പൊതുവർഷം ഒന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ എഴുതപ്പെട്ട ഒരു ക്രിസ്തീയരചനയാണ് ഹെർമാസിന്റെ ആട്ടിടയൻ. 'ആട്ടിടയൻ' എന്ന ചുരുക്കപ്പേരിലും അത് അറിയപ്പെടാറുണ്ട്. വിലപ്പെട്ട ഒരു രചനയായി ക്രിസ്തുമതവിശ്വാസികളിൽ പലരും കണക്കാക്കുന്ന ഈ കൃതിയെ ഇരണേവൂസിനെപ്പോലുള്ള ആദ്യകാല സഭാപിതാക്കന്മാർ ക്രിസ്തീയബൈബിളിൾ ഉൾപ്പെട്ട കാനോനികരചന ആയിപ്പോലും കരുതി.[1][2] 5 ദർശനങ്ങളും, 12 അനുശാസനങ്ങളും 10 അന്യാപദേശങ്ങളും അടങ്ങിയതാണ് ഈ കൃതി. ദൃഷ്ടാന്തകഥകളെ ഏറെ ആശ്രയിക്കുന്ന അത് സഭാസമൂഹത്തെ പ്രത്യേകമായി പരിഗണിച്ച്, അതിനെ അപകടത്തിലാക്കിയ പാപങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു.

റോമിൽ പൊതുവർഷം മൂന്നാം നൂറ്റാണ്ടിലെ ഭൂഗർഭ ശ്മശാനങ്ങളിൽ ഒന്നിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന നല്ല ഇടയൻ

റോമിൽ ഗ്രീക്കു ഭാഷയിലാണ് ഇതിന്റെ മൂലം എഴുതപ്പെട്ടത്. താമസിയാതെ തന്നെ അതിന്റെ ലത്തീൻ പരിഭാഷ പ്രത്യക്ഷപ്പെട്ടു. ലത്തീൻ ഭാഷ്യം മാത്രമാണ് പൂർണ്ണരൂപത്തിൽ ലഭ്യമായിട്ടുള്ളത്; ഗ്രീക്കു മൂലത്തിന്റെ അവസാനം അഞ്ചിലൊന്നോളം നഷ്ടപ്പെട്ടു.

ഉള്ളടക്കം

തിരുത്തുക

തുടക്കം

തിരുത്തുക

മുൻഅടിമയായിരുന്ന ഹെർമാസ് എന്നയാൾക്ക് കിട്ടിയ അഞ്ചു ദർശനങ്ങളിലാണ് കൃതിയുടെ തുടക്കം. തുടർന്ന് 12 അനുശാസനങ്ങളും 10 അന്യാപദേശങ്ങളുമാണ്. ചെറുപ്പകാലത്തെ യജമാനനാൽ റോഡാ എന്നൊരുവൾക്ക് വിൽക്കപ്പെട്ട ഹെർമാസ് എന്ന അടിമയാണ് ഇതിലെ ആഖ്യാതാവ്. റോഡാ ഹെർമാസിന് മോചനം നൽകി. തുടർന്ന് അയാൾ അവളെ സഹോദരിയെപ്പോലെ കരുതിയിരുന്നെങ്കിലും ഒരിക്കൽ മാത്രം അയാൾക്ക് അവളെപ്പറ്റി പാപചിന്തയുണ്ടായി.[3]

കൃതിയുടെ, പ്രഥമപുരുഷനിൽ പെട്ടെന്നുള്ള തുടക്കം ഇങ്ങനെയാണ്: "എന്നെ വളർത്തിയവൻ റോമിലെ റോഡാ എന്നൊരുവൾക്ക് എന്നെ വിറ്റു. വർഷങ്ങൾക്കു ശേഷം അവളെ വീണ്ടും കണ്ടുമുട്ടിയ ഞാൻ സഹോദരിയെപ്പോലെ അവളെ സ്നേഹിക്കാൻ തുടങ്ങി. കുറേനാളുകൾക്കു ശേഷം അവൾ ടൈബർ നദിയിൽ കുളിക്കുന്നതു കണ്ട ഞാൻ അവളെ കൈപിടിച്ചു കരയിൽ കയറ്റി. അവളുടെ സൗന്ദര്യം കണ്ട്, സൗന്ദര്യവും സ്വഭാവവും ഇത്ര തികഞ്ഞ അവളെപ്പോലൊരുവളെ ഭാര്യയായി കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നു ഞാൻ ചിന്തിച്ചു. ഇങ്ങനെ ചിന്തിച്ചതല്ലാതെ മറ്റൊന്നും ഞാൻ ചെയ്തില്ല." [4]

