സീലാകാന്ത്

(Coelacanth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വളരെ പ്രാചീനകാലത്തു പരിണമിച്ചതും ഇന്നും അവശേഷിക്കുന്നതുമായ മാംസളമായ തുഴകൾ ഉള്ള ഒരു മത്സ്യ ഓഡറാണ് സീലകാന്ത് (Coelacanth, അഥവാ order Coelacanthiformes). എല്ലുള്ള ആദിമ മത്സ്യവിഭാഗങ്ങളിൽ ഒന്നാണിവ. 40 കോടി വർഷങ്ങൾക്ക് മുൻപ് ഡിവോണിയൻ കാലഘട്ടത്തിൽ രൂപപ്പെട്ട ഇവക്ക് ഏതാണ്ട് ആറരക്കോടി വർഷങ്ങൾക്ക് മുൻപ് വംശനാശം സംഭവിച്ചു എന്നു കരുതപ്പെട്ടിരുന്നെങ്കിലും 1938-ൽ ദക്ഷിണാഫ്രിക്കയിലും തുടർ‌ന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ പലയിടങ്ങളിലും ഇവയെ കാണുകയുണ്ടായി. പൊതുവേ കാണപ്പെടുന്ന എല്ലുള്ള മത്സ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ലങ്ഫിഷ്, ഉഭയജീവികൾ, സസ്തനികൾ, പക്ഷികൾ ഇവയൊക്കെ ഉൾപ്പെടുന്ന മാംസളമായ തുഴയുള്ള മത്സ്യങ്ങളുടെ (lobe-finned fish, Sarcopterygii) പരിണാമ പരമ്പരയിൽ ആണ് സീലകാന്തുകളുടെ സ്ഥാനം.

സീലാകാന്ത്
Temporal range: ഡെവോണിയൻ - സമീപസ്ഥം
Latimeria chalumnae
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Coelacanthimorpha
Order:
Coelacanthiformes

Berg, 1937
Families

See text.

ലാറ്റിമേരിയ എന്ന ജനുസ്സിലാണ്‌ സീലകാന്ത് ഓഡറിൽ ഇന്നുള്ള ഇനങ്ങളെ പെടുത്തിയിരിക്കുന്നത്. ആഫ്രിക്കൻ പ്രദേശത്തുനിന്നും ഒരിനത്തേയും (Latimeria chalumnae) ഇന്തോനേഷ്യൻ പ്രദേശത്തുനിന്നും മറ്റൊരിനത്തേയും (L. menadoensis) ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഫോസിൽ പഠനങ്ങളിലൂടെ 120-ൽ അധികം വ്യത്യസ്ത സീലകാന്ത് വർഗ്ഗങ്ങളെ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നു കാണപ്പെടുന്ന രണ്ട് ആധുനിക വംശങ്ങളും അപകടകരമായ വിധത്തിൽ വംശനാശത്തിന്റെ വക്കിലായതിനാൽ ഏറ്റവും വംശനാശത്തിന്റെ വക്കിലുള്ള മത്സ്യനിരയാണ് സീലകാന്തുകൾ.[1] ഈ ഓഡർ ഫോസിൽ റെക്കോഡിൽ നിന്ന് കാലക്രമത്തിൽ അപ്രത്യക്ഷമായതായി കാണുകയും പിന്നീട് ഈ ഓഡറിലെ അംഗങ്ങളെ ജീവനോടെ കണ്ടെത്തുകയും ചെയ്തതിനാൽ ഇത് ലാസറസ് ടാക്സണുകൾക്ക് (Lazarus Taxons) ഉത്തമ ഉദാഹരണമാണ്.

