ചെമ്മീൻ (നോവൽ)
തകഴി ശിവശങ്കരപ്പിള്ള 1956-ൽ എഴുതിയ ഒരു മലയാള നോവലാണ് ചെമ്മീൻ. മത്സ്യതൊഴിലാളിയുടെ മകൾ 'കറുത്തമ്മ'യും മത്സ്യ മൊത്തവ്യാപാരിയുടെ മകൻ 'പരീക്കുട്ടി'യും തമ്മിലുള്ള പ്രണയത്തിന്റെ കഥപറയുന്ന നോവലാണിത്.[1] കേരളത്തിൽ തീരപ്രദേശങ്ങളിലെ മുക്കുവക്കുടിലുകളിൽ അക്കാലത്ത് വ്യാപകമായിരുന്നു (എന്നു് നോവലിസ്റ്റ് കരുതുന്ന) സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് നോവലിന്റെ കഥാതന്തു. വിവാഹിതയായ ഒരു സ്ത്രീ, തന്റെ ഭർത്താവ് മീൻ തേടി കടലിൽ പോയസമയത്ത് വിശ്വാസവഞ്ചന കാട്ടിയാൽ കടലമ്മ ഭർത്താവിനെ കൊണ്ടുപോകും എന്നാണു വിശ്വാസം (താഴെ, വിമർശനങ്ങൾ എന്ന ഭാഗവും കാണുക). തീരപ്രദേശങ്ങളിൽ നിലനിന്ന ഈ ചിന്താഗതിയെയാണ് തകഴി നോവലിൽ ആവിഷ്കരിച്ചത്.
ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി രാമു കാര്യാട്ട് ഇതേപേരിൽ തന്നെ ചലച്ചിത്രവും സംവിധാനം ചെയ്യുകയുണ്ടായി. നിരൂപകപ്രശംസയും വാണിജ്യവിജയവും ഒരു പോലെ നേടിയ ഒന്നായിരുന്നു ചെമ്മീൻ എന്ന ചിത്രം.
പ്രണയത്തിന്റെയും കാവ്യാത്മകതയുടെയും തെന്നൽ പോലെ വായനക്കാര തഴുകിയ തകഴിയുടെ ഈ നോവൽ റിയലിസത്തിൽ നിന്നുള്ള ഒരു തിരിഞ്ഞുനടത്തമായിരുന്നു[അവലംബം ആവശ്യമാണ്]. മുക്കുവ ജീവിതത്തിന്റെ വൈകാരികതകളെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന നോവലെന്ന നിലയിൽ ഇത് മികച്ചു നിൽക്കുന്നു. മുക്കുവന്റെ ആചാരങ്ങൾ, വിശ്വാസങ്ങൾ, അനുഷ്ഠാനങ്ങൾ എന്നു തുടങ്ങി ദൈനദിന ജീവിതത്തിലെ പരുക്കൻ യാഥാർത്ഥ്യങ്ങളെ വരെ തകഴി തന്റെ മാന്ത്രികത്തൂലികയാൽ ജീവിപ്പിച്ചു നിർത്തുന്നു.