ദർശനങ്ങൾ

തിരുത്തുക

തെക്കൻ ഇറ്റലിയിലെ ക്യൂമേയിലേയ്ക്കു പോവുകയായിരുന്ന ഹെർമാസിനു അതിനകം മരിച്ചിരുന്ന റോഡായുടെ ദർശനമുണ്ടായി. വിവാഹിതനായിരുന്ന അയാൾക്ക് ഒരിക്കൽ നിമിഷനേരത്തേക്കാണെങ്കിലും തന്നെക്കുറിച്ച് ദുഷ്ച്ചിന്തയുണ്ടായതിനാൽ, സ്വർഗ്ഗത്തിൽ അയാളുടെ കുറ്റാരോപകയാകാൻ താൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ ഹെർമാൻ അയാൾക്കും കുടുംബത്തിനും മാപ്പു കിട്ടാനായി പ്രാർത്ഥിക്കണമെന്നും അറിയിച്ചു.

ഹെർമാസ് ഇതേക്കുറിച്ച് ചിന്തിച്ചിരിക്കെ, വൃദ്ധയും ദുർബ്ബലയുമായ ഒരു സ്ത്രീയുടെ രൂപത്തിൽ സഭാമാതാവ്, അയാൾക്കു പ്രത്യക്ഷയായി. അയാളുടെ കുടുംബം ഉൾപ്പെടെയുള്ള വിശ്വാസികളുടെ പാപങ്ങളാൽ ദുർബ്ബലയായിരുന്ന അവൾ, പ്രായശ്ചിത്തം ചെയ്യാനും കുടുംബാംഗങ്ങളുടെ തെറ്റുകൾ തിരുത്താനും അയാളെ ഉപദേശിക്കുന്നു. രണ്ടാം ദർശനത്തിൽ അയാൾ അവളെ, പ്രായശ്ചിത്തങ്ങളാൽ യൗവനം തിരിച്ചുകിട്ടിയ അവസ്ഥയിൽ കാണുന്നു. എങ്കിലും ജരാനരകൾ അവളെ വിട്ടൊഴിഞ്ഞിരുന്നില്ല; മൂന്നാം ദർശനത്തിൽ അവളെ നര മാത്രമേ ബാധിച്ചിരുന്നുള്ളു; നാലാം ദർശനത്തിൽ കാഴ്ചയിൽ അവൾ നവധുവിനെപ്പോലെ മനോഹരിയായിരുന്നു.[3]

അഞ്ചാം ദർശനത്തിൽ അയാൾ, ആട്ടിടയനെപ്പോലെ വസ്ത്രം ധരിച്ചിരുന്ന മാലാഖയെ കണ്ടുമുട്ടുന്നു. ശിഷ്ടജീവിതം മുഴുവൻ അയാളിൽ വസിക്കാനും ദൈവത്തിന്റെ കല്പനകൾ അയാൾക്കു നൽകാനുമായി അയക്കപ്പെട്ടവനായിരുന്നു മാലാഖ. ഈ കൃതിക്ക് ആട്ടിടയൻ എന്നു പേരു കിട്ടിയത് ഈ ദൈവനിയുക്തനായ ഈ മാലാഖയിൽ നിന്നാണ്.

ഹെർമാസിനെ ധൈര്യപ്പെടുത്തിയ മാലാഖ അയാൾക്ക് 12 അനുശാസനങ്ങളും 10 അന്യാപദേശങ്ങളും നൽകി. അവ എഴുതിയെടുത്തു സൂക്ഷിക്കാൻ മാലാഖ അയാളോടാവശ്യപ്പെട്ടു.