ശരീരഘടന

തിരുത്തുക

ശരാശരി ഭാരം 80കി.ഗ്രാം വരുന്ന ഇവയ്ക്ക് 2 മീറ്ററോളം നീളം വരാറുണ്ട്. പൂർ‌ണ്ണ വളർച്ച പ്രാപിച്ച ആൺ‌മത്സ്യങ്ങൾ, പെൺമത്സ്യങ്ങളെ അപേക്ഷിച്ച് അൽപ്പം ചെറുതാണ്. ശരീരത്തിന്റെ തുലനനിലയിൽ പ്രധാനപങ്ക് വഹിയ്ക്കുന്ന ഓടോലിത്തുകളിൽ നടത്തിയ പഠനങ്ങളിൽ ഇവ 80-100 വർ‌ഷങ്ങൾ വരെ ജീവിയ്ക്കുന്നു എന്ന് കണ്ടെത്തി. സമുദ്രത്തിനടിയിൽ 700 മീറ്ററോളം ആഴത്തിൽ വരെ ജീവിയ്ക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. 14 മുതൽ 22 ഡിഗ്രീ വരെ ഊഷ്മാവിൽ ഇവയ്ക്ക് കഴിച്ചുകൂട്ടാനാകും. ഇവയുടെ കണ്ണുകൾ സൂക്ഷ്മസം‌വേദനശക്തിയുള്ളവയാണ്.കൂടാതെ രാത്രിയിൽ കൂടുതൽ കാഴ്ചശക്തിയ്ക്കുതകുന്ന തരത്തിൽ ദൃഷ്ടിപടലത്തിനു പിറകിൽ പ്രത്യേകസം‌വിധാനത്തോടെ ഒരു പാളിയും ഉണ്ട്. മങ്ങിയ പ്രകാശത്തിൽ പോലും കാണാൻ ഇവയെ സഹായിയ്ക്കുന്നത് റെറ്റിനയിൽ കാണുന്ന പ്രത്യേക ഗ്രാഹികളാണ്. സീലകാന്തുകളുടെ ശരീരത്തിൽ ചെറുപിങ്ക് നിറത്തിലുള്ള പാടുകൾ കാണാം. ഇത് ഓരോന്നിനും വ്യത്യസ്തമായിരിക്കും. വ്യത്യസ്ത സീലകാന്തുകളെ തിരിച്ചറിയാൻ ശാസ്ത്രജ്ഞർ ഈ പാടുകളെ ആശ്രയിക്കുന്നു.

തലയോട് രണ്ട് ഭാഗങ്ങളായി മാറിയിരിക്കുന്നു, ഇന്റ്രാക്രാനിയൽ ജോയിന്റ് (intracranial joint) ഇവയെ ഒരുമിച്ചു നിർത്തുന്നു[2]. അവയുടെ ചലനം നിയന്ത്രിക്കാൻ ഇരുഭാഗങ്ങളേയും ബന്ധിപ്പിച്ച് ഒരു ജോഡി പേശികളുണ്ട്. ഇത്തരത്തിൽ ഇന്നു ഭൂമിയിലുള്ള ഏക ജീവിയാണ് സീലകാന്ത്. കണ്ണുകളും ഗന്ധമറിയാനുള്ള അവയവങ്ങളും തലയുടെ മുന്നിലും തലച്ചോറും ആന്തരികകർണ്ണവും പിന്നിലായും സ്ഥിതി ചെയ്യുന്നു. മൂക്കിനു മദ്ധ്യഭാഗത്തായി ജെല്ലി നിറഞ്ഞ ഒരു അറ ഇവയ്ക്കുണ്ട്. റോസ്റ്റ്രൽ അവയവം എന്നിതിനെ വിളിക്കുന്നു. ഒളിച്ചിരിക്കുന്ന ഇരകളെ പിടിക്കാനായും മറ്റും ചെറുവൈദ്യുതസ്പന്ദങ്ങളെ തിരിച്ചറിയാനാണിത് എന്നു വിശ്വസിക്കപ്പെടുന്നു.


