എക്കൈനൊഡെർമാറ്റ
അകശേരുകികളായ കടൽജലജീവികളുടെ ഒരു ഫൈലമാണ് എക്കൈനൊഡെർമാറ്റ. ഘടനാപരമായ പല സമാനസവിശേഷതകളും പ്രകടിപ്പിക്കുന്ന ജീവികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കടൽത്തീരങ്ങളിൽ സാധാരണ കാണപ്പെടുന്ന നക്ഷത്രമത്സ്യം (Star Fish),[1] കടൽച്ചേന (Sea Urchin), കടൽ വെള്ളരി (Sea Cucumber), ബ്രിട്ടിൽ സ്റ്റാർ, കടൽലില്ലി (Sea Lily), ഫെതർ സ്റ്റാർ എന്നിവയെല്ലാം ഈ ഫൈലത്തിലെ പ്രാണനാശം സംഭവിച്ചിട്ടില്ലാത്ത പ്രതിനിധികളാണ്.[2]
എക്കൈനൊഡെർമാറ്റ | |
---|---|
Haeckel's diagrams of Asteroidea specimens | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Subkingdom: | |
Superphylum: | |
Phylum: | Echinodermata Klein, 1734
|
Subphyla & Classes | |
† = Extinct |
മുള്ളുള്ള ത്വക്കോടുകൂടിയത് (spiny-skinned) എന്ന് അർത്ഥം വരുന്ന ഒരു ഗ്രീക്ക് പദത്തിൽ നിന്നാണ് എക്കൈനൊഡെർമാറ്റ എന്ന വാക്കിന്റെ ഉത്ഭവം. കടൽച്ചേനകളുടെ തോടിനെ കുറിക്കുന്നതായി 1734-ൽ ജെ. റ്റി. ക്ലെയ്ൻ എന്ന ശാസ്ത്രകാരനാണ് ഈ പദം ആദ്യമായി പ്രയോഗിച്ചത്. ക്ലെയ്ൻ ഉപയോഗിച്ച എക്കൈനൊഡെർമാറ്റ എന്ന പദം പിൽക്കാലത്ത് ഈ ഫൈലത്തിലെ എല്ലാ ജന്തുക്കളെയും സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. ഈ ഫൈലത്തിലെ ഹോളോത്തൂറിഡേ വർഗത്തിനൊഴികെ ബാക്കി എല്ലാ വർഗങ്ങൾക്കും ഈ പേരു യോജിച്ചതാണ്. ഹോളോത്തൂറിഡേ വർഗത്തിലെ ജീവികളിൽ ശൂലമയതൊലിയോ വലിയ ശരീരാവരണ ഫലകങ്ങളോ കാണാറില്ല. അതിനാൽ ഈ പേര് ഇവയ്ക്ക് തീർത്തും അനുയോജ്യമാവുന്നില്ല.[3]
കാബ്രിയൻ കല്പത്തിലെ ആദ്യഘട്ടത്തിലാണ് എക്കൈനൊഡെർമാറ്റകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത് അന്നുമുതലുള്ള 60 കോടി വർഷങ്ങൾക്കിടയിൽ ഈ ഫൈലത്തിലെ അംഗങ്ങളിൽ വമ്പിച്ചതോതിലുള്ള ഘടനാമാറ്റങ്ങൾ സംഭവിക്കുകയുണ്ടായി. ഇക്കാരണത്താൽ ഇന്നുള്ള സ്പീഷീസുകൾ പ്രാഥമിക ജീവികളുമായി അധികമൊന്നും ഘടനാസാദൃശ്യം പ്രകടിപ്പിക്കുന്നില്ല.
പൊതുസ്വഭാവങ്ങൾ
തിരുത്തുകഎക്കൈനോഡേർമുകളുടെ അടിസ്ഥാനപരമായ സവിശേഷതകൾ താഴെ പറയുന്നവയാണ്. പഞ്ച-ആരീയ സമ്മിതി (five rayed symmetry), ആന്തരീക കാൽസ്യ-അസ്ഥിവ്യവസ്ഥ, സവിശേഷ ജലസംവഹനീ വ്യൂഹം (water vascular system), ദ്വിപാർശ സമ്മിതിയുള്ള ഒരു മുക്തപ്ലവി (free swimming) പ്ലവിയായ ലാർവ.[4] ഈ സ്വഭാവവിശേഷങ്ങൾ എക്കൈനൊഡെർമാറ്റയുടെ അടിസ്ഥാന സവിശേഷതകളായി കണക്കാക്കാമെങ്കിലും വിവിധ വർഗങ്ങളിൽ അല്പവ്യതിയാനങ്ങളും ദൃശ്യമാണ്. ചില സ്പീഷീസുകളിൽ ലാർവാഘട്ടം കാണാറില്ല. ഇവയുടെ വലിയ അണ്ഡങ്ങൾ വിരിഞ്ഞ് ലാർവാഘട്ടം കൂടാതെ തന്നെ വളർച്ച പൂർത്തിയാക്കുന്നു. അതുപോലെതന്നെ ചില സ്പീഷീസുകളിൽ പഞ്ച-ആരീയ സമ്മിതിക്കുമേൽ ഒരു ദ്വിതീയ ദ്വിപാർശ സമ്മിതി അധ്യാരോപിതാവസ്ഥയിൽ കാണപ്പെടാറുണ്ട്. ചില കടൽ അർച്ചീനുകൾ, കടൽ വെള്ളരികൾ എന്നിവയിൽ ഈ അവസ്ഥ പ്രകടിതമാണ്. ചില കടൽവെള്ളരികളിൽ കാത്സ്യമയ അസ്ഥിവ്യൂഹവും കാണാറില്ല.[5]
പൂർണവളർച്ചയെത്തിയ എക്കിനോഡേർമുകൾ കടലിന്റെ അടിത്തട്ടിലാണ് കഴിഞ്ഞുകൂടുന്നത്. ചില കടൽവെള്ളരികൾ നീന്തിനടക്കാറുണ്ട്. [6] അപൂർവം ചില സ്പീഷീസുകൾ ജലോപരിതലത്തിൽ ഒഴുകി നടക്കുന്നവയായും ഉണ്ട്. ശരീരാകൃതിയുടെ കാര്യത്തിൽ എക്കിനോഡേർമുകൾ വൈവിദ്ധ്യം പുലർത്തുന്നു; ഒന്നോ രണ്ടോ സെന്റി മീറ്റർ നീളമുള്ളവ മുതൽ 60 സെന്റി മീറ്റർ വരെ വളരുന്നവ (കടൽ വെള്ളരികൾ) ഇക്കൂട്ടത്തിലുണ്ട്. ചില വലിയ നക്ഷത്ര മത്സ്യങ്ങൾ 60 സെന്റി മീറ്റർ വ്യാസംവരെ എത്താറുണ്ട്.