അനുശാസനങ്ങൾ

തിരുത്തുക

മാലാഖ ഹെർമാസിനു നൽകിയ 12 അനുശാസനങ്ങളിൽ ചിലത് ഇവയാണ്:-

  • ദൈവത്തിൽ വിശ്വസിക്കുക, അവനെ ഭയപ്പെടുക. അത്മനിയന്ത്രണം പാലിക്കുകയും നീതിയെ എടുത്തണിയുകയും ചെയ്യുക.
  • പരദൂഷണത്തിൽ പങ്കുപറ്റാതിരിക്കുക. ഇല്ലാത്തവർക്ക് ലാളിത്യത്തിൽ നൽകുക
  • എപ്പോഴും നേർവഴി നടക്കുക.
  • വ്യഭിചാരത്തിന്റേയും പരസംഗത്തിന്റേയും ചിന്തതന്നെ വൻപാപമാണ്.
  • എല്ലാറ്റിലും വിശ്വാസത്തോടെ പ്രാർത്ഥിക്കുക. വിശ്വാസം ദൈവത്തിൽ നിന്നാകയാൽ, വിശ്വാസക്കുറവായ സംശയം സാത്താനിൽ നിന്നാണ്.
  • ദുർവിചാരങ്ങൾക്കു പകരം സച്ചിന്തകളെ പോഷിപ്പിക്കുക. ദുര വെടിഞ്ഞ്, നീതി, വിശുദ്ധി, സത്യം, വിശ്വാസം വിനയം എന്നിവ പാലിക്കുക.

അന്യാപദേശങ്ങൾ

തിരുത്തുക

10 അന്യാപദേശങ്ങളിൽ ചിലതിന്റെ സംഗ്രഹം ഇതാണ്:-

  • ആദ്യത്തെ അന്യാപദേശം ഈ ലോകത്തെ പരദേശവും പ്രവാസസ്ഥാനവുമായി ചിത്രീകരിച്ച്, സ്വദേശമായ സ്വർഗ്ഗത്തിലെ നിത്യജീവനെക്കരുതി ജീവിക്കാനുള്ള ആഹ്വാനമാണ്.
  • ധനവാനും ദരിദ്രനും തമ്മിലുള്ള ബന്ധത്തെ ഇരിമ്പകവൃക്ഷവും(Elm tree) മുന്തിരിവള്ളിയുമായുള്ള ബന്ധത്തോടുപമിക്കുന്നു. ധനവാൻ ഫലം പുറപ്പെടുവിക്കുന്നില്ലെങ്കിലും അവരുടെ താങ്ങും തണലും ദരിദ്രരെ ഫലസമൃദ്ധരായിരിക്കാൻ പ്രാപ്തരാക്കുന്നു.
  • രണ്ട് അന്യാപദേശങ്ങളിൽ നീതിമാന്മാരുടെ ഈലോകത്തിലേയും പരലോകത്തിലേയും അവസ്ഥ വ്യക്തമാക്കുന്നു. ഹേമന്തത്തിൽ ജീവനുള്ളതും ഇല്ലാത്തതുമായ വൃക്ഷങ്ങൾ ഒരു പോലെ തോന്നിക്കുന്നു. ഗ്രീഷഋതുവിൽ മൃതവൃക്ഷങ്ങൾ തീയെരിക്കപ്പെടുമ്പോൾ ജീവനുള്ളവ പുഷ്ടിപ്പെടുന്നു. നീതിമാന്മാർക്ക് ഈ ലോകജീവിതം ഹേമന്തവും സ്വർഗ്ഗം ഗ്രീഷ്മവുമാണ്.

കാലം, കർത്തൃത്വം

തിരുത്തുക

പുതിയനിയമലിഖിതങ്ങളുടെ ലഭ്യമായതിൽ ഏറ്റവും പഴയ പട്ടികയായി പൊതുവേ വിലയിരുത്തപ്പെടുന്ന പൊതുവർഷം രണ്ടാം നൂറ്റാണ്ടിലെ മുറാത്തോറിയുടെ ശകലത്തിൽ ഹെർമാസിന്റെ കാലത്തേയും കർത്തൃത്വത്തേയും കാനോനികതയേയും പരാമർശിച്ച് ഇങ്ങനെ പറയുന്നു:-

ഹെർമാസ്, അദ്ദേഹത്തിന്റെ സഹോദരൻ പീയൂസ് റോമാനഗരിയിലെ സഭാസിംഹാസനത്തിൽ ഇരിക്കെ, ഈയിടെ, നമ്മുടെ കാലത്ത് എഴുതിയതാണ് 'ആട്ടിടയൻ' അതുകൊണ്ട് അതു വായിക്കപ്പെടുക തന്നെ വേണം; എങ്കിലും പള്ളിയിലെ അതിന്റെ പൊതുവായന ശരിയല്ല. (അതില്ലാതെ) സമ്പൂർണ്ണമായിരിക്കുന്ന പ്രവാചകഗ്രന്ഥങ്ങൾക്കൊപ്പവും അതു വായിക്കരുത്; അപ്പസ്തോലന്മാരുടെ കാലശേഷമുള്ളതാകയാൽ അപ്പസ്തോലരചനകൾക്കൊപ്പമുള്ള വായനയും അരുത്.

