ഡിപ്ലൊപോഡ

(Diplopoda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആർത്രൊപ്പോഡ ജന്തുഫൈലത്തിലെ ഒരു വർഗമാണ് ഡിപ്ളൊപോഡ. ഈ വർഗ്ഗം മിറിയാപോഡ എന്നും അറിയപ്പെട്ടിരുന്നു. ഉരുണ്ടുനീണ്ട ശരീരത്തിനിരുവശത്തുമായി അനേകം ജോടി കാലുകൾ ഉള്ളതുകൊണ്ടാണ് ഇവയ്ക്ക് ഇങ്ങനെ പേരു നൽകിയത്. ശരീരത്തിലാകെ വ്യാപിച്ചു കിടക്കുന്ന ശ്വാസനാളീവ്യൂഹത്തിലൂടെയാണ് ശ്വസനം നിർവഹിക്കുന്നത്. സ്ഥിരവാസം കരയിലാണെങ്കിലും, മുട്ട വിരിയുന്നതിന് ഈർപ്പം ആവശ്യമാണ്. ഇരുട്ടിലും, വിവിധ വസ്തുക്കളുടെ മടക്കുകൾ, ഇടുക്കുകൾ എന്നിവിടങ്ങളിലുമാണ് ഡിപ്ലൊപോഡകൾ കൂടുതൽ കാണപ്പെടുന്നത്. മുഖ്യഭക്ഷണം ജീർണവസ്തുക്കളാണ്. ഏറ്റവും അറിയപ്പെടുന്ന ഡിപ്ലൊപോഡ് തേരട്ടയാണ്.

ഡിപ്ളൊപോഡ
Temporal range: 428–0 Ma Late Silurian to സമീപസ്ഥം
ഡിപ്ളൊപോഡ വർഗ്ഗത്തിലെ തേരട്ട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Diplopoda

Subclasses, orders and families

See text

ശരീരഘടന

തിരുത്തുക

ഷഡ്പദങ്ങൾ, ക്രസ്റ്റേഷ്യനുകൾ എന്നിവയെപ്പോലെ ഇവയുടെ ശരീരത്തിനും ശിരസ്സ്, വക്ഷം, ഉദരം എന്നീ മൂന്നു ഭാഗങ്ങളുണ്ട്. ശിരസ്സു വ്യതിരിക്തമാണ്. ലളിതവും എട്ടു ഖണ്ഡങ്ങളുള്ളതുമായ ഒരു ജോടി ശൃംഗിക, ശക്തമായ രണ്ടു ചിബുകാസ്ഥികൾ, ഇരയെ പിടിക്കാനും ചവച്ചരയ്ക്കാനുമുതകുന്ന നാത്തൊകിലേറിയം എന്നീ അവയവങ്ങൾ ശിരസ്സിലുണ്ട്. പുഴുവിന്റേതുപോലെ ദീർഘിച്ചു ഇഴയുന്ന ദേഹത്തിൽ വക്ഷസ്സും ഉദരവും തമ്മിലുള്ള വ്യത്യാസം പലപ്പോഴും പ്രകടമല്ല. ശരീരം മോതിരം പോലുള്ള അനേകം സമാന സിലിറാകാര ഖണ്ഡങ്ങൾ (ഡിപ്പൊസൊമൈറ്റുകൾ) ചേർന്നതാണ്. ചിലതരം തേരട്ടകളിൽ ഖണ്ഡങ്ങളുടെ എണ്ണം 400 വരെ ആവാറുണ്ട്. ആദ്യത്തെ രണ്ടോ മൂന്നോ ഖണ്ഡങ്ങൾ ഒഴിച്ച് മറ്റുള്ളവയിലെല്ലാം ഓരോ ജോടി കാലുകളുണ്ട്. ശരീരഭിത്തി കനം കൂടിയതും കാൽസിയം നിർമിതവുമാണ്. ഖണ്ഡങ്ങളുടെ വലയങ്ങൾ തമ്മിലുള്ള സംയോജനം അത്യധികം നമ്യമാകയാൽ ശരീരം വളച്ച് ഒരു ചുരുൾ പോലെ ആക്കിത്തീർക്കുവാൻ ഇതിനു എളുപ്പത്തിൽ സാധിക്കുന്നു. പ്രതികൂല സാഹചര്യമോ ഭീഷണിയോ നേരിടുമ്പോഴാണ് ജന്തു ഇങ്ങനെ ചുരുളുന്നത്. ശരീരത്തിലെ കൈറ്റിൻ സംരക്ഷിതമല്ലാത്ത ഭാഗം കാലുകളാണ്. പ്രതികൂലാവസ്ഥയിൽ ചുരുണ്ടു കൂടുന്നതു കാലുകളെ സംരക്ഷിക്കുവാനാണെന്ന് കരുതപ്പെടുന്നു. ഉദരഖണ്ഡങ്ങളിൽ ഓരോന്നിലും ഓരോ ജോടി ഗ്രന്ഥികളുണ്ട്. ദുർഗന്ധമുണ്ടാക്കുന്നതും വേഗം ബാഷ്പീകൃതമാവുന്നതുമായ ഒരിനം വിഷദ്രാവകം ഈ ഗ്രന്ഥികൾ സ്രവിക്കുന്നു. കാലുകളുടെ ആധാരത്തിൽ സ്ഥിതിചെയ്യുന്ന സുഷിരങ്ങളിലൂടെയാണ് ശ്വസനനാളീവ്യൂഹം പുറത്തേക്കു തുറക്കുന്നത്. മാൽപ്പീജിയൻ കുഴലുകൾ) വിസർജ്യ വ്യവസ്ഥ നിർവഹിക്കുന്നു. ശരീരത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടു കിടക്കുന്ന ഒരു നേർരേഖീയ കുഴലാണു ദഹനേന്ദ്രിയം. ഒനിസ്കൊമോർഫ് വിഭാഗത്തിൽ പ്പെടുന്ന ജീവികളിൽ മാത്രം ഇതു വളഞ്ഞു പിരിഞ്ഞിരിക്കുന്നു. ഒടുവിലത്തെ ഉദരഖണ്ഡത്തിലാണ് ഗുദം സ്ഥിതിചെയ്യുന്നത്. ഇതിന്നിരുവശത്തും ശക്തിയേറിയ ഒരു ജോടി വാൽവുകളുണ്ട്. ജനനേന്ദ്രിയദ്വാരം സ്ഥിതിചെയ്യുന്നതു ദേഹത്തിന്റെ മുന്നറ്റത്തുനിന്നു രണ്ടാമത്തെ ഖണ്ഡത്തിലോ അതിനുതൊട്ടു പിന്നിലോ ആയിരിക്കും.