ത്വക്ക്
തിരുത്തുകഎക്കിനോഡേർമുകളുടെ ത്വക്കിനെ ബാഹ്യചർമം ആവരണം ചെയ്തിരിക്കുന്നു. ഇതിനെ പൊതിഞ്ഞ് രോമസദൃശ്യ സിലിയകളും കാണപ്പെടറുണ്ട്. ഒഫിയൂറോയ്ഡുകളിൽ വളർച്ചയോടൊപ്പം ബാഹ്യചർമം അപ്രത്യക്ഷമാവും. ഈ സ്ഥിതിയിൽ അസ്ഥിശകലങ്ങൾ അനാവൃതമാകുന്നു. ത്വക്കിന്റെ ഉൾഭാഗങ്ങൾ പേശീകലയും അസ്ഥികലയും ചേർന്നാണ് രൂപപ്പെട്ടിട്ടുള്ളത്.[7]
അസ്ഥിവ്യൂഹം
തിരുത്തുകഓരോ അസ്ഥിഫലകവും ഒരു പ്രത്യേക കാത്സ്യമയ പരലിൽ നിന്നാണ് രൂപമെടുക്കുന്നത്. ഈ പ്രത്യേകത കാംബ്രിയൻ കല്പം മുതൽ ഇന്നുവരെ നിലനിൽക്കുന്ന ഏകസ്വഭാവവിശേഷം എന്ന നിലയിൽ പ്രാധാന്യമർഹിക്കുന്നു. മറ്റു യാതൊരു വിധത്തിലും വ്യാഖ്യാനിക്കാനാവാതിരുന്ന ചില പാലിയോസോയിക്ക് ഫോസിലുകളെ ഈ പ്രത്യേകത മൂലം മാത്രമാണ് വ്യാഖ്യനിക്കാൻ കഴിഞ്ഞത്. പീഠിക (stroma) എന്ന പേരിൽ അറിയപ്പെടുന്ന ശരീരകല സ്രവിക്കുന്ന കാൽസ്യശൂകങ്ങളുടെ സഞ്ചയത്തിൽ നിന്നാണ് ഓരോ അസ്ഥിഫലകവും ഉടലെടുക്കുന്നത്. ഇവ പിന്നീട് ഒന്നിച്ചു ചേരുന്നു. അസ്ഥിഫലകങ്ങളുടെ വിന്യാസം വിവിധ വർഗങ്ങളിൽ വ്യത്യസ്തമാണ്. ഇവ ദ്വിപാർശ്വസമ്മിതിയിലോ ആരീയസമ്മിതിയിലോ ഉള്ള നിരകളിലായാണ് കാണപ്പെടുന്നത്. എന്നാൽ ഹോളോതുറോയ്ഡീയയിൽ ഇവ ചിതറിക്കിടക്കുന്ന ശൂകങ്ങളായാണ് കണ്ടുവരുന്നത്.[8]
പചനവ്യൂഹം
തിരുത്തുകവായ്മുതൽ ഗുദദ്വാരം വരെ നീണ്ടുകിടക്കുന്ന പചനനാളമാണ് മുഖ്യമായുള്ളത്. പചനനാളത്തെ അന്തഃചർമം ആവരണം ചെയ്യുന്നു. എക്കൈനൊഡെർമാറ്റയിലെ വിവിധ വർഗത്തിൽ വായുടെ സ്ഥാനം വ്യത്യസ്ത ഭാഗങ്ങളിലായാണ് കണ്ടുവരുന്നത്. അതുപോലെതന്നെ ഗുദദ്വാരം ഉള്ളവയും ഇല്ലാത്തവയും ഉണ്ട്.[9]
നാഡീവ്യൂഹം
തിരുത്തുകനാഡീവ്യൂഹം അവികസിതമാണ്. വിസരിത നിലയിൽ ഇതു കാണപ്പെടുന്നു. ബാഹ്യചർമവുമായുള്ള ബന്ധം പലപ്പോഴും തുടർന്നു നിലനിറുത്തിയിരിക്കുന്നു. നാഡീജാലം ആരീയസ്ഥിതിയിലുള്ളതും ഗുച്ഛികളോടു കൂടിയതുമായ നാഡികളായി കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഇപ്രകാരമുള്ള മൂന്നിനം ജാലികാവ്യൂഹം എക്കൈനോഡേർമുകളിൽ കാണപ്പെടുന്നു. ഇവയിൽ വായുമായി ബന്ധപ്പെട്ട വ്യൂഹമാണ് പ്രാധാന്യമർഹിക്കുന്നത്. ഒന്നോ അതിലധികമോ നാഡീവളയങ്ങൾ വായയെ ചുറ്റുന്നു. ഈ വളയത്തിൽ നിന്ന് നാഡികൾ ആരിയ രീതിയിൽ വിസരിച്ചിരിക്കുന്നു. ക്രൈനോയ്ഡിയയിൽ മാത്രം വളർച്ചയെത്തിക്കഴിഞ്ഞാൽ വായുമായി ബന്ധപ്പെട്ട നാഡീവ്യൂഹം അപ്രത്യക്ഷമാവുന്നു. ഉള്ളിലായി കാണപ്പെടുന്ന അപമുഖനാഡീവ്യൂഹം ക്രൈനോയ്ഡിയയിലൊഴികെ അവികസിതമാണ്. സംവേദനാംഗങ്ങൾ എക്കൈനോഡേർമുകളിൽ വികസിക്കപ്പെട്ടിട്ടില്ല.[10]
