അലക്സാണ്ഡ്രിയയിലെ ഹൈപ്പേഷിയ (ഗ്രീക്ക്: Ὑπατία; ജനനം: ക്രി.വ. 350-നും 370-നും ഇടയ്ക്ക്; മരണം 415)[ക] ഈജിപ്തിലെ അലക്സാണ്ഡ്രിയയിൽ നിന്നുള്ള[1][2] ഒരു ഗ്രീക്ക് [3][4] പണ്ഡിതയായിരുന്നു. ഗണിതശാസ്ത്രരംഗത്ത് മികവുകാട്ടിയ ആദ്യവനിതയായി കരുതപ്പെടുന്ന അവർ ഗണിതത്തിനു പുറമേ തത്ത്വചിന്തയും ജ്യോതിശാസ്ത്രവും പഠിപ്പിച്ചിരുന്നു.[5] റോമൻ ആധിപത്യത്തിൻ കീഴിലുള്ള ഈജിപ്തിൽ ജീവിച്ച അവരെ, ഒരു ക്രിസ്തീയ പുരുഷാരം, മതഭിന്നതയുണ്ടാക്കുന്നുവെന്ന കപട ആരോപണം ചാർത്തി കൊലചെയ്തു.[6] അവരുടെ വധം ഉദാത്തപൗരാണികത (Classical Antiquity) എന്നു വിശേഷിക്കപ്പെട്ട കാലഘട്ടത്തിന്റെ അന്ത്യം കുറിച്ചുവെന്ന് കരുതുന്നവരുണ്ട്.[7][8] എന്നാൽ യവന തത്ത്വചിന്ത ആറാം നൂറ്റാണ്ടിൽ ജസ്റ്റിനിയൻ ചക്രവർത്തിയുടെ കാലം വരെ പുലർന്നിരുന്നുവെന്ന് മറ്റു ചിലർ ചൂണ്ടിക്കാണിക്കുന്നു.[9]

ഹൈപ്പേഷിയ റഫേലിന്റെ ഭാവനയിൽ - "ഏഥൻസിലെ വിദ്യാലയം"(1509-10) എന്ന രചനയുടെ ഒരു ഭാഗം.


നവപ്ലേറ്റോണിക ദർശനത്തിൽ ആകൃഷ്ടയായ ഹൈപ്പേഷിയയുടെ ചിന്ത ആഥൻസിലെ പ്ലേറ്റോയുടെ അക്കാദമിയുടെ ഗണിതശാസ്ത്രപാരമ്പര്യം പിന്തുടർന്നു. സിൻഡസിലെ യൂഡോക്സസ് ആയിരുന്നു അക്കാലത്ത് ആ പാരമ്പര്യത്തിന്റെ മുഖ്യ പ്രതിനിധി.[10] ആനുഭവിക മാർഗ്ഗത്തിന് പ്രാധാന്യം കല്പിക്കാതെ യുക്തിയും ഗണിതവും ഉപയോഗിച്ചുള്ള അന്വേഷണത്തിന് മുൻതൂക്കം നൽകിയ മൂന്നാം നൂറ്റാണ്ടിലെ ചിന്തകൻ പ്ലോട്ടിനസും ഹൈപ്പേഷിയയെ സ്വാധീനിച്ചിരുന്നു.[11]