പ്രത്യുത്പ്പാദനം

തിരുത്തുക
 
ഇണചേരുന്ന തേരട്ടകൾ

ഡിപ്ലൊപോഡകൾ ഏകലിംഗികളാണ്. ബാഹ്യവ്യത്യാസം വളരെ പ്രകടമല്ലെങ്കിലും ആൺ-പെൺ ജനനേന്ദ്രിയങ്ങൾ സുവികസിതമാണ്. ലൈംഗികവികാസം പൂർത്തിയായാൽ ഇണചേരുന്നു. നീണ്ടുനിൽക്കുന്ന മൈഥുനത്തിലൂടെയാണ് പുംബീജം സ്ത്രീ ശരീരത്തിൽ പ്രവേശിക്കുന്നത്. മുൻവശത്തെ ചില കാലുകൾ ബീജവിനിമയത്തിനായി പരിവർത്തനം ചെയ്തിരിക്കുന്നു. ഇവ ഗോണാപോഡുകൾ എന്നറിയപ്പെടുന്നു. എന്നാൽ ഒനിസ് കൊമോർഫ് വിഭാഗത്തിൽപെടുന്നവയ്ക്ക് ഗോണോപോഡുകൾ ഇല്ല. ഇവയിൽ മുഖാംഗങ്ങളിലൂടെയാണ് പുംബീജം വിനിമയം ചെയ്യപ്പെടുന്നത്. ബീജസങ്കലനം നടന്ന ശേഷം മുട്ടകൾ ഒറ്റയായോ കൂട്ടമായോ നിക്ഷേപിക്കപ്പെടുന്നു. എണ്ണത്തിലും വലിപ്പത്തിലും മുട്ടകൾ ഏറെ വൈവിധ്യം പ്രകടിപ്പിക്കുന്നു. കുട്ടമായി നിക്ഷേപിക്കുമ്പോൾ, പെൺജീവി അതിനുമുകളിൽ അടയിരിക്കുന്നു. മറ്റു ചിലയിനങ്ങളിൽ മൺകൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മുട്ടകൾ കാണപ്പെടുന്നത്. ഇത്തരം മുട്ടകൾ പരിസ്ഥിതി താപത്തിൽ വിരിയുന്നു. കുഞ്ഞുങ്ങൾ ഏഴു തവണ പടം പൊഴിക്കുന്നു. ഓരോ പടം പൊഴിയലിനുശേഷവും കൂടുതൽ ഖണ്ഡങ്ങളും കാലുകളും ശരീരത്തിൽ വളർന്നു ചേരുന്നു. അതിനാൽ വളർച്ച ക്രമാനുഗതമാണ് എന്നു പറയാം. വൻതോതിലുള്ള മാറ്റങ്ങൾ കായാന്തരണത്തിന്റെ ഒരു ഘട്ടത്തിലും കാണുന്നില്ല. വളർച്ച പൂർത്തിയാവാൻ മാസങ്ങൾ എടുക്കുന്നു.

