ഹേമന്ത് കർകരെ

(ഹേമന്ദ് കർകറെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുംബൈ ഭീകര വിരുദ്ധസേനയുടെ മേധാവിയായിരുന്നു ഹേമന്ത് കർകരെ(മറാത്തി:हेमंत करकरे) (12 ഡിസംബർ 1954 – 26 നവംബർ 2008). 2008 ലെ മുംബൈ ഭീകരാക്രമണത്തിൽ വെടിയേറ്റ് മരണപ്പെടുകയയിരുന്നു അദ്ദേഹം.[2] 26 ജനുവരി 2009 ന് ഭാരത സർക്കാർ അദ്ദേഹത്തിന്റെ ധീരതയെ അശോക് ചക്ര ‌നൽകി ആദരിച്ചു.[3]


ഹേമന്ത് കർകരെ

ജനനം12 December 1954[1]
മരണം26 നവംബർ 2008(2008-11-26) (പ്രായം 53)
പുരസ്കാരങ്ങൾ Ashoka Chakra
Police career
വകുപ്പ്Indian Police Service
Mumbai Anti-Terror Squad
കൂറ്ഇന്ത്യ India
രാജ്യംഇന്ത്യ India
സർവീസിലിരുന്നത്1982–2008
റാങ്ക്
Joint Commissioner of Police

നേരത്തെ താനെ, വാഷി, പനവേൽ എന്നിവിടങ്ങളിൽ നടന്ന ബോംബുസ്ഫോടന പരമ്പരകളുടെ അന്വേഷണത്തിൽ ഉൾപ്പെട്ടിരുന്ന കർകരെ, 2008 സെപ്റ്റംബർ 29 ന് നടന്ന മലേഗാവ് സ്ഫോടനം അന്വേഷിച്ച സംഘത്തിന്റെ തലവനായിരുന്നു.[4]

വിദ്യാഭ്യാസവും ഉദ്യോഗവും

തിരുത്തുക

മഹാരാഷ്ട്രയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ്‌ കർകരെയുടെ ജനനം. നാഗ്പൂരിലെ വിശ്വേശരയ്യ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻ‌ജിനിയറിംഗിൽ ബിരുദം കരസ്ഥമാക്കി. 1982 ബാച്ചിൽ പെടുന്ന ഇന്ത്യൻ പോലീസ് സർവീസ്(IPS) ഉദ്യോഗസ്ഥനാണ്‌ ഇദ്ദേഹം. 2008 ൽ മാഹാരാഷ്ട്ര സംസ്ഥാനത്തിൻ കീഴിലുള്ള ഭീകര വിരുദ്ധ സേനയുടെ(Anti-terrorist squad-ATS) മേധാവിയായി. ഏഴുവർഷം ആസ്ട്രിയയിൽ ഇന്ത്യയുടെ ചാര സംഘടനയായ റോ -ക്ക്(RAW-Research and Analysis Wing) വേണ്ടി പ്രവർത്തിച്ചു. മുംബൈ പോലീസിലെ മുതിർന്ന മുൻ ഒഫീസർ വൈ.സി. പവാറിന്റെ അഭിപ്രായത്തിൽ പോലീസ് വൃന്ദങ്ങളിൽ വളരെ സത്യസന്ധനായ ഉദ്യോഗസ്ഥനാണ്‌ കർകരെ. (ടൈംസ് ഓഫ് ഇന്ത്യ നവം.28,2008). മുൻ മുംബൈ പോലീസ് കമ്മീഷണർ ജൂലിയോ റബിറേ ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ഒരു ലേഖനത്തിൽ കർകരയെ കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്‌: "മഹാരാഷ്ട്രയിൽ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല പോലീസ് ഓഫീസർമാരിൽ ഒരാളാണ്‌ കർകരെ".

