ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ ഗ്രന്ഥങ്ങളുടെ ലഭ്യമായതിൽ ഏറ്റവും പഴയതെന്നു കരുതപ്പെടുന്ന പട്ടികയുടെ ഒരു പകർപ്പാണ് മുറാത്തോറിയുടെ ശകലം (Muratorian fragment). 85 വരികൾ മാത്രമടങ്ങുന്ന ഈ രേഖ, ഏഴാം നൂറ്റാണ്ടിലെ ഒരു ലത്തീൻ കൈയെഴുത്താണ്. പൊതുവർഷം 170-നടുത്തു മുതൽ നാലാം നൂറ്റാണ്ടു വരെയുള്ള കാലത്തെങ്ങോ എഴുതപ്പെട്ട ഒരു ഗ്രീക്കു മൂലത്തിന്റെ പരിഭാഷയാണതെന്ന് അനുമാനിക്കാൻ മതിയായ ആന്തരികസൂചനകൾ ശകലത്തിൽ കാണാം. അതിന്റെ അവസ്ഥയും, അതെഴുതിയിരിക്കുന്ന ലത്തീൻ ഭാഷയുടെ ഗുണക്കുറുവും, പരിഭാഷ ബുദ്ധിമുട്ടുള്ളതാക്കുന്നു. ശകലത്തിന്റെ തുടക്കം നഷ്ടമായിപ്പോയി. അവസാനം പെട്ടെന്നുമാണ്.

മൂലരൂപത്തിന്റെ അജ്ഞാതകർത്താവിനു പരിചയമുണ്ടായിരുന്ന സഭകൾ കാനോനികമായി കണക്കാക്കിയിരുന്ന പുതിയനിയമഗ്രന്ഥങ്ങളുടെ ഭാഗികമായ പട്ടികയാണ് 'ശകലം'. ഉത്തര ഇറ്റലിയിൽ ബോബ്ബിയോയിലെ കൊളുമ്പാൻ ഗ്രന്ഥശാലയിൽ നിന്നു വന്നതും പൊതുവർഷം ഏഴോ എട്ടോ നൂറ്റാണ്ടു വരെ പഴക്കമുള്ളതുമായ ഒരു ഗ്രന്ഥത്തോടു ചേർത്ത് അതിനെ തുന്നിക്കെട്ടിയിരുന്നു. മിലാനിലെ അംബ്രോസിയൻ ഗ്രന്ഥശാലയിൽ അതു കണ്ടെത്തിയത്, തന്റെ തലമുറയിൽ ഇറ്റലിയിലെ ഏറ്റവും അറിയപ്പെടുന്ന ചരിത്രകാരനായിരുന്ന ലുഡോവിക്കോ അന്തോണിയോ മുറത്തോരി (1672–1750) എന്ന വൈദികനായിരുന്നു. 1740-ൽ അതു പ്രസിദ്ധീകരിക്കപ്പെട്ടു.[1]

പഴക്കം തിരുത്തുക

മുറാത്തോറിയുടെ പട്ടിക പൊതുവർഷം രണ്ടാം നൂറ്റാണ്ടിനൊടുവിൽ രൂപപ്പെട്ടതാണെന്ന അഭിപ്രായമാണ് പൊതുവേ സ്വീകര്യമായി കരുതപ്പെടുന്നത്. "ഹെർമാസിന്റെ ആട്ടിടയൻ" (Shepherd of Hermas) എന്ന അകാനോനികരചനയെ വിലയിരുത്തുമ്പോൾ, ആ നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ (പൊതുവർഷം 142-157) റോമിലെ മെത്രാനായിരുന്ന പീയൂസ് ഒന്നാമനെ ആയിടെ ജീവിച്ചിരുന്ന ആളായി താഴെപ്പറയും വിധം ഈ രേഖ പരാമർശിക്കുന്നുണ്ട്:

ഹെർമാസ്, അദ്ദേഹത്തിന്റെ സഹോദരൻ പീയൂസ് റോമാനഗരിയിലെ സഭാസിംഹാസനത്തിൽ ഇരിക്കെ, ഈയിടെ, നമ്മുടെ കാലത്ത് എഴുതിയതാണ് 'ആട്ടിടയൻ' അതുകൊണ്ട് അതു വായിക്കപ്പെടുക തന്നെ വേണം; എങ്കിലും പള്ളിയിലെ അതിന്റെ പൊതുവായന ശരിയല്ല. (അതില്ലാതെ) സമ്പൂർണ്ണമായിരിക്കുന്ന പ്രവാചകഗ്രന്ഥങ്ങൾക്കൊപ്പവും അതു വായിക്കരുത്; അപ്പസ്തോലന്മാരുടെ കാലശേഷമുള്ളതാകയാൽ അപ്പസ്തോലരചനകൾക്കൊപ്പമുള്ള വായനയും അരുത്.