 
ഹൈപ്പേഷിയ ഇരുപതാം നൂറ്റാണ്ടിലെ(1908) ഒരു ചിത്രകാരന്റെ സങ്കല്പത്തിൽ

അലക്സാണ്ഡ്രിയയിലെ പുരാതന സംഗ്രഹാലയത്തിലെ പ്രൊഫസർമാരുടെ പട്ടികയിൽ ഏറ്റവും ഒടുവിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് ഹൈപ്പേഷിയയുടെ പിതാവ് തിയോണിന്റെ പേരാണ്.[ഖ] ടോളമിയുടെ സിന്റാക്സിസ്(Syntaxis) എന്ന ഗ്രന്ഥത്തിനു നിരൂപണമെഴുതിയ തിയോൺ, ആ സം‌രംഭത്തിൽ മകളുടെ പങ്ക് എടുത്തുപറയുന്നുണ്ട്. പൗരാണികലോകത്തെക്കുറിച്ചുള്ള പത്താം നൂറ്റാണ്ടിലെ സൂയിദാസ്(Suidas/Sudas) എന്ന ബൃഹദ്‌വിജ്ഞാനകോശമനുസരിച്ച്, ഹൈപ്പേഷിയ, മൂന്നാം നൂറ്റാണ്ടിലെ ഗണിതശാസ്ത്രജ്ഞനായ ഡയോഫാന്റസിന്റെ "അരിത്ത്മെറ്റിക്കാ" എന്ന രചനയ്ക്കും, ടോളമിയുടെ ജ്യോതിശാസ്ത്രകാനോനയ്ക്കും, പെർജായിലെ അപ്പോളോണിയസിന്റെ "കോണിക്സ്" എന്ന രചനയ്ക്കും നിരൂപണങ്ങൾ എഴുതി. എന്നാൽ അവരുടെ കൃതികളൊന്നും ലഭ്യമല്ല. ഗണിതശാസ്ത്രത്തിൽ നിന്ന് തത്ത്വചിന്തയിലേയ്ക്കു കടന്ന അവർ പ്ലേറ്റോയുടേയും പ്ലോട്ടിനസിന്റേയും ചിന്താവ്യവസ്ഥകൾ പിന്തുടർന്ന് സ്വന്തം ചിന്താപദ്ധതി രൂപപ്പെടുത്തി. അലക്സാണ്ഡ്രിയ സംഗ്രഹാലയത്തിലെ തത്ത്വചിന്താ വിഭാഗത്തിൽ അദ്ധ്യാപികയായി നിയമിതയായ ഹൈപ്പേഷിയയുടെ അദ്ധ്യാപനപ്രസംഗങ്ങൾ കേൾക്കാൻ നാനാ-ദിക്കുകളിൽ നിന്നും വിദ്യാർത്ഥികൾ എത്തിയിരുന്നു. അതീവസുന്ദരിയായിരുന്ന [12]അവരിൽ ശിഷ്യന്മാരിൽ ചിലർ അനുരക്തരുമായി.[ഗ] എന്നാൽ ഹൈപ്പേഷിയ ഒരിക്കലും വിവാഹിതയായില്ല എന്നു കരുതണം. പക്ഷേ, പുരാതനവിജ്ഞാനകോശമായ സൂയിദാസ് പറയുന്നത് അവർ വിവാഹിതയായെങ്കിലും കന്യാവസ്ഥയിൽ തുടർന്നു എന്നാണ്. തത്ത്വചിന്തയുമായി അഗാധപ്രണയത്തിലായിരുന്ന അവർ, വഴിയിൽ ആരെങ്കിലും പ്ലേറ്റോയുടേയോ അരിസ്റ്റോട്ടലിന്റേയോ സിദ്ധന്തങ്ങളെക്കുറിച്ച് സംശയം ഉന്നയിച്ചാൽ, നിന്ന് മറുപടി പറഞ്ഞിരുന്നു. അവരുടെ പെരുമാറ്റത്തിലെ കുലീനതയും വിനയവും അവർക്ക് എല്ലാവരുടേയും ആദരവ് നേടിക്കൊടുത്തു.[13] ഏഥൻസിലും അവർ അദ്ധ്യാപനം നടത്തിയിരുന്നു.[12]

 
ആൾകൂട്ടം, ഹൈപ്പേഷിയയെ "വണ്ടിയിൽ നിന്നിറക്കി നഗ്നയാക്കി പള്ളിയിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി"(എഡ്‌വേഡ് ഗിബ്ബൺ) - 1885-ൽ ചാൾസ് വില്യം മിച്ചൽ വരച്ച ചിത്രം

ഹൈപ്പേഷിയയുടെ കൊലപാതകത്തിന് പശ്ചാത്തലമൊരുക്കിയത് അലക്സാണ്ഡ്രിയയിലെ 'പേഗൻ' സൈന്യാധിപൻ ഓറസ്റ്റസും മെത്രാൻ സിറിലും തമ്മിലുള്ള കലഹമാണ്. സിറിലിന്റെ അനുയായികളായെ ക്രൈസ്തവസന്യാസികൾ യഹൂദന്മാരെ നഗരത്തിൽ നിന്ന് തുരത്താൻ തുനിഞ്ഞപ്പോൾ ഓറസ്റ്റസ് ആ സംഭവത്തിൽ സിറിളിനെ വസ്തുനിഷ്ഠമായി വിമർശിച്ച് തിയോഡോസിയസ് രണ്ടാമൻ ചക്രവർത്തിക്ക് റിപ്പോർട്ടയച്ചു. തുടർന്ന് സംന്യാസികളിൽ ഒരുപറ്റം സൈന്യാധിപനെ കല്ലെറിഞ്ഞപ്പോൾ ഓറസ്റ്റസ് അവരുടെ നേതാവിനെ പിടികൂടി വധിച്ചു. ഓറസ്റ്റസിന്റെ നിലപാടിനു പിന്നിൽ ഹൈപ്പേഷിയ ആണെന്നും, സൈന്യാധിപനും മെത്രാനും തമ്മിൽ രഞ്ജിപ്പുണ്ടാക്കുന്നതിന് തടസമായിരിക്കുന്നത് അവരാണെന്നും സിറിളിന്റെ അനുയായികൾ ആരോപിച്ചു.[13] "റോമാസാമ്രാജ്യത്തിന്റെ തകർച്ചയും തളർച്ചയും" എന്ന ഗ്രന്ഥത്തിൽ ഹൈപ്പേഷിയയുടെ വധത്തെ എഡ്‌വേഡ് ഗിബ്ബൺ നാടകീയമായി വിവരിക്കുന്നു:

സൗന്ദര്യത്തിന്റെ പൂർണ്ണതയിലും ജ്ഞാനത്തിന്റെ തികവിലും വിനീതയായി തുടർന്ന അവർ, കാമുകന്മാരെ നിരസിക്കുകയും ശിഷ്യന്മാരെ പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഉയർന്ന നിലയും കഴിവുകളും ഉള്ളവരിൽ പലരും ഈ ദാർശനികയെ സന്ദർശിക്കാൻ തിടുക്കം കാട്ടി. അവരുടെ വിദ്യാശാലയുടെ മുൻപിൽ തടിച്ചുകൂടിയ കുതിരവണ്ടികളുടേയും അടിമകളുടേയും കൂട്ടത്തെ സിറിൽ അസൂയയോടെ നോക്കി. താമസിയാതെ, സൈന്യാധിപനും മെത്രാനും തമ്മിലുള്ള രഞ്ജിപ്പിനു തടസ്സം നിൽക്കുന്നത് തിയോന്റെ മകളാണെന്ന കിം‌വദന്തി പരത്തുകയും ആ തടസ്സത്തെ പെട്ടെന്ന് നീക്കം ചെയ്യുകയും ചെയ്തു. വലിയനോയമ്പുകാലത്തെ നിർണ്ണായകമായ ആ ദിവസം, ഹൈപ്പേഷിയയെ അവരുടെ കുതിരവണ്ടിയിൽ നിന്ന് ഇറക്കി നഗ്നയാക്കി പള്ളിയിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മൃഗീയമായി കൊലചെയ്തു. സിറിളിന്റെ കീഴിൽ ജോലിചെയ്തിരുന്ന "വായനക്കാരൻ പത്രോസ്" (Peter the Reader) ആയിരുന്നു ആൾക്കൂട്ടത്തിന്റെ നേതാവ്. ഹൈപ്പേഷിയയുടെ മാംസത്തെ അസ്ഥികളിൽ നിന്ന് കക്കായുടെ തോടു കൊണ്ട് ചീന്തി മാറ്റുകയും, പിടയ്ക്കുന്ന അവയവങ്ങളെ തീയിൽ എറിയുകയും ചെയ്തു. നീതിപൂർവമായ അന്വേഷണത്തിന്റേയും ശിക്ഷയുടേയും പുരോഗതിയെ അവസരോചിതമായ സമ്മാനങ്ങൾ തടഞ്ഞു. എന്നാൽ ഹൈപ്പേഷിയയുടെ കൊലപാതകം, അലക്സാണ്ഡ്രിയയിലെ സിറിളിന്റെ സ്വഭാവത്തിലും ധാർമ്മികതയിലും തീരാക്കളങ്കമായി പതിഞ്ഞിരിക്കുന്നു. [12]

ഈ കൊലപാതകത്തെ വ്യത്യസ്തനിലപാടുകളിൽ നിന്ന് കാണുന്ന അഞ്ചാം നൂറ്റാണ്ടിലെ സഭാചരിത്രകാരൻ സോക്രട്ടീസ് സ്കോളാസ്റ്റിക്കസിന്റേയും ഏഴാം നൂറ്റാണ്ടിൽ ഈജിപ്തിൽ നിക്കിയൂവിലെ കോപ്റ്റിക് മെത്രാനായിരുന്ന ജോണിന്റേയും വിവരണങ്ങളാണ് താഴെ:-

സോക്രട്ടീസ് സ്കോളാസ്റ്റിക്കസ് (അഞ്ചാം നൂറ്റാണ്ട്) നിക്കിയൂവിലെ മെത്രാൻ ജോൺ (ഏഴാം നൂറ്റാണ്ട്)