മലേഗാവ് അന്വേഷണം

തിരുത്തുക

2008 സെപ്റ്റംബർ 20 ന്‌ ഗുജറാത്തിലെ മൊദാസയിലും മഹാരാഷ്ട്രയിലെ മലേഗാവിലും ഉണ്ടായ ബോംബ്സ്ഫോടന പരമ്പരയിൽ എട്ടാളുകൾ മരണപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊട്ടാത്ത നിരവധി ബോംബുകൾ ഗുജറാത്തിലെ അഹമദാബാദിൽ നിന്ന് കണ്ടെടുക്കുകയുണ്ടായി. സംസ്ഥാന ഭീകരവിരുദ്ധ സേനയുടെ മുഖ്യനെന്ന നിലയിൽ ഹേമന്ത് കർകരെയാണ്‌ മലേഗാവ് സ്ഫോടനപരമ്പരയുടെ അന്വേഷണത്തെ നയിച്ചത്.[5]. ഒക്ടോബർ ഒടുവിലായി ഭീകര വിരുദ്ധ സേന സംശയിക്കപ്പെട്ട 11 പേരെ അറസ്റ്റ് ചെയ്തു . ഹിന്ദുത്വ തീവ്രവാദികളാണ്‌ ഈ സ്ഫോടനത്തിന്‌ പിന്നിലെന്ന് ശക്തമായ ആരോപണം ഉയരുകയുണ്ടായി[6][7] ഇന്ത്യയിലെ മുസ്ലിംകളെ പ്രിണപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കർ കടുത്ത സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായാണ്‌ ഈ അറസ്റ്റ് എന്ന് ബി.ജെ.പിയും ശിവസേനയും മറ്റു ചില ഹിന്ദുത്വ സംഘടനകളും ആരോപിച്ചു.[8][9]. സംഘപരിവാറിനെ ആക്രമിക്കാനും അവരെ നിയമവിരുദ്ധമായി തടങ്കലിൽ വെക്കാനും പീഡിപ്പിക്കാനും ഭീകരവിരുദ്ധ സേനയെ ഉപകരണമാക്കുകയാണെന്നും ചില ബി.ജെ.പി., ആർ.എസ്.എസ്.,വി.എച്ച്.പി. നേതാക്കൾ ആരോപിക്കുകയുണ്ടായി[5][7] .