കാണപ്പെടുന്ന സ്ഥലങ്ങൾ

തിരുത്തുക

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ചും ഉഷ്ണമേഖലയിൽ ഡിപ്ലൊപോഡകൾ ധാരാളമായി കാണപ്പെടുന്നു, എന്നാൽ ഇവയുടെ സഞ്ചാര പരിധി വളരെ പരിമിതമാകയാൽ അട്ടവർഗത്തിന്റെ വിതരണവും പരിമിതം തന്നെ. ഒളിഞ്ഞു കഴിയുന്ന ശീലമുള്ളതിനാലും ഈർപ്പമുള്ള പ്രദേശങ്ങൾ കൂടുതൽ ഹിതകരമായതിനാലും ജനിച്ചു വളരുന്ന സ്ഥലങ്ങളിൽ നിന്നു വളരെയകലേയ്ക്കൊന്നും ഇവ സഞ്ചരിക്കുന്നില്ല. ചില സ്പീഷീസിന്റെ വിതരണം ഏതാനും ചതുരശ്ര കിലോമീറ്ററിനകത്താണെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. സ്പീഷീസു മാത്രമല്ല, ജീനസ്സുകളും വിതരണ പരിമിതി കാണിക്കുന്നു. ഏതാനും ചില വിഭാഗങ്ങൾ മാത്രമേ വൻകരാതിർത്തി കടക്കാറുള്ളൂ.

എണ്ണായിരത്തിലധികം സ്പീഷീസ് ഇതിനകം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ വലിയ സാമ്പത്തിക പ്രാധാന്യമില്ലാത്തതുകൊണ്ടായിരിക്കാം ഡിപ്ലൊപോഡകളെക്കുറിച്ച് വളരെ പരിമിതമായ പഠനങ്ങൾ മാത്രമേ നടക്കുന്നുള്ളൂ. കൂടുതൽ പഠനവിധേയമാക്കിയാൽ ഇവയുടെ എണ്ണം ഇന്നറിയപ്പെടുന്നതിന്റെ രണ്ടോ മൂന്നോ ഇരട്ടിയാവാമെന്നാണ് ചില ശാസ്ത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. പതിനൊന്നു ഗോത്രങ്ങളും നൂറിലേറെ കുടുംബങ്ങളുമായി ഡിപ്ലൊപോഡ വർഗീകരിക്കപ്പെട്ടിരിക്കുന്നു. ഖണ്ഡങ്ങളുടെ എണ്ണം, രൂപം, ശിരസ്സിലെ അവയവങ്ങൾ, കാലുകൾ, പുംജനനേന്ദ്രിയത്തിന്റെ രൂപം തുടങ്ങിയവയാണ് വർഗീകരണത്തിനുള്ള പ്രധാന മാനദണ്ഡങ്ങൾ.

പരിണാമം

തിരുത്തുക

ഡിപ്ലൊപോഡകളുടെ പരിണാമ ചരിത്രം സുദീർഘമാണ്. ആദിമ ഡെവോണിയൻ യുഗം മുതൽ ഇവയുടെ സാന്നിധ്യം ജീവാശ്മങ്ങളിൽ വെളിവാകുന്നുണ്ട്. എന്നാൽ ഇവയുടെ പരിണാമം തീരെ മന്ദഗതിയിലായിരുന്നു എന്നാണ് പഠനങ്ങൾ വെളിവാക്കുന്നത്. പില്ക്കാല മാതൃകകൾ ആദിമരൂപങ്ങളിൽനിന്നും വലിയ മാറ്റങ്ങളൊന്നും പ്രകടമാക്കിയിട്ടില്ല. ഇക്കാരണത്താൽ കരജീവികളുടെ അതിപുരാതനത്വം ഡിപ്ലൊപോഡകൾക്ക് അവകാശപ്പെടാവുന്നതാണ്.

  1. "Diplopoda DeBlainville in Gervais, 1844 (Class)". SysTax. Universität Ulm, Ruhr-Universität Bochum. Archived from the original on 2007-08-18. Retrieved 2007-08-15.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിപ്ലൊപോഡ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡിപ്ലൊപോഡ&oldid=3654243" എന്ന താളിൽനിന്ന് ശേഖരിച്ചത്