സീലകാന്തുകൾക്ക് എട്ട് ചിറകുകളാണുള്ളത് (മുതുകിൽ രണ്ട്, വശങ്ങളിൽ രണ്ട്, ഉദരത്തിൽ രണ്ട്, പിന്നിൽ ഒന്ന്, വാൽ ഒന്ന്). ഇവ നീന്തുന്നതും നാൽക്കാലികളുടെ ചലനവും തമ്മിൽ സാമ്യമുണ്ട്. സീലകാന്തുകളുടെ ബന്ധുക്കളിൽ നിന്നാണ് ഉഭയജീവികൾ പരിണമിച്ചുണ്ടായത്[3]. എങ്കിലും ഇവ മണ്ണിൽ സാധാരണ സ്പർശിക്കാറില്ല. ചിലപ്പോൾ മണ്ണിൽ തലകുത്തി നിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവക്ക് വാൽചിറകിന്റെ മദ്ധ്യത്തിൽ അൽപ്പം തള്ളിനിൽക്കുന്ന ഒരു എപ്പികോഡൽ ദളമുണ്ട്. ഇത് വൈദ്യുത ക്ഷേത്രത്തെ സൃഷ്ടിക്കാനും നിരീക്ഷിക്കാനും ഉപയോഗിക്കപ്പെടുന്നുണ്ടാവണം[4]. ഈ ദളമുപയോഗിച്ച് ഇരകളെ കണ്ടെത്താനാവണം ഇവ തലകുത്തി നിൽക്കുന്നതെന്നാണ് പൊതുവേ കരുതപ്പെടുന്നത്.

ഇവയുടെ സ്വഭാവങ്ങളെക്കുറിച്ച് വിശദവിവരങ്ങൾ ഇന്നും ലഭ്യമായിട്ടില്ല. ആഴക്കടലിൽ 100 മീറ്ററെങ്കിലും താഴ്ചയിൽ മാത്രമേ ഇവയെ സ്വാഭാവികമായി കാണാൻ കഴിയുകയുള്ളൂ. പകൽ സമയത്ത് ഇവ കൂടുതൽ ആഴത്തിൽ പോയി ഒളിച്ചിരിക്കുന്നതായി കരുതപ്പെടുന്നു. കടലിൽ 700 മീറ്റർ ആഴത്തിൽ വരെ ജീവിക്കാൻ സീലകാന്തുകൾക്ക് കഴിയുമെന്നു കരുതപ്പെടുന്നു.

സീലകാന്തുകൾക്ക് ശത്രുക്കളിൽ നിന്നും രക്ഷനേടാൻ അവയുടെ ശരീരം മുഴുവൻ ശൽക്കങ്ങൾ കൊണ്ടും ഡെന്റിക്കിൾസ് എന്നറിയപ്പെടുന്ന ഭാഗങ്ങൾ കൊണ്ടും മറയ്ക്കപ്പെട്ടിരിക്കുന്നു.

മുട്ടകൾ പെൺസീലകാന്തിനുള്ളിൽ തന്നെ വിരിഞ്ഞ് കുഞ്ഞുങ്ങളായാണ് പുറത്തുവരുന്നത്.

കണ്ടെത്തൽ

തിരുത്തുക
 
വിയന്നയിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സീലകാന്തിന്റെ സ്പെസിമൻ

1836-ൽ ലൂയീ അഗാസീസ് (Louis Agassiz) തന്റെ പുസ്തകമായ റിഷെർഷ് സ്യുർ ലെ പ്വസ്സോൺ ഫൊസ്സീലെയിൽ (Recherches sur les Poissons Fossiles) നട്ടെല്ലിലെ കശേരുക്കളിൽ തുടങ്ങി പിൻ‌ചിറകു വരെ പൊള്ളയായ അസ്ഥിയുള്ള ഒരു മത്സ്യത്തിന്റെ ഫോസിലിനെ സീലകാന്ത് എന്നു വിളിച്ചിരുന്നു. അതാണ് ആദ്യം വിവരിക്കപ്പെട്ട സീലകാന്ത്[5]. ഗ്രീക്കുഭാഷയിൽ കൊയിലോസ് (κοῖλ-ος) എന്നാൽ പൊള്ളയായത് എന്നും, അകാന്ത (ἄκανθ-α) എന്നാൽ നട്ടെല്ല് എന്നുമാണ്. ഇത് ശാസ്ത്രനാമം നൽകുന്ന ലത്തീൻ ശൈലിയിൽ ആക്കുമ്പോൾ Coelacanthus എന്നാകുന്നു.

