തിയിട്ടുണ്ട്. ഇതിനിടയിൽ ഒരിക്കൽ ഫിറൂസിന്റെ പുത്രൻ കുബാധിനെ ശത്രുക്കൾ ബന്ധിയാക്കി. വൻതുക മോചനദ്രവ്യം നൽകിയാണ് ഇയാൾ മോചിപ്പിക്കപ്പെട്ടത്. യുദ്ധം ഇതിനു ശേഷവും തുടരുകയും ഫിറൂസ് കൊല്ലപ്പെടുകയും ചെയ്തു. ഇതിനു ശേഷമുള്ള കുറേ വർഷങ്ങളോളം സസാനിയന്മാർ ഹെഫ്‌തലൈറ്റുകൾക്ക് കപ്പം കൊടുത്തിരുന്നു. 550/60 കാലത്ത് സസാനിയൻ രാജാവായിരുന്ന ഖുസോ ഒന്നാമൻ ഔഷീർവാന്റെ നേതൃത്വത്തിൽ തെക്കുനിന്നും വടക്കു നിന്ന് ഇതേ സമയം തുർക്കികളും ഹെഫ്തലൈറ്റുകളെ ആക്രമിച്ചതിനെത്തുടർന്ന് പ്രദേശത്തെ ഹെഫ്തലൈറ്റുകളുടെ അധികാരത്തിന് അന്ത്യമാകുകയും തുർക്കികൾ അവരുടെ സ്ഥാനം കൈയടക്കുകയും ചെയ്തു. തുർക്കികൾ പിന്നീട് ഹെറാത്ത് വരെ എത്തിയെങ്കിലും 588/90-ൽ സസാനിയൻ സേനാനായകൻ ബ്രഹാം ചുബിൻ (ബ്രഹാം ആറാമൻ) (ഇദ്ദേഹം പിൽക്കാലത്ത് രാജാവായിരുന്നു) തുർക്കിക് സേനയെ പരാജയപ്പെടുത്തി ബാൾഖ് വരെയുള്ള മേഖല പിടിച്ചടക്കി.
എന്നാൽ സസാനിയൻ രാജാവ് ഖുസ്രോ രണ്ടാമന്റെ കാലത്ത് (ഭരണകാലം 590-628) തുർക്കിക് വംശജർ ഹെഫ്തലൈറ്റുകളുടെ സഹായത്തോടെ സസാനിയന്മാരെ പരാജയപ്പെടുത്തി. ഇന്നത്തെ ടെഹ്രാനിനടുത്തുള്ള റായ്യ്, ഇസ്‌ഫാഹാൻ എന്നിവിടങ്ങളിൽ ഇവർ എത്തിച്ചേന്നു. തുർക്കികൾ പിന്നീട് തോൽപ്പിക്കപ്പെട്ടെങ്കിലും, മുൻപ് ഹെഫ്തലൈറ്റുകൾ പിടിച്ചടക്കിയിരുന്ന പ്രദേശങ്ങൾ മുഴുവനും തുർക്കിക് വംശജർ പിന്നീടും അധീനതയിൽ വച്ചിരുന്നു[3].