ജലസംവഹനീവ്യൂഹം
തിരുത്തുകഒരു ദ്രവത്തെ ഉൾക്കൊള്ളുന്നതും സംവൃതവും (closed) ആയ ആന്തരീക നാളികളുടെ ഒരു വ്യൂഹത്തെയാണ് ജലസംവഹനീവ്യൂഹം(water vascular system) എന്നു പറയുന്നത്. ഇത് എക്കൈനോഡേമുകളുടെ ഒരു പ്രത്യേകതയായി കണക്കാക്കാം. മാഡ്രെപൊറൈറ്റ് എന്ന പേരിൽ അറിയപ്പെടുന്ന, അരിപ്പ പോലെയുള്ള, ഒരു ഫലകത്തിലൂടെ ചുറ്റുപാടിൽ നിന്നും വലിച്ചെടുക്കപ്പെടുന്ന ജലമാണ് ഈ വ്യൂഹത്തിലൂടെ പരിസഞ്ചരണം നടത്തുന്നത്. മഡ്രിപൊറൈറ്റിൽ നിന്ന് ഉള്ളിലേക്കു നീളുന്ന സ്റ്റോൺകനാലിലൂടെ ദ്രവം ഗ്രസനിയെ ചുറ്റിയുള്ള വളയവാഹി (ring canal) യിലേക്കു പ്രവേശിക്കുന്നു. ഇതിൽനിന്നും ഒരു ആരീയവാഹി (radial canal) പുറപ്പെടുന്നു. ഇവയിൽനിന്നും ചെറുവാഹികൾ നാളപദം (tube feet) എന്നറിയപ്പെടുന്ന ശരീര ബഹിർവേശത്തിലേക്കു (projection) പ്രവേശിക്കുന്നു. ആഹാരസമ്പാദനം, ചലനം, സംവേദനം എന്നീ കർമങ്ങളാണ് നാളപദങ്ങൾക്കുള്ളത്. ജീവികൾ പേശീസങ്കോചനം വഴി നാളപദത്തിലേക്ക് വെള്ളത്തെ തള്ളിക്കയറ്റുന്നു. ഇപ്രകാരം വീർത്തുവരുന്ന നാളപദങ്ങളുടെ അഗ്രഭാഗത്തിലെ പറ്റിപിടിക്കാനുള്ള അംഗം ബാഹ്യവസ്തുക്കളിൽ ബലമായി ഉറപ്പിക്കുകയോ അവയെ വലിച്ചടുപ്പിക്കുകയോ ചെയ്യും. ഇരകളെയാണ് ഇപ്രകാരം ലഭിക്കുന്നതെങ്കിൽ വായ്ക്കുള്ളിലേക്ക് ഇവയെ എത്തിക്കുന്നു. പറ്റിപിടിക്കാനുള്ള പ്രത്യേക അഗ്രഭാഗങ്ങൾ ഇല്ലാത്ത നാളപദങ്ങളുള്ള ജീവികളിൽ ഇവ സ്പർശിനിയുടെ കർമ്മമാണ് നിർവഹിക്കുന്നത്. നാളപദത്തിനുള്ളിലെ ജലത്തെ പേശീസംങ്കോചത്താൽ പിൻവലിക്കാനും തദ്വാരാ നാളപദത്തെ ചുരുക്കുവാനും ഇവയ്ക്കു കഴിയും. ജലസംവഹനീ വ്യൂഹത്തിൽ ചില കോശങ്ങൾ അലഞ്ഞുതിരിഞ്ഞു നടക്കാറുണ്ട്. റ്റീഡെമാൻസ് ബോഡീസ് (Tiedemann's bodies) എന്നറിയപ്പെടുന്ന ഗ്രന്ഥികളാണ് സൃഷ്ടിക്കുന്നത്. ഹോളോതുറിഡേ വർഗത്തിൽ മാഡ്രേപൊറൈറ്റ് ഒരു ആന്തരീക ഭാഗമാണ്. എന്നാൽ സമുദ്രജലത്തിനു പകരം ശരീരത്തിനുള്ളിലെ സീലോമിക ദ്രാവകത്തെയാണ് ഇവ ജലസംവഹനീ വ്യൂഹത്തിലേക്ക് ഉപയോഗപ്പെടുത്തുന്നത്. ക്രൈനോയ്ഡുകളിൽ മാഡ്രെപൊറൈറ്റിനു പകരം ചിതറിക്കിടക്കുന്ന ചെറിയ ദ്വാരങ്ങളുണ്ട്. മിക്ക എക്കൈനോഡേമുകളിലും ആരിയനാളികൾ, നാളപദങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അസ്ഥിഫലകങ്ങളുടെ നിരവധി നിരകൾ തന്നെയുണ്ട്. ഈ നിരകളെയാണ് ആംബ്യുലാക്രം എന്നു പറയുന്നത്.[11]
