ഭീഷ്മർ

(Bhishma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാഭാരതത്തിലെ ശ്രദ്ധേയരായ വ്യക്തികളിലൊന്നാണ് ഭീഷ്മർ അഥവാ ദേവവ്രതൻ. കുരുവംശത്തിലെ ശന്തനു മഹാരാജാവിന്റേയും ഗംഗാദേവിയുടേയും മകനാണ്. പാണ്ഡവരുടെയും കൗരവരുടെയും പിതാമഹനായിരുന്നു ഇദ്ദേഹം. ഭീഷ്മർക്ക് സ്വന്തം ഇച്ഛ പ്രകാരമേ മരണം സംഭവിക്കൂ എന്ന വരം ലഭിച്ചിരുന്നു. സ്വന്തം പിതാവിനു വേണ്ടി മരണം വരെ ബ്രഹ്മചര്യമനുഷ്ഠിച്ച ഭീഷ്മരെ നിസ്സ്വാർത്ഥതയുടെ പ്രതീകമായാണ് മഹാഭാരതത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

ഭീഷ്മശപഥം:രാജാരവിവർമ്മ ചിത്രം

ഒരിക്കൽ വസിഷ്ഠ മഹർഷിയുടെ നന്ദിനിയെന്ന പശുവിനെ അഷ്ടവസുക്കൾ മോഷ്ടിക്കാൻ ശ്രമിക്കുന്നു. ഇതറിഞ്ഞ മഹർഷി അവരെ മനുഷ്യരായി ജനിക്കാൻ ശപിക്കുന്നു. എങ്കിലും മോഷണത്തിനു നേതൃത്വം കൊടുത്ത പ്രഭാസനെന്ന വസുവൊഴിച്ച് മറ്റെല്ലാവരും ജനിച്ചയുടനെ മരിച്ച് ശാപമുക്തരാകുമെന്നും പ്രഭാസൻ ഭൂമിയിൽ ദീർഘകാലം ജീവിക്കുമെന്നും മഹർഷി ശാപമോക്ഷം നൽകുന്നു. അങ്ങനെ പ്രഭാസനെന്ന വസുവാണ് ഭീഷ്മരായി ജനിക്കുന്നത്.

ഒരിക്കൽ കുരുവംശരാജാവായ ശന്തനു ഗംഗാനദിയുടെ തീരത്ത് നിൽക്കുന്ന സുന്ദരിയായ യുവതിയെക്കണ്ട് പ്രണയതരളിതനാകുകയും അവരോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. ആ യുവതി മനുഷ്യ രൂപം പൂണ്ട ഗംഗാദേവിയായിരുന്നു. ഒരവസരത്തിലും തന്റെ ചെയ്തികളെക്കുറിച്ച് യാതൊരു ചോദ്യങ്ങളുമുന്നയിക്കില്ലെന്ന് ഉറപ്പു നല്കുകയാണെങ്കിൽ ശന്തനുവിനെ വിവാഹം കഴിക്കാമെന്ന് ഗംഗാദേവി അറിയിച്ചു. അപ്രകാരം സമ്മതിച്ച ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ഏറെ താമസിയാതെ അവർക്ക് ഒരു കുട്ടി പിറക്കുകയും ചെയ്തു. എന്നാൽ പിറന്നയുടൻതന്നെ ഗംഗാദേവി കുട്ടിയെ നദിയിൽ മുക്കി കൊന്നുകളഞ്ഞു. വസുക്കൾക്ക് ശാപമോക്ഷം നൽകാനാണ് ദേവി ഇപ്രകാരം പ്രവർത്തിച്ചത്. ഗംഗാദേവിയുടെ ചെയ്തികളെക്കുറിച്ച് ചോദിക്കില്ലെന്ന് ഉറപ്പുനല്കിയതിനാൽ എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തതെന്ന ചോദിക്കാനും ശന്തനുവിന് സാധിച്ചില്ല. ഓരോ കുട്ടി പിറക്കുമ്പോഴും ഗംഗ അവരെയെല്ലം നദിയിൽ മുക്കുക പതിവായി. അങ്ങനെ എട്ടാമത്തെ പുത്രന് ജന്മം നല്കിയപ്പോൾ അവനെയും ഗംഗാദേവി നദിയിൽ മുക്കാൻ തുനിഞ്ഞു. അക്ഷമനായ ശന്തനു ഗംഗാദേവിയെ തടഞ്ഞ് എന്തുകൊണ്ടാണ് കുട്ടികളെ നദിയിൽ മുക്കിക്കൊല്ലുന്നതെന്ന് ആരാഞ്ഞു. ശപഥം തെറ്റിച്ച മഹാരാജാവിനെ ഉപേക്ഷിച്ച് പുത്രനേയും കൊണ്ട് ഗംഗ പോകുകയും ചെയ്തതു. പോകുമ്പോൾ മകൻ യുവാവാകുമ്പോൾ അവനെ തിരിച്ചേൽപ്പിക്കാമെന്ന് ഗംഗാദേവി രാജാവിന് ഉറപ്പു കൊടുത്തു.