അക്കാലത്ത് നിലവിലിരുന്ന രാഷ്ടീയ കലഹങ്ങൾക്ക് അവർ (ഹൈപ്പേഷിയ) പോലും ഇരായായി. ഓറസ്റ്റസുമായി ഇടയ്ക്കിടെ കൂടിക്കാഴ്ച നടത്തിയിരുന്ന അവരാണ് അയാളും മെത്രാനുമായുള്ള രഞ്ജിപ്പിന് തടസ്സമെന്ന തെറ്റായ ധാരണ ക്രിസ്ത്യാനികൾക്കിടയിൽ പരന്നു. അവരിൽ ചിലർ ഭ്രാന്തമായ ആവേശത്തോടെ, പത്രോസെന്ന നേതാവിന്റെ കീഴിൽ അവൾക്കുനേരെ തിരിഞ്ഞു. വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന ഹൈപ്പേഷിയയെ അവർ വഴിയിൽ തടഞ്ഞ് വണ്ടിയിൽ നിന്നിറക്കി 'കേസറിയം' എന്നറിയപ്പെട്ടിരുന്ന പള്ളിയിൽ കൊണ്ടുപോയി. അവിടെ പൂർണ്ണമായും നഗ്നയാക്കപ്പെട്ട അവളെ, ഓട്ടുകഷണങ്ങളും കക്കാത്തോടും കൊണ്ട് തൊലിയുരിഞ്ഞ് കൊന്നു. ശരീരം കഷണങ്ങളായി മുറിച്ചശേഷം അവരുടെ അവയവങ്ങൾ അവർ സിനാറോൺ എന്ന സ്ഥലത്തുകൊണ്ടുപോയി കത്തിച്ചു.[11]

അക്കാലത്ത് അലക്സാണ്ഡ്രിയയിൽ ഹൈപ്പേഷിയ എന്നു പേരായ ഒരു പേഗൻ പെൺതത്ത്വചിന്തക പ്രത്യക്ഷപ്പെട്ടു. എല്ലായ്പോഴും മായാവിദ്യയിലും നക്ഷത്രനിരീക്ഷണത്തിലും, സംഗീതത്തിലും മുഴുകിയിരുന്ന അവൾ പൈശാചികവിദ്യകൾ വഴി അനേകരെ വശീകരിച്ചു. ...പത്രോസ് എന്ന മജിസ്ട്രേട്ടിന്റെ കീഴിൽ ദൈവവിശ്വാസികളുടെ ഒരു സംഘം അവളെ നേരിടാനൊരുങ്ങി. ...നഗരത്തേയും നഗരപിതാവിനേയും ജനങ്ങളേയും തന്ത്രങ്ങൾ കൊണ്ട് വശീകരിച്ചിരുന്ന അവളെ കണ്ടുപിടിക്കാൻ അവർ പുറപ്പെട്ടു. അവൾ എവിടെയാണെന്നറിഞ്ഞ അവർ അവിടെയെത്തി അവളെ പിടികൂടി 'കേസറിയം' എന്ന പേരുകേട്ട പള്ളിയിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു. അത് നോയമ്പുകാലമായിരുന്നു. അവളുടെ ഉടുപ്പുകൾ വലിച്ചുകീറിയശേഷം അവർ അവളെ പട്ടണത്തിലെ വീഥികളിലൂടെ മരിക്കുവോളം വലിച്ചിഴച്ചു. പിന്നെയവർ സിനാരോൺ എന്ന സ്ഥലത്തുകൊണ്ടുപോയി അവളുടെ ശരീരം തീയിലെരിച്ചു.[14]

പിൽക്കാലചരിത്രത്തിൽ

തിരുത്തുക
 
1900-ത്തിനടുത്ത കാലത്തെ ഒരു നാടകത്തിൽ ഒരു നടി(ഒരുപക്ഷേ മേരി ആൻഡേഴ്സൺ), ഹൈപ്പേഷിയയുടെ വേഷത്തിൽ.
 
1867-ൽ ജൂലിയാ മാർഗരറ്റ് കാമറൂൺ സൃഷ്ടിച്ച ഹൈപ്പേഷിയയുടെ ഛായാചിത്രം

പതിനെട്ടാം നൂറ്റാണ്ടിൽ

തിരുത്തുക

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തത്ത്വചിന്തകൻ ജോൺ ടോളാണ്ട്, ഹൈപ്പേഷിയയുടെ മരണത്തെ ഒരു കത്തോലിക്കാ വിരുദ്ധ രചനയുടെ ആധാരമാക്കി. ഹൈപ്പേഷിയ: ഏറ്റവും സുന്ദരിയും, ഗുണവതിയും, ജ്ഞാനിയും, എല്ലാത്തരത്തിലുമുള്ള തികവുകളുമുള്ളവളും, വിശുദ്ധ സിറിൽ എന്ന് സാധാരണയായി അറിയപ്പെടുന്ന മെത്രാന്റെ ഗർവിനേയും ക്രൂരതയേയും തൃപ്തിപ്പെടുത്താനായി അലക്സാണ്ഡ്രിയയിലെ പുരോഹിതന്മാരാൽ വലിച്ചുകീറപ്പെട്ടവളുമായ വനിതയുടെ ചരിത്രം എന്നായിരുന്നു ഗ്രന്ഥനാമം.[15]ഇതിനോടു പ്രതികരിച്ച് തോമസ് ലൂവീസ് 1721-ൽ അലക്സാണ്ഡ്രിയയിലെ വിവരദോഷിയായ പള്ളിക്കൂടം അദ്ധ്യാപിക ഹൈപ്പേഷിയയുടെ കഥ" എന്ന രചന പ്രസിദ്ധീകരിച്ചു .[16]