കഥാപാത്രങ്ങൾ
തിരുത്തുക- ചെമ്പൻകുഞ്ഞ്-സത്യസന്ധനല്ലാത്ത ഒരു മുക്കുവൻ
- ചക്കി -ചെമ്പൻകുഞ്ഞിന്റെ ഭാര്യ
- പരീക്കുട്ടി- ചെമ്പൻകുഞ്ഞിന്റെ മകളുമായി പ്രണയത്തിലാവുന്ന മത്സ്യവ്യാപാരി
- കറുത്തമ്മ - ചെമ്പൻകുഞ്ഞിന്റെ മകൾ
- പളനി - കറുത്തമ്മയുടെ ഭർത്താവ്
- പഞ്ചമി - ചെമ്പൻകുഞ്ഞിന്റെ രണ്ടാമത്തെ മകൾ
പ്രചോദനവും സ്വാധീനവും
തിരുത്തുകകടലിനോട് മല്ലിട്ട് ഉപജീവനം തേടുന്ന മുക്കുവന്റെ മോഹങ്ങളും,മോഹഭംഗങ്ങളും,പങ്കപ്പാടുകളും മനോഹരമായി വരഞ്ഞിടുന്ന തകഴിയുടെ മികച്ച ഒരു നോവലാണ് ചെമ്മീൻ. വായനക്കാരനു പലതും നൽകുന്നുണ്ട് ചെമ്മീൻ. യുനസ്കോയുടെ കളക്ഷൻ ഓഫ് റെപ്രസെന്റേറ്റീവ് വർക്ക്സ്-ഇന്ത്യൻ സീരീസ് എന്നതിന്റെ ഭാഗമായി വി.കെ.നാരയണമേനോൻ ഇത് 1962-ൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി. ലണ്ടനിലെ വിക്ടർ ഗൊലാൻസ് ആയിരുന്നു പ്രസാധകൻ. സ്വാതന്ത്ര്യാനന്തരം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന മലയാളത്തിലെ ശ്രദ്ധേയമായ നോവലാണിത്.
വിവർത്തനം
തിരുത്തുകവായനക്കാരുടെ മുക്തകണ്ഠ പ്രശംസപിടിച്ചുപറ്റിയ ഈ നോവൽ പ്രമുഖമായ ആറ് വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ്, റഷ്യൻ, ജർമ്മൻ, അറബിക്, ഇറ്റാലിയൻ, ഫ്രഞ്ച് എന്നിവയാണവ. ഇന്ത്യയിലെ നിരവധി പ്രാദേശിക ഭാഷകളിലേക്കും ഭാഷാന്തരം ചെയ്യപ്പെട്ടു. ഇംഗ്ലീഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്തവയിൽ പ്രസിദ്ധം നാരായണ മേനോന്റെ പരിഭാഷയാണ്. നിരവധി പതിപ്പുകൾ ഈ വിവർത്തനത്തിനു ഉണ്ടായി. ഇംഗ്ലീഷ് പരിഭാഷയുടെ തലക്കെട്ട് "ആൻകർ ഓഫ് ദി സീ ഗോഡസ്സ്" (Anger of the Sea-Goddess) എന്നാണ്. ചെമ്മീൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ ഏറ്റവും ആദ്യം ശ്രമിച്ചതു് പ്രസിദ്ധ ചരിത്രപണ്ഡിതനും സാമൂഹ്യശാസ്ത്രജ്ഞനുമായിരുന്ന സർദാർ കെ.എം. പണിക്കർആയിരുന്നുവത്രേ. പക്ഷേ, മൂലകൃതിയുടെ പ്രസിദ്ധീകരണത്തിനു തൊട്ടു പിൻപേ പുറത്തിറങ്ങിയ "ചെമ്മീൻ- ഒരു നിരൂപണം" എന്ന ഡോ. വേലുക്കുട്ടി അരയന്റെ ഗ്രന്ഥത്തിൽ പണിക്കരുടെ അത്തരമൊരു ഉദ്യമത്തെ പേരെടുത്തു പറഞ്ഞു് പരിഹസിച്ചിരുന്നു. ഇതേത്തുടർന്നാണെന്നു വിശ്വസിക്കപ്പെടുന്നു, സർദാർ തന്റെ തർജ്ജമാശ്രമം തുടർന്നില്ല.[2]