ഭീഷ്മ ശപഥം

തിരുത്തുക

ഗംഗാദേവി യുവാവായ ദേവവ്രതനെ തിരിച്ചേല്പിക്കുകയും ശന്തനു അദ്ദേഹത്തെ യുവരാജാവാക്കി നിയമിക്കുകയും ചെയ്തു. ഇക്കാലഘട്ടത്തിലാണ് ശന്തനു സുന്ദരിയായ മത്സ്യകന്യക സത്യവതിയെ കണ്ടുമുട്ടുന്നത്. പ്രഥമദൃഷ്ടിയിൽത്തന്നെ അവളുമായി പ്രണയത്തിലായ ശന്തനു സത്യവതിയുടെ പിതാവായ ദാസരാജനോട് മകളെ തനിക്ക് വിവാഹം കഴിച്ചുതരാൻ അഭ്യർത്ഥിച്ചു. എന്നാൽ സത്യവതിയിൽ ശന്തനുവിന് പിറക്കുന്ന മകനെ അടുത്ത രാജാവാക്കുകയാണെങ്കിൽ മാത്രമേ മകളെ അദ്ദേഹത്തിന് വിവാഹം കഴിച്ചുകൊടുക്കുകയുള്ളൂവെന്ന് ദാസരാജൻ വ്യക്തമാക്കി.

തന്റെ അനന്തരാവകാശിയായി മകൻ ദേവവ്രതനെ തീരുമാനിച്ചുകഴിഞ്ഞ ശന്തനുവിന് ഇത് അനുവദിക്കാൻ സാധിക്കുമായിരുന്നില്ല. നിരാശയോടെ കൊട്ടാരത്തിലേക്ക് തിരിച്ചുപോയ ശന്തനു അതീവഖിന്നനായി കുറേക്കാലം കഴിച്ചുകൂട്ടി. ശന്തനുവിന്റെ മ്ലാനത ശ്രദ്ധയിൽപ്പെട്ടപ്പോൾ ദേവവ്രതൻ അതിന്റെ കാരണമന്വേഷിച്ചു. പിതാവിന്റെ ആഗ്രഹസാക്ഷാത്കാരത്തിനായി ദേവവ്രതൻ സത്യവതിയുടെ പിതാവായ ദാസരാജനെ കാണുകയും താൻ തന്റെ പിന്തുടർച്ചാവകാശം ത്യജിക്കുകയാണെന്നും അറിയിച്ചു. തന്റെ പിതാവിന് സത്യവതിയിൽ പിറക്കുന്ന പുത്രന്മാരായിരിക്കും തന്റെ രാജ്യത്തിന്റെ അടുത്ത അവകാശികാളെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ ദേവവ്രതന്റെ പുത്രന്മാർ ഈ ശപഥം തെറ്റിക്കാൻ സാധ്യതയില്ലേയെന്ന് ദാസരാജൻ ശങ്ക ഉന്നയിച്ചപ്പോൾ താൻ നിത്യബ്രഹ്മചാരിയായി തുടരുമെന്ന ഭീഷ്മശപഥം(ഭയങ്കരമായ പ്രതിജ്ഞ) ദേവവ്രതൻ എടുത്തു. ഇതിനെത്തുടർന്നാണ് ഇദ്ദേഹം ഭീഷ്മർ എന്നറിയപ്പെടാൻ തുടങ്ങിയത്. ഇതറിഞ്ഞ ശന്തനു സ്വേച്ഛ മൃത്യു എന്ന വരം ഭീഷ്മർക്ക് നൽകി. ഇത് പ്രകാരം ഭീഷ്മർക്ക് സ്വന്തം ആഗ്രഹം പ്രകാരമേ മരണം സംഭവിക്കൂ.