ദാദറിലെ തന്റെ വസതിയിൽ രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, ഛത്രപതി ശിവജി ടെർമിനസിൽ (സി.എസ്.ടി) ഭീകരാക്രമണം നടക്കുന്നതായുള്ള ഒരു ഫോൺ കോൾ വന്നു. ഉടനെ ടെലിവിഷൻ ഓൺ ചെയ്ത് വാർത്ത ശ്രദ്ധിച്ച അദ്ദേഹം തന്റെ ഡ്രൈവറേയും അംഗരക്ഷകനേയും കൂട്ടി സി.എസ്.ടി. യിലേക്ക് പുറപ്പെട്ടു. അവിടെന്ന് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റും ഹെൽമെറ്റും ധരിച്ച് (ഇത് ടെലിവിഷനിൽ ലൈവായി കാണിച്ചിരുന്നു) ഒന്നാം ഫ്ലാറ്റ്ഫോമിലേക്ക് കുതിച്ചു. പക്ഷേ അവിടെ വിജനമായിരുന്നു. ഭീകരർ ആസാദ് മൈതാൻ പോലീസ് സ്റ്റേഷനടുത്തുള്ള കാമ ഹോസ്പിറ്റൽ ഭാഗത്തേക്ക് നീങ്ങിയതായുള്ള വിവരമാണ്‌ പിന്നീട് അദ്ദേഹത്തിന്‌ ലഭിച്ചത്. പോലീസ് സ്റ്റേഷനിൽ വെച്ച് അഡീഷണൽ കമ്മീഷണർ അഷോക് കാംതെ, മുതിർന്ന ഇൻസ്‌പെക്ടർ സലാഷ്കർ എന്നിവരുമായി കർകരെ സംസാരിച്ചു. ഭീകരരുമായുള്ള ഈ എറ്റുമുട്ടൽ ദുഷ്കരമായതാണെന്ന് അവർ മനസ്സിലാക്കിയിരുന്നു. കാരണം ഭീകരരുടേ കൈയിൽ അത്യാധുനിക യന്ത്രത്തോക്കുകളും ഗ്രനേഡുകളും ഉണ്ട് എന്നത് മാത്രമല്ല അവർ നല്ല പരിശീലനം സിദ്ധിച്ചവരുമാണ്‌. ഈ മൂന്ന് ഓഫീസർമാരും ഏതാനും കോൺസ്റ്റബിൾമാരും കൂടി കാമ ഹോസ്പിറ്റലിന്റെ പിന്നിലൂടെ പോയി. കാംതെ ഭീകരർക്ക് നേരെ വെടിയുതിർത്തു. ഭീകരർ ഗ്രനേഡ് കൊണ്ടാണ്‌ തിരിച്ചടിച്ചത് . കാമയുടെ പിന്നിൽ നിന്ന് പ്രത്യാക്രമണം നടത്തുന്നതിന്‌ പകരം മുൻ‌ഭാഗത്തുകൂടി നീങ്ങുന്നതായിരിക്കും നല്ലതെന്ന് കാംതെ അഭിപ്രായപ്പെട്ടു. അതു പ്രകാരം കുറച്ച് കോൺസറ്റ്ബിൾമാർ പിൻ‌വശത്ത് തന്നെ നിലയുറപ്പിക്കുകയും ബാക്കിയുള്ളവർ അഡീഷണൽ പോലീസ് കമ്മീഷണറുടേ ക്വാളിസ് ജീപ്പിൽ കാമയുടെ മുൻ‌വശത്തുള്ള പ്രവേശന കവാടത്തിലേക്ക് പോയി. പോവുന്നതിനിടയിൽ ഡ്രൈവറോഡ് തന്നെ ഡ്രൈവ് ചെയ്യാൻ അനുവദിക്കണമെന്ന് സലാഷ്കർ ആവശ്യപ്പെട്ടു. ഈ സമയത്ത് ഭീകരർ ഒരു ചുവന്ന കാറിനു പുറകിൽ പതിയിരുന്ന് ആക്രമണം തുടങ്ങിയതായി ഒരു വയർലസ്സ് സന്ദേശത്തിലൂടെ ഇവർക്ക് വിവരം ലഭിച്ചു. ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്ന് തിരിഞ്ഞ് കോർപറേഷൻ ബാങ്ക് എ.ടി.എം ന്‌ അടുത്തുള്ള രംഗ് ഭവനിലേക്ക് ചുവന്ന കാറിനെ അന്വേഷിച്ച് നീങ്ങുന്നതിനിടയിൽ ഭീകരർ ഓടുന്നതാണ്‌ അവർക്ക് കാണാൻ കഴിഞ്ഞത്. കാംതെയും സലാഷ്കറും ഭീകരർക്ക് നേരെ നിറയൊഴിച്ചു. കൈക്ക് വെടിയേറ്റ ഭീകരന്റെ AK-47 തോക്ക് താഴെ വീണു. മുബൈ ഭീകരാക്രമണത്തിൽ ജീവനോടെ പിടികൂടിയ ഏക ഭീകരൻ കസബ് ആയിരുന്നു അയാൾ. വണ്ടിയിൽ നിന്ന് ഇറങ്ങാൻ മുതിരുമ്പോഴേക്കും മറ്റൊരു ഭീകരനായ ഇബ്രാഹിം ഖാൻ ഇവർക്കെതിരെ തുരുതുരെ വെടിയുതിർത്തു. അസിസ്റ്റന്റെ പോലീസ് ജാദവ് ഒഴികെ മറ്റു മൂന്നു പേരും മരണമടഞ്ഞു(ടൈംസ് ഓഫ് ഇന്ത്യ 19 ഡിസംബർ 2008). ഹേമന്ത് കാർകരെ, അഷോക് കാംതെ,സലാഷ്കർ എന്നിവരും മറ്റു ചില പോലീസ് കോൺസറ്റ്ബിൾ‌മാരും 2008 നവംബർ 26 ന്‌ ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്ന് വിളിപ്പാടെകലെ സെന്റ് സേവ്യേർസ് കോളേജിന്റെയും രംഗ് ഭവന്റെയും ഇടയിലുള്ള ഇടുങ്ങിയ വഴിയിൽ ഭീകരരുമായി ധീരമായി പൊരുതി ജീവൻ വെടിഞ്ഞു.