ഈ രേഖ പൊതുവർഷം നാലാം നൂറ്റാണ്ടിലേതാനെന്ന് ചില പണ്ഡിതന്മാർ[2] വാദിച്ചിട്ടുണ്ടെങ്കിലും അവരുടെ നിലപാടിനു പണ്ഡിതന്മാർക്കിടയിൽ സ്വീകാര്യത കുറവാണ്. ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത ബൈബിൾ പണ്ഡിതനായ ബ്രൂസ് മെറ്റ്സ്ജർ പൊതുവർഷം രണ്ടാം നൂറ്റാണ്ടിലെ പട്ടികയായാണ് ഇതിനെ പരിഗണിക്കുന്നത്.[3]

ഉള്ളടക്കം തിരുത്തുക

ഈ പട്ടികയുടെ ആരംഭം ലഭ്യമല്ല. എങ്കിലും രേഖയുടെ ലഭ്യമായ ഭാഗം ലൂക്കാ, യോഹാന്നാൻ എന്നിവരുടെ സുവിശേഷങ്ങളെ പരാമർശിച്ചു തുടങ്ങുന്നതിനാൽ പൊതുസ്വീകൃതി ലഭിച്ച കാനോനിലെ ആദ്യത്തേതായ മത്തായിയുടേയും മർക്കോസിന്റേയും സുവിശേഷങ്ങളിലായിരിക്കാം അതിന്റെ തുടക്കം എന്നനുമാനിക്കാം. തുടർന്ന് ഈ പട്ടികയിൽ, അപ്പസ്തോലന്മാരുടെ നടപടികളും, പൗലോസിന്റെ 13 ലേഖനങ്ങളും യൂദായുടെ ലേഖനവും യോഹന്നാന്റെ ഒന്നും രണ്ടും ലേഖനങ്ങളും, വെളിപാടുപുസ്തകവും കാണാം. അവയ്ക്കൊപ്പം, പിൽക്കാലത്ത് കാനോനികത കിട്ടതെ പോയ സോളമന്റെ വിജ്ഞാനം, പത്രോസിന്റെ വെളിപാട് എന്നിവയും അംഗീകൃത രചനകളായി ഇതിൽ പരാമർശിക്കപ്പെടുന്നു.[4]

എന്നാൽ പിൽക്കാലത്ത് കാനോനികത കിട്ടിയ എബ്രായർക്കെഴുതിയ ലേഖനം, പത്രോസിന്റെ ഒന്നും രണ്ടും ലേഖനങ്ങൾ, യാക്കോബിന്റെ ലേഖനം എന്നിവ ഈ പട്ടികയിൽ ഇല്ല. ലാവോഡീഷ്യക്കാർക്കും, അലക്സാണ്ഡ്രിയക്കാർക്കും പൗലോസ് എഴുതിയതായി പറയപ്പെടുന്നു ലേഖനങ്ങളെ ഈ പട്ടിക ഏടുത്തു പറയുന്നെങ്കിലും മാർഷന്റെ 'മതദ്രോഹത്തെ'(heresy) വളർത്താൻ പൗലോസിന്റെ പേരിൽ ചമച്ച കപടരേഖകളായി കണക്കാക്കി തള്ളുന്നു.

അവലംബം തിരുത്തുക

  1. Muratori, Antiquitates Italicae Medii Aevii (Milan 1740), vol. III, pp 809-80. Located within Dissertatio XLIII (cols. 807-80), entitled 'De Literarum Statu., neglectu, & cultura in Italia post Barbaros in eam invectos usque ad Anum Christii Millesimum Centesimum', at cols. 851-56.
  2. Hahneman, Geoffrey Mark. The Muratorian Fragment and the Development of the Canon. (Oxford: Clarendon) 1992. Sundberg, Albert C., Jr. "Canon Muratori: A Fourth Century List" in Harvard Theological Review 66 (1973): 1-41.
  3. Metzger, The Canon Of The New Testament: Its Origin, Significance & Development (1997, Clarendon Press, Oxford).
  4. കേംബ്രിഡ്ജ് ബൈബിൾ സഹായി (പുറങ്ങൾ 572-3)
"https://ml.wikipedia.org/w/index.php?title=മുറാത്തോറിയുടെ_ശകലം&oldid=3091250" എന്ന താളിൽനിന്ന് ശേഖരിച്ചത്