ദേഹഗുഹ
തിരുത്തുകഎക്കൈനോഡേർമുകളുടെ ശരീരത്തിന്റെ ഉൾഭാഗത്തായി സീലോം (ദേഹഗുഹ) കാണപ്പെടുന്നു. ഈ ദേഹഗുഹയിലാണ് പചനവ്യൂഹവും പ്രത്യുത്പാദനവ്യൂഹവും സ്ഥിതിചെയ്യുന്നത്. ക്രൈനോയ്ഡീയയിൽ മാത്രം ദേഹഗുഹ സംയോജക കലയുടെ ഒരു ജാലത്താൽ നിറയപ്പെട്ടിരിക്കുന്നു. ദേഹഗുഹയ്ക്കു പ്രധാനമായും രണ്ടു ഭാഗങ്ങളുണ്ട്; പരിഅന്തരാംഗ ഗുഹയും (perivisceral coelom) ജല-ഗുഹയും (hydrocoelom). പരിഅന്തരാംഗഗുഹ ആന്തരീകാംഗങ്ങൾക്കു ചുറ്റുമായുള്ള സീലോമിക ദ്രവം നിറഞ്ഞതുമായ ഭാഗമാണ്. ജല-ഗുഹ ഒരു ഒറ്റപ്പെട്ട അറയാണ്. ഇവിടെനിന്നുമാണ് ജലസംവഹനീവ്യൂഹം ഉടലെടുക്കുന്നത്. [12]
ചലനം
തിരുത്തുകആസ്റ്റെറോയ്ഡുകളും എക്കൈനോയ്ഡുകളും ശൂലങ്ങളുടെയും (spines) നാളപദങ്ങളുടെയും സഹായത്തോടെയാണ് സഞ്ചരിക്കുന്നത്. മുന്നോട്ടു നീങ്ങികൊണ്ടിരിക്കുന്ന ജീവിക്ക് ശരീരത്തെ തിരിക്കാതെ തന്നെ പുറകോട്ടു നീങ്ങാനും കഴിയും. നാളപദങ്ങൾ പിടിച്ചുകയറാനും മറ്റു വസ്തുക്കളെ തങ്ങളുടെ നേർക്ക് വലിച്ചടുപ്പിക്കാനും ഉപയോഗിക്കാറുണ്ട്. ഒഫിയുറോയ്ഡുകൾ കൈകൾ (arms) ചലിപ്പിച്ചാണ് ചലനം സാധിക്കുന്നത്. ഹോളോത്തുറിഡേയിൽ വായ്ഭാഗം മുമ്പോട്ടാക്കി നാളപദങ്ങളെയും ശരീരപേശികളുടെ സങ്കോചവികാസങ്ങളെയും ആധാരമാക്കിയുള്ള ചലനവ്യവസ്ഥയാണുള്ളത്. കടൽലില്ലികളെപ്പോലെയുള്ളവ ഒരു സ്ഥലത്ത് ഉറപ്പിക്കപ്പെട്ട നിലയിലാണുള്ളത്. ചില സ്പീഷീസുകൾ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് ചലിക്കാറുണ്ടായിരുന്നെന്നും കരുതപ്പെടുന്നു. ക്രൈനോയ്ഡ, ഒഫിയൂറോയ്ഡ്, ഹോളോത്തുറീഡ എന്നിവ നീന്തി നടക്കാറുണ്ട്.[13]
ആഹാരരീതി
തിരുത്തുകഎക്കൈനോഡേമുകൾ വിവിധ രീതിയിൽ ആഹാരസമ്പാദനം നടത്താറുണ്ട്. മിക്കവാറും രാത്രികാലങ്ങളിലാണ് ഭക്ഷണം തേടാറുള്ളത്. കടൽസസ്യങ്ങൾ, സമുദ്രജീവികൾ, അടിത്തട്ടിലെ ചെളി എന്നിവ വരെ ഇവ ആഹാര പദാർഥങ്ങളായി ഉപയോഗിക്കാറുണ്ട്. ക്രൈനോയ്ഡുകൾ ഒഴുകി നടക്കുന്ന പ്ലവകങ്ങളെയാണ് ഇരയാക്കുന്നത്. ഇവയുടെ നാളപദങ്ങൾ പുറപ്പെടുവിക്കുന്ന ഒരുതരം ശ്ലേഷ്മപദാർഥം ഇരയെ ശേഖരിച്ചെടുക്കുന്നു. ഒഴുക്കിനെതിരായി വിടർത്തുന്ന കൈകളിലെ നാളപദങ്ങളുടെയും സീലിയകളുടെയും ചലനം മൂലം ചെറുജീവികൾ വായ്ക്കുള്ളിലേയ്ക്ക് ആനയിക്കപ്പെടുന്നു.[14]