അംബ, അംബിക, അംബാലിക

തിരുത്തുക

ശന്തനുവിന് സത്യവതിയിൽ ചിത്രാംഗദൻ, വിചിത്രവീര്യൻ എന്നീ പുത്രന്മാർ ജനിച്ചു. ചിത്രാംഗദൻ ചെറുപ്പത്തിൽ തന്നെ അതേ പേരുള്ള ഒരു ഗന്ധർവ്വന്റെ കയ്യാൽ വധിക്കപ്പെട്ടു. വിചിത്രവീര്യന് വിവാഹപ്രായമായപ്പോൾ കാശി രാജ്യത്തെ അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരെ ഭീഷ്മർ ബലമായി പിടിച്ചു കൊണ്ടു വന്നു. എന്നാൽ, മറ്റൊരു രാജാവുമായി താൻ പ്രണയത്തിലാണെന്ന് അംബ ഭീഷ്മരെ അറിയിച്ചു. ഭീഷ്മർ തുടർന്ന് അംബയെ പറഞ്ഞയച്ച് വിചിത്രവീര്യനെ അംബിക, അംബാലിക എന്നിവരുമായി വിവാഹം കഴിപ്പിച്ചു. എന്നാൽ, കാമുകനാൽ നിരസിക്കപ്പെട്ട അംബ ഭീഷ്മരോട് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. ഭീഷ്മർ ഈ ആവശ്യം തള്ളികളഞ്ഞു. ഇതു കാരണം പ്രതികാര ദാഹിനിയായി മാറുന്ന അംബയാണ് പിന്നീട് ശിഖണ്ഡിയായി മാറുന്നത്.

അൽപ്പകാലം കഴിഞ്ഞപ്പോൾ രോഗബാധിതനായി വിചിത്രവീര്യൻ മരണമടയുന്നു. വിചിത്രവീര്യൻ മക്കളില്ലാത്തതു കാരണം കുരുവംശം തലമുറയറ്റു പോകുമെന്നു ഭയന്ന സത്യവതി ഭീഷ്മരോട് അംബിക, അംബാലിക എന്നിവരെ വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ തന്റെ ഭീഷ്മ പ്രതിജ്ഞകാരണം ഇത് നിരസിച്ച ഭീഷ്മർ സത്യവതിക്ക് പരാശര മുനിയിൽ ജനിച്ച വ്യാസനെ തനിക്കു പകരം നിർദ്ദേശിക്കുകയും വ്യാസന് അംബിക,അംബാലിക എന്നിവരിൽ ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രന്മാർ ജനിക്കുകയും ചെയ്തു.