അന്ത്യം
തിരുത്തുക636-ആമാണ്ടിൽ മെസപ്പൊട്ടാമിയയിലെ അൽ-ക്വാദിസിയ്യയിൽ വച്ച് അറബികളുടെ സേന സസാനിയന്മാരെ പരാജയപ്പെടുത്തി. 642-ൽ പടിഞ്ഞാറൻ ഇറാനിലിലെ നിഹാവന്തിൽ വച്ച് (ഇന്നത്തെ ഹംദാന്റെ തെക്കുപടീഞ്ഞാറ്) രണ്ടാമത്തെ പ്രധാനവിജയവും അറബികൾ കരസ്ഥമാക്കി. നിഹാവന്ത് യുദ്ധാനന്തരം കിഴക്കോട്ട് പലായനം ചെയ്ത സസാനിയൻ രാജാവ് യാസ്ദജിർദ് മൂന്നാമനെ പിന്തുടരാനായി ബസ്രയിലെ (ദക്ഷിണ ഇറാഖിലെ) അറബി നേതാവ് അബ്ദ് അള്ളാ ബിൻ ആമിർ, സിസ്താനിലേക്കും ഖുറാസാനിലേക്കും (ഇറാനിയൻ പീഠഭൂമിയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ) സൈന്യത്തെ അയച്ചു. മദ്ധ്യ ഇറാനിയൻ മരുഭൂമിയിലൂടെ നീങ്ങിയ അറബിസൈന്യം ഇന്നത്തെ മശ്‌ഹദിനടുത്തുള്ള നിഷാപൂർ വളരെ നീണ്ട യുദ്ധത്തിനു ശേഷം പിടിച്ചടക്കി.
ഇതിനെത്തുടർന്ന് വടക്കുകിഴക്കൻ ഭാഗത്തെ സസാനിയന്മാരുടെ കേന്ദ്രമായ മാർവിലേക്ക് അറബികൾ നീങ്ങി. ഇതിനിടയിൽ മുഘാബ് നദിയുടെ തീരത്ത് വച്ച് യാസ്ദജിർദ് മൂന്നാമൻ വധിക്കപ്പെട്ടു. ഇതോടെ ബാക്ട്രയും ഹെറാത്തും അടക്കം ഇന്നത്തെ അഫ്ഗാനിസ്താന്റെ പടിഞ്ഞാറൂം വടക്കും സമതലങ്ങൾ അറബികളുടെ നിയന്ത്രണത്തിലാകുകയും സസാനിയൻ പ്രതിരോധത്തിന് അന്ത്യമാകുകയും ചെയ്തു.[6]
കുറിപ്പുകൾ
തിരുത്തുകക.^ പാകിസ്താനിലെ ഇന്നത്തെ ക്വെത്തയുടെ തെക്കുള്ള പ്രദേശമാണ് തുറാൻ എന്ന് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. ഇസ്ലാമിന്റെ കടന്നുവരവിനു മുൻപുവരെ ഖുസ്ദർ ആയിരുന്നു ഈ പ്രദേശത്തിന്റെ തലസ്ഥാനം. യഥാർത്ഥത്തിൽ ഇറാനിയൻ കഥകളിൽ ഇറാന് വടക്ക് വസികുന്ന ഇറാനികളല്ലാത്തവരെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പേരാണ് തുറാൻ എന്നത്. തുർക്കികളുമായി ഇവർക്ക് ബന്ധമുണ്ടായിരിക്കണം. ഇറാനികളുടെ എതിരാളികളായാണ് തുറാനികൾ ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ മൂന്നാം നൂറ്റാണ്ടീൽ ബലൂചിസ്ഥാനിൽ തുർക്കികളുടെ സാന്നിധ്യം ഉണ്ടാകാൻ തീരെ സാധ്യതയില്ലെന്നതിനാൽ അൽ താബറി, ഈ മേഖലയിലെ ബ്രഹൂയികളെയായിരിക്കണം തുറാനി എന്നുദ്ദേശിച്ചതെന്ന് കരുതുന്നു.
അവലംബം
തിരുത്തുക- ↑ Wiesehofer, Joseph (1996), Ancient Persia, New York: I.B. Taurus
- ↑ Khaleghi-Motlagh, Derafš-e Kāvīān Archived 2008-04-07 at the Wayback Machine.
- ↑ 3.0 3.1 3.2 3.3 3.4 Vogelsang, Willem (2002). "10-THe Reassertion of the Iranian West". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 158-161, 168–170. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter 2 - THe Early Empires 500 BC-AD650". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 22.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Al-Tabar, edited by Nöldeke 1879 (1973), pp. 17-18
- ↑ Vogelsang, Willem (2002). "11-The advent of Islam". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 176–177. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)