അസ്റ്ററോയ്ഡുകൾ മിക്കവാറും ഇരപിടിയന്മാരാണ്. ചിപ്പികളാണ് ഇവയുടെ മുഖ്യ ആഹാരവസ്തുക്കൾ. മറ്റു ചെറിയ നക്ഷത്രമത്സ്യങ്ങളെക്കൂടി ഇവ ഇരയക്കാറുണ്ട്. ചില അസ്റ്ററോയ്ഡുകൾ ആഹാരം കഴിക്കുമ്പോൾ വായിലൂടെ പചനനാളത്തെ വെളിയിലേക്കു തള്ളാറുണ്ട്. ഇരയുടെ മുകളിൽ പതിക്കുന്ന പചനനാളം ആവശ്യം കഴിയുമ്പോൾ തിരികെ ഉള്ളിലേക്കു വലിക്കുന്നു. ദഹനം പൂർണമാകുന്നത് ജീവിയുടെ ഉള്ളിൽ വച്ചാണ്. മിക്ക ഒഫിയുറോയ്ഡുകളും സൂക്ഷ്മജീവികളെ ആഹാരമാക്കുന്നു. കൈകളുടെ സഹായത്താലാണ് ഇവ ഇരതേടുന്നത്.[15]
കടൽ അർച്ചിനുകളുടെ പ്രധാന ആഹാരം ആൽഗകളും ചെറുജീവികളുമാണ്. പാറയിലും മറ്റും പറ്റിപിടിച്ചിരിക്കുന്ന ആഹാരവസ്തുക്കളെ ബലമുള്ള പല്ലുകളുടെ സഹായത്താൽ കാർന്നെടുക്കുന്നു. എന്നാൽ ഉയർന്ന പരിണാമ നിലയിലുള്ള എക്കൈനോയ്ഡുകളിൽ പല്ലുകൾ കാണാറില്ല; ഇവ ചെറുജീവികളെ നാളപദങ്ങളുടെ സഹായത്താൽ ഇരയാക്കുന്നു.
മഹാളോത്തുറിഡേയിൽ പ്ലവകങ്ങളാണ് പ്രധാന ഭക്ഷ്യവസ്തുക്കൾ. ചിലവ അടിത്തട്ടിലെ ചെളിയും വിഴുങ്ങാറുണ്ട്. ഈ ചെളിയിലെ ജൈവാംശത്തെ ദഹിപ്പിച്ചെടുത്തശേഷം ബാക്കിയുള്ളവയെ വിസർജിക്കുകയാണ് പതിവ്.
ജീവിതദൈർഘ്യവും പുനരുദ്ഭവവും
തിരുത്തുകഎക്കൈനോഡേർമുകളുടെ ശരാശരി ആയൂർദൈർഘ്യം ഏതാണ്ടു നാലു വർഷമാണ്. ചില സ്പീഷീസുകൾ എട്ടുപത്തു വർഷം വരെ ജീവിച്ചിരിക്കാറുണ്ട്. ഇവയുടെ ശാരീരികവളർച്ച ചുറ്റുപാടുകളെ ആശ്രയിച്ച് വ്യത്യസ്തമാവാറുണ്ട്. ആഹാരപദാർഥങ്ങളുടെ ലഭ്യത, ചുറ്റുമുള്ള ജലത്തിന്റെ താപനില എന്നീ ഘടകങ്ങൾ വളർച്ചയെ ബാധിക്കാറുണ്ട്.[16]
നഷ്ടപ്പെട്ടുപോകുന്ന ശരീരഭാഗങ്ങളെ പുനരുദ്ഭവിക്കാനുള്ള കഴിവ് എക്കൈനോഡേർമുകളിൽ കണ്ടുവരുന്നു. കടൽ ലില്ലികൾ, നക്ഷത്രമത്സ്യങ്ങൾ, ബ്രിട്ടിൽ സ്റ്റാറുകൾ എന്നിവയിൽ പുനരുദ്ഭവക്ഷമത (regeneration) വികസിതാവസ്ഥയിലാണ്. ഇവയുടെ നഷ്ടപ്പെട്ടുപോകുന്ന കൈകളുടെ സ്ഥാനത്ത് പുതിയവ വീണ്ടും വളർന്നു വരാറുണ്ട്. നക്ഷത്രമത്സ്യങ്ങളുടെ പുനരുത്ഭവക്ഷമത അത്ഭുതകരമാണ്. നക്ഷത്ര മത്സ്യങ്ങളെ പിടിച്ച് പല തുണ്ടുകളാക്കി കടലിലെറിഞ്ഞാലും ഏതെങ്കിലും ഒരു തുണ്ടിൽ ഒരു കൈയുടെ ഭാഗമുണ്ടെങ്കിൽ അത് വളർന്ന് ഒരു പൂർണജിവിയായി തീരും. ചില കടൽ വെള്ളരികൾ ആന്തരികാംഗങ്ങളെ ചില പ്രത്യേക സാഹചര്യത്തിൽ പുറത്തേക്കു തള്ളാൻ കഴിവുണ്ട്. നഷ്ടപ്പെടുന്ന ഭാഗങ്ങൾ പുനരുദ്ഭവിക്കുകയും ചെയ്യും.[17]