ചില വിവാദങ്ങൾ

തിരുത്തുക
  • മലേഗാവ് സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ചില ഹിന്ദുസംഘടനകൾക്ക് ഹേമന്ത് കർകരെ അനഭിമതനായിരുന്നു . അതിനാൽ തന്നെ ഹേമന്ത് കർകരെയുടെ മരണത്തിന്‌ പിന്നിൽ ചില ദുരൂഹതകളുണ്ടെന്ന് പ്രമുഖ കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും എം.പി യുമായ എ.ആർ. ആന്തുലെ പാർലമെന്റിൽ ഒരിക്കൽ അഭിപ്രായപ്പെട്ടത് വലിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടു. വിവാദങ്ങളുണ്ടായപ്പോഴും ആന്തുലെ തന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുകയാണുണ്ടായത്.
  • 2008 ആഗസ്റ്റ് 23 നു ഇന്ത്യൻ മുജാഹിദ്ദീൻ അയച്ചതെന്ന് പറയപ്പെടുന്ന മെയിലിൽ മുംബൈ എ റ്റി എസ് തലവൻ ഹേമന്ത് കാർക്കറെയ്ക്കും ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥൻ പി സി പാണ്ഡേയ്ക്കുമെതിരെ ഭീഷണികളുണ്ടായിരുന്നുവെന്നും പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു [10] അതേ വർഷം തന്നെ സെപ്റ്റംബർ 13 നു നടന്ന ഡെൽഹി സ്ഫോഡനത്തിനു മുൻപ് അയച്ച ഇന്ത്യൻ മുജാഹിദ്ദീന്റേതെന്നു കരുതുന്ന ഇ മെയിലിലും മുംബൈ എ റ്റി എസ്സിനെതിരെ പരാമർശങ്ങളുണ്ട് .
  • ഹേമന്ത് കാർകരെയുടെ കുടുംബത്തിന്‌ നരേന്ദ്ര മോഡി ഒരു കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹേമന്ത് കർകരെയുടെ ഭാര്യ കവിത കർകരെ മോഡിയുടെ ഒരു കോടി തനിക്ക് വേണ്ട എന്നു വ്യക്തമാക്കി. അതേ സമയം മഹാരാഷ്ട്ര സർക്കാറിന്റെ നഷ്ടപരിഹാര തുക കവിത സ്വീകരിക്കുകയും ചെയ്തു. എന്നാൽ 2012 ജൂൺ നാലിനു മുംബൈയിൽ നടന്ന പരിപാടിയിൽ കവിതാ കാർക്കറെ നരേന്ദ്രമോഡിയിൽ നിന്നും മൊമന്റോ സ്വീകരിച്ചത് പത്രങ്ങളിൽ വാർത്തയായിരുന്നു [11]

ഇതും കാണുക

തിരുത്തുക

സന്ദീപ് ഉണ്ണിക്കൃഷ്ണൻ

  1. [1] Archived 20 October 2008 at the Wayback Machine.
  2. ATS chief succumbs to injuries[പ്രവർത്തിക്കാത്ത കണ്ണി]
  3. "11 security personnel to get Ashok Chakra". Archived from the original on 2009-02-03. Retrieved 2009-01-25.
  4. [2]
  5. 5.0 5.1 Rajesh, Y. P. (2008-11-27). "Karkare's response to death threat: a smiley". The Indian Express. Retrieved 2008-11-29.
  6. "Malegaon blast; three remanded to custody". The Hindu. 2008-10-25. Archived from the original on 2008-10-26. Retrieved 2008-10-25.
  7. 7.0 7.1 "Colleagues: Slain terror chief 'superb,' a 'daredevil'". CNN.com. 2008-11-29.
  8. "Arrests of 'Hindu terrorists' embarasses BJP". Hindustan Times. 2008-10-28. Retrieved 2008-10-28.[പ്രവർത്തിക്കാത്ത കണ്ണി]
  9. http://www.indianexpress.com/news/im-not-ready-to-believe-that-sadhvi-pragya-thakur-is-a-terrorist/386500/3
  10. http://timesofindia.indiatimes.com/india/IM-had-plans-to-kill-Karkare-reveals-email/iplarticleshow/7084650.cms
  11. http://indiatoday.intoday.in/story/narendra-modi-ats-chief-hemant-karkare-rss-malegaon-blasts/1/199129.html
"https://ml.wikipedia.org/w/index.php?title=ഹേമന്ത്_കർകരെ&oldid=3793443" എന്ന താളിൽനിന്ന് ശേഖരിച്ചത്