അലക്സാഡ്രിയയിലെ വിശുദ്ധ കത്രീനയുടെ കഥയിലെ ലഭ്യമല്ലാതിരുന്ന വിവരങ്ങൾ പൂർത്തിയാക്കാൻ ഹൈപ്പേഷിയയുടെ കഥ ഉപയോഗിക്കപ്പെട്ടതോടെ ക്രമേണ അതിൽ ക്രിസ്തീയ നിലപാടിൽ നിന്നുള്ള വിശദാംശങ്ങൾ സ്ഥാനം പിടിക്കാൻ തുടങ്ങി. [17][18]

പത്തൊൻപതാം നൂറ്റാണ്ടിൽ

തിരുത്തുക

പത്തൊൻപതാം നൂറ്റാണ്ടിൽ ഹൈപ്പേഷിയയുടെ കഥയിലുള്ള സാഹിത്യപരമായ താത്പര്യം വർദ്ധിക്കാൻ തുടങ്ങി.[19] ഇറ്റാലിയൻ കവയിത്രി ദിയോദാറ്റാ സലൂസോ റോറോ 1827-ലെ ഒരു രചനയിൽ, സിറിൽ ഹൈപ്പേഷിയയെ ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്തിരുന്നെന്നും ഒരു പുരോഹിതൻ അവരെ ചതിച്ചുകൊല്ലുകയാണുണ്ടായതെന്നും സൂചിപ്പിച്ചു. 1843-ൽ ജർമ്മൻ രചയിതാക്കളായ സോൾദാനും ഹെപ്പേയും ഏറെ ചർച്ച ചെയ്യപ്പെട്ട മന്ത്രവാദവിചാരണകളുടെ ചരിത്രം എന്ന കൃതിയിൽ, ക്രിസ്തുമതത്തിന്റെ മേൽനോട്ടത്തിൽ മന്ത്രവാദക്കുറ്റം ആരോപിച്ച് വധിക്കപ്പെട്ട ആദ്യത്തെ വ്യക്തിയായിരിക്കാം ഹൈപ്പേഷിയ എന്നു വാദിച്ചു. ഫ്രഞ്ച് കവി ചാൾസ് മാരി റെനെ ലെ കോണ്ടെ ദി ലിസ്ലെ 1847-ലും 1857-ലും പ്രസിദ്ധീകരിച്ച പഠനങ്ങളിൽ ഹൈപ്പേഷിയയെ സത്യ-സൗന്ദര്യങ്ങളുടെ ദുർബ്ബലതയ്ക്ക് ഉദാഹരണമായി ചിത്രീകരിച്ചു.[20] ചാൾസ് കിങ്ങ്സ്ലി 1853-ൽ എഴുതിയ ഹൈപ്പേഷിയ - അല്ലെങ്കിൽ പഴയമുഖത്തോടുകൂടിയ പുതിയ ശത്രുക്കൾ" എന്ന നോവൽ, ഹൈപ്പേഷിയയെ, "നിസ്സഹായയും ഭാവപ്രകടനക്കാരിയും മാദകസുന്ദരിയും" ആയ നായികയായി ചിത്രീകരിച്ചു.[21] ആ നോവലിൽ, ഓറസ്റ്റസിൽ അതൃപ്തി തോന്നിയ ഹൈപ്പേഷിയയെ, റഫേൽ അബൻ എസ്രാ എന്ന യഹൂദക്രിസ്ത്യാനി പരിവർത്തനം ചെയ്യുന്നതായി കാട്ടിയിരിക്കുന്നു.