അറബി ഭാഷയിൽ ഈ നോവലിന്റെ വിവർത്തനം നിർവഹിച്ചത് മുഹ്‌യിദ്ദീൻ ആലുവായ് ആയിരുന്നു. "ഷമ്മീൻ" എന്നായിരുന്നു തലക്കെട്ട്.[3]
നിരൂപണങ്ങൾ
തിരുത്തുകചെമ്മീൻ എന്ന നോവലിനേയും അതിലൂടെ തകഴി എഴുതിച്ചേർത്ത അരയസമുദായത്തിന്റെ സാമൂഹ്യപശ്ചാത്തലത്തേയും കുറിച്ച് നിശിതമായി വിമർശിച്ചുകൊണ്ടു് "ചെമ്മീൻ - ഒരു നിരൂപണം" എന്ന പേരിൽ ഡോ. വി.വി. വേലുക്കുട്ടി അരയൻ അതേ വർഷം തന്നെ ഒരു പുസ്തകം എഴുതുകയുണ്ടായി[4]. 'കലാകേരളം' എന്ന സ്വന്തം പ്രസിദ്ധീകരണശാല വഴി പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ ആയിരം കോപ്പി മാത്രമാണു് അന്നദ്ദേഹത്തിനു് അച്ചടിക്കാൻ കഴിഞ്ഞതു്. എന്നിട്ടുപോലും അന്നത്തെ മലയാളസാഹിത്യലോകത്തു് ശക്തമായ അലയിളക്കങ്ങൾ സൃഷ്ടിക്കാൻ ഈ കൃതിയ്ക്കു കഴിഞ്ഞു.[2]
ചെമ്മീനിൽ ചിത്രീകരിച്ചിരിക്കുന്ന കഥാപശ്ചാത്തലവും കഥാപാത്രസംസ്കാരവും യാഥാർത്ഥ്യവുമായി ഒട്ടും ഒത്തുപോകുന്നില്ലെന്നും തകഴിയുടെ സ്വന്തം കൽപ്പനകൾ ഏറെ തെറ്റിദ്ധാരണാജനകമാണെന്നും വേലുക്കുട്ടി അരയൻ പ്രസ്തുത ഗ്രന്ഥത്തിലൂടെ വാദിച്ചു. ഇന്ദുലേഖയിലും മറ്റുമെന്ന പോലെ ഒരു സാമൂഹ്യപരിഷ്കരണപ്രേരകം പോലുമാവുന്നില്ല ഈ നോവലിന്റെ സൃഷ്ടി എന്നും അരയന്മാർക്കിടയിലുണ്ടായിരുന്നു എന്നു പറഞ്ഞുഫലിപ്പിക്കുന്ന അന്ധവിശ്വാസങ്ങളെ അരക്കിട്ടുറപ്പിച്ചു് അതിൽ താനും വിശ്വസിച്ചുപോകുന്നു എന്ന സാക്ഷ്യപത്രം പോലെയാണു് തകഴി ഈ നോവൽ എഴുതിയിരിക്കുന്നതെന്നു് അരയൻ സ്ഥാപിച്ചു. കടലമ്മ എന്നൊരു കാവ്യസങ്കൽപ്പം കപ്പൽപാട്ടുകളിലും മറ്റും പതിവുണ്ടെങ്കിലും ഒരിക്കലും അത്തരമൊരു ദൈവസങ്കൽപ്പം മീൻപിടുത്തം നടത്തി ഉപജീവനം കഴിക്കുന്ന കേരളീയസമുദായങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ലെന്നു് ഡോ. അരയൻ പറയുന്നു.