പ്രത്യുത്പാദനവ്യൂഹം
തിരുത്തുകലളിതഘടനയോടുകൂടിയ പ്രത്യുത്പാദന വ്യൂഹമാണ് എക്കൈനോഡേമുകൾക്കുള്ളത്, ഇവയിൽ ലിംഗഭേദം ദൃശ്യമാണ്. ബാഹ്യ ലക്ഷണങ്ങൾ മൂലം ആൺ-പെൺ ജീവികളെ തിരിച്ചറിയാനാവില്ല. അന്തര-ആരീയ (inter-radial) ജനനാംഗങ്ങളാണുള്ളത്. ഇവയ്ക്കു വെളിയിലേക്കു തുറക്കുന്ന പ്രത്യേക നാളിയുണ്ട്.[18] മിക്ക എക്കൈനോഡേമുകളിലും ശരീര സമ്മിതിക്കാധാരമായി ആരീയസമ്മിത ജനനാംഗങ്ങളാണുള്ളത്. ലിംഗകോശങ്ങളെ നാളികളിലൂടെ സമുദ്രജലത്തിലേക്കു വിക്ഷേപിക്കുന്നു. ബീജസങ്കലനം അവിടെവച്ചാണ് നടക്കുക. ഇവ ഒരു ലാർവ ദശയിലൂടെ പൂർണ വളർച്ച പ്രപിക്കുന്നു.[19]
എക്കൈനോഡേമുകളിൽ വിസർജന-ശ്വസനവ്യൂഹങ്ങൾ വികസിതങ്ങളല്ല. ഹോളോത്തുറിഡേവർഗത്തിൽ മാത്രമേ ശ്വസനവ്യൂഹം ചെറിയതോതിലെങ്കിലും കാണപ്പെടുന്നുള്ളു. ഒരു രക്തചംക്രമണവ്യൂഹം (blood vascular system) എക്കൈനോഡേമുകളിൽ കാണപ്പെടുന്നുണ്ടെങ്കിലും ഹോളോത്തുറിഡേ, ക്രൈനോയ്ഡീയ എന്നീ വർഗങ്ങളിൽ മാത്രമേ ഇവ വികസിതാവസ്ഥ പ്രാപിച്ചിട്ടുള്ളു.[20]
വർഗീകരണം
തിരുത്തുകഉപഫൈലം
തിരുത്തുകപെൽമാറ്റസോവ
തിരുത്തുകഈ ഉപഫൈലത്തിലെ മിക്ക അംഗങ്ങളും വില്യുപ്തങ്ങളാണ്. ക്രൈനോയ്ഡാ വർഗത്തിലെ അംഗങ്ങളിൽ ഒരു നല്ല പങ്ക് ജീവിച്ചിരിക്കുന്നവയാണ്. അപമുഖവശത്താൽ ഉറപ്പിക്കപ്പെട്ട നിലയിലാണ് ഇവ കാണപ്പെടുന്നത്. വൃന്തത്തിൽ കാൽസ്യമയഭാഗങ്ങൾ ഉണ്ട്. മുകളിലേക്കു നീണ്ടുനിൽക്കുന്ന മുഖഭാഗത്തുതന്നെയാൺ വയ്-ഗുദദ്വാരങ്ങളുള്ളത്. ആന്തരികാഗംങ്ങളെ ഒരു കാൽസ്യമയ തോടിനാൽ പൊതിഞ്ഞിരിക്കുന്നു.
ഈ ഉപഫൈലത്തെ ഹെറ്റെറോസ്റ്റീലിയ, സിസ്റ്റിഡിയ, ബ്ലാസ്റ്റോയ്ഡിയ, ക്രൈനോയ്ഡിയ, എഡ്രിയോആസ്റ്ററോയ്ഡിയ എന്നീ അഞ്ചു വർഗങ്ങളായി തിരിച്ചിരിക്കുന്നു. സിസ്റ്റിഡിയ വർഗത്തെ റൊംബിഫെറ, ഡിപ്ലോപൊറ്റൈറ് എന്നീഗോത്രങ്ങളായും; ക്രൈനോയ്ഡിയാ വർഗത്തെ ഇൻഡനേറ്റ, ഫ്ലെക്സീബീലീയ, കാമറേറ്റ, ആർട്ടിക്കുലേറ്റ എന്നീഗോത്രങ്ങളായും തിരിച്ചിട്ടുണ്ട്. ഇതിൽ ആർട്ടികുലേറ്റ ഗോത്രത്തിലെ മിക്ക അംഗങ്ങളും ജിവിച്ചിരിക്കുന്നവയാണ്.[21]
എല്യൂത്തെറോസോവ
തിരുത്തുകസ്വതന്ത്രജീവികളിൽ പഞ്ച ആരീയസമ്മിതിക്ക് അനുസരണമായാണ് ശരീരഭാഗങ്ങൾ കാണപ്പെടുന്നത്. ആംബ്യുലാക്രൽ വ്യൂഹം ആഹാരസമ്പാദനത്തിനായല്ല ഉപയോഗിക്കുന്നത്. ഇവ പചനത്തെ സഹായിക്കുന്നു.