1867-ൽ ജൂലിയാ മാർഗരറ്റ് കാമറൂൺ ഹൈപ്പേഷിയയുടെ യുവപ്രായത്തിലെ ഒരു "ഛായാചിത്രം" സൃഷ്ടിച്ചു.[22]

ഇരുപതാം നൂറ്റാണ്ടിൽ

തിരുത്തുക

സയൻസ് ഫിക്‌ഷൻ രചനകളിൽ ഹൈപ്പേഷിയ കടന്നുവരിക പതിവാണ്. ചില എഴുത്തുകാർ അവരെ പരാമർശിച്ചുപോവുക മാത്രം ചെയ്യുന്നു. മാർസെൽ പ്രൂസ്ത് "വിത്തിൻ എ ബഡ്ഡിങ്ങ് ഗ്രോവ്" എന്ന രചനയുടെ ആദ്യഭാഗത്തിന്റെ സമാപനവാക്യത്തിൽ അവരെ പരാമർശിക്കുനത് അതിനുദാഹരണമാണ്. കഥാപാത്രങ്ങൾക്ക് ഹൈപ്പേഷിയ എന്ന് പേരു നൽകുന്നതും പതിവാണ്. മെഴ്സിഡസ് ലാക്കിയും ആനി മക്ക്‌കാഫ്രിയും ചേർന്നെഴുതിയ "തേടി നടന്ന കപ്പൽ" എന്ന സയൻസ് ഫിക്‌ഷൻ ആഖ്യായികയിലെ യുവപ്രതിഭയായ ഹൈപ്പേഷിയ കേഡ് അതിനുദാഹരണമാണ്. റിന്നെ ഗ്രോഫിന്റെ "വിഭ്രാന്തിപിടിച്ച് അഞ്ചുപെൺകുട്ടികളുടെ തിയറം" എന്ന നാടകത്തിലെ ഹൈപ്പേഷിയ എന്ന കഥാപാത്രം, പഴയ ഹൈപ്പേഷിയയെപ്പോലെ താനും കൊല്ലപ്പെടുമെന്ന ഭയത്തിൽ നിശ്ശബ്ദജീവിതം നയിക്കുന്നു.


അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞൻ കാൾ സാഗൻ "പ്രപഞ്ചം: ഒരു സ്വകാര്യയാത്ര" എന്ന ടെലിവിഷൻ പരിപാടിയിൽ, ഹൈപ്പേഷിയയെക്കുറിച്ച് ചർച്ച ചെയ്യുകയും അവരുടെ കൊലയുടെ സാഹചര്യങ്ങളെക്കുറിച്ച് ഊഹാപോഹപരമായ വിവരണത്തിന് ശ്രമിക്കുകയും ചെയ്തു. അലക്സാൻഡ്രിയയിലെ ഗ്രന്ഥശാലയുമായി ഹൈപ്പേഷിയയുടെ വധത്തെ ബന്ധപ്പെടുത്തുന്ന അദ്ദേഹം, തെളിവൊന്നുമില്ലാതെ, അവരെ അതിന്റെ ഒടുവിലത്തെ ഗ്രന്ഥശാലാധികാരിയായി ചിത്രീകരിച്ചു. 2009-ൽ Alejandro Amenábar[23] എന്ന സംവിധായകൻ Agora എന്ന പേരിൽ ഹൈപേഷ്യയുടെ കഥ പറയുന്ന ഒരു സിനിമ[24] സംവിധാനം ചെയ്ത് ഇറക്കി[25].

വിലയിരുത്തൽ

തിരുത്തുക

ഹൈപ്പേഷിയയുടെ മരണം ഏറെ ബഹുമാന്യയായ ഒരു ബുദ്ധിജീവിയുടെ അന്ത്യം മാത്രമായിരുന്നില്ല. അത് "ഗണിതശാസ്ത്രത്തിലെ യവനയുഗത്തിന്റെ അന്ത്യത്തെ സൂചിപ്പിച്ചു" എന്ന് ചരിത്രകാരൻ മോറിസ് ക്ലൈൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. [26] അലക്സാണ്ഡ്രിയയിലെ സിറിളിന്റെ "പ്രശസ്തിയുടെ" മുഖ്യ അടിസ്ഥാനം ഹൈപ്പേഷിയയുടെ അരുംകൊലയാണെന്ന് ബെർട്രാൻഡ് റസ്സൽ വിമർശിക്കുന്നു. പിന്നീടൊരിക്കലും തത്ത്വചിന്തകന്മാർ അലക്സാണ്ഡ്രിയയെ "ഉപദ്രവിച്ചിട്ടില്ലെന്നും" അദ്ദേഹം പറയുന്നു.[27]