കുരുക്ഷേത്രയുദ്ധം

തിരുത്തുക

യുദ്ധസമയത്ത് പടുവൃദ്ധനായിക്കഴിഞ്ഞിരുന്ന ഭീഷ്മർ കൗരവപക്ഷത്താണ് നിലകൊണ്ടത്. കൗരവരുടെ സർവ്വസൈന്യാധിപനായിരുന്നു ഭീഷ്മർ. എങ്കിലും, പാണ്ഡവരെ വധിക്കാൻ ഇദ്ദേഹം തയ്യാറായിരുന്നില്ല. സ്വേച്ഛമൃത്യുവായ ഭീഷ്മർ ഉള്ളിടത്തോളം പാണ്ഡവർക്ക് യുദ്ധത്തിൽ ജയിക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ കൃഷ്ണൻ ഭീഷ്മരുടെ തന്നെ ഉപദേശമനുസരിച്ച് യുദ്ധത്തിന്റെ പത്താം ദിവസം ശിഖണ്ഡിയെ മുൻനിർത്തി ഭീഷ്മരോടേറ്റുമുട്ടാൻ അർജുനനെ ഉപദേശിക്കുന്നു. സ്ത്രീകളോട് യുദ്ധം ചെയ്യില്ലെന്നു ശപഥമെടുത്ത ഭീഷ്മർ ശിഖണ്ഡി വേഷധാരിയായ അംബയോട് ഏറ്റുമുട്ടാൻ തയ്യാറാവുന്നില്ല. ഈ തക്കത്തിന് അർജുനൻ നിരായുധനായ ഭീഷ്മരെ അമ്പെയ്തു വീഴ്ത്തുന്നു. അങ്ങനെ, ഭീഷ്മർ ശരശയ്യയിൽ യുദ്ധഭൂമിയിൽ കിടക്കുന്നു.

കുരുക്ഷേത്രയുദ്ധക്കാലത്ത് പടുവൃദ്ധനായിരുന്ന ഭീഷ്മ പിതാമഹൻ , ദുര്യോധനരാജാവിനു വേണ്ടി ശെരിക്കുമൊരു യുവാവായ പടയാളിയെപ്പോലെ തീഷ്‌ണയുദ്ധം ചെയ്താണ് വീണുപോയതു . അദ്ദേഹം ദേവാംശജനും ദിവ്യാസ്ത്രപണ്ഡിതനുമായിരുന്നു . നേരിട്ടുള്ള യുദ്ധത്തിൽ ഒരിക്കലും പാണ്ഡവർക്കോ അർജ്ജുനനോ ഭീഷ്മരേയും മറ്റു കൗരവ മഹാരഥരെയും വധിക്കാനാവുകയില്ല . ഇക്കാര്യം ഭഗവാൻ കൃഷ്ണൻ തന്നെ ദുര്യോധനന്റെ ഊരുഭംഗ സമയത്തു പാണ്ഡവരോട് പറയുന്നുമുണ്ട് . വ്യാസന് കിടപിടിക്കുന്ന ജ്ഞാനിയും , നിത്യ ബ്രഹ്മചാരിയും ആയിരുന്ന ഭീഷ്മർ സ്വച്ഛന്ദമൃത്യുവായിരുന്നു . അദ്ദേഹം ഇച്ഛിക്കുമ്പോൾ മാത്രമേ മരണം അദ്ദേഹത്തെ സമീപിക്കുകയുള്ളൂ .

അതിശക്തനായ ഭീഷ്മപിതാമഹൻ ദിനം പ്രതി പതിനായിരക്കണക്കിന് പാണ്ഡവ മഹാരഥികളെയും അസംഖ്യം സൈനികരെയും കൊന്നു വീഴ്ത്തിക്കൊണ്ടിരുന്നു . മഹായുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ അർജ്ജുനനുമായി ഏറ്റുമുട്ടിയ അദ്ദേഹം അർജ്ജുനനുമായി തുല്യത പാലിച്ചു . പിന്നീടുള്ള യുദ്ധങ്ങളിൽ ചിലതിൽ അർജ്ജുനനെതിരെ മേൽക്കൈ നേടുകയും ചെയ്തു .