ഈ സബ്ഫൈലത്തെ ഹോളോത്തുറിഡിയ (ഉദാ. കടൽ വെള്ളരികൾ), എക്കിനോയ്ഡിയ (ഉദാ. കടൽ അർച്ചീനുകൾ), അസ്റ്ററോയ്ഡിയ (ഉദാ. നക്ഷത്രമത്സ്യങ്ങൾ), ഓഫിയൂറോയ്ഡിയ (ഉദാ. ബ്രിട്ടിൽസ്റ്റാറുകൾ) എന്നിങ്ങനെ നാലു വർഗങ്ങളായി തിരിച്ചിരിക്കുന്നു.[22]
ഫോസിലുകൾ
തിരുത്തുകഅകശേരുകികളുടെ ഫോസിലുകളിൽ എക്കൈനൊഡെർമാറ്റയുടെ ഫോസിലുകൾക്ക് പ്രത്യേകപ്രാധാന്യമുണ്ട്. സമുദ്രവുമായി ബന്ധമില്ലാത്ത സ്ഥലങ്ങളിൽ നിന്നും ഫോസിലുകളുടെ ചില ഭാഗങ്ങൾ ലഭ്യമായിട്ടുണ്ടെങ്കിലും എക്കൈനൊഡെർമാറ്റയുടെ ഫോസിൽരൂപങ്ങൾ എല്ലാംതന്നെ കടലിന്റെ അടിത്തട്ടിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്. കാംബ്രിയൻ കാലഘട്ടം മുതൽ ടെർഷ്യറി ഘട്ടത്തിന്റെ അവസാനംവരെയുള്ള ഫോസിലുകളിൽ എക്കൈനൊഡെർമാറ്റയുടെ ഫോസിലുകൾ സുലഭങ്ങളായിരുന്നു. ചില പാറകൾ മുഴുവനായും ഈ ഫോസിലുകളാൽ രൂപപ്പെട്ടതായിരുന്നു. ഫോസിലുകളുടെ പഠനങ്ങളിൽ നിന്നും ലോകത്തിന്റെ മിക്കവാറും എല്ലാ സമുദ്രങ്ങളിലും ഇവ വസിച്ചിരുന്നതയി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.[23]
ആധുനിക എക്കൈനോഡേമുകളെ ഫെസഫിക്കിന്റെ തെക്കുപടിഞ്ഞാറുള്ള മാറിയാനാട്രെഞ്ചിന്റെ 10,710 മീ. ആഴത്തിൽനിന്നും കുഴിച്ചെടുത്തിട്ടുണ്ട്. 4000 മീ. മുതൽ ഇവ സാധാരണമായിരുന്നു. വളരെ പഴയ ഫോസിലുകളെ കടലിന്റെ അടിത്തട്ടിൽനിന്നും കണ്ടെത്തുക അത്ര എളുപ്പമല്ല.
കാത്സ്യമയ ശരീരഭാഗങ്ങളുടെ സാന്നിധ്യം മൂലം എക്കൈനോഡേമുകൾ ഫോസിലുകളായി കേടവാതെ പരിരക്ഷിക്കപ്പെടാൻ സൗകര്യമുള്ളവയാണ്. ജീവാശ്മീയപഠനങ്ങളിൽ ഇവയുടെ ഫോസിലുകളുടെ വൈവിധ്യത്തെ പ്രത്യേകം പരാമർശിക്കുന്നുണ്ട്. മറ്റു യാതൊരു അകശേരുകിയിലും എക്കൈനോഡേമുകളിൽ കണ്ടുവരുന്നതുപോലെയുള്ള അസ്ഥിഭാഗങ്ങളുടെ ധരാളിത്വം കാണപ്പെടുന്നുമില്ല.[24]
പ്രാധാന്യം
തിരുത്തുകസമുദ്രത്തിനുള്ളിലെ പരിസ്ഥിതിക വിജ്ഞാനത്തിന് എക്കൈനോഡേമുകൾ കനത്ത സംഭാവന നൽകുന്നുണ്ട്. കടലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടുന്ന വസ്തുക്കളെ ഭക്ഷിച്ചുതീർത്ത് ഇവ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നു. ഇവ വളരെയധികം ലാർവകളെ ഉൽപ്പാദിപ്പിക്കുന്നു. ഈ ലാർവകൾ പ്ലവകങ്ങൾക്ക് നല്ല ആഹാര വസ്തുക്കളായി പരിണമിക്കുന്നു. കടലിന്റെ അടിത്തട്ടിന്റെ ഘടനയുടെ രൂപവത്കരണത്തിൽ എക്കൈനോഡേമുകൾക്ക് കാര്യമായ പങ്കുണ്ട്. അവിടെ ഉടലെടുക്കുന്ന ഭീമാകാരമായ ചുണ്ണാമ്പുകല്ലുകൾ ജീവാംശവിജ്ഞാനപഠനങ്ങൾക്ക് വമ്പിച്ച സഹായമായി ഭവിക്കുന്നു.
വലിയ ചില കടൽ വെള്ളരികളെ ഉണക്കിയെടുത്ത് സൂപ്പിനും മറ്റും ഉപയോഗപ്പെടുത്താറുണ്ട്. യൂറോപ്പ്, മെഡിറ്ററേനിയൻ പ്രദേശങ്ങൾ, ചിലി എന്നിവിടങ്ങളിൽ കടൽച്ചേനകളുടെ ജനനാംഗങ്ങൾ സ്വാദിഷ്ഠമായ ഒരു ആഹാരവസ്തുവാണ്. പാകപ്പെടുത്തിയും അല്ലാതെയും ഇത് ഭക്ഷണത്തിനുപയോഗിക്കുന്നു. ഉഷ്ണമേഖലാസമുദ്രങ്ങളിൽ കാണപ്പെടുന്ന ചിലയിനം കടൽ വെള്ളരികൾ ഒരു പ്രത്യേക വിഷം ഉത്പാദിപ്പിക്കുന്നു. ഹോളോത്തൂറിൻ എന്നറിയപ്പെടുന്ന ഈ വിഷം പല ജന്തുക്കൾക്കും ഒരു മാരക വിഷമാണ്. പസഫിക്ക് ദ്വീപുകളിലെ നിവാസികൾ കടൽ വെള്ളരിയുടെ ശരീരഭാഗങ്ങൾ വെള്ളത്തിൽ കലക്കി മത്സ്യങ്ങളെ കൊല്ലാറുണ്ട്. ഈ ടോക്സിൻ മനുഷ്യർക്ക് അപകടകാരിയല്ല. ചിലയിനം ട്യൂമറുകളുടെ വളർച്ചയെ തടയുവാൻ ഇത് ഉപയോഗപ്പെടുത്താമെന്നു കരുതുന്നു. നിരവധി പരീക്ഷണങ്ങൾക്കായി കടൽച്ചേനകളുടെ അണ്ഡം ഉപയോഗപ്പെടുത്താറുണ്ട്.