കുറിപ്പുകൾ

തിരുത്തുക

ക. ^ ഹൈപ്പേഷിയയുടെ ജനനവർഷം നിശ്ചയമില്ല. അവരുടെ ശിഷ്യന്മാരിൽ ചിലരുടെ ജനനവർഷം അറിയാവുന്നതുകൊണ്ട്, ഹൈപേഷിയക്ക് ആ ശിഷ്യന്മാരേക്കാൾ കൂടുതൽ പ്രായം ഉണ്ടായിരിക്കണം എന്ന അനുമാനത്തിൽ, അവരുടെ ജനനവർഷം ക്രി.വ. 355-നടുത്ത് ആയിരുന്നിരിക്കണമെന്ന് ഹൈപ്പേഷിയയെക്കുറിച്ച് ഒരു പ്രഖ്യാതഗ്രന്ഥമെഴുതിയ പോളണ്ട് സ്വദേശി മരിയ സീൽസ്കാ(Maria Dzielska)വാദിച്ചിട്ടുണ്ട്.[28]


ഖ. ^ ഈ പ്രൊഫസർമാരിൽ ആദ്യത്തെയാൾ, പ്രസിദ്ധ ഗണിതശാസ്ത്രജ്ഞൻ യൂക്ലിഡ് ആയിരുന്നിരിക്കണം[29]


ഗ. ^ പ്രേമാഭ്യർത്ഥനയുമായി സമീപിച്ചവരിൽ ഒരാളെ ഹൈപ്പേഷിയ തന്റെ ആർത്തവരക്തം പുരണ്ട തുണി കാണിച്ചു എന്നൊരു കഥയും വിജ്ഞാനകോശമായ സൂയിദാസിലുണ്ട്. വൃത്തിഹീനതയുടെ ഉറവിടമായ ശരീരത്തെ പ്രേമിക്കുന്നതിന്റെ വ്യർത്ഥതയെക്കുറിച്ച് കാമുകനെ ബോദ്ധ്യപ്പെടുത്തുകയായിരുന്നത്രെ അവരുടെ ലക്ഷ്യം. എന്നാൽ ഈ കഥ ഹൈപ്പേഷിയയുടെ ശത്രുക്കൾ പ്രചരിപ്പിച്ചതാകാനേ വഴിയുള്ളു എന്നാണ് ചരിത്രകാരനായ വിൽ ഡുറാന്റിന്റെ പക്ഷം.