ഒൻപതാം ദിവസത്തെ യുദ്ധം

തിരുത്തുക

ഒൻപതാം ദിവസത്തെ യുദ്ധത്തിൽ ഭീഷ്മപിതാമഹൻ തന്റെ യുദ്ധവീര്യം ശെരിക്കു പ്രകടിപ്പിക്കുകയുണ്ടായി . അതുവരെ പാണ്ഡവരോടുള്ള വാത്സല്യം കാരണം അദ്ദേഹം മൃദുയുദ്ധമാണ് ചെയ്തിരുന്നത് . ഒൻപതാം ദിവസം സാത്യകിയെ മാറിൽ അസ്ത്രമേൽപ്പിച്ചു തകർത്തു വിട്ട ഭീഷ്മർ അതിഘോരമായ യുദ്ധമാരംഭിച്ചു . അദ്ദേഹം ശത്രുക്കളെ ചുടുന്ന വിധത്തിൽ പോർക്കളത്തിൽ ചുറ്റി . പാണ്ഡവപ്പടയിൽ അത്യധികം നാശമുണ്ടായപ്പോൾ കൃഷ്ണന്റെ നിർദ്ദേശപ്രകാരം അർജ്ജുനൻ ഭീഷ്മരോടേറ്റു .അർജ്ജുനൻ ആദ്യം ഭീഷ്മരുടെ വില്ലു മുറിച്ചെങ്കിലും , ഉടനെ മറ്റൊരു വില്ലെടുത്തു ഭീഷ്മർ അർജ്ജുനനെയും കൃഷ്ണനെയും അമ്പെയ്തു മൂടിക്കളഞ്ഞു . അർജ്ജുനന് വേണ്ടത്ര ഉയരാൻ സാധിച്ചില്ല . അർജ്ജുനൻ മൃദുയുദ്ധം ചെയ്യുമ്പോൾ ഭീഷ്മർ അർജ്ജുനനെ തടുത്തുകൊണ്ടു അസംഖ്യം പാണ്ഡവപ്പോരാളികളെയും പാഞ്ചാല സോമകരെയും കൊന്നു തള്ളി . അദ്ദേഹത്തിൻറെ ഒറ്റ അസ്ത്രം പോലും പാഴായില്ല . സാത്യകിയെയും ഭീമനെയും അഭിമന്യുവിനെയും മറ്റു യോദ്ധാക്കളെയും അസ്ത്രങ്ങൾ കൊണ്ട് അകറ്റിയിട്ടു അദ്ദേഹം പാണ്ഡവപ്പടയുടെ മധ്യത്തിൽ കയറിച്ചെന്നു പോരാടി . പാണ്ഡവപ്പട തോറ്റു തിരിഞ്ഞോടി .

കൃഷ്ണന്റെ കോപം

അർജ്ജുനന്റെ മൃദുയുദ്ധം കണ്ടും , ഭീഷ്മർ കത്തിക്കയറി നിൽക്കുന്നത് കണ്ടും കൃഷ്ണന് ഒട്ടും സഹിച്ചില്ല . രഥത്തിൽ നിന്നും ചാടിയിറങ്ങിയ അദ്ദേഹം ചമ്മട്ടിയുമായി ഭീഷ്മരുടെ നേരെ കുതിച്ചു . ഇപ്പോൾ താൻ ഭീഷ്മരെ വധിക്കുമെന്ന് പറഞ്ഞു കൊണ്ടായിരുന്നു കൃഷ്ണന്റെ നീക്കം . ലോകനാഥനായ ഭഗവാന്റെ ഈ ക്രോധഭാവം കണ്ടു "അയ്യോ ഭീഷ്മൻ ചത്തു" എന്ന് ഇരുഭാഗത്തെയും യോദ്ധാക്കൾ പറഞ്ഞു . ഭീഷ്മർ ഉടനെ ഭഗവാനെ കൈകൂപ്പി . വിധിവിഹിതമാണ് ഈ നാശമെന്നു ഭീഷ്മർ തൊഴുതുകൊണ്ടു പറഞ്ഞു . ഉടനെ അർജ്ജുനൻ വന്നു ഭഗവാനെ പിടിച്ചു വലിച്ചു സമാധാനപ്പെടുത്തി കൊണ്ടുപോയി .

ഭീഷ്മ പരാക്രമം

ഭീഷ്മർ പിന്നീടും പോരാട്ടം തുടർന്നു . പാണ്ഡവപ്പട ക്രമമില്ലാതെ മുടിയുന്നതു കണ്ടു യുധിഷ്ഠിരൻ തോൽവി സമ്മതിച്ചു അന്നത്തെ യുദ്ധത്തിൽ നിന്നും പിന്മാറി .