1938 ഡിസംബറിൽ മഡഗാസ്കറിനു സമീപമുള്ള കോമറോസ് ദ്വീപുകൾക്കു സമീപം മീൻപിടുത്തം നടത്തിക്കൊണ്ടിരുന്നവർക്ക് ഒരു മത്സ്യത്തെ ലഭിച്ചു. പ്രദേശത്തെ ഒരു മ്യൂസിയത്തിലെ മാർജോറി കോർട്നി ലാറ്റിമർ എന്ന പ്രകൃതിശാസ്ത്രജ്ഞ മത്സ്യത്തെ കാണുകയും അത് ഒരു സാധാരണമത്സ്യമല്ലെന്ന് തിരിച്ചറിയുകയും, ആ വിവരം മത്സ്യത്തിന്റെ ഒരു രേഖാചിത്രത്തോടൊപ്പം ജെയിംസ് ലിയനാർ‌ഡോ ബ്രയേർ‌ലി സ്മിത്ത് എന്ന മത്സ്യശാസ്ത്രജ്ഞനെ (ഇക്തിയോളജിസ്റ്റ്) അറിയിക്കുകയും ചെയ്തു. അതിനുമുൻപ് എവിടേയും പരാമർ‌ശമില്ലാതിരുന്ന ഈ ജീവിയെ 1938 ഡിസംബർ 23-നു അദ്ദേഹം മുൻകാലങ്ങളില് ലഭ്യമായിരുന്ന ഫോസ്സിലുകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞു. ഇതിനു ശേഷം ഇവ "ജീവിച്ചിരിയ്ക്കുന്ന ഫോസ്സിലുകൾ" എന്നറിയപ്പെടാൻ തുടങ്ങി. ലാറ്റിമറുടെ സ്മരണാർത്ഥം ജനുസ്സിനു ലാറ്റിമേരിയ എന്നും ചാലുമ്‌ന നദീമുഖത്തിനടുത്തുനിന്നു കിട്ടിയതുകൊണ്ട് ചാലുമ്‌‌നേ എന്നു സ്പീഷീസ് നാമവും ഈ മത്സ്യത്തിനു സ്മിത്ത് നൽകി[4].

മത്സ്യത്തെ സൂക്ഷിച്ചിരുന്ന ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ ലണ്ടനിൽ ജെ.എൽ.ബി. സ്മിത്ത് എത്തിയപ്പോഴേക്കും അതിന്റെ മാംസളമായ ഭാഗങ്ങളെല്ലാം നശിച്ചുപോയിരുന്നു. തുടർന്ന് സ്മിത്ത് രണ്ടാമതൊരു സീലകാന്തിനായി പ്രദേശത്തെ മീൻപിടുത്തക്കാർക്കെല്ലാം നോട്ടീസുകൾ നൽകുകയും പിടിച്ചുകൊടുക്കുന്നവർക്ക് പുരസ്കാരത്തുക പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ 1952-ൽ മാത്രമാണ് മറ്റൊരു സീലാകാാന്തിനെ കണ്ടെത്താനായത്. ഒരു കച്ചവടക്കപ്പലിന്റെ ക്യാപ്റ്റനായിരുന്ന എറിക് ഹണ്ടിന്ന് കൊമോറോസ് ദ്വീപിലെ മീൻപിടുത്തക്കാരിൽ നിന്നുമാണ് അതിനെ കിട്ടിയത്. [4]. ആ പ്രാദേശത്ത് ഈ മത്സ്യം ഗോംബെസാ എന്നറിയപ്പെടുന്നു.


പിന്നീട് മൊസാംബിക് (1991), മഡഗാസ്കർ (1995), ദക്ഷിണ ആഫ്രിക്ക (2000), കെനിയ (2001), ടാൻസാനിയ (2003, 2007) എന്നിവിടങ്ങളിൽ നിന്നെല്ലാം ഇവയെ കണ്ടെത്തിയിട്ടുണ്ട്.