അരയസമുദായത്തിൽ അഞ്ചു് ഉപജാതികൾ ഉള്ളതായും അവയ്ക്കോരോന്നിനും നിശ്ചിതമായ പങ്കുള്ള ഒരു തൊഴിൽ വിഭജനവ്യവസ്ഥ ജാത്യാചാരം കൊണ്ടു വന്നുചേർന്നിട്ടുണ്ടെന്നും തകഴി സൂചിപ്പിച്ചിട്ടുള്ളതു് ശുദ്ധമായ അബദ്ധമാണെന്നു് അദ്ദേഹം സമർത്ഥിച്ചു. മീൻ പിടിക്കുന്ന വലകൾ, വള്ളങ്ങൾ, രീതി എന്നിവയെക്കുറിച്ച് നോവലിൽ എഴുതിയിട്ടുള്ളതത്രയും യാഥാർത്ഥ്യത്തിനു കടകവിരുദ്ധമാണെന്നും കൊതുമ്പുവള്ളം പോലുള്ള ഒരു ചെറുവഞ്ചിയിൽ ഒറ്റയ്ക്കു് പുറംകടലിൽ മീൻപിടിക്കാൻ പോകുന്ന പളനിയുടെ കഥ അസംഭാവ്യമായ ഒരു കഥാസന്ദർഭമാണെന്നും ഈ നിരൂപണത്തിൽ അരയൻ വിശദീകരിച്ചിട്ടുണ്ടു്. "നീണ്ട നാവും അസ്ഥാനത്തിലുള്ള നീട്ടിയ ഉച്ചാരണവും ആത്മബലവും എന്തുവന്നാലും കുലുക്കമില്ലാത്ത മനഃസ്ഥിതിയും ഉള്ള അരയത്തികളാകുന്ന ഭദ്രകാളികൾ" എന്നു് തകഴി മുക്കുവസ്ത്രീകളെ നിർവ്വചിച്ചിട്ടുള്ളതു് അങ്ങേയറ്റം വാസ്തവവിരുദ്ധമാണെന്നു് അദ്ദേഹം പ്രസ്താവിക്കുന്നതു് ഒട്ടൊക്കെ ക്രോധത്തോടെയാണു്.
ചലച്ചിത്രാവിഷ്കാരം
തിരുത്തുക1965-ൽ രാമു കാര്യാട്ട് ഈ നോവലിനെ ചലച്ചിത്രമാക്കുകയുണ്ടായി. 1965-ൽ മിച്ച ചലച്ചിത്ര വിഭാഗത്തിൽ ഇന്ത്യൻ പ്രസിഡന്റിന്റെ സ്വർണ്ണപ്പതക്കം ചിത്രത്തെ തേടിയെത്തി. ഷീല, മധു, കൊട്ടാരക്കര ശ്രീധരൻ നായർ, സത്യൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ്.എൽ പുരം സദാനന്ദൻ തിരക്കഥ എഴുതിയ ഈ ചിത്രത്തിന്റെ ഛായഗ്രാഹകൻ മാർകസ് ബാർട്ട്‌ലി ആയിരുന്നു. ചിത്രസന്നിവേശം ഋഷികേഷ് മുഖർജിയും കെ.ഡി.ജോർജും നിർവഹിച്ചു. വയലാർ രാമവർമ്മയുടെ ഗാനങ്ങൾക്ക് സലിൽ ചൗധരി ഈണം പകർന്നു. മന്നാഡെ, കെ.ജെ. യേശുദാസ്, പി. ലീല എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.
അവലംബം
തിരുത്തുക- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് (762). കോഴിക്കോട്: മാധ്യമം. 2012-10-01. Archived from the original on 2016-03-04. Retrieved 2013-05-14.
{{cite journal}}
:|archive-date=
/|archive-url=
timestamp mismatch; 2020-09-26 suggested (help)CS1 maint: unfit URL (link) - ↑ 2.0 2.1 ചെമ്മീൻ - ഒരു നിരൂപണം (ഡോ. വി.വി. വേലുക്കുട്ടി അരയൻ, കലാകേരളം 1956 [2006-ൽ ചെറിയഴീക്കൽ ഡോ. വി.വി. വേലുക്കുട്ടി അരയൻ ഫൗണ്ടേഷൻ പുന:പ്രസിദ്ധീകരിച്ചതു്
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-04. Retrieved 2011-12-21.
- ↑ ഡോ.വള്ളിക്കാവ് മോഹൻദാസ് (2012-04-02). "തകഴി വിമർശിക്കപ്പെടുന്നു!". മാധ്യമം ആഴ്ചപ്പതിപ്പ് (736). കോഴിക്കോട്: മാധ്യമം. Archived from the original on 2012-05-17. Retrieved 2013-05-05.