പീയൂസ് ഒന്നാമൻ റോമിലെ മെത്രാനായിരുന്നത് പൊതുവർഷം രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ്(142-157). പാഠനിരൂപണത്തിന്റെ ഫലങ്ങളേയും, അതിലെ ദൈവശാസ്ത്രത്തിന്റെ സ്വഭാവവും, പുതിയനിയമത്തിലെ വെളിപാടുപുസ്തകവുമായി ഗ്രന്ഥകാരനു പരിചയമുണ്ടെന്ന സൂചനയും പരിഗണിക്കുമ്പോൾ, ഇത് പൊതുവർഷം രണ്ടാം നൂറ്റാണ്ടിലെ രചനയായിരിക്കാനാണ് സാദ്ധ്യത. എന്നാൽ ഒന്നാം നൂറ്റാണ്ടിൽ തന്നെ എഴുതിയതാകാം ഇതെന്ന നിലപാടിനെ പിന്തുണക്കുന്ന പുരാതനസാക്ഷ്യങ്ങളും ലഭ്യമാണ്. റോമാക്കാർക്കെഴുതിയ ലേഖനത്തിൽ (16:14) പൗലോസ് അപ്പസ്തോലൻ ആശംസകളയക്കുന്ന റോമിലെ ഹെർമാസാണ് ഇതിന്റെ കർത്താവെന്ന ഒരിജന്റെ വാദത്തെ ചിലർ പിന്തുണക്കുന്നു.[5]

കാനോനികത

തിരുത്തുക

രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ ഈ കൃതി ഏറെ ആധികാരികമായി കണക്കാക്കപ്പെട്ടു.[6] ഇരണേവൂസിനിനു പുറമേ, സഭാപിതാക്കളായ ഒരിജനും, അലക്സാണ്ഡ്രിയയിലെ ക്ലെമന്റിനും ഇതു സ്വീകാര്യമായിരുന്നു. പിന്നീട് ഇതിനെ തിരസ്കരിച്ച തെർത്തുല്യൻ പോലും ആദ്യം ഇതിനെ പ്രശംസിച്ചിരുന്നു.[4] ഗ്രീക്കു ബൈബിളിന്റെ പുരാതന കൈയെഴുത്തുപാഠങ്ങളിൽ ഒന്നായ "സിനായിറ്റിക്കസ് പുസ്തക"-ത്തിൽ (Codex Sinaiticus)[1] അതിനെ പുതിയനിയമത്തിലെ കാനോനികരചനകളോടൊപ്പം തുന്നിക്കെട്ടിയിരുന്നു. "ക്ലാരോമൊണ്ടാനസ് പുസ്തക"-ത്തിലെ ഗ്രന്ഥപ്പട്ടികയിൽ അത് അപ്പസ്തോലനടപടികൾക്കും പൗലോസിന്റെ നടപടികൾക്കും ഇടയിൽ പരാമർശിക്കപ്പെടുന്നു.

എങ്കിലും അതിലെ ക്രിസ്തുശാസ്ത്രത്തിന്റെ സന്ദിഗ്‌ദധസ്വഭാവം മൂലം പിൽക്കാലത്ത് സ്വീകൃതിനേടിയ പുതിയനിയമസംഹിതയിൽ 'ഹെർമാസ്' ഇടം കണ്ടെത്തിയില്ല. ഈ രചനയിലെ അഞ്ചാമത്തെ അന്യാപദേശം ദൈവപുത്രനെ, പുത്രസ്ഥാനം നൽകപ്പെട്ടവനും അനാദിയായ വിശുദ്ധാത്മാവ് കുടികൊള്ളുന്നവനുമായ നല്ല മനുഷ്യനായി ചിത്രീകരിക്കുന്നു.[4] ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട സാധാരണമനുഷ്യനാണ് യേശു എന്ന നിലപാട്, യേശുവിന്റെ യഥാർത്ഥസ്വഭാവത്തെ സംബന്ധിച്ച് രണ്ടാം നൂറ്റാണ്ടിൽ പരസ്പരം പോരടിച്ചു നിന്ന രണ്ടു പക്ഷങ്ങളിൽ ഒന്നായിരുന്നു. അനാദിയായ ദൈവവചനവും(ലോഗോസ്), ദൈവപുത്രൻ തന്നെയും ആണ് യേശുവെന്നതായിരുന്നു എതിർപക്ഷം. പൊതുവർഷം 325-ലെ നിഖ്യാ സൂനഹദോസ്, ഈ എതിർനിലപാട് അംഗീകരിച്ചു. അക്കാലത്തു തന്നെ ആദിമസഭയുടെ ചരിത്രമെഴുതിയ കേസറിയായിലെ യൂസീബിയസ് ആട്ടിടയനെ 'കപടരചനകളുടെ' പട്ടികയിൽ പെടുത്തി എടുത്തു പറയുന്നു.[7]