1997- സെപ്റ്റംബർ 18-നു ഇന്തോനേഷ്യയിലെ സുലാവേസിയിൽ വിനോദയാത്ര നടത്തിക്കൊണ്ടിരിന്ന മാർക്ക് ഏർഡ്മാൻ, ആർണാസ് എന്നിവർ വിചിത്രമായ ഒരു മത്സ്യത്തെ കണ്ടു. സീലകാന്തിനോട് ഈ മത്സ്യത്തിനു സാദൃശ്യമുണ്ടായിരുന്നു. തുടർന്ന് അവർ അതിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ ശാസ്ത്രജ്ഞരുടെ കൈകളിലെത്തിക്കുകയും അതൊരു സീലകാന്താണെന്നു തിരിച്ചറിയുകയും ചെയ്തു. 1998-ലും ഇതുപോലെ തന്നെ ഈ പ്രദേശത്തുനിന്നും മറ്റൊരു മത്സ്യത്തെ കണ്ടെത്തിയിരുന്നു. അതിൽ നടന്ന ഡി.എൻ.എ. പരീക്ഷണങ്ങൾ ഇവ കൊമോറോസിലെ സീലകാന്തുകളിൽ നിന്നും ജനിതകമായി വ്യത്യസ്തമാണെന്നും മറ്റൊരു ഉപവർഗം (Latimeria menadoensis) ആണെന്നും വെളിവാക്കി. 1998 ജൂൺ 30-നു ജീവനോടെ പിടികൂടിയ 29 കി.ഗ്രാം ഭാരവും 1.2 മീ. നീളവും ഉണ്ടായിരുന്ന ഈ സീലാകാന്ത് 6 മണിക്കൂറോളം ജീവിച്ചു. പ്രാദേശികമായി ഇവയെ “രാജാ ലാവൂത്ത്“ (കടൽ രാജാവ്) എന്നു വിളിക്കുന്നു. 2007 മെയ് 19-നു ഇവിടെനിന്നും മറ്റൊരു സീലകാന്തിനേയും ലഭിച്ചിരുന്നു. അത് ഏകദേശം 17 മണിക്കൂറോളം മനുഷ്യരുടെ പിടിയിൽ ജീവിച്ചിരുന്നു.

പ്രാധാന്യം

തിരുത്തുക

ആദിമ മത്സ്യങ്ങൾ ഉണ്ടായത്തു 43.5 കോടി വർഷങ്ങൾക്കു മുമ്പ് സൈലൂറിയൻ കാലഘട്ടം എന്നറിയപ്പെടുന്ന സമയത്താണ്. അതിനു തൊട്ട് പിന്നാലെ, അവയിൽ നിന്ന് പരിണമിച്ചുണ്ടായ ജീവികളാണ് ഡിവോണിയൻ കാലഘട്ടത്തിലെ സീലാകാന്ത് ഓർഡറിലെ പുരാതന ജീവികൾ. ആദ്യകാലത്ത് വളരെ സുലഭമായിരുന്ന ഈ വിഭാഗം ജീവികൾ ക്രമേണ ഫോസിൽ രേഖകളിൽ നിന്ന് അപ്രത്യക്ഷമായി. എന്നാൽ ഫോസിലിൽക്കൂടി മാത്രം അറിഞ്ഞിരുന്ന ഈ ഓർഡറിലെ പുതിയ ഒരു ജീനസും അതിലെ രണ്ട് ആധുനിക സ്പീഷീസുകളെയും പിൽക്കാലത്ത് കണ്ടെത്തിയത് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു.

ഫോസിൽ രേഖകളിൽ നിന്ന് അപ്രത്യക്ഷമായ വംശങ്ങൾ ചിലപ്പോഴൊക്കെ വളരെ ചെറിയ സമൂഹങ്ങളുടെ രൂപത്തിൽ അതിജീവിക്കാം എന്ന് സീലാകാന്ത് തെളിയിക്കുന്നു. അതായത് ഫോസിലുകളിൽ നിന്ന് പരിണാമ ചരിത്രത്തിൻറെ തുടർച്ചയായ ചിത്രം ലഭിക്കാനുള്ള ബുദ്ധിമുട്ടിന് ഉത്തമോദാഹരണം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ പരിണാമത്തെക്കുറിച്ചുള്ള പഠനത്തിൽ സീലകാന്ത് വളരെ പ്രാധാന്യം അർഹിക്കുന്നു.