പാണ്ഡവർക്കുള്ള ഭീഷ്മോപദേശം

തിരുത്തുക

ഒൻപതാം യുദ്ധത്തിന്റെ അവസാനത്തിൽ , അർജ്ജുനനെക്കൊണ്ട് ഭീഷ്മനെ വധിക്കാനാവുകയില്ലെന്നു യുധിഷ്ഠിരന് ബോദ്ധ്യമായി . അതിനു ശേഷം അദ്ദേഹം ഭീഷ്മരെ നേരിട്ട് കാണാനും , അദ്ദേഹത്തെ വധിക്കാനുള്ള ഉപായം അദ്ദേഹത്തോട് തന്നെ ചോദിക്കാനും തീരുമാനിച്ചു . ഭഗവാൻ കൃഷ്ണനും അത് ശെരിവച്ചു . തുടർന്ന് പാണ്ഡവരും അർജ്ജുനനും കൃഷ്ണനും രാത്രിയിൽ രഹസ്യമായി ഭീഷ്മരുടെ ശിബിരത്തിൽ കടന്നു അദ്ദേഹത്തെ വന്ദിച്ചു .യുദ്ധത്തിൽ തങ്ങൾക്കു ജയം വേണമെന്നും , അതിനുള്ള ഏക തടസ്സം പിതാമഹനാണെന്നും , അദ്ദേഹം വീണാൽ തങ്ങൾക്കു ജയം ഉറപ്പാണെന്നും യുധിഷ്ഠിരൻ പറഞ്ഞു .ഭീഷ്മരെ വധിക്കാനുള്ള വഴി അദ്ദേഹം തന്നെ പറഞ്ഞു തരണമെന്നും യുധിഷ്ഠിരൻ അഭ്യർത്ഥിച്ചു .

ഇതുകേട്ട ഭീഷ്മർ , താൻ മൂന്നാം ലിംഗക്കാരനായ യോദ്ധാവായ ശിഖണ്ഡിയോട് പൊരുതുകയില്ലെന്നും , അതിനാൽ അർജ്ജുനൻ ശിഖണ്ഡിയെ മുന്നിൽ നിറുത്തി തന്നെ ആക്രമിച്ചാൽ തന്നെ വീഴ്ത്താമെന്നും ഭീഷ്മർ പാണ്ഡവരെ ഉപദേശിച്ചു . യുധിഷ്ഠിരൻ സന്തുഷ്ടനായി മടങ്ങി .എന്നാൽ അർജ്ജുനന് ഏറ്റവും വിഷമവും ലജ്ജയും തോന്നി .

ഭീഷ്മ പതനം

തിരുത്തുക

അതിശക്തനായ ഭീഷ്മപിതാമഹൻ പത്താം ദിവസവും തന്റെ യുദ്ധം തുടർന്നു . ഭീഷ്മനെ കാക്കുന്ന ദുശ്ശാസ്സനൻ അർജ്ജുനനെ അത്ഭുതകരമായി അന്ന് കുറെയേറെ തടുത്തു നിറുത്തി . കൂടാതെ കൃഷ്ണനെയും അർജ്ജുനനെയും വല്ലാതെ മുറിപ്പെടുത്തുകയും ചെയ്തു . എങ്കിലും അർജ്ജുനൻ ഒടുവിൽ ദുശ്ശാസ്സനനെ തോൽപ്പിച്ചു . അർജ്ജുനൻ ശിഖണ്ഡിയോടൊപ്പം ഭീഷ്മവധത്തിനു ജാഗരൂകനായി നിന്ന് പോരാടി .

മറുഭാഗത്ത് ഭീഷ്മർ അതിഭയങ്കരമായി പോരാടി . അദ്ദേഹം പാണ്ഡവപക്ഷത്തുള്ള പതിനായിരത്തിലധികം യോദ്ധാക്കളെ കൊന്നു . ദിവസവും പതിനായിരം മഹാരഥികളെ കൊല്ലുമെന്ന് ഭീഷ്മർ ദുര്യോധനന് വാക്കു കൊടുത്തിട്ടുണ്ടായിരുന്നു . അത് അദ്ദേഹം പാലിച്ചു .എന്നിട്ടു യുധിഷ്ഠിരനോട് വിളിച്ചു പറഞ്ഞു .