  1. ഹൈപ്പേഷിയ, ബ്രിട്ടാണിക്കാ വിജ്ഞാനകോശം: "ഗണിതശാസ്ത്രരംഗത്തെ ആദ്യത്തെ ശ്രദ്ധേയവനിതയായിരുന്ന ഈജിപ്തിലെ നവപ്ലേറ്റോണിക ചിന്തക."
  2. കൊളംബിയ വിജ്ഞാനകോശം, ഹൈപ്പേഷിയ Archived 2009-04-19 at the Wayback Machine.:അലക്സാണ്ഡ്രിയയിലെ നവപ്ലേറ്റോണിക ചിന്തകയും ഗണിതവിശാരദയും
  3. Mueller, I. (1987). ഗണിതശാസ്ത്രത്തിലെ വനിതകൾ: A Biobibliographic Sourcebook. New York: Greenwood Press. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  4. 1. നിർണ്ണായകമായ ശാസ്ത്രീയ പരീക്ഷണങ്ങളും, കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളും, ക്രെബ്സ്. 2. വനിതാ പൗരൻ, ഹോറേസ് ആൽബർട്ട് ഹോളിസ്റ്റർ.3. റഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള പഠനം: സോവിയറ്റ് സംസ്കാരത്തിൽ സെക്സിസത്തെക്കുറിച്ചുള്ള പഠനം 4.Available Means: സ്ത്രീ വാക്‌ചാതുരിയുടെ ഒരു ശേഖരം
  5. Toohey, Sue (2003). "ഹൈപ്പേഷിയയുടെ ശ്രദ്ധേയമായ ജീവിതവും ദാരുണമായ മരണവും". Skyscript.co.uk. Retrieved 2007-12-09.
  6. എഡ്‌വേഡ് ജേ വാറ്റ്സ്, (2006), പുരാതനകാലത്തിനൊടുവിലെ ഏഥൻസിലേയും അലക്സാണ്ഡ്രിയയിലേയും നഗരവും കലാലയവും പുറങ്ങൾ 197-198. കാലിഫോർണിയ സർവകലാശാലാ പ്രെസ്സ്
  7. പുരാതന യവയലോകത്തിലെ വനിതാദർശനികർ: Donning the Mantle, by Kathleen Wider. Hypatia © 1986 Indiana University Press p. 49-50
  8. Mangasarian, Mangasar Mugurditch. ഹൈപ്പേഷിയയുടെ രക്തസാക്ഷിത്വം, 1915
  9. ക്രിസ്റ്റൻ വൈൽഡ്‌ബെർഗ്ഗ്, in അലക്സാണ്ഡ്രിയയിലെ ഹൈപ്പേഷിയ, തത്ത്വചിന്തയിലെ ഒരു രക്തസാക്ഷി, ഫിലോസഫേഴ്സ് സോൺ, എ.ബി.സി. ദേശീയ റേഡിയഓ(4 ഏപ്രിൽ 2009).
  10. അലക്സാണ്ഡ്രിയയിലെ ഹൈപ്പേഷിയ, തത്ത്വചിന്തയിലെ ഒരു രക്തസാക്ഷി, ഫിലോസഫേഴ്സ് സോൺ, എ.ബി.സി. ദേശീയ റേഡിയഓ(4 ഏപ്രിൽ 2009).
  11. 11.0 11.1 Scholasticus, Socrates. Ecclesiastical History. Archived from the original on 2016-04-08. Retrieved 2009-10-24. {{cite book}}: Cite has empty unknown parameter: |coauthors= (help)
  12. 12.0 12.1 12.2 എഡ്‌വേഡ് ഗിബ്ബൺ‍, റോമാസാമ്രാജ്യത്തിന്റെ തളർച്ചയും തകർച്ചയും, അദ്ധ്യായം 47
  13. 13.0 13.1 വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം, വിൽ ഡുറാന്റ്(പുറങ്ങൾ 122-23
  14. Comsopolis.com ഹൈപ്പേഷിയയുടെ ജീവിതം, നിക്കിയൂവിലെ മെത്രാൻ ജോണിന്റെ നാളാഗമത്തിൽ നിന്ന്[1] Archived 2016-06-04 at the Wayback Machine.
  15. Ogilvie, M. B. (1986). ശാസ്ത്രത്തിലെ വനിതകൾ: പൗരാണികകാലം മുതൽ പത്തൊൻപതാം നൂറ്റാണ്ടുവരെ. കേംബ്രിഡ്ജ്, മാസ്സച്യൂസെട്ട്സ്: The MIT Press.
  16. അലക്സാണ്ഡ്രിയയിലെ വിവരദോഷിയായ പള്ളിക്കൂടം അദ്ധ്യാപിക ഹൈപ്പേഷിയയുടെ കഥ Archived 2002-02-23 at the Library of Congress.
  17. കത്തോലിക്കാ വിജ്ഞാനകോശം (1913)/അലക്സാണ്ഡ്രിയയിലെ കത്രീന. വിക്കി സോഴ്സ് സൗജന്യ ഗ്രന്ഥശാല]].
  18. അന്നാ ജെയിംസ്. "പവിത്രവും സാങ്കല്പികവുമായ കല", 1857. പുറം 84.
  19. Dzielska, Maria (1996) [1995], അലക്സാണ്ഡ്രിയയിലെ ഹൈപ്പേഷിയ. ഇംഗ്ലീഷ് പരിഭാഷ. F. Lyra. ഹാർവാർഡ് സർവകലാശാല പ്രെസ്സ്
  20. കാഥറീൻ എഡ്‌വേഡ്സ്, "റോമൻ സാന്നിദ്ധ്യങ്ങൾ: യൂറോപ്യൻ സംസ്കാരത്തിൽ റോമിന്റെ സ്വീകൃതി, 1789-1945" പുറങ്ങൾ 112
  21. Snyder, J.M. (1989). The woman and the lyre: Women writers in classical Greece and Rome. Carbondale, IL: Southern Illinois University Press. {{cite book}}: Cite has empty unknown parameter: |coauthors= (help)
  22. Marsh, Jan (1998). Pre-Raphaelite Women Artists. London: Thames & Hudson. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  23. http://www.imdb.com/name/nm0024622/bio
  24. https://www.google.co.in/webhp?sourceid=chrome-instant&ion=1&espv=2&ie=UTF-8#q=agora%20movie
  25. https://www.youtube.com/watch?v=RbuEhwselE0
  26. The Closing of the Western Mind, ചാൾസ് ഫ്രീമാൻ(പുറം 268
  27. ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം(പുറം 368)
  28. അലക്സാണ്ഡ്രിയയിലെ ഹൈപ്പേഷിയ ആരായിരുന്നു - alexandriya.cosmographica[2][പ്രവർത്തിക്കാത്ത കണ്ണി]
  29. അലക്സാണ്ഡ്രിയയിലെ ഹൈപ്പേഷിയ, എ.ബി.സി. റേഡിയോ നാഷനൽ - ഓക്കമിന്റെ കത്തി, 3 ആഗസ്ത് 1997[3]
"https://ml.wikipedia.org/w/index.php?title=ഹൈപ്പേഷിയ&oldid=3991080" എന്ന താളിൽനിന്ന് ശേഖരിച്ചത്