സീലാകാന്തിന്, പരിണാമശൃംഖലയിൽ, സാധാരണ മത്സ്യങ്ങളോടുള്ളതിനേക്കാൾ കൂടുതൽ ബന്ധമുള്ളത് മനുഷ്യരോടും മറ്റ് കരജീവികളോടും ആണ്. മത്സ്യങ്ങളിൽ ലങ് ഫിഷുകൾക്ക് മാത്രമാണ് സീലാകാന്തിനേക്കാൾ കരയിലെ നാൽക്കാലികളോട് കൂടുതൽ അടുപ്പം ഉള്ളത്.[6][7][8]

ഇന്ന് സീലകാന്തുകൾ വളരെ കുറച്ചെണ്ണം മാത്രമേ ജീവിച്ചിരിപ്പുള്ളൂ എന്നു കരുതപ്പെടുന്നു. കേവലം 500 എണ്ണം മാത്രം കാണുമെന്നാണ് കണക്കാക്കപ്പെടുന്നത്[9]. കടലിൽ വളരെ ആഴത്തിൽ മാത്രം കാണപ്പെടുന്നതുകൊണ്ട് ഇവയെ കൃത്രിമമായി സംരക്ഷിക്കുക എന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.

പ്രത്യേക സവിശേഷതകൾ

തിരുത്തുക
  1. രണ്ടു വൃക്കയും കൂടിച്ചേർന്നു ഒരു അവയവം ആയി രൂപപ്പെട്ടിരിക്കുന്നു
  2. ചെറിയ ഹൃദയം- അതിന്ന് ഏകദേശം ഒരു നീണ്ട കുഴലിന്റെ രൂപം[10]
  3. തലച്ചോർ 1.5% മാത്രം - തലയോട്ടിക്കുള്ളിൽ ബാക്കിഭാഗം കൊഴുപ്പ് നിറഞ്ഞിരിക്കുന്നു[10]

ഇത് ഇന്നത്തെ ജീവികളിലില്ലാത്ത പ്രത്യേകതകളാണ്.

  1. Musick, J.A.. (2000). "Latimeria chalumnae". IUCN Red List of Threatened Species. Version 2000. International Union for Conservation of Nature. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. ICHTHOS. "The Coelacanth" (in ഇംഗ്ലീഷ്). Archived from the original on 2009-07-03. Retrieved 17-10-2008. {{cite web}}: Check |authorlink= value (help); Check date values in: |accessdate= (help); External link in |authorlink= (help)
  3. "The Coelacanth" (in ഇംഗ്ലീഷ്). Archived from the original on 2021-02-12. Retrieved 20-10-2008. {{cite web}}: Check date values in: |accessdate= (help)
  4. 4.0 4.1 4.2 സീലക്കാന്ത് - കാലം മറന്നുപോയ മത്സ്യം, എം.ആർ. സദാശിവൻ, ശാസ്ത്രകേരളം, ജൂൺ 1991, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  5. http://www.aquaticcommunity.com/mix/coelacanths.php
  6. Janvier, Philippe. 1997. Vertebrata. Animals with backbones. Version 01 January 1997 (under construction). http://tolweb.org/Vertebrata/14829/1997.01.01 Archived 2013-03-12 at the Wayback Machine. in The Tree of Life Web Project, http://tolweb.org/
  7. Haaramo, Mikko (2003). "Sarcopterygii". in Mikko's Phylogeny Archive. Retrieved November 4, 2013.
  8. doi:10.1371/journal.pone.0033683
    This citation will be automatically completed in the next few minutes. You can jump the queue or expand by hand
  9. "On the Trail of the Coelacanth, a Living Fossil" (in ഇംഗ്ലീഷ്). Washingtonpost.com. 1998 നവംബർ 11. Retrieved 2008 ഒക്ടോബർ 17. {{cite news}}: Check date values in: |accessdate= and |date= (help)
  10. 10.0 10.1 "Fish". Marine Education Society of Australia. Retrieved 1 മാർച്ച് 2011.



"https://ml.wikipedia.org/w/index.php?title=സീലാകാന്ത്&oldid=3827999" എന്ന താളിൽനിന്ന് ശേഖരിച്ചത്