"അല്ലയോ ധർമ്മപുത്രാ , ഇനിയും വധം നടത്തുവാൻ എനിക്ക് താൽപ്പര്യമില്ല . ജീവികളെ കൊന്നു ഞാൻ മടുത്തു . അതിനാൽ നിങ്ങൾ ശിഖണ്ഡിയോടൊത്തു വേഗത്തിൽ എന്നെ വീഴ്ത്തുവാൻ യത്നിക്കുക ."

തുടർന്ന് ഭീഷ്മർ യുദ്ധം ചെയ്തു . അദ്ദേഹത്തിൻറെ പോരാട്ടത്തിൽ പാണ്ഡവപ്പട ഒടുങ്ങിപ്പോയി . സാത്യകിയും ഭീമസേനനുമെല്ലാം വല്ലാതെ കുഴങ്ങിയപ്പോൾ അർജ്ജുനൻ ശിഖണ്ഡിയെ മുൻനിറുത്തി ഭീഷ്മരോട് ഏറ്റുമുട്ടി . മുന്നിൽ ശിഖണ്ഡി നിന്നതു കാരണം ഭീഷ്മർ അമിതമായി ആയുധപ്രയോഗം നടത്തയില്ല . അർജ്ജുനൻ ശിഖണ്ഡിയുടെ പിന്നിൽ നിന്ന് യുദ്ധം ചെയ്തു അവനെ സംരക്ഷിച്ചു പൊന്നു . കൗരവപക്ഷത്തുള്ള മറ്റു മഹാരഥികൾ ശിഖണ്ഡിയെ അസ്ത്രങ്ങൾ കൊണ്ട് എയ്‌തെങ്കിലും അവയെല്ലാം അർജ്ജുനൻ തടുത്തു ശിഖണ്ഡിക്കു ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിച്ചു . തുടർന്ന് അർജ്ജുനൻ ശിഖണ്ഡിയോട് ഭീഷ്മരുടെ നേരെ മാത്രം അസ്ത്രം പ്രയോഗിച്ചാൽ മതിയെന്നും , അവനെ താൻ മറ്റുള്ളവരിൽ നിന്നും രക്ഷിച്ചു കൊള്ളാമെന്നും പറഞ്ഞു പ്രോത്സാഹിപ്പിച്ചു .

ശിഖണ്ഡി തുടരെത്തുടരെ ഭീഷ്മരുടെ നേർക്ക് ശരം പ്രയോഗിച്ചു . ഭീഷ്മർ ആ അസ്ത്രങ്ങളെ തടഞ്ഞില്ല . കോപിച്ചു കയറിയുമില്ല . അർജ്ജുനൻ ശിഖണ്ഡിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു . ഇടയ്ക്കിടെ അർജ്ജുനനും ഭീഷ്മരെ എയ്തു . അർജ്ജുനന്റെ അസ്ത്രങ്ങളാണ് ഭീഷ്മരെ വേദനിപ്പിച്ചത് . ശിഖണ്ഡിയെ അദ്ദേഹം വകവച്ചില്ല .

തുടർന്ന് അർജ്ജുനനും ശിഖണ്ഡിയും തുടരെത്തുടരെ അസ്ത്രങ്ങൾ എയ്തുകൊണ്ടിരുന്നു . ഭീഷ്മർ ഒന്നിനെയും തടഞ്ഞില്ല . അസ്ത്രങ്ങൾ കൊണ്ട് ശരീരമാകെ മൂടിയ ഭീഷ്മർ തേരിൽ നിന്നും തെക്കോട്ടു തല ചായ്ച്ചു വീണു . സ്വച്ഛന്ദ മൃത്യുവായതിനാൽ ഭീഷ്മർ മരിച്ചില്ല . അദ്ദേഹം ഉത്തരായണകാലം കാത്തു കിടന്നു . തുടർന്ന് ഭാരതയുദ്ധം തീർന്നു , യുധിഷ്ഠിരന് ഒരു മാസത്തോളം ഉപദേശങ്ങൾ നൽകിയ ശേഷം അദ്ദേഹം സ്വയം മരണം സ്വീകരിച്ചു .

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭീഷ്മർ&oldid=4122919" എന്ന താളിൽനിന്ന് ശേഖരിച്ചത്