പ്രയോജനങ്ങളെപ്പോലെ തന്നെ എക്കൈനോഡേമുകൾ മൂലം മനുഷ്യന് നാശനഷ്ടങ്ങളും സംഭവിക്കാറുണ്ട്. നക്ഷത്രമത്സ്യങ്ങൾ മുത്തുചിപ്പികളുടെ പ്രധാന ശത്രുക്കളാണ്. കാലിഫോർണിയ തീരത്ത് സുലഭമായി കണ്ടുവരുന്ന കടൽച്ചേനകൾ സാമ്പത്തിക പ്രാധാന്യമുള്ള കടൽച്ചെടികളെ തിന്നു നശിപ്പിക്കുന്നു. പസഫിക്-ഇന്ത്യൻ സമുദ്രങ്ങളിലെ പവിഴപുറ്റുനിരയിലെ പോളിപ്പുകളെ നക്ഷത്രമത്സ്യങ്ങൾ ഇരയാക്കുന്നതുവഴി പവിഴപ്പുറ്റുനിരയുടെ വളർച്ച താറുമാറാകാറുണ്ട്.[25]
കടപ്പാട്
തിരുത്തുക- മലയാളം സർവവിജ്ഞാനകോശം വാല്യം 5 പേജ് 10 - 14 State Institute of Encyclopedic Publications , Thiruvanathapuram
അവലംബം
തിരുത്തുക- ↑ http://tolweb.org/onlinecontributors/app?page=ViewImageData&service=external&sp=36314 Archived 2010-03-07 at the Wayback Machine. Starfish
- ↑ http://tolweb.org/tree?group=Echinodermata&contgroup=Deuterostomia Archived 2012-07-01 at the Wayback Machine. Echinodermata
- ↑ http://www.stockphotography.co.uk/store/catalog.aspx?CT=860 Archived 2010-11-29 at the Wayback Machine. Spiny skinned
- ↑ http://en.wikipedia.org/wiki/Water_vascular_system Water vascular system
- ↑ http://www.answers.com/topic/echinoderm echinoderm
- ↑ http://www.answers.com/topic/sea-cucumber sea cucumber
- ↑ http://animaldiversity.ummz.umich.edu/site/accounts/information/Echinodermata.html Phylum Echinodermata
- ↑ [1] Echinodermata (star fish, sea urchins, sea cucumbers, brittle stars, sea biscuits, etc.)
- ↑ http://www.csus.edu/indiv/r/reihmanm/Echinodermata.htm Archived 2004-06-30 at the Wayback Machine. BIO 5 PLANT BIOLOGYPHYLUM ECHINODERMATA
- ↑ http://www.earthlife.net/inverts/echinodermata.html The Phylum Echinodermata
- ↑ http://tolweb.org/Asteroidea Archived 2020-04-25 at the Wayback Machine. Asteroidea
- ↑ http://www.spc.int/coastfish/News/BDM/18/Purwati1.pdf Sexual reproduction of Echinodermata: Holothuroidea
- ↑ http://www.asknature.org/strategy/fc5f8378fa41be7e812bb6d4bf8906ac Archived 2010-09-20 at the Wayback Machine. Pressure allows movement: echinoderms
- ↑ http://www.utsa.edu/fieldscience/echinoderm_info.htm Echinoderms
- ↑ http://www.wildsingapore.com/wildfacts/echinodermata/echinodermata.htm Echinoderms on the Shore of Sigapore
- ↑ http://www.earthlife.net/inverts/echinodermata.html The Phylum Echinodermata
- ↑ http://www.uibk.ac.at/zoology/regeneration/ Archived 2010-02-19 at the Wayback Machine. Regeneration
- ↑ http://www.biologyreference.com/Ep-Fl/Female-Reproductive-System.html Female Reproductive System
- ↑ http://animaldiversity.ummz.umich.edu/site/accounts/information/Echinodermata.html Phylum Echinodermata
- ↑ http://www.1902encyclopedia.com/E/ECH/echinodermata.html Echinodermata
- ↑ http://www.angelfire.com/ak3/invertzoology/echinoI.htm pelmetazoa
- ↑ http://en.wikipedia.org/wiki/Eleutherozoa Eleutherozoa
- ↑ http://www.uky.edu/KGS/fossils/echinos.htm Echinodermata (Spiny-skinned animals)
- ↑ http://stonecompany.com/fossils/invertebrates/echinoderms/crinoids/usa/sold.html Archived 2010-11-30 at the Wayback Machine. Crinoid Fossils, Phylum Echinodermata
- ↑ http://www.keralasiep.org/home_m.htm Archived 2009-09-26 at the Wayback Machine. Official website of State Institute of Encyclopedic Publications
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ECHINODERMS
- The Echinoid Directory from the Natural History Museum.
- The Echinoblog-An echinoderm themed blog
- The Echinoid Directory from the Natural History Museum.
- Echinodermata Archived 2012-07-01 at the Wayback Machine. from the Tree of Life Web Project.
- Berkeley taxonomy on the Echinodermata
- Echinoderms of the North Sea Archived 2008-04-13 at the Wayback Machine.
- The Echinoblog-An echinoderm themed blog
- Larval Echinodermata Fact Sheet Archived 2008-07-20 at the Wayback Machine.