  1. 1.0 1.1 കത്തോലിക്കാ വിജ്ഞാനകോശം, സഭാചരിത്രം അഞ്ചാം ഭാഗം
  2. Davidson & Leaney, Biblical Criticism: p230
  3. 3.0 3.1 'ഹെർമാസ്' കത്തോലിക്കാ വിജ്ഞാനകോശം
  4. 4.0 4.1 4.2 ഹെർമാസിന്റെ ആട്ടിടയൻ, ജെ.ബി.ലൈറ്റ്ഫൂട്ടിന്റെ 1891-ലെ പരിഭാഷ, സംശോധകൻ റോബി ചാർട്ടേഴ്സ്(1993)[പ്രവർത്തിക്കാത്ത കണ്ണി]
  5. ഫിലിപ്പ് ഷാഫിന്റെ വാദം ഇങ്ങനെ: "പൗലോസിന്റെ സുഹൃത്തായിരുന്ന മുതിർന്ന ഹെർമാസിന്റെ പേരക്കുട്ടികളാകാം ഹെർമാസും അദ്ദേഹത്തിന്റെ സഹോദരനും. പ്രവചനത്തിന്റെ ആത്മാവിനാൽ അനുശാസിക്കപ്പെടുകയും അതിന്റെ സ്മരണ നിലർത്തുകയും ചെയ്ത ഒരു കുടുംബത്തിന്റെ പാരമ്പര്യങ്ങളെ ആശ്രയിച്ചു എഴുതപ്പെട്ടതാകാം 'ആട്ടിടയൻ' (ഷാഫ്, രണ്ടാം നൂറ്റാണ്ടിലെ സഭാപിതാക്കന്മാർ: ഹെർമാസ്, തേഷൻ, അത്തെനാഗോറസ്, തിയോഫിലസ്, അലക്സാണ്ഡ്രിയയിലെ ക്ലെമന്റ്, introduction to "the Pastor of Hermas").
  6. "രണ്ടും മൂന്നും നാലും നൂറ്റാണ്ടുകളിൽ ക്രിസ്തീയസഭയിലെ ഏറ്റവും പ്രചാരമുള്ള ഗ്രന്ഥമോ ഗ്രന്ഥങ്ങളിൽ ഒന്നെങ്കിലുമോ ആയിരുന്നു ഹെർമാസിന്റെ ആട്ടിടയൻ. ആധുനികകാലത്ത് ജോൺ ബന്യന്റെ പിൽഗ്രിംസ് പ്രോഗ്രൻസിനുള്ളതിനു സമാനമായ നിലയായിരുന്നു അതിന്റേത്" F. Crombie, translator of Schaff, op. cit.).
  7. "പൗലോസിന്റെ നടപടികൾ, ആട്ടിടയൻ, പത്രോസിന്റെ വെളിപാട് എന്നിവ കപടരചനകളിൽ പെടുന്നു..." യൂസീബിയസിന്റെ സഭാചരിത്രം 3:25 "The History of the Church from Christ to Constantine", ജി.എ. വില്യംസന്റെ ഇംഗ്ലീഷ് പരിഭാഷ, പ്രസാധകർ, ഡോർസെറ്റ് പ്രെസ്, ന്യൂയോർക്ക്(പുറം 134)
"https://ml.wikipedia.org/w/index.php?title=ഹെർമാസിന്റെ_ആട്ടിടയൻ&oldid=3902986" എന്ന താളിൽനിന്ന് ശേഖരിച്ചത്